2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഉണ്ണികൃഷ്ണനായ ഉണ്ണിയേശുവിന്റെ റിയാലിറ്റി ജന്മാഷ്ടമി

"എടാ ഈ ശ്രീകൃഷ്ണനും ക്രിസ്തുവുമൊക്കെ രാത്രി പന്ത്രണ്ടു മണിക്കാണോ ജനിച്ചത്...ഇവര്‍ക്ക് പകല് ജനിച്ചാല്‍ പോരായിരുന്നോ?


ഉച്ച മയക്കത്തിന്റെ സുഖത്തില്‍ കിടക്കയില്‍ ചുരുണ്ടു കിടന്നിരുന്ന ഞാന്‍ വേണുവിന്റെ വെടിപൊട്ടിക്കുന്ന പോലെയുള്ള ചോദ്യം കേട്ട് ഞെട്ടി. ക്രിസ്തു ജനിച്ചപ്പോള്‍ ഒരു നക്ഷത്രം ഉദിച്ചുവെന്നും അതിനെ പിന്തുടര്‍ന്ന് രാജാക്കാന്‍മാര്‍ യേശുവിന്റെ ജനന സ്ഥലം കണ്ടുപിടിച്ചെന്നും കേട്ടിട്ടുണ്ട്. പക്ഷെ കൃഷ്ണന്‍ ജനിച്ചപ്പോള്‍ അങ്ങനെ ഉണ്ടായതായി അറിവില്ല. ഇനി അദ്ദേഹം രാത്രിയില്‍ തന്നെയാണ് ജനിച്ചതെങ്കില്‍ ഇവനെന്താണ് കുഴപ്പം? ഞാന്‍ പുതപ്പിന്റെ ഉള്ളില്‍ നിന്നും തല മാത്രം പുറത്തെടുത്തു. എന്നിട്ട് അടുത്ത ബെഡ്ഡില്‍ ചമ്രം പടഞ്ഞിരുന്നു ഡയറിയില്‍ എന്തോ കുത്തിക്കുറിക്കുന്ന വേണുവിനെ ചോദ്യ ഭാവത്തില്‍ നോക്കി.


"എന്താടാ പുല്ലേ നീ നോക്കി പേടിപ്പിക്കുന്നത്‌ ? ചോദിച്ചത് കേട്ടില്ലേ ?" വേണുവിന് എന്റെ നോട്ടം കണ്ടിട്ട് ദേഷ്യം വന്നു.



"ശെടാ നിന്റെ ചോദ്യം കേട്ടാല്‍ അവരൊക്കെ ജനിച്ച നേരത്ത് ഞാനായിരുന്നു അവിടെ ഓണ്‍ ഡ്യൂട്ടി എന്ന് തോന്നുമല്ലോ? അത്ര അത്യാവശ്യമാണെങ്കില്‍ നീ അവരുടെ മൊബൈലില്‍ വിളിക്ക്. ...ഹല്ല പിന്നെ".. ഞാന്‍ വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി..



"അല്ലേലും ഇവരൊന്നും ഒരാവശ്യത്തിന് ഉപകരിക്കില്ല. ശ്രീകൃഷ്ണ ജയന്തിക്കു അമ്പലത്തില്‍ രാത്രി പന്ത്രണ്ടു മണിക്കാ സി ഓ സാബ് വരുന്നത്. ഇവരൊക്കെ പകല് ജനിച്ചിരുന്നെങ്കില്‍ രാത്രിയില്‍ നമുക്ക് കിടന്നുറങ്ങാമായിരുന്നു." വേണുവിന് കോപം അടക്കാനാകുന്നില്ല.



അതുശരി...അപ്പോള്‍ അതാണ്‌ കാര്യം. പട്ടാളത്തിന്റെ അമ്പലത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അടുത്ത ദിവസമാണ്‌ നടക്കുന്നത്. വൈകുന്നേരം ഭജന, ആരതി മുതലായ പ്രോഗ്രാമുകള്‍ ഉണ്ടാകും.. രാത്രി പന്ത്രണ്ടു മണിക്കാണ് പട്ടാളത്തിലെ ശ്രീകൃഷ്ണന്‍ ജനിക്കുന്നത്. സി. ഓ സാബ് വരാന്‍ വൈകിയാല്‍ ശ്രീകൃഷ്ണനും ജനിക്കാന്‍ വൈകും. സി. ഓ സാബിനു വരാന്‍ പറ്റിയില്ലെങ്കില്‍ ഒരു പക്ഷെ ശ്രീകൃഷ്ണന്‍ ജനിക്കാതിരിക്കാനും മതി. പകരം അടുത്ത ദിവസം രാത്രിയില്‍ അദ്ദേഹം ജനിക്കും. എങ്ങനെയായാലും സി. ഓ സാബ് വന്നിട്ടേ കൃഷ്ണന്‍ ജനിക്കൂ.അത് പട്ടാളവും ശ്രീ കൃഷ്ണനുമായുള്ള ഒരു ആസിയാന്‍ കരാറാണ്. (ഉണ്ണിയേശുവിന്റെ കാര്യത്തിലും ഈ കരാര്‍ ബാധകമാണ്.)



