നാട്ടില്‍ പോയി കള്ളുകുടിച്ച കഥ എഴുതിയപ്പോഴാണ് പട്ടാളത്തില്‍ വച്ചു ആദ്യമായി "റം" അടിച്ച കാര്യം ഓര്‍മവരുന്നത്. ട്രെയിനിംഗ് തുടങ്ങി ഏകദേശം നാല് മാസം കഴിഞ്ഞിട്ടുണ്ടാകും. അപ്പോഴാണ് ആ ക്രൂര കൃത്യം ഞങ്ങള്‍ ചെയ്തത്. അതിങ്ങനെ. ..
ആഴ്ചയില്‍ മൂന്ന് ദിവസമാണ് റം ഇഷ്യൂ ഉള്ളത്. തിങ്കള്‍, ബുധന്‍, ശനി. പക്ഷെ അത് സ്ടാഫിനു മാത്രമെ ഉള്ളൂ. മെസ്സിന്റെ അടുത്തുള്ള ഒരു മുറിയാണ് ബാര്‍ ആയി ഉപയോഗിക്കുന്നത്. ട്രെയിനികള്‍ക്ക് ആ സമയം മെസ്സിന്റെ അടുത്തുകൂടി പോലും പോകാന്‍ അനുവാദമില്ല. ഞങളുടെ ബാരക്ക് മെസ്സിന് തൊട്ടടുത്താണ് താനും. വൈകിട്ട് ഏഴ് മണിയാകുമ്പോള്‍ റം ഇഷ്യൂ തുടങ്ങും. ആ സമയത്ത് അവിടൊക്കെ നല്ല മണം പരക്കും. ഹൃദയഹാരിയായ ആ മണം ആസ്വദിച്ചു കൊണ്ടു ഞങ്ങള്‍ സമയം തള്ളി നീക്കും. ട്രെയിനിംഗ് തീരുന്ന അന്നുതന്നെ ഒരു ഫുള്‍ ബോട്ടില്‍ വാങ്ങി മൂക്കറ്റം അടിച്ച് പിമ്പിരിയായി, ആദ്യം ബാരക്ക് കമാണ്ടര്‍ ആയ സര്‍ദാര്‍ജിയേയും പിന്നെ ഞങള്‍ക്ക് വൈരാഗ്യമുള്ള എല്ലാവരെയും തല്ലുന്നതായും, ബാരക്ക് മുഴുവന്‍ വാള് വയ്ക്കുന്നതായും ഒക്കെ താന്‍ സ്വപ്നം കാണാറുണ്ട് എന്ന് തൊമ്മന്‍ എന്ന മനോജ് ആ സമയത്ത് പറയാറുണ്ട്.
പക്ഷെ വാള് വയ്കുന്നത് പോയിട്ട് വായ് ഒന്നു നനക്കാന്‍ പോലും പറ്റുന്നില്ല. അങ്ങനെ വിഷമിച്ചു കഴിയുന്ന സമയത്താണ് ഒരവസരം വീണു കിട്ടിയത്.
പട്ടാളത്തിന്റെ അധീനതയിലുള്ള ഒരു ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്. അവിടുത്തെ വികാരിയും പട്ടാളക്കാരനാണ്. അദേഹത്തെ religious teacher എന്നാണ് വിളിക്കുന്നത്. തോമ്മനാണ് ആ പള്ളിയിലെ കപ്യാര്‍. മണിയടി നല്ല വശമുള്ള തൊമ്മന്‍ പള്ളിയിലെ മണി അടിക്കുന്ന പോലെത്തന്നെ വികാരിയച്ചനെയും മണിയടിച്ചു ഒരു കുപ്പി ഒപ്പിച്ചെടുത്തു. അതുമായി ബാരക്കിലെത്തിയ അവന്‍ പരമ രഹസ്യമായി കാര്യം ഞങ്ങളെ അറിയിച്ചു. . ബാരക്ക് കമാണ്ടരോ മറ്റു വല്ലവരുമോ അറിയാതെ സാധനം അകത്താക്കാന്‍ എന്താണ് വഴി എന്ന് ഞങള്‍ നാലുപേരും കൂടി തലപുകഞ്ഞാലോചിച്ചു. . അവസാനം ഒരു വഴി കണ്ടെത്തി.
കൂട്ടത്തില്‍ ലോല ഹൃദയനാണ് അനില്‍. കള്ളിന്റെ മണമടിച്ചാല്‍ പോലും പൂസ്സാകുന്ന അനിലിനെ വെളിയില്‍ കാവല്‍ നിര്‍ത്തിയിട്ടു ഞാനും മനോജും സുരേഷും അജോയിയും കൂടി ഓരോരുത്തരായി അടിക്കുക! പക്ഷെ അനില്‍ സമ്മതിച്ചില്ല. തന്നെ ലോല ഹൃദയനാക്കി മാറ്റി നിര്‍ത്തിയിട്ടു നാലുപേര്‍ക്കും കൂടി അടിച്ച് പൂസ്സാകാം എന്ന മോഹം നടപ്പില്ല എന്നവന്‍തീര്‍ത്ത് പറഞ്ഞപ്പോള്‍ ആ പദ്ധതിയും പാളി. അവസാനം എല്ലാവര്‍ക്കും തുല്യമായി വീതിക്കാം എന്ന തീരുമാനത്തില്‍ എത്തി.
