2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ഒരു വലതുപക്ഷ ഉപരോധം

പതിവിനു വിപരീതമായി ഭാര്യ   അതിരാവിലെ  എഴുനേറ്റു കുളിയും തേവാരവും  കഴിഞ്ഞു നേരെ പോയി  ടിവി ഓണ്‍ ചെയ്തിട്ട്   റിമോട്ടും കയ്യിലെടുത്തുകൊണ്ട്   അതിന്റെ   മുന്‍പില്‍ ആസനസ്ഥയായതു  കണ്ടപ്പോൾ  ഞാൻ അന്ധാളിച്ചു പോയി.

രാവിലെ  എനിക്ക് പതിവുള്ള   കട്ടൻകാപ്പി ഉണ്ടാക്കിത്തരുന്നതിനു  പകരം അവൾ പോയി ടിവിയുടെ മുൻപിൽ  ഇരുന്നതെന്താണെന്നു ഞാൻ ആലോചിച്ചു.

കഴിഞ്ഞ ദിവസം   പച്ചക്കറി  വാങ്ങാനായി വച്ചിരുന്ന പൈസയിൽ നിന്നും ഇരുനൂറ്റമ്പത്  രൂപ അടിച്ചുമാറ്റി  പാർട്ടി ഫണ്ടിലേയ്ക്ക്  ഞാൻ സംഭാവന ചെയ്തതിന്റെ പേരിലുണ്ടായ  കലഹം  കഴിഞ്ഞുള്ള നിസ്സഹകരണത്തിന്റെ ഭാഗമാണോ ഇതെന്ന്  ഞാൻ സംശയിച്ചു.

അഴിമതിക്കാരെ എന്തു വിലകൊടുത്തും താഴെയിറക്കുമെന്നു  പ്രതിജ്ഞയെടുത്തിരിക്കുന്ന എന്റെ പാർട്ടി, അതിന്റെ ഭാഗമായി തലസ്ഥാനനഗരം ഉപരോധിക്കുവാൻ പോകുമ്പോൾ
സമരസഖാക്കളുടെ  ചിലവിലേയ്ക്കായി നടത്തുന്ന ഫണ്ടു  ശേഖരണത്തിനു  വേണ്ടി  പാർട്ടിയുടെ  അടിയുറച്ച അനുഭാവിയായ ഞാൻ  ഒരു എളിയ സംഭാവന കൊടുത്തത്  അത്ര വലിയ കുറ്റമാണോ?

അതൊരു നല്ല കാര്യമല്ലേ?  പാവപ്പെട്ടവരുടെ പാർട്ടിയുടെ പരിപാടികൾക്ക്  എന്നെപ്പോലെ പാവപ്പെട്ടവരായ അനുഭാവികൾ തന്നെയല്ലേ പണം കൊടുത്തു  സഹായിക്കേണ്ടത്?

അല്ലെങ്കിൽതന്നെ ഇരുനൂറ്റമ്പത്  ഉലുവാ കൊടുത്താൽ   എന്തോന്ന് പച്ചക്കറി കിട്ടും ?  ഒരു കിലോ സവാള  കിട്ടണമെങ്കിൽ രൂപ എഴുപതു കൊടുക്കണം.

ഇതൊക്കെ ഈ ഭരണക്കാരുടെ പിടിപ്പുകേടല്ലേ?  നേരെ ചൊവ്വേ ഭരിക്കാൻ അവർക്കു നേരമുണ്ടോ?  മന്ത്രിമാരൊക്കെ ഏതോ ഒരു പെണ്ണിന്റെ അപഹാരത്തിൽ പെട്ടു നട്ടം തിരിയുകയല്ലേ?

പക്ഷെ ഈ ന്യായവാദങ്ങളൊക്കെ ഭരണപ്പാർട്ടിയുടെ  അനുഭാവിയും  അടിയുറച്ച കുഞ്ഞൂഞ്ഞു ഭക്തയുമായ  ഭാര്യയോടു  പറഞ്ഞിട്ട്  വല്ല പ്രയോജനവുമുണ്ടോ?

ഇങ്ങനെയുള്ള പലവിധ ചിന്തകളില്‍ മുഴുകിയ ഞാന്‍, "എന്തു കുന്തവുമാകട്ടെ  ഒരു മണിക്കൂര്‍  കൂടി  ഉറങ്ങിക്കളയാം" എന്നു നിനച്ച് വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി. അപ്പോഴാണ്‌ ടിവിയില്‍ നിന്നുള്ള അറിയിപ്പ് കേട്ടത്.