ഉറക്കത്തിന്റെ കാര്യത്തില്‍ കുംഭകര്‍ണന്റെ അമ്മായി അപ്പനാണ് വേണു. എവിടെങ്കിലും ഇരുന്നു പോയാല്‍ അപ്പോള്‍ ഉറങ്ങിക്കളയും. ഡ്യൂട്ടിയില്‍ ഫുള്‍ ഉറക്കമായിരിക്കും. മാസത്തില്‍ ഒരിക്കലുള്ള സി സാബിന്റെ ദര്‍ബാറില്‍ (മീറ്റിംഗ്) ഇരുന്നുറങ്ങി കൂര്‍ക്കം വലിച്ചു സി ഓ സാബിനെപ്പോലും ഞെട്ടിച്ച ചരിത്രമുണ്ട് വേണുവിന്. അന്ന് സി ഓ സാബ് വേണുവിനെ എല്ലാവരുടെയും മുന്‍പില്‍ എഴുനെല്‍പ്പിച്ചു നിറുത്തുകയും മാസത്തില്‍ ഒരിക്കല്‍ ദര്‍ബാര്‍ നടത്തുന്നതിന്റെ പ്രാധാന്യം വിവരിച്ചു കൊടുക്കുകയുമുണ്ടായി. പക്ഷെ ആ വിവരണം വേണുവിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തമായിരുന്നില്ല എന്ന് മാത്രമല്ല കിടക്കുകയോ ഇരിക്കുകയോ ചെയ്യാതെ നിന്നുകൊണ്ട്‌ എങ്ങനെ ഉറങ്ങാം എന്ന് വേണു സി. ഓ സാബിനെ കാണിച്ചു കൊടുക്കയും ചെയ്തു.



കൃഷ്ണനും ക്രിസ്തുവും രാത്രിയില്‍ ജനിച്ചതില്‍ വേണുവിനുള്ള കുന്ടിതം എന്ത് കൊണ്ടാണെന്ന് വായനക്കാര്‍ക്ക് മനസ്സിലായല്ലോ? ഇനി നമുക്ക് ജന്മാഷ്ടമി ആഘോഷങ്ങള്‍ ഒന്ന് നോക്കിക്കാണാം.


പട്ടാള ബാരക്കിന്റെ വലിയൊരു മുറിയാണ് ഞങളുടെ മന്ദിര്‍.(അമ്പലം) അവിടെ ശ്രീരാമനും സീതയും, ലക്ഷ്മണന്‍, ക്രിസ്തു, മുഹമ്മദ്‌ നബി എന്നിവരോടൊപ്പം യാതൊരു വിധ കുഴപ്പങ്ങളും ഉണ്ടാക്കാതെ ഏകോദര സഹോദരങ്ങളെപ്പോലെ വാണരുളുന്നു. മുറിയുടെ പുറത്തു പ്രത്യേകമായി ഉണ്ടാക്കിയ ചെറിയ അമ്പലത്തില്‍ ഹനുമാന്‍ സ്വാമി തന്റെ ഗദയും പിടിച്ചു ലങ്കയിലെയ്ക് ഇപ്പോത്തന്നെ ചാടും എന്ന രീതിയില്‍ ഇരിക്കുന്നുണ്ട്‌. അമ്പലത്തില്‍ വരുന്നവര്‍ ആദ്യം ഹനുമാന്‍ സ്വാമിയെ കണ്ടു അനുവാദം ചോദിച്ചതിനു ശേഷമാണ് അമ്പലത്തിനുള്ളില്‍ കടക്കുന്നത്‌. വിശേഷ ദിവസങ്ങളില്‍ അമ്പലവും പരിസരവും തോരണങ്ങള്‍ കൊണ്ട് അലങ്കരിക്കും. യൂണിറ്റിലെ ഗായകരൊക്കെ അന്ന് മൈക്കിലൂടെ ഭക്തി ഗാനങ്ങള്‍ ആലപിക്കും. മലയാളികളില്‍ ആകെയുള്ള ഒരു ഗാനഗന്ധര്‍വന്‍ തിരുവല്ലാക്കാരന്‍ മനോജാണ്. മൈക്ക് കാണുമ്പോള്‍ തന്നെ അവനിലെ ഗാനഗന്ധര്‍വ്വന്‍ ഉണരും. പിന്നെ ലീവിന് പോകുമ്പോള്‍ പള്ളിയില്‍ പാടാറുള്ള ഗാനങ്ങള്‍ ഒന്നൊന്നായി പുറത്തുവരും. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കൂടാതെ അയ്യപ്പന്‍, മുരുകന്‍, ഗണപതി മുതലായ ഹിന്ദു ഭക്തിഗാനങ്ങളും മനോജിനു പാടാനറിയാം. പിന്നെ കിഷന്‍ സിംഗ്, ത്രിവേദി, താകൂര്‍ മുതലായ ഹിന്ദി ഗന്ധര്‍വ്വന്‍മ്മാര്‍ തങ്ങളുടെ ഗാനങ്ങള്‍ ആലപിക്കും. അമ്പലത്തിലെ ദൈവങ്ങള്‍ പല്ലുതേപ്പ്, കുളി മുതലായ ദൈനം ദിനാവശ്യങള്‍ നിര്‍വ്വഹിക്കുന്നതിനു ഈ സമയമാണ് ഉപയോഗിക്കുന്നത് എന്നൊരു ജന സംസാരമുണ്ട് . എന്തെന്നാല്‍, അത്ര മനോഹരവും അപശ്രുതി മധുരവുമാണ് ഈ ഗന്ധര്‍വ്വന്‍മാരുടെ ആലാപനങ്ങള്‍ ..



