2008, ഡിസംബർ 20, ശനിയാഴ്‌ച

ഫാദര്‍ യാക്കൂബ് പട്ടാളത്തിലും ഒരു സര്‍ദ്ദാര്‍ കേണലും

മാന്യ വായനക്കാരെ.............മൂന്നു മാസത്തെ തിരോന്തോരം ജീവിതം അവസാനിപ്പിച്ചു ഞാന്‍ തിരിച്ചു വണ്ടി കയറിയ വിവരം നിങ്ങളാരും അറിഞ്ഞിട്ടില്ല എന്ന് കരുതുന്നു. യാത്ര പരമ സുഖമായിരുന്നു. പക്ഷെ ചെറിയ ഒരബദ്ധം പറ്റി. എനിക്കല്ല അബദ്ധം പറ്റിയത്. എന്റെ കൂട്ടുകാരനായ യക്കൂബിനാണ്.കാരണക്കാരന്‍ ഞാനാണ് എന്ന് ദയവായി കരുതരുത്. ആ കഥ ഇങ്ങനെ....

എനിക്ക് തിരോന്തോരത്ത് നിന്നും കിട്ടിയ കൂട്ടുകാരനാണ് യാക്കൂബ്. യാക്കൂബും ഞാനും ഒരു ഡിപ്പാര്‍ട്ട്മെന്റ് ആണെന്കിലും രണ്ടു സ്ഥലത്താണ് ജോലി ചെയ്യുന്നത്. അവന്‍ ഡല്‍ഹിയിലാണ്. എന്നെപ്പോലെ തന്നെ മൂന്നു മാസത്തെ കാലാവധിക്ക് വന്നതാണ് യാക്കൂബും. സത്യക്രിസ്ത്യാനിയും ദൈവ ഭയമുള്ളവനുമാണ് യാക്കൂബ്. പള്ളീലച്ചന്‍ ആകാനായിരുന്നു യാക്കൂബിന്റെ ആഗ്രഹം. പക്ഷെ കിട്ടിയത് പട്ടാളത്തില്‍. "ഫാദര്‍ യാക്കൂബ് പട്ടാളത്തില്‍" എന്നാണു അവനെ ഞങ്ങള്‍ വിളിച്ചിരുന്നത്. (ഇപ്പോഴത്തെ അവന്റെ ആഗ്രഹം പിള്ളേരുടെ അച്ച്ചനാകാനാണ് കേട്ടോ )

ഞാനും യാക്കൂബും തിരോന്തോരം തീവണ്ടിയാപ്പീസ്സില്‍ നിന്നും കേരള എക്സ്പ്രെസ്സില്‍ എസ്-ഫോര്‍ കമ്പാര്‍ട്ട്മെന്റില്‍ അടുത്തടുത്തുള്ള സീറ്റുകളില്‍ ആസനസ്ഥരായി. തിരുവന്തോരം നിവാസ്സത്തിന്റെ മധുര സ്മരണകള്‍ അയവിറക്കി, പ്ലാറ്റ്ഫോമിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന തരുണീമണികളെ നോക്കി വെള്ളം വിഴുങ്ങി ഇരുന്ന യാക്കൂബ് പെട്ടെന്നാണ്‌ എന്നെ തോണ്ടിയത്. "ഡാ നോക്കിയെ ...ഒരു പഞ്ചാബി ചരക്കു വരുന്നു...."പഞ്ചാബി എന്ന് കേട്ടതോടെ എന്റെ ശ്രദ്ധയും അവന്‍ കൈ ചൂണ്ടിയ സ്ഥലത്തെക്കായി.

സംഭവം ശരിയാണ്. ഒരു പഞ്ചാബി പെണ്‍കൊടി ഇറുകിയ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചു ലിപ്സ്റ്റിക്കിട്ട ചുണ്ടും പാറിപ്പറക്കുന്ന മുടിയുമായി അതാ പ്ലാറ്റ് ഫോമില്‍ നില്ക്കുന്നു. മട്ട് കണ്ടിട്ട് യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണ്. അതും ഞങ്ങള്‍ കയറിയ വണ്ടിയില്‍ തന്നെ. ഞങളുടെ അടുത്ത്‌ ഇനിയും ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും സീറ്റുകളില്‍ അവള്‍ ഇരുന്നിരുന്നെന്കില്‍..എന്ന് ഞാനും ആഗ്രഹിച്ചു. ഡല്ഹി വരെ മിണ്ടിപ്പറഞ്ഞു പോകാമായിരുന്നു. മലയാളികള്‍ ഒത്തിരിപ്പേര്‍ വണ്ടിയിലുണ്ട്. പക്ഷെ ഒരു സുന്ദരിയായ മറുനാട്ടുകാരി ഉള്ളപ്പോള്‍ അവളോട്‌ ഹിന്ദിയില്‍ കൊച്ചു വര്‍ത്തമാനം പറഞ്ഞു പോകുന്നത് ഒരു രസമല്ലേ? പോരാത്തതിനു ഞാനും യാക്കൂബും ക്രോണിക് ബാച്ചിലര്‍മാര്‍.

ഏതായാലും ഞങളുടെ ആഗ്രഹം പോലെ തന്നെ അവള്‍ ഞങളുടെ സീറ്റിനടുത്ത്‌ തന്നെയുള്ള സീറ്റില്‍ വന്നിരുന്നു. ടിക്കറ്റ് നോക്കി സീറ്റ് നമ്പര്‍ ഉറപ്പാക്കി. ഞാനും യാക്കൂബും അല്പം ഒതുങ്ങി ഇരുന്നു അവളുടെ സാധനങ്ങള്‍ സീറ്റിനടിയില്‍ വയ്കാനുള്ള സൌകര്യങ്ങള്‍ ചെയ്തു കൊടുത്തു. സാധങ്ങള്‍ യഥാസ്ഥാനത്ത്‌ വച്ചു കഴിഞ്ഞപ്പോള്‍ അവള്‍ എന്നെയും യാക്കൂബിനെയും നോക്കി മനോഹരമായി ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരി കണ്ട യാക്കൂബ് അവളുടെ കൊഴുത്തുരുണ്ട ശരീരത്തില്‍ ആകെമാനം ഒന്നു നോക്കിയിട്ട് ഭരണിയില്‍ കിടക്കുന്ന ഹലുവ കണ്ടു വെള്ളം വിഴുങ്ങുന്ന കുട്ടിയെപ്പോലെ ഒരു കവിള്‍ ഉമിനീര്‍ 'കിടോന്നു' താഴോട്ടിറക്കി.

വണ്ടി വിട്ടു. പഞ്ചാബി പെണ്ണ് തന്റെ ബാഗ് തുറന്നു ഒരു ഇംഗ്ലീഷ് വാരിക എടുത്ത്‌ വായിക്കാന്‍ തുടങ്ങി. യാക്കൂബ് അവളെത്തന്നെ നോക്കിയിരിക്കുകയാണ്. എങ്ങനെ ഇരുന്നാല്‍ ഇവന്റെ കഴുത്തു ഒരു വശത്തേക്ക് തന്നെ തിരിഞ്ഞു പോകും എന്നെനിക്കു തോന്നി. ഞാന്‍ അവനെ ശാസിച്ചു. മലയാളത്തില്‍ പറഞ്ഞതു കൊണ്ടു യാക്കൂബിന് കാര്യം മനസ്സിലായി.അവന്‍ നീരസത്തോടെ എന്നെ നോക്കിയിട്ട് നോട്ടം പുറത്തേക്കാക്കി. എന്നാലും കുറച്ചു കഴിഞ്ഞപ്പോള്‍ വാച്ചിന്റെ സെക്കണ്ട് സൂചി തിരിയുന്നത് പോലെ വീണ്ടും അവന്റെ കണ്ണുകള്‍‌ പഞ്ചാബി പെണ്ണിന്റെ ശരീരത്തില്‍ തന്നെ വന്നു നിന്നു.

അവളുമായി ഒന്നു ചങ്ങാത്തം കൂടാന്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഒരു ചാന്‍സ് ഒത്തു വന്നില്ല. എന്നാല്‍ യാക്കൂബ് ചാന്‍സിന് വേണ്ടി കാത്തു നില്‍കാതെ സൗകര്യം പോലെ അവളെ മുട്ടാനും തട്ടാനും ഒക്കെ തുടങ്ങി വച്ചു.അവള്‍ വായിച്ചു മടക്കി വച്ച ഇംഗ്ലീഷ് വാരിക ചോദിച്ചു വാങ്ങി അതിന്റെ താളുകള്‍ മറിച്ചു നോക്കി പടം കണ്ടതിനു ശേഷം ഏതോ ഒരു ലേഖനം വളരെ ഗഹനമായ രീതിയില്‍ തന്നെ അവന്‍ വായിച്ചു തുടങ്ങി. ഹിന്ദി തന്നെ 'കുരച്ചു കുരച്ചു' പറയാനറിയാവുന്ന യാക്കൂബിന്‍റെ ഇംഗ്ലീഷ് വായന കണ്ടിട്ട് എനിക്ക് ചിരി വന്നു.വായിക്കുന്നുന്ടെങ്ങിലും അവന്റെ കണ്ണുകള്‍‌ പഞ്ചാബി പെണ്‍കൊടിയുടെ മേനിയിലാണ്.

രാത്രിയായി. യാത്രക്കാര്‍ ഭക്ഷണമൊക്കെ കഴിഞ്ഞു കിടക്കാനുള്ള ഒരുക്കത്തിലാണ്. ഏറ്റവും മുകളിലത്തെ ബെര്‍ത്തില്‍ യാക്കൂബ്. അതിന് താഴെ പെണ്കുട്ടി. അടിയിലത്തെ ബെര്‍ത്തില്‍ ഞാന്‍. പകല്‍ മുഴുവന്‍ പഞ്ചാബി പെണ്ണിനെ പരിചയപ്പെടാനുള്ള ചാന്‍സ് കിട്ടാതിരുന്ന ഞാന്‍ നാളെ കാലത്തെ തന്നെ അതിനുള്ള ശ്രമം തുടങ്ങണം എന്ന് മനസ്സില്‍ വിചാരിച്ചു കിടന്നു. എപ്പോഴോ നല്ല ഉറക്കത്തിലായി.

അര്‍ദ്ധരാത്രി ആയിട്ടുണ്ടാകും ഒരു ബഹളം കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. പഞ്ചാബി പെണ്ണിന്റെ സ്വരമാണ് കേള്‍ക്കുന്നത്. ഹിന്ദിയിലാണ് സംസാരം. അടുത്ത്‌ കിടന്നിരുന്ന യാത്രക്കാരൊക്കെ ഉണര്‍ന്നിട്ടുണ്ട്. സംസാരത്തില്‍ നിന്നും ആരോ പഞ്ചാബി പെണ്ണിനെ കയറിപ്പിടിച്ചതായി മനസിലായി.ഇരുട്ടത്തായതുകൊണ്ട് ആളെ മനസ്സിലായില്ലത്രേ. മറ്റു യാത്രക്കാര്‍ ചെറുപ്പക്കാരായ എന്നെയും യാക്കൂബിനെയും അര്‍ത്ഥഗര്‍ഭമായി നോക്കി. ഞാന്‍ അന്തം വിട്ടിരുന്നു.യാക്കൂബാനെന്കില്‍ പൂണ്ട ഉറക്കത്തിലാണ് ഇപ്പോഴും. കള്ളന്മാര്‍ ആയിരിക്കുമെന്ന് ചില യാത്രക്കാര്‍ അഭിപ്രായപ്പെട്ടു.ഏതായാലും പഞ്ചാബി പെണ്ണ് സംസാരം നിറുത്തി വീണ്ടും കിടന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ അവള്‍ കഴുത്തില്‍ കിടന്ന മാലയും കയ്യിലെ വാച്ചും ഊരി ബാഗില്‍ വച്ചു.

മുകളില്‍ കിടന്ന യാക്കൂബ് അപ്പോഴും കഥയൊന്നുമറിയാതെ ഉച്ചത്തില്‍ കൂര്‍ക്കം വലിച്ചുകൊണ്ടിരുന്നു.നേരം വെളുത്തു. യാത്രക്കാര്‍ ബെര്‍ത്തില്‍ നിന്നും ഇറങ്ങി അവരവരുടെ സീറ്റുകളില്‍ ഇരിപ്പുറപ്പിച്ചു.

അന്ന് പകല്‍ മുഴുവന്‍ യാക്കൂബ് മുകളില്‍ ഉറക്കം തന്നെ ആയിരുന്നു. അതുകൊണ്ട് പഞ്ചാബി പെണ്ണിന്റെ അടുത്തിരിക്കാനുള്ള ഭാഗ്യം എനിക്കും കിട്ടി. ഒരു ചാന്‍സ് ഒത്തു കിട്ടിയപ്പോള്‍ അവളുടെ പേരും നാടും ഞാന്‍ ചോദിച്ചറിഞ്ഞു. ഡല്‍ഹിയില്‍ ആണ് താമസ്സമെന്നും തിരുവനന്തപുരത്തു പഠിക്കുകയാണെന്നും അവള്‍ പറഞ്ഞു. എ.സിയില്‍ റിസര്‍വ്വേഷന്‍ കിട്ടാത്തത് കൊണ്ടാണ് സെക്കണ്ട് ക്ലാസ്സില്‍ കയറിയത് എന്നും അറിയിക്കുകയുണ്ടായി. കൂടുതല്‍ സംസാരിക്കാതെ അവള്‍ വീണ്ടും വായനയില്‍ മുഴുകി.

അങ്ങനെ തട്ടിയും മുട്ടിയും ഞങള്‍ ഡല്‍ഹിയില്‍ എത്തി.ഇറങ്ങാനുള്ള സമയമായപ്പോള്‍ പഞ്ചാബി പെണ്ണിന്‍റെ ബാഗും സ്യു‌ട്ട് കേസും എടുക്കുവാന്‍ ഞാന്‍ സഹായിച്ചു. യാക്കൂബ് അപ്പോഴും അലസ്സനായി അവന്റെ സാധനങ്ങള്‍ മാത്രം എടുത്ത്‌ ഞങളുടെ കൂടെ നടന്നു. അപ്പോള്‍ പുറത്തേക്കുള്ള വാതിലിനരികിലായി ആജാനുബഹുവായ ഒരു സര്‍ദാര്‍ നില്കുന്നത് കണ്ടു. ഞങളെ കണ്ട സര്‍ദാര്‍ പെട്ടെന്ന് വന്നു എന്റെ കയ്യില്‍ ഉണ്ടായിരുന്ന പെണ്ണിന്‍റെ ബാഗും സ്യു‌ട്ട് കേസും വാങ്ങി.പെണ്ണ് സര്‍ദാരിനെ കണ്ട സന്തോഷത്തില്‍ അയാളുമായി 'അസി തുസി' (പന്ചാബിയെ അസി തുസി ഭാഷ എന്നാണു ഞങ്ങള്‍ പറയുക) യില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടു നടന്നകന്നു.

ബാഗ് കൊടുത്തിട്ട് തിരിഞ്ഞു നോക്കിയ ഞാന്‍ യാക്കൂബിനെ കാണാതെ പരിഭ്രമിച്ചു. ഇത്രയും നേരം എന്റെ ഒപ്പം നടന്നിരുന്ന യാക്കൂബ് എവിടെപ്പോയി? നോക്കുമ്പോള്‍ അവനതാ ഒരു തൂണിനു മറഞ്ഞു നില്കുന്നു. ഇവനെന്താ പ്ലാറ്റ് ഫോമില്‍ ഒളിച്ചു കളിക്കുന്നോ? ദേഷ്യത്തോടെ അടുത്തെത്തിയ എന്നോട് സര്‍ദാരിനെ ചൂണ്ടി അവന്‍ ചോദിച്ചു. "നിനക്കറിയാമോ ആ പോകുന്ന ആളിനെ?""

"അത് ആ പെണ്ണിന്‍റെ തന്തയാരിക്കും. അതിന് നിനക്കെന്താ?" ഞാന്‍ ഞാന്‍ പറഞ്ഞു.

"എടാ അത് ഞങ്ങളുടെ കമാണ്ടിംഗ് ഓഫീസര്‍ കേണല്‍ ബേദി സാബാ. അയാളുടെ മോളാന്നു തോന്നുന്നു ആ പെണ്ണ്. എന്റെ കര്‍ത്താവേ ഇന്നലത്തെ കാര്യം ആ പെണ്ണ് അയാളോട് പറഞ്ഞാല്‍ എന്റെ കാര്യം കട്ടപ്പുകയാ..." യാക്കോബ് ഇപ്പൊ കരയുമെന്ന പരുവത്തിലായി.

"ഇന്നലത്തെ കാര്യമോ"? എനിക്കൊന്നും മനസ്സിലായില്ല.

"അതേടാ .. രാത്രിയില്‍ ആരോ പിടിച്ചെന്നു പറഞ്ഞു ആ പെണ്ണ് ബഹളം ഉണ്ടാക്കിയില്ലേ? ആ കാര്യം"

"അതിന് നീയെന്തിനാ പേടിക്കുന്നത്?" യാക്കൂബിന്റെ വ്യാകുലത എനിക്ക് തീരെ പിടി കിട്ടിയില്ല.

എടാ അത് രാത്രിയില്‍ ഞാനറിയാതെ എന്റെ കൈ അറിയാതെ ആ പെണ്ണിന്‍റെ ദേഹത്ത്...."

സംഗതി മനസ്സിലായ ഞാന്‍ യാക്കൂബ് എന്ന സത്യ കൃസ്ത്യാനിയെ നോക്കി "ഇവന്‍ പട്ടാളത്തില്‍ ചേരുന്നതിന് പകരം പള്ളീലച്ചന്‍ ആയിരുന്നെന്കില്‍ എന്താകുമായിരുന്നു കഥ??" എന്നാലോചിച്ചു നിന്നുപോയി.

2008, നവംബർ 24, തിങ്കളാഴ്‌ച

ഹോട്ടല്‍ വേലപ്പന്സിലെ പാചക നൈപുണ്യം

"ഹോട്ടല്‍ വേലപ്പന്‍സ്" !! അങ്ങനെ ഒരു ഹോട്ടല്‍ തിരോന്തോരത്തുണ്ട് എന്ന് കേട്ടാല്‍ തിരോന്തോരം നിവാസികള്‍ ഞെട്ടരുത്. എന്തെന്നാല്‍ ഈ ഹോട്ടല്‍ പട്ടാള ക്യാമ്പിനുള്ളിലാണ്. അതിന്‍റെ നടത്തിപ്പ് കാരനും ഹെഡ് കുക്കും എല്ലാം ശ്രീ വേലപ്പന്‍ സാറാണ്. അതായത് ഞാന്‍ വന്ന ദിവസം തന്നെ ഹൈമവതിയുടെ പ്രേതമായി വന്നു എന്നെ പേടിപ്പിച്ച സാക്ഷാല്‍ ഞാവരക്കുഴിയില്‍ ചാത്തുണ്ണി മകന്‍ എന്‍. സി. വേലപ്പന്‍ എന്ന വേലപ്പന്‍ സാര്‍.

പട്ടാളത്തിലെ സ്ഥിരം ഭക്ഷണമായ ചപ്പാത്തി, പൂരി, പരിപ്പുകറി മുതലായവ കൂടാതെ കേരളീയ ഭക്ഷണമായ ഇഡ്ഡലി, ദോശ, സാമ്പാര്‍, പുട്ട്, അപ്പം എന്നിവയും ഉണ്ടാക്കാന്‍ ബഹു മിടുക്കനാണ് വേലപ്പന്‍ സാര്‍. ഞായറാഴ്ചകളിലാണ് കേരളീയ വിഭവങ്ങള്‍ ഉണ്ടാക്കുന്നത്. അങ്ങനെ ഉണ്ടാക്കുന്ന ദിവസങ്ങളില്‍ ഞങള്‍ മലയാളികള്‍ എല്ലാവരും വേലപ്പന്‍ സാറിനെ സഹായിക്കാനായി മെസില്‍ പോകാറുണ്ട്. മാവ് കുഴക്കുക, പച്ചക്കറി അരിയുക മുതലായ ലഘുവായ ജോലികള്‍ കൂടാതെ മിച്ചം വരുന്ന സാധനങ്ങള്‍ വേസ്റ്റ് ആക്കാതെ കഴിച്ചു തീര്‍ക്കുക എന്നത്പോലെയുള്ള കട്ടിയായ ജോലികളും ഞങള്‍ ഫ്രീയായി ചെയ്തു കൊടുക്കാറുണ്ട്.

എന്തൊക്കെയാണെങ്കിലും പൊറോട്ട എന്നുപറയുന്ന ഒരു സാധനം മാത്രം മെസ്സില്‍ വേലപ്പന്‍ സാര്‍ ഉണ്ടാക്കാറില്ല. അതുണ്ടാക്കാനുള്ള സൂത്രം വേലപ്പന്‍ സാറിന് അറിഞ്ഞുകൂടാ എന്നല്ല അതിനര്‍ത്ഥം. "അതൊരു മിനക്കെട്ട പണിയാടാ കൊച്ചനെ" എന്നാണു ഇതിനെപ്പറ്റി ചോദിച്ചാല്‍ വേലപ്പന്‍ സാര്‍ പറയുക. എന്തായാലും അടുത്ത ഞായറാഴ്ച പൊറോട്ട ഉണ്ടാക്കണം എന്ന് ഞങള്‍ വേലപ്പന്‍ സാറിനോട് ആവശ്യപ്പെട്ടു. അതിനുള്ള സകല സഹായ സഹകരണങ്ങളും ചെയ്തു കൊടുക്കാമെന്നും പറഞ്ഞപ്പോള്‍ പൊറോട്ട ഉണ്ടാക്കാം എന്ന് വേലപ്പന്‍ സാര്‍ സമ്മതിച്ചു.

