2013, ജനുവരി 12, ശനിയാഴ്‌ച

ഓപ്പറേഷന്‍ തൂഫാന്‍

"രഘൂ... ഇന്നു രാത്രിയില്‍ ഓപ്പറേഷനുണ്ട്..റേഡിയോ  സെറ്റുമായി പോകേണ്ടത്  നീയാണ് "

രാത്രിയിലെ കാവല്‍ ഡ്യൂട്ടിയും കഴിഞ്ഞു ബാരക്കിലെത്തി *ഇന്‍സാസ്  റൈഫിളില്‍ നിന്നും    *മാഗസീന്‍ ഊരിയെടുത്ത്  അതിനുള്ളിലെ വെടിയുണ്ടകള്‍ ഓരോന്നായി ശ്രദ്ധയോടെ പുറത്തെടുത്തു കൊണ്ടിരുന്ന ഞാന്‍ ആ ഓര്‍ഡര്‍ കേട്ട്  അല്പം വേദനയും അതിലേറെ ദേഷ്യവും  കലര്‍ത്തി സുബേദാര്‍ രസ്തോഗി സാബിനെ നോക്കി.

എന്റെ നോട്ടത്തിന്റെ അര്‍ഥം മനസ്സിലായെങ്കിലും  ഗൌരവം വിടാതെ അദ്ദേഹം തുടര്‍ന്നു.

"പലരും ലീവിനും മറ്റും പോയിരിക്കുന്നതു കൊണ്ട്  സെക്ഷനില്‍ ആളുകള്‍ കുറവാണ്. പക്ഷെ അതിന്റെ പേരില്‍  ഓപ്പറേഷന്‍ മാറ്റിവയ്ക്കാന്‍ പറ്റില്ല. ലെഫ്റ്റനന്റ്  സന്യാല്‍ സാബാണ് ഓപ്പറേഷന്‍ കമാണ്ടര്‍. ഇന്നു രാവിലെ പത്തു മണിയ്ക്ക്  സന്യാല്‍ സാബിന്റെ *ബ്രീഫിംഗ്  ഉണ്ട്. അതിനു മുന്‍പ് റേഡിയോ ചെക്കു ചെയ്തു *സീക്രസി ഡിവൈസും എടുത്തു റെഡിയായി നില്‍ക്കണം. ബാക്കി  കാര്യങ്ങള്‍ സന്യാല്‍ സാബ് പറയും"

ഈശ്വരാ... ഇന്നെങ്കിലും രാത്രിയില്‍ സ്വസ്ഥമായി രണ്ടു മണിക്കൂര്‍  ഉറങ്ങാമെന്ന് കരുതിയതാണ്. അതും വെറുതെയായി. ഗ്രാമത്തില്‍ എവിടെയോ ഉഗ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. അവരെ കണ്ടുപിടിക്കാനുള്ള പുറപ്പാടാണ്.  ഓപ്പറേഷന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ വയര്‍ലെസ്സ് സെറ്റിലൂടെ*ബ്രിഗേഡ് മേജറെ അറിയിക്കുക എന്നതാണ്  ഓപ്പറേഷനില്‍ എന്റെ കര്‍ത്തവ്യം.

ഞാന്‍ പെട്ടെന്ന് കുളിച്ചു തയാറായി റേഡിയോ സ്റ്റോറിലെത്തി. സ്റ്റോര്‍മാനായ മുരളി സാറും സെക്ഷന്‍ ഹെഡ് ഹവില്‍ദാര്‍ ത്രിവേദിയും നേരത്തെ തന്നെ സ്റ്റോറില്‍ എത്തിയിട്ടുണ്ട്.

"ഇന്നു നറുക്കു വീണത്‌  നിനക്കാണല്ലേ?..കഷ്ടം..ആ രസ്തോഗി ഒരു കുഴപ്പക്കാരനാ..അയാള്‍ക്ക്‌  നമ്മള്‍ മലയാളികളോട്  ഒരു വേര്‍തിരിവുണ്ട്...അല്ലെങ്കില്‍ ഇന്നലെ രാത്രി മുഴവന്‍ ഡ്യൂട്ടി കൊടുത്ത നിന്നെ ഇന്നുരാത്രിയില്‍ ഓപ്പറേഷന് വിടുമോ?" മുരളി സാര്‍ വേദനയോടെ ചോദിച്ചു.

