2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

ചിനാര്‍ മരത്തിന്റെ ചുവട്ടിലെ നിഴലുകള്‍

നേരം വെളുക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്.

കിഴക്കേ ചക്രവാളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന മലയുടെ  ഭീമാകാരമായ കറുത്ത രൂപത്തിനു മുകളില്‍  മെഴുകുതിരി ഉരുകിയതു പോലെ  ഒഴുകിയിറങ്ങിയ   മഞ്ഞുപാളികള്‍ രാത്രിയുടെ  അരണ്ട പ്രകാശത്തിലും   തിളങ്ങിക്കൊണ്ടിരുന്നു.

മലയുടെ ചുവട്ടിലുള്ള  അതിവിശാലമായ സമതലത്തില്‍ പരന്നു കിടക്കുന്ന ആപ്പിള്‍ തോട്ടങ്ങളും  നെല്‍പ്പാടങ്ങളും ഇരുളിന്റെ കരിമ്പടം  വാരിപ്പുതച്ചു  വിറങ്ങലിച്ചു കിടന്നു.

സമതലത്തിന്റെ തെക്കേ അറ്റത്തുള്ള മൊട്ടക്കുന്നിന്റെ മുകളില്‍  രണ്ടടി കനത്തില്‍ മഞ്ഞു വീണു  കിടന്നിരുന്നു. അതിന്റെ  ഇടത്തേ ചരുവില്‍ അത്ര  പെട്ടെന്നു കണ്ണില്‍ പെടാത്ത വിധത്തില്‍ നിര്‍മ്മിച്ച ട്രുഞ്ചിനുള്ളില്‍ നാലടിയോളം പൊക്കത്തില്‍ അടുക്കിവച്ചിരിക്കുന്ന മണല്‍ ചാക്കുകള്‍ക്ക് പിറകില്‍  കിഷന്‍ സിംഗ്  കൂനിക്കൂടിയിരുന്നു.

ട്രുഞ്ചിനു മുകളിലുള്ള തകര ഷീറ്റുകളില്‍ അപ്പോഴും മഞ്ഞു വീഴുന്നുണ്ടായിരുന്നു.  ഷീറ്റില്‍ വീണ മഞ്ഞു തുള്ളികള്‍  വശങ്ങളിലൂടെ ഒഴുകി ട്രഞ്ചിനുള്ളില്‍  തളം കെട്ടിക്കിടന്നു. മഞ്ഞിനേക്കാള്‍ തണുപ്പേറിയ ആ വെള്ളത്തില്‍ കിഷന്‍ സിംഗിന്റെ  ബൂട്ട്  നനഞ്ഞു തുടങ്ങിയിരുന്നു. ട്രഞ്ചില്‍ ഡ്യൂട്ടിയിലുള്ള പട്ടാളക്കാര്‍ക്ക്  തണുപ്പകറ്റാനായി കല്‍ക്കരിയിട്ടു   കത്തിക്കുന്ന  ബുക്കാരിയുടെ അരികില്‍ മാത്രം അല്പം സ്ഥലം നനയാതെ കിടപ്പുണ്ട്.

 ബുക്കാരിയ്ക്കകത്തുള്ള  കല്‍ക്കരി എരിഞ്ഞുതീര്‍ന്നിരുന്നു. കിഷന്‍ സിംഗ്  അടുത്തു വച്ചിരുന്ന നീളമുള്ള കമ്പിയെടുത്ത്  ബുക്കാരിയുടെ  അടിയില്‍ നിറഞ്ഞിരുന്ന ചാരം ഇളക്കിക്കിക്കളഞ്ഞു. പിന്നെ  കൊട്ടയില്‍ നിറച്ചു വച്ചിരുന്ന കല്‍ക്കരിയില്‍ നിന്നും കുറച്ചു വാരി ബുക്കാരിയിലിട്ടു വീണ്ടും  കമ്പി കൊണ്ട്    ഇളക്കിയപ്പോള്‍ അതിനുള്ളിലെ കനലുകള്‍ കണ്ണു ചിമ്മിത്തുറന്നു. ട്രുഞ്ചിനുള്ളിലെ  തണുപ്പിന് അല്പമൊരു ശമനമുണ്ടായയതായി  കിഷന്‍ സിങ്ങിനു തോന്നി.

