നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ഒരു വലതുപക്ഷ ഉപരോധം

പതിവിനു വിപരീതമായി ഭാര്യ   അതിരാവിലെ  എഴുനേറ്റു കുളിയും തേവാരവും  കഴിഞ്ഞു നേരെ പോയി  ടിവി ഓണ്‍ ചെയ്തിട്ട്   റിമോട്ടും കയ്യിലെടുത്തുകൊണ്ട്   അതിന്റെ   മുന്‍പില്‍ ആസനസ്ഥയായതു  കണ്ടപ്പോൾ  ഞാൻ അന്ധാളിച്ചു പോയി.

രാവിലെ  എനിക്ക് പതിവുള്ള   കട്ടൻകാപ്പി ഉണ്ടാക്കിത്തരുന്നതിനു  പകരം അവൾ പോയി ടിവിയുടെ മുൻപിൽ  ഇരുന്നതെന്താണെന്നു ഞാൻ ആലോചിച്ചു.

കഴിഞ്ഞ ദിവസം   പച്ചക്കറി  വാങ്ങാനായി വച്ചിരുന്ന പൈസയിൽ നിന്നും ഇരുനൂറ്റമ്പത്  രൂപ അടിച്ചുമാറ്റി  പാർട്ടി ഫണ്ടിലേയ്ക്ക്  ഞാൻ സംഭാവന ചെയ്തതിന്റെ പേരിലുണ്ടായ  കലഹം  കഴിഞ്ഞുള്ള നിസ്സഹകരണത്തിന്റെ ഭാഗമാണോ ഇതെന്ന്  ഞാൻ സംശയിച്ചു.

അഴിമതിക്കാരെ എന്തു വിലകൊടുത്തും താഴെയിറക്കുമെന്നു  പ്രതിജ്ഞയെടുത്തിരിക്കുന്ന എന്റെ പാർട്ടി, അതിന്റെ ഭാഗമായി തലസ്ഥാനനഗരം ഉപരോധിക്കുവാൻ പോകുമ്പോൾ
സമരസഖാക്കളുടെ  ചിലവിലേയ്ക്കായി നടത്തുന്ന ഫണ്ടു  ശേഖരണത്തിനു  വേണ്ടി  പാർട്ടിയുടെ  അടിയുറച്ച അനുഭാവിയായ ഞാൻ  ഒരു എളിയ സംഭാവന കൊടുത്തത്  അത്ര വലിയ കുറ്റമാണോ?

അതൊരു നല്ല കാര്യമല്ലേ?  പാവപ്പെട്ടവരുടെ പാർട്ടിയുടെ പരിപാടികൾക്ക്  എന്നെപ്പോലെ പാവപ്പെട്ടവരായ അനുഭാവികൾ തന്നെയല്ലേ പണം കൊടുത്തു  സഹായിക്കേണ്ടത്?

അല്ലെങ്കിൽതന്നെ ഇരുനൂറ്റമ്പത്  ഉലുവാ കൊടുത്താൽ   എന്തോന്ന് പച്ചക്കറി കിട്ടും ?  ഒരു കിലോ സവാള  കിട്ടണമെങ്കിൽ രൂപ എഴുപതു കൊടുക്കണം.

ഇതൊക്കെ ഈ ഭരണക്കാരുടെ പിടിപ്പുകേടല്ലേ?  നേരെ ചൊവ്വേ ഭരിക്കാൻ അവർക്കു നേരമുണ്ടോ?  മന്ത്രിമാരൊക്കെ ഏതോ ഒരു പെണ്ണിന്റെ അപഹാരത്തിൽ പെട്ടു നട്ടം തിരിയുകയല്ലേ?

പക്ഷെ ഈ ന്യായവാദങ്ങളൊക്കെ ഭരണപ്പാർട്ടിയുടെ  അനുഭാവിയും  അടിയുറച്ച കുഞ്ഞൂഞ്ഞു ഭക്തയുമായ  ഭാര്യയോടു  പറഞ്ഞിട്ട്  വല്ല പ്രയോജനവുമുണ്ടോ?

ഇങ്ങനെയുള്ള പലവിധ ചിന്തകളില്‍ മുഴുകിയ ഞാന്‍, "എന്തു കുന്തവുമാകട്ടെ  ഒരു മണിക്കൂര്‍  കൂടി  ഉറങ്ങിക്കളയാം" എന്നു നിനച്ച് വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി. അപ്പോഴാണ്‌ ടിവിയില്‍ നിന്നുള്ള അറിയിപ്പ് കേട്ടത്.

"മുഖ്യമന്ത്രിയുടെ രാജിയ്ക്ക് വേണ്ടി ഇടതുപക്ഷം  ആഹ്വാനം ചെയ്തിരിക്കുന്ന ഉപരോധസമരം തലസ്ഥാനത്ത്  ആരംഭിച്ചിരിക്കുന്നു".

ഭാര്യ  കൊച്ചുവെളുപ്പാന്‍ കാലത്തെ എഴുനേറ്റു  ടി വിയുടെ മുന്‍പില്‍ തപസ്സിരിക്കുന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്കു  പിടികിട്ടിയത്. എന്റെ പാർട്ടിയുടെ ശക്തിപ്രകടനം കണ്ടു പേടിച്ച്  മുഖ്യമന്ത്രിയെങ്ങാനും  രാജിവച്ചുകളയുമോ  എന്നുള്ള ആധിയാണ്   അവളെ ടി വി യുടെ മുൻപിൽ പിടിച്ചിരുത്തിയിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

അതോടെ എന്റെ ഉറക്കവും പമ്പ കടന്നു.

രാഷ്ട്രീയത്തിൽ അത്ര സജീവമല്ലെങ്കിലും  മനസ്സുകൊണ്ട്  ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. (വലതുപക്ഷ വായനക്കാര്‍ സദയം ക്ഷമിക്കുക) എന്റെ അച്ഛനപ്പൂപ്പന്‍മാര്‍ മുതലുള്ള  എല്ലാവരും  കമ്മ്യൂണിസ്റ്റ്‌  ചിന്താഗതിക്കാർ ആയതു കൊണ്ടാകാം  ഓർമ വച്ച കാലം മുതൽ എനിക്കും  ഇടത്തോട്ട്  ഒരു ചരിവുണ്ടായതെന്ന്  ഞാന്‍ കരുതുന്നു.

പക്ഷെ എന്റെ കുടുംബത്തില്‍ "ഇടത്തേയ്ക്ക് ചരിവുള്ള" ഏക വ്യക്തി ഞാന്‍ മാത്രമാണെന്നുള്ള നഗ്നസത്യം ഞാനറിയുന്നത്  കഴിഞ്ഞ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വന്നതിനു ശേഷമാണ്. എന്റെ ഇഷ്ടസ്ഥാനാര്‍ഥിയുടെ പ്രസ്താവന അച്ചടിച്ച നോട്ടീസ്സുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ഞാന്‍ കാണുന്നത് എതിര്‍ സ്ഥാനാര്‍ഥിയുടെ ഒരു വലിയഫോട്ടോ പത്രത്തില്‍ നിന്നും വെട്ടിയെടുത്തു ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഹൃദയം പിളര്‍ക്കുന്ന കാഴ്ചയാണ്. അതിനു താഴെയായി കളര്‍ പെന്‍സില്‍ കൊണ്ട് ഒരു കുറിപ്പും എഴുതി വച്ചിട്ടുണ്ട്.

"നമ്മുടെ സ്വന്തം സ്ഥാനാർഥി" !!

അന്ന് മുതല്‍ ഞാന്‍ എന്റെ വീട്ടില്‍ രാഷ്ട്രീയം നിരോധിച്ചു. മാത്രമല്ല കുടുംബനാഥനായ ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടേതല്ലാത്ത സകല ഫോട്ടോകളും നോട്ടീസുകളും എടുത്തു  മാറ്റുവാന്‍ ഞാന്‍ ഭാര്യയ്ക്ക് കര്‍ശനമായ നിര്‍ദ്ദേശവും കൊടുത്തു.

ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോയുടെ ഉത്തരവാദി താനല്ലെന്നും ഒമ്പതാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മകളാണെന്നും ഭാര്യ പ്രസ്താവിച്ചു. വളരുന്ന തലമുറയ്ക്ക് അവരുടേതായ ചിന്താഗതികൾ  ഉണ്ടെന്നും അതിനു തടസ്സം നില്‍ക്കാന്‍ സ്വന്തം അച്ഛനെന്നല്ല ഒരു 'ബൂർഷ്വാ മൂരാച്ചി'ക്കും അവകാശമില്ലെന്നും ഭാര്യ പ്രഖ്യാപിച്ചു.

അതോടെ എന്റെ ചരിവിനു നേരെ വിപരീതമായ ദിശയിലാണ് ഭാര്യയുടെ ചരിവ് എന്നെനിക്കു മനസ്സിലാവുകയും അവളുമായി ഇനി രാഷ്ട്രീയപരമായ യാതൊരു ഇടപാടുകളും പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

അങ്ങനെയുള്ള ഒരു രാഷ്ട്രീയ സ്ഥിതിവിശേഷം നിലനില്ക്കുമ്പോഴാണ്  പച്ചക്കറി വാങ്ങാൻ ഞാൻ തന്നെ കൊടുത്ത പൈസയിൽ നിന്നും ഒരു താല്ക്കാലിക അഡ്ജസ്റ്റ് മെന്റ്  എന്ന നിലയിൽ  ഇരുനൂറ്റമ്പത്  രൂപ മേൽപ്പറഞ്ഞ ആവശ്യത്തിനായി  അവളറിയാതെ എടുത്തത്.

ഉപരോധസമരം തുടങ്ങി എന്നറിഞ്ഞതോടെ എന്നിലെ ഇടതുപക്ഷം ഉണർന്നു.    അഴിമതിക്കെതിരെ അടരാടുവാൻ വീടും നാടും വിട്ടു  തലസ്ഥാന നഗരിയിലെത്തിയിരിക്കുന്ന  സമരസഖാക്കളുടെ  ദൃശ്യങ്ങൾ ടി വിയിൽ ലൈവായി കാണിക്കുകയാണ്.

അതുകണ്ടപ്പോൾ ആവേശഭരിതനായ   ഞാൻ അഭിമാനത്തോടെ  ഭാര്യയെ   നോക്കി. എന്നിട്ട്  അവൾ കേൾക്കാനായി  പറഞ്ഞു.

"ഇന്നു രണ്ടിലൊന്നറിയാം. .ഭരണം കിട്ടിയാൽ ഈ നാട്ടിൽ എന്തും ചെയ്യാമെന്നു പലർക്കും ഒരു തോന്നലുണ്ട്‌.   അഴിമതിക്കാരെ താഴെ ഇറക്കിയിട്ടേ ഞങ്ങൾ തലസ്ഥാനം വിടൂ"

ഭാര്യ അതു  കേൾക്കാത്ത ഭാവത്തിൽ  മുഖവും വീർപ്പിച്ചിരുപ്പാണ്. മുഖ്യമന്ത്രിയുടെ കാര്യം  കുഴപ്പത്തിലാകുമോ  എന്നൊരു  ശങ്ക അവളുടെ മുഖത്തു നിഴലിച്ചിട്ടുണ്ട്. അതു കണ്ടപ്പോൾ എനിക്കു സന്തോഷം  ഇരട്ടിച്ചു.  ഹെൽമറ്റും പടച്ചട്ടയുമൊക്കെ ധരിച്ചു തോക്കും പിടിച്ചു ജാഗരൂഗരായി നില്ക്കുന്ന പോലീസ്സുകാരുടെ ദൃശ്യം ടി വി യിൽ വന്നതോടെ ഞാൻ അത്യധികം ആവേശത്തോടെ വീണ്ടും പറഞ്ഞു.

"ഹും..കേന്ദ്ര സേനയെ ഇറക്കിയാൽ ഞങ്ങളങ്ങു പേടിച്ചു പോകുമെന്നാ  അവരുടെ ധാരണ. സർസീപ്പിയുടെ പട്ടാളത്തെ വാരിക്കുന്തം കൊണ്ടു നേരിട്ടവരാ ഈ ഞങ്ങൾ"

അതോടെ ഭാര്യ എന്നെ ദഹിപ്പിക്കുന്ന രീതിയിൽ ഒന്നു നോക്കി. പിന്നെ എഴുനേറ്റു  ഭൂമി ചവിട്ടിക്കുലുക്കി  അടുക്കളയിലേയ്ക്ക് പോയി.

ഇന്നൊരു  ലീവെടുത്താലോ? ഞാൻ ആലോചിച്ചു.  സഖാക്കൾ വിശപ്പും ദാഹവും സഹിച്ചു പെരുമഴയത്ത്  സമരം ചെയ്യുമ്പോൾ ഞാൻ ഓഫീസിൽ പോകുന്നതു ശരിയാണോ? മാത്രമല്ല കേന്ദ്രസേന ഇപ്പോഴും രംഗത്തു വന്നിട്ടില്ല. അവരു വന്നാലേ  സമരത്തിനൊരു  എരിവും പുളിയും കൈവരൂ. രക്തഹാരങ്ങളണിയിച്ചു  ഞങ്ങൾ യാത്രയയച്ചിരിക്കുന്ന സമരസഖാക്കൾ  കേന്ദ്ര സേനയോടും സംസ്ഥാന പോലീസ്സിനോടും എതിരിടുന്ന കാഴ്ച ടിവിയിലൂടെയെങ്കിലും നേരിട്ട് കാണാൻ എനിക്ക്  കൊതിയായി.

ഞാൻ സന്തോഷത്തോടെ ചാനലുകൾ മാറി മാറിയിട്ട്  ഉപരോധ സമരത്തിന്റെ ദൃശ്യങ്ങൾ കണ്ടു കൊണ്ടിരുന്നു.

ചെങ്കൊടികൾ പാറിക്കളിക്കുന്ന തലസ്ഥാനനഗരത്തിലെ റോഡുകൾ ജനസമുദ്രങ്ങളായി മാറിക്കഴിഞ്ഞു. അതിനിടയിൽ  ഒന്നുരണ്ടു  സ്റ്റേറ്റ് കാറുകൾ  കുടുങ്ങിക്കിടക്കുന്നു. പോലീസ്സുകാരും
പാർട്ടി പ്രവർത്തകരും കാറിനെ വളഞ്ഞിരിക്കുകയാണ്.  മറ്റൊരു സ്ഥലത്ത്  കുറെ പാർട്ടി പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുന്നു. കുറെ പോലീസ്സുകാർ അവരെയും  വളഞ്ഞിട്ടുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഞാൻ ശ്വാസം വിടാതെ ആ കാഴ്ചകൾ നോക്കിയിരുന്നു.

ഉപരോധ സമരത്തിന്റെ  ഉത്ഘാടനവേദിയാണ്  മറ്റൊരു  ചാനലിൽ കാണിക്കുന്നത്. പ്രമുഖ നേതാക്കൾ എത്തിത്തുടങ്ങി. ഡൽഹിയിൽ നിന്നുള്ള നേതാക്കളുടെ വരവിനുള്ള പ്രതീക്ഷയിലാണ് എല്ലാവരും.  ഒടുവിൽ  സമ്മേളനം തുടങ്ങി.   നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങൾ കേട്ടു ഞാൻ കോരിത്തരിച്ചു.  അടുത്ത വണ്ടിയിൽ കേറി നേരെ തിരുവനന്തപുരത്തേയ്ക്കു വച്ചു പിടിച്ചാലോ എന്നുവരെ എനിക്ക് തോന്നിപ്പോയി.

മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു.  രാവിലെ പതിവുള്ള കട്ടൻകാപ്പി പോലും കഴിച്ചിട്ടില്ല. ഇനിയുള്ള കാഴ്ചകൾ  ബ്രേക്ക് ഫാസ്റ്റ്  കഴിഞ്ഞാകാം. ഞാൻ  ധൃതിതിയിൽ എഴുനേറ്റു പല്ലുതേപ്പും കുളിയും കഴിഞ്ഞു ഡൈനിംഗ് ടേബിളിൽ  എത്തിയിട്ട്    അടുക്കളയിലെയ്ക്ക്  നോക്കി വിളിച്ചു പറഞ്ഞു.

"എടിയേ....  കാപ്പി പെട്ടെന്നു തന്നേരെ..സമയമില്ല ..സമരം തുടങ്ങിക്കഴിഞ്ഞു.."

പത്തു മിനിട്ടു  കഴിഞ്ഞിട്ടും ഭാര്യ കാപ്പിയുമായി വരുന്ന ലക്ഷണം കണ്ടില്ല.  സഹികെട്ട ഞാൻ   നേരെ അടുക്കളയിലെത്തി.

അടുക്കള ശൂന്യം...!!

എവിടെപ്പോയി  ഭാര്യ ?

ഞാൻ അടുക്കള വഴി പുറത്തിറങ്ങി വീടിന്റെ മുൻവശത്തെത്തി. അവിടെയതാ സിറ്റ് ഔട്ടിൽ  ഭാര്യ പത്രം വായിച്ചിരിക്കുന്നു. അതു കണ്ടു കലിയിളകിയ  ഞാൻ ദേഷ്യത്തോടെ അലറി.

"ബ്രേക്ക് ഫാസ്റ്റ് തരാൻ പറഞ്ഞപ്പോൾ നീ ഇവിടെ വന്നിരുന്നു പത്രം വായിക്കുന്നോ?  വേഗം പോയി  ഭക്ഷണം വിളമ്പ്. "

"ഇന്നു ഭക്ഷണമില്ല..." ഭാര്യയുടെ   മറുപടി..

"ങേ ..ഭക്ഷണമില്ലന്നോ? അതെന്താ...?"

"ഉപരോധമാ...നിങ്ങള്   സെക്രട്ടറിയേറ്റ്  ഉപരോധിക്കുവല്ലേ...ഞാൻ അടുക്കള ഉപരോധിച്ചു."

 അവൾ എഴുനേറ്റു  പോയി.  

വിശക്കുന്ന വയറും തടവി   ഞാൻ അന്തം വിട്ടു നിന്നു.  

2011 ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

മാത്തുക്കുട്ടിയുടെ ക്രൂര കൃത്യം

പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു അടുക്കളയിലെത്തി ഏകദേശം  പത്തു ദോശയും   അതിനു ആനുപാതികമായ അളവിലുള്ള     ചമ്മന്തിയും അകത്താക്കിയ ശേഷം വീടിനടുത്തുള്ള  ബസ്‌ സ്റ്റോപ്പിലെത്തി അവിടെ ബസ്‌ കാത്തു നില്‍ക്കുന്ന സുന്ദരികളായ തരുണീമണികളുടെ അംഗലാവണ്യം ആസ്വദിച്ചുകൊണ്ട്‌  പത്താം ക്ലാസ്സില്‍  പഠിച്ച ജീവശാസ്ത്രപുസ്തകത്തിലെ “മനുഷ്യ ശരീരഭാഗങ്ങളും അതിന്റെ ധര്‍മങ്ങളും” എന്ന പാഠത്തിന്റെ 'റിവിഷന്‍'  നടത്തുകയെന്നത്  എന്റേയും  കൂട്ടുകാരുടെയും ഹോബിയായിരുന്നു. 

പട്ടാളത്തില്‍ ചേര്‍ന്നതിനു   ശേഷവും ലീവിന് വരുമ്പോള്‍  ഈ പരിപാടി മുടക്കം കൂടാതെ  നടത്തുവാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.

കാലക്രമേണ ആ പതിവ്  തെറ്റി. സുഹൃത്തുക്കളായിരുന്ന റസാഖും മാത്തുക്കുട്ടിയും   ഉപജീവനാര്‍ഥം   പ്രവാസികളാവുകയും  പ്രവാസിനികളെത്തന്നെ വിവാഹം കഴിക്കുകയും  ചെയ്തു. അതോടെ അവര്‍  വഴിവക്കിലെ കലുങ്കിലിരുന്നുള്ള  "ഡൊമസ്റ്റിക്ക് ഔട്ട്‌ ഡോര്‍ റിവിഷന്‍" പൂര്‍ണമായി നിര്‍ത്തുകയും  "ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ റിവിഷനി" ലേയ്ക്ക്  ചേക്കേറുകയും ചെയ്തു.  നാട്ടുകാരിയെത്തന്നെ കല്യാണം   കഴിച്ച എന്റെ റിവിഷന്‍  "വര്‍ഷത്തില്‍  രണ്ടുമാസം  ഒണ്‍ലി" എന്ന   മിലിട്ടറി കണക്കിലേയ്ക്ക്  ചുരുങ്ങി.

അങ്ങനെ ഒരിക്കല്‍ അവധിക്കാലത്ത്   ഞാനും  മാത്തുക്കുട്ടിയും റസാഖും കൂടി   ബസ് സ്റ്റോപ്പിനടുത്തുള്ള കലുങ്കിലിരുന്നു  റിവിഷന്‍ നടത്തുമ്പോള്‍ ഒരു പോലീസ്‌ ജീപ്പ് പാഞ്ഞു വന്നു സഡന്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും രണ്ടു പോലീസ്സുകാര്‍ ഇറങ്ങി  കലുങ്കിന്റെ അടുത്തേക്ക്‌ വന്നു. എന്നിട്ട് ഞങ്ങള്‍ മൂന്നു പേരെയും ആകെയൊന്നു വീക്ഷിച്ചു.

പോലീസുകാരുടെ നോട്ടവും ഭാവവും കണ്ട മാത്തുക്കുട്ടി  ഓടാന്‍ എളുപ്പമുള്ള  കുറുക്കു വഴി   നോക്കി ഉറപ്പു വരുത്തിയിട്ട് സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവറെപ്പോലെ ഏതു സമയവും പുറപ്പെടാന്‍ പാകത്തില്‍ തയ്യാറായി  നിന്നു. റസാഖ്‌ എന്തു  ചെയ്യണമെന്നറിയാതെ പരുങ്ങി. ഞാനാകട്ടെ ഒരു പട്ടാളക്കാരന്റെ ഗൌരവം ഒട്ടും കളയാതെ ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തില്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു ജീന്‍സ് ധാരിണിയെ നോക്കി  റിവിഷന്‍ തുടന്നു.


അല്ലെങ്കില്‍തന്നെ പട്ടാളക്കാരനായ ഞാന്‍ എന്തിനു പോലീസുകാരെ കണ്ടു ഭയപ്പെടണം? അതിനു തക്ക കുറ്റങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ. കലുങ്കില്‍ ഇരുന്നു പെണ്‍കുട്ടികളെ വെറുതെ നോക്കുന്നതും ചെറിയ ചെറിയ കമന്റടിക്കുന്നതും  ഒരു കുറ്റമാണോ? അതൊക്കെ എല്ലാ ചെറുപ്പക്കാരും ചെയ്യുന്നതല്ലേ? അങ്ങനെയുള്ള കമന്റടികള്‍  ആസ്വദിക്കാത്ത പെണ്‍കുട്ടികളുണ്ടോ?   അങ്ങനെ ചെയ്യുന്നത്    കുറ്റമാണെന്ന്  ഏതെങ്കിലും ചെറുപ്പക്കാരായ ആണുങ്ങള്‍ (പൊലീസുകാര്‍) പറയുമോ?. അഥവാ അങ്ങനെ പറഞ്ഞാല്‍ ആ മാന്യദേഹത്തിന്റെ തന്ത്രപ്രധാനമായ യന്ത്രഭാഗങ്ങള്‍ക്ക് കാര്യമായ എന്തെങ്കിലും “ ഏനക്കേട് “വന്നിട്ടുള്ള ആളായിരിക്കണം. 