ഇത്തവണത്തെ ജന്മാഷ്ടമിയില്‍ ഒരു പ്രത്യേകതയുണ്ട്. രാത്രിയില്‍ ശ്രീകൃഷ്ണന്‍ ജനിക്കുന്ന സമയം ആരതി അഥവാ പൂജ കഴിയാറാകുമ്പോള്‍ ആകാശത്തു നിന്നും ഒരു 'പിള്ളത്തൊട്ടില്‍' ഇറങ്ങി വരും. അതിനുള്ളില്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞു ഉറങ്ങിക്കിടക്കുന്ന ഉണ്ണിക്കണ്ണന്‍ ഉണ്ടാകും! തൊട്ടില്‍ ആകാശത്തു നിന്നും മന്ദം മന്ദം ഇറങ്ങി വരുമ്പോള്‍ പശ്ചാത്തല സംഗീതം പോലെ ഒരു കുട്ടിയുടെ കരച്ചില്‍ ഉയരും! അമ്പലത്തില്‍ ഭക്തി നിര്‍ഭരരായി കണ്ണടച്ച് കൈ കൂപ്പി നില്ക്കുന്നവര്‍ ഈ കരച്ചില്‍ കേട്ട് കണ്ണ് തുറക്കുമ്പോള്‍ കണ്‍ മുന്നില്‍ അതാ ഉണ്ണിക്കണ്ണന്‍ ! ഭക്ത ജനങള്‍ക്ക് സായൂജ്യമടയാന്‍ വേറെ എന്ത് വേണം? ചുരുക്കം പറഞ്ഞാല്‍ ഒരു റിയാലിറ്റി ജന്മാഷ്ടമി!! ഈ റിയാലിറ്റി ജന്മാഷ്ടമിയുടെ സൂതധാരന്‍ ആരെന്നുകൂടി അറിയേണ്ടേ? ഗാനകോകിലം മനോജ്‌ തിരുവല്ല എന്ന തൊമ്മന്‍. !!!!


ജന്മാഷ്ടമിയില്‍ കണ്ണന്‍ റിയലായി ജനിക്കുന്ന വിവരം ഞങള്‍ കുറച്ചു പേര്‍ക്ക് മാത്രമേ അറിയാവൂ. അല്ലെങ്കില്‍ സസ്പെന്‍സ് പോകില്ലേ? പകല് തന്നെ കണ്ണന് ബൈ എയറായി ലാന്‍ഡ്‌ ചെയ്യാനുള്ള സംവിധാങ്ങള്‍ തൊമ്മനും ഞാനും വേണുവും കൂടി ഒരുക്കി. തൊട്ടിലിനു വേണ്ടി റം വരുന്ന കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടി മുറിച്ചു വര്‍ണക്കടലാസ്സുകള്‍ ഒട്ടിച്ചു റെഡിയാക്കി. അമ്പലത്തിന്റെ മുന്‍പില്‍ മുകളിലുള്ള കമ്പിയില്‍ ഒരു "കപ്പി" (കിണറ്റില്‍ നിന്നും ബക്കറ്റില്‍ വെള്ളം കോരുന്ന കപ്പി) ഉറപ്പിച്ചു. അതില്‍ കൂടി തൊട്ടിലിന്റെ കയര്‍ കടത്തി ഹാളിന്റെ ജനലിലൂടെ പുറത്തെടുത്തു. അപ്പോള്‍ പൂജ കഴിയുന്ന സമയത്ത് തൊട്ടിലിന്റെ കയറും പിടിച്ചു പുറത്തിരിക്കുന്നയാള്‍ക്ക് പതുക്കെ കയറയച്ചു തൊട്ടില്‍ നിലത്തിറക്കാന്‍ പറ്റും. തൊട്ടിലിന്റെ പൂര്‍ണ നിയന്ത്രണം സൂത്രധാരന്‍ മനോജിനു തന്നെ വിട്ടു കൊടുത്തു.



തൊട്ടില്‍ റെഡിയായി. പക്ഷെ കണ്ണനെ എവിടുന്നു കിട്ടും എന്നുള്ളതായി അടുത്ത പ്രശ്നം. അതിനും മനോജ് വഴി കണ്ടു പിടിച്ചു. അവന്‍ നേരെ അടുത്തുള്ള പള്ളിയില്‍ പോയി അവിടെ ക്രിസ്തുമസ്സിനു പുല്‍കൂട്ടില്‍ കിടത്താറുള്ള ഉണ്ണിയേശുവിന്റെ ചെറിയ പ്രതിമ എടുത്തു കൊണ്ട് വന്നു. ആ പ്രതിമയെ തൊട്ടിലില്‍ കിടത്തി നാലുചുറ്റും പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. ക്രിസ്ത്യനായ ഉണ്ണിയേശു നിമിഷങ്ങള്‍ക്കകം ഹിന്ദുവായ ഉണ്ണിക്കണ്ണനായി മാറി! ആ അസുലഭ കാഴ്ച കണ്ടു ഞാനും വേണുവും അന്തം വിട്ടു നിന്നു. പിന്നെ തൊട്ടില്‍ വലിച്ചു മുകളില്‍ എത്തിച്ചു കയര്‍ ജനല്‍ പടിയില്‍ ബന്ധിച്ച ശേഷം ഞങള്‍ ബാരക്കിലെയ്ക് പോയി.