"എന്തു ചെയ്യാനാ  സാര്‍...ഞാനിവിടെ  പുതിയ ആളല്ലേ.. അല്ലെങ്കില്‍തന്നെ പട്ടാളത്തിന്റെ ഓര്‍ഡര്‍ അനുസരിക്കാതിരിക്കാന്‍ പറ്റുമോ?"

അലമാരിയില്‍ നിന്നും മുരളിസാര്‍ എടുത്തുതന്ന റേഡിയോ സെറ്റില്‍ ആന്റിനയും ബാറ്ററിയും  കണക്റ്റ്  ചെയ്തുകൊണ്ട്  ഞാന്‍ പറഞ്ഞു.

 സെക്ഷന്‍ ഹെഡ്  ത്രിവേദിയ്ക്ക്  ഞങ്ങള്‍ പറഞ്ഞതൊന്നും  മനസ്സിലായില്ല.  എങ്കിലും  അയാള്‍ അല്പം സംശയഭാവത്തോടെ  ഞങ്ങള്‍  ഇരുവരെയും മാറി മാറി നോക്കി.

ഞാന്‍ സ്റ്റോര്‍ ഇന്‍-ഔട്ട്‌  ബുക്കില്‍ റേഡിയോ സെറ്റിന്റെ  നമ്പരും അതിന്റെ അനുബന്ധ സാമഗ്രികളുടെ വിവരങ്ങളും എഴുതി ഒപ്പുവച്ചു. പിന്നെ റേഡിയോ സെറ്റ് പുറത്തു തൂക്കി സ്റ്റോറില്‍  നിന്നിറങ്ങി.

"രഘൂ... സൂക്ഷിക്കണം.  ഓപ്പറേഷന്‍  നേരംവെളുക്കുന്നതുവരെ നീളാന്‍ വഴിയുണ്ട്.   കമാണ്ടര്‍ സന്യാല്‍ സാബ്  പുതിയ പയ്യനാണ്. അദേഹത്തിന്  പരിചയക്കുറവുണ്ട്.  കഴിഞ്ഞ ഓപ്പറേഷനില്‍ നമുക്ക്  നഷ്ടപ്പെട്ടതു  രണ്ടുപേരാണ്.  സുജിത്തും ഭീംസിങ്ങും. ഇത്തവണ ആര്‍ക്കും ആപത്തുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍  പ്രാര്‍ഥിക്കാം"

ഞാന്‍ തിരിഞ്ഞു മുരളി സാറിനെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്‌. എങ്കിലും   മുഖത്ത് ഒരു ശുഭാപ്തിവിശ്വാസം തെളിഞ്ഞു കണ്ടു.  ഞാന്‍ പുഞ്ചിരിയോടെ കൈവീശി  മുരളി സാറിനോടു യാത്ര പറഞ്ഞു.

കൃത്യം പത്തുമണിയ്ക്ക്  ലെഫ്റ്റനന്റ്  സന്യാല്‍ സാബ്  ജീപ്പില്‍ വന്നിറങ്ങി. വെളുത്തു സുമുഖനായ ചെറുപ്പക്കാരന്‍. ഇരുപത്തിരണ്ടോ  ഇരുപത്തിമൂന്നോ വയസ് പ്രായം. അധികം ഉയരമില്ലെങ്കിലും കടുംപച്ച കളറില്‍ വെളുപ്പും കറുപ്പും പുള്ളികളുള്ള പട്ടാളവേഷം  അദ്ദേഹത്തിനു നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. ഇരുചുമലിലും ഈരണ്ടു നക്ഷത്ര ചിഹ്നങ്ങള്‍ ആ മുഖത്തിന്  ഒരു  മിലിട്ടറി ഓഫീസറുടെ ഗൌരവമേകി.