ഏതായാലും ഞാന്‍ പോലീസുകാര്‍ അടുത്തെത്തിയിട്ടും അവരെ മൈന്‍ഡ്‌ ചെയ്യാതെ എന്റെ  റിവിഷന്‍ പൂര്‍വാധികം ഭംഗിയോടെ തുടര്‍ന്നു.

“ആരാടാ  രഘുനാഥന്‍?”

ഒരു പോലീസുകാരന്റെ ഘനഗംഭീരമായ ശബ്ദം കേട്ട ഞാന്‍ ഒന്നു  ഞെട്ടി. എന്റെ  പേര്‍ എങ്ങിനെ ഈ കശ്മലനു കിട്ടി? വേറെ ഏതെങ്കിലും രഘുനാഥനെ തിരഞ്ഞു വന്നതാണോ ഇവര്‍?   അങ്ങനെ ആകാനാണ് വഴി. ഞാനൊരു പട്ടാളക്കാരന്‍ ആണെന്നുള്ള  വിവരം ഒരുപക്ഷെ ഇവര്‍ക്ക് അറിയില്ലായിരിക്കാം.

പുവര്‍ ഫെലോസ്... …!! 

ഞാന്‍ റിവിഷന്‍ തുടര്‍ന്നു.

“എന്താടാ ചോദിച്ചത് കേട്ടില്ലേ? നിങ്ങളില്‍  ആരാ പട്ടാളക്കാരന്‍ രഘുനാഥന്‍? “

ആജാനുബഹുവായ ഒരു പോലീസ്സുകാരന്റെ എരുമ അമറുന്ന സ്വരത്തിലുള്ള ചോദ്യം കേട്ടതോടെ  ഓടാന്‍ തയ്യാറായി നിന്ന മാത്തുക്കുട്ടി  ഓട്ടം  ക്യാന്‍സല്‍ ചെയ്തിട്ട്  ആശ്വാസത്തോടെ  കൈ എന്റെ  നേരെ ചൂണ്ടി.  

പട്ടാളക്കാരന്‍ രഘുനാഥനെയാണ് പോലീസ്സുകാര്‍ തിരക്കുന്നത് എന്ന് മനസ്സിലായ ഞാന്‍ ഇത്തവണ കാര്യമായിത്തന്നെ ഞെട്ടി. റിവിഷന്‍ നടത്തികൊണ്ടിരുന്ന പാഠഭാഗങ്ങള്‍ പെട്ടെന്ന് മറന്നു. ജീന്‍സ് ധാരിണിയും   പരിവാരങ്ങളും പോകേണ്ട വണ്ടി വന്നിട്ടും കേറാതെ ഞങ്ങളെ  ശ്രദ്ധിച്ചു കൊണ്ട് അവിടെത്തന്നെ  നിന്നു. ചായക്കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ കാര്യമറിയാനായി അടുത്തു കൂടി. ഈ ലാക്കില്‍  ആരുമറിയാതെ റസാഖ്‌  മുങ്ങി. മാത്തുക്കുട്ടി  ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കയ്യും കെട്ടി മാറി നിന്നു.

“നീയാണോടാ പട്ടാളക്കാരന്‍ രഘുനാഥന്‍? വണ്ടിയിലോട്ടു കേറിക്കോ.  എസ്ഐ ഏമാന്   നിന്നെ ഒന്നു കാണണമെന്ന് ”.

ജീപ്പിന്റെ പുറകിലെ ഡോര്‍ തുറന്നു പിടിച്ചുകൊണ്ട് പോലീസ്സുകാരന്‍ പറഞ്ഞപ്പോള്‍ അത്രയും നേരം ജീവന്‍ടോണ്‍ പരസ്യത്തിലെ ആളെപ്പോലെ  മസ്സിലു  പിടിച്ചു ഞെളിഞ്ഞു നിന്ന ഞാന്‍ കാറ്റ് പോയ ബലൂണ്‍ പോലെ ചുരുങ്ങി.

പോലീസ്സ് വണ്ടി കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഇതുവരെ കേറിയിട്ടില്ല. എസ് ഐ ഏമാനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും പോലീസ്‌  സ്റ്റേഷന്റെ ഉള്ളില്‍ വച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല. ലോക്കപ്പ് മുറി സിനിമയില്‍ കണ്ടിട്ടുള്ളതല്ലാതെ യാതൊരു പരിചയവുമില്ല. ഞാന്‍ ആസകലം വിയര്‍ത്തു. ഒരു സഹായത്തിനു വേണ്ടി ചുറ്റും നോക്കി. 

മാത്തുക്കുട്ടി നിന്ന സ്ഥലം ശൂന്യമായിരിക്കുന്നു. !

കാണികളെല്ലാം പട്ടാളക്കാരനെ പോലീസ്സുപിടിക്കുന്ന അസുലഭ ദൃശ്യം കണ്‍നിറയെ കാണുകയാണ്. മറ്റൊരു പോംവഴിയും കാണാതെ ഞാന്‍ മെല്ലെ ജീപ്പിനുള്ളിലേക്ക് കടന്നു. എന്നെയും കൊണ്ട് പോലീസ്സ് ജീപ്പ് സ്റ്റേഷന്‍ ലാക്കാക്കി പാഞ്ഞു.

വണ്ടിക്കുള്ളില്‍ പൊലീസുകാര്‍ പലതും പറയുകയും ചിരിക്കുകയും ചെയ്തു. ഞാന്‍ പൂച്ചയുടെ മുന്‍പില്‍ അകപ്പെട്ട എലിയെപ്പോലെ സീറ്റില്‍ ചുരുണ്ടിരുന്നു.

ഈ കാലമാടന്മാര്‍  എന്തു കുറ്റത്തിനാണ് എന്നെ പിടിച്ചു കൊണ്ട് പോകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. തെളിയാത്ത ഏതെങ്കിലും കുറ്റം എന്റെ  തലയില്‍ ഇവര്‍ കെട്ടി വയ്കുമോ? അതോ എനിക്ക് വല്ല തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാകുമോ? ചെയ്യാത്തെ കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ്സുകാര്‍ മൂന്നാംമുറ പ്രയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്.   അങ്ങനെ വല്ലതും ഇവര്‍ ചെയ്യുമോ? മൂന്നാംമുറ പോയിട്ട് ഒന്നാം മുറ തുടങ്ങുമ്പോള്‍ തന്നെ എന്റെ  കാറ്റ് പോകാനാണ്  സാധ്യത !


ഇപ്പോഴത്തെ എസ് ഐ ആളൊരു   ചൂടനാനെന്നും കയ്യില്‍ കിട്ടുന്നവര്‍ക്ക് ആദ്യംതന്നെ രണ്ടെണ്ണം പൊട്ടിക്കുന്ന സ്വഭാവക്കാരനാണെന്നും ഒരു ജനസംസാരമുണ്ട്. അങ്ങനെയാണെങ്കില്‍ ഞാന്‍ പട്ടാളക്കാരന്‍ ആണെന്നും ലീവിന് വന്നതാണെന്നും  പറയുന്നതിന്  മുന്‍പു തന്നെ എനിക്ക്  കിട്ടാനുള്ളത് കിട്ടിയിരിക്കും.

ദൈവമേ..  ഇതുവരെ ആരുടെ കയ്യില്‍ നിന്നും തല്ലു വാങ്ങാത്ത ഞാന്‍ ചെയ്യാത്ത  കുറ്റത്തിന് പോലീസിന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങുമല്ലോ. ഞാനിതെങ്ങനെ സഹിക്കും? എന്റെ  അമ്മയും അച്ഛനും എങ്ങനെ സഹിക്കും?  

എല്ലാം കൂടി ഓര്‍ത്തപ്പോള്‍ എനിക്ക് ചെറിയ മൂത്രശങ്ക തോന്നി.

വണ്ടി പോലീസ്‌ സ്റ്റേഷന്റെ മുറ്റത്തെത്തി  ഇരച്ചു നിന്നു. ഞാന്‍ പുറത്തിറങ്ങി ചുറ്റും നോക്കി. ചിലര്‍ വരാന്തയിലും മറ്റും നില്‍ക്കുന്നുണ്ട്‌.  ഞാനെന്തോ   വലിയ പാതകം ചെയ്ത രീതിയില്‍ അവരൊക്കെ എന്നെ നോക്കുന്നുണ്ട്. ഒരു പോലീസ്സുകാരന്‍ സ്റ്റേഷന്റെ  ഉള്ളില്‍ നിന്നും ഇറങ്ങി വരികയും ഞങ്ങളെ കണ്ടയുടന്‍ അകത്തേക്ക് കയറിപ്പോവുകയും ചെയ്തു. അയാള്‍ എസ് ഐ എമാനോട് എന്നെ കൊണ്ടുവന്ന വിവരം പറയാന്‍ പോയതായിരിക്കും എന്നു ഞാന്‍ ഊഹിച്ചു.

രാവിലെ ഇറങ്ങുമ്പോള്‍ കണികണ്ട കേശവന്‍ ചേട്ടനെ ഞാന്‍ മനസ്സാ പ്രാകി. കണി മോശമായതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്?. ഒരു നല്ല കാര്യത്തിന് പോയ ഞാന്‍ വന്നു പെട്ടിരിക്കുന്നത് പോലീസ്‌ സ്റ്റേഷനില്‍..!!

എങ്ങനെ പ്രാകാതിരിക്കും?

എസ് ഐ ഏമാന്റെ മുറിയുടെ ഹാഫ്‌ ഡോര്‍ അടഞ്ഞു കിടക്കുന്നു. പോലീസ്സുകാര്‍ എന്നെ   മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ   വേറെ  മൂന്നുനാലു പൊലീസുകാര്‍  കൂടി ഇരിക്കുന്നുണ്ട്‌ .  

ഇവരെന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? എസ്ഐ ഇടിക്കുന്നതിനു മുന്‍പ്    ഇവരെല്ലാവരും  കൂടി  ഇടിക്കാനുള്ള പ്ലാനാണോ?  ഒരു പട്ടാളക്കാരനെ ഫ്രീയായി ഇടിക്കാന്‍ കിട്ടുന്ന അവസരമല്ലേ.? ഞാന്‍ പേടിയോടെ ചിന്തിച്ചു.

എനിക്ക് മൂത്രശങ്ക കലശലായി. ഇടി തുടങ്ങുന്നതിനു മുന്‍പ് ഒന്നു മൂത്രമൊഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍.... 

ഞാന്‍ പരവേശത്തോടെ ചുറ്റും നോക്കി.

പെട്ടെന്ന്  എസ് ഐ ഏമാന്റെ മുറിയുടെ വാതില്‍ തുറന്നടഞ്ഞു.  ഒരാള്‍ ആ മുറിയില്‍ നിന്നും  പുറത്തിറങ്ങി. 

ആറടിയിലധികം ഉയരം. അതിനൊത്ത വണ്ണം. ഉരുണ്ട മുഖം, കട്ടി മീശ.. കാക്കിയണിഞ്ഞ അയാളുടെ  ചുമലില്‍ വെട്ടിത്തിളങ്ങുന്ന  നാലു നക്ഷത്രങ്ങള്‍..!

ഈശ്വരാ ...കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ രൂപം.!!

അയാളുടെ വരവു  കണ്ട പോലീസ്സുകാര്‍ ചാടിയെഴുനേറ്റു.

എന്റെ നേരെ നടന്നടുക്കുകയാണ്   സബ്ബ് ഇന്‍സ്പെക്ടര്‍.! അയാളുടെ മുഖം കോപം കൊണ്ട് ചുവന്നിരിക്കുന്നു.

ഒരു നിമിഷം….പെട്ടെന്നയാള്‍ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി ഒരു പിടുത്തം. കൂടെ  ഒരലര്‍ച്ചയും.


“ഫാ പുല്ലേ...ഓര്‍മ്മയുണ്ടോ ഈ മുഖം? നീ രക്ഷപെട്ടു എന്നു കരുതി  അല്ലേടാ കോപ്പേ...?”

ആ  അലര്‍ച്ച കേട്ടു ഞാന്‍ വിരണ്ടു പോയി. 

കര്‍ത്താവേ ഇയാള്‍  സുരേഷ് ഗോപിയുടെ ഡ്യൂപ്പോ മറ്റോ  ആയിരിക്കുമോ? 

അങ്ങിനെയാണെങ്കില്‍   എന്റെ  മുതുകത്ത്   ഉടനെ  ഒരു  "ഷിറ്റ് "   പ്രതീക്ഷിക്കാം.    

അതോടെ ഞാന്‍ പ്രയാസപ്പെട്ടു പിടിച്ചു വച്ചിരുന്ന മൂത്രശങ്ക  പിടിവിടുമെന്ന്  ഉറപ്പായി. പോലീസ്  സ്റ്റേഷനില്‍ മൂത്രമൊഴിച്ചു എന്നൊരു കുറ്റം കൂടി ഇയ്യാള്‍ എന്റെ തലയില്‍ കെട്ടിവയ്ക്കുമോ?

കണ്ടന്‍ പൂച്ചയുടെ മുന്‍പില്‍ പെട്ട പെരുച്ചാഴിയെപ്പോലെ ഞാന്‍ വിറച്ചു.  ബോധം കെടുമോ എന്ന മറ്റൊരു ശങ്ക കൂടി എന്നെ പിടികൂടി.

പെട്ടെന്ന് സുരേഷ് ഗോപിയുടെ ഡ്യൂപ്പ്  പൊട്ടിച്ചിരിച്ചു. കൂടെ പോലീസ്സുകാരും. 

“ഡാ രഘൂ..നിനക്കെന്നെ മനസ്സിലായില്ലേ? ഞാന്‍ പഴയ ബാബുവാടാ. ബീയേയ്ക്ക് നിന്റെ കൂടെ ഒന്നിച്ചു പഠിച്ചില്ലേ? ...  ബാബു ...

ബാബുവോ...ഏതു ബാബു...എനിക്ക്   ആളെ  പിടികിട്ടിയില്ല. 

എടാ സുരേഷ്  ബാബുവിനെ നീ ഓര്‍ക്കുന്നില്ലേ...?


ങേ ..സുരേഷ് ബാബുവോ?...  ഞാന്‍ അവിശ്വസനീയതയോടെ നോക്കി...


യെസ്..  സുരേഷ് ബാബു തന്നെ. ഞാന്‍ ഇവിടെ ചാര്‍ജ്ജെടുത്തിട്ടു ഒരാഴ്ചയേ  ആയുള്ളൂ.  നീ വന്ന വിവരം ഇന്നലെ മാത്തുക്കുട്ടിയാ  എന്നെ വിളിച്ചു പറഞ്ഞത്. അപ്പോള്‍  നിനക്കൊരു സര്‍പ്രൈസ് ആകട്ടെന്നു കരുതിയാ ഈ നാടകം ഒപ്പിച്ചത്.  രാവിലെ നീ ബസ്റ്റോപ്പിലെ കലുങ്കില്‍ കാണുമെന്നു അവന്‍ തന്നെയാ  എന്നോട് പറഞ്ഞത്."
 
പരമദ്രോഹീ  മാത്തുക്കുട്ടീ……………..

അപ്പോള്‍ ഇത്  നിന്റെ  പ്ലാനിങ്ങായിരുന്നു അല്ലെ? നിന്നെ ഞാന്‍ എടുത്തോളാം.. പക്ഷെ അതിനു മുന്‍പ്   ഞാനൊന്ന് മൂത്രമൊഴിക്കട്ടെ.

പോലീസുകാരുടെ കൂട്ടച്ചിരിക്കിടയില്‍ ഞാന്‍ മൂത്രപ്പുര  ലക്ഷ്യമാക്കി  പാഞ്ഞു.

2011 സെപ്റ്റംബർ 21, ബുധനാഴ്‌ച

ഒരു ഓള്‍ഡ്‌ മോങ്ക് പുലി വാല്‍

"അഖില പട്ടാള  കുടവയറന്‍  ട്രോഫി" യ്ക്ക് വേണ്ടി   പട്ടാളത്തിലുള്ള സകല കുടവയറന്മാരേയും  പങ്കെടുപ്പിച്ചുകൊണ്ട്  ഒരു മത്സരം സംഘടിപ്പിച്ചാല്‍ അതില്‍ ഒന്നാമതെത്തുന്നത്  "കുറുപ്പ് സാര്‍" ആയിരിക്കും. 

 ഇതു എന്റെ മാത്രം അഭിപ്രായമല്ല. ഞങ്ങളുടെ യൂണിറ്റില്‍ ഉണ്ടായിരുന്ന  മിക്കവാറും എല്ലാ പേരുടെയും അഭിപ്രായമാണ്. 

 അത്ര ലക്ഷണമൊത്ത ഒരു കുടവയറനാണ്  കുറുപ്പ് സാര്‍.     അതുപോലൊരു  കുടവയര്‍ പട്ടാളത്തില്‍ വച്ച്  ഞാന്‍ കണ്ടിട്ടില്ല. പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ ശേഷം  പല  കുടവയറന്മാരെയും  ഞാന്‍  കണ്ടിട്ടുട്ടെങ്കിലും അവരുടെ   'വയറുകള്‍ ' കുറുപ്പ് സാറിന്റെ വയറിനോളം പോരാ എന്നാണെന്റെ കണ്ടെത്തല്‍. !

അഥവാ ഇതു വായിക്കുന്ന ഏതെങ്കിലും കുടവയര്‍ധാരി  തന്റെ  വയര്‍ കുറുപ്പ് സാറിന്റെ വയറിനേക്കാള്‍ കേമമാണ്‌  എന്ന് വിശ്വസിക്കുന്നുവെങ്കില്‍ ആ മാന്യവയറിന്   ഈയുള്ളവന്റെ  വകയായി  എല്ലാവിധ ആയുരാരോഗ്യ സൌഖ്യവും കുടവയറാരാശംസകളും നേരുന്നു. 
 
ഏതായാലും   നമ്മുടെ കഥാനായകന്‍  കുടവയര്‍ കുറുപ്പ് സാറിന്റെ  സ്വദേശം  ചെങ്ങന്നൂര്‍  ആയിരുന്നു. അദ്ദേഹത്തിന്റെ  മുഴുവന്‍ പേര്   "സുകുമാരക്കുറുപ്പ് " എന്നായിരുന്നുവെങ്കിലും ഒറിജിനല്‍ സുകുമാരക്കുറുപ്പിന്റെ സ്വഭാവവിശേഷങ്ങള്‍  ഒന്നും ഉണ്ടായിരുന്നില്ല  എന്നു മാത്രമല്ല ആളൊരു സാധുവുമായിരുന്നു. 
 
എന്നിരുന്നാലും അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ചില സവിശേഷതകള്‍ കണക്കിലെടുത്ത്    മലയാളികളായ  ഞങ്ങള്‍ അദ്ദേഹത്തിനൊരു  വിളിപ്പേര്‍  കൊടുത്തിരുന്നു.
 
"ഓള്‍ഡ്‌  മങ്ക്  കുറുപ്പേട്ടന്‍"   അഥവാ   "മങ്കുറുപ്പേട്ടന്‍"

 ഈ പേര്  അദ്ദേഹത്തിനു കിട്ടാന്‍  ഒരു  കാരണവുമുണ്ട്.

 പണ്ടൊരിക്കല്‍  കുറുപ്പ്  ചേട്ടന്‍ ലീവിന് പോയപ്പോള്‍  കൂടെക്കൊണ്ടു പോയ റം കഴിച്ചു  കൂടുതല്‍ ഫിറ്റാവുകയും  ആയതിന്റെ പേരില്‍ വഴക്ക് കൂടിയ  ഭാര്യയെ കുനിച്ചു നിര്‍ത്തി   അവരുടെ മുതുകത്ത്   സ്വയമ്പന്‍ നാലിടി   ഫിറ്റു ചെയ്യുകയും   ചെയ്തു.
 
മുപ്പതു ദിവസത്തെ ലീവിന്  വന്നു  പതിനഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ്  ഈ സംഭവം നടക്കുന്നത്.  ഇതിനോടകം     ഫോര്‍   ഇന്‍ടൂ  ത്രീ    (ഒരു  തവണ  നാലിടി വച്ച്  മൂന്നു നേരം ) എന്ന  കണക്കില്‍   ഡസന്‍ കണക്കിന്  ഇടികള്‍  തന്റെ ഈര്‍ക്കിലി ദേഹം കൊണ്ട്  തടുത്ത   അദ്ദേഹത്തിന്റെ പ്രിയ ഭാര്യ   വീടിനടുത്തുള്ള  ഒരു മന്ത്രവാദിയുടെ അടുത്തു പോവുകയും അദ്ദേഹം കൊടുത്തയച്ച  വിശേഷപ്പെട്ട പൊടി കുറുപ്പു ചേട്ടന്‍ കുടിക്കാന്‍ വച്ചിരുന്ന മദ്യത്തിന്റെ  ഗ്ലാസ്സില്‍ അദ്ദേഹമറിയാതെ കലക്കുകയും  ചെയ്തത്രേ. 
 
അന്ന്  ഗ്ലാസില്‍ ഉണ്ടായിരുന്നത്   "ഓള്‍ഡ്‌  മങ്ക് " റമ്മായിരുന്നു.
 
ഏതായാലും മേല്‍പ്പടി സംഭവത്തിനു  ശേഷം ഓള്‍ഡ്‌ മങ്ക്  റം എന്നു കേള്‍ക്കുകയോ ഓള്‍ഡ്‌ മങ്കിന്റെ ഫുള്‍ കുപ്പി കാണുകയോ ചെയ്താലുടനെ കുറുപ്പ് ചേട്ടന്റെ  ശരീരമാസകലം  ഒരു തരിതരിപ്പും വിറയലും തുടങ്ങും. 
 
പിന്നെ ആ വിറയലും തരിപ്പും തീരണമെങ്കില്‍  കുപ്പി കാലിയാകണം.
 
ആദ്യമൊക്കെ കുപ്പി കാണുമ്പോഴായിരുന്നു വിറയലും തരിപ്പും വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ കുപ്പി കണ്ടില്ലെങ്കിലാണ്  വിറയലും തരിപ്പും തുടങ്ങുക. 
 
രാവിലെ പിറ്റി കഴിയുമ്പോള്‍ രണ്ട്, പത്തുമണിക്ക് രണ്ട്,   ഉച്ച ഭക്ഷണത്തിനൊപ്പം രണ്ട് , നാല്  മണിക്ക്  രണ്ട്, രാത്രിയില്‍  അത്താഴത്തിനൊപ്പം   നാല്  എന്ന കണക്കിനാണ്  കുറുപ്പു ചേട്ടന്റെ വിറയലിന്റെ  ഇപ്പോഴത്തെ നില. 
 