രാത്രിയില്‍ സി ഓ സാബും കുടുംബവും സമയത്തിനുള്ളില്‍ തന്നെ എത്തിച്ചേര്‍ന്നു. യൂണിറ്റിലെ പട്ടാളക്കാരുടെ ഭാര്യമാരും കുട്ടികളും വന്നിട്ടുണ്ട്. പൂജ തുടങ്ങി. ഞങള്‍ കണ്ണനെ ലാന്‍ഡ്‌ ചെയ്യിക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പുകള്‍ നടത്തി. ലാന്‍ഡ്‌ ചെയ്യുന്ന സമയത്ത് കേള്‍പ്പിക്കാനുള്ള കുട്ടിയുടെ കരച്ചില്‍ ടേപ്പില്‍ സെറ്റ് ചെയ്തു. തൊട്ടിലിന്റെ കയറിന്റെ നിയന്ത്രണം മനോജ്‌ ഏറ്റെടുത്തു. ലൈറ്റ് ഓഫ്‌ ചെയ്യുന്നതിനു വേണ്ടി ഞാന്‍ ഹാളിനകത്തുള്ള മെയിന്‍ സ്വിച്ചിനടുത്തു നിലയുറപ്പിച്ചു. വേണുവിനെ സഹായിയായി മനോജിന്റെ അടുത്ത്‌ തന്നെ നിറുത്തി.



ഒരു മണിക്കൂറോളം പൂജയുണ്ട്. അത് കഴിഞ്ഞാണ് കണ്ണന്‍ ജനിക്കുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷം. അമ്പലത്തിലെ മണികള്‍ മുഴങ്ങി. പൂജാരിയുടെ നാവില്‍ നിന്നും മന്ത്രങ്ങള്‍ ഉരുക്കഴിഞ്ഞു. ഭക്ത ജനങ്ങള്‍ അതേറ്റു ചൊല്ലി. സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ഭഗവാന്‍ കൃഷ്ണനില്‍ മനസ്സര്‍പ്പിച്ച ഭക്തര്‍ എല്ലാം മറന്നു നിന്നു. ഞങളുടെ റിയാലിറ്റി കണ്ണന്‍ ലാന്‍ഡ്‌ ചെയ്യാന്‍ ഇനി അര മണിക്കൂര്‍ മാത്രം ബാക്കി...

പക്ഷെ......................

ഞങളുടെ കണ്ണന്‍ അപ്രതീക്ഷിതമായി ലാണ്ട് ചെയ്തു.. !!!!!

വെറും ലാണ്ടിംഗ് ആയിരുന്നില്ല.

ക്രാഷ്‌ ലാണ്ടിംഗ്. !!! വിത്ത്‌ ലൈവ് കരച്ചില്‍..

കരഞ്ഞത് ടേപ്പിലെ കുഞ്ഞല്ല ഒറിജിനല്‍ കുഞ്ഞ്..

സി. ഓ സാബ് ഞെട്ടി...പൂജാരി ഞെട്ടി...ഭക്തര്‍ ഞെട്ടി...രാമനും സീതയും ലക്ഷ്മണനും ഞെട്ടി.

ക്രിസ്തുവും നബിയും ഞെട്ടിയോ എന്ന് വ്യക്തമല്ല.

ഇതെല്ലം
കണ്ടു നിന്ന ഞാന്‍ ഞെട്ടോടെ ഞെട്ടി....


ഞെട്ടാത്ത ഒരേ ഒരാള്‍ മാത്രം. വേണു.!!!!!


റിയാലിറ്റി കണ്ണന്‍ ഇറങ്ങി വരുമ്പോള്‍ സി ഓ സാബിന്റെയും മറ്റു ഭക്തജനങ്ങളുടെയും മുഖത്ത്‌ തെളിയുന്ന വിസ്മയം റിയാലായി കാണാന്‍ വേണ്ടി തൊട്ടിലിന്റെ കയര്‍ വേണുവിനെ ഏല്പിച്ചു അമ്പലത്തിന്റെ അകത്ത് പോയ മനോജ്‌ എന്ന തൊമ്മന്‍ പോലും വേണു കയറും പിടിച്ചിരുന്നു ഉറങ്ങിപ്പോയ വിവരം അറിഞ്ഞില്ല.

വെറും ഉറക്കമല്ല കൂര്‍ക്കം വലിച്ചുള്ള റിയാലിറ്റി ഉറക്കം.

2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

തോക്ക് പിടിച്ച പ്രേതം



ഓഫീസ്സില്‍ നിന്നും മെസ്സിലെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷം‍, എന്തോ വലിയ ജോലി ചെയ്തതുപോലെയുള്ള ക്ഷീണം അനുഭവപ്പെട്ട ഞാന്‍ ക്ഷീണം മാറ്റാനായി ഒന്ന് മയങ്ങിക്കളയാം എന്നുകരുതി പൂര്‍ണ ഗര്‍ഭിണിയുടേത് പോലെ വീര്‍ത്ത വയറും തള്ളി, ബരക്കിലെത്തിയപ്പോള്‍ കേട്ടത് ഡ്യൂട്ടി എന്‍. സി. ഓ വര്‍ഗീസ്‌ സാറിന്റെ വാക്കുകളാണ്.