"മുഖ്യമന്ത്രിയുടെ രാജിയ്ക്ക് വേണ്ടി ഇടതുപക്ഷം  ആഹ്വാനം ചെയ്തിരിക്കുന്ന ഉപരോധസമരം തലസ്ഥാനത്ത്  ആരംഭിച്ചിരിക്കുന്നു".

ഭാര്യ  കൊച്ചുവെളുപ്പാന്‍ കാലത്തെ എഴുനേറ്റു  ടി വിയുടെ മുന്‍പില്‍ തപസ്സിരിക്കുന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്കു  പിടികിട്ടിയത്. എന്റെ പാർട്ടിയുടെ ശക്തിപ്രകടനം കണ്ടു പേടിച്ച്  മുഖ്യമന്ത്രിയെങ്ങാനും  രാജിവച്ചുകളയുമോ  എന്നുള്ള ആധിയാണ്   അവളെ ടി വി യുടെ മുൻപിൽ പിടിച്ചിരുത്തിയിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

അതോടെ എന്റെ ഉറക്കവും പമ്പ കടന്നു.

രാഷ്ട്രീയത്തിൽ അത്ര സജീവമല്ലെങ്കിലും  മനസ്സുകൊണ്ട്  ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. (വലതുപക്ഷ വായനക്കാര്‍ സദയം ക്ഷമിക്കുക) എന്റെ അച്ഛനപ്പൂപ്പന്‍മാര്‍ മുതലുള്ള  എല്ലാവരും  കമ്മ്യൂണിസ്റ്റ്‌  ചിന്താഗതിക്കാർ ആയതു കൊണ്ടാകാം  ഓർമ വച്ച കാലം മുതൽ എനിക്കും  ഇടത്തോട്ട്  ഒരു ചരിവുണ്ടായതെന്ന്  ഞാന്‍ കരുതുന്നു.

പക്ഷെ എന്റെ കുടുംബത്തില്‍ "ഇടത്തേയ്ക്ക് ചരിവുള്ള" ഏക വ്യക്തി ഞാന്‍ മാത്രമാണെന്നുള്ള നഗ്നസത്യം ഞാനറിയുന്നത്  കഴിഞ്ഞ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വന്നതിനു ശേഷമാണ്. എന്റെ ഇഷ്ടസ്ഥാനാര്‍ഥിയുടെ പ്രസ്താവന അച്ചടിച്ച നോട്ടീസ്സുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ഞാന്‍ കാണുന്നത് എതിര്‍ സ്ഥാനാര്‍ഥിയുടെ ഒരു വലിയഫോട്ടോ പത്രത്തില്‍ നിന്നും വെട്ടിയെടുത്തു ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഹൃദയം പിളര്‍ക്കുന്ന കാഴ്ചയാണ്. അതിനു താഴെയായി കളര്‍ പെന്‍സില്‍ കൊണ്ട് ഒരു കുറിപ്പും എഴുതി വച്ചിട്ടുണ്ട്.

"നമ്മുടെ സ്വന്തം സ്ഥാനാർഥി" !!

അന്ന് മുതല്‍ ഞാന്‍ എന്റെ വീട്ടില്‍ രാഷ്ട്രീയം നിരോധിച്ചു. മാത്രമല്ല കുടുംബനാഥനായ ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടേതല്ലാത്ത സകല ഫോട്ടോകളും നോട്ടീസുകളും എടുത്തു  മാറ്റുവാന്‍ ഞാന്‍ ഭാര്യയ്ക്ക് കര്‍ശനമായ നിര്‍ദ്ദേശവും കൊടുത്തു.

ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോയുടെ ഉത്തരവാദി താനല്ലെന്നും ഒമ്പതാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മകളാണെന്നും ഭാര്യ പ്രസ്താവിച്ചു. വളരുന്ന തലമുറയ്ക്ക് അവരുടേതായ ചിന്താഗതികൾ  ഉണ്ടെന്നും അതിനു തടസ്സം നില്‍ക്കാന്‍ സ്വന്തം അച്ഛനെന്നല്ല ഒരു 'ബൂർഷ്വാ മൂരാച്ചി'ക്കും അവകാശമില്ലെന്നും ഭാര്യ പ്രഖ്യാപിച്ചു.

അതോടെ എന്റെ ചരിവിനു നേരെ വിപരീതമായ ദിശയിലാണ് ഭാര്യയുടെ ചരിവ് എന്നെനിക്കു മനസ്സിലാവുകയും അവളുമായി ഇനി രാഷ്ട്രീയപരമായ യാതൊരു ഇടപാടുകളും പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

അങ്ങനെയുള്ള ഒരു രാഷ്ട്രീയ സ്ഥിതിവിശേഷം നിലനില്ക്കുമ്പോഴാണ്  പച്ചക്കറി വാങ്ങാൻ ഞാൻ തന്നെ കൊടുത്ത പൈസയിൽ നിന്നും ഒരു താല്ക്കാലിക അഡ്ജസ്റ്റ് മെന്റ്  എന്ന നിലയിൽ  ഇരുനൂറ്റമ്പത്  രൂപ മേൽപ്പറഞ്ഞ ആവശ്യത്തിനായി  അവളറിയാതെ എടുത്തത്.