ഡ്യൂട്ടിക്കിടയില്‍   സൗകര്യം കിട്ടിയാല്‍ ഇടക്കൊന്നു മുങ്ങുകയും ആവശ്യത്തിനുള്ള ഓള്‍ഡ്‌ മങ്ക് സേവ കഴിഞ്ഞു പൂര്‍വ്വാദ്ധികം ഊര്‍ജ്ജസ്വലനായി പൊങ്ങുകയും ചെയ്യുക കുറുപ്പുസാറിന്റെ പതിവാണ്. 
 
ഒരിക്കല്‍ യൂണിറ്റില്‍ ഇന്‍സ്പെക്ഷന്‍ നടക്കുന്ന സമയത്ത്  ഓള്‍ഡ്‌  മോങ്ക്  സേവയ്ക്ക് വേണ്ടി   മുങ്ങിയ കുറുപ്പു സാറിനെ വൈകുന്നേരം വരെ കാണാതിരുന്നപ്പോള്‍ ഞങ്ങള്‍  ആകെ പരിഭ്രമിച്ചു.  ഒടുവില്‍ ബാരക്കിലെ ചെറിയ തടി അലമാരയുടെ ഉള്ളില്‍ സുഖനിദ്രയിലാണ്ട കുറുപ്പു സാറിനെ കണ്ട്,  "കുറുപ്പ് സാറ്   വടിയായേ" എന്നു   വിളിച്ചു കൂവിയ ജോഷി എന്ന   പയ്യന്റെ   കരച്ചില്‍ കേട്ടു പേടിച്ചു പോയ കുറുപ്പു സാര്‍  താന്‍ അലമാരയിലാണ് എന്ന കാര്യം അറിയാതെ    ചാടിയെഴുനേല്‍ക്കുകയും അലമാരയുടെ മുകളിലത്തെ പടിയില്‍ തലയിടിച്ചു വീണ്ടും സുഖനിദ്ര പ്രാപിക്കുകമുണ്ടായി.
 
അങ്ങിനെയുള്ള മങ്കുറുപ്പേട്ടനാണ്   ഒരിക്കല്‍ ഓണാഘോഷത്തിനായി നടത്തിയ പുലികളിയില്‍ പുലിയായി വേഷമിട്ടത്.


ലക്ഷണമൊത്ത ഒരു കുടവയര്‍ധാരിയാണ് എന്നുള്ള  കുറുപ്പേട്ടന്റെ പ്ലസ് പോയിന്റായിരുന്നു  അദ്ദേഹത്തെ പുലിയാക്കാനുള്ള കാരണം.  മാത്രമല്ല   പുലിയാക്കിയില്ലെങ്കില്‍  താന്‍ ഓണാഘോഷം ബഹിഷ്കരിച്ചുകളയും എന്നുള്ള ഭീഷണിയും അദ്ദേഹം മുഴക്കുകയുണ്ടായി. 

മലയാളികളില്‍ തല മൂത്തയാള്‍ എന്ന പരിഗണനയുടെ അടിസ്ഥാനത്തില്‍  പുലികളി കഴിയുന്നതുവരെ ഓള്‍ഡ്‌  മോങ്ക്  തൊടില്ല എന്ന വ്യവസ്ഥയില്‍  കുറുപ്പേട്ടനെ പുലിയാക്കാന്‍ തന്നെ ഞങ്ങള്‍  തീരുമാനിച്ചു.

ഇനി പുലികളി വേദിയിലേയ്ക്ക് ... .


യൂണിറ്റിലെ പരേഡ്  ഗ്രൌണ്ടാണ്  ഓണാഘോഷ വേദി. മലയാളികളും ഹിന്ദിക്കാര്‍ അടക്കമുള്ളവരുടെ  കുടുംബങ്ങളും ആഘോഷം കാണാന്‍ എത്തിയിട്ടുണ്ട്.  ഗ്രൗണ്ടില്‍    വലിയൊരു  പന്തല്‍ ഉയര്‍ത്തിയിട്ടുണ്ട്.  പന്തലിനുള്ളില്‍   ഡൈനിംഗ് മേശകള്‍ നീളത്തിലിട്ട്    അതിന്റെ മുകളില്‍ വെളുത്ത  തുണി വിരിച്ചു  വശങ്ങളില്‍ കസേരകളും നിരത്തിയിരിക്കുന്നു. ബലൂണുകളും  കൊടി തോരണങ്ങളും കൊണ്ട്  ഗ്രൌണ്ട്   മുഴുവന്‍  കമനീയമായി അലങ്കരിച്ചിരിക്കുകയാണ്. ഗ്രൌണ്ടിന്റെ ഒത്ത നടുക്കായി വലിയൊരു പൂക്കളം ഒരുങ്ങുന്നു. മലയാളി സ്ത്രീകളാണ്  പൂക്കളമിടുന്നത്.   ഹിന്ദിക്കാരായ  കുടുംബിനികള്‍   പൂക്കളത്തിനു ചുറ്റും കൂടിയിരുന്നു കൌതുകത്തോടെ അതു കാണുകയാണ്.  കുട്ടികള്‍ ആഹ്ലാദചിത്തരായി ഗ്രൗണ്ടില്‍ ഓടിക്കളിക്കുന്നു.

മെസ്സില്‍ ഓണസദ്യയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. എല്ലാത്തിനും  നേതൃത്വം വഹിച്ചു കൊണ്ട്  ഹവില്‍ദാര്‍മേജര്‍ പരമേശ്വരന്‍ സാര്‍ ഓടി നടക്കുകയാണ്. മെസ്സിന്റെ അരികിലുള്ള ചെറിയ മുറിയാണ്  പുലികളിയുടെ  മേക്കപ്പ് റൂമായി ഉപയോഗിക്കുന്നത്.  അവിടെ കുറുപ്പ് സാറിന്റെ  കുടവയറില്‍ പുലിത്തല വരയ്ക്കുകയാണ്  ആര്‍ട്ടിസ്റ്റ്  കൂടിയായ ജോഷി.


പത്തുമണിയോടെ മുഖ്യാതിഥിയായ സി ഓ  (കമാണ്ടിംഗ് ഓഫീസര്‍) എത്തി. കേണല്‍   മാത്യു സാബാണ്  സി ഓ. കൂടെ അദ്ദേഹത്തിന്റെ ഭാര്യ മകള്‍ മകന്‍ എന്നിവരും ഉണ്ട്.  സെക്കണ്ട് ഇന്‍ കമാന്‍ഡ്  ആയ ലെഫ് കേണല്‍ ഗുജ്റാള്‍ സാബും അദ്ദേഹത്തിന്‍റെ   കുടുംബവും വന്നിട്ടുണ്ട്.  സുബേദാര്‍ മേജര്‍  പട്ടേല്‍ സാബാകട്ടെ  മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് കൊണ്ട്  വേദിയില്‍ ഇരിക്കുന്ന വിശിസ്ടാതിഥികളുടെ അരികില്‍   തന്നെയുണ്ട്.

ഇതാ പുലികളി തുടങ്ങിക്കഴിഞ്ഞു. ഗ്രൌണ്ടിന്റെ  ഒരു വശത്തു നിന്നും എമണ്ടനൊരു  പുലി വേദിയുടെ നടുക്ക് അതിഥികള്‍ ഇരിക്കുന്ന ഭാഗത്തേയ്ക്ക്  ചെണ്ട മേളത്തിനൊപ്പം അടിവച്ചടിവച്ചു വരികയാണ്.  തൊട്ടു പിറകെ  തോക്ക്  ചൂണ്ടിയ   വേട്ടക്കാരന്‍. വേദിയുടെ വശങ്ങളില്‍ ഇരിക്കുന്നവരുടെ അരികിലൂടെ പുലി അടിവച്ചു നീങ്ങുകയാണ്. കാണികള്‍  പുലിയുടെ കളിയും വേട്ടക്കാരന്റെ നീക്കങ്ങളും  കണ്ടു രസിച്ചിരിക്കുകയാണ്.  ഇടയ്ക്ക്  പുലിയുടെ വാലില്‍ കയറിപ്പിടിച്ച ഒരു കുട്ടിയെ സുബേദാര്‍ മേജര്‍ പട്ടേല്‍ സാബ് അനുനയിപ്പിച്ചു മാറ്റി.

 പുലികളിയുടെ സംഘാടകരായ ഞാന്‍ അടക്കമുള്ളവര്‍ പുലിയുടെ പോക്കു നോക്കി ഇരിക്കുകയാണ്. പുലിയുടെ കാലുകള്‍ക്ക് ചെറിയൊരു ആട്ടമുണ്ടോ എന്നൊരു സംശയം ഞങ്ങള്‍ക്ക്  തോന്നാതിരുന്നില്ല.  കൂടെ നടക്കുന്ന വേട്ടക്കാരന്‍ മജീദിനും നേരിയ തോതില്‍ ആട്ടമുണ്ട്. 

 കളിക്ക്  മുന്‍പു കുറുപ്പ്  സാര്‍  ഓള്‍ഡ്‌ മോങ്ക്   കഴിച്ചേക്കാം എന്നുള്ളതു കൊണ്ട് അതിനുള്ള   സകല വഴികളും ഞങ്ങള്‍ നേരത്തെ അടിച്ചിരുന്നതിനാല്‍ കുടിക്കാത്തതു കൊണ്ടുള്ള  ആട്ടമായിരിക്കുമെന്ന്  ഞങ്ങള്‍ സമാധാനിച്ചു. പുലികളി കഴിഞ്ഞാലുടന്‍  കുറുപ്പ് ചേട്ടന് കൊടുക്കാനുള്ള ഒരു കുപ്പി ഓള്‍ഡ്‌ മോങ്ക്  റം  വേട്ടക്കാരനായി  വേഷമിട്ടിരിക്കുന്ന    മജീദിന്റെ  കൈവശം ഞാന്‍ നേരത്തെ തന്നെ ഏല്‍പ്പിച്ചിട്ടുണ്ട്.

പുലിയും സംഘവും സി ഓ സാബ് ഇരിക്കുന്ന വേദിയുടെ അരികിലെത്തി.   സ്വന്തം  തലയില്‍  ഫിറ്റു ചെയ്തിരിക്കുന്ന പുലിത്തലയും    കുടവയറിലെ പുലിത്തലയും  കുലുക്കി, വാല്  ചുഴറ്റി   ചാടിക്കളിക്കുകയാണ്  ഓള്‍ഡ്‌ മോങ്ക്  പുലിക്കുട്ടന്‍. വേട്ടക്കരനാകട്ടെ ചാഞ്ഞും ചരിഞ്ഞും   ഇരുന്നും  കിടന്നും ഉന്നം നോക്കി പുലിയുടെ പിറകില്‍ തന്നെയുണ്ട്‌.

കളി അതിന്റെ  സമാപ്തിയോടടുത്തു.


ഇനി ഇതു സമയത്തും വേട്ടക്കാരന്‍ കാഞ്ചി വലിക്കാം.  ഉടന്‍ പുലി മരിച്ചു വീഴും. വീഴണം.

കാണികള്‍ ശ്വാസമടക്കി നോക്കിയിരുന്നു.

പെട്ടെന്നാണ്  അതു സംഭവിച്ചത്.
 
ചാടിക്കളിച്ചിരുന്ന പുലിക്കുട്ടന്‍  വെട്ടിയിട്ടതു  പോലെ ഒരു  വീഴ്ച.!
 
ചത്തതു പോലെ  വീണു കിടക്കുകയാണ്   പുള്ളിപ്പുലി. !!

 പുലി  ധരിച്ചിരുന്ന പുലിവരയുള്ള ബര്‍മുഡയുടെ  അകത്തു നിന്നും ചോര   കാലുകള്‍ വഴി താഴോട്ടൊഴുകിയിറങ്ങി.
 
അതിഥികള്‍ അതു കണ്ടു ഞെട്ടി എഴുനേറ്റു...
 
കാണികള്‍ ഭയന്നു.



ഉന്നം നോക്കി  കാഞ്ചി വലിക്കാന്‍ തയ്യാറായിരുന്ന വേട്ടക്കാരന്‍ മജീദ്‌  തന്റെ വെടി പൊട്ടുന്നതിനു മുന്‍പു പുലി വീണത്‌ കണ്ടു വിരണ്ടു പോയി..

കാഞ്ചി വലിയ്കാതെ  വെടി പൊട്ടിയാതാണോ എന്ന സന്ദേഹത്തില്‍ മജീദ്‌  കയ്യിലിരിക്കുന്ന തോക്കിലേയ്ക്കും  വീണു കിടക്കുന്ന പുലിയേയും മാറി മാറി നോക്കി. കളിയുടെ രസം കയറിയിരുന്ന സി ഓ സാബ്  കളി തീരുന്നതിനു മുന്‍പു   വീണ പുലിയുടെ  ശരീരത്തു നിന്നും ചോര ചീറ്റുന്നത്  കണ്ടു  പരിഭ്രാന്തനായി.

ഗുജറാള്‍ സാബ്ബും കുടുംബവും ഇതെന്തു  കളി എന്നര്‍ഥത്തില്‍ മിഴിച്ചിരിക്കുകയാണ്.

 അപകടം മണത്ത ഹവില്‍ദാര്‍ മേജര്‍ പരമേശ്വരന്‍ സാര്‍ ഓടിവന്നു വീണു കിടന്ന പുലിയെ പിടിച്ചു പൊക്കി.


വേട്ടക്കാരന്‍ മജീദ്‌ അദ്ദേഹത്തെ സഹായിച്ചു.


ഒരുവിധത്തില്‍  പുലിയെ ഞങ്ങള്‍ പൊക്കിയെടുത്തു ഗ്രൌണ്ടിന്റെ  പുറത്തെത്തിച്ചു.
പുലിത്തലയും പുലിവാലും അഴിച്ചുമാറ്റി. 

 ചോരയില്‍ കുതിര്‍ന്നു നനഞ്ഞ  ബര്‍മുഡ അഴിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച  ഞങ്ങള്‍ കണ്ടത്..


ബര്‍മുഡയുടെ ഉള്ളില്‍  "പുലി മര്‍മ്മ" ത്തോടു ചേര്‍ന്ന്  ഒരു   ഫുള്‍കുപ്പി...!

പുലിയുടെ അണ്ടര്‍വെയറിന്റെ ബലത്തില്‍  തങ്ങി നില്‍ക്കുകയാണ്  കുപ്പി.!!

അതിന്റെ ഉള്ളില്‍  നിന്നും ഒരു ചെറിയ പ്ലാസ്റ്റിക്   കുഴല്‍ പുലിയുടെ അരയിലൂടെ ചുറ്റി   പുറം വഴി പുലിത്തലയിലേയ്ക്ക്  പോകുന്നു.

അതു ചെന്ന് ചേരുന്നത് പുലി  വായില്‍.!!!


കുപ്പിയിലുണ്ടായിരുന്ന  ദ്രാവകത്തിന്റെ  മുക്കാല്‍ ഭാഗവും തീര്‍ന്നിക്കുന്നു.

ഞാന്‍ വേട്ടക്കാരന്‍ മജീദിനെ നോക്കി. മജീദ്‌ എന്നേയും കുപ്പിയേയും വീണുകിടക്കുന്ന പുലിയേയും  മാറി മാറി നോക്കി.

എന്നിട്ട് ബാരക്കിലെയ്ക്ക്  ഒരോട്ടം വച്ചു കൊടുത്തു.

 കളി കഴിയുമ്പോള്‍ കുറുപ്പ് ചേട്ടന് കൊടുക്കാനായി   ഞാന്‍ മജീദിന്റെ  കയ്യില്‍ ഏല്‍പ്പിച്ചിരുന്ന ഓള്‍ഡ്‌ മോങ്ക് കുപ്പിയായിരുന്നു അത്..!!

2011 ഓഗസ്റ്റ് 16, ചൊവ്വാഴ്ച

പട്ടാള മുട്ടകളുടെ പെട്ടിയോട്ടം

കുമാരപുരത്തുള്ള  സകല പുരുഷകേസരികളുടേയും  സ്വന്തം ബ്യൂട്ടീഷനാണ്  രാജപ്പന്‍ ചേട്ടന്‍.

കുമാരപുരം ജങ്ങ്ഷനില്‍ അദ്ദേഹം നടത്തുന്ന   "മെന്‍ സ്റ്റൈല്‍  ബ്യൂട്ടി ക്ലിനിക്കില്‍"  മാസത്തില്‍  ഒരു തവണ എന്ന കണക്കില്‍ ഞാന്‍ പോകാറുണ്ട്.

ഓലഞ്ഞാലി കുരുവിയുടെ കൂടു പോലെയുള്ള   മുടിയുമായി എത്തുന്ന എന്നെ  അവിടെയുള്ള ഒരു ഉയര്‍ന്ന കസേരയില്‍ രാജപ്പന്‍ ചേട്ടന്‍ പ്രതിഷ്ടിക്കും.  പിന്നെ ഒരു  വെളുത്ത തുണി കൊണ്ട്   എന്റെ തല ഒഴിച്ചുള്ള  ശരീര ഭാഗങ്ങള്‍ ഞാന്‍ ഇരിക്കുന്ന കസേര സഹിതം പുതപ്പിക്കുക  എന്നതാണ്  അദ്ദേഹത്തിന്റെ അടുത്ത നടപടി. 


പുതപ്പിക്കുന്ന തുണി വഴുതിപ്പോകാതിരിക്കാന്‍ കഴുത്തിനു പിറകില്‍ ഒരു ക്ലിപ്പും പിടിപ്പിക്കുന്നതോടെ   പഴുക്കാന്‍  വേണ്ടി  ചാക്കില്‍ കയറ്റി വച്ചിരിക്കുന്ന വാഴക്കുലയുടെ പരുവത്തിലാകുന്ന  എന്റെ    കുരുവിത്തലയിലേക്ക്    ഞെക്കുമ്പോള്‍  വെള്ളം ചീറ്റുന്ന ഒരു കുപ്പിയില്‍ നിന്നും  പുഞ്ചക്കണ്ടത്തിലെ ഞാറിന്   കര്‍ഷകന്‍  കീടനാശിനി തളിക്കുന്ന  രീതിയില്‍   നാല്  റൌണ്ട്  വെള്ളം ചീറ്റിക്കും.

പിന്നെയുള്ള അര മണിക്കൂര്‍ എന്റെ തലയുടെ പൂര്‍ണമായ അവകാശം രാജപ്പന്‍ ചേട്ടനാണ്.  മേശപ്പുറത്തു വച്ചിരിക്കുന്ന ഒന്നിലധികം   കത്രികകള്‍  എന്റെ തലയിലൂടെ ജൈത്രയാത്ര നടത്തും. എന്റെ തല മുകളിലേയ്ക്കും താഴേയ്ക്കും വശങ്ങളിലേയ്ക്കും പല തവണ തിരിയും.  ഒടുവില്‍ കുരുവിത്തലയുമായി വന്ന ഞാന്‍ ഒരു സ്വയമ്പന്‍  പട്ടാളത്തലയനായി മാറും.  


രാജപ്പന്‍ ചേട്ടന്റെ കടയില്‍ പോകുമ്പോഴൊക്കെ   ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍   ആദ്യമായി തലമുടി വെട്ടിയ  കഥ ഓര്‍ത്തു  പോകാറുണ്ട്.

ട്രെയിനിംഗ് സെന്ററില്‍ എത്തിയാല്‍ ആദ്യം നടത്തുന്ന ഒരു പരിപാടിയാണ്   ഹെയര്‍ കട്ടിംഗ്  അഥവാ തലമുടി വെട്ടല്‍ അഥവാ  "മുട്ടയടിക്കല്‍" എന്ന കര്‍മ്മം.

ചുരുളന്‍ തലമുടിയും വീതുളി  കൃതാവും പഴുതാരമീശയുമായി ചെന്ന ഞാന്‍  ഒറ്റ ദിവസം കൊണ്ട്   സ്റ്റൈലന്‍  മുട്ടയായി  മാറി.   കറുത്ത ശരീരക്കാരനായ എന്റെ മുട്ടയുടെ നിറവും കറുപ്പായിരുന്നു. എന്റെ കൂടെയുണ്ടായിരുന്ന അജോയി, സുരേഷ്, അനില്‍, മനോജ്‌  എന്നിവരും താമസംവിനാ  മുട്ടകളായി മാറി.  ഞങ്ങള്‍  അഞ്ചുപേരും ചേര്‍ന്നുള്ള "പഞ്ചപാണ്ടവ മുട്ടകളില്‍"  നന്നായി  വെളുത്ത   ശരീരമുള്ള  മനോജായിരുന്നു   ഏറ്റവും സുന്ദരനായ  മുട്ട  !!

അങ്ങനെ ക്യാമ്പില്‍  എത്തിയ ദിവസം തന്നെ പട്ടാള ബാര്‍ബര്‍മാരുടെ കത്രികാപീഡനത്തിനിരയായി,  മുട്ടകളായി, തിരിച്ചു ബാരക്കില്‍ എത്തിയപ്പോള്‍ അതാ   'ബാരക്കിലുള്ള സകല മുട്ടകളും  മുറ്റത്ത്‌  "ഇന്‍ ത്രീസില്‍" ഫാളീന്‍ ആയി നില്കുന്നു.!  

മൂന്നുപേര്‍ വീതമുള്ള വരികളായി  നില്‍ക്കുന്നതിനാണ്  "ഇന്‍ ത്രീസ് ഫാള്‍ ഇന്‍"  എന്നു  പറയുന്നത്. പട്ടാളക്കാര്‍ മാര്‍ച്ചുചെയ്യുന്നതും പരേഡ് ചെയ്യുന്നതുമൊക്കെ "ഇന്ത്രീസില്‍" ആയിരിക്കണം എന്നാണ് നിയമം!   അതൊരു യുദ്ധതന്ത്രമാണ്.  എന്തു  തന്ത്രമാണ് അതെന്നു ദയവായി ചോദിക്കരുത്.  ചോദിച്ചാലും ഞാന്‍ പറയില്ല. പറഞ്ഞാല്‍,  മിലിട്ടറി രഹസ്യം പുറത്തു വിട്ടു എന്ന കുറ്റത്തിന്  ചിലപ്പോള്‍ ഞാന്‍ ആപ്പിലായിപ്പോകും.   !!

മുറ്റത്തു "ഇന്ത്രീസ്സില്‍" നില്‍ക്കുന്ന മൊട്ടത്തലയന്മാര്‍ വെറുതെ അങ്ങനെ നില്‍കുകയല്ല. എല്ലാവരുടെയും തലയില്‍ ഓരോ വലിയ  പെട്ടിയുമുണ്ട്. പെട്ടി എന്നുപറഞ്ഞാല്‍ ഇരുമ്പ് പെട്ടി! മലയാളത്തില്‍ പറഞ്ഞാല്‍ ട്രങ്ക് പെട്ടി. ഈ പെട്ടികള്‍ പട്ടാളക്കാരുടെ സന്തത സഹചാരിയാണ്. ലീവിന് പോകുമ്പോഴും ജോലി സംബന്ധമായി മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോഴും ഈ പെട്ടി  കൂടെയുണ്ടാകും. ഇപ്പോള്‍ പരിഷ്കാരം മൂത്ത പട്ടാളക്കാര്‍ "സ്യുട്ട് കെയ്സ്" എന്നുപറയുന്ന ഒരു പെട്ടിയാണ് സാധാരണയായി  ഉപയോഗിക്കുന്നത്. (അതില്‍ ഈയുള്ളവനും ഉള്‍പ്പെട്ടിരുന്നു.) പക്ഷെ അതു കൊണ്ടുനടക്കാന്‍ എളുപ്പമെന്നപോലെ   ട്രെയിനിലെ കള്ളന്മാര്‍ക്ക്  അടിച്ചു  മാറ്റാനും എളുപ്പമാണ്.