അങ്ങനെ ഞായറാഴ്ച പൊറോട്ട ഉണ്ടാക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി.അതിനുള്ള മാവ് കുഴക്കാനുള്ള ചുമതല എനിക്ക് കിട്ടി.ഞാന്‍ രാത്രിയില്‍ മാവ് കുഴച്ച് മയപ്പെടുത്തി ഉരുളകളാക്കി തയ്യാറാക്കി വയ്കണം. ചെട്ടിയാരും ചന്ദ്രനും കൂടി വെളുപ്പിനെ മൂന്നു മണിക്കെത്തി കുഴച്ച് ഉരുളയാക്കി വച്ചിരിക്കുന്ന മാവ് വീശി പരത്തിയ ശേഷം രണ്ടായി മുറിച്ചു പൊറോട്ടയുടെ രൂപത്തില്‍ ആക്കി വയ്ക്കുന്നു. പിന്നീട് അതിനെ കൈ കൊണ്ടു ചെറുതായി പരത്തി അപ്പച്ചട്ടിയിലിട്ടു ഇരു പുറവും വേവിച്ചെടുക്കുന്ന ജോലി വേലപ്പന്‍ സാറും അദ്ദേഹത്തിന്‍റെ ഒന്നു രണ്ടു സില്‍ബന്ധികളും ചെയ്യുന്നു. ഇതാണ് മാസ്റ്റര്‍ പ്ലാന്‍. രാത്രിയില്‍ മാവ് തയ്യാറാക്കി കഴിഞ്ഞാല്‍ എന്റെ ജോലി തീര്ന്നു. പിന്നെ രാവിലെ കഴിക്കാനായി മാത്രം വന്നാല്‍ മതി.

മെസ്സില്‍ സ്പെഷ്യല്‍ ഉണ്ടാക്കുന്ന ദിവസം കമാണ്ടിംഗ് ഓഫീസറുടെ വീട്ടിലേക്കും കുറച്ചു കൊടുത്ത് വിടാറുണ്ട്. ശനിയാഴ്ച വൈകിട്ട് തന്നെ സുബേദാര്‍ മേജര്‍ സി. ഓ സാബിന്റെ വീട്ടില്‍ വിളിച്ചു ഈ കാര്യം പറയും. അതിന്‍ പ്രകാരം രാവിലെ സി. ഓ. സാബിന്റെ വീട്ടില്‍ സഹായിയായി നില്‍ക്കുന്നവരില്‍ ഒരാള്‍ മെസ്സിലെത്തും. അത് കഴിച്ച ശേഷം ഓഫീസില്‍ എത്തുന്ന സി. ഓ. സാബ് സ്പെഷ്യല്‍ ഉണ്ടാക്കാന്‍ നേത്രുത്തം നല്കിയ എല്ലാവരെയും ഓഫീസില്‍ വിളിപ്പിച്ച ശേഷം അഭിനന്ദിക്കും.ചിലപ്പോള്‍ ഒരു സമ്മാനവും കിട്ടിയെന്നിരിക്കും. സി. ഓ. സാബിന്റെ അഭിനന്ദനമൊക്കെ നേടുക എന്നുള്ളത് ഒരു വലിയ കാര്യമാണ് പട്ടാളത്തില്‍. എന്റെ കൈപ്പുണ്യം മനസ്സിലാകുന്ന സി.ഓ സാബ് ഒരു പക്ഷെ എന്റെ തിരുവന്തോരം വാസത്തിന്റെ കാലാവധി നീട്ടിത്തരാനും മതി! ചിലപ്പോള്‍ എന്നെ വേലപ്പന്‍ സാറിന്റെ ആജീവനാന്ത അസിസ്റ്റന്റ് ആക്കിയാലോ? മൂന്നു നേരവും സുഖമായി ശാപ്പാടടിച്ചു മെസ്സില്‍ തന്നെ കഴിയാമല്ലോ?

പക്ഷെ പൊറോട്ട മാവ് ഞാന്‍ ഇതിന് മുന്പ് കുഴച്ചിട്ടുണ്ടോ എന്ന് വായനക്കാര്‍ എന്നോട് ചോദിക്കരുത്. എല്ലാ ജോലിയും പഠിച്ചിട്ടാണോ ആളുകള്‍ ചെയ്യുന്നത്?ഇതൊക്കെ ഇങ്ങനെയല്ലേ പഠിക്കുന്നത്? പോരാത്തതിനു ഏത് വിഷയത്തെപ്പറ്റി പഠിക്കാനും ഇപ്പോള്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട്? നീന്തല്‍ വരെ തപാലില്‍ പഠിക്കാവുന്ന കാലമാണ്.പിന്നെയാണോ പൊറോട്ട മാവ് കുഴക്കുന്ന കാര്യം? എന്തായാലും ഞാന്‍ വൈകിട്ട് തന്നെ പുറത്തു പോയി "പാചക നൈപുണ്യം" എന്ന പേരിലുള്ള ഒരു പുസ്തകം വാങ്ങി. അതില്‍ പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്ന തലക്കെട്ടില്‍ മാവ് കുഴക്കുന്ന രീതി മൂന്നു നാല് തവണ വായിച്ചു മനസ്സിലാക്കി.

മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് രാത്രി പത്തു മണിയോടെ ഞാന്‍ മെസിലെത്തി. കുഴക്കാനുള്ള മാവ് അളന്നെടുത്തു. അതില്‍ ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ച് തുടങ്ങി. ഇടയ്ക്ക് പാചക നൈപുണ്യം നോക്കി മാവ് കുഴ കുറ്റമറ്റതാക്കാനും മറന്നില്ല.ഒരു മണിക്കൂര്‍ കൊണ്ടു വളരെ ശാസ്ത്രീയമായ രീതിയില്‍ തന്നെ ഞാന്‍ മാവ് കുഴ പൂര്‍ത്തിയാക്കി ബാരക്കിലേക്ക് മടങ്ങി.

വെളുപ്പാന്‍ കാലത്ത് ആരോ വന്നു എന്നെ കുലുക്കിയുണര്‍ത്തി.രാത്രി വൈകി മാവ് കുഴയൊക്കെ കഴിഞ്ഞു വൈകി കിടന്ന ഞാന്‍ നീരസത്തോടെ കണ്ണ് തിരുമ്മി മുന്നില്‍ നില്ക്കുന്ന ആളെ നോക്കി. ചെട്ടിയാരാണ്.ഇവനെന്തിന് കൊച്ചു വെളുപ്പാന്‍ കാലത്തു വന്നു എന്നെ ശല്യപ്പെടുത്തുന്നു എന്ന ദേഷ്യത്തോടെ നോക്കിയ എന്നോട് "വേലപ്പന്‍ സാര്‍ നിന്നെ വിളിക്കുന്നു ഉടനെ മെസ്സിലേക്ക് വാ" എന്ന് പറഞ്ഞിട്ട് ചെട്ടിയാര്‍ സ്ഥലം വിട്ടു.

മെസ്സില്‍ എത്തിയപ്പോള്‍ അവിടെ പൊറോട്ട ഉണ്ടാക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. കുഴച്ച മാവ് അതുപോലെ തന്നെ ഇരിക്കുന്നു.വേലപ്പന്‍ സാര്‍ ഒരു കസേരയില്‍ തലയ്ക്കു കയ്യും താങ്ങി ഇരിക്കുന്നുണ്ട്‌. ചെട്ടിയാരും രാജേന്ദ്രനും കൂടി ഒരു വലിയ പാത്രത്തില്‍ മാവ് കുഴക്കുന്നു. ഒരാള്‍ ഗ്യാസ് അടുപ്പിനു മുകളില്‍ വലിയ ഒരു ചീനച്ചട്ടി വച്ചിട്ട് എണ്ണ ഒഴിക്കുന്നു. ഇതെന്തു പരിപാടി? പൊറോട്ട എണ്ണയില്‍ ഇട്ടു വറുത്തെടുക്കാനുള്ള പ്ലാനാണോ എന്ന് വിചാരിച്ചു അന്തം വിട്ടു നിന്ന എന്നെ കണ്ട വേലപ്പന്‍ സാര്‍ "ഡാ ...നീ എന്ത് പണിയാ ഈ കാണിച്ചേ? ഇനി ഞാന്‍ എങ്ങനെ സി. ഓ. സാബിനു രാവിലെ പൊറോട്ട കൊടുക്കും എന്റെ ഗുരുവായൂരപ്പാ" എന്ന് മേലോട്ട് നോക്കി ഗുരുവായൂരപ്പനെ നേരിട്ടു കണ്ടു പറയുന്നതു പോലെ പറഞ്ഞിട്ട് എന്തോ കൈവിട്ടുപോയ അണ്ണാനെപ്പോലെ വീണ്ടും തലയ്ക്കു കൈ താങ്ങി ഇരുപ്പായി.

ഇത്രയുമായിട്ടും എനിക്ക് കാര്യം മനസ്സിലായില്ല. ഞാന്‍ കുഴച്ച മാവിന് വല്ല കുഴപ്പവും വന്നോ? വളരെ ശാസ്ത്രീയമായ രീതിയില്‍ തന്നെ പാചക നൈപുണ്യം എന്ന പുസ്തകത്തില്‍ നോക്കിയാണ് മാവ് കുഴച്ചിരിക്കുന്നത്. ചേരേണ്ട സംഗതികളൊക്കെ അതിന്റെ അനുപാതത്തില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. എണ്ണ അല്പം കൂടിപ്പോയി എന്ന് കരുതി പൊറോട്ട മോശമാകുമോ? തന്നെയുമല്ല പൊറോട്ടയുടെ സ്വാദ് കൂട്ടാനായി പാചക നൈപുണ്യം പറഞ്ഞിരിക്കുന്ന പൊടിക്കൈകള്‍ എല്ലാം തന്നെ പ്രയോഗിചിട്ടുമുണ്ട്. പിന്നെ എവിടെയാണ് കുഴപ്പം? ഏതായാലും ആത്മ സുഹൃത്ത് ചെട്ടിയാരോട് തന്നെ ചോദിച്ചേക്കാം.

വേറൊരു പാത്രത്തില്‍ മാവ് കുഴച്ചുകൊണ്ടിരുന്ന ചെട്ടിയാരെ ഞാന്‍ വിളിച്ചു മാറ്റി നിര്‍ത്തി കാര്യങ്ങളുടെ നിജസ്ഥിതി എന്താണെന്ന് ചോദിച്ചു."മൈദാമാവ് കൊണ്ടുള്ള പൊറോട്ട ഉണ്ടാക്കാനെ ഇവിടെ ഉള്ളവര്‍ക്കറിയൂ,ഗോതമ്പ് മാവ് കൊണ്ടു പൊറോട്ട ഉണ്ടാക്കാന്‍ അറിയില്ല!"എന്ന ചെട്ടിയാരുടെ മറുപടി കേട്ട ഞാന്‍ അന്തം വിട്ടു. പാചക നൈപുണ്യം എന്ന കൃതിയിലെ പൊറോട്ട എങ്ങിനെ ഉണ്ടാക്കാം എന്ന തലേക്കെട്ട് ഒന്നുകൂടി രഹസ്യമായി ഞാന്‍ വായിച്ചു നോക്കി. അതില്‍ ആവശ്യത്തിന് മാവെടുത്തു താഴെപ്പറയുന്ന രീതിയില്‍ കുഴക്കുക എന്നു മാത്രമേയുള്ളൂ. പൊറോട്ട ഉണ്ടാക്കാന്‍ മൈദാ മാവാണോ ഉപയോഗിക്കുന്നത്? ആണെങ്കില്‍ ആ കാര്യം എന്തുകൊണ് പാചക നൈപുണ്യം പറഞ്ഞില്ല? അതൊരു വലിയ ചതിയല്ലേ?

സംഗതിയുടെ കിടപ്പുവശം മനസ്സിലായ ഞാന്‍ ഉടന്‍ തന്നെ സൈക്കിളെടുത്ത് അടുത്തുള്ള തട്ട് കടയിലേക്ക് വിട്ടു. അവിടെ നിന്നും സി ഓ. സാബിനുള്ള പൊറോട്ടയും കറിയും വാങ്ങി തിരിച്ചു വന്നു വേലപ്പന്‍ സാറിന്റെ കൈവശം ഏല്പിച്ചു. എന്നിട്ട് പാചക നൈപുണ്യം എടുത്ത്‌ ഗോതമ്പ് മാവ് കൊണ്ടു എങ്ങനെ പൊറോട്ട ഉണ്ടാക്കാം എന്ന് അതില്‍ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് പരിശോധിച്ച് നോക്കി.

ഞാന്‍ കുഴച്ച് കുളമാക്കിയ ഗോതമ്പ് മാവുകൊണ്ടു പൂരിയെന്കിലും ഉണ്ടാക്കാന്‍ കഴിയുമോ എന്നു പരീക്ഷിക്കുകയായിരുന്നു അപ്പോള്‍ വേലപ്പന്‍ സാറും ചെട്ടിയാരും.!

2008, നവംബർ 14, വെള്ളിയാഴ്‌ച

ട്വന്റി 20യും ഒരു സ്ത്രീ പീഡനവും

ട്വന്റി 20 എന്നൊരു സിനിമ തിരോന്തോരത്ത് രണ്ടു മൂന്നു കൊട്ടകകളില്‍ കളിക്കുന്നു എന്ന വിവരം വളരെ വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്നും എനിക്ക് ലഭിക്കുകയുണ്ടായി. മലയാളത്തിലെ സകല കലാ വല്ലഭന്മാരും വല്ലഭകളും അഭിനയിക്കുന്ന സിനിമ!മമ്മൂട്ടിയുടെ കലക്കന്‍ കോടതി ഡയലോഗും മോഹന്‍ലാലിന്റെ മീശ പിരിയും പിന്നെ മേമ്പൊടിയായി സുരേഷ് ഗോപിയുടെ ഷിറ്റും ചേര്‍ത്ത് ച്യവനപ്രാശത്തിന്റെ പ്രിസ്ക്രിപ്ഷന്‍ പോലെയാണ് ആ സിനിമയുടെ തിരക്കഥ! എല്ലാം കൂടി കേട്ടപ്പോള്‍ സിനിമ കണ്ടേ പറ്റൂ എന്നെനിക്കു തോന്നി. പക്ഷെ ഒറ്റയ്ക്ക് പോകാന്‍ ഒരു വിഷമം. കുരുക്ഷേത്ര കാണാന്‍ പോയ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അതുപോലെ വല്ല എടാകൂടത്തിലും പോയി ചാടിയാലോ എന്നൊരു ഭയം.

കൂട്ടുകാരനും തിരോന്തോരം നിവാസിയുമായ രാജേന്ദ്രന്‍ ചെട്ടിയാരോട് ഞാന്‍ കാര്യം പറഞ്ഞു. ചെലവ് മുഴുവന്‍ വഹിക്കാം എന്നുണ്ടെങ്കില്‍ എന്‍റെ കൂടെ സിനിമയ്ക്ക് വരാമെന്ന് ചെട്ടിയാര്‍ സമ്മതിച്ചു. അവസാനം ട്വന്റി ട്വെന്റിയുടെ ചെലവ് ഫിഫ്ടി ഫിഫ്ടി ആയി വീതിക്കാം എന്ന തീരുമാനത്തില്‍ ഞാനും ചെട്ടിയാരും ക്യാമ്പില്‍ നിന്നും പുറത്തു ചാടി തിരോന്തോരത്തെക്ക് വിട്ടു.

അവിടെ എത്തിയപ്പോള്‍ വലിയ ഒരു ക്യുവാണു ഞങള്‍ കണ്ടത്. ക്യുവില്‍ നിന്നു മടുത്തിട്ടാണെന്ന് തോന്നുന്നു ചിലര്‍ ടിക്കെട്ടു കൌണ്ടറിനു മുകളില്‍ നിര്‍മിച്ചിട്ടുള്ള കമ്പി വേലിയില്‍ കുരങ്ങന്മാരെപ്പോലെ നാലുകാലില്‍ തൂങ്ങി കിടക്കുന്നത് കാണാമായിരുന്നു.അതില്‍ ചിലര്‍ മുമ്പോട്ടു നീങ്ങാനുള്ള ബദ്ധപ്പാടില്‍ താഴെ നില്‍കുന്നവരുടെ ശരീര ഭാഗങ്ങളില്‍ ചവിട്ടുകയും ചവിട്ടു കൊള്ളുന്നവന്‍ ആ കാലിന്റെ ഉടമസ്ഥനെ അടുത്ത്‌ നില്‍ക്കുന്നവരുടെ സഹായത്തോടെ ക്യുവിന്റെ പുറകിലേക്ക്,പൊതുദര്‍ശനത്തിനു വയ്കാന്‍ കൊണ്ടുപോകുന്ന മൃതദേഹം എന്നപോലെ മാറ്റുന്നതും ഒക്കെ കണ്ടു എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടുനിന്ന എന്നെ മൈണ്ട് ചെയ്യാതെ ചെട്ടിയാര്‍ നേരെ ക്യുവിന്റെ ഇടയിലേക്ക് നുഴഞ്ഞു കയറി.

ഉദ്ദേശം പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ രണ്ടു ബാല്‍ക്കണി ടിക്കെട്ടുമായി പ്രത്യക്ഷപ്പെട്ട ചെട്ടിയാര്‍, ഇവന്‍ ഇതെങ്ങനെ ഒപ്പിച്ചു എന്ന ഭാവത്തില്‍ നോക്കി നിന്ന എന്നെ "എന്തെരു‌ നോക്കണത് ? തള്ളെ നീ വാടെ " എന്ന ഡയലോഗും പറഞ്ഞു അകത്തേക്ക് നയിച്ചു.അകത്ത് കടന്നയുടന്‍ കണ്ട രണ്ടു സീറ്റുകളില്‍ ഞങള്‍ ആസനസ്ഥരായി.

അല്പം കഴിഞ്ഞപ്പോഴാണ് എന്‍റെ നേരെ ഇടതു ഭാഗത്തിരിക്കുന്നത് ഒരു സായിപ്പും മദാമ്മയുമാണ് എന്ന് മനസ്സിലായത്. മദാമ്മ എന്‍റെ അടുത്തുതന്നെയാണ് ഇരിക്കുന്നത്. മലയാളമറിയാത്ത ഇവര്‍ മലയാളം പടം കാണാന്‍ എന്തിന് കയറി എന്നെനിക്കു മനസ്സിലായില്ല.ഒരുപക്ഷെ ട്വന്റി ട്വന്റി എന്ന പേരുകണ്ട് ഇന്ഗ്ലിഷ് പടമാണെന്ന് തെറ്റിദ്ധരിച്ചു കയറിയതാണോ? എന്ത് കുന്തമെന്കിലുമാകട്ടെ അടുത്തിരികുന്നത് ഒരു ഒരു വിദേശ വനിതയല്ലേ അവരോട് സംസാരിച്ചു എന്‍റെ ഇന്ഗ്ലിഷ് പാണ്ടിത്യം വെളിപ്പെടുത്താം എന്ന് കരുതിയ ഞാന്‍ മദാമ്മയെ നോക്കി "ഹായ് ഹൌ ആര്‍ യു?" എന്നൊരു കാച്ചു കാച്ചി. അത് കേട്ട മദാമ്മ 'ഫൈന്‍' എന്ന് മൊഴിഞ്ഞതോടെ അടുത്ത ഇന്ഗ്ലിഷ് എന്ത് പറയണമെന്ന് ഞാന്‍ തലപുകഞ്ഞാലോചിച്ചു.

കൂടുതല്‍ ആലോചിക്കുന്നതിനു മുന്പ് തന്നെ സിനിമ തുടങ്ങി. ബസ് സ്റ്റാന്റില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന ആള്‍ കൊതുക് കടിക്കുമ്പോള്‍ ഞെട്ടി എഴുനേറ്റു കൊതുകിനെ കൊല്ലാനായി സ്വശരീരത്തില്‍ ആഞ്ഞടിക്കുന്നത് പോലെ ഓരോ നടന്മാര്‍ വരുമ്പോഴും അവരുടെ ആരാധകര്‍ ചാടി എഴുനേറ്റു കയ്യടിക്കാനും വിസിലടിക്കാനും തുടങ്ങി.അത് കണ്ട സായിപ്പും മദാമ്മയും വലുത് ചെറുത്‌ നോക്കാതെ എല്ലാവരെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

സംഘട്ടന രംഗങ്ങള്‍ വരുമ്പോള്‍ ഞാനറിയാതെ തന്നെ എന്‍റെ കയ്യും കാലുമൊക്കെ ഉയര്ന്നു പോകാറുണ്ട്. നായകന്‍ വില്ലനെ ഇടിച്ചു ചമ്മന്തിയാക്കുമ്പോള്‍ ഞാന്‍ എന്‍റെ വകയായി ഒരിടിയോ തൊഴിയോ ഒക്കെ ഫ്രീയായി വില്ലന് കൊടുക്കും.മിക്കപ്പോഴും അത് അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കുന്നത്‌ മുന്‍പിലോ വശങ്ങളിലോ ഇരിക്കുന്നവര്‍ക്കയിരിക്കും. പക്ഷെ ഈ സിനിമയില്‍ മമ്മൂട്ടി മോഹലാലിനെ ഇടിക്കുമ്പോഴും മോഹന്‍ലാല്‍ തിരിച്ചു മമ്മൂട്ടിയെ ഇടിക്കുമ്പോഴും എന്‍റെ ഇടി ആര്‍ക്കു കൊടുക്കും എന്നറിയാതെ ഞാന്‍ ബുദ്ധിമുട്ടി.രണ്ടുപേരും പട്ടാള സിനിമകളില്‍ അഭിനയിച്ചു ഞങളുടെ മാനം കാത്തവരാണ്. എന്നാലും ആവേശം മൂത്ത് ഞാനറിയാതെ എന്റെ കയ്യും കാലുമൊക്കെ ഇടക്കൊക്കെ ഉയര്ന്നു പോയി.