ഉപരോധസമരം തുടങ്ങി എന്നറിഞ്ഞതോടെ എന്നിലെ ഇടതുപക്ഷം ഉണർന്നു.    അഴിമതിക്കെതിരെ അടരാടുവാൻ വീടും നാടും വിട്ടു  തലസ്ഥാന നഗരിയിലെത്തിയിരിക്കുന്ന  സമരസഖാക്കളുടെ  ദൃശ്യങ്ങൾ ടി വിയിൽ ലൈവായി കാണിക്കുകയാണ്.

അതുകണ്ടപ്പോൾ ആവേശഭരിതനായ   ഞാൻ അഭിമാനത്തോടെ  ഭാര്യയെ   നോക്കി. എന്നിട്ട്  അവൾ കേൾക്കാനായി  പറഞ്ഞു.

"ഇന്നു രണ്ടിലൊന്നറിയാം. .ഭരണം കിട്ടിയാൽ ഈ നാട്ടിൽ എന്തും ചെയ്യാമെന്നു പലർക്കും ഒരു തോന്നലുണ്ട്‌.   അഴിമതിക്കാരെ താഴെ ഇറക്കിയിട്ടേ ഞങ്ങൾ തലസ്ഥാനം വിടൂ"

ഭാര്യ അതു  കേൾക്കാത്ത ഭാവത്തിൽ  മുഖവും വീർപ്പിച്ചിരുപ്പാണ്. മുഖ്യമന്ത്രിയുടെ കാര്യം  കുഴപ്പത്തിലാകുമോ  എന്നൊരു  ശങ്ക അവളുടെ മുഖത്തു നിഴലിച്ചിട്ടുണ്ട്. അതു കണ്ടപ്പോൾ എനിക്കു സന്തോഷം  ഇരട്ടിച്ചു.  ഹെൽമറ്റും പടച്ചട്ടയുമൊക്കെ ധരിച്ചു തോക്കും പിടിച്ചു ജാഗരൂഗരായി നില്ക്കുന്ന പോലീസ്സുകാരുടെ ദൃശ്യം ടി വി യിൽ വന്നതോടെ ഞാൻ അത്യധികം ആവേശത്തോടെ വീണ്ടും പറഞ്ഞു.

"ഹും..കേന്ദ്ര സേനയെ ഇറക്കിയാൽ ഞങ്ങളങ്ങു പേടിച്ചു പോകുമെന്നാ  അവരുടെ ധാരണ. സർസീപ്പിയുടെ പട്ടാളത്തെ വാരിക്കുന്തം കൊണ്ടു നേരിട്ടവരാ ഈ ഞങ്ങൾ"

അതോടെ ഭാര്യ എന്നെ ദഹിപ്പിക്കുന്ന രീതിയിൽ ഒന്നു നോക്കി. പിന്നെ എഴുനേറ്റു  ഭൂമി ചവിട്ടിക്കുലുക്കി  അടുക്കളയിലേയ്ക്ക് പോയി.

ഇന്നൊരു  ലീവെടുത്താലോ? ഞാൻ ആലോചിച്ചു.  സഖാക്കൾ വിശപ്പും ദാഹവും സഹിച്ചു പെരുമഴയത്ത്  സമരം ചെയ്യുമ്പോൾ ഞാൻ ഓഫീസിൽ പോകുന്നതു ശരിയാണോ? മാത്രമല്ല കേന്ദ്രസേന ഇപ്പോഴും രംഗത്തു വന്നിട്ടില്ല. അവരു വന്നാലേ  സമരത്തിനൊരു  എരിവും പുളിയും കൈവരൂ. രക്തഹാരങ്ങളണിയിച്ചു  ഞങ്ങൾ യാത്രയയച്ചിരിക്കുന്ന സമരസഖാക്കൾ  കേന്ദ്ര സേനയോടും സംസ്ഥാന പോലീസ്സിനോടും എതിരിടുന്ന കാഴ്ച ടിവിയിലൂടെയെങ്കിലും നേരിട്ട് കാണാൻ എനിക്ക്  കൊതിയായി.