"എടാ ഇന്ന് നിനക്ക് 'വാര്‍ മെമ്മോറിയലില്‍' ഡ്യൂട്ടിയാ"


ഹോ.. ഈ ഡ്യൂട്ടി കൊണ്ട് ഞാന്‍ തോറ്റു. ലീവ് കഴിഞ്ഞു വന്നിട്ട് ഒരാഴ്ച കഴിഞ്ഞില്ല. അതിനുള്ളില്‍ നാല് ഡ്യൂട്ടി കൊടുത്ത് കഴിഞ്ഞു. പട്ടാളത്തില്‍ എന്തെല്ലാം കുറഞ്ഞാലും ഡ്യൂട്ടിക്ക് മാത്രം ഒരു കുറവുമില്ല. ശമ്പളം എത്ര കിട്ടിയാലെന്താ രണ്ടു ദിവസമെങ്കിലും മനസമാധാനമായി ഉറങ്ങാന്‍ പറ്റുമോ?..പണ്ടാരക്കാലന്മാരുടെ ഒടുക്കത്തെ ഡ്യൂട്ടി.. എന്നൊക്കെ മനോഗതം ചെയ്തു കൊണ്ട് ഞാന്‍ ബെഡില്‍ ഇരുന്നു. എന്നിട്ട് മെത്തയുടെ അടിയില്‍ വച്ചിരുന്ന തോക്കെടുത്ത് അതിന്റെ മാഗസിനില്‍ (ബുള്ളറ്റു നിറയ്ക്കുന്ന അറ) ഉണ്ടകള്‍ നിറച്ചു തുടങ്ങി.



"എന്താടാ നീര്‍ക്കോലി പിടിച്ച മാക്രിയെപ്പോലെ ഇരിക്കുന്നത് ?..ഡ്യൂട്ടി ഉണ്ട് അല്ലെ ?"

അടുത്ത ബെഡില്‍ കിടന്നു നാനാ സിനിമാ മാസികയിലെ പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കി ക്കൊണ്ടിരുന്ന തൊമ്മന്‍ എന്റെ ഇരുപ്പു കണ്ടു ചോദിച്ചു.


ഹും.. സി.ഓ സാബിന്റെ ഡ്രൈവര്‍ ആയതു കൊണ്ട് അവനു ഡ്യൂട്ടി വരാറില്ല. അതിന്റെ അഹങ്കാരമാണ്.


"മാക്രി നിന്റെ കെട്ടിയോളുടെ ഫാദര്‍ ഇന്‍ ലാ". എനിക്ക് ദേഷ്യം വന്നു. മനുഷ്യന്‍ എവിടെ ഡ്യൂട്ടി കൊടുത്ത് കഷ്ടപ്പെടുമ്പോള്‍ അവന്‍ തമാശിക്കുന്നു....


"എവിടാ ഡ്യൂട്ടി?" തൊമ്മന്‍ വിടാന്‍ ഭാവമില്ല..


"വാര്‍ മെമ്മോറിയല്‍" ഞാന്‍ പറഞ്ഞു.


(മരിച്ചു പോയ പട്ടാളക്കാരുടെ സ്മാരകങ്ങള്‍ ആണ് വാര്‍ മെമ്മോറിയല്‍. സ്മാരകത്തിന് ചുറ്റും ചെടികളും പൂക്കളും മറ്റും വച്ച് പിടിപ്പിച്ചിട്ടുണ്ട്. രാത്രയില്‍ പശുക്കളും മറ്റു മൃഗങ്ങളും വന്നു ചെടികള്‍ നശിപ്പിക്കാതെ നോക്കാനാണ് ഡ്യൂട്ടി ഇടുന്നത്. കാശ്മീര്‍ ആയതു കൊണ്ട് ഉഗ്രവാദികള്‍ വാര്‍ മെമ്മോറിയല്‍ നശിപ്പിക്കാന്‍ ശ്രമിക്കും എന്നുള്ളത് കൊണ്ട് വലിയ സുരക്ഷാ സംവിധാനങ്ങള്‍ ആണുള്ളത്. ഞാന്‍ ഇതുവരെ ഈ വാര്‍ മെമ്മോറിയലില്‍ ഡ്യൂട്ടി ചെയ്തിട്ടുമില്ല)



"അയ്യോ വാര്‍ മെമ്മോറിയലോ" തൊമ്മന്‍ കിടന്ന കിടപ്പില്‍ ഞെട്ടി. എന്നിട്ട് നാനാ മാറ്റി വച്ചിട്ട് എഴുനേറ്റിരുന്നു..


"എടാ അവിടെ ഒരു പ്രേതമുണ്ട്.. പലരും കണ്ടിട്ടുണ്ട്.."


"പ്രേതമോ .. ഹഹ് ഹ ..പട്ടാളത്തെ പിടിക്കുന്ന പ്രേതമോ?...നീയെന്താ എന്നെ പേടിപ്പിക്കുകയാണോ?"


"എടാ ഞാന്‍ തമാശ പറയുന്നതല്ല. നിനക്കറിയാമോ ആ വാര്‍ മെമ്മോറിയല്‍ ഒരു ശവക്കല്ലറയാ. ഉഗ്രവാദികള്‍ കൊന്ന ഒരു പട്ടാളക്കാരനെ അടക്കിയിരിക്കുന്നത് അവിടെയാ..അയാളുടെ കല്ലറയുടെ പുറത്താ ആ സ്മാരകം പണിതിരിക്കുന്നത്. .. "


"ങേ ...ശവക്കല്ലറയോ?" എനിക്കത് പുതിയ അറിവായിരുന്നു.


"അതേടാ ...അവിടെ നിന്നും രാത്രികാലങ്ങളില്‍ അലര്‍ച്ച കേട്ടിട്ടുണ്ടത്രേ..പ്രത്യേകിച്ചും രാത്രി പന്ത്രണ്ടു മണി കഴിയുമ്പോള്‍.."