ഇന്റര്‍വെല്‍ കഴിഞു. കഥ ക്ലൈമാക്സിനോട് അടുക്കുകയാണ്. ഇതിനിടയില്‍ മദാമ്മ സായിപ്പിനോട്‌ എന്തോ പറയുന്നതും സായിപ്പ് ഉടനെ എഴുനേറ്റു പുറത്തേക്ക് പോകുന്നതും കണ്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ സീറ്റിനിടയിലൂടെ വന്നിട്ട് എന്റെ തോളില്‍ തട്ടി. വേഷം കണ്ടിട്ട് പോലീസുകാരന്‍ ആണെന്ന് മനസ്സിലായി. അയാള്‍ എന്നോടും ചെട്ടിയാരോടും പുറത്തേക്ക് വരാന്‍ പറഞ്ഞു.ഒരു പോലീസ്സുകാരന്‍ വന്നു വിളിക്കുമ്പോള്‍ പട്ടാളക്കാരനായ ഞങള്‍ പോകാതിരിക്കുന്നത് ശരിയല്ലല്ലോ എന്നുകരുതി ഞാനും ചെട്ടിയാരും എന്താണ് കാര്യമെന്നറിയാന്‍ പുറത്തേക്ക് ചെന്നു.പോകുന്ന പോക്കില്‍ സായിപ്പ് വാതിലിനടുത്ത് നില്ക്കുന്നത് ഞങള്‍ കാണുകയുണ്ടായി.

അയാള്‍ ഞങ്ങളെ പുറത്തു കിടക്കുന്ന പോലീസ് ജീപ്പിനടുത്തെക്ക് കൊണ്ടുപോയി. ക്യാമ്പില്‍ നിന്നും പുറത്തു ചാടിയ വിവരം എങ്ങാനും ഫ്ലാഷ് ആയോ എന്ന് ഞാന്‍ സംശയിച്ചു. പക്ഷെ അതിനുള്ള ചാന്‍സ് കുറവാണ്. പിന്നെ എന്താണ് കാരണം?ചില പട്ടാളക്കാര്‍ തീവ്രവാദ ബന്ധമുള്ളവരാണ് എന്നും മറ്റുമുള്ള ന്യൂസ് കേട്ടിരുന്നു.ഇനി ഞാനും ചെട്ടിയാരും അങ്ങനെയുള്ളവരാണോ എന്ന് സംശയിച്ചാണോ ഇവര്‍ വന്നിരിക്കുന്നത്? ഉഗ്രവാദികളെ ഫോട്ടോയില്‍ കണ്ടിട്ടുള്ളതല്ലാതെ നേരിട്ടു ഇതുവരെ കണ്ടിട്ടില്ലാത്ത ഞാന്‍ പോലീസ് ജീപ്പില്‍ സകലവിധ പ്രതാപത്തോടെ വിരാജിക്കുന്ന എസ് ഐ ഏമാന്റെ മുന്‍പിലെത്തി അറ്റെന്‍ഷനായി.

ഞങളെ കണ്ടതും "ഭ ....സിനിമ കാണാന്‍ വന്നിട്ട് സ്ത്രീപീഡനം നടത്തുന്നോടാ ****മോനേ" എന്നലറിക്കൊണ്ട് എന്റെയും ചെട്ടിയാരുടെയും പാന്റിന്റെ സ്വിബ്ബ് കൂട്ടി ഒറ്റ പിടുത്തം! അപ്രതീക്ഷിതമായ ആ അലര്‍ച്ചയും പിടുത്തവും കൂടെ പീഡനം എന്ന വാക്കും കൂടി കേട്ടതോടെ ഉണ്ടായിരുന്ന ധൈര്യം ദ്രാവക രൂപത്തില്‍ പുറത്തേക്ക് പോയ വിവരം ഞാനറിഞ്ഞില്ല എങ്കിലും എസ് ഐ ഏമാന്‍ മണത്തറിഞ്ഞു. അതോടെ പിടുത്തം പഴയ സ്ഥലത്ത് നിന്നും കഴുത്തിലേക്കു ഷിഫ്റ്റ് ചെയ്തിട്ട് രണ്ടു മൂന്ന് മലയാള വാക്കുകള്‍ വൃത്തിയായി ഉച്ചരിച്ചു.

കേസ് പീഡനമാണ് . പക്ഷെ ആരെ,എപ്പോള്‍, എവിടെവച്ച്‌ എങ്ങനെ പീഡിപ്പിച്ചു എന്ന കാര്യം മാത്രം ഈ കാലമാടന്മാര്‍ പറയുന്നില്ല. മട്ട് കണ്ടിട്ട് ഒരു പുരുഷ പീഡനം ഉടനെ നടക്കുമെന്നുള്ള കാര്യം ഉറപ്പായി. അതിന് മുന്പ് ഞങള്‍ പീഡനക്കാരല്ല പട്ടാളക്കാരാണ് ,സിനിമ കാണാന്‍ രണ്ടു മണിക്കൂര്‍ മുന്പ് ക്യാമ്പില്‍ നിന്നും പോന്നതാണ്,ഈ രണ്ട് മണിക്കൂറിനുള്ളില്‍ പീഡിപ്പിക്കാനുള്ള ചാന്‍സ് ഒന്നുംതന്നെ കിട്ടിയിട്ടില്ല എന്ന് ഞാനും ചെട്ടിയാരും ആണയിട്ടു പറഞ്ഞു. പട്ടാളക്കാരാണ് എന്ന് കേട്ടതോടെ എസ് ഐ പിടുത്തം വിട്ടു.അതുവരെ ചദ്രയാന്‍ പേടകം പോലെ ഭൂമിയിലുമല്ല ചന്ദ്രനിലുമല്ല എന്ന രീതിയില്‍ നിന്ന ഞാനും ചെട്ടിയാരും തിരിച്ചു ഭൂമിയില്‍ ലാണ്ട് ചെയ്തു.

അപ്പോള്‍ പിന്നെ ആരാടാ വിദേശ വനിതയെ പീഡിപ്പിച്ചത് എന്നായി പോലീസുകാര്‍. എന്റെ അടുത്തിരുന്ന സായിപ്പും കൂടെയുള്ള മദാമ്മയുമാണ് ഈ പീഡന കഥയുടെ നിര്‍മാതാവ് എന്ന സത്യം എനിക്ക് മനസ്സിലായി. സിനിമ കണ്ടു കൊണ്ടിരുന്ന മദാമ്മയുടെ ഏതോ മൃദുല ഭാഗത്ത് ഞാന്‍ ശക്തിയായി പീഡിപ്പിച്ചു എന്നാണ് സായിപ്പിന്‍റെ പരാതിയെന്ന് ഒരു പോലീസ്സുകാരന്‍ പറയുകയുണ്ടായി. അത് കേട്ടതോടെ പീഡനം നടന്നിട്ടുണ്ട് എന്ന് എനിക്കും ബോധ്യമായി. സിനിമയില്‍ സംഘട്ടന രംഗങ്ങള്‍ നടക്കുമ്പോള്‍ ആവേശം മൂത്ത് കയ്യും കാലുമൊക്കെ അനക്കിപോകുന്ന എന്റെ ഒരു താഡനം മദാമ്മയുടെ മൃദുല ഭാഗത്ത് പതിഞ്ഞതായി ഞാന്‍ ഓര്‍ത്തു‌. പക്ഷെ അത് പറഞ്ഞാല്‍ പട്ടാളക്കാരന്‍ എന്ന പരിഗണയില്‍ തടിയൂരി പോകാനുള്ള അവസരം കൂടി ഇല്ലാതാകും എന്നതിനാല്‍ "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ" എന്ന ഭാവത്തില്‍ നിശബ്ദനായി നിന്നു.

ട്വന്റി ട്വെന്റിയും ചെട്ടിയാരുടെ ഫിഫ്ടി ഫിഫ്ടിയും കൂടെ പോലീസ്സുകാര്‍ക്കുള്ള ഹന്ന്‍ട്രെഡ് ഹന്ന്‍ട്രെഡ് കൂടി ചേര്‍ത്തപ്പോള്‍ 'ടോട്ടല്‍ ഫോര്‍ യു' ഇസ് ഫൈവ് ഹന്ന്‍ട്രെഡ് എന്ന ബില്ല് കിട്ടിയ ഞാന്‍ ഈ മാസത്തെ ശമ്പളം കിട്ടാന്‍ ഇനി എത്ര ദിവസം ബാക്കിയുണ്ട് എന്നുകൂടി ആലോചിച്ചുപോയി.

2008, നവംബർ 5, ബുധനാഴ്‌ച

പാക്കരന്‍ ചേട്ടനും ഞാനും ആന്‍ ഐഡിയായും

ഒരു മാസത്തിനുള്ളില്‍ രണ്ടു തവണയെങ്കിലും വീട്ടില്‍ പോവുക എന്നത് നാട്ടില്‍, പ്രത്യേകിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരുടെ രീതിയാണ്. അങ്ങനെ പോകാന്‍ അനുവാദമൊന്നുമില്ല. സെക്ഷനില്‍ ഉള്ള ഒരു ധാരണയുടെ പുറത്താണ് ഈ പോക്ക്. മിക്കവാറും ശനിയാഴ്ച വൈകിട്ടാണ് ഈ പരിപാടി നടക്കുക. "കട്ട് പാസ്" എന്നാണു ഇതിന് ഞങ്ങള്‍ പേരിട്ടിരിക്കുന്നത്. ഒരു ദിവസത്തിന് ശേഷം, അതായത് തിങ്കളാഴ്ച രാവിലെ പി. റ്റി പരേടിനു മുന്‍പ് തിരികെ എത്തിക്കൊള്ളാം എന്ന് പറഞ്ഞാണ് പോകുന്നത്. പോകുന്ന ആള്‍ ഈ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ തിരിച്ചു വരും. വന്നില്ലെങ്കില്‍ അതോടെ, അനുവാദമില്ലാതെ ഒളിച്ചോടിയത്‌ മുതല്‍ സകല ആര്‍മി ആക്ടും അയാളുടെ തലയില്‍ കെട്ടിവയ്കും. പിന്നെയുള്ള അയാളുടെ പട്ടാള ജീവിതം കട്ടപ്പുക!

എന്തൊക്കെയാണെങ്കിലും ശനിയാഴ്ച ഉച്ച തിരിയുമ്പോള്‍ തന്നെ ഞങ്ങള്‍ക്കെല്ലാം കുടിയന്മാര്‍ക്ക് ബാര്‍ കാണുമ്പോള്‍ നൂറു മില്ലി അടിച്ചാലോ എന്ന് തോന്നുന്നതുപോലെ, ഒരു 'കട്ടുപാസ്' പോയാലോ എന്ന തോന്നല്‍ ഉണ്ടാകും. സൗകര്യം കിട്ടിയാല്‍ മുങ്ങുകയും ചെയ്യും. അങ്ങനെ ഒരു ശനിയാഴ്ച വൈകുന്നേരം ഞാനും മുങ്ങി. പൊങ്ങിയത് എന്റെ വീടിനടുത്തുള്ള ബസ്സ്റ്റോപ്പില്‍. ഓട്ടോ ഒന്നും സ്റ്റാന്റില്‍ കാണുന്നില്ല. ഞാന്‍ അടുത്തുള്ള മുറുക്കാന്‍ കടയില്‍ നിന്നും ഒരു സിഗരട്ട് വാങ്ങി കത്തിച്ചു. പിന്നെ പുകയും വിട്ടുകൊണ്ട് വീട്ടിലേക്ക് നടന്നു.

ഞാന്‍ മിക്കവാറും ലീവിന് വരുന്നതു ഈ സമയത്താണ്‌. അതിന് കാരണമുണ്ട്. നാട്ടില്‍ വരുന്ന ഒരു പട്ടാളക്കാരനെ കാണുന്ന, പ്രത്യേകിച്ച് അല്പം 'വീശുന്ന' പരിചയക്കാര്‍ എപ്പോഴും ചോദിക്കുന്നതു പ്രധാനപ്പെട്ട മൂന്നു ചോദ്യങ്ങളാണ്.

ചോദ്യം നമ്പര്‍ ഒന്ന്. 'ആഹ എത്തിയല്ലോ പട്ടാളം! എപ്പോ വന്നൂ?'

പട്ടാളം ഉവാച: 'ഇന്നലെ വന്നു'

ചോദ്യം നമ്പര്‍ രണ്ട്. ' എന്ന് പോകും?' (ഈ ചോദ്യം കേട്ടാല്‍ ഇനി ലീവ് കഴിഞ്ഞു തിരിച്ചു പോകുന്നത് വരെ നമ്മുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തേണ്ടത്‌ അവരുടെ അവരുടെ ചുമതലയാണ്, അതുകൊണ്ടാണ് ചോദിക്കുന്നത് എന്ന് തോന്നും)

പട്ടാളം പറയുന്നു. "ഒരു മാസം ഉണ്ട് ചേട്ടാ."

ഇനിയാണ് മര്‍മ പ്രധാനമായ അടുത്ത ചോദ്യം വരുന്നതു. " മറ്റവന്‍ ഉണ്ടല്ലോ അല്ലെ?"

'മറ്റവനെ' വായനക്കാര്‍ അറിയും. അവനാണ് താരം. അവനില്ലാത്ത പട്ടാളക്കാരന്‍ പട്ടാളമെയല്ല. അവനാണ് 'ലവന്‍'! അതായത് നമ്മുടെ മിലിട്ടറി...നാടന്‍ ഭാഷയില്‍ സ്വയമ്പന്‍.!! ഇല്ല എന്ന് പറയാന്‍ ഒരു പട്ടാളക്കാരനും ധൈര്യമില്ല. പറഞ്ഞാല്‍ പിന്നെ അവന്‍ പട്ടാളക്കാരന്‍ ആണെന്ന് തെളിയിച്ചു കൊടുക്കേണ്ടി വരും. കാരണം ലവനില്ലാതെ ലീവിന് വരുന്നവന്‍ പട്ടാളക്കാരനല്ല. ഏതോ നാട്ടില്‍ പോയി എന്തോ ജോലി ചെയ്യുന്നവന്‍. അവനെ പട്ടാളക്കാരന്‍ എന്ന് എങ്ങിനെ വിളിക്കും? പട്ടാളക്കാരനാണോ അവന്‍റെ പെട്ടി നിറയെ കുപ്പി കാണും.... കാണണം..... കണ്ടേ പറ്റൂ!

അതുകൊണ്ട് പട്ടാളം പറയുന്നു. " അത്യാവശ്യത്തിനൊക്കെ ഒണ്ടു ചേട്ടാ".

അതോടെ ചോദ്യകര്‍ത്താവ് കുട്ടൂസന്‍ മന്ത്രവാദിയുടെ ഒട്ടിപ്പോ മന്ത്രം പ്രയോഗിച്ച പോലെ ഒട്ടുകയായി. ആ ഒട്ടല്‍ മാറണമെങ്കില്‍ ബാഗിനകത്തുള്ള 'ലവന്‍' പുറത്തു വരണം. ചിലപ്പോ രണ്ട് പെഗ്ഗ്. ചിലപ്പോള്‍ അര കുപ്പി. ചുരുക്കം ചില ഒട്ടിപ്പോകള്‍ ഒരു മുഴുവന്‍ കുപ്പിയും കുത്തിയിരുന്നു ഒട്ടിച്ചു കളയും!

നാട്ടുകാരായ കുടിയന്സിനു അല്പം കള്ള് കൊടുക്കാനുള്ള വിഷമം കൊണ്ടാണ് ഞാന്‍ ഇരുട്ട് തപ്പി വരുന്നതു എന്ന് വായനക്കാര്‍ ദയവായി വിവക്ഷിക്കരുത്. കൊണ്ടുവരുന്ന കുപ്പി മുഴുവന്‍ ഇങ്ങനെ എനിക്ക് വേണ്ടപ്പെട്ട കുടിയന്മ്മാര്‍ തന്നെയാണ് കുടിക്കുന്നത്. എന്നാലും 'കഴിക്കുന്നവന്‍, അറിയുന്നില്ല പക്ഷെ വിളമ്പുന്നവന്‍ അറിയണ്ടേ?' എന്ന പഴമൊഴി ഇത്തരുണത്തില്‍ മാന്യ വായനക്കാര്‍ ഓര്‍ക്കുമല്ലോ?

അങ്ങനെ അരണ്ട വെളിച്ചത്തില്‍ , സിഗരറ്റിന്റെ പുക ഗുമു ഗുമാന്നു വിട്ടുകൊണ്ട് ഞാന്‍ നടക്കുകയാണ്. കുറച്ചു നടന്നപ്പോള്‍ അല്പം മുന്‍പിലായി ആരോ ഒരാള്‍ ഒരു സൈക്കിളും തള്ളിക്കൊണ്ട് നടന്നു പോകുന്നത് കണ്ടു. ഏതോ വഴിപോക്കന്‍ പഞ്ചര്‍ ആയ സൈക്കിളും തള്ളി പോവുകയാണ്. പക്ഷെ ആ നടപ്പില്‍ ഒരു പ്രത്യേകത എനിക്ക് തോന്നി. കാരണം പരിചമുട്ട് കളിക്കാര്‍ ചുവടു വയ്കുന്നതുപോലെ രണ്ടടി മുന്നോട്ടു നടന്നിട്ട് അടുത്ത രണ്ടടി പുറകോട്ടും പിന്നെ ഇടക്കൊക്കെ ഇടത്തോട്ടും വലത്തോട്ടും ഓരോ അടികളും വച്ചാണ് അദ്ദേഹം നടക്കുന്നത്. ആ നടപ്പിനൊപ്പം തന്നെ കൂടെയുള്ള സൈക്കിളും ചുവടു വയ്ക്കുന്നുണ്ട്‌. അതിനും പുറമെ"എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര പയങ്കരമേ' എന്ന മനോഹരമായ ഒരു ഗാനം കൂടി ആ മാന്യ ദേഹം ആലപിക്കുന്നുണ്ട്.

ആ ശബ്ദം! വളരെ പരിചയമുള്ളതാണ് എന്നെനിക്കു തോന്നി. യേശുദാസിന്റെയോ ജയച്ചന്ദ്രന്റെയോ അല്ല. പിന്നെ ആരാണാ ഗാന ഗന്ധര്‍വ്വന്‍? ഞാന്‍ തല പുകഞ്ഞാലോചിച്ചു. ഉടന്‍തന്നെ ആളെ പിടികിട്ടി. അതാണ്‌ നമ്മുടെ പാക്കരന്‍ ചേട്ടന്‍!!! ഞങ്ങളുടെയെല്ലാം ആരാധ്യപുരുഷനായ, അന്ഗീകൃത ചെത്തുകാരനും ആസ്ഥാന കുടിയനുമായ പാക്കരന്‍ ചേട്ടനാണ് പാട്ടു പാടി, താളമിട്ടു മുന്‍പോട്ടു പോകുന്നത്!

പാക്കരന്‍ ചേട്ടനെപ്പറ്റി പറയാന്‍ ഒത്തിരി ഉണ്ട്. ഞങളുടെ ഗ്രാമത്തിന്റെ അന്ഗീകൃത ചെത്തുകാരനും ആസ്ഥാന കുടിയനും മാത്രമല്ല എന്റെ ഗുരുവും കൂടിയാണ് പാക്കരന്‍ ചേട്ടന്‍! ഗുരു എന്നുപറഞ്ഞാല്‍ അക്ഷരം പഠിപ്പിച്ച ആളല്ല. കുടി പഠിപ്പിച്ച ആള്‍. ഞങളുടെ തന്നെ തെങ്ങില്‍ നിന്നും പാക്കരന്‍ ചേട്ടന്‍ ചെത്തിയെടുത്ത മധുര കള്ളാണ് ഞാന്‍ കുടിച്ച ആദ്യ മദ്യം. അത് എനിക്കും പാക്കരന്‍ ചേട്ടനും മാത്രമെ അറിയൂ. തന്നെയുമല്ല പാക്കരന്‍ ചേട്ടനെക്കുറിച്ചു വേറെ ഒരു വിശേഷണം കൂടിയുണ്ട്.ഏതെങ്കിലും നല്ല കാര്യത്തിന് പുറപ്പെടുമ്പോള്‍ പാക്കരന്‍ ചേട്ടനെ ശകുനം കണ്ടാല്‍ ആ കാര്യം നടന്നിരിക്കും എന്നാണു ഗ്രാമത്തിലെ പലരും പറയാറുള്ളത്. അത് ശരിയാണ് എന്ന് ഞാനും പറയും. കാരണം പട്ടാളത്തില്‍ ചേരാനായി രണ്ടു വര്‍ഷത്തോളം നടന്നിട്ടും രക്ഷയില്ലാതിരുന്ന എനിക്ക് അവസാനം ഈ പണി പറ്റില്ല എന്ന് നാട്ടുകാരും വീട്ടുകാരും പറയാന്‍ തുടങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി വന്ന കാള്‍ ലെറ്റര്‍ പ്രകാരം ഒന്നുകൂടി പോയിനോക്കാം എന്നുകരുതി ഇറങ്ങിയപ്പോള്‍ ഞാന്‍ ശകുനം കണ്ടത് പാക്കരന്‍ ചേട്ടനെയാണ്. അന്ന് തന്‍റെ കള്ള് കുടുക്കയില്‍ നിന്നും അല്പം കള്ളെടുത്ത് എന്റെ നെറുകയില്‍ കുടഞ്ഞിട്ടു "മോനേ നീ പോയി ഫിറ്റായി വാ" എന്ന് അനുഗ്രഹിച്ച ആളാണ് ഈ പാക്കരന്‍ ചേട്ടന്‍. എന്തായാലും പാക്കരന്‍ ചേട്ടന്റെ കള്ളിന്റെ ഗുണമാണോ എന്നറിയില്ല ആ പോക്കില്‍ ഞാന്‍ ഫിറ്റായി. അവിടുന്നിങ്ങോട്ടു ഫിറ്റ് തന്നെ ഫിറ്റ്. (ഇപ്പോഴും ചെറിയ രീതിയില്‍ ഫിറ്റാണ്).