കാലിയായ പെട്ടികളാണ് മൊട്ടത്തലയുടെ പുറത്തു ഒരു തുണിയോ തൂവാലയോ പോലും വയ്കാതെ പിടിച്ചു വച്ചിരിക്കുന്നത് എന്നായിരുന്നു ഞങ്ങള്‍ കരുതിയത്‌. പക്ഷെ പെട്ടി ഇരിക്കുന്ന മൊട്ടത്തലകളുടെ മുഖാരവിന്ദങ്ങളില്‍ മിന്നിമറയുന്ന വിവിധ  കഥകളിഭാവങ്ങള്‍  പെട്ടിക്കുള്ളില്‍ ഭാരമുള്ളതെന്തോ   നിറച്ചിട്ടുണ്ട് എന്നുള്ളത്തിനുള്ള  സൂചനയാരുന്നു.   തന്നെയുമല്ല ദുര്‍ബലങ്ങളായ ചില തലകള്‍ പെട്ടിസഹിതം അങ്ങോട്ടും ഇങ്ങോട്ടും ആടുകയും   വശങ്ങളിലുള്ള പെട്ടികളില്‍ത്തട്ടി ആ പെട്ടികളുടെ ബാലന്‍സ് കൂടി നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. 

എന്തിനാണ് ഇവന്മാര്‍ ഈ എടുത്താല്‍ പൊങ്ങാത്ത പെട്ടിയും താങ്ങി നില്‍ക്കുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഇതു വല്ല ഫിസിക്കല്‍ ട്രയിനിങ്ങിന്റെയും ഭാഗമാണോ എന്ന് ഞാന്‍  ആലോചിച്ചു. അങ്ങിനെയാണെങ്കില്‍  ഇത്തരം ഒരു പെട്ടി തലയില്‍ കയറ്റി വയ്കുന്നത്തോടെ എന്റെ  ഫിസിക്കലിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ഊരിപ്പോകുമെന്നുള്ള കാര്യം ഉറപ്പാണ്.  


മനോജും സുരേഷും അനിലും അജോയിയുമൊക്കെ ഈ കാഴ്ച കണ്ട് അന്തംവിട്ടു നില്‍കുകയാണ്‌. സ്വതവേ അല്പം പൊങ്ങിയ പല്ലുകളുള്ള അനിലിന്റെ വായ് ഏകദേശം മുഴുവനായിത്തന്നെ തുറന്ന  നിലയിലാണ്. 

അങ്ങനെയിരിക്കുമ്പോള്‍    ബാരക്കിന്റെ അങ്ങേ അറ്റത്തു നിന്നും    ഒരലര്‍ച്ച കേട്ടു. !!  

അതോടെ പെട്ടിത്തലകള്‍ ആട്ടം നിറുത്തി  "സാവധാന്‍"  (അറ്റെന്‍ഷന്‍ പൊസിഷന്‍)   ആയി. അല്പം കഴിഞ്ഞു "റെഡി ഗോ" എന്ന അലര്‍ച്ച കൂടി കേട്ടതോടെ പെട്ടികള്‍ ഒന്നിന് പിറകെ ഒന്നായി ഓട്ടം തുടങ്ങി. ബാരക്കിനു ചുറ്റുമാണ് പെട്ടികള്‍ ഓടുന്നത്. ആരോഗ്യമുള്ള മൊട്ടത്തലകള്‍ പെട്ടിയുമായി നല്ല സ്പീഡില്‍ തന്നെ ഓടുന്നുണ്ട്. ചില പെട്ടികളാകട്ടെ നടപ്പുമല്ല ഒട്ടവുമല്ല എന്ന രിതിയില്‍  ഒട്ടകപ്പക്ഷിപോലെയാണ് പോകുന്നത്.   


ഓടുന്നവഴിയില്‍ ഒന്നുരണ്ടു പെട്ടികള്‍ തമ്മില്‍ കൂട്ടിമുട്ടുകയും പെട്ടിസഹിതം വീഴുകയും ചെയ്തു. വീണ പെട്ടികളും അതു  വഹിച്ച തലകളും വീണപടി തന്നെ കിടക്കുകയാണ്. പെട്ടി ശരീരത്തെങ്ങാന്‍ വീണിട്ടു വല്ല കുഴപ്പവും പറ്റി കിടക്കുകയാണോ എന്നു  ഞങ്ങള്‍ ഒരുമാത്ര  സംശയിച്ചു. പക്ഷെ അതും ഒരു യുദ്ധതന്ത്രമാണെന്ന് പിന്നീട് മനസ്സിലായി. എന്തെന്നാല്‍  പെട്ടികള്‍ ശരീരത്ത് വീഴാത്ത രീതിയിലാണ് ശ്രീമാന്മാര്‍ വീണിരിക്കുന്നത്. ഇനി എണീറ്റാല്‍ പെട്ടി വീണ്ടും തലയില്‍ കയറും! അതിലും നല്ലത് അവിടെത്തന്നെ കിടക്കുകയല്ലേ? അല്പം  വിശ്രമവും കിട്ടുമല്ലോ.

കുറച്ചുനേരത്തെ ഓട്ടം കഴിഞ്ഞു മൊട്ടകളെല്ലാം തിരിച്ചു ബാരക്കിലെത്തി. എന്താണ് സംഭവം എന്നറിയാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷെ ഹിന്ദി ഞങ്ങള്‍ക്ക് വശമില്ലാത്തതിന്റെ പേരില്‍ വിശദ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല.  

"തൊമ്മന്‍" എന്നു  ഞങ്ങള്‍ ഓമനപ്പേരിട്ടു  വിളിക്കുന്ന മനോജിന്റെ  അമ്മ നാട്ടിലെ സ്കൂളില്‍ ഹിന്ദിടീച്ചറാണ്. ആയതുകൊണ്ടു ഹിന്ദി എന്ന രാഷ്ട്രഭാഷയില്‍ താന്‍ വലിയ കേമനാണ് എന്നൊരു ഭാവമുണ്ട് തൊമ്മന്.   ഓട്ടത്തിന്റെ കാരണം എന്തെന്നറിയാന്‍  തൊമ്മനെത്തന്നെ വിടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഹിന്ദി ഭാഷയിലെ തന്റെ  പാണ്ഡിത്യം  മാലോകരായ ഞങ്ങളെ അറിയിക്കാനുള്ള സുവര്‍ണാവസരം കൈവന്ന മനോജ്  കേട്ടയുടെനെതന്നെ   ഒരു ഹിന്ദിക്കാരന്റെ അടുത്തുപോയി സംസാരം തുടങ്ങി.

എത്രയൊക്കെ ശ്രമിച്ചിട്ടും "ജീഹാം, നഹി, അച്ചാ"  എന്നൊക്കെയല്ലാതെ തൊമ്മന്റെ വായില്‍നിന്നും ഹിന്ദിയൊന്നും  കാര്യമായി പുറത്തുവന്നില്ല. സംസാരത്തിന്റെ ബലം കൂട്ടാനായി കയ്യും കാലും  കണ്ണുമൊക്കെ    ഉപയോഗിച്ചെങ്കിലും തൊമ്മന്‍ പറയുന്നതു ഹിന്ദിക്കാരനോ  അയാള്‍ പറയുന്നതു തൊമ്മനോ   മനസ്സിലായില്ല. അവസാനം ഞങ്ങള്‍  നേരത്തെ   പരിചയപ്പെട്ട ഒരു മലയാളി സുഹൃത്തിനെ കണ്ടുപിടിച്ചു അല്പം മുന്‍പ്‌ നടന്ന പരിപാടിയുടെ ഗുട്ടന്‍സ് എന്താണെന്നു  ചോദിച്ചു മനസ്സിലാക്കി.

നടന്നത് ഒരു പണീഷ് മെന്റായിരുന്നു.  ബാരക്കിലുണ്ടായിരുന്ന ട്രയിനികളില്‍  ഒരാളെ  ബാരക്ക് കമാണ്ടറായ   സര്‍ദാര്‍ജി   ഏതോ കാര്യത്തിനുവേണ്ടി കമ്പനി ഓഫീസിലേക്ക് അയച്ചുവത്രേ.   പക്ഷെ മേല്‍പ്പടിയാന്‍ പറഞ്ഞിരുന്ന സമയത്തിനുള്ളില്‍ ഓഫീസില്‍ എത്തിയില്ലെന്ന് മാത്രമല്ല പോയ വഴിയിലുള്ള കടയില്‍ നിന്നും ഒരു സിഗരറ്റൊക്കെ വാങ്ങി സ്റ്റൈലായി  വലിച്ചു പുകയും വിട്ടുപോകുന്നത് മേലധികാരികള്‍ ആരോ കാണുകയും ആളെ തൊണ്ടിയോടെ പിടികൂടി വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു എത്തേണ്ടിടത്ത് എത്തിക്കുകയും ചെയ്തതിന്റെ ബാക്കിഭാഗമാണ്  മുന്‍പു  നടന്ന പെട്ടിയോട്ടം.!!

പട്ടാളത്തില്‍ ഒരാള്‍ തെറ്റുചെയ്താല്‍ അതിന്റെ ശിക്ഷ എല്ലാവര്‍ക്കും  ബാധകമാണ് എന്നുള്ള പുതിയ അറിവ്  എനിക്ക് കിട്ടിയത് അന്നാണ്.

 

2011 ഏപ്രിൽ 23, ശനിയാഴ്‌ച

താക്കൂര്‍ സാബിന്റെ പുട്ടുകുടം

ജലന്ധറില്‍ ഞാന്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടുത്തെ ടെക്നിക്കല്‍ സെക്ഷന്റെ ഹെഡ് ആയിരുന്നു സുബേദാര്‍ മേജര്‍ താക്കൂര്‍ സാബ്.


പഴയ സിനിമാ നടന്‍ പറവൂര്‍ ഭരതന്റെ ശരീര പ്രകൃതിയാണ് താക്കൂര്‍ സാബിന്. തടിച്ചു കുറുകിയ ശരീരവും "മാറി നിന്നോ അല്ലെങ്കില്‍ ഞാനിപ്പം മുട്ടും" എന്ന ഭാവത്തില്‍ തള്ളിനില്‍ക്കുന്ന കുടവയറും കൊമ്പന്‍മീശയും കഷണ്ടിത്തലയും ചേര്‍ന്നാല്‍ പോലീസ്സ് തയ്യാറാക്കുന്ന പിടികിട്ടാപുള്ളികളുടെ ഫോട്ടോ പോലെ, താക്കൂര്‍ സാബിന്റെ ഏകദേശ രൂപമാകും. ക്ഷിപ്രകോപിയും കോപിച്ചു കഴിഞ്ഞാല്‍ പിന്നെ ക്ഷിപ്രമൊന്നും പ്രസാദിക്കാത്ത സ്വഭാവക്കാരനുമായ താക്കൂര്‍സാബിനു മലയാളികള്‍ സ്നേഹപൂര്‍വ്വം കൊടുത്തിരുന്ന ഓമനപ്പേരാണ്‌ "കുടം"


ഹിന്ദിക്കാരാകട്ടെ അദ്ദേഹത്തിനെ "പേട്ടുറാം" എന്ന ഓമനയല്ലാത്ത പേരും വിളിച്ചിരുന്നു.


ഫാള്‍ ഇന്‍ ചെയ്യുമ്പോള്‍ താക്കൂര്‍ സാബിന്റെ അടുത്തു നില്‍ക്കുന്നവനെ നോക്കി പിറകിലുള്ളവര്‍ "ഡാ കൊടത്തില്‍ മുട്ടാതെ മാറി നിലക്ക് " എന്നു വിളിച്ചു പറയാനുള്ള ധൈര്യം ഞങ്ങള്‍ മലയാളികള്‍ക്ക് ഉണ്ടായിരുന്നു എന്ന നഗ്നസത്യം ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.


താക്കൂര്‍ സാബിന് മലയാളം അറിയില്ല എന്നുള്ളതായിരുന്നു ആ ധൈര്യത്തിനുള്ള ഹേതു.


അങ്ങനെയുള്ള താക്കൂര്‍ സാബിന്റെ സന്തത സഹചാരിയാണ് ബജാജ് കമ്പനിയുടെ "ചേതക്" എന്ന സ്കൂട്ടര്‍. ടെക്നിക്കല്‍ സെക്ഷന്റെ ഹെഡ് ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല അദ്ദേഹത്തിന്റെ വണ്ടിയില്‍ ഹെഡ് ലൈറ്റ്, ബ്രേക്ക് മുതലായ നിത്യോപയോഗ സാധനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്തിനു പറയുന്നു, വണ്ടി ഓണ്‍ ചെയ്യാനുള്ള താക്കോല്‍ പോലും ഉപയോഗിക്കുന്നത് താക്കൂര്‍സാബിനു ഇഷ്ടമുള്ള കാര്യമായിരുന്നില്ല. പകരം ഹെഡ് ലൈറ്റിന്റെ ബള്‍ബ് ഇടാനുള്ള ദ്വാരത്തില്‍ കൂടി പുറത്തക്ക് എടുത്തിരിക്കുന്ന രണ്ടു വയറുകള്‍ കൂട്ടിമുട്ടിച്ചാല്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കുന്നതിനുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാകും. പിന്നീടുള്ള രണ്ടാം ഘട്ടമാണ് താക്കൂര്‍ സാബിന്റെ ആരോഗ്യരഹസ്യം എന്നു വേണമെങ്കില്‍ പറയാം. എന്തെന്നാല്‍ അത് ചവുട്ടി സ്റ്റാര്‍ട്ട് ആക്കുകയെന്നത് ഒരു അന്താരാഷ്ട്ര സംഭവം തന്നെയാണ്. പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കൊണ്ടുവരുവാന്‍ പാടുപെടുന്ന ഭര്‍ത്താവിനെപ്പോലെ പലരീതിയില്‍ അനുനയിപ്പിച്ചാല്‍ മാത്രമേ താക്കൂര്‍ സാബിന്റെ സ്കൂട്ടര്‍ അനുസരിക്കൂ. ആയതിനാല്‍ താക്കൂര്‍ സാബ് രാവിലെ ഓഫീസിലേക്ക് പോയെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ മുറിയുടെ അടുത്ത്‌ കൂടി പോകാറുള്ളൂ. അല്ലെങ്കില്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ആക്കുന്നതിനുള്ള ഉത്തരവാദിത്ത്വം അദ്ദേഹം നമ്മളെ ഏല്പിച്ചുകളയും!


ഇതൊക്കെയാണെങ്കിലും എന്റെ കൂടെയുണ്ടായിരുന്ന മിക്കവാറും ചെറുപ്പക്കാര്‍ ടൂവീലര്‍ ഓടിക്കുവാന്‍ പഠിച്ചത് താക്കൂര്‍സാബിന്റെ വണ്ടിയിലാണ്. എങ്ങനെയെന്നു ചോദിച്ചാല്‍ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു രാവിലെ റൂമില്‍ എത്തുന്ന താക്കൂര്‍ സാബ്, കുളിയും പൂജയും കഴിഞ്ഞു ജെ.സി. ഓ. മെസ്സിലെത്തി ബ്രേക്ക്‌ ഫാസ്റ്റും ഒപ്പം രണ്ടു ലാര്‍ജും വിഴുങ്ങി തിരിച്ചു മുറിയിലെത്തി ഒരു ടവല്‍ മാത്രമുടുത്ത് ഉറങ്ങാന്‍ കിടക്കും. ഏകദേശം അരമണിക്കൂര്‍ കഴിയുമ്പോള്‍ മുറിക്കുള്ളില്‍ നിന്നും ഉച്ചസ്ഥായിയിലുള്ള കൂര്‍ക്കം വലി ഉയരുന്നതോടെ ഞങ്ങളുടെ ടൂവീലര്‍ ഡ്രൈവിങ്ങ് ട്രെയിനിംഗ് ആരംഭിക്കുകയായി.


ജെ. സി. ഓ മെസ്സിന്റെ വരാന്തയോട് ചേര്‍ന്ന് ഏറ്റവും അറ്റത്തുള്ളതാണ് താക്കൂര്‍ സാബിന്റെ മുറി. മുറിയുടെ പുറകുവശത്ത് ജനാലയും അതിനോടെ ചേര്‍ന്ന് അരമതിലും മതിലിനപ്പുറത്ത് മൈതാനവുമാണ്. മൈതാനം കഴിഞ്ഞാല്‍ റോഡും ചെറിയ കടകളും ഒരു വര്‍ക്ക് ഷോപ്പും ഉണ്ട്. മുന്‍വശത്തെ വാതില്‍ ചാരിയശേഷം പുറകിലത്തെ ജനാല തുറന്നിട്ടുകിടന്നാണ് താക്കൂര്‍ സാബ് ഉറങ്ങുക. ഉറക്കത്തിന്റെ കാര്യത്തില്‍ സാക്ഷാല്‍ കുംഭകര്‍ണന്‍ പോലും താക്കൂര്‍ സാബിനോടെ മത്സരിക്കില്ല എന്നു ഞങ്ങള്‍ പറയാറുണ്ട്‌. കൂര്‍ക്കം വലി ഉയരുന്നതോടെ ഞങ്ങള്‍ മുറ്റത്തിരിക്കുന്ന സ്കൂട്ടര്‍ തള്ളി അല്പം ദൂരെ കൊണ്ടുപോയി സ്റ്റാര്‍ട്ട് ചെയ്തു ഡ്രൈവിങ്ങ് ട്രെയിനിംഗ് തുടങ്ങും.


പഞ്ചാബിയായ പവന്‍കുമാറാണ് ഗുരു. പവന്‍കുമാര്‍ തൊട്ടാല്‍ വണ്ടി ഉടന്‍ സ്റ്റാര്‍ട്ടാകും. എന്താണ് അതിന്റെ ഗുട്ടെന്‍സെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല.


"മൂന്നു പെഗ്ഗ് റം" ആണ് പവന്‍കുമാറിനുള്ള ഫീസ്‌.


അങ്ങനെ എല്ലാവരും ടൂവീലര്‍ ഓടിക്കാന്‍ പഠിച്ചതോടെ എനിക്കും അതൊന്നു പഠിച്ചാലോ എന്നൊരു ചിന്തയുദിച്ചു. പവന്‍ കുമാറിനോട് വിവരം പറയുകയും അവന്‍ സമ്മതിക്കുകയും ചെയ്തു. നല്ല സൈക്കിള്‍ബാലന്‍സ് ഉണ്ടെങ്കില്‍ രണ്ടുമണിക്കൂര്‍ കൊണ്ട് സ്കൂട്ടര്‍ ഓടിക്കാന്‍ പഠിക്കാം എന്നു പവന്‍കുമാര്‍ പറഞ്ഞതോടെ അടുത്ത ദിവസം തന്നെ സംഗതി ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി.


പിറ്റേദിവസം രാവിലെ താക്കൂര്‍ സാബ് ഉറങ്ങിയ തക്കം നോക്കി സ്കൂട്ടര്‍ ഉരുട്ടിക്കൊണ്ട് പോയി സ്റ്റാര്‍ട്ട് ചെയ്തു ഗിയറില്‍ ഇട്ടിട്ട് എന്നെ അതില്‍ ഇരുത്തിയ ശേഷം എന്റെ ഇടതു കൈ എടുത്തു വണ്ടിയുടെ "ക്ലെച്ച്‌" എന്നു പറയുന്ന മര്‍മ്മപ്രധാനമായ യന്ത്രഭാഗത്തില്‍ പവന്‍കുമാര്‍ പിടിപ്പിച്ചു. ശേഷം ആ യന്ത്രം പതുക്കെ അയച്ചു കൊടുത്തുകൊണ്ട് "ആക്സിലേറ്റര്‍" എന്നു പേരായ വേറൊരു യന്ത്രഭാഗത്തില്‍ പിടിച്ചു തിരിക്കാനുള്ള സൂത്രം പവന്‍കുമാര്‍ എനിക്ക് പറഞ്ഞു തന്നു.


ഞാനങ്ങനെ ചെയ്തപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വണ്ടി അല്പം മുന്‍പോട്ടു നീങ്ങി. വണ്ടിയുടെ പിറകില്‍ പിടിച്ചു കൊണ്ട് പവന്‍ കുമാറും കൂടെ വന്നു. കുറച്ചുദൂരം പോയപ്പോള്‍ എനിക്ക് ധൈര്യമായി. അതോടെ വണ്ടിയുടെ ഇരുവശത്തും തൂണു പോലെ തൂക്കിയിട്ടിരുന്ന കാലുകള്‍ പൊക്കി വണ്ടിയില്‍ വച്ച് സ്റ്റൈലില്‍ ഇരുന്നു കുറച്ചു ദൂരം ഓടിച്ചു. അത്രയുമായപ്പോള്‍ എന്റെ ആത്മവിശ്വാസത്തിന്റെ തോത് കുത്തനെ ഉയരുകയും വണ്ടിയില്‍ പിടിച്ചു കൊണ്ട് പിറകെ നടക്കുന്ന പവന്‍കുമാറിനെ "സ്റ്റേറ്റ് കാറില്‍ പോകുന്ന മന്ത്രി കാല്‍ നടയായിപ്പോകുന്ന വോട്ടറെ നോക്കുന്ന ഭാവത്തില്‍" ഒന്ന് നോക്കുകയും ചെയ്തു.


അതോടെ അവന്‍ വണ്ടിയിലെ പിടി വിട്ടു.


മുറ്റത്തിന്റെ അങ്ങേയറ്റം വരെ ഓടിച്ച ശേഷം സ്പീഡില്‍ തിരിച്ചു വന്ന ഞാന്‍ മുറ്റത്തു കിടന്ന ഒരു കല്ലിന്റെ പുറത്തു കയറാതിരിക്കാനായി വണ്ടി അല്പം വെട്ടിച്ചു. അതോടെ വണ്ടി ചരിയുകയും . ആനപ്പുറത്ത് ബാലന്‍സ് പിടിച്ചിരിക്കുന്ന കുരങ്ങന്റെ സ്റ്റൈലില്‍ സ്കൂട്ടറിന്റെ പുറത്തിരിക്കുന്ന ഞാന്‍ മറിഞ്ഞു വീഴാതിരിക്കാനായി ആക്സിലേറ്ററില്‍ മുറുക്കെ പിടിക്കുകയും തദ്വാര വണ്ടി ഇരട്ടി സ്പീഡില്‍ മുന്‍പോട്ടു കുതിച്ചു നേരെ വരാന്തയില്‍ കയറി താക്കൂര്‍ സാബിന്റെ മുറിയുടെ വാതില്‍ ഇടിച്ചു തുറക്കുകയും, ഉറങ്ങിക്കിടക്കുന്ന താക്കൂര്‍ സാബിന്റെ കട്ടിലിനടുത്തുള്ള മേശയില്‍ തട്ടി മറിയുകയും ചെയ്തു.