"ആ പ്രേതത്തെ നേരിട്ട് കണ്ടിട്ടുള്ള ആരെങ്കിലും ഉണ്ടോ നമ്മുടെ യൂണിറ്റില്‍ ?" എനിക്ക് വിശ്വാസം വരുന്നില്ല.


"പിന്നേ...നമ്മുടെ ഹരിലാലില്ലേ അവന്‍ ഒരിക്കല്‍ അവിടെ ഡ്യൂട്ടി സമയത്ത് നില്‍കുമ്പോള്‍ ആ സ്തൂപത്തിന്റെ നേരെ മുന്‍പില്‍ ഒരാള്‍ നില്കുന്നത് പോലെ അവനു തോന്നി. അവന്‍ കണ്ണടച്ച് തുറന്നപ്പോള്‍ പിന്നെ കണ്ടില്ല. നാലു ദിവസമാ അവന്‍ പനി പിടിച്ചു കിടന്നത്.. നിനക്കറിയാമോ എന്തെങ്കിലും കുഴപ്പം കാണിക്കുന്നവര്‍ക്ക് ശിക്ഷയായി അവിടാ ഡ്യൂട്ടി കൊടുക്കുന്നത് . നീയെന്താ വല്ല കുഴപ്പവും ഉണ്ടാക്കിയോ?"


"ഹേയ് ഞാനൊരു കുഴപ്പവും ഉണ്ടാക്കിയില്ല." പിന്നെ എനിക്കവിടെ ഡ്യൂട്ടി കൊടുക്കാന്‍ വല്യ പേടിയൊന്നുമില്ല. അത് മാത്രമല്ല ഈ ഭൂത പ്രേത പിശാചുക്കളില്‍ എനിക്ക് വിശ്വാസവുമില്ല. നീ എന്നെ പറഞ്ഞു പേടിപ്പിക്കാനും മറ്റും നോക്കേണ്ടാ കേട്ടോ.." ഞാന്‍ തോക്ക് നിറച്ചു വച്ചിട്ട് ഡ്യൂട്ടിക്കുള്ള ഡ്രസ്സ്‌ പ്രസ്‌ ചെയ്യിക്കാനായി പോയി.


അല്ലെങ്കിലും ആളുകളെ അതുമിതും പറഞ്ഞു പറ്റിക്കുന്നത് തൊമ്മന്റെ ഒരു രീതിയാണ്. നടക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പോലും തൊമ്മന്‍ പറയുന്നത് കേട്ടാല്‍ ആരും വിശ്വസിച്ചു പോകും.അത്ര സുന്ദരമായി പറഞ്ഞു ഫലിപ്പിച്ചു കളയും.!! അവന്റെ ആ സ്വഭാവം അറിയാവുന്നത് കൊണ്ട് തൊമ്മന്‍ പറഞ്ഞ പ്രേതത്തിന്റെ കാര്യം ഞാന്‍ കാര്യമാക്കിയില്ല. അത് തന്നെയുമല്ല എന്റെ കയ്യില്‍ തോക്കല്ലേ ഉള്ളത്? അതും എ.കെ. 47!! പിന്നെതിനു പേടിക്കണം. പ്രേതമായാലും ജീവനില്‍ കൊതി കാണാതിരിക്കുമോ? പട്ടാളക്കാരന്റെ വെടി ഏറ്റാല്‍ മരിക്കാത്ത പ്രേതമുണ്ടോ? എങ്കില്‍ ഒന്ന് കണ്ടിട്ട് തന്നെ കാര്യം. ഞാന്‍ തീരുമാനിച്ചു.


വൈകുന്നേരം ഡ്യൂട്ടി തുടങ്ങുന്നതിനു മുന്‍പ് എല്ലാവര്‍ക്കുമായി ഒരു ചെറിയ മീറ്റിംഗ് പോലെ ഉണ്ട്. ഡ്യൂട്ടിയില്‍ പാലിക്കേണ്ട നിയമങ്ങളും ഡ്യൂട്ടിയുടെ രീതികളും ഡ്യൂട്ടി പോസ്റ്റിന്റെ പ്രത്യേകതകളും ഒക്കെ അവിടെ വിശദീകരിച്ചതിത് ശേഷമാണ് ഡ്യൂട്ടിക്ക് വേണ്ടി അയക്കുന്നത്. അവിടെയും ആരും പ്രേതത്തെപ്പറ്റി പറഞ്ഞു കേട്ടില്ല. അങ്ങനെ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അതിനെപ്പറ്റി സൂചന തരാതിരിക്കുമോ? അപ്പോള്‍ ഞാന്‍ ലീവിന് പോയിട്ട് തിരിച്ചു വന്നപ്പോള്‍ കൊണ്ടുവന്ന ചിപ്സും ഹല്‍വയും കൊടുക്കാത്തതിന്റെ പേരില്‍, രാത്രിയില്‍ ഡ്യൂട്ടി സമയത്ത് ഞാന്‍ പേടിക്കാനും അങ്ങനെ പേടിച്ചു പനി പിടിച്ചു ആസ്പത്രിയില്‍ കിടക്കുമ്പോള്‍ എന്റെ ലോക്കറിലെ ഹല്‍വയും ചിപ്സും അടിച്ചു മാറ്റാനുമുള്ള തൊമ്മന്റെ ആസൂത്രിതമായ പദ്ധതിയാണ് ഈ പ്രേത കഥയെന്നും ഞാന്‍ ഉറപ്പിച്ചു.