ഒരു രഹസ്യം കൂടിയുണ്ട് പാക്കരന്‍ ചേട്ടനെപ്പറ്റി. അദ്ദേഹത്തിന് ഒരു മോളുണ്ട്‌. പേരു ശാന്തമ്മ. പേരു പോലെ തന്നെ ശാന്തയാണ് ശാന്തമ്മ. ഞങളുടെ ഗ്രാമത്തിന്റെ ശാലീന സൌന്ദര്യം. അവളെ കെട്ടാന്‍ ആശയില്ലാത്ത യുവാക്കളില്ല ഞങളുടെ നാട്ടില്‍. ഹരിപ്പാട്ടുള്ള ഏതോ സ്വകാര്യ സ്കൂളില്‍ പഠിപ്പിക്കുന്നു. ലീവിന് വരുമ്പോള്‍ ചിലപ്പോഴൊക്കെ ഞാന്‍ അവളെ ബസ്റ്റോപ്പില്‍കാണാറുണ്ട്‌. അപ്പോഴൊക്കെ ഒരു ചെറിയ പുഞ്ചിരി എനിക്ക് സമ്മാനിക്കാറുണ്ട് അവള്‍.
അങ്ങനെയുള്ള പാക്കരന്‍ ചേട്ടനാണ് മുമ്പെ പോകുന്നത്. ഈ അവസ്ഥയില്‍ പാക്കരന്‍ ചേട്ടന് പിടി കൊടുത്താല്‍ അത് കുഴപ്പമാകും. കാരണം സൈക്കിള്‍ മാത്രമല്ല പാക്കരന്‍ ചേട്ടനും വീലൂരിയ നിലയിലാണ്. അപ്പോള്‍ മിണ്ടാതെ പോകുന്നതാണ് നല്ലത്. ഞാന്‍ മെല്ലെ റോഡിന്‍റെ അരികുചേര്ന്നു നടന്നു. പാക്കരന്‍ ചേട്ടനെ മറികടന്ന് അല്പം മുമ്പോട്ടു പോയി. അപ്പോഴാണ്‌ പുറകില്‍ നിന്നും ആ അലര്‍ച്ച കേട്ടത്. "ഭ ..പറ്റിക്കാന്‍ നോക്കുന്നോ? നില്ലെടാ അവിടെ ....."
ഞാന്‍ അറിയാതെ നിന്നുപോയി. ഇനി രക്ഷയില്ല. എന്റെ ബാഗിലിരിക്കുന്ന രണ്ടു കുപ്പികളില്‍ ഒരെണ്ണത്തിന്റെ ഭാവി അപകടത്തിലായി എന്ന കാര്യം ഉറപ്പായി. ഇനിയിപ്പോള്‍ അനുഭവിക്കുകതന്നെ. ഞാന്‍ തിരിഞ്ഞു നോക്കി.
പാക്കരന്‍ ചേട്ടന്റെ കൃശഗാത്രത്തോട് പിണങ്ങി ഉരിഞ്ഞുപോയ മുണ്ടിനെ യഥാ സ്ഥാനത്ത്‌ ഉറപ്പിക്കാനായി, കയ്യിലിരുന്ന സൈക്കിളിനെ സ്റ്റാന്റില്‍ വയ്കാന്‍ പാടുപെടുകയാണ് പാക്കരന്‍ ചേട്ടന്‍. അനുസരിക്കാന്‍ മടിക്കുന്ന സൈക്കിളിനോടായിരുന്നു ആ അലര്‍ച്ച. ആ പ്രയത്നത്തിനൊടുവില്‍ പാക്കരന്‍ ചേട്ടനും സൈക്കിളും കൂടി താഴെ വീണു. 'ഇത്രയും നാള്‍ ഞാന്‍ തന്നെ ചുമന്നില്ലേ ഇനി എന്നെ താന്‍ ചുമക്കു' എന്ന രീതിയില്‍ പാക്കരന്‍ ചേട്ടന്റെ പുറത്താണ് സൈക്കിളിന്റെ കിടപ്പ്!
എത്രയും പെട്ടെന്ന് സ്ഥലം വിട്ടേക്കാം എന്ന് കരുതി നടക്കാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്നാണ്‌ എനിക്കാ ബുദ്ധി തോന്നിയത്. അടിച്ച് കോണ്‍ തെറ്റി വഴിയില്‍ കിടക്കുന്ന പാക്കരന്‍ ചേട്ടനെ എടുത്ത്‌ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിച്ചാലോ? ഒരു നല്ല കാര്യമല്ലേ അത്? തന്നെയുമല്ല ഒരു കേന്ദ്ര ഗവര്‍മെന്റ് ജോലിക്കാരനും അഞ്ചക്ക ശമ്പളമുള്ളവനും ആയിട്ടുള്ള യുവ കോമളന്‍ (ഞാന്‍ എന്നെ അങ്ങനെയാണ് വിളിക്കുന്നത്) തന്റെ പിതാവിനെ വീട്ടിലെത്താന്‍ സഹായിക്കുന്നത് കാണുന്ന ശാലീന സുന്ദരി ശാന്തമ്മ എനിക്ക് നൂറില്‍ നൂറു മാര്‍ക്കും തരില്ലേ? "ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് എന്നല്ലേ ആപ്ത വാക്യം.?
പിന്നെ ഒട്ടും താമസിച്ചില്ല. സൈക്കിളുമായി ഗുസ്തി നടത്തിക്കൊണ്ടിരിക്കുന്ന പാക്കരന്‍ ചേട്ടനെ എടുത്തുയര്‍ത്തി തോളത്തിട്ടു. വലതു കയ്യില്‍ സൈക്കിള്‍ പിടിച്ചു. എന്നിട്ട് വേതാളത്തെ ചുമക്കുന്ന വിക്രമാദിത്യനെപ്പോലെ ഞാന്‍ പാക്കരന്‍ ചേട്ടന്റെ വീട് ലാക്കാക്കി നടന്നു.
പത്തു മിനിട്ട് കൊണ്ടു ഞാന്‍ പാക്കരന്‍ ചേട്ടന്റെ വീടിനടുത്തെത്തി. വീടിനു മുന്‍പിലൂടെ ഒരു ചെറിയ കൈത്തോട്‌ ഒഴുകുന്നുണ്ട്. ഒരു തെങ്ങില്‍ തടിയാണ് പാലമായി ഇട്ടിരിക്കുന്നത്. ഞാന്‍ പാക്കരന്‍ ചേട്ടനെ താഴെ വച്ചു. എന്നിട്ട്‌ സൈക്കിള്‍ എടുത്ത്‌ പാലത്തിന്റെ അപ്പുറത്തെത്തിച്ചു. വീണ്ടും ഇക്കരെ വന്നു. വലതു തോളില്‍ ബാഗ് തൂക്കി. പാക്കരന്‍ ചേട്ടനെ എടുത്തുയര്‍ത്തി പാലത്തിലേക്ക് കയറി.
പാലത്തിന്റെ പകുതി എത്തിയപ്പോള്‍ എന്റെ തോളില്‍ കിടന്ന ബാഗ് ഒന്നു വഴുതി. അത് പിടിക്കാനായി ആഞ്ഞ എന്റെ ബാലന്‍സ് പോയി. അതോടെ ഞാനും പാക്കരന്‍ ചേട്ടനും കോറസ്സായി അയ്യോ എന്നൊരു വിളി വിളിച്ചു. പിന്നെ എല്ലാം ശുഭം!
ഇരുട്ടില്‍, തോട്ടില്‍ നിന്നും ചക്ക വെട്ടിയിടുന്ന പോലെ ഒരു ശബ്ദം കേട്ട പരിസരവാസികള്‍ ടോര്‍ച്ചും മറ്റുമായി ഓടിവന്നു. വീണ ഉടനെ തന്നെ ഞാനും പാക്കരന്‍ ചേട്ടനും ആവശ്യത്തിനുള്ള വെള്ളം കുടിച്ചു കോട്ട ഫുള്‍ ആക്കിയിരുന്നു. ഓടിവന്നവര്‍ ഒന്നുരണ്ടു പേര്‍ ചേര്ന്നു ഞങളെ കരക്ക്‌ കയറ്റി. ഇതിനിടയില്‍ പാക്കരന്‍ ചേട്ടന്റെ ഭാര്യ തങ്കമണിചേച്ചിയും മകള്‍ ശാന്തമ്മയും സ്ഥലത്തെത്തി.
വെള്ളം കുടിച്ചു വയര്‍ കുട്ടമാക്രിയുടെത് പോലെയായ പാക്കരന്‍ ചേട്ടനെയും കൂടെ പട്ടാളക്കാരനായ എന്നെയും കണ്ടതോടെ ഈ അവസ്ഥക്ക് കാരണക്കാരന്‍ ഞാനാണ് എന്ന രീതിയില്‍ അവര്‍ "അയ്യോ ഈ കാലമാടന്‍ ഒള്ള കള്ളെല്ലാം കുടിപ്പിച്ചു എന്റെ കേട്യോനെ കൊന്നെ" എന്ന് പറഞ്ഞു ഉറക്കെ അലമുറയിട്ടു. അത് കേട്ട നാട്ടുകാര്‍ ശരിയാണെന്ന മട്ടില്‍ എന്നെ തുറിച്ചു നോക്കി. ഞാന്‍ ദയനീയമായി അവരെ മാറി മാറി നോക്കി.
ഇതെല്ലാം കണ്ടു നിന്ന ശാന്തമ്മ എന്നെ ദഹിപ്പിക്കുന്ന പോലെ ഒരു നോട്ടം നോക്കി. തന്‍റെ അച്ഛനെ കള്ളുകുടിപ്പിച്ചു കൊല്ലാന്‍ നോക്കിയതിന്റെ മുഴുവന്‍ വൈരാഗ്യവും ആ നോട്ടത്തില്‍ ഉണ്ടായിരുന്നു. എല്ലാവരും കൂടി പാക്കരന്‍ ചേട്ടനെ എടുത്ത്‌ വീട്ടിലേക്ക് കൊണ്ടുപോയി. ആ ഗ്യാപ്പില്‍ ഞാന്‍ വെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ കൂനിപ്പിടിച്ച് വീട്ടിലേക്ക് നടന്നു.
ഒരു പരോപകാരം ചെയ്യാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ മനസ്സാ ശപിച്ചു. ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് എന്ന് പറയുന്നതു വെറുതെയാണോ?

2008, ഒക്‌ടോബർ 29, ബുധനാഴ്‌ച

ഏമാനും ഞാനും കുരുക്ഷേത്രയും....

തിരുവനന്തപുരത്തു വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഇതുവരെ ക്യാമ്പിനു പുറത്തു പോകാനോ നാട്ടുകാരായ ഫോര്‍ പീപ്പിളിനെ പരിചയപ്പെടാനോ സാധിക്കാത്തതില്‍ എനിക്ക് അതിയായ കുണ്ടിതമുണ്ടായിരുന്നു. ഞായറാഴ്ച എന്തുവന്നാലും പുറത്തു പോകുമെന്നും, മുന്‍ കരിമ്പൂച്ചയും ഇപ്പോള്‍ സിനിമാക്കാരുടെ ഇടയിലെ പുലിയുമായ മേജര്‍ രവിസാറിന്റെ "കുരുക്ഷേത്രയെന്ന" എമണ്ടന്‍ സിനിമ കാണുമെന്നും ഉറപ്പിച്ചിരുന്ന ഞാന്‍,തിങ്കളാഴ്ച്ച ഡല്‍ഹിയില്‍ നിന്നും വരുന്ന ഏതോ കമാണ്ടരുടെ ഇന്‍സ്പെക്ഷന്‍ ഉള്ളതുകൊണ്ട് ഞായറാഴ്ചയും പ്രവര്‍ത്തി ദിവസമാണ്‌ എന്ന അറിയിപ്പ് കിട്ടിയതോടെ കൂടുതല്‍ കുണ്ടിതപ്പെട്ടവന്നായി മാറി. ഇവന്മ്മാര്‍ക്കൊക്കെ കന്യാകുമാരിയും കോവളവും കാണണമെന്ന് തോന്നുമ്പോള്‍ ഇങ്ങോട്ട് കെട്ടിയെടുക്കും. കഴിഞ്ഞ ആഴ്ച വിട്ട ചന്ദ്രയാന്‍ പേടകത്തില്‍ ഇങ്ങനെയുള്ള കുറെ ആളുകളെക്കൂടി കയറ്റി അയച്ചിരുന്നെങ്ങില്‍ എന്നെപ്പോലുള്ള പട്ടാളക്കാര്‍ക്ക് കുറെ ആശ്വാസം കിട്ടിയേനെ എന്നൊക്കെ എന്റെ കുണ്ടിതം എന്നോട് പറയുകയുണ്ടായി.
ഏതായാലും ഞായറാഴ്ച ഉച്ചയോടെ ജോലികളൊക്കെ ഒതുങ്ങി. എന്നാലൊന്നു പുറത്തു പോയേക്കാം എന്നുകരുതി മെയിന്‍ ഗേറ്റില്‍ എത്തിയ എന്നെ അവിടത്തെ കാവല്‍ക്കാര്‍ പുറത്തു വിട്ടില്ല. അവസാനം പുറകിലത്തെ ഗേറ്റില്‍ കാവലുണ്ടായിരുന്ന കംബ്ലെ എന്ന മഹാരാഷ്ട്രക്കാരനെ,തിരിച്ചു വരുമ്പോള്‍ പൊറോട്ടയും ബീഫ് ഫ്രൈയും കൊണ്ടുവരാം എന്ന വ്യവസ്ഥയില്‍ അനുനയിപ്പിച്ചു പുറത്തു ചാടിയ ഞാന്‍ എന്റെ നാട്ടുകാരനും ക്യാമ്പിനു പുറത്തു കുടുംബസമേതം താമസക്കരനുമായ ഹരിയുടെ വീട്ടിലേക്ക് വിട്ടു. അവിടെയെത്തി അവന്റെ ബൈക്കും റെയിന്‍ കോട്ടും കടം വാങ്ങി കുരുക്ഷേത്ര ഭൂമിയിലേക്ക് പുറപ്പെട്ടു.
ഹരിയുടെത്‌ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളാണ്. എന്നെക്കാള്‍ വലിയ റെയിന്‍ കോട്ടും, മുഖം പകുതിയിലേറെ മറയ്ക്കുന്ന ഒരു കൂളിംഗ് ഗ്ലാസ്സും ഫിറ്റ് ചെയ്തു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിന്റെ പുറത്തിരിക്കുന്ന എന്നെക്കണ്ടാല്‍ മരിച്ചു പോയ സിനിമാ നടന്‍ കൃഷ്ണന്‍കുട്ടി നായര്‍ ആനപ്പുറത്ത് കയറി ഇരിക്കുന്നതുപോലെ തോന്നുമായിരുന്നു. എന്നാലും പട്ടാളക്കാരനായ ഞാന്‍ കുരുക്ഷേത്ര കാണാന്‍ പോകുന്നത് അല്പം സ്റ്റയിലില്‍ തന്നെ ആകുന്നതില്‍ എന്താണ് തെറ്റ്?
എന്റെ സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതുകൊണ്ടോ എന്നെ പരിചയം ഇല്ലാത്തതുകൊണ്ടോ എന്താണെന്നറിയില്ല ഞാന്‍ കയറിയപ്പോള്‍ മുതല്‍ എന്‍റെ മോട്ടോര്‍ സൈക്കിളിനു ചെറിയൊരു വൈക്ലബ്യം.! തടിയനായ ഭര്‍ത്താവിനെയും കൊണ്ടു പോകുന്ന സ്ലിംബ്യുട്ടിയായ ഭാര്യയെപ്പോലെ"എനിക്ക് ഇഷ്ടമുള്ളിടത്തൂടെ പോകും, സൌകര്യമുണ്ടെങ്കില്‍ കൂടെ വന്നാല്‍ മതി" എന്ന രീതിയിലാണ് അതിന്റെ പോക്ക്. അടക്കമില്ലാത്ത കുതിരയെ കൊണ്ടുപോകുന്ന കുതിരക്കാരനെപ്പോലെ അതിനെയും തെളിച്ചുകൊണ്ട് ഞാന്‍ തമ്പാനൂര്‍ റെയിവേ സ്റ്റേഷന് മുമ്പിലെത്തി. അപ്പോഴതാ അവിടെ ബൈക്കുകാരുടെയും കാറുകാരുടെയും ഒരു നീണ്ട നിര!
എന്താണ് കാരണം എന്നറിയാനായി ഞാന്‍ അല്പം മുന്‍പോട്ടു പോയി നോക്കി. ഏറ്റവും മുന്‍പിലായി ഒരു പോലീസ് ജീപ്പും അതിന്റെ ബോണറ്റിന്റെ പുറത്തു കെട്ടിപ്പിടിച്ചതു പോലെ കിടന്നു കുറിപ്പെഴുതുന്ന ഒരു പോലീസുകാരനും അടുത്ത്‌ വിനീത വിധേയരായി നില്ക്കുന്ന കുറെ ആളുകളെയും കണ്ടു. കൂടാതെ ഒരു പോലീസ്സുകാരന്‍ റോഡിന്റെ നടുക്കുതന്നെ കുറ്റിയടിച്ചതുപോലെ പോലെ നിന്നിട്ട് വരുന്ന വാഹനങ്ങള്‍ അരികിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യിക്കുന്നുമുണ്ട്.സംഭവം പോലീസ് ചെക്കിംഗ് ആണെന്ന് മനസ്സിലായപ്പോഴാണ്‌ എന്‍റെ ചട്ടിത്തലയ്ക്ക് പ്രൊട്ടെക്ഷന്‍ നല്‍കാനുള്ള ഹെല്‍മറ്റ് എന്ന രക്ഷാകവചമോ, എന്‍റെ കയ്യിലുള്ളത് എവിടെ നിന്നെങ്കിലും അടിച്ച് മാറ്റിയ വണ്ടി അല്ലെന്നും അതിന് ഒരു ഉടമസ്ഥന്‍ ഉണ്ടെന്നും തെളിയിക്കുന്ന രേഖകളൊന്നും തന്നെ ഈയുള്ളവന്‍റെ കൈവശമില്ലയെന്നുമുള്ള വീണ്ടു വിചാരം എനിക്കുണ്ടാകുന്നത്‌.
ഇവരുടെ കയ്യില്‍പ്പെട്ടാല്‍ മിനിമം ഒരു ബൈക്ക് മോഷണത്തിനെങ്കിലും ഞാന്‍ സമാധാനം പറയേണ്ടിവരും. തിരിച്ചു പോയാലോ എന്നാലോചിച്ചു. പക്ഷെ ഒരു പട്ടാളക്കാരന്‍ പ്രതികൂല പരിതസ്ഥിതികളെ തരണം ചെയ്തു മുമ്പോട്ടു പോകേണ്ടവനാണ്‌. കാശ്മീരില്‍ ഉഗ്രവാദികളുടെ മുമ്പില്‍ എത്ര തവണ ചങ്കും വിരിച്ചു നിന്നിട്ട് 'വച്ചോടാ വെടി' എന്ന് പറഞ്ഞിരിക്കുന്നു? (അന്നേരം അവരാരും വെടി വെക്കാതിരുന്നത് എന്താണെന്ന് എപ്പോഴും മനസ്സിലായിട്ടില്ല) പിന്നാണോ ഈ പോലീസ്സുകാരന്‍? ച്ഛായ് ... ലജ്ഞാകരം!!
ഞാന്‍ ബൈക്കിന്റെ മുകളില്‍ തത്തിപ്പിടിച്ചു കയറി. എന്നിട്ട് സ്റ്റാര്‍ട്ട് ചെയ്തു മുമ്പോട്ടെടുത്തു. ഞൊടിയിടയില്‍ ഒന്നും രണ്ടും മൂന്നും ഗിയറുകള്‍ മാറി മാറിയിട്ട് ഒറ്റ കത്തിക്കല്‍ വച്ചു കൊടുത്തു. അപ്രതീക്ഷിതമായുള്ള എന്‍റെ വരവുകണ്ട് വിരണ്ടുപോയ പോലീസ്സുകാരന്‍ "എന്റമ്മോ" എന്നൊരു വിളിയോടെ റോഡിന്റെ ഒരു വശത്തേക്ക് ചാടി രക്ഷപ്പെട്ടു (അതോ കാഞ്ഞുപോയോ? )
പോലീസ്സുകാരനെ പേടിപ്പിച്ചു വിജയശ്രീലാളിതനായ ഞാന്‍ കെ എസ് ആര്‍ ടി സി സ്റ്റാണ്ടും പിന്നിട്ടു മുമ്പോട്ട്‌ പോയി റോഡിനു വലതു വശത്തുള്ള സിനിമാശാലയിലേക്ക് തിരിയാനായി വണ്ടി സ്ലോ ചെയ്ത്, പുറകില്‍ നിന്നും വാഹനങ്ങള്‍ വല്ലതും വരുന്നുണ്ടോ എന്നറിയാനായി തിരിഞ്ഞു നോക്കി. അപ്പോഴാണ്‌ ഒരു പോലീസ്സ് ജീപ്പ് ലൈറ്റ് കത്തിച്ചു സൈറന്‍ മുഴക്കി പാഞ്ഞു വരുന്ന കാഴ്ച ഞാന്‍ കണ്ടത്. കര്‍ത്തവ്യ നിരതനായ ഒരു നിയമപാലകനെ പട്ടാപ്പകല്‍ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച ഭീകരനെ തൂക്കിയെടുക്കുവാനായി സകലവിധ സന്നാഹവുമായി പാഞ്ഞുവരുന്ന പോലീസുകാരെ കണ്ടു കുരുക്ഷേത്ര കാണാന്‍ വന്ന കാര്യം തന്നെ മറന്ന ഞാന്‍ ഇടത്തും വലതും നോക്കാതെ നേരെ ഓവര്‍ ബ്രിഡ്ജ് ലാക്കാക്കി ബൈക്ക് വിട്ടു. പിന്നെ ട്രാഫിക് തടസ്സങ്ങള്‍ ഒന്നുമില്ലാതെ നീണ്ടു നിവര്‍ന്നു കിടക്കുന്ന കിഴക്കേക്കോട്ട-സ്റ്റാച്യു റോഡില്‍ കയറിയ ശേഷം നേരേ സ്റ്റാച്യു ജങ്ങ്ഷന്‍ ലകഷ്യമാക്കി പാഞ്ഞു.
സിനിമയിലൊക്കെ കാണുന്നത് പോലെ, ഞാനും പോലീസും കൂടി നടത്തുന്ന ബൈക്ക്-ജീപ്പ് റേസിംഗ് കണ്ട തിരുവന്തോരം നിവാസികള്‍ കഥ എന്തെന്നറിയാതെ അന്തം വിട്ടു നോക്കി നിന്നു.!കൂടുതല്‍ നേരം ഈ റേസിംഗ് ഫ്രീയായി കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല. അതിന് മുമ്പ് തന്നെ പോലീസ്സ് ജീപ്പ് എന്‍റെ മുമ്പില്‍ കയറി. ജീപ്പിനു പുറകിലിരിക്കുന്ന പോലീസ്സുകാര്‍ അവര്ക്കു മാത്രം അവകാശപ്പെട്ട ചില വാക്കുകള്‍ പ്രയോഗിക്കുന്നതിനൊപ്പം വണ്ടി ഒതുക്കാനായി കൈകൊണ്ടു ആംഗ്യം കാണിക്കുന്നതും ഞാന്‍ കണ്ടു.
പോലീസ്സ് ജീപ്പ് മുമ്പില്‍ കയറിയ നിലയ്ക്ക് ഇനി വന്നവഴി തന്നെ തിരിച്ചു വിടുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് മനസ്സിലായ ഞാന്‍ അതിനുള്ള ചാന്‍സ് ഉണ്ടോ എന്നറിയാനായി തിരിഞ്ഞു നോക്കി. അപ്പോഴതാ ഒന്നിനുപുറകില്‍ വേറൊന്ന് എന്ന രീതിയില്‍ രണ്ടു വണ്ടികള്‍..ഒരു കാറും വേറൊരു ജീപ്പും കൂടി പാഞ്ഞു വരുന്നതു കണ്ടതോടെ സംഭവം ഗുരുതരമായി എന്നും, ഞാന്‍ പേടിപ്പിച്ച പോലീസുകാരന്‍ വീരസ്വര്‍ഗ്ഗം പൂകി എന്നും എനിക്ക് മനസ്സിലായി. മറ്റു മാര്‍ഗങ്ങളൊന്നും തലമണ്ടയില്‍ ഉദിക്കാത്തതിനാല്‍ കുരുക്ഷേത്ര കാണാന്‍ തോന്നിയ നിമിഷത്തെ മനസ്സാ ശപിച്ചു കൊണ്ടു കീഴടങ്ങാനായി ഞാന്‍ തയ്യാറായി. വളരെ കഷ്ടപ്പെട്ട് തിരുവനന്തപുരത്തെത്തിയിട്ടു ഒരു മാസം പോലും തികയുന്നതിനു മുമ്പു കൊലപാതക കുറ്റത്തിന് അകത്താകാന്‍ പോകുന്ന കാര്യമോര്‍ത്ത ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ നടു റോഡില്‍ പകച്ചു നിന്നു.
പക്ഷെ കീഴടങ്ങാനായി തയ്യാറായി നിന്ന എന്നെ ഗൌനിക്കാതെ പോലീസ്സ് ജീപ്പുകള്‍ കാറിനൊപ്പം പാഞ്ഞു പോകുന്നത് കണ്ടപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. ഇനിയിപ്പോള്‍ ഞാന്‍ വണ്ടി ഒതുക്കിയ വിവരം പോലീസ്സ് ജീപ്പിന്റെ ഡ്രൈവര്‍ കണ്ടില്ല എന്നുണ്ടോ? അതോ സ്പീട് കൂടുതല്‍ ആയതിന്‍റെ പേരില്‍ ബ്രേക്ക് കിട്ടാതെ പോയതാണോ? എന്നൊക്കെ ആലോചിച്ചു നില്‍ക്കുമ്പോഴാണ് പാഞ്ഞുപോയ ആ കാറിന്റെ പുറകില്‍ ഒരു ചുവന്ന നമ്പര്‍ പ്ലേറ്റും അതില്‍ " 1 " എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും ഞാന്‍ കണ്ടത്.
ഏതോ കേന്ദ്ര മന്ത്രിയുടെയോ ഗവര്‍ണരുടെയോ യോഗത്തില്‍ പങ്കെടുക്കാനായി പോയ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ സഖാവും പരിവാരങ്ങളുമായിരുന്നു അതെന്നു മനസ്സിലായ എന്‍റെ അപ്പോഴത്തെ അവസ്ഥയെപ്പറ്റി സഖാവ് വി എസ്സിന്റെ തന്നെ വാക്കുകളില്‍ "വളരെ വ്യക്കുതമായി പറയുകയാണെങ്കില്‍ ..........ചക്കിനു വച്ചത് കൊക്കിനു കൊണ്ടൂ" .... എന്നതുപോലെയായി.