ഏഴുപേര്‍ വീതമുള്ള മൂന്നു വരികളിലായി നിരന്നു നില്‍ക്കുന്ന ഇരുപത്തൊന്നു പട്ടാളക്കാര്‍
അറ്റെന്‍ഷനായി നിന്നു. ഒന്നാമത്തെ വരിയില്‍ ഏഴാമനായിരുന്നു  ഞാന്‍. എന്റെ ചുമലിലാണ്  റേഡിയോ സെറ്റ്.

"സുഹൃത്തുക്കളെ"...അദ്ദേഹം പറഞ്ഞു തുടങ്ങി.

"ഗ്രാമത്തില്‍ നുഴഞ്ഞു കയറിയിരിക്കുന്ന മൂന്നു കൊടുംഭീകരരെ കണ്ടുപിടിയ്ക്കുകയാണ്  ഇന്നു നമ്മുടെ  ജോലി. അവരെ ജീവനോടെ പിടിയ്ക്കാനാണ് നമ്മുടെ  ശ്രമം. അഥവാ അതിനു സാധിച്ചില്ലെങ്കില്‍  എന്നന്നേയ്ക്കുമായി വകവരുത്തണം. അതിനു നമ്മുടെ കൂട്ടായ ശ്രമം ആവശ്യമാണ്.  നിങ്ങളില്‍ പലര്‍ക്കും ഓപ്പറേഷന്‍ സംബന്ധമായി എന്നേക്കാള്‍  കൂടുതല്‍ അറിവുള്ളവരാണ്. എങ്കിലും ഞാന്‍ പറയുന്നതു പോലെ മാത്രമേ നിങ്ങള്‍ പ്രവര്‍ത്തിക്കാവൂ. ഒരിക്കലും എന്റെ അനുവാദമില്ലാതെ ഫയര്‍ ചെയ്യരുത്. ക്രോസ് ഫയര്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുവിന്റെ നാശമാണ്  ഓരോ പട്ടാളക്കാരന്റെയും ലക്ഷ്യം. ആ ലക്ഷ്യത്തിലെത്താനായുള്ള  ശ്രമത്തിനിടയില്‍ ഒരുപക്ഷെ നമ്മളില്‍ പലര്‍ക്കും ജീവഹാനി  വരെ ഉണ്ടായേക്കാം. എങ്കിലും ബാക്കിയുള്ളവര്‍ പതറരുത് .നമ്മളില്‍  ഒരാളെങ്കിലും ബാക്കിയാകുന്നതുവരെ പോരാട്ടം തുടരണം. നമ്മള്‍ ഇരുപത്തിരണ്ടു പേരും സുരക്ഷിതരായി തിരിച്ചെത്താന്‍ ഈശ്വരന്‍ സഹായിക്കട്ടെ.

ജയ്...ഹിന്ദ്‌

ജയ്‌ ഹിന്ദ്‌ സാബ്...പട്ടാളക്കാര്‍ ഒരുമിച്ച് ആര്‍ത്തു വിളിച്ചു.

രാത്രി പതിനൊന്നു മണിയോടെ ബുള്ളറ്റ് പ്രൂഫ്‌  പടച്ചട്ടയും  ഹെല്‍മറ്റും ധരിച്ചു കയ്യില്‍ റൈഫിളും മുതുകില്‍ *ബഡാ പിറ്റു വുമേന്തിയ  ഇരുപത്തിയൊന്നു  പട്ടാളക്കാര്‍ (അതില്‍ രണ്ടു   ജൂനിയര്‍ കമ്മീഷണ്ട്  ഓഫീസര്‍ന്മാരുമുണ്ട്)  കയറിയ രണ്ടു ട്രക്കുകള്‍ ഹെഡ്  ലൈറ്റുകള്‍ തെളിക്കാതെ വിജനമായ ഗ്രാമപാതയിലെ അരണ്ട വെളിച്ചത്തിലൂടെ സാവധാനം മുന്നോട്ടു നീങ്ങി.