ഏതായാലും ഡ്യൂട്ടി തുടങ്ങി. വൈകുന്നേരം ആറു മണിമുതല്‍ എട്ടു മണി വരെയും രാത്രിയില്‍ പന്ത്രണ്ടു മുതല്‍ രണ്ടു മണി വരെയുമാണ് എനിക്ക് ഡ്യൂട്ടി. അത് ഞാന്‍ മനപ്പൂര്‍വ്വം തിരഞ്ഞെടുത്തതാണ്. കാരണം പന്ത്രണ്ടു മണി മുതല്‍ രണ്ടു മണി വരെയുള്ള സമയത്ത് സാധാരണയായി ആരും ചെക്കു ചെയ്യാന്‍ വരില്ല. വാര്‍ മെമ്മോറിയല്‍ യൂണിറ്റിന്റെ അകത്തായതുകൊണ്ട് ഉഗ്രവാദി ശല്യവും ഉണ്ടാകാന്‍ വഴിയില്ല. ചുരുക്കത്തില്‍ രണ്ടു മണിക്കൂര്‍ എവിടെയെങ്കിലും കുത്തിയിരുന്നു സ്വസ്ഥമായി ഉറങ്ങാം..അഥവാ ആരെങ്കിലും വന്നാലും നല്ല ഇരുട്ടായത് കൊണ്ട് ഞാന്‍ ഉറങ്ങുന്നതു കാണില്ല. എപ്പടി എന്റെ ബുദ്ധി?...



സെക്കണ്ട് ഡ്യൂട്ടി, അതായത് പന്ത്രണ്ടു മുതലുള്ള ഡ്യൂട്ടി തുടങ്ങി. ഞാന്‍ തോക്കും തോളില്‍ തൂക്കി വാര്‍ മെമ്മോറിയലിന്റെ ചുറ്റും ഒന്ന് കറങ്ങി..സംശയകരമായ യാതൊരു നീക്കങ്ങളും കാണാത്തതിന്റെ പേരില്‍ തിരിച്ച് വന്നു വാര്‍ മെമ്മോറിയലിന്റെ ഗേറ്റിന്റെ അടുത്ത്‌ വച്ചിരിക്കുന്ന പഴയ പീരങ്കിയുടെ ചുവട്ടില്‍ ഇരുന്നു. തോക്ക് മടിയില്‍ ഭദ്രമായി വച്ചു. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ നാട്ടിന്‍ പുറത്തുള്ള കള്ളു ഷാപ്പിന്റെ പുറത്തു വാള് വച്ച് കിടക്കുന്നവനെപ്പോലെ കാലുകള്‍ നീട്ടി ചാരിയിരുന്നു സുഖശയനം തുടങ്ങി.



ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഉണര്‍ന്നു. ഗാഡമായ ഉറക്കത്തിലായിരുന്നത് കൊണ്ട് സ്ഥലകാല ബോധം വരാന്‍ അല്പം സമയമെടുത്തു. ഒരു മണിക്കൂര്‍ യാതൊരു ശല്യവുമില്ലാതെ ഉറങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഞാന്‍ എഴുനേറ്റു. ഏതായാലും ഒന്നുകൂടി ചുറ്റിയിട്ട് വന്നു അടുത്ത ഉറക്കം തുടങ്ങാം എന്ന് നിശ്ചയിച്ച ഞാന്‍ അടുത്ത്‌ വച്ചിരുന്ന തോക്കിനായി ഇരുട്ടില്‍ പരതി.


"തോക്ക് കാണാനില്ല". !!!



ദൈവമേ? എന്റെ തലയില്‍ ഒരു വെള്ളിടി വെട്ടി. പട്ടാളക്കാരന്റെ ഏറ്റവും വിലപ്പെട്ട സാധനമാണ്‌ തോക്ക്. അത് നഷ്ടപ്പെടുത്തുക എന്ന് പറഞ്ഞാല്‍ ജോലി പോയി എന്നത് മാത്രമല്ല ജയിലിലും കിടക്കേണ്ടി വരും. ജീവന്‍ പോയാലും സ്വന്തം ആയുധം ഉപേക്ഷിക്കരുത് എന്നാണ് പഠിപ്പിച്ചിരിക്കുന്നത്. യുദ്ധ ഭൂമിയില്‍ പട്ടാളക്കാര്‍ സ്വന്തം തോക്ക് മുറുകെ പിടിച്ചു മരിച്ചു കിടക്കുന്ന കാഴ്ചകള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇതാ ഒരു ജവാന്‍ തോക്ക് നഷ്ടപ്പെടുത്തിയ ശേഷം മരിക്കാന്‍ പോകുന്നു..ഓര്‍ത്തപ്പോള്‍ തന്നെ എനിക്ക് പരവേശം മൂത്തു. അത് പിന്നെ വെപ്രാളവും വിയര്‍പ്പുമായി കുടു കുടാ പുറത്തെയ്ക്കൊഴുകി.