ഞാൻ സന്തോഷത്തോടെ ചാനലുകൾ മാറി മാറിയിട്ട്  ഉപരോധ സമരത്തിന്റെ ദൃശ്യങ്ങൾ കണ്ടു കൊണ്ടിരുന്നു.

ചെങ്കൊടികൾ പാറിക്കളിക്കുന്ന തലസ്ഥാനനഗരത്തിലെ റോഡുകൾ ജനസമുദ്രങ്ങളായി മാറിക്കഴിഞ്ഞു. അതിനിടയിൽ  ഒന്നുരണ്ടു  സ്റ്റേറ്റ് കാറുകൾ  കുടുങ്ങിക്കിടക്കുന്നു. പോലീസ്സുകാരും
പാർട്ടി പ്രവർത്തകരും കാറിനെ വളഞ്ഞിരിക്കുകയാണ്.  മറ്റൊരു സ്ഥലത്ത്  കുറെ പാർട്ടി പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുന്നു. കുറെ പോലീസ്സുകാർ അവരെയും  വളഞ്ഞിട്ടുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഞാൻ ശ്വാസം വിടാതെ ആ കാഴ്ചകൾ നോക്കിയിരുന്നു.

ഉപരോധ സമരത്തിന്റെ  ഉത്ഘാടനവേദിയാണ്  മറ്റൊരു  ചാനലിൽ കാണിക്കുന്നത്. പ്രമുഖ നേതാക്കൾ എത്തിത്തുടങ്ങി. ഡൽഹിയിൽ നിന്നുള്ള നേതാക്കളുടെ വരവിനുള്ള പ്രതീക്ഷയിലാണ് എല്ലാവരും.  ഒടുവിൽ  സമ്മേളനം തുടങ്ങി.   നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങൾ കേട്ടു ഞാൻ കോരിത്തരിച്ചു.  അടുത്ത വണ്ടിയിൽ കേറി നേരെ തിരുവനന്തപുരത്തേയ്ക്കു വച്ചു പിടിച്ചാലോ എന്നുവരെ എനിക്ക് തോന്നിപ്പോയി.

മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു.  രാവിലെ പതിവുള്ള കട്ടൻകാപ്പി പോലും കഴിച്ചിട്ടില്ല. ഇനിയുള്ള കാഴ്ചകൾ  ബ്രേക്ക് ഫാസ്റ്റ്  കഴിഞ്ഞാകാം. ഞാൻ  ധൃതിതിയിൽ എഴുനേറ്റു പല്ലുതേപ്പും കുളിയും കഴിഞ്ഞു ഡൈനിംഗ് ടേബിളിൽ  എത്തിയിട്ട്    അടുക്കളയിലെയ്ക്ക്  നോക്കി വിളിച്ചു പറഞ്ഞു.

"എടിയേ....  കാപ്പി പെട്ടെന്നു തന്നേരെ..സമയമില്ല ..സമരം തുടങ്ങിക്കഴിഞ്ഞു.."

പത്തു മിനിട്ടു  കഴിഞ്ഞിട്ടും ഭാര്യ കാപ്പിയുമായി വരുന്ന ലക്ഷണം കണ്ടില്ല.  സഹികെട്ട ഞാൻ   നേരെ അടുക്കളയിലെത്തി.

അടുക്കള ശൂന്യം...!!

എവിടെപ്പോയി  ഭാര്യ ?

ഞാൻ അടുക്കള വഴി പുറത്തിറങ്ങി വീടിന്റെ മുൻവശത്തെത്തി. അവിടെയതാ സിറ്റ് ഔട്ടിൽ  ഭാര്യ പത്രം വായിച്ചിരിക്കുന്നു. അതു കണ്ടു കലിയിളകിയ  ഞാൻ ദേഷ്യത്തോടെ അലറി.

"ബ്രേക്ക് ഫാസ്റ്റ് തരാൻ പറഞ്ഞപ്പോൾ നീ ഇവിടെ വന്നിരുന്നു പത്രം വായിക്കുന്നോ?  വേഗം പോയി  ഭക്ഷണം വിളമ്പ്. "

"ഇന്നു ഭക്ഷണമില്ല..." ഭാര്യയുടെ   മറുപടി..

"ങേ ..ഭക്ഷണമില്ലന്നോ? അതെന്താ...?"

"ഉപരോധമാ...നിങ്ങള്   സെക്രട്ടറിയേറ്റ്  ഉപരോധിക്കുവല്ലേ...ഞാൻ അടുക്കള ഉപരോധിച്ചു."

 അവൾ എഴുനേറ്റു  പോയി.  

വിശക്കുന്ന വയറും തടവി   ഞാൻ അന്തം വിട്ടു നിന്നു.