ഏറ്റവും മുന്‍പില്‍ ലെഫ്റ്റനന്റ്  സന്യാല്‍ സാബിന്റെ  ജീപ്പ്. അതില്‍ സന്യാല്‍ സാബും ഞാനും ഡ്രൈവറും മാത്രം. സന്യാല്‍ സാബിന്റെ കയ്യില്‍ ഒരു  സ്റ്റെന്‍ ഗണ്‍ ഉണ്ട്.  എന്റെ മുതുകില്‍ തൂക്കിക്കിയിരിക്കുന്ന വയര്‍ലെസ്സ്  സെറ്റിന്റെ *'ഹെഡ് ഗിയര്‍'  ഹെല്‍മെറ്റിനു മുകളിലൂടെ  ഇരു ചെവികളും പൊതിഞ്ഞിരിക്കുന്നു.  കൈയ്യില്‍   ഇന്‍സാസ്  റൈഫിള്‍.  ജീപ്പിനു  പിറകില്‍ പത്തടിയോളം അകലം സൂക്ഷിച്ചു കൊണ്ട്  ട്രക്കുകള്‍ നീങ്ങുന്നു. രണ്ടു  ട്രക്കുകളുടേയും മുകളില്‍ ഏതു സമയത്തും തീ തുപ്പാന്‍ പാകത്തില്‍ ഘടിപ്പിച്ചിരിക്കുന്ന  ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍. ട്രക്കിനുള്ളിലെ പട്ടാളക്കാര്‍ തോക്കുകള്‍ പുറത്തെ ഇരുട്ടിലേയ്ക്കു  നീട്ടിപ്പിടിച്ചു  ജാഗ്രതയോടെ ഇരുന്നു.

പത്തു കിലോമീറ്റര്‍ ദൂരം കഴിഞ്ഞപ്പോള്‍ സന്യാല്‍ സാബിന്റെ ജീപ്പ് നിന്നു. അതേ സമയം തന്നെ
പുറകിലെ ട്രക്കുകളും നിന്നു. സന്യാല്‍ സാബ്  നീട്ടിപ്പിടിച്ച സ്റ്റെന്‍ ഗണ്ണുമായി  ജീപ്പില്‍ നിന്നിറങ്ങി. എന്നിട്ട് പരിസരം വീക്ഷിച്ചു.

 ഒരു കുന്നിനു കുറുകെയാണ്  റോഡിന്റെ കിടപ്പ്.  കുന്നിന്റെ ഏകദേശം  മധ്യഭാഗത്തു കൂടിയാണ്  റോഡു പോകുന്നത്. റോഡിന്റെ ഇരുവശവും  വിശാലമായ ആപ്പിള്‍ തോട്ടങ്ങളാണ്. കുന്നിന്റെ താഴ് ഭാഗത്തായി  തോട്ടങ്ങള്‍ക്കുമപ്പുറം  വിശാലമായ പാടങ്ങളാണ്.  ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലായി അവിടവിടെ ചെറിയ  വീടുകളുണ്ട്. റോഡിന്റെ അരികില്‍ ഉയര്‍ന്നു നില്‍ക്കുന്ന  ടെലിഫോണ്‍  പോസ്റ്റുകള്‍. ട്രക്കുകള്‍ നില്‍ക്കുന്ന ഭാഗത്തു റോഡിന്റെ മുകള്‍ സൈഡില്‍ ഒരു വലിയ പാറ ഉയര്‍ന്നു നിന്നിരുന്നു. അരണ്ട വെളിച്ചത്തില്‍ അതൊരു ഭൂതം പോലെ കാണപ്പെട്ടു.

സമയം അര്‍ദ്ധരാത്രി  കഴിഞ്ഞു. ആപ്പിള്‍ തോട്ടങ്ങളുടെ നടുവിലുള്ള വീടുകളില്‍ ഒരു ചെറിയ വിളക്കു പോലും തെളിഞ്ഞു കണ്ടില്ല. ഇരുട്ടിന്റെ കോട്ടയില്‍  ഇടയ്ക്കിടയ്ക്കുള്ള കമാനങ്ങള്‍ പോലെ ആ വീടുകള്‍ കാണപ്പെട്ടു.