ഇതിനിടയില്‍ വളരെ വിദഗ്ദമായി വണ്ടിയില്‍ നിന്നും ചാടി വരാന്തയില്‍ നടുവടിച്ചു വീണ വിവരം ഞാന്‍ അറിഞ്ഞില്ലെങ്കിലും അവിടെ നിന്നവരൊക്കെ വളരെ വ്യക്തമായി അതു കാണുകയുണ്ടായി.


ടവല്‍ മാത്രമുടുത്ത് കൂര്‍ക്കംവലിച്ചു കൊണ്ടിരുന്ന താക്കൂര്‍സാബ് എന്താണ് സംഭവം എന്നു മനസ്സിലാക്കാതെ വല്ല ഉഗ്രവാദി ആക്രമണവും ആയിരിക്കുമോ എന്നുള്ള ശങ്കയില്‍ വെപ്രാളത്തോടെ എഴുനേറ്റ് തൊട്ടടുത്തുള്ള ജനാല വഴി പുറത്തേയ്ക്ക് ഒരു "ലോങ്ങ്‌ ജംബ്" നടത്തുകയും അരമതിലിനു മുകളില്‍ കൂടി മറ്റൊരു തകര്‍പ്പന്‍ "ഹൈ ജംബ്" കാഴ്ചവച്ചു മൈദാനത്തിലെത്തി ശരം പോലെ പാഞ്ഞു പോവുകയും ചെയ്തു.


അദ്ദേഹമുടുത്തിരുന്ന ടവല്‍ മാത്രം എന്തു വന്നാലും നേരിടാന്‍ തയ്യാറെന്ന മട്ടില്‍ കട്ടിലില്‍ കിടന്നിരുന്നു.


വീണു കിടന്ന എന്നെ പവന്‍കുമാറും മറ്റുള്ളവരും ചേര്‍ന്ന് പിടിച്ചുയര്‍ത്തി. ഒരാള്‍ പോയി മുറിക്കുള്ളില്‍ നിന്നും സ്കൂട്ടര്‍ കൊണ്ടുവന്നു. 'പണ്ടേ ദുര്‍ബല പോരാത്തതിനു ഗര്‍ഭിണി' എന്നു പറയുന്നതു പോലെ ഷേപ്പ് മൊത്തമായും മാറി ഏതാണ്ട് ചളുങ്ങിയ പുട്ടുകുടം പോലെ ആയ സ്കൂട്ടറും അതിനടുത്ത് ഓട്ടം കഴിഞ്ഞു തിരിച്ചുവന്നിരിക്കുന്ന താക്കൂര്‍ സാബിനേയും കണ്ടതോടെ ഇനി എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങി.


എന്റെ ഗുരു പവന്‍ കുമാറും കൂടെ എന്നെ പ്രോത്സാഹിപ്പിക്കാന്‍ നിന്നവരും താക്കൂര്‍ സാബ് വന്നതോടെ മുങ്ങി. അനുവാദമില്ലാതെ സ്കൂട്ടര്‍ എടുത്തതിനും ഉറങ്ങിക്കിടന്ന താക്കൂര്‍ സാബിനെ ഭയപ്പെടുത്തിയത്തിനുമായി രണ്ടു കേസ്സുകള്‍ എന്റെ പേരില്‍ ചാര്‍ജ് ചെയ്യപ്പെടുമെന്ന് എനിക്കുറപ്പായി. ആയതിനാല്‍ ഓട്ടം കഴിഞ്ഞു തിരിച്ചു വന്ന വഴിക്ക് തപ്പിയെടുത്ത അണ്ടര്‍വെയര്‍ ധരിച്ചു കോപിച്ചു നില്‍ക്കുന്ന താക്കൂര്‍ സാബിനു മുന്‍പില്‍ നിരുപാധികം കീഴടങ്ങുകയും മേല്‍പ്പടി പുട്ടുകുടത്തിനെ തിരിച്ചു സ്കൂട്ടര്‍ പരുവത്തിലാക്കാനുള്ള സകലവിധ ചിലവുകളും ഞാന്‍ സ്വമേധയാ നിര്‍വഹിച്ചു കൊള്ളാമെന്നു ധാരണയാവുകയും പുട്ടുകുടത്തിനെ ഓട്ടോയില്‍ കയറ്റി അടുത്തുള്ള വര്‍ക് ഷോപ്പില്‍ എത്തിക്കുകയും ചെയ്തു.


വര്‍ക്കുഷോപ്പുകാരന്‍ പുട്ടുകുടത്തെ കൊമ്പും കുഴലും വച്ച് പരിശോധിച്ച് അതിനു നേരത്തെ ഇല്ലാതിരുന്ന ബ്രേക്ക്, ഹെഡ് ലൈറ്റ് മുതലായ സാധനസാമഗ്രികളുടെ വിലയും റിപ്പയറിംഗ് ചാര്‍ജും ചേര്‍ത്ത് രണ്ടായിരത്തി ഇരുനൂറു രൂപയുടെ ബില്ല് തന്നതോടെ പവന്‍കുമാറിന് കൊടുക്കാമെന്നേറ്റിരുന്ന മൂന്ന് പെഗ്ഗ് റം വെള്ളമൊഴിക്കാതെ ഞാന്‍ തന്നെ കഴിച്ചു കൊണ്ട് എന്റെ ടൂ വീലര്‍ ട്രെയിനിംഗ് പര്യവസാനിപ്പിച്ചു.



2011 ഏപ്രിൽ 7, വ്യാഴാഴ്‌ച

അനില്‍ എന്ന ലോലഹൃദയനും ഒരു കുപ്പി റമ്മും.

പട്ടാളത്തില്‍ ചേര്‍ന്നതോടെ ബിവറേജസ് ഷോപ്പില്‍ ജോലി കിട്ടിയ അയ്യപ്പബൈജുവിന്റെ അവസ്ഥയിലായി ഞാന്‍.

കാരണം എന്താണെന്ന് ചോദിച്ചാല്‍, പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ് നേരെ ചൊവ്വേ നാല് പെഗ്ഗടിക്കാനോ നാലുപേര്‍ കാണ്‍കെ വാളു വയ്ക്കാനോ കഴിയാതിരുന്ന ഒരു ഹത ഭാഗ്യനാണ് ഞാന്‍.



ചെറുപ്പത്തില്‍ എന്റെ വീടിന്റെ അടുത്തുണ്ടായിരുന്ന കള്ളു ഷാപ്പില്‍ നിന്നും അടിച്ചു കോണ്‍ തെറ്റി, ഉടുമുണ്ട് പറിച്ചു തലയില്‍ കെട്ടി, അന്നത്തെ ഫാഷനായിരുന്ന കോണകം മാത്രമുടുത്ത് ഇഴഞ്ഞു വരുന്ന ഒരു പാമ്പിനെ ഞാന്‍ സ്ഥിരമായി കാണുമായിരുന്നു.

ആ "കോണകധാരി" പാമ്പിന്റെ പേരായിരുന്നു ലംബോധരന്‍ അഥവാ ലംബന്‍ ചേട്ടന്‍

ചെറിയ കുട്ടികളായ ഞങ്ങള്‍ക്ക് ലംബന്‍ ചേട്ടന്റെ കോണകമുടുത്തുള്ള വരവും റോഡിന്റെ അരികിലുള്ള ആല്‍മരത്തില്‍ പലക ചാരിയതുപോലെ നിന്നുള്ള വാളു വയ്ക്കലും, വാളു വയ്ക്കുന്നതിനനുസരിച്ചു കുലുങ്ങിയാടുന്ന നീളമുള്ള കോണക വാലും രസിപ്പിക്കുന്ന കാഴ്ചയായിരുന്നു.

വലുതാകുമ്പോള്‍ ഞാനും ലംബന്‍ ചേട്ടനെപ്പോലെ കള്ളു കുടിക്കുമെന്നും എത്ര കുടിച്ചാലും എങ്ങും ചാരാതെ നിന്ന് വാളു വയ്ക്കുമെന്നും അന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ വളര്‍ന്നപ്പോള്‍ വീടിന്റെ അടുത്തുണ്ടായിരുന്ന ആ ഷാപ്പ്‌ പൂട്ടിപ്പോയി. മാത്രമല്ല മദ്യം വിഷമാണെന്നും അത് കഴിച്ചാല്‍ ആരുടെയെങ്കിലും കയ്യില്‍ നിന്നും രണ്ടെണ്ണം വാങ്ങാതിരിക്കുന്ന കാര്യം വിഷമമാണെന്നും അമ്മയും, അച്ഛനും പറഞ്ഞു തരികയും ചെയ്തതിനാല്‍ ഞാന്‍ എന്റെ ആഗ്രഹം മനസ്സില്‍ തന്നെ ഒതുക്കി വച്ചു.

പട്ടാളത്തില്‍ ചേര്‍ന്ന് ട്രെയിനിംഗ് തുടങ്ങിയപ്പോള്‍ മെസ്സിന്റെ അടുത്തുള്ള ചെറിയ ബാര്‍ മുറിയിലെ അലമാരയില്‍ വച്ചിരിക്കുന്ന പല നിറത്തിലും വലിപ്പത്തിലുമുള്ള റം, വിസ്കി, ബ്രാണ്ടി മുതാലായ കുപ്പികളെ കാണുകയും പൂസ്സാകാനുള്ള എന്റെ ആഗ്രഹം വെള്ളത്തില്‍ മുങ്ങിക്കിടന്ന ആള്‍ പെട്ടെന്ന് പൊങ്ങി വരുന്ന പോലെ "ഠിം" എന്ന് പൊങ്ങി വരികയും ചെയ്തു.

പക്ഷെ ട്രെയിനിംഗ് സമയത്ത് കള്ളു കുടിക്കാന്‍ പോയിട്ട് ഒരു ഫുള്‍ കുപ്പിയെ തൊടാന്‍ പോലുമുള്ള അവസരം കിട്ടിയില്ല.

എങ്കിലും "തല പോയാലും വേണ്ടില്ല കള്ളു കുടിച്ചേ പറ്റൂ" എന്ന് തീരുമാനിച്ചിരുന്ന നാല് മാന്യദേഹങ്ങള്‍ കൂടി എന്റെ ബാരക്കില്‍ ഉണ്ടായിരുന്നു.

തൊമ്മന്‍ എന്ന മനോജ്‌ , ദിനേശ് , അനില്‍, അജോയി എന്നവരായിരുനു ആ മാന്യ ദേഹങ്ങള്‍.


ആഴ്ചയില്‍ മൂന്ന് ദിവസമാണ്‌ പട്ടാളത്തില്‍ റം ഇഷ്യൂ ഉള്ളത്. തിങ്കള്‍, ബുധന്‍, ശനി എന്നിവയാണ് ആ ദിവസങ്ങള്‍. പക്ഷെ അത് സ്റ്റാഫിന് മാത്രമെ ഉള്ളൂ. മെസ്സിന്റെ അടുത്തുള്ള ഒരു മുറിയാണ് "ബാര്‍" ആയി ഉപയോഗിക്കുന്നത്. റം ഇഷ്യൂ നടക്കുന്ന സമയത്ത് ട്രെയിനികള്‍ക്ക്‌ മെസ്സിന്റെ അടുത്തുകൂടി പോലും പോകാന്‍ അനുവാദമില്ല. മെസ്സിന് തൊട്ടടുത്തു തന്നെയാണ് ഞങ്ങളുടെ ബാരക്ക്.

വൈകിട്ട് ഏഴ് മണിയാകുമ്പോള്‍ റം ഇഷ്യൂ തുടങ്ങും. സമയത്ത് അവിടൊക്കെ നല്ല മണം പരക്കും. ഹൃദയഹാരിയായ മണം ആസ്വദിച്ചു കൊണ്ടു ഞങ്ങള്‍ സമയം തള്ളി നീക്കും. ട്രെയിനിംഗ് തീരുന്ന അന്നുതന്നെ ഒരു ഫുള്‍ബോട്ടില്‍ വാങ്ങി മൂക്കറ്റം അടിച്ച് പിമ്പിരിയായി, ആദ്യം ബാരക്ക് കമാണ്ടര്‍ ആയ സര്‍ദാര്‍ജിയേയും പിന്നെ ഞങ്ങള്‍ക്ക് വൈരാഗ്യമുള്ള എല്ലാവരേയും തല്ലുന്നതായും, ബാരക്ക് മുഴുവന്‍ വാള് വയ്ക്കുന്നതായും ഒക്കെ താന്‍ സ്വപ്നം കാണാറുണ്ട്‌ എന്ന് തൊമ്മന്‍ എന്ന മനോജ് സമയത്ത് പറയാറുണ്ട്.


പക്ഷെ വാള് വയ്കുന്നത് പോയിട്ട് വായ് ഒന്നു നനക്കാന്‍ പോലും പറ്റുന്നില്ല. അങ്ങനെ വിഷമിച്ചു കഴിയുന്ന സമയത്താണ്‌ ഒരവസരം വീണു കിട്ടിയത്.

പട്ടാളത്തിന്റെ അധീനതയിലുള്ള ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്. അവിടുത്തെ വികാരിയും പട്ടാളക്കാരനാണ്‌. അദേഹത്തെ Religious Teacher എന്നാണ് വിളിക്കുന്നത്. തൊമ്മനാണ് പള്ളിയിലെ കപ്യാര്‍. മണിയടി നല്ല വശമുള്ള തൊമ്മന്‍ വികാരിയച്ചനെ സോപ്പിട്ടു ഒരു കുപ്പി ഒപ്പിച്ചെടുത്തു. അതുമായി ബാരക്കിലെത്തിയ അവന്‍ പരമ രഹസ്യമായി കാര്യം ഞങ്ങളെ അറിയിച്ചു. ബാരക്ക് കമാണ്ടരോ മറ്റു വല്ലവരുമോ അറിയാതെ സാധനം അകത്താക്കാന്‍ എന്താണ് വഴിയെന്നു ഞങ്ങള്‍ നാലുപേരും കൂടി തലപുകഞ്ഞാലോചിച്ചു.


അവസാനം വഴി കണ്ടെത്തി.


കൂട്ടത്തില്‍ ലോലഹൃദയനാണ് അനില്‍. കള്ളിന്റെ മണമടിച്ചാല്‍ പോലും പൂസ്സാകുന്ന അനിലിനെ വെളിയില്‍ കാവല്‍ നിര്‍ത്തിയിട്ടു ഞാനും മനോജും ദിനേശും അജോയിയും കൂടി ഓരോരുത്തരായി കുടിക്കുക. പക്ഷെ അനില്‍ സമ്മതിച്ചില്ല. തന്നെ ലോലഹൃദയനാക്കി മാറ്റി നിര്‍ത്തിയിട്ടു നാലുപേര്‍ക്കും കൂടി അടിച്ച് പൂസ്സാകാം എന്ന മോഹം നടപ്പില്ല എന്നവന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ പദ്ധതിയും പാളി.

അവസാനം എല്ലാവര്‍ക്കും തുല്യമായി വീതിക്കാം എന്ന തീരുമാനത്തില്‍ എത്തി.

വൈകിട്ട് എല്ലാവരും ഭക്ഷണം കഴിക്കാന്‍ മെസ്സില്‍ പോയ സമയം നോക്കി ഞങ്ങള്‍ ഒരുമിച്ചു കൂടി. എന്റെ ഇരുമ്പ് പെട്ടി തുറന്നു അതിനുള്ളില്‍ കുപ്പിയും ഗ്ലാസും തൊട്ടു നക്കാനുള്ള അച്ചാറും വച്ചു. എന്നിട്ട് എല്ലാവരും പുറത്തുപോയി അവിടവിടെ ചുറ്റിപ്പറ്റി നിന്നു. കാവല്‍ നില്‍ക്കേണ്ട അനിലിനെ ആദ്യംതന്നെ പെട്ടിയുടെ അടുത്തേക്കയച്ചു. രണ്ടു പെഗ്ഗില്‍ കൂടുതല്‍ കുടിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് അവനെ അയച്ചത്.

ഏതായാലും കാര്യം സാധിച്ചു എത്രയും പെട്ടെന്നുതന്നെ അവന്‍ മടങ്ങിയെത്തി. പിന്നീട് അജോയി മനോജ് എന്നിവര്‍ കൃത്യം ചെയ്തു മടങ്ങി എത്തിയതോടെ എന്റെ ഊഴമായി. കള്ളു കുടിച്ചിട്ടുണ്ടെങ്കിലും "മിലിട്ടറി" അടിക്കുന്നത് ആദ്യമാണ്. അതിന്റെ രുചി അറിയാനുള്ള അദമ്യമായ ആഗ്രഹത്തോടെ ഞാന്‍ പെട്ടിക്കരുകിലെത്തി.

പെട്ടി തുറന്ന ഞാന്‍ ഞെട്ടി.

കുപ്പി കാലിയായിരിക്കുന്നു. മൂട്ടില്‍ മാത്രം കഷ്ടിച്ച് അര പെഗ്ഗ് കാണും.

ദ്രോഹികള്‍ ....

എല്ലാരും കുറേശ്ശെ എടുക്കുമെന്നും അവസാനം ചെല്ലുന്ന എനിക്ക് ബാക്കിയുള്ള മുഴുവനും അടിക്കാമെന്നും ഒക്കെ വ്യാമോഹിച്ച ഞാന്‍ കുപ്പിയുടെ അടപ്പ് തുറക്കണോ വേണ്ടയോ എന്നാലോചിച്ചു കുറച്ചു നേരം ഇരുന്ന ശേഷം "കിട്ടിയതാകട്ടെ" എന്ന് കരുതി മുഴുവനും കൂടി ഗ്ലാസില്‍ ഒഴിച്ച് അല്പം വെള്ളവും ചേര്‍ത്തു ഒറ്റ വലിക്കു കുടിച്ചു. പിന്നെ അച്ചാറ് അല്പം തൊട്ടു നാക്കില്‍ വച്ചു.

ഹോ...മിലിട്ടറി സ്വയമ്പന്‍ തന്നെ... അല്പം കൂടി കിട്ടിയിരുന്നെങ്കില്‍........

എനിക്ക് വേണ്ടി ഒരു പെഗ്ഗ് പോലും ബാക്കി വയ്കാതിരുന്ന ദരിദ്രവാസികളെ പിന്നെ കണ്ടോളാം എന്ന് തീരുമാനിച്ചു കൊണ്ട് എഴുനേറ്റ ഞാന്‍ എന്റെ നേരെ മുന്‍പില്‍ കൊമ്പന്‍ മീശയും താടിയും തലയില്‍ കെട്ടുമുള്ള ഒരു രൂപത്തെക്കണ്ട് ഞെട്ടി !!!

നമ്മുടെ നാട്ടിലെ എക്സൈസുകാര്‍ കള്ളവാറ്റുകാരെ തൊണ്ടിസഹിതം പൊക്കുന്നതുപോലെ എന്നെയും കള്ളുകുപ്പിയേയും സര്‍ദാര്‍ജി അച്ചാര്‍ സഹിതംപൊക്കിയ വിവരമറിഞ്ഞ തൊമ്മനും അജോയിയും പോയ വഴിക്ക് ഇപ്പോഴും പുല്ലു മുളച്ചിട്ടില്ലത്രേ ...!

ലോല ഹൃദയനും സാധുവുമായ അനില്‍ മാത്രം വസന്ത പിടിച്ച കോഴിയെപ്പോലെ വാതിലിനടുത്തുള്ള ഭിത്തിയില്‍ ചാരി കാലും നീട്ടി മയങ്ങി ഇരിക്കുന്നത് പോകുന്ന പോക്കില്‍ ഞാന്‍ കാണുകയുണ്ടായി. ലോലഹൃദയന്റെ അമ്മാതിരിയുള്ള ഇരിപ്പ് കണ്ടിട്ടാണ് ഹൃദയം അല്പംപോലും ലോലമാല്ലാത്ത സര്‍ദാര്‍ജി ബാരക്കില്‍ വരാനും എന്നെ തൊണ്ടിയോടെ പൊക്കാനും കാരണം.

ഏതായാലും മൂന്നു നാലു ദിവസത്തേക്ക് ഞാന്‍ കള്ളടിക്കാതെ തന്നെ പൂസ്സായിരുന്നു...


2010 നവംബർ 17, ബുധനാഴ്‌ച

"മു" ഇല്ലാത്ത പട്ടാളക്കാരന്‍

കേരളത്തില്‍ ജോലി ചെയ്യുക എന്നത് മലയാളികളായ മുഴുവന്‍ പട്ടാളക്കാരുടെയും സ്വപ്നമാണ്. അതിനുള്ള ഭാഗ്യം എല്ലാ പട്ടാളക്കാര്‍ക്കും കിട്ടാറില്ല. പക്ഷെ പട്ടാളക്കാരുടെ കണ്‍ കണ്ട ദൈവവും ഭക്ത വത്സലനുമായ "ആര്‍മി" തമ്പുരാന്‍ മൂന്നു മാസം കേരളത്തില്‍ ജോലി ചെയ്യാനുള്ള അസുലഭ ഭാഗ്യം ഒരിക്കല്‍ എനിക്ക് കനിഞ്ഞരുളിയിരുന്നു.


അങ്ങനെ ജന്മനാട്ടിലെ കൊതുകു കടിയുടെ സുഖം നുകര്‍ന്ന് കുറച്ചു നാളെങ്കിലും ജോലി ചെയ്യാമല്ലോ എന്ന ആഗ്രഹത്തോടെ പെട്ടിയും കിടക്കയും എടുത്ത്‌, ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വരെയും അവിടെനിന്നും തിരിച്ചു ഡല്ഹി വരെയും തേരാപ്പാരാ ഷട്ടിലടിച്ചു കൊണ്ടിരിക്കുന്ന ഒരു വണ്ടിയില്‍ കയറി തമ്പാനൂര്‍ ഇന്റര്‍നാഷണല്‍ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ ലാണ്ട് ചെയ്തു.! പിന്നെ ഇടതു കയ്യില്‍ പെട്ടിയും വലതു കയ്യില്‍ ബെഡ് റോളും (കിടക്കാനുള്ള സെറ്റപ്പ് ) കഴുത്തില്‍ സാമാന്യം വലിയ ഒരു വാട്ടര്‍ ബോട്ടിലും തൂക്കി, സര്‍ക്കാര്‍ ആശുപത്രി തിരക്കിപ്പോകുന്ന പൂര്‍ണ ഗര്‍ഭിണിയെപ്പോലെ ബസ്സ് സ്റ്റാന്റ് ലാക്കാക്കി നടന്നു.