2008, ഒക്‌ടോബർ 21, ചൊവ്വാഴ്ച

ഹൈമവതിയുടെ പ്രേതം

പെട്ടിയും കിടക്കയും വാട്ടര്‍ ബോട്ടിലും തൂക്കി പാങ്ങോട് ക്യാമ്പിന്റെ മെയിന്‍ഗേറ്റില്‍ എത്തിയ എന്നെ അവിടത്തെ കാവല്‍ക്കാര്‍ ഏതോ അന്യഗ്രഹ ജീവിയെ കണ്ട ശാസ്ത്രകാരന്മാരെപ്പോലെ ഇരുന്നും കിടന്നും തലകുത്തി നിന്നും പരിശോധിക്കാന്‍ തുടങ്ങി . പരിശോധനയുടെ ഡോസ് കൂടുന്നതു കണ്ടപ്പോള്‍ , അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരനെ മുന്‍‌കൂര്‍ ജാമ്യം കാണിക്കുന്ന പ്രതിയെപ്പോലെ എന്റെ കൈവശം ഉണ്ടായിരുന്ന സകല രേഖകളും ഐഡന്റിറ്റി കാര്‍ഡും കാണിച്ച് ഒരു വിധത്തില്‍ മാനഹാനി കൂടാതെ രക്ഷപ്പെട്ട ഞാന്‍ ആദ്യം കണ്ട ബാരക്കിന്റെ പുറത്തു പെട്ടിയും മറ്റും വച്ച ശേഷം അകത്തു കയറി ഒരു വിഹഗ വീക്ഷണം നടത്തി.

ഞാന്‍ നില്ക്കുന്നത് പട്ടാള ബാരക്കിലാണോ അതോ അഭയാര്‍ഥി ക്യാംബിലാണോ എന്നെനിക്കു സംശയമായി. കാരണം എല്ലാ കട്ടിലുകളിലും ആളുണ്ട്. ട്രെയിനില്‍ റിസര്‍വേഷന്‍ കിട്ടാത്ത ആളുകള്‍ ബെര്‍ത്തിനിടയില്‍ ബെഡ് ഷീറ്റ് വിരിച്ചു കിടക്കുന്നതുപോലെ കട്ടിലുകള്‍ക്കിടയിലുള്ള സ്ഥലവും പലരും ബുക്ക് ചെയ്തു വച്ചിട്ടുണ്ട്. എല്ലാ ബാരക്കിലും ഏതാണ്ട് ഇതു തന്നെയാണ് സ്ഥിതി. ഇനിയിപ്പോള്‍ ബാക്കിയുള്ളത് വരാന്ത മാത്രമാണ്. അവിടെയാണെങ്കില്‍ ലൈറ്റ് ഫാന്‍ മുതലായ കാര്യങ്ങള്‍ ഒന്നും തന്നെയില്ല. എനിക്കാണെങ്കില്‍ വല്ലാത്ത യാത്രാ ക്ഷീണവും.ഏതായാലും ഇന്നു വരാന്തയില്‍ തന്നെ കിടക്കാമെന്ന് തീരുമാനിച്ച ഞാന്‍ വാതിലില്‍ നിന്നും അല്പം മാറി ബെഡ് വിരിച്ചു. പെട്ടിയും മറ്റും ഒതുക്കി വച്ചു. എന്നിട്ട് ബാത്ത് റൂം കണ്ടുപിടിച്ചു ഒരു കുളിയും പാസ്സാക്കിയിട്ട് അടുത്ത നീക്കങ്ങള്‍ ആസൂത്രണം ചെയ്തു.

സമയം രാത്രി എട്ടു മണിയായി. തമ്പാനൂരില്‍ നിന്നും വാങ്ങിയ നാടന്‍ പൊറോട്ടയും ബീഫ് ഫ്രൈയും തലേന്ന് ട്രെയിനില്‍ വച്ചു കഴിച്ചതിന്റെ ബാക്കി അര കുപ്പിയോളം 'മിലിട്ടറി'യില്‍ ഒന്നേ ഈസ്റ്റു‌ രണ്ട് എന്ന അനുപാതത്തില്‍ പെപ്സിയുമായി ചേര്‍ത്ത് വാട്ടര്‍ ബോട്ടിലില്‍ സൂക്ഷിച്ചിരിക്കുന്ന "ബോര്‍ഡോ മിശ്രിതവും" കൂടി കഴിച്ച ശേഷം ബെഡ്ഡില്‍ നീണ്ടു നിവര്‍ന്നു കിടന്ന ഞാന്‍ അല്പസമയത്തിനകം ഗാഡമായ ഉറക്കത്തിലായി.
അര്‍ദ്ധ രാത്രി ആയിട്ടുണ്ടാകും ബോര്‍ഡോ മിശ്രിതത്തിന്റെ പ്രവര്‍ത്തന ഫലമായി ഉണ്ടായ 'മിനറല്‍ വാട്ടര്‍' നിറഞ്ഞത്‌ മൂലം നാദസ്വരക്കരുടെ കവിള്‍ പോലെയായ എന്റെ വയറിനെ ഒന്നു റിലാക്സ് ചെയ്യിക്കാം എന്ന് തീരുമാനിച്ച ഞാന്‍ എഴുനേറ്റു.പക്ഷെ ഇരുട്ട് മൂലം ഒന്നും കാണാന്‍ പറ്റുന്നില്ല. പരിചയമില്ലാത്ത സ്ഥലമല്ലേ? ഇരുട്ടത്ത് നടന്നു ഉരുണ്ടു വീണു കാലോ കയ്യോ ഒടിഞ്ഞാല്‍ തിരുമ്മാന്‍ ഞാന്‍ മാത്രമെ കാണുകയുള്ളൂ എന്ന നഗ്നസത്യം അറിയാവുന്നത് കൊണ്ടു വരാന്തയുടെ അരികില്‍ നിന്നിട്ട് മിനറല്‍വാട്ടര്‍ പമ്പ് ചെയ്യാനുള്ള യന്ത്രം പുറത്തേക്ക് ഫുള്‍ സ്പീഡില്‍ തുറന്നുവച്ചു.

യന്ത്രം അതിന്റെ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരുന്നു. അതൊന്നു തീര്‍ന്നിട്ട് വേണം അടുത്ത ഉറക്കം തുടങ്ങാന്‍ എന്ന് കരുതി അക്ഷമനായി നിന്ന ഞാന്‍ പെട്ടെന്നാണ്‌ അല്പം അകലെ നില്ക്കുന്ന വെളുത്ത ഒരു രൂപം കണ്ടത്. അര്‍ദ്ധരാത്രി സമയം. ആറടിയോളം പൊക്കമുള്ള, വെള്ളത്തുണി കൊണ്ടു പൊതിഞ്ഞ പോലെയുള്ള ആ രൂപം അപ്രതീക്ഷിതമായി കണ്ട ഞാന്‍ സ്വന്തം വീട്ടില്‍ കള്ളന്‍ കയറിയ കാര്യമറിഞ്ഞ പോലീസ് ഇന്‍സ്പെക്ടര്‍ ഞെട്ടുന്ന പോലെ ഒന്നു ഞെട്ടി. ആ ഞെട്ടലിനിടയില്‍ മിനറല്‍ വാട്ടര്‍ പമ്പ് ചെയ്തിരുന്ന യന്ത്രം നിന്നു പോയ വിവരം ഞാന്‍ അറിഞ്ഞില്ല. ഞെട്ടലിന്റെ ശക്തിയില്‍ എന്റെ കണ്ണിന്റെ കാഴ്ച പോയതാണോ എന്തോ പിന്നെ നോക്കിയപ്പോള്‍ ആ രൂപത്തെ അവിടെ കണ്ടില്ല.

പട്ടാളക്കാരനായ എനിക്ക് ഭൂതം പ്രേതം എന്നിവയില്‍ അശേഷം വിശ്വാസമില്ല.തിരുവനന്തപുരം സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസ്സില്‍ ഹൈമവതി എന്ന ഒരു പെണ്‍കുട്ടിയുടെ പ്രേതം അലയുന്നതായി ഏതോ ചാനലില്‍ "വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന പരിപാടിയില്‍ കണ്ട കാര്യം എനിക്കോര്‍മ വന്നു. ഇതു തിരുവനന്തപുരവും കാര്യവട്ടം ഇതിനടുത്തുമാണല്ലോ? അപ്പോള്‍ തന്‍റെ വാര്‍ത്ത പടം സഹിതം ചാനലില്‍ വന്ന കാര്യമറിഞ്ഞ പ്രേതം അവിടെ നിന്നും സ്ഥലം മാറി ഒരു ശല്യവുമില്ലാത്ത പട്ടാള ക്യാമ്പില്‍ വന്നതാണോ?അങ്ങനെ ആണെങ്കില്‍ ഒരു പാവം പ്രേതവുമായി വെറുതെ ഏറ്റുമുട്ടേണ്ട എന്ന് കരുതിയ ഞാന്‍ ഉടന്‍തന്നെ വാട്ടര്‍ ബോട്ടിലില്‍ ബാക്കി ഉണ്ടായിരുന്ന ബോര്‍ഡോ മിശ്രിതം കഴിച്ചു എന്‍റെ ധൈര്യത്തിന്‍റെ അളവ് 'ഫുള്‍' ആക്കി മൂടിപ്പുതച്ചു കിടന്നു.

ഒരു വിധത്തില്‍ നേരം വെളുത്തു. പകല്‍ സമയം ബോര്‍ഡോ മിശ്രിതം കഴിക്കാതെ തന്നെ എനിക്ക് നല്ല ധൈര്യമാണ്. അതുകൊണ്ട് പകല്‍ മുഴുവന്‍ ഞാന്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ മുഴുകിയതിനാല്‍ ഹൈമവതിയോ അവളുടെ പ്രേതമോ എന്നെ ശല്യപ്പെടിത്തിയില്ല. പക്ഷെ വരാന്തയിലെ കിടപ്പ് മാറ്റാനുള്ള എന്‍റെ ശ്രമം മാത്രം സ്ഥലമില്ല എന്ന കാരണത്താല്‍ ഫലവത്തായില്ല.

അന്ന് രാത്രിയില്‍ മെസ്സില്‍ റം ഇഷ്യൂ ഉണ്ടായിരുന്നതുകൊണ്ട് കാര്യമായ അളവില്‍ തന്നെ ബോര്‍ഡോ മിശ്രിതവും സേവിച്ചു സമാധിയായ ഞാന്‍ വെളുപ്പിന് ഉദ്ദേശം മൂന്നു മണിയോടെ മിനറല്‍ വാട്ടര്‍ പമ്പ് ചെയ്യാനായി എഴുനേറ്റു. ബാരക്കിനു പുറത്തിറങ്ങി അല്പം അകലെയുള്ള ചെടിയുടെ അടുത്ത്‌ പോയി യന്ത്രം തുറന്നു വച്ചിട്ട് ഞാന്‍ ചുറ്റുമൊന്നു ശ്രദ്ധിച്ചു. തലേന്ന് എന്നെ ഭയപ്പെടുത്തിയ പ്രേതമോ അതിന്‍റെ പൊടിയോ പോലും അവിടെയില്ല എന്നുറപ്പ് വരുത്തിയ മനസ്സമാധാനത്തോടെ കാര്യം സാധിച്ചു കൊണ്ടിരിക്കേ ആരോ എന്നെ പുറകില്‍ നിന്നും ഒന്നു തോണ്ടിയതുപോലെ എനിക്ക് തോന്നി.

ശല്യപ്പെടുത്തിയത്തിലുള്ള നീരസത്തോടെ പുറകിലേക്ക് തിരിഞ്ഞ ഞാന്‍ എന്‍റെ തൊട്ടു പുറകില്‍ ഇന്നലെ രാത്രിയിലെ അതെ പ്രേതത്തെ ക്ലോസപ്പായി കണ്ടതോടെ ഞെട്ടുകയും അതിനൊപ്പം ഒന്നു ബോധം കെടാനുള്ള പ്രാരംഭ നടപടിയിലേക്ക് കടക്കുകയും ചെയ്തു.പക്ഷെ ബോധം കെടാനുള്ള എന്‍റെ ശ്രമത്തെ വിഫലമാക്കിക്കൊന്ടെ പുറകില്‍ നിന്ന പ്രേതം ഒറ്റ അലര്‍ച്ച!! "ആരാടാ ഇവിടെ മൂത്രമൊഴിക്കുന്നത്? കുറച്ചു ദൂരെപ്പോയി ഒഴിച്ചുകൂടെ?"
വെളുത്ത പാന്റും ഷര്‍ട്ടും തൊപ്പിയും വച്ചു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനായി മെസ്സിലേക്ക് പോകുന്ന കുക്ക് വേലപ്പന്‍ സാറിനെ കണ്ടാല്‍ സാക്ഷാല്‍ ഹൈമവതിയുടെ പ്രേതം പോലും പേടിച്ചു മൂത്രമൊഴിച്ചു പോവും എന്നുള്ള കാര്യം അപ്പോഴാണ്‌ എനിക്ക് മനസ്സിലാകുന്നത്‌.

2008, ഒക്‌ടോബർ 15, ബുധനാഴ്‌ച

"മു" ഇല്ലാത്ത തിരുവനന്തപുരം

കേരളത്തില്‍ ജോലി ചെയ്യുക എന്നത് മലയാളികളായ മുഴുവന്‍ പട്ടാളക്കാരുടെയും സ്വപ്നമാണ്. അതിനുള്ള ഭാഗ്യം എല്ലാ പട്ടാളക്കാര്‍ക്കും കിട്ടാറില്ല. പക്ഷെ പട്ടാളക്കാരായ ഞങളുടെ കണ്കണ്ട ദൈവവും ഭക്ത വല്സലനുമായ "ആര്‍മി" തമ്പുരാന്‍ കേരളത്തില്‍ മൂന്നു മാസം ജോലി ചെയ്യാനുള്ള അസുലഭ ഭാഗ്യം എനിക്ക് കനിഞ്ഞരുളിയ വിവരം എല്ലാ മാന്യ വായനക്കാരെയും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ഇനി മൂന്ന് മാസക്കാലം തിരുവനതപുരത്തും പരിസര പ്രദേശങ്ങളായ തമ്പാനൂര്‍, കിഴക്ക് പടിഞ്ഞാറ് കോട്ടകള്‍, സ്ടാച്യു മുതലായ സ്ഥലങ്ങളില്‍ വച്ചു എന്നെ കണ്ടുമുട്ടുന്നവര്‍,പട്ടാളക്കഥകള്‍ എന്ന കൃതി എഴുതി ബൂലോഗവാസികളെ വശം കെടുത്തിയതിന്റെ പേരില്‍ ദേഹോപദ്രവം എല്പിക്കാതെ, ഒരു പട്ടാളക്കാരന്‍ എന്ന പരിഗണന തന്നു സദയം വിട്ടയക്കണമെന്ന് അപേഷിച്ചു കൊള്ളുന്നു.

അങ്ങനെ ജന്മ നാട്ടില്‍ കുറച്ചു നാളെങ്കിലും ജോലി ചെയ്യാമല്ലോ എന്ന ആഗ്രഹത്തോടെ പെട്ടിയും കിടക്കയും എടുത്ത്‌, ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വരെയും അവിടെനിന്നും തിരിച്ചു ഡല്ഹി വരെയും തേരാപാര ഷട്ടിലടിച്ചു കൊണ്ടിരിക്കുന്ന ഒരു വണ്ടിയില്‍ കയറി തമ്പാനൂര്‍ ഇന്റര്‍നാഷണല്‍ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ ലാണ്ട് ചെയ്തു.! പിന്നെ ഇടതു കയ്യില്‍ പെട്ടിയും വലതു കയ്യില്‍ ബെഡ് റോളും (കിടക്കാനുള്ള സെറ്റപ്പ് ) കഴുത്തില്‍ സാമാന്യം വലിയ ഒരു വാട്ടര്‍ ബോട്ടിലും തൂക്കി, സര്‍ക്കാര്‍ ആശുപത്രി തിരക്കി പോകുന്ന പൂര്‍ണ ഗര്‍ഭിണിയെപ്പോലെ ഞാന്‍ ബസ്സ് സ്റ്റാന്റ് ലാക്കാക്കി നടന്നു.