"ഓക്കേ..കം ഔട്ട്‌... ടേക്ക്  പൊസിഷന്‍സ്..."

സന്യാല്‍ സാബിന്റെ പതിഞ്ഞ ശബ്ദം ഞാന്‍ കേട്ടു.  റേഡിയോയുടെ ആന്റിന ജീപ്പിന്റെ പടുതയില്‍ ഉടക്കാതെ മെല്ലെ  ഞാന്‍ പുറത്തിറങ്ങി. എന്നിട്ട്  ജീപ്പിനു പിറകില്‍ സന്യാല്‍ സാബിന്റെ ചലനങ്ങള്‍ കാണാവുന്ന അകലത്തില്‍ നിലയുറപ്പിച്ചു റേഡിയോ ഓണ്‍ ചെയ്തു.

"കിരണ്‍ ഫോര്‍  ടൈഗര്‍..കിരണ്‍ ഫോര്‍ ടൈഗര്‍ ഓവര്‍.."

ഞാന്‍ ശബ്ദം താഴ്ത്തി വിളിച്ചു. 

"ടൈഗര്‍ ലിസണിംഗ്...പാസ്‌ ...ഓവര്‍"

റേഡിയോയിലൂടെ വന്ന  ബ്രിഗേഡ് മേജറുടെ  ശബ്ദം ഹെഡ് ഗിയറിലൂടെ എന്റെ ചെവിയില്‍ മുഴങ്ങി.

* തൂഫാന്‍ റീച്ചിഡ് .. തൂഫാന്‍ റീച്ചിഡ്... ഓവര്‍"

ഞാന്‍ ആദ്യത്തെ മെസ്സേജ് പാസ്‌ ചെയ്തു.

"ഓക്കേ... കീപ്‌ ലിസണിംഗ്... റോജര്‍ ഔട്ട്‌ "... ബ്രിഗേഡ് മേജറുടെ ശബ്ദം നിലച്ചു.

ഇതിനിടയില്‍ ട്രക്കിനുള്ളിലെ പട്ടാളക്കാരും ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങിയിരുന്നു. അതില്‍ രണ്ടു പേര്‍ ട്രക്കുകളുടെ  മുന്‍പിലും പിറകിലുമായി പരസ്പരം കാണാവുന്ന അകലത്തില്‍  നിലത്തു കമിഴ്ന്നു കിടന്നു. അവരില്‍ ഒരാളുടെ തോക്ക്   റോഡിനു മുകളിലേയ്ക്കും മറ്റേയാളുടെ  റോഡിനു താഴേയ്ക്കും ലക്ഷ്യം വച്ചിരുന്നു. ട്രക്കിനു മുകളില്‍  ലൈറ്റ്  മെഷീന്‍ ഗണ്ണുമായി നിന്നവര്‍ അവിടെത്തന്നെ നിലയുറപ്പിച്ചു പരിസരം ശ്രദ്ധിച്ചു കൊണ്ടിരുന്നു.  ജീപ്പ് ഡ്രൈവര്‍ ഇതിനകം തന്നെ തന്റെ വണ്ടിയുടെ സംരക്ഷണാര്‍ഥം ആവശ്യമായ പൊസിഷന്‍ എടുത്തിരുന്നു.

 സ്റ്റെന്‍ ഗണ്‍ നീട്ടിപ്പിടിച്ചു ശബ്ദമുണ്ടാക്കാതെ സന്യാല്‍ സാബ്  റോഡില്‍ നിന്നും താഴേയ്ക്കിറങ്ങി. അദ്ദേഹത്തിന്റെ തൊട്ടുപിറകില്‍  ഞാനും എന്റെ പിറകില്‍ ഇരുവശവും  ആറടി അകലം പാലിച്ചു കൊണ്ട് മറ്റുള്ളവരും മുന്നോട്ടു നീങ്ങി.