സ്റ്റാന്‍ഡില്‍ എത്തി അല്‍പസമയം കഴിഞ്ഞപ്പോള്‍ പാങ്ങോട് വഴി പോകുന്ന ഒരു ഓര്‍ഡിനറി ബസ് കിട്ടി. ആളു കുറവായതിനാല്‍ വാതിലിനു അടുത്തു തന്നെയുള്ള ഒരു സീറ്റില്‍ ഇരുന്നിട്ട് പെട്ടിയും കിടക്കയും ഒതുക്കി വച്ചു. എന്നിട്ട് ബാല്‍ക്കണി ടിക്കറ്റ് എടുത്ത്‌ സിനിമ കാണാന്‍ കയറിയ ആള്‍ താഴെ ഇരിക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന സെക്കണ്ട് ക്ലാസ്സുകാരനെ നോക്കുന്നതു പോലെ, ബസ്സുകളില്‍ കയറാന്‍ ആളുകള്‍ നടത്തുന്ന ഇടിയും തൊഴിയും നോക്കിയിരുന്നു. അതിനിടയില്‍ താഴെ നിന്ന ഒരു ഹതഭാഗ്യന്റെ മുണ്ട് ബസ്സില്‍ കയറിപ്പോയ ഒരാളുടെ ബാഗിലോ മറ്റോ കുടുങ്ങുകയും ടിയാന്‍ അണ്ടര്‍വെയര്‍ ധാരിയായി നിന്നുകൊണ്ട് തനിക്ക് മുമ്പെ ബസ്സില്‍ കയറിപ്പോയ തന്റെ മുണ്ടിനെ ബലമായി താഴെ ഇറക്കാന്‍ പാടു പെടുന്നതും കാണാമായിരുന്നു.


അല്പം കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ രണ്ടു മൂന്നു കോളേജ് കുമാരികള്‍ കലപില വര്‍ത്തമാനം പറഞ്ഞു കൊണ്ടു ഞാന്‍ ഇരുന്ന ബസ്സില്‍ കയറി. അവര്‍ ഡ്രൈവറുടെ സീറ്റിനു പുറകില്‍, അയാള്‍ ഗിയര്‍ മാറ്റുന്നത് ശരിയായിട്ടാണോ എന്ന് പരിശോധിക്കാന്‍ നില്കുന്നവരെപ്പോലെ നിലയുറപ്പിച്ചു. അതോടെ എന്റെ നോട്ടത്തിന്റെ ദിശ ഞാന്‍ അങ്ങോട്ടു മാറ്റി.


പ്രമേഹരോഗി ഐസ് ക്രീം കടയിലേക്ക് നോക്കുന്നത് പോലെയുള്ള എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു അതില്‍ ഒരുവള്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കി. പിന്നെ അടുത്തു നില്ക്കുന്ന വേറൊരുത്തിയെ തോണ്ടിയിട്ട് അവളുടെ ചെവിയില്‍ എന്തോ അടക്കം പറഞ്ഞു. എല്ലാവരും കൂടി ഒരിക്കല്‍ കൂടി എന്നെ നോക്കി അടക്കിച്ചിരിച്ചു. ആദ്യം നോക്കിയവള്‍ ഇടക്കിടക്ക് എന്നെ ഒളി കണ്ണിട്ടു നോക്കുന്നതും ഗൂഡമായി പുഞ്ചിരിക്കുന്നതും കണ്ട എന്റെ മനസ്സില്‍ ഒരു സംശയം ഉടലെടുത്തു.


എന്റെ മുടിവെട്ട് സ്റ്റൈലും, പെട്ടിയും പ്രമാണവുമൊക്കെ കാണുമ്പോള്‍ തന്നെ ഞാന്‍ ഒരു പട്ടാളക്കാരനാണ്‌ എന്ന് മനസ്സിലാകും. ഇടയ്ക്കിടയ്ക്ക് തിരുവനന്തപുരത്തു നടക്കാറുള്ള പട്ടാളക്കാരുടെ കലാപരിപാടികള്‍ കണ്ടിട്ട് അവരോടുള്ള ആരാധന മൂത്ത ഒരു യുവതിയാണോ ഇവള്‍? അതോ പട്ടാളക്കാരുടെ ശമ്പളം ലക്ഷങ്ങളായി ഉയര്‍ത്തിയ വാര്‍ത്തയറിഞ്ഞ്, കല്യാണം കഴിക്കുകയാണെങ്കില്‍ അത് പട്ടാളക്കാരനെ മാത്രമേയുള്ളൂ എന്ന് തീരുമാനിച്ചു നടക്കുന്ന ദേശസ്നേഹിയായ ഒരു മഹിളാരത്നമാണോ എന്റെ മുന്‍പില്‍ നില്‍കുന്ന ഈ യുവ സുന്ദരി !


ഏതായാലും എന്നെ ഇങ്ങോട്ട് അയക്കാന്‍ തിരുവുള്ളമുണ്ടായ ആര്‍മി തമ്പുരാനെ ഞാന്‍ മനസാ നമിച്ചു. യുവ സുന്ദരി എന്നെ നന്നായി കണ്ടോട്ടെ എന്ന് കരുതി എന്റെ മുട്ടത്തലയുടെ പുറത്തു ഫിറ്റ് ചെയ്തു വച്ചിരിക്കുന്ന മങ്കി ക്യാപ് (തൊപ്പി) ഒന്നുകൂടി ഉറപ്പിച്ചു വച്ചിട്ട് തൂവാല കൊണ്ടു മുഖമൊക്കെ ഒന്ന് അമര്‍ത്തിത്തുടച്ച് ഞാന്‍ കൂടുതല്‍ സുന്ദരനായി. എന്നിട്ട് സീറ്റില്‍ വടി പോലെ നിവര്‍ന്നിരുന്നു.


ഇതിനിടയില്‍ വണ്ടി വിട്ട വിവരവും സുന്ദരിമാര്‍ ഇറങ്ങാനുള്ള സ്ഥലമായതും ഞാന്‍ അറിഞ്ഞില്ല. എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചുകൊണ്ട് ആ തരുണീമണികള്‍ ശരീരത്തിന്‍റെ ചില ഭാഗങ്ങള്‍ ഇളക്കി, മന്ദം മന്ദം ബസ്സില്‍ നിന്നിറങ്ങി. എന്നെ മോഹിപ്പിച്ച സുന്ദരി , പോകുന്ന വഴിക്ക് ഊറിച്ചിരിച്ചുകൊണ്ട് എന്നെ ഒന്നു കൂടി കടാക്ഷിച്ചു. അപ്പോള്‍ അവളുടെ കൂടെയുള്ള ഒരു പൂവാലി അവളെ ശാസിക്കുന്നതു പോലെ "തീര്‍ന്ന കേസ്സാഡീ, വിട്ടുകള" എന്ന് പറയുന്നതും അതുകേട്ട് അവരെല്ലാവരും പൊട്ടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു..


ഏതായാലും സാരമില്ല ഇനിയും സമയമുണ്ടല്ലോ എന്ന് ആശ്വസിച്ച ഞാന്‍ ഇറങ്ങാനായി എഴുനേറ്റു. എന്റെ അടുത്തു തന്നെ കമ്പിയില്‍ തൂങ്ങി നിന്നു കൊണ്ട് അതിന്റെ ബലം പരിശോധിച്ചു കൊണ്ടിരുന്ന ഒരു മധ്യ വയസ്കനെ വിളിച്ചു ഞാന്‍ ഇരുന്ന സീറ്റ് കൊടുത്തെങ്കിലും ആ മാന്യ ദേഹം ഇരിക്കാനായി തുനിഞ്ഞ ശേഷം പെട്ടെന്ന് തന്നെ വേണ്ടെന്നു പറഞ്ഞിട്ട് പഴയതുപോലെ കമ്പിയുടെ ബലം പരിശോധിച്ചു കൊണ്ട് അവിടെത്തന്നെ നിന്നു.


ഒന്നുരണ്ടു പേര്‍ സീറ്റില്ലാതെ കമ്പിയില്‍ തൂങ്ങുന്നുണ്ട്. പക്ഷെ അവരാരും ഞാന്‍ ഇരുന്ന സീറ്റില്‍ ഇരിക്കുന്നില്ല. അതിന്റെ കാരണം എന്താണ് എന്നെനിക്കു മനസ്സിലായില്ല. ഞാന്‍ ഇരുന്നത് കൊണ്ട് ആ സീറ്റിനു വല്ല കുഴപ്പവും പറ്റിയോ എന്ന് ഞാന്‍ ശങ്കിച്ചു. അപ്പോഴാണ്‌ ആ സീറ്റിനു മുകളില്‍ എഴുതി വച്ചിരിക്കുന്ന ഒരു ലിഖിതം ഞാന്‍ കണ്ടത്.


"തീര്‍ന്ന പൌരന്മാര്‍" !!!


അങ്ങനെയുള്ള പൌരന്മാരെ എനിക്ക് തീരെ പരിചയമുണ്ടായിരുന്നില്ല. കേരളത്തില്‍ ഇങ്ങനെയുള്ള പൌരന്മാരുമുണ്ടോ? അതു കൊണ്ടാവുമോ സര്‍ക്കാര്‍ ബസ്സില്‍ അവര്‍ക്ക് വേണ്ടി സീറ്റ് സംവരണം ചെയ്തിരിക്കുന്നത്? എനിക്ക് സംശയമായി. പക്ഷെ ആ ലിഖിതത്തില്‍ സൂഷ്മ നിരീക്ഷണം ചെയ്ത എനിക്ക് പെട്ടെന്ന് സംഗതി മനസ്സിലായി. കേരളത്തിലെ മുതിര്‍ന്ന പൌരന്മാര്‍ക്ക് വേണ്ടി കെ എസ് ആര്‍ ടി സി സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റാണ് അത്. പക്ഷെ ഏതോ മലയാള ഭാഷാ സ്നേഹി മുതിര്‍ന്ന പൌരന്റെ "മു" ചുരണ്ടി കളഞ്ഞിട്ടു ആ സീറ്റ് "തീര്‍ന്ന" പൌരന്മാര്‍ക്കായി സംവരണം ചെയ്തത് മൂലം അതില്‍ ഇരുന്ന ഞാന്‍ ആ കാറ്റഗറിയില്‍ പെട്ട ആളാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാവുമോ ആവോ?


ഇറങ്ങിപ്പോകുന്ന പോക്കില്‍ സുന്ദരിമാര്‍ പറഞ്ഞതിന്റെ പൊരുള്‍ അപ്പോഴാണ്‌ എനിക്ക് പിടി കിട്ടിയത്. പട്ടാളക്കാരനയാലും "മു" ഇല്ലെങ്കില്‍ പിന്നെ തീര്‍ന്നില്ലേ കാര്യം???

2010 ഏപ്രിൽ 29, വ്യാഴാഴ്‌ച

കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"



ഒരു
പുതിയ പോസ്റ്റ് എഴുതാനുള്ള "ത്രെഡ് " കിട്ടിയ ഞാന്‍ ആ ത്രെഡുമായി കമ്പ്യൂട്ടര്‍ ഇരിക്കുന്ന മുറിയില്‍ കയറി കമ്പ്യൂട്ടര്‍ ടേബിളിന്റെ അടിയില്‍ സൂക്ഷിച്ചിരിക്കുന്ന "ത്രെഡ് വര്‍ദ്ധക രസായനം" അല്പമെടുത്ത് ഗ്ല്ലാസില്‍ ഒഴിച്ച് അതില്‍ "ത്രെഡ്" ഇട്ടതിനു ശേഷം സമം വെള്ളവുമായി കലര്‍ത്തി അച്ചാര്‍ ചിപ്സ് എന്നിവയുടെ അകമ്പടിയോടെ അല്പാല്പമായി പോസ്റ്റാക്കിക്കൊണ്ടിരിക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്.



"ഹോ മനുഷ്യനെ മിനക്കെടുത്താനുള്ള ഒരു സാധനം" ഞാന്‍ ദേഷ്യത്തോടെ മൊബൈല്‍ അറ്റന്‍ഡ് ചെയ്തു.


ഹലോ രഘുവല്ലേ?


ഹലോ രഘുവല്ല. ഇത് പട്ടാളം രഘുവാണ്...... കോന്‍ ബോല്‍ രേ ഭായ് ?


പെഗ്ഗുണ്ടോ സഖാവേ ഒരു സോഡാ എടുക്കാന്‍?


ങേ......???


എടാ... അളിയാ...നിനക്ക് മനസിലായില്ലേ... ഇതു ഞാനാ.....അനില്‍...


അനിലോ? ഏത് അനില്‍ ?


എടാ പണ്ട് ജബല്‍പ്പൂരില്‍ ഉണ്ടായിരുന്ന... കായംകുളം കാരന്‍ അനില്‍.


ഓ.. അനില്‍ !! അളിയാ നീ ഇപ്പോള്‍ എവിടെയാ ? സുഖം തന്നെ അല്ലേ? എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?


എടാ നിന്റെ വെടിക്കഥകള്‍ ഒക്കെ ഞാന്‍ വായിക്കുന്നുണ്ട്. നമ്മുടെ ഭീമന്‍ രഘുവിന്റെ കഥ എന്താ എഴുതാതിരുന്നത്?



ഭീമന്‍ രഘുവോ? അയ്യോ അങ്ങേരെ ഞാന്‍ ഇതുവരെ കണ്ടിട്ട് പോലുമില്ല.



എടാ ആ ഭീമന്‍ രഘുവല്ല. ജബല്‍പ്പൂരില്‍ ഉണ്ടായിരുന്ന ഭീമന്‍ രഘു. നമ്മുടെ രഘുനാഥ കുറുപ്പ്.



അപ്പോഴാണ്‌ എനിക്ക് രഘുനാഥ കുറുപ്പ് എന്ന കുറുപ്പ് സാറിനെ ഓര്‍മ വന്നത്. മിലിട്ടറി ട്രെയിനിംഗ് സമയത്ത് ഞങ്ങളുടെ ഫിസിക്കല്‍ ട്രെയിനിംഗ് ഉസ്താദ് ആയിരുന്നു കുറുപ്പ് സാര്‍. കുറുപ്പ് സാറിന്റെ പേര് കേട്ടാല്‍ നടുങ്ങാത്ത ആരും അന്ന് ഞങ്ങളുടെ ബാരക്കില്‍ ഉണ്ടായിരുന്നില്ല. സിനിമാതാരം ഭീമന്‍ രഘുവിന്റെ മുഖ സാദൃശ്യം ഉണ്ടായിരുന്നില്ല എങ്കിലും ശരീര സ്ഥിതി വച്ച് നോക്കിയാല്‍ ഒരു ഭീമന്‍ തന്നെയായിരുന്നു അദ്ദേഹം. ഭീമന്‍ രഘുവിനെപ്പോലെ മസ്സില് പിടിച്ചുള്ള നടത്തവും അദ്ദേഹത്തിന്റെ പോലെയുള്ള സംസാര രീതിയുമായിരുന്നു കുറുപ്പ് സാറിന്. അതുകൊണ്ട് മലയാളികള്‍ അദ്ദേഹത്തിനു കൊടുത്ത പേരാണ് " ഭീമന്‍ രഘു"



ഫിസിക്കല്‍ ട്രെയിനിങ്ങില്‍ ഭയങ്കര കണിശക്കാരനായിരുന്നു കുറുപ്പ് സാര്‍. പി ടി ഗ്രൗണ്ടില്‍ സമയത്തിനു മുന്‍പ് തന്നെ ഹാജരാകുന്ന അദ്ദേഹം താമസിച്ചു വരുന്നവരെക്കൊണ്ട് ഗ്രൌണ്ടിന്റെ ചുറ്റും പല തവണ ഓടിക്കുമെന്ന് മാത്രമല്ല തവള ചാട്ടം, തലകുത്തി മറിയല്‍, ഉരുളിച്ച തുടങ്ങിയ കലാപരിപാടികളും ചെയ്യിപ്പിക്കും. ഓടുന്നവരുടെ പിറകെ ഓടുകയും ഓട്ടത്തില്‍ പിറകില്‍ പോകുന്നവരെ ഓടിച്ചിട്ടടിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.



ഫിസികള്‍ ട്രെയിനിംഗ് ചെയ്യിക്കുക എന്നത് കൂടാതെ വൈകുന്നേരങ്ങളില്‍ ബാരക്കുകളില്‍ മിന്നല്‍ പരിശോധന നടത്തുക, ബാരക്കിന്റെ പിന്നില്‍ പോയിരുന്നു സിഗരറ്റ് , ബീഡി എന്നിവ വലിക്കുന്നവരെ കയ്യോടെ പിടിക്കുക, ഹാന്‍സ്, പാന്‍ പരാഗ് മുതലായ പുകയില ഇത്പന്നങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്ന ഹിന്ദിക്കാരെ അവരുടെ പെട്ടിയിലും മറ്റും ഒളിച്ചു വച്ചിരിക്കുന്ന സാധനസാമഗ്രികള്‍ സഹിതം പിടിച്ചു കൊണ്ട് പോയി ഹവില്‍ദാര്‍ മേജറിന്റെ മുന്‍പില്‍ ഹാജരാക്കുക, അവര്‍ക്ക് ഹവില്‍ദാര്‍ മേജര്‍ നിര്‍ദ്ദേശിക്കുന്ന ശിക്ഷാ വിധികള്‍ നടപ്പാക്കുക എന്നിവയായിരുന്നു കുറുപ്പ് സാറിന്റെ ഡ്യൂട്ടികള്‍.


സെന്ററില്‍ ഉണ്ടായിരുന്ന ഉസ്താദ് പുലികളില്‍ പുപ്പുലിയായിരുന്ന കുറുപ്പ് സാറിനെ ഒട്ടും പേടിയില്ലാത്ത ഒരു പുലി കൂടി അന്നവിടെ ഉണ്ടായിരുന്നു. കുറുപ്പ് സാറിന്റെ സ്വന്തം നാടുകാരനായിരുന്നു അയാള്‍. തന്റെ നാട്ടുകാരന്‍ ആയതു കൊണ്ടാണെന്ന് തോന്നുന്നു കുറുപ്പ് സാറിന് അയാളോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. ആയതു മുതലാക്കിയ മേല്‍പ്പടിയാന്‍ താന്‍ കുറുപ്പ് സാറിന്റെ "സ്വന്തം ആളാണെന്നും" കുറുപ്പ് സാര്‍ ഇല്ലാത്തപ്പോള്‍ ബാരക്കിന്റെ ചുമതല തനിക്കാണെന്നും ജൂനിയര്‍ "റിക്രൂട്ട്" കളെ അറിയിച്ചു. (പട്ടാളത്തില്‍ ബേസിക് ട്രെയിനിംഗ് നടത്തുന്നവരെ വിളിക്കുന്ന പേരാണ് റിക്രൂട്ട്) മാത്രമല്ല ബാരക്കില്‍ ആരും അറിയാതെ റിക്രൂട്ടുകള്‍ നടത്തുന്ന കള്ളുകുടി, സിഗരറ്റ് വലി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കുറുപ്പ് സാറിനെ അറിയിക്കാനും തുടങ്ങി. അത് മനസ്സിലാകിയ ട്രയിനികള്‍ കുറുപ്പ് സാറിനെ എന്നപോലെ അദ്ദേഹത്തിന്റെ വാലിനെയും പേടിച്ചു തുടങ്ങി. ഒപ്പം മലയാളികളായ ട്രയിനികള്‍ അയാള്‍ക്കൊരു പേരും കൊടുത്തു.



കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"



ഒരിക്കല്‍ ബീഹാറുകാരനായ തിവാരി എന്നൊരു റിക്രൂട്ടിന്റെ പെട്ടിയില്‍ ഇരിക്കുന്ന ഒരു കുപ്പി വിസ്കിയെപ്പറ്റി വാലുകുറുപ്പിന് വിവരം കിട്ടുകയും ആ വിവരം ഉടന്‍തന്നെ കുറുപ്പ് സാറിനെ അറിയിക്കുമെന്ന് തിവാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറുപ്പ് സാര്‍ അറിഞ്ഞാല്‍ വലിയ പണീഷ് മെന്റ് കിട്ടും എന്നുറപ്പുള്ള തിവാരി വാലുകുറുപ്പുമായി ഒരു ധാരണ ഉണ്ടാക്കുകയും ആ ധാരണ പ്രകാരം വിസ്കിയുടെ കുപ്പി വാലുകുറുപ്പിന് കൊടുക്കുകയും പ്രശ്നം ഗോപ്യമായി പരിഹരിക്കുകയും ചെയ്തു. കിട്ടിയ കുപ്പി അന്ന് വൈകുന്നേരം തന്നെ വാലു കുറുപ്പും കൂട്ടുകാരും പൊട്ടിച്ചു കഴിക്കുകയും ചെയ്തു.



അങ്ങനെ ബാരക്കില്‍ വരുന്ന കുപ്പികളെക്കുറിച്ച് വിവരം ശേഖരിച്ചു കുറുപ്പ് സാറിനെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി കുപ്പി സ്വന്തമാക്കിയ ശേഷം വൈകുന്നേരങ്ങളില്‍ അടിച്ചു പിമ്പിരിയായി നടന്നിരുന്ന വാലുകുറുപ്പിന് ഒരിക്കല്‍ അക്കിടി പറ്റി...


ഒറീസ്സക്കാരനായ റിക്രൂട്ട് സാഹൂ എവിടെ നിന്നോ ഒരു കുപ്പി കൊണ്ടു വന്നിട്ടുണ്ടെന്നും വൈകുന്നേരം ഒറീസ്സക്കാര്‍ എല്ലാവരും ചേര്‍ന്ന് അത് കുടിക്കുവാനുള്ള പ്ലാന്‍ ഉണ്ടെന്നും വിവരം കിട്ടിയ വാലു കുറുപ്പ് മെസ്സില്‍ ജോലിയിലായിരുന്ന സാഹുവിനെ കണ്ടിട്ട് കുപ്പിയുടെ വിവരം തിരക്കി. കുപ്പിയുടെ വിവരം കുറുപ്പ് സാര്‍ അറിഞ്ഞു കഴിഞ്ഞുവെന്നും കുപ്പി തന്റെ കൈവശം കൊടുത്തുവിടാന്‍ കുറുപ്പ് സാര്‍ നിര്‍ദ്ദേശം തന്നിട്ടുണ്ടെന്നും പറഞ്ഞതോടെ ഭയന്നു പോയ സാഹു ഉടന്‍ ബാരക്കിലെത്തി കുപ്പി എടുത്തു വാലു കുറുപ്പിന്റെ കൈവശം ഏല്പിച്ചു.



കുപ്പി കൊടുത്തിട്ട് തിരിച്ചു വന്ന സാഹൂ മെസ്സില്‍ നില്‍ക്കുന്ന കുറുപ്പ് സാറിനെ കണ്ടതോടെ തന്നെ പിടിക്കാന്‍ കുറുപ്പ് സാര്‍ നേരിട്ട് മെസ്സിലെത്തിയതാണെന്ന് ധരിച്ച്, കുപ്പി കൊടുത്തു വിട്ടിട്ടുണ്ടെന്നും ഇനി ഒരിക്കലുംആവര്‍ത്തിക്കില്ല, ഇത്തവണ ക്ഷമിക്കണമെന്നുമുള്ള മുന്‍‌കൂര്‍ ജാമ്യാപേക്ഷ കുറുപ്പ് സാറിന് കൊടുത്തു. കാര്യമറിയാതെ അന്തംവിട്ടു പോയ കുറുപ്പ് സാര്‍ സാഹുവുമായി ഉടന്‍ ബാരക്കില്‍ എത്തുകയും ബാരക്കിന്റെ പിറകിലുള്ള വരാന്തയില്‍ ഇരുന്നിരുന്ന വാലുകുറുപ്പിനെ കുപ്പി സഹിതവും ഒപ്പമുണ്ടായിരുന്ന വാലു കുറുപ്പിന്റെ സുഹൃത്ത് അനിലിനെ അച്ചാറിന്റെ ചെറിയ ഭരണി സഹിതവും പൊക്കി.