സ്റ്റാന്‍ഡില്‍ എത്തി അല്‍പസമയം കഴിഞ്ഞപ്പോള്‍ പാങ്ങോട് വഴി പോകുന്ന ഒരു ഓര്‍ഡിനറി ബസ് കിട്ടി . ആള് കുറവായതിനാല്‍ വാതിലിനു അടുത്ത്‌ തന്നെയുള്ള ഒരു സീറ്റില്‍ ഇരുന്നിട്ട് പെട്ടിയും കിടക്കയും ഒതുക്കി വച്ചു. എന്നിട്ട് ബാല്‍ക്കണി ടിക്കെറ്റ് എടുത്ത്‌ സിനിമ കാണാന്‍ കയറിയ ആള്‍ താഴെ ഇരിക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന സെക്കണ്ട് ക്ലാസ്സുകാരനെ നോക്കുന്ന പോലെ, ബസ്സുകളില്‍ കയറാന്‍ ആളുകള്‍ നടത്തുന്ന ഇടിയും തൊഴിയും നോക്കിയിരുന്നു. അതിനിടയില്‍ താഴെ നിന്ന ഒരു ഹതഭാഗ്യന്റെ ഒറ്റമുണ്ട് ബസ്സില്‍ കയറിപ്പോയ ഒരാളുടെ ബാഗിലോ മറ്റോ കുടുങ്ങുകയും ടിയാന്‍ അണ്ടര്‍വെയര്‍ ധാരിയായി തനിക്ക് മുമ്പെ ബസ്സില്‍ കയറിയ തന്‍റെ മുണ്ടിനെ ബലമായി താഴെ ഇറക്കാന്‍ പാടു പെടുന്നതും കാണാമായിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ രണ്ടു മൂന്നു കോളേജ് കുമാരികള്‍ കലപില വര്‍ത്തമാനം പറഞ്ഞു കൊണ്ടു ഞാന്‍ ഇരുന്ന ബസ്സില്‍ കയറി. അവര്‍ ഡ്രൈവറുടെ സീറ്റിനു പുറകില്‍, അയാള്‍ ഗിയര്‍ മാറുന്നത് ശരിയായിട്ടാണോ എന്ന് പരിശോധിക്കാന്‍ നില്‍കുന്നവരെ പോലെ നില ഉറപ്പിച്ചു. ജീന്‍സ് ധാരികളായ ചെറുപ്പക്കാരികളെ അടുത്ത്‌ കണ്ടപ്പോള്‍ പുറത്തെ കാഴ്ചകള്‍ മറന്ന ഞാന്‍ അവരുടെ മുന്പ് പുറകു വശങ്ങളിലെ അളവുകളും തൂക്കങ്ങളും എടുക്കുന്ന ജോലിയില്‍ ശ്രദ്ധയൂന്നി . ഇതുങ്ങള്‍ കഴിക്കുന്നതിക്കെ ഈ ഭാഗങ്ങളില്‍ തന്നെ വന്നടിയുകയാണോ എന്നെനിക്കു തോന്നിപ്പോയി. ചുമ്മാതല്ല കേരളത്തില്‍ സ്ത്രീപീഡനം കൂടുന്നത്.ഇതൊക്കെ കണ്ടിട്ട് പട്ടാളക്കാരനായ എന്‍റെ നിയന്ത്രണരേഖ വരെ ഏതാണ്ട് പൊട്ടുന്ന പരുവത്തിലായി. അപ്പോള്‍ പിന്നെ സാധാരണക്കാരുടെ കാര്യം പറയണോ?

പ്രമേഹ രോഗി ഐസ് ക്രീം കടയിലേക്ക് നോക്കി ഇരിക്കുന്നത് പോലെയുള്ള എന്‍റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു അതില്‍ ഒരുവള്‍ എന്നെ സൂക്ഷിച്ചു നോക്കി പിന്നെ അടുത്ത് നില്ക്കുന്ന വേറൊരുത്തിയെ ഒന്നു തോണ്ടിയിട്ട് എന്തോ അടക്കം പറഞ്ഞു. എല്ലാവരും കൂടി ഒരിക്കല്‍ കൂടി എന്നെ നോക്കി അടക്കി ചിരിച്ചു. ആദ്യം നോക്കിയവള്‍ ഇടക്കിടക്ക് എന്നെ നോക്കുന്നതും ഗൂഡമായി പുഞ്ചിരിക്കുന്നതും കണ്ട എന്‍റെ മനസ്സില്‍ ഒരു സംശയം ഉടലെടുത്തു.

എന്‍റെ മുടിവെട്ട് സ്റ്റൈലും, പെട്ടിയും പ്രമാണവും ഒക്കെ കാണുമ്പോള്‍ തന്നെ ഞാന്‍ ഒരു പട്ടാളക്കാരനാണ്‌ എന്ന് മനസ്സിലാകും. ഇടയ്ക്ക് തിരുവനന്തപുരത്തു നടന്ന ആര്‍മി മേള കണ്ടിട്ട് പട്ടാളക്കാരോടുള്ള ആരാധന മൂത്ത ഒരു യുവതിയാണോ ഇവള്‍? അതോ പട്ടാളക്കാരുടെ ശമ്പളം ലക്ഷങ്ങളായി ഉയര്‍ത്തിയ വാര്‍ത്തയറിഞ്ഞ്, കല്യാണം കഴികുകയാനെങ്കില്‍ അത് പട്ടാളക്കാരനെ മാത്രമെ ഉള്ളൂ എന്ന് തീരുമാനിച്ചു നടക്കുന്ന ദേശസ്നേഹിയായ ഒരു മഹിളാ രത്നമാണോ എന്‍റെ മുന്‍പില്‍ നില്‍കുന്ന ഈ യുവ സുന്ദരി !

ഏതായാലും എന്നെ ഇങ്ങോട്ട് അയക്കാന്‍ തിരുവുള്ളമുണ്ടായ ആര്‍മി തമ്പുരാനെ ഞാന്‍ മനസാ നമിച്ചു. യുവ സുന്ദരി എന്നെ നന്നായി കണ്ടോട്ടെ എന്ന് കരുതി മുട്ടത്തലയുടെ പുറത്തു ഫിറ്റ് ചെയ്തു വച്ചിരിക്കുന്ന ആര്‍മി കാപ് (തൊപ്പി) ഒന്നുകൂടി ഉറപ്പിച്ചു, തൂവാല കൊണ്ടു മുഖമൊന്നു അമര്‍ത്തി തുടച്ചു ഞാന്‍ കൂടുതല്‍ സുന്ദരനായി. എന്നിട്ട് വടി പോലെ നിവര്‍ന്നിരുന്നു.

ഇതിനിടയില്‍ വണ്ടി വിട്ട വിവരവും സുന്ദരിമാര്‍ ഇറങ്ങാനുള്ള സ്ഥലമായതും ഞാന്‍ അറിഞ്ഞില്ല. എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചുകൊണ്ട് ആ തരുണീമണികള്‍ ശരീരത്തിന്‍റെ ചില ഭാഗങ്ങള്‍ ഇളക്കി, മന്ദം മന്ദം ബസ്സില്‍ നിന്നിറങ്ങി. എന്നെ മോഹിപ്പിച്ച സുന്ദരി , പോകുന്ന പോക്കില്‍ ഊറി ചിരിച്ചുകൊണ്ട് എന്നെ ഒന്നു കൂടി കടാക്ഷിച്ചു. അപ്പോള്‍ കൂടെയുള്ള ഒരു പൂവാലി അവളെ ശാസിക്കുന്നപോലെ " തീര്‍ന്ന കേസ്സാ,വിട്ടുകള" എന്ന് പറയുന്നതും അതുകേട്ട് അവരെല്ലാവരും പൊട്ടിച്ചിരിക്കുന്നതും ഞാന്‍ കാണുകയുണ്ടായി.

ഏതായാലും സാരമില്ല ഇനിയും സമയമുണ്ടല്ലോ എന്ന് ആശ്വസിച്ച ഞാന്‍ ഇറങ്ങാനായി എഴുനേറ്റു. അടുത്ത് കമ്പിയില്‍ തൂങിനിന്നു അതിന്റെ ബലം പരിശോധിച്ചു കൊണ്ടിരുന്ന ഒരു മധ്യ വയസ്കനെ വിളിച്ചു ഞാന്‍ ഇരുന്ന സീറ്റ് കൊടുത്തെന്കിലും ആ മാന്യ ദേഹം ഇരിക്കാനായി തുനിഞ്ഞ ശേഷം പെട്ടെന്ന് തന്നെ വേണ്ടെന്നു പറഞ്ഞിട്ട് പഴയതുപോലെ കമ്പിയുടെ ബലം പരിശോധിച്ച് അവിടെത്തന്നെ നിന്നു.

ഒന്നുരണ്ടു പേര്‍ സീറ്റില്ലാതെ കമ്പിയില്‍ തൂങ്ങുന്നുണ്ട്. പക്ഷെ അവരാരും ഞാന്‍ ഇരുന്ന സീറ്റില്‍ ഇരിക്കുന്നില്ല. എന്താണ് കാരണം എന്നെനിക്കു മനസ്സിലായില്ല. ഞാന്‍ ഇരുന്നത് മൂലം ആ സീറ്റിനു എന്തെങ്കിലും കുഴപ്പം പറ്റിയോ എന്ന് ഞാന്‍ ശങ്കിച്ചു. അപ്പോഴാണ്‌ ആ സീറ്റിനു മുകളില്‍ എഴുതി വച്ചിരിക്കുന്ന ഒരു ലിഖിതം ഞാന്‍ കണ്ടത്. " തീര്‍ന്ന പൌരന്മാര്‍" !!!

അങ്ങനെയുള്ള പൌരന്മാരെ എനിക്ക് തീരെ പരിചയമുണ്ടായിരുന്നില്ല. കേരളത്തില്‍ ഇങ്ങനെയുള്ള പൌരന്മാരുമുണ്ടോ? എനിക്ക് സംശയമായി. പക്ഷെ ആ ലിഖിതത്തില്‍ സൂഷ്മ നിരീക്ഷണം ചെയ്ത എനിക്ക് സംഗതി മനസ്സിലായി. കേരളത്തിലെ വന്ദ്യ വയോധികന്‍മാര്‍ക്കായി കെ എസ് ആര്‍ ടി സി സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റാണ് അത് .അതായത് "മുതിര്‍ന്ന പൌരന്‍മാര് " ക്കുള്ള സീറ്റ് !! പക്ഷെ മുതിര്‍ന്ന പൌരന്മാര്‍ ചെറുപ്പക്കാരെക്കാള്‍ വീരന്മാരാണ് എന്നുള്ള സത്യമറിയാത്ത ഏതോ മണ്ടശിരോമണി മുതിര്ന്ന പൌരന്റെ "മു" ചുരണ്ടി കളഞ്ഞിട്ടു ആ സീറ്റ് "തീര്‍ന്ന" പൌരന്മ്മാര്‍ക്കായി സംവരണം ചെയ്തത് മൂലം അതില്‍ ഇരുന്ന ഞാന്‍ ആ കാറ്റഗറിയില്‍ പെട്ട ആളാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാവുമോ ആവോ?

ഇറങ്ങി പോകുന്ന പോക്കില്‍ ആ സുന്ദരിമാര്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് പിടി കിട്ടിയത്. പട്ടാളക്കാരനയാലും "മു" ഇല്ലെങ്ങില്‍ പിന്നെ തീര്‍ന്നില്ലേ കാര്യം???

2008, ഒക്‌ടോബർ 4, ശനിയാഴ്‌ച

ഉണ്ണിത്താന്‍ സാറിന്‍റെ ഡിസിപ്ലിന്‍

പട്ടാളത്തിലെ ട്രെയിനിങ്ങില്‍ ഡ്രില്‍ ഒരു പ്രധാന ഘടകമാണ് . റിപ്പബ്ലിക് ദിന പരേഡില്‍ പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്നത് കണ്ടിട്ടില്ലേ ? അത് തന്നെ സംഭവം . ഒരു പട്ടാളക്കാരന്റെ ഡിസിപ്ലിന്‍ എന്ന് പറയുന്നതു ഡ്രില്‍ ആണെന്ന് പറയാറുണ്ട്. പക്ഷെ ഡിസിപ്ലിന്‍ കൂടിപ്പോയാലും കുഴപ്പം തന്നെ. അതിന് ഉദാഹരണമാണ് ഞങളുടെ ബാരാക്കിന്റെ അസിസ്റ്റന്റ് കമാണ്ടരായ ശ്രീമാന്‍ ഉണ്ണിത്താന്‍ സാര്‍.സാറിനെപ്പറ്റി പറയുകയാണെങ്കില്‍ .....

തൃശ്ശൂര്‍ സ്വദേശിയാണ് ഉണ്ണിത്താന്‍ സാര്‍. നന്നേ വെളുത്തു, പൊക്കം കുറഞ്ഞ, സാമാന്യം വലിയ ഒരു കുടവയറും തലയില്‍ പേരിനു മാത്രം മുടിയുമുള്ള ഉണ്ണിത്താന്‍ സാറിന് ഞങള്‍ ഒരു ഓമനപേരു കൊടുത്തിരുന്നു. "ചാണ". രഹസ്യമായി മാത്രമാണ് അങ്ങനെ വിളിച്ചിരുന്നത്. അത് കേട്ടു ബാരക്കിലുള്ള മറ്റു ഹിന്ദിക്കാരും അങ്ങനെ വിളിക്കാന്‍ തുടങ്ങി. പക്ഷെ അവര്‍ വിളിച്ചപ്പോള്‍ ചാണ എന്നത് വെറും "ചണ" ആയിപ്പോയി. ഹിന്ദിയില്‍ ചണ എന്ന് പറഞ്ഞാല്‍ കടല എന്നാണ് അര്‍ഥം. അതായതു നമ്മള്‍ പുട്ടിന്‍റെ കൂടെ കഴിക്കില്ലേ? അതുതന്നെ.

അങ്ങനെ ചണയും ചാണയുമായി വിലസുന്ന ഉണ്ണി സാര്‍ വലിയ ഡിസിപ്ലിന്‍കാരനായിരുന്നു. എന്നുപറഞ്ഞാല്‍ വല്യ 'ഡ്രില്ല് കാരന്‍ 'ആയിരുന്നു. എന്ത് ചെയ്താലും അത് ഡ്രില്‍ മോഡല്‍ ആയിരിക്കും.ഉദാഹരണത്തിന്‌ അദ്ദേഹം രാവിലെ കക്കൂസ്സില്‍ പോവുകയാണ് എന്ന് കരുതുക. അതിന്‍റെ നടപടി ക്രമങ്ങള്‍ താഴെ പറയും വിധമാണ്.

ആദ്യമായി ഒരു ഒറ്റതോര്‍ത്തുടുക്കുന്നു. പിന്നെ ചെറിയ ഒരു പ്ലാസ്റ്റിക് ബക്കറ്റ് ഇടതുകയ്യില്‍ പിടിച്ചു മുറിയുടെ വാതിലിനു അഭിമുഖമായി അറ്റെന്‍ഷന്‍ ആയി നില്കുന്നു. എന്നിട്ട് ഉറക്കെ പറയുന്നു. "സാംനെ സെ .. തേച്ചല്‍ ..." ഇതോടെ അദ്ദേഹം വാതിലിനടുത്തേക്ക് മാര്‍ച്ച് ചെയ്യുകയായി. വാതില്‍ കടന്നു വരാന്തയില്‍ എത്തിയാലുടന്‍ തനിക്ക് തന്നെ അടുത്ത കമാണ്ട് (ഓര്‍ഡര്‍) കൊടുക്കുന്നു. "ദേഹനെ ....മൂട് ! ഒപ്പം വലത്തേക്ക് വെട്ടിത്തിരിയുന്നു. പിന്നെ ഇടത് കയ്യില്‍ ബക്കറ്റ് ശരീരത്തോട് ചേര്‍ത്ത് പിടിച്ചു, വലതു കയ്യ് മുന്‍പോട്ടും പിറകോട്ടും ആട്ടി, തല ഉയര്‍ത്തി, കണ്ണുകള്‍‌ ബാരക്കിന്റെ മറ്റേ അറ്റത്തുള്ള കക്കൂസ്സിന്റെ വാതിലില്‍ ഉറപ്പിച്ചു മാര്‍ച്ച് ചെയ്തു പോകുന്ന ഉണ്ണിത്താന്‍ സാറിനെ കണ്ടാല്‍ ഏത് ദേശഭക്തന്റെയും ശരീരം രോമാഞ്ചമണിഞ്ഞു പോകും. (ആദ്യമൊക്കെ എനിക്കും രോമാഞ്ചം ഉണ്ടാകുമായിരുന്നു എങ്കിലും ഒരിക്കല്‍ ചാണ എന്ന് വിളിച്ചത് ഉണ്ണി സാര്‍ കേട്ടതുമൂലം ചില നടപടി ക്രമങ്ങള്‍ എനിക്ക് അനുഭവിക്കേണ്ടി വന്നതിനു ശേഷം സാറിനെ കാണുമ്പോള്‍ രോമാഞ്ചമല്ല വേറെ എന്തോ ആണ് എനിക്ക് തോന്നിയിരുന്നത്.)

മാര്‍ച്ച് ചെയ്തു പോകുന്ന ഉണ്ണിസാര്‍ കക്കൂസ്സിന്റെ വാതിലിനടുത്ത് എത്തുന്നതോടെ അടുത്ത കമാണ്ട് കൊടുക്കുന്നു. " സ്ക്വാഡ് .. ധം" !!! അതോടെ മാര്‍ച്ച് നില്ക്കുന്നു. ഇപ്പോള്‍ ഉണ്ണിസാര്‍ കക്കൂസ്സിന്റെ വാതിലിനു മുന്‍പിലാണ്. നിന്നുകൊണ്ട്‌ തന്നെ ഒരു കമാണ്ടിലൂടെ പുറകിലോട്ടു തിരിയുന്ന ഉണ്ണിസാര്‍ അടുത്ത ഒന്നു രണ്ടു കമാന്‍ഡുകള്‍ കഴിയുന്നതോടെ കക്കൂസ്സിന്റെ ഉള്ളിലാകും. (പിന്നീട് കക്കൂസ്സിന്റെ ഉള്ളില്‍ നിന്നും എന്തെങ്കിലും കാമാണ്ടുകള്‍ കേട്ടാല്‍ അത് ഡ്രില്ലിന്റെ ഭാഗമല്ലെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.)

ഇത്രയും കൊണ്ടു ഉണ്ണി സാറിന്റെ ഏകദേശ രൂപം വായനക്കാര്‍ക്ക് പിടി കിട്ടിയിട്ടുണ്ടാകുമെന്നു കരുതുന്നു. ഇനിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദിവസവും രാവിലെയും ചിലപ്പോള്‍ വൈകുന്നേരവും നടക്കുന്ന ഈ കവാത്ത് ഞങള്‍ക്ക് എല്ലാപേര്‍ക്കും അറിയാവുന്നതിനാല്‍ ആ സമയത്ത് ആരും തന്നെ ഉണ്ണി സാറിന്റെ മാര്‍ച്ചിനു തടസ്സമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പക്ഷെ ഒരു ഞായറാഴ്ച രാവിലെ ഉണ്ണി സാറിന്‍റെ മാര്‍ച്ച് കഴിഞു കുറച്ചു കഴിഞ്ഞപ്പോള്‍ പതിവിനു വിപരീതമായി വീണ്ടും സാര്‍ മാര്‍ച്ച് ചെയ്തു പോകുന്നത് കണ്ടു. ഇത്തവണ മാര്‍ച്ചിന്റെ സ്പീട് അല്പം കൂടുതല്‍ ആണെന്നും കമാന്‍ഡുകള്‍ ഇല്ലാതെയാണ് മാര്‍ച്ച് ചെയ്യുന്നതെന്നും ഞങള്‍ക്ക് മനസ്സിലായി.തന്നെയുമല്ല സാറിന്‍റെ മുഖം കണ്ടാല്‍ സംഗതി അല്പം സീരിയസ് ആണെന്ന് തോന്നും. രാത്രിയില്‍ മെസ്സില്‍ ഇറച്ചിക്കറി ഉണ്ടെങ്കില്‍ പിറ്റേ ദിവസം ഉണ്ണിസാര്‍ രണ്ടുമൂന്നു തവണ ഇങ്ങനെ മാര്‍ച്ച് ചെയ്യാരുള്ളതിനാല്‍ ഞങള്‍ അത് കാര്യമായി എടുത്തില്ല . പക്ഷെ അടുത്ത ക്ഷണം കക്കൂസ്സിറെ അടുത്ത്‌ നിന്നും വലിയൊരു ശബ്ദം കേട്ടു ഓടിച്ചെന്ന ഞങള്‍ കണ്ടത്, താഴെ വീണു കിടക്കുന്ന ഉണ്ണി സാറിനെയും അടുത്ത്‌ അന്തം വിട്ടു നില്‍കുന്ന ഒരു ഹിന്ദിക്കാരനെയുമാണ്.

ഉറങ്ങാന്‍ കിടക്കുന്നതുപോലും അറ്റെന്‍ഷന്‍ പൊസിഷനില്‍ വേണമെന്നു പറയുന്ന ഉണ്ണിസാര്‍ പക്ഷെ വീണു കിടന്നത് അറ്റെന്‍ഷനില്‍ ആയിരുന്നില്ല. എന്തെന്നാല്‍ വീഴ്ച്ചയുടെ ശക്തിയില്‍ ആകെ ഉണ്ടായിരുന്ന ഒറ്റ തോര്‍ത്തു ഉരിഞ്ഞു പോവുകയും തദ്വാര അദ്ദേഹത്തിന്റെ തന്ത്രപ്രധാനമായ ഏരിയകള്‍ പുറത്തു കാണുകയും ചെയ്തതിനാല്‍ അത് മറയ്കാനുള്ള തത്രപ്പാടിലായിരുന്നു ഉണ്ണിസാര്‍.

സംഭവം ഇങ്ങനെ. ഉണ്ണി സാറിന്റെ മാര്‍ച്ച് കഴിഞ്ഞ ഉടന്‍ ഒരു ബക്കറ്റ് നിറയെ സര്‍ഫ് പതപ്പിച്ചു തുണി നനക്കാന്‍ പോയ ഹിന്ദിക്കാരന്‍ സോപ്പുവെള്ളം കളയാനായി നീട്ടി ഒഴിച്ച സമയത്താണ് ഉണ്ണിസാര്‍ മാര്‍ച്ച് ചെയ്തു വന്നതും സോപ്പ് വെള്ളം വീണ സിമന്റ് തറയില്‍ കാലുറക്കാതെ തലകുത്തി വീണതും. ഏതായാലും ഉണ്ണി സാറിന്‍റെ ഡിസിപ്ലിന്‍ മുഴുവനായി കണ്ട ഞങളുടെ മുന്‍പില്‍ കൂടി പിന്നീടൊരിക്കലും അദ്ദേഹം മാര്‍ച്ച് ചെയ്തിട്ടില്ല എന്നാണ് എന്‍റെ ഓര്‍മ.

2008, സെപ്റ്റംബർ 30, ചൊവ്വാഴ്ച

അനില്‍ എന്ന ലോല ഹൃദയനും ഒരു കുപ്പി റമ്മും


നാട്ടില്‍ പോയി കള്ളുകുടിച്ച കഥ എഴുതിയപ്പോഴാണ് പട്ടാളത്തില്‍ വച്ചു ആദ്യമായി "റം" അടിച്ച കാര്യം ഓര്‍മവരുന്നത്. ട്രെയിനിംഗ് തുടങ്ങി ഏകദേശം നാല് മാസം കഴിഞ്ഞിട്ടുണ്ടാകും. അപ്പോഴാണ്‌ ആ ക്രൂര കൃത്യം ഞങ്ങള്‍ ചെയ്തത്. അതിങ്ങനെ. ..

ആഴ്ചയില്‍ മൂന്ന് ദിവസമാണ്‌ റം ഇഷ്യൂ ഉള്ളത്. തിങ്കള്‍, ബുധന്‍, ശനി. പക്ഷെ അത് സ്ടാഫിനു മാത്രമെ ഉള്ളൂ. മെസ്സിന്റെ അടുത്തുള്ള ഒരു മുറിയാണ് ബാര്‍ ആയി ഉപയോഗിക്കുന്നത്. ട്രെയിനികള്‍ക്ക്‌ ആ സമയം മെസ്സിന്റെ അടുത്തുകൂടി പോലും പോകാന്‍ അനുവാദമില്ല. ഞങളുടെ ബാരക്ക് മെസ്സിന് തൊട്ടടുത്താണ് താനും. വൈകിട്ട് ഏഴ് മണിയാകുമ്പോള്‍ റം ഇഷ്യൂ തുടങ്ങും. ആ സമയത്ത് അവിടൊക്കെ നല്ല മണം പരക്കും. ഹൃദയഹാരിയായ ആ മണം ആസ്വദിച്ചു കൊണ്ടു ഞങ്ങള്‍ സമയം തള്ളി നീക്കും. ട്രെയിനിംഗ് തീരുന്ന അന്നുതന്നെ ഒരു ഫുള്‍ ബോട്ടില്‍ വാങ്ങി മൂക്കറ്റം അടിച്ച് പിമ്പിരിയായി, ആദ്യം ബാരക്ക് കമാണ്ടര്‍ ആയ സര്‍ദാര്‍ജിയേയും പിന്നെ ഞങള്‍ക്ക് വൈരാഗ്യമുള്ള എല്ലാവരെയും തല്ലുന്നതായും, ബാരക്ക് മുഴുവന്‍ വാള് വയ്ക്കുന്നതായും ഒക്കെ താന്‍ സ്വപ്നം കാണാറുണ്ട്‌ എന്ന് തൊമ്മന്‍ എന്ന മനോജ് ആ സമയത്ത് പറയാറുണ്ട്.

പക്ഷെ വാള് വയ്കുന്നത് പോയിട്ട് വായ് ഒന്നു നനക്കാന്‍ പോലും പറ്റുന്നില്ല. അങ്ങനെ വിഷമിച്ചു കഴിയുന്ന സമയത്താണ്‌ ഒരവസരം വീണു കിട്ടിയത്.

പട്ടാളത്തിന്റെ അധീനതയിലുള്ള ഒരു ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്. അവിടുത്തെ വികാരിയും പട്ടാളക്കാരനാണ്‌. അദേഹത്തെ religious teacher എന്നാണ് വിളിക്കുന്നത്. തോമ്മനാണ് ആ പള്ളിയിലെ കപ്യാര്‍. മണിയടി നല്ല വശമുള്ള തൊമ്മന്‍ പള്ളിയിലെ മണി അടിക്കുന്ന പോലെത്തന്നെ വികാരിയച്ചനെയും മണിയടിച്ചു ഒരു കുപ്പി ഒപ്പിച്ചെടുത്തു. അതുമായി ബാരക്കിലെത്തിയ അവന്‍ പരമ രഹസ്യമായി കാര്യം ഞങ്ങളെ അറിയിച്ചു. . ബാരക്ക് കമാണ്ടരോ മറ്റു വല്ലവരുമോ അറിയാതെ സാധനം അകത്താക്കാന്‍ എന്താണ് വഴി എന്ന് ഞങള്‍ നാലുപേരും കൂടി തലപുകഞ്ഞാലോചിച്ചു. . അവസാനം ഒരു വഴി കണ്ടെത്തി.
കൂട്ടത്തില്‍ ലോല ഹൃദയനാണ് അനില്‍. കള്ളിന്റെ മണമടിച്ചാല്‍ പോലും പൂസ്സാകുന്ന അനിലിനെ വെളിയില്‍ കാവല്‍ നിര്‍ത്തിയിട്ടു ഞാനും മനോജും സുരേഷും അജോയിയും കൂടി ഓരോരുത്തരായി അടിക്കുക! പക്ഷെ അനില്‍ സമ്മതിച്ചില്ല. തന്നെ ലോല ഹൃദയനാക്കി മാറ്റി നിര്‍ത്തിയിട്ടു നാലുപേര്‍ക്കും കൂടി അടിച്ച് പൂസ്സാകാം എന്ന മോഹം നടപ്പില്ല എന്നവന്‍തീര്‍ത്ത്‌ പറഞ്ഞപ്പോള്‍ ആ പദ്ധതിയും പാളി. അവസാനം എല്ലാവര്‍ക്കും തുല്യമായി വീതിക്കാം എന്ന തീരുമാനത്തില്‍ എത്തി.

വൈകിട്ട് എല്ലാവരും ഭക്ഷണം കഴിക്കാന്‍ മെസ്സില്‍ പോയ സമയം നോക്കി ഞങള്‍ ഒരുമിച്ചു കൂടി. എന്റെ പെട്ടി തുറന്നു അതിനുള്ളില്‍ കുപ്പിയും ഗ്ലാസും തൊട്ടു നക്കാനുള്ള അച്ചാറും വച്ചു. എന്നിട്ട് എല്ലാവരും പുറത്തുപോയി അവിടവിടെ ചുറ്റിപ്പറ്റി നിന്നു. കാവല്‍ നില്‍ക്കേണ്ട അനിലിനെ ആദ്യംതന്നെ പെട്ടിയുടെ അടുത്തേക്കയച്ചു രണ്ടു പെഗ്ഗില്‍ കൂടുതല്‍ എടുത്തെക്കരുത് എന്ന മുന്നറിയിപ്പോടെയാണ് അവനെ അയച്ചത്. ഏതായാലും കാര്യം സാധിച്ചു എത്രയും പെട്ടെന്നുതന്നെ അവന്‍ മടങ്ങി എത്തി. പിന്നീട് അജോയി, സുരേഷ്, മനോജ് എന്നിവര്‍ കൃത്യം ചെയ്തു മടങ്ങി എത്തിയതോടെ എന്റെ ഊഴമായി. കള്ളു കുടിച്ചിട്ടുന്ടെങ്ങിലും മിലിട്ടറി അടിക്കുന്നത് ആദ്യമാണ്. അതിന്റെ രുചി അറിയാനുള്ള അദമ്യമായ ആഗ്രഹത്തോടെ ഞാന്‍ പെട്ടിക്കരുകിലെത്തി.

പെട്ടി തുറന്നപ്പോഴാണ് എന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചത്. കുപ്പി കാലി!!! മൂട്ടില്‍ മാത്രം കഷ്ടിച്ച് അര പെഗ്ഗ് കാണും. ദ്രോഹികള്‍ .... എല്ലാരും കുറേശ്ശെ എടുക്കുമെന്നും അവസാനം ചെല്ലുന്ന എനിക്ക് ബാക്കിയുള്ള മുഴുവനും അടിക്കാമെന്നും ഒക്കെ വ്യാമോഹിച്ച ഞാന്‍ കുപ്പിയുടെ അടപ്പ് തുറക്കണോ വേണ്ടയോ എന്നാലോചിച്ചു കുറച്ചു നേരം ഇരുന്ന ശേഷം കിട്ടിയതാകട്ടെ എന്ന് കരുതി ബാക്കിയുള്ള മുഴുവനും കൂടി ഗ്ലാസില്‍ ഒഴിച്ച് അല്പം വെള്ളവും ചേര്ത്തു ഒറ്റ വലിക്കു കുടിച്ചു. എന്നിട്ട് അച്ചാറ് അല്പം തൊട്ടു നാക്കില്‍ വച്ചു. മിലിട്ടറി ഉഗ്രനാനെന്നു മനസ്സിലായി. അല്പം കൂടി കിട്ടിയിരുന്നെങ്ങില്‍ എന്ന് തോന്നിപ്പോയി. എനിക്ക് വേണ്ടി ഒരു പെഗ്ഗ് പോലും ബാക്കി വയ്കാതിരുന്ന ദരിദ്ര വാസികളെ പിന്നെ കണ്ടോളാം എന്ന് മനസ്സില്‍ കുറിച്ചു എഴുനേറ്റ ഞാന്‍ മുന്‍പില്‍ താടിയും കൊമ്പന്‍ മീശയും തലയില്‍ കെട്ടുമുള്ള ഒരു രൂപത്തെക്കണ്ട് ഞെട്ടി !!!

നമ്മുടെ നാട്ടില്‍ എക്സൈസ്കാര്‍ കള്ള വാറ്റുകാരെ തൊണ്ടിസഹിതം പൊക്കുന്നതുപോലെ എന്നെയും കള്ളുകുപ്പിയേയും അച്ചാര്‍ സഹിതം സര്‍ദാര്‍ജി പൊക്കിയ വിവരം അറിഞ്ഞ തൊമ്മനും അജോയിയും സുരേഷും പോയ വഴിക്ക് എപ്പോഴും പുല്ലു മുളച്ചിട്ടില്ല!!!. ലോല ഹൃദയനും സാധുവുമായ അനില്‍ മാത്രം വസന്ത പിടിച്ച കോഴിയെപ്പോലെ വാതിലിനടുത്തുള്ള ഭിത്തിയില്‍ ചാരി കാലും നീട്ടി മയങ്ങി ഇരിക്കുന്നത് പോകുന്ന പോക്കില്‍ ഞാന്‍ കാണുകയുണ്ടായി. ആ ലോല ഹൃദയന്റെ അമ്മാതിരിയുള്ള ഇരിപ്പ് കണ്ടിട്ടാണ് ഹൃദയം അല്പം പോലും ലോലമാല്ലാത്ത സര്‍ദാര്‍ ബാരക്കില്‍ വരാനും എന്നെ തൊണ്ടിയോടെ പോക്കാനും കാരണം. ഏതായാലും മൂന്നു നാലു ദിവസത്തേക്ക് എനിക്ക് നല്ല കോളായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ?

2008, ജൂലൈ 4, വെള്ളിയാഴ്‌ച

അജോയിയുടെ ലോങ്ങ് ജമ്പ്

അജോയ് കൊച്ചിക്കാരനാണ്. വൈപ്പിനില്‍ ആണ് വീട്. പട്ടാളത്തില്‍ സെലക്റ്റ് ആകുന്നതിനിമുന്പ് അവന്‍ പ്രൈവറ്റ് ബസ്സിലെ കിളി ആയിരുന്നു. അവന്‍റെ സ്വന്തം ബസ്സാണ് എന്നൊക്കെയാണ് പറഞ്ഞിട്ടുള്ളത്. അത് ശരിയാണോ എന്നറിയില്ല. ഏതായാലും ഉറക്കത്തില്‍ ചിലപ്പോഴൊക്കെ പോട്ടെ... പോട്ടെ...ഫോര്‍ട്ട്‌ കൊച്ചി ... എറണാകുളം .. വൈപ്പിന്‍ എന്നൊക്കെ വിളിച്ചു പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.
പ്രൈവറ്റ് ബസ്സിലെ കിളി ആയിരുന്നെങ്ങിലും അജോയിയുടെ കാര്യങ്ങള്‍ കെ എസ് ആര്‍ ടി സി യുടെ ഓര്‍ഡിനറി ബസ്സിന്‍റെ മാതിരി ആയിരുന്നു. എല്ലാ കാര്യത്തിലും ഏറ്റവും പുറകിലെ അജോയി കാണൂ. പക്ഷെ ശാപ്പാടിന്റെ കാര്യത്തില്‍ മാത്രം മുന്പില്‍ ഉണ്ടാകും!
അങ്ങനെ ട്രെയിനിംഗ് തുടങ്ങി. രാവിലെ ആറുമണി മുതലാണ്‌ ട്രെയിനിംഗ്. ഒരു കാര്യത്തിനും നടന്നു പോയിക്കൂടാ എന്നാണ് നിയമം. പരേടിനു പോകുന്നതും തിരിച്ചുവരുന്നതും ഒക്കെ ഓടിത്തന്നെ. ആരെങ്കിലും നടക്കുന്നത് കണ്ടാല്‍ അപ്പോള്‍ തന്നെ പനീഷ്മെന്റ്റ്കിട്ടും. തവള ചാട്ടം, തലകുത്തി നിറുത്തല്‍ മുതലായവയാണ് പനീഷ്മെന്റുകള്‍. സ്വതവേ അല്പം തടിച്ചിട്ടുള്ള അജോയി മിക്ക സമയത്തും തവളചട്ടത്തില്‍ തന്നെയായിരിക്കും പോകുന്നത് . അങ്ങനെ അജോയിക്കും ഒരു പേരു വീണു. "തവള".
രാവിലെ പി.ടി(ഫിസികല്‍ ട്രെയിനിംഗ്) യില്‍ ഓട്ടമാണ് മുഖ്യ ഇനം.അഞ്ചു കിലോമീറ്റര്‍ നിശ്ചിത സമയത്തിനുള്ളില്‍ ഓടിയെത്തണം. ഓട്ടത്തിന് കൂടെ സര്‍ദാര്‍ജിയും ഉണ്ടാകും. ഏറ്റവം പുറകില്‍ ഓടുന്നവര്‍ക്ക് സര്‍ദാര്‍ജിയുടെ വക അടിയും മറ്റും ഫ്രീ ആയി കിട്ടാറുണ്ട്. പുറകില്‍ ഓടുന്ന അജോയിയോടു സര്‍ദാര്‍ജിക്ക്‌ വലിയ സ്നേഹമാണ്. സ്നേഹം കൂടുമ്പോള്‍ അജോയി ഏറ്റവും മുന്‍പിലെത്തും. കുറച്ചു ഓടിക്കഴിയുമ്പോള്‍ വീണ്ടും പുറകിലാകും. അങ്ങനെ ഓട്ടം കഴിയുമ്പോഴേക്കും അഞ്ചാറു തവണ സര്‍ദാര്‍ജിയുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം അജോയിക്ക് കിട്ടിയിട്ടുണ്ടാകും.
അഞ്ചു കിലോമീറ്റര്‍ ഓടിവന്നാല്‍ പി. റ്റി. തീര്ന്നു എന്ന് കരുതരുത്. അതുകഴിഞ്ഞ് കുത്തനെ കെട്ടിയിരിക്കുന്ന ഒരു കയറില്‍ക്കൂടി മൂന്നാള്‍ പൊക്കത്തില്‍ കയറണം.പിന്നെ എട്ടടി നീളവും നാല് അടി താഴ്ചയുമുള്ള ഒരു കുഴിയുടെ മുകളിലൂടെ ചാടി കടക്കണം. അജോയി കയറില്‍ കൂടി കയറുന്നത് കണ്ടാല്‍ എവെരെസ്റ്റ് കൊടുമുടി കയറുകയാന്നെന്നു തോന്നും! മൂന്ന് നാലടി കയറിക്കഴിഞാല്‍ കയറില്‍ തൂങ്ങി കിടന്നുകൊണ്ട് താഴെ നില്ക്കുന്ന ഞങ്ങളെ ദയനീയമായി നോക്കും. അതോടെ ചക്ക വീഴുന്നതുപോലെ ഒറ്റ വീഴ്ചയാണ്. പിന്നെ പി.റ്റി തീരുന്നതുവരെ അജോയീ തവളയുടെ രൂപത്തില്‍ ഗ്രൌണ്ടിലൂടെ ചാടി നടക്കുന്നത് കാണാം.
ഒരു ദിവസം സര്‍ദാര്‍ജി അജോയിക്കൊണ്ട് കുഴി ചാടിക്കാനുള്ള ശ്രമം തുടങ്ങി. അജോയി കുഴിയുടെ മുകളില്‍ക്കൂടി ചാടുന്നത് കാണാന്‍ ഞങള്‍ ആകാംഷയോടെ കാത്തു നില്‍കുകയാണ്‌. ആദ്യം അവനെ കുഴിയുടെ അടുത്തുനിന്നും കുറച്ചകലെക്ക് മാറ്റി നിര്‍ത്തി. എന്നിട്ട് ഓടിവന്ന് ഒറ്റച്ചാട്ടം ചാടാന്‍ പറഞു. അതിന്‍പ്രകാരം അജോയി തയ്യാറെടുത്തു. ഓടാനുള്ള പൊസിഷന്‍ ഒക്കെ ശരിയാക്കി. കുഴിയുടെ നീളവും വീതിയുമൊക്കെ നോക്കി മനസ്സിലാക്കി. പിന്നെ പി ടി ഉഷയെപ്പോലെ മുന്‍പോട്ടു കുതിച്ചു. അജോയി ചാടുന്നത് കാണാന്‍ നിന്ന ഞങളെ നിരാശരാക്കിക്കൊണ്ട്‌ കുഴിയുടെ അടുത്തുവരെ വന്നിട്ട് ബസ്സൊക്കെ സടന്‍ബ്രേക്ക് ഇടുന്നതുപോലെ ബ്രേക്കിട്ടു നിറുത്തിയിട്ട് മലര്‍ന്നടിച്ചു ഒറ്റ വീഴ്ച!! .
വീണതിന്റെ സമ്മാനമായി ഒരടികൂടെ കൊടുത്തിട്ട് സര്‍ദാര്‍ജി വീണ്ടും അവനെ ഓടാനായി നിറുത്തി. ഇത്തവണയും ചാടിയില്ലെങ്ങില്‍ സംഗതി കുഴപ്പമാണെന്ന് മനസ്സിലാക്കിയ അജോയി ഞങളെ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് സര്‍വ്വ ശക്തിയും സംഭരിച്ച് കുഴിയുടെ മുകളിലൂടെ എടുത്തുചാടി.!!
അജോയിയുടെ ചാട്ടം കണ്ടു അന്തംവിട്ടു നിന്ന ഞങളും സര്‍ദാര്‍ജിയും പിന്നെ കേട്ടത് അയ്യോ എന്ന നിലവിളിയാണ്. നിലവിളി കേള്‍ക്കുന്നത് കുഴിക്കുള്ളില്‍ നിന്നുമാണെന്ന് പിന്നീടാണ് മനസ്സിലായത്. ഏതായാലും അതോടെ സര്‍ദാര്‍ജി അജോയിയെ കുഴി ചാടിക്കാനുള്ള പദ്ധതി നിറുത്തി വച്ചു. പിന്നെ പി റ്റി സമയം മുഴുവനും അവന്‍ "തവള "ആയിത്തന്നെ കഴിഞ്ഞു കൂടി.