ഉദ്ദേശം നൂറു മീറ്റര്‍  അകലത്തില്‍ ആപ്പിള്‍ മരങ്ങളുടെ ഇടയിയില്‍  നില്‍ക്കുന്ന ഒരു വീടിനെ ലക്ഷ്യം വച്ചാണ്  ഞങ്ങളുടെ നീക്കം. വീടിന്റെ മുന്‍വാതിലിനരികില്‍ എത്തിയ അദ്ദേഹം ഒരു മാത്ര നിന്നു. ഇരുട്ടില്‍  വിറങ്ങലിച്ചു നില്‍ക്കുന്ന ആ വീടിനെ ആകെയൊന്നു വീക്ഷിച്ചിട്ട്‌  വാതിലിന്റെ  ഇടതു വശത്തേയ്ക്ക്  അല്പം ഒതുങ്ങി നിന്നു. അടുത്ത നിമിഷം അദ്ദേഹത്തിന്റെ വലതു  കൈ ആകാശത്തിലുയര്‍ന്നു.  അതിലെ വിരലുകള്‍ ഒരു  പ്രത്യേക രീതിയിലുള്ള സൂചന നല്‍കി. ഉടന്‍ എന്റെ നേരെ പിറകില്‍ നിന്ന രണ്ടു പേര്‍  കൊടുംകാറ്റു പോലെ മുന്നോട്ടു കുതിച്ചു. അവരുടെ കനത്ത ബൂട്ടിട്ട കാലുകള്‍  ഉരുക്കു കൂടം പോലെ വായുവിലുയര്‍ന്നു മുന്‍വാതിലില്‍ പതിച്ചു.

മരപ്പലകകള്‍ നിരത്തിയ ആ വാതില്‍  പൂ പോലെ ചിതറിത്തെറിച്ചു.

തകന്ന വാതിലിലൂടെ സന്യാല്‍ സാബും മറ്റു മൂന്ന് പേരും  അകത്തേയ്ക്ക് പാഞ്ഞു കയറി. ഞാനടക്കമുള്ള മറ്റുള്ളവര്‍  നിന്നിടത്തു തന്നെ കമിഴ്ന് വീണു. ഞങ്ങളുടെ  തോക്കുകള്‍  തകര്‍ന്ന  വാതിലില്‍  തന്നെ  ഉന്നം വച്ചിരുന്നു. ഞാന്‍  റേഡിയോയിലൂടെ രണ്ടാമത്തെ മെസ്സേജ് അയച്ചു.

"കിരണ്‍ ഫോര്‍ ടൈഗര്‍.....തൂഫാന്‍ സ്റ്റാര്‍റ്റെഡ്.....കീപ്‌ ലിസണിംഗ്......ഔട്ട്‌ "

അടുത്ത നിമിഷം വീടിനകത്ത്  ഒരു  സ്റ്റെന്‍ ഗണ്ണിന്റെ  വെടിശബ്ദമുയര്‍ന്നു. അതിന്റെ പ്രകമ്പനം തീരും മുന്‍പേ ഒരലര്‍ച്ചയും  മുഴങ്ങി. പിന്നെ ഇടതടവില്ലാത്ത  വെടിയൊച്ചകള്‍...നിലവിളികള്‍ അട്ടഹാസങ്ങള്‍.

ഇതിനിടയില്‍ വീടിന്റെ ഇടതു ഭാഗത്തുള്ള ജനാലയിലൂടെ ഒരു രൂപം പ്രാണരക്ഷാര്‍ഥം പുറത്തു ചാടി.  നിലംപറ്റി കിടന്നിരുന്ന ഞങ്ങളുടെ തോക്കുകള്‍ ഒറ്റനിമിഷം കൊണ്ട്  ആ രൂപത്തിനു  നേരെ തിരിഞ്ഞു. അതില്‍  നിന്നുതിര്‍ന്ന തീയുണ്ടകള്‍  ലക്ഷ്യസ്ഥാനത്തു തറച്ചു. ഭീകരമായ ഒരു നിലവിളിയോടെ ആ രൂപം നിലത്തുവീണ് കൈ കാലിട്ടടിച്ച്‌ നിശ്ചലമായി.