റമ്മു കുപ്പിയും അച്ചാറുമായി കുറുപ്പ് സാറിന്റെ നേതൃത്തത്തില്‍ ഹവില്‍ദാര്‍ മേജറുടെ ഓഫീസ്സിലേയ്ക്ക് മാര്‍ച്ച് ചെയ്യുന്ന വാലു കുറുപ്പിനെയും അനിലിനെയും കണ്ടു ബാരക്കിലുള്ള റിക്രൂട്ടുകള്‍ അന്തം വിട്ടു നിന്നു



ഭീമന്‍ രഘുവിനു വാല് കുറുപ്പിനോടുള്ള ബന്ധവും വാലുകുറുപ്പിന് അനിലുമായുള്ള ബന്ധവും മാന്യ വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ അല്ലേ?

2010 ജനുവരി 29, വെള്ളിയാഴ്‌ച

മോട്ടന്‍ സാറിന്റെ മുട്ട് വേദന..




ടി വിയില്‍ റിപ്പബ്ലിക് ദിന പരേഡ് കണ്ടു കൊണ്ടിരുന്നപ്പോഴാണ്‌ ഞാന്‍ "മോട്ടന്‍" സാറിനെ ഓര്‍മിച്ചത്‌..

ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പല തവണ പങ്കെടുത്തിത്തുള്ള മാന്യദേഹമാണ് ഹവില്‍ദാര്‍ ശ്യാം ലാല്‍ മോട്ടന്‍ എന്ന "എസ്.എല്‍.മോട്ടന്‍". ഹിമാചല്‍ പ്രദേശ്‌ ആണ് അദ്ദേഹത്തിന്റെ ജന്മദേശം.

ഇന്ത്യയുടെ പല ഭാഗങ്ങളിലുള്ള യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പട്ടാളക്കാര്‍ ഡല്‍ഹിയില്‍ എത്തി അവിടുത്തെ അതി ശൈത്യവും മൂടല്‍ മഞ്ഞും വക വയ്ക്കാതെ മൂന്നു മാസത്തിലധികം കഠിനമായ പ്രാക്ടീസ് നടത്തിയതിനു ശേഷമാണ് ആര്‍.ഡി പരേഡ് എന്ന റിപ്പബ്ലിക് ദിന പരേഡ് അരങ്ങേറുന്നത്.

നിരന്തരമായ പ്രാക്ടീസിന് ശേഷം തിരിച്ചു യൂണിറ്റില്‍ വരുന്ന പലര്‍ക്കും ഉണ്ടാകാവുന്ന ഒരസുഖമാണ് "മുട്ട് വേദന"

പക്ഷെ സ്വതവേ മടിയനായ മോട്ടന്‍ സാറിനു മുട്ട് വേദന അസുഖമേയല്ല.... അതൊരു സുഖമാണ്......കാരണം, എന്ത് ജോലി ചെയ്യാന്‍ പറഞ്ഞാലും അദ്ദേഹം ഉടനെ പറയും.


"മേരെ ഘുട്നെ മേം ദര്‍ദ് ഹെ" (എനിക്ക് മുട്ട് വേദനയാ!!)

അതോടെ ആര്‍ ഡി പരേഡില്‍ പങ്കെടുത്തു വന്ന മാന്യദേഹമെന്ന പരിഗണയില്‍ മോട്ടന്‍ സാറിന്റെ ജോലി ഞങ്ങള്‍ ആരുടെയെങ്കിലും തലയില്‍ വന്നു വീഴും. !!

രാവിലെ പി. ടി ക്ക് പോകാനായി എല്ലാവരും തയ്യാറാകുമ്പോള്‍ മോട്ടന്‍ സാര്‍ മൂടിപ്പുതച്ചു കിടന്നു നല്ല ഉറക്കമായിരിക്കും. ആരെങ്കിലും വിളിച്ചുണര്‍ത്തിയാല്‍ ഉടനെ അദ്ദേഹം ദേഷ്യത്തോടെ ചോദിക്കും.


"എനിക്ക് മുട്ട് വേദനയാണെന്ന് നിനക്കറിയില്ലേ?" പിന്നെ വീണ്ടും പുതപ്പിനുള്ളില്‍ കയറും...


കമ്പിളിയ്ക്കുള്ളില്‍ കിടന്നു കൂര്‍ക്കം വലിക്കുന്ന മോട്ടന്‍ സാറിനെ അസൂയയോടെ നോക്കിയിട്ട് ഞങ്ങള്‍ മനസ്സില്ലാ മനസ്സോടെ പി ടി ക്ക് പോകും.


അങ്ങനെ സ്ഥിരം മുട്ടു വേദനക്കാരനായ മോട്ടന്‍ സാറിനു ഞങ്ങള്‍ മലയാളികള്‍ സ്നേഹത്തോടെ ഒരു പേരു കൊടുത്തു. "മുട്ടന്‍ സാര്‍".

മോട്ടന്‍ സാറിന്റെ മുട്ട് വേദന യൂണിറ്റില്‍ സംസാര വിഷയമായി. ഹവില്‍ദാര്‍ മേജര്‍ സുബേദാര്‍ മേജരോടും സുബേദാര്‍ മേജര്‍ സി ഓ സാബിനോടും ഈ മുട്ടന്‍ കാര്യം കൂലങ്കഷമായി ചര്‍ച്ച ചെയ്തു. മോട്ടന്‍ സാറിന്റെ മുട്ട് വേദന മാറാത്തതില്‍ സി ഓ സാബ് ആശങ്ക പ്രകടിപ്പിക്കുകയും ഖേദിക്കുകയും ചെയ്തു..

ജോലിയുടെ കാര്യം പറയുമ്പോള്‍ മാത്രമേ മോട്ടന്‍ സാറിനു മുട്ട് വേദന വരികയുള്ളൂ എന്നും അല്ലാത്തപ്പോള്‍ അദേഹത്തിന് യാതൊരു വിധ വേദനയും ഇല്ലെന്നും ഹൃദയ വേദനയോടെ ഞങ്ങള്‍ രഹസ്യമായി പരസ്പരം പറഞ്ഞു.


ഒടുവില്‍ മോട്ടന്‍ സാര്‍ തന്നെ ആവശ്യപ്പെട്ട പ്രകാരം അധികം മുട്ട് വേദന വരാത്ത ഒരു ജോലി അദ്ദേഹത്തിനു കൊടുത്തു. യൂണിറ്റു മെസ്സിന്റെ "മെസ്സ് കമാണ്ടര്‍" എന്ന മുട്ടില്ലാത്ത ജോലി.


അതോടെ മോട്ടന്‍ സാറിന് പുതിയ ഒരു പേരും കൂടി വീണു..."മട്ടന്‍ സാര്‍".


മെസ്സില്‍ വരുന്ന മട്ടന്റെ (ആട്ടിറച്ചി) മുക്കാല്‍ പങ്കും സ്വയം അകത്താക്കുന്നതിന്റെ ബഹുമാന സൂചകമായി ഹിന്ദിക്കാര്‍ കൊടുത്ത പേരാണ് അത്.


എങ്ങനെയെങ്കിലും അടുത്ത തവണ ആര്‍ ഡി പരേഡിന് പോകണമെന്നും അതിനു ശേഷം തിരിച്ചു വന്നു മോട്ടന്‍ സാറിനെപ്പോലെ മുട്ട് വേദനയായി കുറച്ചു നാള്‍ മട്ടനടിച്ചു കിടക്കണമെന്നും ഞാനും ആഗ്രഹിച്ചു.


മെസ്സ് കമാണ്ടര്‍ ആയ മോട്ടന്‍ സാര്‍ മെസ്സിന്റെ അരികിലുള്ള ഒരു മുറിയില്‍ തന്നെയാണ് താമസം. മെസ്സിലെ പാചകക്കാരനും തമിഴനുമായ ചിന്‍ രാജ് ആണ് അദ്ദേഹത്തിന്റെ കൂടെയുള്ള സഹ മുറിയന്‍. മുറിയനും സഹ മുറിയനും തമ്മില്‍ നമ്മുടെ വി എസും പിണറായിയും പോലെ നല്ല സ്വര ചേര്‍ച്ചയാണ്. പഞ്ചാബി കലര്‍ന്ന ഹിന്ദിയില്‍ മോട്ടന്‍ സാറും തമിഴ് കലര്‍ന്ന ഹിന്ദിയില്‍ ചിന്‍ രാജും സംസാരിക്കുമ്പോള്‍ മെസ്സില്‍ ആകെപ്പടെ ഒരു പിണങ്ങാറായി മയം.!


അങ്ങനെ ചിന്‍ രാജും മട്ടനുമായി മുട്ടന്‍ ഗുസ്തി പിടിച്ചു കാലം കഴിയവേ മോട്ടന്‍ സാറിനു പെട്ടെന്നൊരു മോഹമുദിച്ചു.

ഉടനെ ചുട്ടിക്കു (ലീവിന്) പോകണം. നാട്ടില്‍ നിന്നും ഭാര്യയുടെ കത്ത് വന്നിരിക്കുന്നു. പെട്ടെന്ന് ചെല്ലണമത്രേ !!


മോട്ടന്‍ സാര്‍ ഉടനെ ലീവ് ആപ്ലിക്കേഷന്‍ ഫില്‍ ചെയ്തു. അതുമായി കമ്പനി ഓഫീസിലേയ്ക്ക് പോയി...


സുബേദാര്‍ മേജറെ കണ്ടു കാര്യം ഉണര്‍ത്തിച്ചു. ഒപ്പം മെസ്സില്‍ നിന്നും സ്പെഷ്യലായി ഉണ്ടാക്കി കൊണ്ടുവന്ന ചൂട് ചായ ഒഴിച്ചു കൊടുത്തു. അത് കുടിച്ച സുബേദാര്‍ മേജര്‍ കുറച്ചു കൂടി മേജറായി. ലീവ് ആപ്ലിക്കേഷന്‍ കയ്യിലെടുത്തു നേരെ സി ഓ സാബിന്റെ അരികിലേയ്ക്ക് വിട്ടു. ജവാന്‍ ലീവിന് പോയിട്ട് ഒത്തിരി നാളായെന്നും പെട്ടെന്ന് ചെല്ലാനായി ജവാന്റെ ഭാര്യ കത്തയച്ചിരിക്കുന്നു എന്നും ജവാനെ ലീവിന് വിടേണ്ടത് വളരെ അത്യാവശ്യമാണെന്നും അറിയിച്ചു.


മോട്ടന്‍ സാബ് ഓഫീസിനു പുറത്തു അക്ഷമനായി കാത്തു നിന്നു...സുബേദാര്‍ മേജര്‍ വരാന്‍ വൈകിയപ്പോള്‍ മുട്ട് വേദന മറന്നു വരാന്തയില്‍ കൂടി മുട്ടന്‍ സ്പീഡില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.


ഒടുവില്‍ സുബേദാര്‍ മേജര്‍ സി ഓ യുടെ ഓഫീസില്‍ നിന്നും പുറത്തു വന്നു..അദ്ദേഹം ലീവ് ആപ്ലിക്കേഷന്‍ മോട്ടന്‍ സാബിന്റെ കയ്യില്‍ കൊടുത്തു.


അതില്‍ സി ഓ സാബ് ഇങ്ങനെ എഴുതിയിരുന്നു..

"ജവാന് ചുട്ടിക്ക് പോകാന്‍ സാധ്യമല്ല.. എന്തെന്നാല്‍ അദ്ദേഹത്തിനു മുട്ട് വേദനയാണ്...!!!"





2009 ഡിസംബർ 12, ശനിയാഴ്‌ച

ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും

പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോരോ കാരണങ്ങളുണ്ട്.


അതുപോലെ തന്നെ ഞെട്ടാനും ഞെട്ടിക്കാനും എന്തെങ്കിലും കാരണങ്ങള്‍ വേണം.


ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.


അതാണ്‌ എന്റെ സുഹൃത്തായ ശ്രീ കെ. ആര്‍. സുരേഷ് കുമാര്‍ (മൂന്നാറില്‍ പോയി എലിയെപ്പിടിച്ചു ആപ്പിലായ സുരേഷ് കുമാര്‍ അല്ല. പട്ടാളത്തില്‍ പോയി തോക്കുപിടിച്ച് തോക്കനായ സുരേഷ് കുമാര്‍)


ഉഗ്രവാദി എന്നോ പാകിസ്താന്‍ എന്നോ കേള്‍ക്കുമ്പോള്‍ ശ്രീ സുരേഷ് കുമാര്‍ ഞെട്ടും എന്നാണ് മാന്യ വായനക്കാര്‍ ഇപ്പോള്‍ കരുതുന്നതെന്ന് ഞാന്‍ ഊഹിക്കുന്നു. പക്ഷെ അതൊന്നും കേട്ടാല്‍ സുരേഷ് കുമാര്‍ ഞെട്ടില്ല. അവരൊക്കെ ഈ സുരേഷ് കുമാറിനും വെറും "എലികള്‍" മാത്രം.


പക്ഷെ "സര്‍ദാര്‍ജി" എന്ന് കേട്ടാല്‍ സുരേഷ് കുമാര്‍ ഞെട്ടും. വെറുതെ ഞെട്ടുകയല്ല. അച്ചുമാമനെ കണ്ട ഒറിജിനല്‍ സുരേഷ് കുമാറിനെപ്പോലെ ഞെട്ടും! അതാണ് അദ്ദേഹത്തിന്റെ ഒരു ഞെട്ടല്‍ സ്റ്റൈല്‍...


അതിന്റെ കാരണങ്ങളിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് ശ്രീ പട്ടാളം സുരേഷ് കുമാറിനെപ്പറ്റി രണ്ടു വാക്ക് സംസാരിച്ചു കൊള്ളട്ടെ..


പത്തനംതിട്ടയിലെ "റാന്നി" ആണ് സുരേഷിന്റെ ജന്മസ്ഥലം. മൂന്ന് പെങ്ങന്മാര്‍ക്കു ഇടയ്ക്കുള്ള "ഒറ്റ മൂട് " ആങ്ങള. സുന്ദരനാണ്. സുമുഖനാണ്‌. പക്ഷെ സുമംഗലന്‍ അല്ല.



"സുമംഗലന്‍" ആകാത്തതിന്റെ ചില അസ്കിതകള്‍ സുരേഷിനുണ്ട്. അതായത് "സുമംഗല" ആണെങ്കിലും അല്ലെങ്കിലും സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് അല്പം കൂടും. പിന്നെ ആ ഇരുമ്പ് മുഴുവന്‍ "സുന്ദരികള്‍" എന്ന കാന്തത്തിലെയ്ക്ക് ആകര്‍ഷിക്കപ്പെടും. അതോടെ സുരേഷ് കുമാര്‍ വേറെ ഒരാളായി മാറും. ആ ആളാണ്‌ സാക്ഷാല്‍ മമ്മൂട്ടി...!!



അതെ സുരേഷ് കുമാറിനെ ഞങ്ങള്‍ വിളിക്കുന്ന ഇരട്ട പേരാണ് "ജൂനിയര്‍ മമ്മൂട്ടി".



ജൂനിയര്‍ മമ്മൂട്ടി എന്ന പേര് സുരേഷിനിട്ടത് അവന്‍ തന്നെയാണ്. അവനെ കണ്ടാല്‍ മമ്മൂട്ടിയുടെ ഒരു "ലുക്ക് " ഉണ്ട് എന്ന് ആരോ അവനോട് പറഞ്ഞത്രേ. (അവനോടു ശത്രുതയുള്ള ആരെങ്കിലും അങ്ങനെ പറയാന്‍ സാധ്യത കാണുന്നുണ്ട്. പക്ഷെ ഒറിജിനല്‍ മമ്മൂട്ടിയെങ്ങാനും സുരേഷിനെ ലുക്കിയാല്‍ തന്റെ ശരീര സൌന്ദര്യത്തെ അവഹേളിച്ചതിന്റെ പേരില്‍ അവനെ അദ്ദേഹം ഓടിച്ചിട്ടു തല്ലും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നില്ല.)



ഏതായാലും ജൂനിയര്‍ മമ്മൂട്ടി ആയ സുരേഷ് കുമാര്‍ എല്ലാ കാര്യത്തിലും അവന്റെ "മമ്മൂട്ടി ലുക്ക് "കാത്തു സൂക്ഷിച്ചിരുന്നു. ഉദാഹരണമായി പറയുകയാണെങ്കില്‍...


"ഒന്നേ മുക്കാലേ.. ഒന്നേ മുക്കാലേ" എന്ന രീതിയിലുള്ള ആ നടപ്പ്...!


കാ‍ന്താരി മുളക് അറിയാതെ കടിച്ചു പോയവന്‍ ചിരിക്കുന്നത് പോലെയുള്ള മനം മയക്കുന്ന ആ ചിരി..!!


വര്‍ഷങ്ങളായി ഓയില്‍ ചേഞ്ച്‌ ചെയ്യാത്ത മോട്ടോര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നത് പോലെയുള്ള ഘന ഗംഭീരമായ ശബ്ദം.. !!!


ഇതെല്ലാം സുരേഷ് കുമാര്‍ എന്ന ജൂനിയര്‍ മമ്മൂട്ടിയ്ക്ക് മാത്രമുള്ള പ്രത്യേകതകളാണ്.


ഈ പ്രത്യേകതകള്‍ നേരിട്ട് കാണുന്നവര്‍ തന്നോട് തന്നെ അറിയാതെ ചോദിച്ചു പോകും.


"ആക് ച്ചുലി... ഇതു തന്നെയാണോ നമ്മുടെ മമ്മൂട്ടി "


ഏതായാലും സുരേഷ് കുമാര്‍ എന്ന ജൂനിയര്‍ മമ്മൂട്ടിയും തൊമ്മന്‍ എന്ന മനോജും പിന്നെ ഞാനും കൂടി ഒരു ലീവിന് വന്നിട്ട് തിരിച്ചു പോകുമ്പോഴാണ് ഈ കഥയ്ക്ക്‌ ആസ്പദമായ സംഭവം നടക്കുന്നത്. തിരുവന്തപുരത്ത് നിന്നും ഡെല്‍ഹിയിലേയ്ക്കു പോകുന്ന കേരളാ എക്സ്പ്രസ്സിന്റെ പതിനൊന്നാം നമ്പര്‍ കോച്ചിലേയ്ക്ക് ഞാന്‍ നിങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്യകയാണ് . ക്ഷണിക്കുകയാണ്....



ചെങ്ങന്നൂരില്‍ നിന്നും തൊമ്മനും സുരേഷും, മാവേലിക്കരയില്‍ നിന്ന് ഞാനും വണ്ടിയില്‍ കയറി. ഞാന്‍ കയറുമ്പോള്‍ ജൂനിയര്‍ മമ്മൂട്ടി ജനാലയ്ക്ക് അരികിലുള്ള സീറ്റില്‍ താടിക്ക് കയ്യും കൊടുത്ത് വിഷണ്ണനായി ഇരിക്കുന്നു. മനോജ്‌ മുകളില്‍ കിടന്നു ഉറക്കമാണ്. വണ്ടിയില്‍ ആളുകള്‍ പൊതുവേ കുറവാണെന്ന് തോന്നുന്നു. താഴത്തെ മൂന്ന് സീറ്റുകളും കാലിയാണ്. അപ്പുറത്തെ ക്യാബിനില്‍ ഒന്ന് രണ്ടു കന്യാസ്ത്രീകളും കുറച്ചു കുട്ടികളും ഇരിക്കുന്നു. ഞാന്‍ പെട്ടിയും ബാഗും സീറ്റിനടിയില്‍ കയറ്റി വച്ചിട്ടു സുരേഷിന്റെ മുന്‍പില്‍ ഉള്ള സീറ്റില്‍ ഇരുന്നു. എന്നിട്ട് വിഷമിച്ചിരിക്കുന്ന സുരേഷിനോട് ചോദിച്ചു.



"എന്താടാ അളിയാ ഒരു വിഷമം? ലീവൊക്കെ അടിച്ചു പൊളിച്ചില്ലേ? പിന്നെന്താ നീ ദുഖിച്ചിരിക്കുന്നത്?"


"എടാ അവനു പറ്റിയ കിളികള്‍ ഒന്നും വണ്ടിയില്‍ ഇല്ലെന്ന് " ഞാന്‍ പെട്ടിയും മറ്റും വയ്ക്കുന്ന ശബ്ദം കേട്ടുണര്‍ന്ന മനോജു പറഞ്ഞു. "ഡല്‍ഹി വരെ എങ്ങനെ പോകുമെന്നാ അവന്‍ ചോദിക്കുന്നത്."



"ഹഹ.. അതാണോ കാര്യം? നീ വിഷമിക്കാതിരിയെടാ. എവിടുന്നെങ്കിലും നിനക്ക് പറ്റുന്നത് കേറും " ഞാന്‍ അവനെ സമാധാനിപ്പിച്ചു.



വണ്ടി എറണാകുളം സൌത്തില്‍ എത്തിച്ചേര്‍ന്നു. ആളുകള്‍ കയറിത്തുടങ്ങി. വെള്ളം വാങ്ങാനോ മറ്റോ സുരേഷും പോയി. ഞാന്‍ പുറത്തേയ്ക്ക് നോക്കി ഇരുന്നു.



"അളിയാ രക്ഷപെട്ടെടാ..ഒരു അടിപൊളി "പുല്ലത്തി" വരുന്നുണ്ടെടാ" പുറത്തു പോയ സുരേഷ് ആഹ്ലാദത്തോടെ തിരിച്ചു വന്നു.



"പുല്ലത്തിയോ?" ഞാന്‍ സുരേഷിനെ ചോദ്യഭാവത്തില്‍ നോക്കി..


"എടാ പഞ്ചാബി സര്‍ദാരിണി...ഇങ്ങോട്ട് വരുന്നുണ്ട്..നമ്മുടെ അടുത്ത സീറ്റാ...ദേ വരുന്നു.."