ട്രഞ്ചിരിക്കുന്ന മൊട്ടക്കുന്നിനു നേരെ എതിര്‍വശത്തായി അതേ വലിപ്പത്തിലുള്ള  മറ്റൊരു കുന്നുണ്ട്. അവിടെയൊരു ഗ്രാമവുമുണ്ട്. രണ്ടു കുന്നുകള്‍ക്കും ഇടയിലായി ഒരു ചെറിയ   അരുവി ഒഴുകുന്നു.   അപ്പുറത്തെ കുന്നിലുള്ള   ഗ്രാമത്തിനെ ലക്ഷ്യം  വച്ച്  മണല്‍ ചാക്കിനു പിറകില്‍  ഉറപ്പിച്ചു നിര്‍ത്തിയ ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ ബാരലില്‍ മഞ്ഞു കണികകള്‍   ഉറഞ്ഞു കൂടി നിന്നിരുന്നു. കിഷന്‍ സിംഗ് അതു തന്റെ നഗ്നമായ കൈ വെള്ള കൊണ്ടു  തുടച്ചു മാറ്റി. തോക്കിന്റെ    ബാരലിനുള്ളില്‍  ഈര്‍പ്പം കയറാതിരിക്കാനായി  മുന്‍ഭാഗത്തു തിരുകി വച്ചിരുന്ന തുണി അല്പം കൂടി  ഉള്ളിലേയ്ക്ക്  തള്ളി വച്ചിട്ട്  കിഷന്‍ സിംഗ് അസഹ്യതയോടെ   കൈത്തലം  താന്‍  ഇട്ടിരുന്ന  ഓവര്‍ കോട്ടിന്റെ പുറത്തു  അമര്‍ത്തിത്തുടച്ചു. കൈവെള്ളകള്‍  ബുക്കാരിയ്ക്ക്  മുകളിലേയ്ക്ക് നീട്ടിപ്പിടിച്ചു ചൂടാക്കി. .

കുന്നിനു മുകളിലുള്ള  ഗ്രാമത്തിലെ പുല്ലും തകര ഷീറ്റും കൊണ്ടു നിര്‍മ്മിച്ച കുടിലുകള്‍  പ്രേതഭവനങ്ങള്‍ പോലെ അവ്യക്തമായി  നിലകൊണ്ടു. ആ കുടിലുകളില്‍ താമസിക്കുന്ന ഗ്രാമ വാസികള്‍ കാശ്മീര്‍ ഉഗ്രവാദികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും സമതലത്തോടു  ചേര്‍ന്നു നില്‍ക്കുന്ന മലയിലെ വനത്തില്‍ ഒളിച്ചു താമസിക്കുന്ന അവര്‍ ഇടയ്ക്കിടെ ഗ്രാമത്തില്‍  വരാറുണ്ടെന്നുമുള്ള വിവരം  കിട്ടിയപ്പോഴാണ്  ഈ ട്രഞ്ചില്‍ ഡ്യൂട്ടി തുടങ്ങിയത്  എന്നു കിഷന്‍ സിംഗ് ഓര്‍ത്തു.   മൊട്ടക്കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന  മിലിട്ടറി ആസ്ഥാനം ആക്രമിക്കാന്‍ ഉഗ്രവാദികള്‍ പ്ലാനിട്ടിട്ടുള്ളതായി  ഇന്റലിജെന്‍സ്  റിപ്പോര്‍ട്ടുകളും കിട്ടിയിട്ടുണ്ട്.

മൊട്ടക്കുന്നിനെ  ചുറ്റി നാല് ട്രഞ്ചുകളാണ്  ഉള്ളത്.    നാലിലും കാവല്‍ക്കാര്‍  ഉണ്ടെങ്കിലും ഏറ്റവും അപകടകരമായ   ട്രഞ്ചിലാണ് കിഷന്‍ സിംഗ് നില്‍ക്കുന്നത്. മലയിറങ്ങി  നേരെ എതിര്‍ ഭാഗത്തുള്ള കുന്നിലെ ഗ്രാമത്തില്‍ എത്തുന്ന ഉഗ്രവാദികള്‍ക്ക്  മിലിട്ടറി ആസ്ഥാനം ആക്രമിക്കാന്‍ ഏറ്റവും സൌകര്യ പ്രദമായ  മാര്‍ഗ്ഗം കിഷന്‍ സിംഗ് നില്‍ക്കുന്ന  ട്രഞ്ചിനു താഴെ നൂറു മീറ്റര്‍ മാത്രം അകലത്തില്‍ ഒഴുകുന്ന അരുവി കടന്നു   കുത്തനെയുള്ള  കയറ്റം കയറി വരികയെന്നതാണ്.  അങ്ങിനെ വന്നാല്‍ ട്രുഞ്ചിലിരിയ്ക്കുന്ന കാവല്‍ക്കാരന്  അത്ര പെട്ടെന്നു   അവരെ  കാണാന്‍ പറ്റിയെന്നു വരില്ല. മുകളില്‍ ട്രുഞ്ചിന്റെ അടുത്തെത്തിയാല്‍ മാത്രമേ ഡ്യൂട്ടിക്കാരന്  അവരെ കാണാന്‍ കഴിയൂ . അപ്പോഴേയ്ക്കും ഉഗ്രവാദികള്‍ ആക്രമണം അഴിച്ചു വിട്ടാല്‍ ഒരു പക്ഷെ ട്രഞ്ചിലുള്ള കാവല്‍ക്കാരന്  പ്രത്യാക്രമണം ചെയ്യാനും  പറ്റിയെന്നു   വരില്ല.

കിഷന്‍ സിംഗ്   വാച്ചിലേയ്ക്ക്  നോക്കി. സമയം മൂന്നു മണി കഴിഞ്ഞു  പത്തു മിനിട്ടായിരിക്കുന്നു.   മുക്കാല്‍ മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ കിഷന്‍ സിംഗിന്റെ ഡ്യൂട്ടി സമയം തീരും. അയാള്‍ മണല്‍ ചക്കുകള്‍ക്ക്  പിറകില്‍ നിന്ന്  അകലെ  ഗ്രാമത്തിലേയ്ക്ക്  നോട്ടമയച്ചു.

 മഞ്ഞു പുതപ്പിനുള്ളില്‍ സുഖശയനം കൊള്ളുകയാണ്  ഗ്രാമം. തുടര്‍ച്ചയായ മഞ്ഞു വീഴ്ച മൂലം  തകരഷീറ്റുകള്‍  മേഞ്ഞ കൂര്‍ത്ത മേല്‍ക്കൂരയുള്ള വീടുകള്‍   വലിയ കൂണുകള്‍ പോലെ കാണപ്പെട്ടു.     ഒരു വിളക്കു പോലും എങ്ങും കത്തുന്നില്ല.  രാത്രി  എട്ടുമണി കഴിഞ്ഞാല്‍  എല്ലാ വീടുകളിലും വിളക്കുകള്‍ അണയ്ക്കുകയും ആളുകള്‍ വീടിനുള്ളില്‍ കയറി കതകുകളും ജനലുകളും അടച്ചു ഭദ്രമായി ബന്ധിയ്ക്കുകയും ചെയ്യും.  പിന്നെ നേരം  പുലര്‍ന്നാല്‍  മാത്രമേ ആ കതകുകളും ജനാലകളും   തുറക്കപ്പെടൂ.  അതാണ്‌  "കുപ്പുവാര" എന്ന അതിര്‍ത്തി ജില്ലയിലുള്ള ഗ്രാമങ്ങള്‍ക്ക് പട്ടാളം  കൊടുത്തിട്ടുള്ള നിര്‍ദ്ദേശം.

ഗ്രാമവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്  ഈ നിര്‍ദ്ദേശം കൊടുത്തിരിയ്ക്കുന്നത്.  മലയിലെ ഉള്‍വനങ്ങളില്‍ ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിയുന്ന ഉഗ്രവാദികള്‍ ഇരുട്ടുള്ള രാത്രികളില്‍ വനത്തില്‍ നിന്നും ഗ്രാമത്തിലെത്തി  കണ്ണില്‍ പെടുന്ന ഏതെങ്കിലും വീടുകളില്‍ മുട്ടിവിളിക്കും. കതുകു തുറന്നാലുടന്‍  വീടിനുള്ളിലേയ്ക്ക് ഇരച്ചു കയറുന്ന അവര്‍ വീട്ടുകാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭക്ഷണവും വെള്ളവും ചിലപ്പോള്‍ മദ്യവും ആവശ്യപ്പെടും. അവര്‍ ആവശ്യപ്പെടുന്നതു മുഴുവന്‍  ചെയ്തു കൊടുക്കുക മാത്രമേ  ആ വീടുകാര്‍ക്ക്  പിന്നെ നിവൃത്തിയുള്ളൂ. വയറു നിറയെ ചോറും ചപ്പാത്തിയും കോഴിക്കറിയും കഴിച്ചിട്ട് അവര്‍ അവിടെ നിന്നും തിരോധാനം ചെയ്യും. പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ അവരെ മാതാപിതാക്കളുടെ കണ്‍മുന്നില്‍    വച്ചു തന്നെ മാനഭംഗം ചെയ്യാനും ആ കശ്മലന്മാര്‍ മടിക്കാറില്ല.

ദിവസങ്ങള്‍ക്കു മുന്‍പ്  മലയടിവാരത്തില്‍ ആടിനു  പുല്ലറുക്കാന്‍  പോയ പതിനഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഉഗ്രവാദികള്‍ തട്ടിയെടുത്ത കാര്യം കിഷന്‍ സിംഗ് ഓര്‍ത്തു. മൂന്ന് ദിവസങ്ങള്‍ക്കു ശേഷമാണ്  ഒന്നിലധികം പേരുടെ കാമവെറിക്കിരയായ  ആ പിഞ്ചുശരീരം   അരുവിയുടെ കരയിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.

ഒരു ദീര്‍ഘ നിശ്വാസത്തോടെ  കിഷന്‍ സിംഗ്  ഗ്രാമത്തില്‍ നിന്നും നോട്ടം പിന്‍വലിച്ചിട്ടു   മണല്‍ ചാക്കുകളോട്  ചേര്‍ന്നു നിന്ന്  താഴെ അരുവിയും പരിസരവും ഒന്നു കൂടെ സൂക്ഷ്മമായി നിരീക്ഷിച്ചു.  സംശയാസ്പദമായി ഒന്നിമില്ലെന്നുറപ്പു വരുത്തി വീണ്ടും ബുക്കാരിയുടെ അരികിലെത്തി കോട്ടിന്റെ പോക്കറ്റില്‍  കിടന്ന ഒരു കത്തെടുത്തു നിവര്‍ത്തി. ബുക്കാരിയില്‍ നിന്നും പാളി വീഴുന്ന വെളിച്ചത്തില്‍  അതിലെ വരികള്‍ വായിക്കാന്‍ ശ്രമിച്ചു.

"ഇരുപത്തി മൂന്നാം  തീയതി   ആശുപത്രിയില്‍ എത്തണമെന്നാണ്  ഡോക്ടറമ്മ  പറഞ്ഞിരിക്കുന്നത്. അതിനു മുന്‍പ്  ലീവിന് വരാന്‍ പറ്റുമോ?... ഇത്രയും  ദൂരം എനിക്ക് ഒറ്റയ്ക്ക് പോകാന്‍ കഴിയില്ല.   ഇപ്പോള്‍ വയറൊക്കെ വല്ലാതെ വീര്‍ത്തിട്ടുണ്ട്‌  കേട്ടോ...നടക്കാനും ബുദ്ധിമുട്ടുണ്ട്.. ഒരു പക്ഷെ ഓപ്പറേഷന്‍ വേണ്ടി  വരുമത്രേ... എനിക്കെന്തോ വല്ലാത്ത പേടി തോന്നുന്നു"

തണുപ്പു കൊണ്ടു  നനഞ്ഞ കടലാസിലെ വടിവില്ലാത്ത അക്ഷരങ്ങളില്‍  ഗീതാഞ്ജലിയുടെ വിളറിയ മുഖം തെളിയുന്നതും  വിടര്‍ന്നതെങ്കിലും കുഴിയിലാണ്ട കണ്ണുകളില്‍ ദൈന്യതയുടെ  നിഴല്‍ വീഴുന്നതും അയാള്‍ കണ്ടു.

എങ്കിലും ആ കണ്ണുകളില്‍   പ്രതീക്ഷയുടെ ഒരു തിളക്കമുണ്ടായിരുന്നു. 

ലീവിനുള്ള അപേക്ഷ കൊടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. കമ്മാണ്ടിംഗ്  ഓഫീസര്‍ അവധിയിലായിരുന്നത് കൊണ്ട് ഇന്നലെയാണ്  ലീവ് അനുവദിച്ചു  കിട്ടിയത്. ഇന്നലെത്തന്നെ റിസര്‍വ്വേഷന്‍ ചെയ്യാന്‍ പോയെങ്കിലും വെയിറ്റിംഗ് ലിസ്റ്റിലാണ്. അതു സാരമില്ല.  രാവിലെ തന്നെ പുറപ്പെട്ടാല്‍ മാത്രമേ ഇരുപത്തിരണ്ടാം തീയതിയെങ്കിലും നാട്ടിലെത്താന്‍ പറ്റൂ. ഡ്യൂട്ടി തീരാന്‍ ഇനിയും അര മണിക്കൂര്‍ കൂടി മാത്രമേയുള്ളൂ. കഴിഞ്ഞാലുടന്‍ ബാരക്കിലെത്തി കുളിച്ചു തയ്യാറായി കമ്പനി ഓഫീസില്‍ നിന്നും  ലീവ്  സര്‍ട്ടിഫിക്കറ്റ്  വാങ്ങണം.

കിഷന്‍ സിംഗ്  തിടുക്കത്തില്‍ കത്തു  മടക്കി  പോക്കറ്റിലിട്ടു.  ഇടതുതോളില്‍ തൂങ്ങികിടക്കുന്ന   റൈഫിള്‍ എടുത്തു മണല്‍ ചാക്കിനോടു ചേര്‍ത്തു ചാരിവച്ചു.  കവിളില്‍  ഇറുകിയിരിക്കുന്ന   ഹെല്‍മെറ്റിന്റെ  സ്ടാപ്  അല്പമൊന്നയച്ചിട്ടു  കനത്ത   ബുള്ളറ്റ് പ്രൂഫ്‌  ചട്ടയുടെ  കുടുക്കുകള്‍  വിടര്‍ത്തി.

പെട്ടെന്ന്  ട്രഞ്ചിനു  താഴെ കുത്തനെയുള്ള കയറ്റത്തില്‍ നില്‍ക്കുന്ന കൂറ്റന്‍ ചിനാര്‍ മരത്തിന്റെ ചുവട്ടില്‍ ഒരു നിഴലനങ്ങി.  ഉടന്‍  ഒരു വെടിശബ്ദവും മുഴങ്ങി.  അതേ  സമയം തന്നെ ട്രഞ്ചിനുള്ളില്‍   നില്‍ക്കുന്ന കിഷന്‍ സിംഗിന്റെ  കാതുകള്‍ക്കരികിലൂടെ ഒരു വെടിയുണ്ട ശീല്‍ക്കാരത്തോടെ പാഞ്ഞു പോയി. അതു  ബുക്കാരിയുടെ പുകക്കുഴല്‍ തുളച്ചു പിറകിലെ മണ്‍ ഭിത്തിയില്‍ തറച്ചു.

ബുക്കാരിയില്‍ നിന്നും കനലുകള്‍ ചിതറിത്തെറിച്ചു.

അപ്രതീക്ഷിതമായ ആ സംഭവത്തില്‍ കിഷന്‍ സിംഗ് നടുങ്ങിപ്പോയി. അയാള്‍ മണല്‍ ചാക്കുകളുടെ മറവില്‍ ചാരിയിരുന്നു കിതച്ചു.

ചിനാര്‍  മരത്തിന്റെ മറവില്‍ നിന്നും വീണ്ടും തീയുണ്ടകള്‍  പാഞ്ഞു വന്നു. അവയുടെ പ്രഹരത്തില്‍  ട്രഞ്ചിന്റെ തകര ഷീറ്റുകള്‍ ഉഗ്രശബ്ദത്തോടെ വിറച്ചു. അതില്‍ കട്ടപിടിച്ചിരുന്ന മഞ്ഞു പാളികള്‍ ചില്ല്  കഷണങ്ങളായി അടര്‍ന്നു ട്രഞ്ചിന്റെ ഉള്ളിലേയ്ക്ക്   വീണു.  മണല്‍ ചാക്കുകളില്‍ ഉറപ്പിച്ചു വച്ചിരുന്ന ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ അരികിലേയ്ക്ക്  ഇതിനകം കിഷന്‍ സിംഗ്  ഇഴഞ്ഞെത്തിയിരുന്നു.

ഇടതടവില്ലാതെ പാഞ്ഞുവരുന്ന വെടിയുണ്ടകളെ വക വയ്കാതെ മെഷീന്‍ ഗണ്ണിന്റെ ബാരല്‍ ചിനാര്‍  മരത്തിന്റെ ചുവട്ടിലേയ്ക്കു തിരിച്ചു  ഭീകരമായ ഒരലര്‍ച്ചയോടെ കിഷന്‍ സിംഗ്  ട്രിഗറില്‍  ആഞ്ഞു വലിച്ചു. 

ഒരു മിനിറ്റില്‍ അറുനൂറ്റി അന്‍പത്  എന്ന കണക്കില്‍  ആ തോക്കില്‍ നിന്നും   വെടിയുണ്ടകള്‍  ചിനാര്‍ മരത്തെ ലക്ഷ്യമാക്കി പാഞ്ഞു...

ചിനാര്‍ മരത്തിന്റെ ചുവട്ടില്‍  ശബ്ടിച്ചിരുന്ന തോക്കുകള്‍ ഒരു നിമിഷം നിശബ്ദമായി.

അടുത്ത നിമിഷമാണ്  അതു സംഭവിച്ചത്...

എവിടെനിന്നോ പറന്നു വന്ന  ഒരു ഗ്രനേഡ് ട്രഞ്ചിനുള്ളില്‍  വീണു.

ഉഗ്രമായ ഒരു സ്ഫോടന ശബ്ദം...കത്തിയുയുയരുന്ന ഒരു തീജ്വാല...   കറുത്ത രാത്രിയെ കീറി മുറിച്ചു കൊണ്ട്  ഒരു നിലവിളി മുഴങ്ങി.

ചിനാര്‍ മരത്തിന്റെ ചുവട്ടിലെ നിഴലുകള്‍ ഇതിനകം നിശ്ചലമായിരുന്നു.

ദൂരെ...മൈലുകള്‍  അകലെ...ഒരു കുടിലില്‍ വിളറിയ   മുഖവും ദൈന്യതയുടെ നിഴല്‍ വീണ  കണ്ണുകളും ഒരു മയക്കത്തിലേയ്ക്കു വഴുതുകയായിരുന്നു.

എങ്കിലും ആ മുഖത്തു  പ്രതീക്ഷയുടെ തിളക്കം അപ്പോഴുമുണ്ടായിരുന്നു.