നീണ്ട പതിനഞ്ചു നിമിഷങ്ങള്‍.

ഒടുവില്‍ ശബ്ദഘോഷം  നിലച്ചു.

ഞങ്ങള്‍ വാതിലില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

അകത്തേയ്ക്കു പോയ സന്യാല്‍ സാബും കൂട്ടുകാരുമെവിടെ...?

നിമിഷങ്ങള്‍  പിന്നെയും  ഇഴഞ്ഞു നീങ്ങി...ഞങ്ങള്‍ കണ്ണിമയ്ക്കാതെ വാതില്‍ പടിയിലേയ്ക്ക് ഉറ്റു നോക്കിക്കിടന്നു.

ഒടുവില്‍ തകന്ന വാതിലില്‍ ഒരാള്‍ രൂപം തെളിഞ്ഞു. അയാളുടെ ചുമലില്‍ തിളങ്ങുന്ന നക്ഷത്ര ചിഹ്നങ്ങള്‍.  തൊട്ടു പിറകില്‍ മറ്റു മൂന്നു പേര്‍..

ഞങ്ങള്‍ ആഹ്ലാദത്തോടെ ചാടിയെഴുനേറ്റു. ആരവത്തോടെ ഓടിച്ചെന്നു കൂട്ടുകാരെ കെട്ടിപ്പിടിച്ചു.

"കിരണ്‍ ഫോര്‍ ടൈഗര്‍...കിരണ്‍ ഫോര്‍ ടൈഗര്‍....തൂഫാന്‍ ഫിനീഷ്ഡ്...ഓള്‍ ഓക്കേ...ഓവര്‍"

ഞാന്‍ മൂന്നാമത്തെ മെസ്സേജും പാസ്‌ ചെയ്തു.

പിന്നെ ഞങ്ങള്‍ വീടിനുള്ളില്‍ ചോരയില്‍ കുളിച്ചു കിടന്ന ഉഗ്രവാദികളുടെ ശരീരങ്ങളും അവരുടെ സാധനങ്ങള്‍ നിറച്ച ഭാണ്ഡങ്ങളും എടുത്തു ട്രക്കിനുള്ളില്‍ കയറ്റി.

 ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്  ആ വാഹനവ്യൂഹം  യൂണിറ്റിനെ  ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

(*ഇന്‍ സാസ്  റൈഫിള്‍-ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഓട്ടോ മാറ്റിക്  റൈഫിള്‍.
*മാഗസീന്‍ - റൈഫിളില്‍ വെടിയുണ്ടകള്‍ നിറയ്ക്കുന്ന അറ
*ബ്രീഫിഗ് - ഓപ്പറേഷനെക്കുറിച്ചുള്ള  ലഘു വിവരണം
*സീക്രസി ഡിവൈസ് - വയര്‍ ലെസ്സ് സെറ്റില്‍ ഘടിപ്പിക്കുന്ന മറ്റൊരു ഉപകരണം.
*ബ്രിഗേഡ്  മേജര്‍ - ഓപ്പറേഷനുകളുടെ ചുക്കാന്‍ പിടിക്കുന്ന പട്ടാള  ഓഫീസര്‍ 
*ബഡാ പിറ്റു - പട്ടാളക്കാര്‍ യുദ്ധത്തിനും മറ്റും പോകുമ്പോള്‍ അത്യാവശ്യ ഭക്ഷണസാധങ്ങളും
വെടിക്കോപ്പുകളും മറ്റും നിറച്ചു കൊണ്ടു പോകുന്ന ബാഗ്.
*ഹെഡ് ഗിയര്‍- വയര്‍ലെസ്സ് സെറ്റിന്റെ  ഹെഡ് ഫോണ്‍ 
*തൂഫാന്‍- കൊടുംകാറ്റു- ഓപ്പറേഷന്റെ പേര്.)