അവന്‍ പറഞ്ഞു തീര്‍ന്ന ഉടന്‍ ഒരു സര്‍ദാരും അയാളുടെ ഭാര്യയും കൂടി ഞങ്ങളുടെ അടുത്തുള്ള സീറ്റില്‍ വന്നിരുന്നു. സര്‍ദാര്‍ജികളെ ഞങ്ങള്‍ പട്ടാളക്കാര്‍ മലയാളത്തില്‍ വിളിക്കുന്ന പേരാണ് "പുല്ലന്‍" . അവരുടെ മുഖം മുഴുവന്‍ പുല്ലു വളര്‍ന്നത്‌ പോലെ നിറഞ്ഞു കിടക്കുന്ന താടിയാണ്‌ ആ വിളിക്കുള്ള ഹേതു. ഹിന്ദിക്കാര്‍ സര്‍ദാര്‍ജികളെ അവര്‍ കേള്‍ക്കാതെ വിളിക്കുന്ന പേര് "ജാടു" എന്നാണ്. ചൂല്‍ എന്നാണ് ആ വാക്കിന്റെ മലയാള അര്‍ഥം. (ദൈവമേ മലയാളം വായിക്കാന്‍ അറിയാവുന്ന ഏതെങ്കിലും സര്‍ദാര്‍ജി ഈ പോസ്റ്റു കണ്ടാല്‍ ചൂലിനുള്ള അടി ഉറപ്പ് )



സര്‍ദാര്‍ജിയേയും അയാളുടെ സുന്ദരിയായ ഭാര്യയേയും കണ്ട സുരേഷ് ഉന്മേഷവാനായി. അതോടെ അവനില്‍ ഉറങ്ങിക്കിടന്ന മമ്മൂട്ടി ഉണര്‍ന്നു. അവന്റെ മുഖത്തു ഗൌരവം വന്നു. ശബ്ദം പരുക്കനായി. അവന്‍ തന്റെ മമ്മൂട്ടി മീശയില്‍ വിരലോടിച്ചു കൊണ്ട് പുല്ലത്തിയെ നോക്കി. അടുത്ത നിമിഷം ആ മീശ ഒരു "ഇന്‍സ്പെക്ടര്‍ ബല്‍റാം" മീശയായി. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ പരിചയമുള്ളതു കൊണ്ടാണോ അതോ സഹയാത്രികന്‍ എന്ന പരിഗണനയിലാണോ എന്തോ ആ സര്‍ദാര്‍ പെണ്‍കൊടി അവനെ നോക്കി പുഞ്ചിരി തൂകി.



ഒരുത്തന്‍ തന്റെ ഭാര്യയെ നോക്കി മീശ പിരിക്കുന്നതും ഭാര്യ അയാളെ നോക്കി പുഞ്ചിരിക്കുന്നതും പുല്ലനായ സര്‍ദാറിനു ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്ന് അയാളുടെ മുഖം കണ്ടാല്‍ അറിയാം. പക്ഷെ പഞ്ചാബികള്‍ പൊതുവേ ശാന്തരും പക്വമതികളുമായതിനാലാവണം അയാള്‍ ഒന്നും പറയാതെ പുറത്തേയ്ക്ക് നോക്കിയിരുന്നു..


അല്പം കഴിഞ്ഞപ്പോള്‍ സുരേഷ് എഴുനേറ്റ് എങ്ങോട്ടോ പോയി.. നടക്കുമ്പോള്‍ "ഒന്നേ മുക്കാലേ ഒന്നേ മുക്കാലേ" എന്നു തന്നെ നടക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചു. അല്പം കഴിഞ്ഞു അതേ സ്റ്റൈലില്‍ തന്നെ തിരിച്ചു വന്നു സീറ്റില്‍ ഇരുന്നു. അതിനിടയില്‍ മുകളില്‍ കിടന്നിരുന്ന മനോജും താഴെ എത്തി. അതോടെ സുരേഷ് പഞ്ചാബി പെണ്ണുങ്ങളുടെ ആകാര ഭംഗിയെക്കുറിച്ച് കൂടുതല്‍ വാചാലനായി. ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിക്ക് കണ്ടാല്‍ "ഭീകരന്‍" എന്നു തോന്നിക്കുന്ന ഈ സര്‍ദാര്‍ ഒട്ടും ചേരുന്നില്ലെന്നും ഈ "മാക്രിയെ" കെട്ടാന്‍ എങ്ങനെ അവള്‍ക്കു മനസ്സ് വന്നെനും അവന്‍ കുണ്ട്ടിതപ്പെട്ടു. അവള്‍ ഒരു പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടി ആയിരിക്കാമെന്നും ഇങ്ങേരുടെ കയ്യിലെ പൈസ കണ്ടപ്പോള്‍ അവളുടെ വീട്ടുകാര്‍ ബലമായി അയാളെക്കൊണ്ട് കെട്ടിച്ചതായിരിക്കണം എന്നും അവന്‍ അഭിപ്രായപ്പെട്ടു.



ഇതിനിടയില്‍ സര്‍ദാരും ഭാര്യയും ഭക്ഷണം കഴിച്ചു. അവര്‍ കഴിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളും വീട്ടില്‍ നിന്നും കരുതിയിരുന്ന പൊതി കഴിച്ചിട്ട് ഉറങ്ങാന്‍ കിടന്നു. ഉറക്കംവരുന്നതു വരെ സുരേഷ് സര്‍ദാര്‍മാരുടെ കുറ്റങ്ങള്‍ എന്നോടും മനോജിനോടും പറഞ്ഞു കൊണ്ടിരുന്നു. പിന്നെ എപ്പോഴോ ഉറങ്ങി.


നേരം വെളുത്തു. വണ്ടി വിജയവാഡ സ്റ്റേഷനില്‍ എത്തി. സര്‍ദാര്‍ പോയി എവിടെ നിന്നോ ഇഡ്ഡലി യും സാമ്പാറും വാങ്ങി വന്നു. അത് കണ്ട മനോജ്‌ ബ്രേക്ക് ഫാസ്റ്റിനു ഇഡ്ഡലി തന്നെ വാങ്ങാം എന്നു തീരുമാനിച്ചു പുറത്തേയ്ക്ക് പോയി. അല്പം കഴിഞ്ഞപ്പോള്‍ ഇഡ്ഡലി കിട്ടുന്ന കട ഇവിടെങ്ങും കാണുന്നില്ല എന്നു പറഞ്ഞു തിരിച്ചു വന്ന അവന്‍ സര്‍ദാരിനോട് ഹിന്ദിയില്‍ ചോദിച്ചു. .



"സാര്‍ ആപ് ഇഡ്ഡലി കഹാം സെ ലിയാ". (താങ്കള്‍ എവിടുന്നാ ഇഡ്ഡലി വാങ്ങിയത്)


"സ്റ്റേഷനു പുറത്തു ഒരു കടയുണ്ട്. ഞാന്‍ അവിടുന്നാ വാങ്ങിയേ"


സര്‍ദാരിന്റെ മറുപടി കേട്ട് മനോജ്‌ അന്തിച്ചു നിന്നു. രാവിലെ തന്നെ സര്‍ദാരിണിയുടെ അംഗലാവണ്യം നോക്കി പിരിച്ചു തുടങ്ങിയ ബല്‍റാം മീശയില്‍ നിന്നും സുരേഷിന്റെ വിരലുകള്‍ പിടിവിട്ടു പൊത്തോന്നു താഴെ വീണു. അവന്‍ ഹിറ്റ്‌ലര്‍ സിനിമയില്‍ കാക്ക കാഷ്ടിച്ച ജഗദീഷിന്റെ മുഖഭാവത്തോടെ സര്‍ദാര്‍ജിയെ നോക്കി. എന്തെന്നാല്‍, സര്‍ദാര്‍ മറുപടി പറഞ്ഞത് പച്ച മലയാളത്തില്‍ ആയിരുന്നു...!!!


അപ്പോള്‍ അതുവരെ പുഞ്ചിരിച്ചു കൊണ്ടിരുന്ന സര്‍ദാരിണി സുരേഷിനോട് ചോദിച്ചു..


"എക്സ്യൂസ് മീ .. എവിടാ വര്‍ക്കു ചെയ്യുന്നേ " !!!!

2009 ഡിസംബർ 2, ബുധനാഴ്‌ച

നട്ടെല്ലുള്ള പട്ടാളക്കാരന്‍

അവധി ദിവസങ്ങളില്‍ ഉച്ചവരെയെങ്കിലും കിടന്നുറങ്ങിയില്ലെങ്കില്‍ എന്റെ ശരീരത്തിന് ആകെയൊരു ക്ഷീണമാണ്. അതു പിന്നെ നമ്മുടെ കെ എസ് ആര്‍ ടി സിയുടെ ഓര്‍ഡിനറി ബസു പോലെ വളരെ പതുക്കയേ സഞ്ചരിക്കൂ. പക്ഷെ എന്റെ ഭാര്യയുടെ കാര്യം നേരെ തിരിച്ചാണ്. അവള്‍ അതിരാവിലെ എഴുനേല്‍ക്കും. എന്നിട്ട് മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന എന്നെ നോക്കി, പുറപ്പെടാന്‍ പോകുന്ന സൂപ്പര്‍ ഫാസ്റ്റു ബസ്സിന്റെ ഡ്രൈവര്‍ എഞ്ചിന്‍ ഇരപ്പിച്ചു നിര്‍ത്തിയിട്ട് കണ്ടക്ടര്‍ക്ക് സിഗ്നല്‍ കൊടുക്കാനായി ഇടയ്ക്കിടയ്ക്ക് ഹോണ്‍ അടിച്ചു കൊണ്ടിരിക്കുന്നതുപോലെ, "ദേ എഴുനെല്‍ക്കുന്നുണ്ടോ..അതോ ഞാന്‍ അങ്ങോട്ട്‌ വരണോ" എന്നിങ്ങനെയുള്ള അപായ സിഗ്നലുകള്‍ തന്നുകൊണ്ടിരിക്കും. ഈ സിഗ്നലുകള്‍ ചിലപ്പോള്‍ ഉരുളക്കിഴങ്ങ്‌, തക്കാളി മുതലായ ഫലമൂലാദികളായും മറ്റു ചിലപ്പോള്‍ ഫ്രിഡ്ജിലെ തണുത്ത വെള്ളത്തിന്റെ രൂപത്തിലും എന്റെ ശരീരത്തില്‍ വന്നു പതിക്കാറുണ്ട്.


അങ്ങനെ പുതപ്പിനുള്ളില്‍ കിടന്നു കൂര്‍ക്കം വലിച്ചു കൊണ്ടിരുന്ന എന്റെ ദേഹത്ത് ഞായറാഴ്ച രാവിലെയുള്ള ആദ്യത്തെ സിഗ്നല്‍ വന്നു പതിച്ചത് ഒരു സ്റ്റീല്‍ ഗ്ലാസ്സിന്റെ രൂപത്തിലാണ്. (പച്ചക്കറിക്ക് വില കൂടിയത് കൊണ്ട് മത്തങ്ങ വാങ്ങാതിരുന്നത് ഭാഗ്യമായി.!) അതിര്‍ത്തിയില്‍ നിന്നും പാക്ക് പട്ടാളക്കാര്‍ അയക്കുന്ന മിസ്സൈലിനെ പോലും വെറും തൃണം, ഗ്രാസ്, പുല്ലു പോലെ നേരിട്ടിട്ടുള്ള എനിക്ക്, ഒരു സ്റ്റീല്‍ ഗ്ലാസിനെ നേരിടാന്‍ എന്റെ ശരീരത്തിന്റെ പിന്‍വശം തന്നെ ധാരാളമായിരുന്നു എങ്കിലും അടുത്ത സിഗ്നലുമായി ഭാര്യ നേരിട്ട് വന്നാല്‍ നേരിടാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നുള്ള വീണ്ടുവിചാരമുണ്ടായ ഞാന്‍ ഉടന്‍ എഴുനേല്‍ക്കുകയും മൂരി നിവര്‍ന്നു കോട്ടുവായിട്ടുകൊണ്ട് നേരെ ടി വി യുടെ മുന്‍പിലേയ്ക്ക് പോവുകയും ചെയ്തു.


"പീലുക്കാസ്സില്‍ നിന്നും സ്വര്‍ണം വാങ്ങിയാല്‍ പിന്നെ മറ്റൊന്നും നോക്കേണ്ടാ"


കഴുത്തില്‍ കയറുപോലെയുള്ള ഒരു സ്വര്‍ണ മലയും ധരിച്ചു നിന്ന് മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ടി വിയിലൂടെ പ്രഖ്യാപിക്കുന്നു.


"ശരിയാ ഒന്നും നോക്കേണ്ടാ. സ്വര്‍ണത്തിന്റെ വില കേള്‍ക്കുന്നതോടെ വാങ്ങാന്‍ വരുന്ന ആള്‍ ബോധം കെടും. പിന്നെ അങ്ങേരെ ആശുപത്രിയിലാക്കുന്ന കാര്യം നോക്കിയാല്‍ മതി."



എന്റെ ആത്മഗതം അടുക്കയളിലുള്ള ഭാര്യയെങ്ങാനും കേട്ടാല്‍ പിന്നെ അടുത്ത സിഗ്നല്‍ ഉടനെ എത്തും. കാരണം വെള്ളിത്തിരയിലെ അവളുടെ ഇഷ്ടനായകനാണ് ഒന്നും നോക്കാതെ സ്വര്‍ണം വാങ്ങാന്‍ പറയുന്നത്. ഞാന്‍ വേഗം ടി വി ഓഫ്‌ ചെയ്തു. എന്നിട്ട് ടീപ്പോയില്‍ കിടന്ന പത്രമെടുത്ത് നിവര്‍ത്തി.


"കായംകുളത്തു തസ്കര ശല്യം. വീട്ടമ്മയെ കെട്ടിയിട്ടിട്ടു കള്ളന്മാര്‍ സ്വര്‍ണമാല കവര്‍ന്നു" പത്രത്തിലെ വെണ്ടക്കാ അക്ഷരത്തിലുള്ള വാര്‍ത്ത ഞാന്‍ ഭാര്യ കേള്‍ക്കാനായി ഉറക്കെ വായിച്ചു.



"ഹും ശരിയാ. പത്രമെടുത്താല്‍ മോഷണ വാര്‍ത്ത മാത്രമേ വായിക്കാനുള്ളൂ. പോലീസ്സുകാര്‍ക്കൊക്കെ എന്താ പണി? ഇവന്മാരെ ഒക്കെ ഓടിച്ചിട്ടുപിടിച്ച് ഇടിച്ചു പപ്പടമാക്കണം" അകത്തു നിന്ന് ഭാര്യയുടെ കമന്റു കേട്ട് ഞാന്‍ ഞെട്ടി.


"ദൈവമേ കള്ളനെപ്പിടിക്കാത്ത പോലീസുകാരെ ഇടിച്ചു പപ്പടമാക്കണമെന്നാണോ ഇവള്‍ പറയുന്നത്" ഇതെങ്ങാനും ഏതെങ്കിലും പോലീസ്സുകാരന്‍ കേട്ടാല്‍ അവര്‍ എന്നെപ്പിടിച്ചു ഇടിച്ചു പപ്പടമാക്കിയിട്ട് തെളിയാത്ത കേസ്സുകള്‍ മുഴുവന്‍ എന്റെ തലയില്‍ കെട്ടി വച്ചെന്നിരിക്കും. പട്ടാളമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. പോലീസ്സുകാര്‍ക്ക്‌ പട്ടാളക്കാരനെന്നോ സാധാരക്കാരനെന്നോ ഉണ്ടോ? അവര്‍ക്ക് ഇടിക്കാന്‍ ഒരാളെ കിട്ടിയാല്‍ പോരെ? ഞാന്‍ പേടിയോടെ ഓര്‍ത്തു.



"ഏതായാലും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ആഭരണങ്ങള്‍ ഒക്കെ ഊരി എവിടെയെങ്കിലും ഭദ്രമായി വച്ചേക്കണം" ഞാന്‍ മുന്നറിയിപ്പ് കൊടുത്തു."



"നിങ്ങള്‍ ഇങ്ങനെ പേടിക്കാതെ മനുഷ്യനേ. എന്റെ മാല പൊട്ടിക്കാന്‍ ധൈര്യമുള്ള ഒരു കള്ളനും ഇതു വരെ ജനിച്ചിട്ടില്ല. ഹും.. പൊട്ടിക്കാന്‍ ഇങ്ങോട്ട് വരട്ടെ.. അവന്റെ നട്ടെല്ല് ഞാന്‍ ചവിട്ടി പൊട്ടിക്കും"



"ങേ? കള്ളന്റെ നട്ടെല്ല് ചവിട്ടി പൊട്ടിക്കാന്‍ ഇവളാര്? ബ്രൂസ്‌ലിയുടെ ഭാര്യയുടെ അനുജത്തിയോ? അതോ ജാക്കിച്ചാന്റെ അനന്തിരവളോ?" ഏതായാലും ഭാര്യയുടെ ധൈര്യം കണ്ട ഞാന്‍ അഭിമാനപുളകിതനും പുളകിതഗാത്രനും പിന്നെ ധൈര്യസമേതനുമായി.



ഒരു പട്ടാളക്കാരന്റെ ഭാര്യയായാല്‍ ഇങ്ങനെ വേണം. ഞാന്‍ ചിന്തിച്ചു. വീരശൂരിയും പരാക്രമശാലിയുമായ ഒരു ഭാര്യയുള്ള ഞാന്‍ എന്തിനു കള്ളന്മാരെ പേടിക്കണം? കള്ളന്മാര്‍ എന്നെയല്ലേ പേടിക്കേണ്ടത് ? അവളുടെ "പാദതാഡനം" ഒരു തവണ അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു കള്ളനും വീണ്ടും ആ വഴിക്ക് വരില്ലെന്ന് അതു സ്ഥിരമായി അനുഭവിക്കുന്ന എനിക്ക് ഉറപ്പുള്ളതിനാല്‍ ഞാന്‍ ആശ്വാസത്തോടെ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങി.



ഏതായാലും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ഭാര്യ പതിവിനു വിപരീതമായി അവളുടെ സകല ആഭരണങ്ങളും അഴിച്ചു അലമാരയില്‍ വച്ചു പൂട്ടി. അലമാരയുടെ താക്കോല്‍ ഞാന്‍ പോലും കാണാതെ എവിടെയോ ഒളിപ്പിച്ചു. കൂടാതെ തലയണക്കീഴില്‍ ഒരു വെട്ടുകത്തി, ടോര്‍ച്ചു, മൊബൈല്‍ ഫോണ്‍ എന്നിവയും വച്ചു. കതകുകളും ജനലും ഭദ്രമായി ബന്ധിച്ച ശേഷം അവയുടെ അരികില്‍ അലുമിനിയം കലങ്ങളും ഉരുണ്ടു വീണാല്‍ ശബ്ദം കേള്‍ക്കുന്ന പാത്രങ്ങളും വച്ചു. ഭാര്യയുടെ പ്രായോഗിക ബുദ്ധിയില്‍ അഭിമാനം തോന്നിയ ഞാന്‍ ഭയാശങ്കകളില്ലാതെ നിദ്രയെ പൂകി.


നേരം പാതിരാ ആയിട്ടുണ്ടാകും. അതി ഭയങ്കരമായ ഒരലര്‍ച്ചയും ഒപ്പം ഭാരമുള്ള എന്തോ ഒന്ന് നിലത്തു വീഴുന്ന ശബ്ദവും കേട്ട ഞാന്‍ ഞെട്ടിയുണര്‍ന്നു. കൂരിരുട്ടില്‍ ഒന്നും കാണാന്‍ പറ്റുന്നില്ല. വെപ്രാളത്തോടെ ഞാന്‍ അടുത്ത് കിടന്നിരുന്ന ഭാര്യയെ കുലുക്കിയുണര്‍ത്താനായി നോക്കി.. അയ്യോ...അവളെ കാണാനില്ല.!!


ദൈവമേ സ്വര്‍ണം മോഷ്ടിക്കാന്‍ വന്ന കള്ളന്‍ അതു കിട്ടാത്തത് കൊണ്ട് ഭാര്യയെ മോഷ്ടിച്ചതാണോ? ഞാന്‍ വിയര്‍ത്തു. എന്റെ ശബ്ദം നഷ്ടപ്പെട്ടു. ഞാന്‍ പരവേശത്തോടെ കിടക്കയില്‍ കുത്തിയിരുന്നു കിതച്ചു.


സ്വര്‍ണം പോയാലും വേണ്ടില്ല. ഭാര്യയെ തിരിച്ചു കിട്ടിയാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ അവളുടെ ബന്ധുക്കളോട് ഞാന്‍ എന്തു സമാധാനം പറയും. എന്റെ ശരീരത്തിലൂടെ വിയര്‍പ്പു ചാലിട്ടൊഴുകി. സ്വര്‍ണം അലമാരിയില്‍ വച്ചു പൂട്ടിയത് പോലെ ഭാര്യയേയും എവിടെയെങ്കിലും വച്ചു പൂട്ടിയിരുന്നെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു. ഞാന്‍ ആക്രാന്തത്തോടെ ഭിത്തിയില്‍ സ്വിച്ചിനു വേണ്ടി പരതി. ലൈറ്റ് ഓണ്‍ ചെയ്തു.


മുറിയില്‍ നിറഞ്ഞ വെളിച്ചത്തില്‍ കണ്ട കാഴ്ച എന്നെ വീണ്ടും ഞെട്ടിച്ചു. കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ട് പോയ ഭാര്യ അതാ നിലത്തു കുത്തിയിരിക്കുന്നു. "നിങ്ങളുടെ ഒടുക്കത്തെ ഒരുറക്കം. എന്നെ ആരെങ്കിലും പൊക്കിക്കൊണ്ട് പോയാലും അറിയില്ലല്ലോ കാലമാടാ" എന്ന രീതിയില്‍ തലയ്ക്കു കയ്യും താങ്ങി വിഷണ്ണയായി നിലത്തിരിക്കുന്ന ഭാര്യയെ ഞാന്‍ പിടിച്ചു സാവധാനം കട്ടിലില്‍ ഇരുത്തി. മേശപ്പുറത്തു ഗ്ലാസ്സിലിരുന്ന വെള്ളമെടുത്തു കൊടുത്തു. അതു ഒറ്റവലിക്ക് കുടിച്ച ശേഷം അവശയായി വീണ്ടും കട്ടിലില്‍ കിടന്ന ഭാര്യയോടു ഞാന്‍ കാര്യം തിരക്കി.


"അതു ചേട്ടാ... ഞാന്‍...നമ്മുടെ മാല മോഷ്ടിക്കാന്‍ വന്ന കള്ളനെ തൊഴിച്ചതാ.."


ങേ? മാല മോഷ്ടിക്കാന്‍ കള്ളന്‍ വന്നന്നോ? ഞാന്‍ നിന്ന നില്പില്‍ മേലോട്ട് ചാടിപ്പോയി. എവിടെ...എവിടെ കള്ളന്‍?


"അതു പിന്നെ .. കള്ളന്‍ വന്നതായി.. ഞാന്‍ അവനെ തൊഴിച്ചതായി.. ഒക്കെ സ്വപ്നം..." വിക്കി വിക്കി അത്രയും പറഞ്ഞിട്ട് അവള്‍ മൂടിപ്പുതച്ചു കിടന്നു.


നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും കൂര്‍ക്കം വലി തുടങ്ങിയ ഭാര്യയെ നോക്കിയ ഞാന്‍ ആശ്വാസത്തോടെ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു. പക്ഷെ പിന്നെ എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറക്കം വന്നില്ല. എന്തെന്നാല്‍ അടുത്ത കള്ളന്‍ ഉടനെ വരുമെന്നും വന്നാല്‍ എന്റെ ഭാര്യ അവന്റെ നട്ടെല്ല് നോക്കി തൊഴിക്കുമെന്നും എനിക്കുറപ്പായിരുന്നു. പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു കിട്ടിയാല്‍ ഒടിയില്ലേ?..