2008, ജൂലൈ 3, വ്യാഴാഴ്‌ച

സര്‍ദാര്‍ജിയുടെ പന്ത്രണ്ടു മണി

ട്രെയിനിംഗ് തുടങ്ങാത്തതുകൊണ്ട് ഞങ്ങള്‍ക്ക് പരേടിനു പോകേണ്ട. പകരം ആ സമയത്തു ചില ജോലികള്‍ തരും. മെസ്സില്‍ കുക്കിനെ സഹായിക്കുക, ചെടികള്‍ക്ക് വെള്ളം കോരുക മുതലായ ജോലികള്‍. മെസ്സില്‍ പോകാനാണ് ഞങ്ങള്‍ക്കിഷ്ടം. ഇടക്കൊക്കെ എന്തെങ്കിലും വെട്ടി വിഴുങ്ങാം! പക്ഷെ ബാരക്ക് കമാണ്ടര്‍ സര്‍ദാര്‍ജിക്ക്‌ ഞങ്ങളെ വെള്ളം കോരാന്‍ വിടാനാണ് കൂടുതല്‍ ഇഷ്ടം. അതുകൊണ്ട് ഞങള്‍ക്ക് അയാളോട് ഭയങ്കര ദേഷ്യമായിരുന്നു. പക്ഷെ എന്ത് ചെയ്യാം? പട്ടാളമല്ലേ? അനുസരികാതിരിക്കാന്‍ പറ്റുമോ? ഏതായാലും സര്‍ദാര്‍ജി എന്ന ഭീകര ജീവിയെ കാണുമ്പോള്‍ കുഞ്ഞിക്കൂനന്‍ സിനിമയില്‍ സായികുമാറിനെ കാണുന്ന ദിലീപിന്‍റെ അവസ്ഥയായിരുന്നു ഞങ്ങള്‍ക്ക്..

അങ്ങനെ ഒരുനാള്‍ വെള്ളം കോരല്‍ എന്ന ജോലി കഴിഞ്ഞു ബാരക്കിലേക്ക് തിരിച്ചു പോകാനുള്ള അനുമതിക്കുവേണ്ടി കാത്തിരിക്കുകയാണ് ഞങള്‍. പക്ഷെ സര്‍ദാര്‍ജിയെ കാണുന്നില്ല. കുറച്ചു നേരം കഴിഞ്ഞിട്ടും അയാളെ കാണാതായപ്പോള്‍ ഹിന്ദി കൂടുതല്‍ അറിയാവുന്ന തൊമ്മന്‍ എന്ന മനോജിനെ സര്‍ദാര്‍ജിയുടെ ഓഫീസിലേക്ക് അയക്കാമെന്ന തീരുമാനമായി. തന്‍റെ ഹിന്ദി ഭാഷയിലെ പ്രാവീണ്യം ബാരക്ക് കമാണ്ടര്‍ ആയ സര്‍ദാരിനെക്കൂടി അറിയിക്കാനുള്ള സുവര്‍ണാവസരം വീണുകിട്ടിയ തൊമ്മന്‍ ഉടനെ തന്നെ സര്‍ദാര്‍ജിയുടെ ഓഫീസിലേക്ക് യാത്രയായി.

കുറച്ചുനേരം കഴിഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് സര്‍ദാര്‍ജിയുടെ അലര്‍ച്ച കേട്ടു. അങ്ങോട്ടുപോയ തൊമ്മന്‍ അതാ വാണം വിട്ടപോലെ ഓടിവരുന്നു! സര്‍ദാര്‍ജിയുടെ അലര്‍ച്ചയും തൊമ്മന്റെ അന്തം വിട്ടുള്ള ഓട്ടവും കണ്ടപ്പോള്‍ സംഗതി എന്തോ കുഴപ്പമായെന്നു മനസ്സിലായ ഞങള്‍ ഓടാന്‍ തയ്യാറായി നിന്നു. കുറച്ചു ദൂരെയുള്ള ഒരു മരത്തിന്റെ അടുത്തേക്കാണ്‌ തൊമ്മന്റെ ഓട്ടം. ഓടിപ്പോയ തൊമ്മന്‍ മരത്തില്‍ തൊട്ടതിനു ശേഷം വന്ന വഴിയേ തന്നെ തിരിച്ചോടി.

കുറച്ചു കഴിഞ്ഞിട്ടും തൊമ്മന്റെ വിവരമൊന്നും അറിയാതായപ്പോള്‍ ഞങ്ങള്‍ ചെടികളുടെ മറ പറ്റി സര്‍ദാര്‍ജിയുടെ ഓഫിസിന്റെ അടുത്തെത്തി. അപ്പോളതാ തൊമ്മന്‍ ശീര്‍ഷാസനത്തില്‍ നില്ക്കുന്നു. എന്നുപറഞ്ഞാല്‍ അവന്‍ കാലുരണ്ടും പൊക്കി ഭിത്തിയില്‍ വച്ചു തല നിലത്തു മുട്ടിച്ചു പലക ചാരിയ പോലെ നില്ക്കുന്നു. വീഴാതിരിക്കാന്‍ കൈ രണ്ടും നിലത്തു കുത്തിയിട്ടുണ്ട്‌. ഇതെന്തു ആസനം? പട്ടാളത്തില്‍ 'യോഗ' പരിശീലനവുമുണ്ടോ? ഉണ്ടെങ്കില്‍ ഈ സര്‍ദാര്‍ ആണോ അതിന്‍റെ ഗുരു? എങ്കില്‍ ഞങ്ങള്‍ എല്ലാവരും കേരളത്തിലെ സന്തോഷ് മഹാദേവന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആയതു തന്നെ! എന്നൊക്കെ വിചാരിച്ചു അന്തംവിട്ടു നില്‍കുകയാണ്‌ ഞങ്ങള്‍.

അല്പം കഴിഞ്ഞപ്പോള്‍ തൊമ്മന്‍ ആസനം മതിയാക്കി തവളയെപ്പോലെ മുറ്റത്തു കൂടി ചാടാന്‍ തുടങ്ങി. സര്‍ദാര്‍ ആണ് ഇതൊക്കെ ചെയ്യിക്കുന്നത്.എന്താണ് കാരണം എന്നുമാത്രം ഞങള്‍ക്ക് മനസ്സിലായില്ല. ആസനവും തവളച്ചാട്ടവും കഴിഞ്ഞു തിരിച്ചുവന്ന തൊമ്മന്‍ ഒന്നും മിണ്ടാതെ ബാരക്കിലേക്ക് വച്ചുപിടിച്ചു. പുറകെ ഞങളും.എത്ര ചോദിച്ചിട്ടും തൊമ്മന്‍ ഒന്നും പറയുന്നില്ല. സത്യത്തില്‍ കാരണം എന്തെന്ന് തൊമ്മനും അറിഞ്ഞുകൂടാ. സര്‍ദാര്‍ജിയോട്‌ "പന്ത്രണ്ടു മണിയായി " എന്നുമാത്രം ഹിന്ദിയില്‍ പറഞ്ഞു അപ്പോഴേക്കും അയാള്‍ ചീത്ത വിളിച്ചുകൊണ്ടു ഓടിച്ചു എന്നാണു തൊമ്മന്റെ മൊഴി.പക്ഷെ ഈ കലാപരിപാടികള്‍ ശ്രദ്ധിച്ചുകൊണ്ട് നിന്ന ചില സീനിയര്‍ മലയാളികളാണ് സംഗതിയുടെ രഹസ്യം പുറത്തു വിട്ടത് . അതിപ്രകാരമായിരുന്നു.

സര്‍ദാര്‍ജികളെ കണ്ടിട്ടുണ്ടാകുമല്ലോ? താടിയും മുടിയും നീട്ടി ഒരു സാരിയേക്കാള്‍ നീളമുള്ള തുണി തലയില്‍ ചുറ്റിക്കെട്ടിയാണ് ഇവന്മ്മാരുടെ നടപ്പ്. വൈകുന്നേരം കിടക്കുമ്പോള്‍ മാത്രമാണ് ഈ തലക്കെട്ട്‌ (പകടി ) തലയില്‍ നിന്നും മാറ്റുകയുളൂ. ഉച്ചയാകുമ്പോള്‍ (കൃത്യം പന്ത്രണ്ടു മണി) ചൂടു മൂത്ത് ഇവന്മ്മര്‍ക്ക് വട്ടിളകും എന്നാണ് വയ്പ്. (പട്ടാളത്തിലുള്ള ഒരു വിശ്വാസമാണ് കേട്ടോ) ഏതെങ്കിലും സര്‍ദാരിനെ ദേഷ്യം പിടിപ്പിക്കാന്‍ അവരോട് 'ബാര ബജാ ക്യാ' (എന്താ പന്ത്രണ്ടു മണി ആയോ) എന്ന് ചോദിച്ചാല്‍ മതി.കാര്യങ്ങളുടെ കിടപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് മനസിലായിട്ടുണ്ടെന്നു കരുതുന്നു. ഇല്ലെങ്ങില്‍ ഞാന്‍ തന്നെ പറയാം.

ഹിന്ദി അറിയാമെനു‌ പറഞ്ഞു വല്യ ഗമയില്‍ പോയ തൊമ്മന്‍ അവിടെച്ചെന്നു സര്‍ദാര്‍ജി യോട് ചോദിക്കേണ്ടത്‌ ഇങ്ങനെ ആയിരുന്നു. "ബാര ബജാ സാര്‍,ജാവൂം?" (സാര്‍ പന്ത്രണ്ടു മണിയായി . ഇനി പോക്കോട്ടെ?) പക്ഷെ തൊമ്മന്‍ പറഞ്ഞു വന്നപ്പോള്‍ അത് മേല്‍ പറഞ്ഞതുപോലെ 'ബാര ബജാ ക്യാ' ആയിപ്പോയി. അതിന്റെ ശിക്ഷയാണ് തൊമ്മന് കിട്ടിയ ആസനവും തവളച്ചാട്ടവും.

2008, ജൂൺ 27, വെള്ളിയാഴ്‌ച

മുട്ടകളും പെട്ടിയും കൂട്ടയോട്ടവും

പ്രിയ വായനക്കാരെ,

ജോലിത്തിരക്ക് മൂലം പട്ടാളക്കഥകള്‍ തുടരാന്‍ കഴിഞ്ഞില്ല. മുട്ടയടിച്ച വിവരം ഞാന്‍ പറഞ്ഞിരുന്നല്ലോ. അതിനുശേഷം തിരിച്ചു വന്നപ്പോഴുള്ള നയനമനോഹരമായ കാഴ്ചയെപ്പറ്റി ഇനി വായിക്കുക.

അങ്ങനെ മുട്ടയടിച്ചുകുട്ടപ്പന്മാരായി, പകുതി പട്ടാളക്കാരായി, തിരിച്ചുവന്നപ്പോളതാ 'ബാരക്കിലുള്ള സകല മൊട്ടകളും മുറ്റത്ത്‌ 'ഇന്‍ ത്രീസില്‍' ഫാളീന്‍ ആയി നില്കുന്നു.! എന്നുപറഞ്ഞാല്‍ മൂന്നുപേര്‍ വീതമുള്ള വരികള്‍.പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്നതും പരേഡ് ചെയ്യുന്നതുമൊക്കെ "ഇന്ത്രീസില്‍" ആയിരിക്കണം എന്നാണ് നിയമം! അതൊരു യുദ്ധ തന്ത്രമാണ്. എന്ത് തന്ത്രമാണ് അതെന്നു ദയവായി ചോദിക്കരുത്. ചോദിച്ചാല്‍ ഞാന്‍ പറഞ്ഞുപോകും. അതുകഴിഞ്ഞ് എനിക്ക് ജീവിക്കാന്‍ പറ്റിയ ഒരു തന്ത്രം വായനക്കാര്‍ പറഞ്ഞു തരേണ്ടി വരും!

മൊട്ടത്തലയന്മാര്‍ വെറുതെ അങ്ങനെ നില്‍കുകയല്ല. എല്ലാവരുടെയും തലയില്‍ ഓരോ പെട്ടിയുമുണ്ട്. പെട്ടി എന്നുപറഞ്ഞാല്‍ ഇരുമ്പ് പെട്ടി! മലയാളത്തില്‍ പറഞ്ഞാല്‍ ട്രങ്ക് പെട്ടി. ഈ പെട്ടികള്‍ പട്ടാളക്കാരുടെ സന്തത സഹചാരിയാണ്. ലീവിന് പോകുമ്പോഴും ജോലി സംബന്ധമായി മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോഴും ഇതു കൂടെ കാണും. ഇപ്പോള്‍ പരിഷ്കാരം മൂത്ത പട്ടാളക്കാര്‍ സ്യുട്ട് കെയ്സ് എന്നുപറയുന്ന ഒരു പെട്ടിയാണ് ഉപയോഗിക്കുന്നത്. (അതില്‍ ഈയുള്ളവനും ഉള്‍പ്പെടും) പക്ഷെ അത് കൊണ്ടു നടക്കാന്‍ എളുപ്പമെന്നപോലെ കള്ളന്മാര്ക് അടിച്ച് മാറ്റാനും എളുപ്പമാണ്.

കാലിയായ പെട്ടികളാണ് മൊട്ടത്തലയുടെ പുറത്തു (ഒരു തുണിയോ തൂവാലയോ പോലും വയ്കാതെ) പിടിച്ചു വച്ചിരിക്കുന്നത് എന്നായിരിക്കും വായനക്കാര്‍ കരുതുന്നത് അല്ലെ? പക്ഷെ അങ്ങനെയല്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറയുകയാണ്‌.എന്തുകൊണ്ടെന്നാല്‍ പെട്ടി ഇരിക്കുന്ന മൊട്ടത്തലകളുടെ മുഖാരവിന്ദങ്ങളില്‍ മിന്നിമറയുന്ന വിവിധ ഭാവങ്ങള്‍ കഥകളിക്കാരെ പോലും അതിശയിപ്പിക്കുന്നതായിരുന്നു.തന്നെയുമല്ല ദുര്‍ബലങ്ങളായ ചില തലകള്‍ പെട്ടിസഹിതം അങ്ങോട്ടും ഇങ്ങോട്ടും ആടുകയും അവ വശങ്ങളിലുള്ള പെട്ടികളില്‍ത്തട്ടി ആ പെട്ടികളുടെ ബാലന്‍സ് കൂടി നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു.

എന്തിനാണ് ഇവന്മാര്‍ ഈ എടുത്താല്‍ പൊങ്ങാത്ത പെട്ടിയും താങ്ങി നില്‍കുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഇതു വല്ല ഫിസിക്കല്‍ ട്രയിനിങ്ങിന്റെയും ഭാഗമാണോ എന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെ ആണെങ്കില്‍ ഇത്തരം ഒരു പെട്ടി തലയില്‍ കയറ്റി വയ്കുന്നത്തോടെ എന്‍റെ ഫിസിക്കലിന്റെ നട്ടും ബോല്ട്ടുമൊക്കെ ഊരിപോകുമെന്നുള്ള കാര്യം ഉറപ്പാണ്.

മനോജും സുരേഷും അനിലും അജോയിയുമൊക്കെ ഇതുകണ്ട് അന്തംവിട്ടു നില്‍കുകയാണ്‌. സ്വതവേ അല്പം പൊങ്ങിയ പല്ലുകളുള്ള അനിലിന്റെ വായ് ഏകദേശം മുഴുവനായിത്തന്നെ പൊളിഞ്ഞ നിലയിലാണ്. അങ്ങനെ ഇരിക്കുംപോളതാ ഒരലര്‍ച്ച!! ഹിന്ദിയില്‍ ആരോ ഉറക്കെ സംസാരിക്കുകയാണ്. അതോടെ പെട്ടിത്തലകള്‍ ആട്ടം നിറുത്തി 'സാവധാന്‍' ആയി. അല്പം കഴിഞ്ഞു റെഡി ഗോ എന്ന അലര്‍ച്ച കൂടി കേട്ടതോടെ പെട്ടികള്‍ ഓട്ടം തുടങ്ങി. ബാരക്കിനു ചുറ്റുമാണ് ഓടുന്നത്. ആരോഗ്യമുള്ള മൊട്ടത്തലകള്‍ പെട്ടിയുമായി നല്ല സ്പീഡില്‍ തന്നെ ഓടുന്നുണ്ട്.ചില പെട്ടികളാകട്ടെ നടപ്പുമല്ല ഒട്ടവുമല്ല എന്ന രിതിയില്‍ ഒരുമാതിരി ഒട്ടകപ്പക്ഷി പോകുന്നതുപോലെയാണ് ഓടുന്നത്.ഓടുന്നവഴിയില്‍ ഒന്നുരണ്ടു പെട്ടികള്‍ തമ്മില്‍ കൂട്ടിമുട്ടുകയും പെട്ടിസഹിതം വീഴുകയും ചെയ്തു.വീണ പെട്ടികളും അത് വഹിച്ച തലകളും വീണപടിതന്നെ കിടക്കുകയാണ്. പെട്ടി ശരീരതെങ്ങാന്‍ വീണിട്ടു വല്ല കുഴപ്പവും പറ്റി കിടക്കുകയാണോ എന്ന് ഞങ്ങള്‍ സംശയിച്ചു. പക്ഷെ അതും ഒരു തന്ത്രമാണെന്ന് പിന്നീട് മനസ്സിലായി. കാരണം പെട്ടികള്‍ ശരീരത്ത് വീഴാത്ത രീതിയിലാണ് ശ്രീമാന്മാര്‍ വീണിരിക്കുന്നത്. ഇനി എണീറ്റാല്‍ പെട്ടി വീണ്ടും തലയില്‍ കയറും! അതിലും നല്ലത് അവിടെത്തന്നെ കിടക്കുകയല്ലേ? അലപം വിശ്രമവും കിട്ടുമല്ലോ.

കുറച്ചുനേരത്തെ ഓട്ടം കഴിഞ്ഞു മൊട്ടകളെല്ലാം തിരിച്ചു ബാരക്കിലെത്തി. എന്താണ് സംഭവം എന്നറിയാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷെ ഹിന്ദി അറിയില്ലല്ലോ. തൊമ്മന്‍ എന്ന് ഞങ്ങള്‍ ഓമനപേരില്‍ വിളിക്കുന്ന മനോജിന്‍റെ അമ്മ സ്കൂളില്‍ ഹിന്ദി ടീച്ചറാണ്. അതുകൊണ്ടു ഹിന്ദി എന്ന രാഷ്ട്ര ഭാഷയില്‍ താന്‍ വലിയ കേമനാണ് എന്നൊരു ഭാവമുണ്ട് അവന്.ഓട്ടത്തിന്റെ കാരണം അറിയാന്‍ തോമ്മനെത്തന്നെ വിടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഹിന്ദി ഭാഷയിലെ തന്‍റെ പിടിപാട് മാലോകരായ ഞങ്ങളെ അറിയിക്കാനുള്ള സുവര്‍ണാവസരം കൈവന്ന മനോജ് കേട്ടയുടെനെതന്നെ ഒരു ഹിന്ദിക്കാരന്റെ അടുത്തുപോയി സംസാരം തുടങ്ങി.പക്ഷെ 'ജീഹാം, നഹി, അച്ഛാ, എന്നൊക്കെയല്ലാതെ തൊമ്മന്റെ വായില്‍നിന്നും ഹിന്ദിയോന്നും കാര്യമായി പുറത്തുവന്നില്ല. സംസാരത്തിന്റെ ബലം കൂട്ടാനായി കയ്യുംകണ്ണും കാലുമൊക്കെ ഉപയോഗിച്ചെങ്കിലും മനോജ് പറയുന്നതു ഹിന്ദിക്കാരനും അയാള്‍ പറയുന്നതു മനോജിനും മനസ്സിലായില്ല. അവസാനം ഞങള്‍ ആദ്യം പരിചയപ്പെട്ട മലയാളി സുഹൃത്തിനെ കണ്ടുപിടിച്ചു അല്പം മുന്‍പ്‌ നടന്ന പരിപാടിയുടെ ഗുട്ടന്‍സ് മനസ്സിലാക്കി.

നടന്നത് ഒരു Punnishment ആണ്. അതായത് ശിക്ഷ. ട്രിനികളില്‍ ഒരാളെ ഏതോ കാര്യത്തിനുവേണ്ടി ഓഫീസിലേക്ക് അയച്ചു. പക്ഷെ ടിയാന്‍ പറഞ്ഞിരുന്ന സമയത്തിനുള്ളില്‍ ഓഫീസില്‍ എത്തിയില്ലെന്ന് മാത്രമല്ല പോയ വഴിയിലുള്ള കടയില്‍ നിന്നും ഒരു സിഗരറ്റൊക്കെ വാങ്ങി സ്റ്ലായി വലിച്ചു പുകയും വിട്ടുപോകുന്നത് മേലധികാരികള്‍ ആരോ കാണുകയും ആളെ തൊണ്ടിയോടെ പിടികൂടി വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു എത്തേണ്ടിടത്ത് എത്തിക്കുകയും ചെയ്തതിന്റെ ബാക്കി ഭാഗമാണ് ഇപ്പോള്‍ നടന്നത്. പട്ടാളത്തില്‍ ഒരാള്‍ തെറ്റുചെയ്താല്‍ അതിന്റെ ശിക്ഷ എല്ലാവര്കും ബാധകമാണ് എന്നുള്ള പുതിയ അറിവ് കിട്ടിയപ്പോള്‍ എനിക്ക് തോന്നിയത് ഇപ്രകാരമാണ്. കഷ്ടകാലം പിടിച്ചവന്‍ തലമുട്ടയടിച്ചപ്പോള്‍ കല്ലുമഴ!!

ഹിന്ദി പറയാന്‍ പോയ തൊമ്മന്‍ അതിന് കഴിയാതെ തിരിച്ചു വന്നത് ഒരുറച്ച തീരുമാനവുമായാണ്. ഉടനെതന്നെ ആരോടെങ്കിലും മണിമണിയായി ഹിന്ദി സംസാരിച്ചു ഞങ്ങളെ കാണിക്കണം. അതിനുവേണ്ടി അടുത്ത ദിവസം തന്നെ ശ്രമിച്ച തൊമ്മന് പറ്റിയ അമളിയുടെ കഥ നാളെ..