വൈകിട്ട് എല്ലാവരും ഭക്ഷണം കഴിക്കാന്‍ മെസ്സില്‍ പോയ സമയം നോക്കി ഞങള്‍ ഒരുമിച്ചു കൂടി. എന്റെ പെട്ടി തുറന്നു അതിനുള്ളില്‍ കുപ്പിയും ഗ്ലാസും തൊട്ടു നക്കാനുള്ള അച്ചാറും വച്ചു. എന്നിട്ട് എല്ലാവരും പുറത്തുപോയി അവിടവിടെ ചുറ്റിപ്പറ്റി നിന്നു. കാവല്‍ നില്‍ക്കേണ്ട അനിലിനെ ആദ്യംതന്നെ പെട്ടിയുടെ അടുത്തേക്കയച്ചു രണ്ടു പെഗ്ഗില്‍ കൂടുതല്‍ എടുത്തെക്കരുത് എന്ന മുന്നറിയിപ്പോടെയാണ് അവനെ അയച്ചത്. ഏതായാലും കാര്യം സാധിച്ചു എത്രയും പെട്ടെന്നുതന്നെ അവന്‍ മടങ്ങി എത്തി. പിന്നീട് അജോയി, സുരേഷ്, മനോജ് എന്നിവര്‍ കൃത്യം ചെയ്തു മടങ്ങി എത്തിയതോടെ എന്റെ ഊഴമായി. കള്ളു കുടിച്ചിട്ടുന്ടെങ്ങിലും മിലിട്ടറി അടിക്കുന്നത് ആദ്യമാണ്. അതിന്റെ രുചി അറിയാനുള്ള അദമ്യമായ ആഗ്രഹത്തോടെ ഞാന്‍ പെട്ടിക്കരുകിലെത്തി.
പെട്ടി തുറന്നപ്പോഴാണ് എന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചത്. കുപ്പി കാലി!!! മൂട്ടില്‍ മാത്രം കഷ്ടിച്ച് അര പെഗ്ഗ് കാണും. ദ്രോഹികള്‍ .... എല്ലാരും കുറേശ്ശെ എടുക്കുമെന്നും അവസാനം ചെല്ലുന്ന എനിക്ക് ബാക്കിയുള്ള മുഴുവനും അടിക്കാമെന്നും ഒക്കെ വ്യാമോഹിച്ച ഞാന്‍ കുപ്പിയുടെ അടപ്പ് തുറക്കണോ വേണ്ടയോ എന്നാലോചിച്ചു കുറച്ചു നേരം ഇരുന്ന ശേഷം കിട്ടിയതാകട്ടെ എന്ന് കരുതി ബാക്കിയുള്ള മുഴുവനും കൂടി ഗ്ലാസില്‍ ഒഴിച്ച് അല്പം വെള്ളവും ചേര്ത്തു ഒറ്റ വലിക്കു കുടിച്ചു. എന്നിട്ട് അച്ചാറ് അല്പം തൊട്ടു നാക്കില്‍ വച്ചു. മിലിട്ടറി ഉഗ്രനാനെന്നു മനസ്സിലായി. അല്പം കൂടി കിട്ടിയിരുന്നെങ്ങില്‍ എന്ന് തോന്നിപ്പോയി. എനിക്ക് വേണ്ടി ഒരു പെഗ്ഗ് പോലും ബാക്കി വയ്കാതിരുന്ന ദരിദ്ര വാസികളെ പിന്നെ കണ്ടോളാം എന്ന് മനസ്സില്‍ കുറിച്ചു എഴുനേറ്റ ഞാന്‍ മുന്‍പില്‍ താടിയും കൊമ്പന്‍ മീശയും തലയില്‍ കെട്ടുമുള്ള ഒരു രൂപത്തെക്കണ്ട് ഞെട്ടി !!!
നമ്മുടെ നാട്ടില്‍ എക്സൈസ്കാര്‍ കള്ള വാറ്റുകാരെ തൊണ്ടിസഹിതം പൊക്കുന്നതുപോലെ എന്നെയും കള്ളുകുപ്പിയേയും അച്ചാര്‍ സഹിതം സര്‍ദാര്‍ജി പൊക്കിയ വിവരം അറിഞ്ഞ തൊമ്മനും അജോയിയും സുരേഷും പോയ വഴിക്ക് എപ്പോഴും പുല്ലു മുളച്ചിട്ടില്ല!!!. ലോല ഹൃദയനും സാധുവുമായ അനില്‍ മാത്രം വസന്ത പിടിച്ച കോഴിയെപ്പോലെ വാതിലിനടുത്തുള്ള ഭിത്തിയില്‍ ചാരി കാലും നീട്ടി മയങ്ങി ഇരിക്കുന്നത് പോകുന്ന പോക്കില്‍ ഞാന്‍ കാണുകയുണ്ടായി. ആ ലോല ഹൃദയന്റെ അമ്മാതിരിയുള്ള ഇരിപ്പ് കണ്ടിട്ടാണ് ഹൃദയം അല്പം പോലും ലോലമാല്ലാത്ത സര്‍ദാര്‍ ബാരക്കില്‍ വരാനും എന്നെ തൊണ്ടിയോടെ പോക്കാനും കാരണം. ഏതായാലും മൂന്നു നാലു ദിവസത്തേക്ക് എനിക്ക് നല്ല കോളായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ?