മാന്യ വായനക്കാരെ.............മൂന്നു മാസത്തെ തിരോന്തോരം ജീവിതം അവസാനിപ്പിച്ചു ഞാന്‍ തിരിച്ചു വണ്ടി കയറിയ വിവരം നിങ്ങളാരും അറിഞ്ഞിട്ടില്ല എന്ന് കരുതുന്നു. യാത്ര പരമ സുഖമായിരുന്നു. പക്ഷെ ചെറിയ ഒരബദ്ധം പറ്റി. എനിക്കല്ല അബദ്ധം പറ്റിയത്. എന്റെ കൂട്ടുകാരനായ യക്കൂബിനാണ്.കാരണക്കാരന്‍ ഞാനാണ് എന്ന് ദയവായി കരുതരുത്. ആ കഥ ഇങ്ങനെ....
എനിക്ക് തിരോന്തോരത്ത് നിന്നും കിട്ടിയ കൂട്ടുകാരനാണ് യാക്കൂബ്. യാക്കൂബും ഞാനും ഒരു ഡിപ്പാര്‍ട്ട്മെന്റ് ആണെന്കിലും രണ്ടു സ്ഥലത്താണ് ജോലി ചെയ്യുന്നത്. അവന്‍ ഡല്‍ഹിയിലാണ്. എന്നെപ്പോലെ തന്നെ മൂന്നു മാസത്തെ കാലാവധിക്ക് വന്നതാണ് യാക്കൂബും. സത്യക്രിസ്ത്യാനിയും ദൈവ ഭയമുള്ളവനുമാണ് യാക്കൂബ്. പള്ളീലച്ചന്‍ ആകാനായിരുന്നു യാക്കൂബിന്റെ ആഗ്രഹം. പക്ഷെ കിട്ടിയത് പട്ടാളത്തില്‍. "ഫാദര്‍ യാക്കൂബ് പട്ടാളത്തില്‍" എന്നാണു അവനെ ഞങ്ങള്‍ വിളിച്ചിരുന്നത്. (ഇപ്പോഴത്തെ അവന്റെ ആഗ്രഹം പിള്ളേരുടെ അച്ച്ചനാകാനാണ് കേട്ടോ )
ഞാനും യാക്കൂബും തിരോന്തോരം തീവണ്ടിയാപ്പീസ്സില്‍ നിന്നും കേരള എക്സ്പ്രെസ്സില്‍ എസ്-ഫോര്‍ കമ്പാര്‍ട്ട്മെന്റില്‍ അടുത്തടുത്തുള്ള സീറ്റുകളില്‍ ആസനസ്ഥരായി. തിരുവന്തോരം നിവാസ്സത്തിന്റെ മധുര സ്മരണകള്‍ അയവിറക്കി, പ്ലാറ്റ്ഫോമിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന തരുണീമണികളെ നോക്കി വെള്ളം വിഴുങ്ങി ഇരുന്ന യാക്കൂബ് പെട്ടെന്നാണ് എന്നെ തോണ്ടിയത്. "ഡാ നോക്കിയെ ...ഒരു പഞ്ചാബി ചരക്കു വരുന്നു...."പഞ്ചാബി എന്ന് കേട്ടതോടെ എന്റെ ശ്രദ്ധയും അവന്‍ കൈ ചൂണ്ടിയ സ്ഥലത്തെക്കായി.
സംഭവം ശരിയാണ്. ഒരു പഞ്ചാബി പെണ്‍കൊടി ഇറുകിയ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചു ലിപ്സ്റ്റിക്കിട്ട ചുണ്ടും പാറിപ്പറക്കുന്ന മുടിയുമായി അതാ പ്ലാറ്റ് ഫോമില്‍ നില്ക്കുന്നു. മട്ട് കണ്ടിട്ട് യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണ്. അതും ഞങ്ങള്‍ കയറിയ വണ്ടിയില്‍ തന്നെ. ഞങളുടെ അടുത്ത് ഇനിയും ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും സീറ്റുകളില്‍ അവള്‍ ഇരുന്നിരുന്നെന്കില്‍..എന്ന് ഞാനും ആഗ്രഹിച്ചു. ഡല്ഹി വരെ മിണ്ടിപ്പറഞ്ഞു പോകാമായിരുന്നു. മലയാളികള്‍ ഒത്തിരിപ്പേര്‍ വണ്ടിയിലുണ്ട്. പക്ഷെ ഒരു സുന്ദരിയായ മറുനാട്ടുകാരി ഉള്ളപ്പോള്‍ അവളോട് ഹിന്ദിയില്‍ കൊച്ചു വര്‍ത്തമാനം പറഞ്ഞു പോകുന്നത് ഒരു രസമല്ലേ? പോരാത്തതിനു ഞാനും യാക്കൂബും ക്രോണിക് ബാച്ചിലര്‍മാര്‍.
ഏതായാലും ഞങളുടെ ആഗ്രഹം പോലെ തന്നെ അവള്‍ ഞങളുടെ സീറ്റിനടുത്ത് തന്നെയുള്ള സീറ്റില്‍ വന്നിരുന്നു. ടിക്കറ്റ് നോക്കി സീറ്റ് നമ്പര്‍ ഉറപ്പാക്കി. ഞാനും യാക്കൂബും അല്പം ഒതുങ്ങി ഇരുന്നു അവളുടെ സാധനങ്ങള്‍ സീറ്റിനടിയില്‍ വയ്കാനുള്ള സൌകര്യങ്ങള്‍ ചെയ്തു കൊടുത്തു. സാധങ്ങള്‍ യഥാസ്ഥാനത്ത് വച്ചു കഴിഞ്ഞപ്പോള്‍ അവള്‍ എന്നെയും യാക്കൂബിനെയും നോക്കി മനോഹരമായി ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരി കണ്ട യാക്കൂബ് അവളുടെ കൊഴുത്തുരുണ്ട ശരീരത്തില്‍ ആകെമാനം ഒന്നു നോക്കിയിട്ട് ഭരണിയില്‍ കിടക്കുന്ന ഹലുവ കണ്ടു വെള്ളം വിഴുങ്ങുന്ന കുട്ടിയെപ്പോലെ ഒരു കവിള്‍ ഉമിനീര്‍ 'കിടോന്നു' താഴോട്ടിറക്കി.
വണ്ടി വിട്ടു. പഞ്ചാബി പെണ്ണ് തന്റെ ബാഗ് തുറന്നു ഒരു ഇംഗ്ലീഷ് വാരിക എടുത്ത് വായിക്കാന്‍ തുടങ്ങി. യാക്കൂബ് അവളെത്തന്നെ നോക്കിയിരിക്കുകയാണ്. എങ്ങനെ ഇരുന്നാല്‍ ഇവന്റെ കഴുത്തു ഒരു വശത്തേക്ക് തന്നെ തിരിഞ്ഞു പോകും എന്നെനിക്കു തോന്നി. ഞാന്‍ അവനെ ശാസിച്ചു. മലയാളത്തില്‍ പറഞ്ഞതു കൊണ്ടു യാക്കൂബിന് കാര്യം മനസ്സിലായി.അവന്‍ നീരസത്തോടെ എന്നെ നോക്കിയിട്ട് നോട്ടം പുറത്തേക്കാക്കി. എന്നാലും കുറച്ചു കഴിഞ്ഞപ്പോള്‍ വാച്ചിന്റെ സെക്കണ്ട് സൂചി തിരിയുന്നത് പോലെ വീണ്ടും അവന്റെ കണ്ണുകള്‍ പഞ്ചാബി പെണ്ണിന്റെ ശരീരത്തില്‍ തന്നെ വന്നു നിന്നു.
അവളുമായി ഒന്നു ചങ്ങാത്തം കൂടാന്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഒരു ചാന്‍സ് ഒത്തു വന്നില്ല. എന്നാല്‍ യാക്കൂബ് ചാന്‍സിന് വേണ്ടി കാത്തു നില്‍കാതെ സൗകര്യം പോലെ അവളെ മുട്ടാനും തട്ടാനും ഒക്കെ തുടങ്ങി വച്ചു.അവള്‍ വായിച്ചു മടക്കി വച്ച ഇംഗ്ലീഷ് വാരിക ചോദിച്ചു വാങ്ങി അതിന്റെ താളുകള്‍ മറിച്ചു നോക്കി പടം കണ്ടതിനു ശേഷം ഏതോ ഒരു ലേഖനം വളരെ ഗഹനമായ രീതിയില്‍ തന്നെ അവന്‍ വായിച്ചു തുടങ്ങി. ഹിന്ദി തന്നെ 'കുരച്ചു കുരച്ചു' പറയാനറിയാവുന്ന യാക്കൂബിന്‍റെ ഇംഗ്ലീഷ് വായന കണ്ടിട്ട് എനിക്ക് ചിരി വന്നു.വായിക്കുന്നുന്ടെങ്ങിലും അവന്റെ കണ്ണുകള്‍ പഞ്ചാബി പെണ്‍കൊടിയുടെ മേനിയിലാണ്.
രാത്രിയായി. യാത്രക്കാര്‍ ഭക്ഷണമൊക്കെ കഴിഞ്ഞു കിടക്കാനുള്ള ഒരുക്കത്തിലാണ്. ഏറ്റവും മുകളിലത്തെ ബെര്‍ത്തില്‍ യാക്കൂബ്. അതിന് താഴെ പെണ്കുട്ടി. അടിയിലത്തെ ബെര്‍ത്തില്‍ ഞാന്‍. പകല്‍ മുഴുവന്‍ പഞ്ചാബി പെണ്ണിനെ പരിചയപ്പെടാനുള്ള ചാന്‍സ് കിട്ടാതിരുന്ന ഞാന്‍ നാളെ കാലത്തെ തന്നെ അതിനുള്ള ശ്രമം തുടങ്ങണം എന്ന് മനസ്സില്‍ വിചാരിച്ചു കിടന്നു. എപ്പോഴോ നല്ല ഉറക്കത്തിലായി.
അര്‍ദ്ധരാത്രി ആയിട്ടുണ്ടാകും ഒരു ബഹളം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. പഞ്ചാബി പെണ്ണിന്റെ സ്വരമാണ് കേള്‍ക്കുന്നത്. ഹിന്ദിയിലാണ് സംസാരം. അടുത്ത് കിടന്നിരുന്ന യാത്രക്കാരൊക്കെ ഉണര്‍ന്നിട്ടുണ്ട്. സംസാരത്തില്‍ നിന്നും ആരോ പഞ്ചാബി പെണ്ണിനെ കയറിപ്പിടിച്ചതായി മനസിലായി.ഇരുട്ടത്തായതുകൊണ്ട് ആളെ മനസ്സിലായില്ലത്രേ. മറ്റു യാത്രക്കാര്‍ ചെറുപ്പക്കാരായ എന്നെയും യാക്കൂബിനെയും അര്‍ത്ഥഗര്‍ഭമായി നോക്കി. ഞാന്‍ അന്തം വിട്ടിരുന്നു.യാക്കൂബാനെന്കില്‍ പൂണ്ട ഉറക്കത്തിലാണ് ഇപ്പോഴും. കള്ളന്മാര്‍ ആയിരിക്കുമെന്ന് ചില യാത്രക്കാര്‍ അഭിപ്രായപ്പെട്ടു.ഏതായാലും പഞ്ചാബി പെണ്ണ് സംസാരം നിറുത്തി വീണ്ടും കിടന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ അവള്‍ കഴുത്തില്‍ കിടന്ന മാലയും കയ്യിലെ വാച്ചും ഊരി ബാഗില്‍ വച്ചു.
മുകളില്‍ കിടന്ന യാക്കൂബ് അപ്പോഴും കഥയൊന്നുമറിയാതെ ഉച്ചത്തില്‍ കൂര്‍ക്കം വലിച്ചുകൊണ്ടിരുന്നു.നേരം വെളുത്തു. യാത്രക്കാര്‍ ബെര്‍ത്തില്‍ നിന്നും ഇറങ്ങി അവരവരുടെ സീറ്റുകളില്‍ ഇരിപ്പുറപ്പിച്ചു.
അന്ന് പകല്‍ മുഴുവന്‍ യാക്കൂബ് മുകളില്‍ ഉറക്കം തന്നെ ആയിരുന്നു. അതുകൊണ്ട് പഞ്ചാബി പെണ്ണിന്റെ അടുത്തിരിക്കാനുള്ള ഭാഗ്യം എനിക്കും കിട്ടി. ഒരു ചാന്‍സ് ഒത്തു കിട്ടിയപ്പോള്‍ അവളുടെ പേരും നാടും ഞാന്‍ ചോദിച്ചറിഞ്ഞു. ഡല്‍ഹിയില്‍ ആണ് താമസ്സമെന്നും തിരുവനന്തപുരത്തു പഠിക്കുകയാണെന്നും അവള്‍ പറഞ്ഞു. എ.സിയില്‍ റിസര്‍വ്വേഷന്‍ കിട്ടാത്തത് കൊണ്ടാണ് സെക്കണ്ട് ക്ലാസ്സില്‍ കയറിയത് എന്നും അറിയിക്കുകയുണ്ടായി. കൂടുതല്‍ സംസാരിക്കാതെ അവള്‍ വീണ്ടും വായനയില്‍ മുഴുകി.
അങ്ങനെ തട്ടിയും മുട്ടിയും ഞങള്‍ ഡല്‍ഹിയില്‍ എത്തി.ഇറങ്ങാനുള്ള സമയമായപ്പോള്‍ പഞ്ചാബി പെണ്ണിന്‍റെ ബാഗും സ്യുട്ട് കേസും എടുക്കുവാന്‍ ഞാന്‍ സഹായിച്ചു. യാക്കൂബ് അപ്പോഴും അലസ്സനായി അവന്റെ സാധനങ്ങള്‍ മാത്രം എടുത്ത് ഞങളുടെ കൂടെ നടന്നു. അപ്പോള്‍ പുറത്തേക്കുള്ള വാതിലിനരികിലായി ആജാനുബഹുവായ ഒരു സര്‍ദാര്‍ നില്കുന്നത് കണ്ടു. ഞങളെ കണ്ട സര്‍ദാര്‍ പെട്ടെന്ന് വന്നു എന്റെ കയ്യില്‍ ഉണ്ടായിരുന്ന പെണ്ണിന്‍റെ ബാഗും സ്യുട്ട് കേസും വാങ്ങി.പെണ്ണ് സര്‍ദാരിനെ കണ്ട സന്തോഷത്തില്‍ അയാളുമായി 'അസി തുസി' (പന്ചാബിയെ അസി തുസി ഭാഷ എന്നാണു ഞങ്ങള്‍ പറയുക) യില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടു നടന്നകന്നു.
ബാഗ് കൊടുത്തിട്ട് തിരിഞ്ഞു നോക്കിയ ഞാന്‍ യാക്കൂബിനെ കാണാതെ പരിഭ്രമിച്ചു. ഇത്രയും നേരം എന്റെ ഒപ്പം നടന്നിരുന്ന യാക്കൂബ് എവിടെപ്പോയി? നോക്കുമ്പോള്‍ അവനതാ ഒരു തൂണിനു മറഞ്ഞു നില്കുന്നു. ഇവനെന്താ പ്ലാറ്റ് ഫോമില്‍ ഒളിച്ചു കളിക്കുന്നോ? ദേഷ്യത്തോടെ അടുത്തെത്തിയ എന്നോട് സര്‍ദാരിനെ ചൂണ്ടി അവന്‍ ചോദിച്ചു. "നിനക്കറിയാമോ ആ പോകുന്ന ആളിനെ?""
"അത് ആ പെണ്ണിന്‍റെ തന്തയാരിക്കും. അതിന് നിനക്കെന്താ?" ഞാന്‍ ഞാന്‍ പറഞ്ഞു.
"എടാ അത് ഞങ്ങളുടെ കമാണ്ടിംഗ് ഓഫീസര്‍ കേണല്‍ ബേദി സാബാ. അയാളുടെ മോളാന്നു തോന്നുന്നു ആ പെണ്ണ്. എന്റെ കര്‍ത്താവേ ഇന്നലത്തെ കാര്യം ആ പെണ്ണ് അയാളോട് പറഞ്ഞാല്‍ എന്റെ കാര്യം കട്ടപ്പുകയാ..." യാക്കോബ് ഇപ്പൊ കരയുമെന്ന പരുവത്തിലായി.
"ഇന്നലത്തെ കാര്യമോ"? എനിക്കൊന്നും മനസ്സിലായില്ല.
"അതേടാ .. രാത്രിയില്‍ ആരോ പിടിച്ചെന്നു പറഞ്ഞു ആ പെണ്ണ് ബഹളം ഉണ്ടാക്കിയില്ലേ? ആ കാര്യം"
"അതിന് നീയെന്തിനാ പേടിക്കുന്നത്?" യാക്കൂബിന്റെ വ്യാകുലത എനിക്ക് തീരെ പിടി കിട്ടിയില്ല.
എടാ അത് രാത്രിയില്‍ ഞാനറിയാതെ എന്റെ കൈ അറിയാതെ ആ പെണ്ണിന്‍റെ ദേഹത്ത്...."
സംഗതി മനസ്സിലായ ഞാന്‍ യാക്കൂബ് എന്ന സത്യ കൃസ്ത്യാനിയെ നോക്കി "ഇവന്‍ പട്ടാളത്തില്‍ ചേരുന്നതിന് പകരം പള്ളീലച്ചന്‍ ആയിരുന്നെന്കില്‍ എന്താകുമായിരുന്നു കഥ??" എന്നാലോചിച്ചു നിന്നുപോയി.