തോക്കിന് വേണ്ടി ഇരുട്ടില്‍ തപ്പിക്കൊണ്ടിരുന്ന ഞാന്‍ അല്പം അകലെ വാര്‍ മെമ്മോറിയലിന്റെ സ്തൂപത്തിന്റെ മുന്‍പില്‍ ഒരു ഒരനക്കം കേട്ട് ഞെട്ടി. അതാ അവിടെ ഒരു നിഴല്‍.!..ഒരാള്‍ സ്തൂപത്തിന്റെ അടിയിലെ പ്ലാറ്റ്‌ ഫോമില്‍ ഇരിക്കുകയാണ്. കാലിന്മേല്‍ കാല്‍ കയറ്റി ഇരിക്കുന്നത് പോലെ. അടുത്ത്‌ തന്നെ എന്തോ ചാരി വച്ചിരിക്കുന്നു...ഞാന്‍ സൂക്ഷിച്ചു നോക്കി. തോക്കല്ലേ അത്? അതെ തോക്ക് തന്നെ. ദൈവമേ എന്റെ തോക്ക്. !!അതെങ്ങനെ അവിടെ എത്തി? ആരാണയാള്‍?..



ആരായാലും അയാളെ കീഴ്പ്പെടുത്തിയിട്ട് തന്നെ കാര്യം. ഞാന്‍ മുന്‍പോട്ടു കുതിച്ചു.


ഒരു നിമിഷം.... !!


അയാള്‍ അപ്രത്യക്ഷനായി...തോക്ക് മാത്രം അവിടെ ഇരിക്കുന്നു..ഇത്രയും നേരം കാലിന്മേല്‍ കാല്‍ കയറ്റി ഇരുന്നയാല്‍ എവിടെ? ഞാന്‍ അദ്ഭുതപ്പെട്ടു...


"എടാ അവിടെ ഒരു പ്രേതമുണ്ട് .. പട്ടാളക്കാരന്റെ ശവക്കല്ലറയാ അത് ".. തൊമ്മന്റെ വാക്കുകള്‍ !!


എന്റമ്മോ?... പാതി രാത്രി കഴിഞ്ഞതേയുള്ളൂ....വിജനമായ പ്രദേശം...ഇരുട്ടില്‍ ഞാന്‍ ഒറ്റയ്ക്ക്.....മുന്‍പില്‍ മരിച്ചു പോയ പട്ടാളക്കാരന്റെ പ്രേതം. ആ പ്രേതം എന്റെ തോക്കുമായി കല്ലറയുടെ പുറത്തിരിക്കുന്നു...അത് പിന്നെ ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമായിരിക്കുന്നു..എനിക്ക് തല കറങ്ങി..ശരീരം മൊത്തം ചൂട് പിടിച്ചപോലെ ഞാന്‍ നിന്നുരുകി...



അതാ വീണ്ടും പ്രേതം!!. ഇപ്പോഴത്‌ പ്ലാറ്റ്‌ ഫോമിന്റെ താഴെയാണ് ഇരിക്കുന്നത്. ...എന്റെ തോക്കിന്റെ അടുത്ത്‌ തന്നെ.. ആ തോക്ക് എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍..‍.ഒരു വെടിയെങ്കിലും വച്ച് കൂടെയുള്ള ഡ്യൂട്ടിക്കാരെ ഉണര്‍ത്താമായിരുന്നു. ഭൂതവും പ്രേതവുമില്ല എന്നുള്ള ധാരണ ഒറ്റ നിമഷം കൊണ്ട് മാറിയ ഞാന്‍ പ്ലാറ്റ്‌ ഫോമിനു താഴെ ഇരുന്നു എന്നെ സൂക്ഷിച്ചു നോക്കുന്ന ആ രൂപത്തിനെ കണ്ടു എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു..



പെട്ടെന്നാണ്‌ ഒരു മുരളിച്ചയോടെ ആ സത്വം എന്റെ നേരെ കുതിച്ചു ചാടിയത്...അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ഞാന്‍ വീണു പോയി...എന്റെ തലയ്ക്കു മുകളിലൂടെ ചാടി അടുത്തിരുന്ന പഴയ പീരങ്കിയുടെ പുറത്തു വീണ ആ സാധനം പീരങ്കിയുടെ മിനുസമുള്ള പ്രതലത്തില്‍ കാലുറക്കാതെ നടുവടിച്ചു നിലത്തു വീണു..എന്നിട്ട് ദീനമായ ഒരു കരച്ചിലോടെ അടുത്ത്‌ നിന്ന മരത്തിന്റെ ശാഖയിലെയ്ക്ക് ചാടിക്കയറി ഇലകള്‍ക്കിടയില്‍ അപ്രത്യക്ഷമായി. ആ പോക്കില്‍ ഞാനൊരു കാഴ്ചകണ്ടു..അതിന്റെ ശരീരത്തിന്റെ പുറകിലായി നീളമുള്ള ഒരു വാല്..!!



കശ്മീര്‍ താഴ്വരകളില്‍ കാണാറുള്ള ഒരു തരം വലിപ്പമുള്ള കുരങ്ങു ഞാന്‍ ഉറങ്ങിക്കിടന്നപ്പോള്‍ എന്റെ തോക്ക് എടുത്ത്‌ കൊണ്ടുപോയതും അതിനെക്കണ്ട് ഞാന്‍ പേടിച്ചു ബോധം കെടുന്ന പരുവത്തില്‍ എത്തിയതും പിന്നെ തോക്ക് തിരിച്ചു കിട്ടിയപ്പോള്‍ സന്തോഷത്തോടെ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിപ്പോയതും ആരും ഇതുവരെ അറിഞ്ഞിട്ടില്ല എന്നാണെന്റെ വിശ്വാസം .