2009, ഡിസംബർ 12, ശനിയാഴ്‌ച

ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും

പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോരോ കാരണങ്ങളുണ്ട്.


അതുപോലെ തന്നെ ഞെട്ടാനും ഞെട്ടിക്കാനും എന്തെങ്കിലും കാരണങ്ങള്‍ വേണം.


ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.


അതാണ്‌ എന്റെ സുഹൃത്തായ ശ്രീ കെ. ആര്‍. സുരേഷ് കുമാര്‍ (മൂന്നാറില്‍ പോയി എലിയെപ്പിടിച്ചു ആപ്പിലായ സുരേഷ് കുമാര്‍ അല്ല. പട്ടാളത്തില്‍ പോയി തോക്കുപിടിച്ച് തോക്കനായ സുരേഷ് കുമാര്‍)


ഉഗ്രവാദി എന്നോ പാകിസ്താന്‍ എന്നോ കേള്‍ക്കുമ്പോള്‍ ശ്രീ സുരേഷ് കുമാര്‍ ഞെട്ടും എന്നാണ് മാന്യ വായനക്കാര്‍ ഇപ്പോള്‍ കരുതുന്നതെന്ന് ഞാന്‍ ഊഹിക്കുന്നു. പക്ഷെ അതൊന്നും കേട്ടാല്‍ സുരേഷ് കുമാര്‍ ഞെട്ടില്ല. അവരൊക്കെ ഈ സുരേഷ് കുമാറിനും വെറും "എലികള്‍" മാത്രം.


പക്ഷെ "സര്‍ദാര്‍ജി" എന്ന് കേട്ടാല്‍ സുരേഷ് കുമാര്‍ ഞെട്ടും. വെറുതെ ഞെട്ടുകയല്ല. അച്ചുമാമനെ കണ്ട ഒറിജിനല്‍ സുരേഷ് കുമാറിനെപ്പോലെ ഞെട്ടും! അതാണ് അദ്ദേഹത്തിന്റെ ഒരു ഞെട്ടല്‍ സ്റ്റൈല്‍...


അതിന്റെ കാരണങ്ങളിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് ശ്രീ പട്ടാളം സുരേഷ് കുമാറിനെപ്പറ്റി രണ്ടു വാക്ക് സംസാരിച്ചു കൊള്ളട്ടെ..


പത്തനംതിട്ടയിലെ "റാന്നി" ആണ് സുരേഷിന്റെ ജന്മസ്ഥലം. മൂന്ന് പെങ്ങന്മാര്‍ക്കു ഇടയ്ക്കുള്ള "ഒറ്റ മൂട് " ആങ്ങള. സുന്ദരനാണ്. സുമുഖനാണ്‌. പക്ഷെ സുമംഗലന്‍ അല്ല.



"സുമംഗലന്‍" ആകാത്തതിന്റെ ചില അസ്കിതകള്‍ സുരേഷിനുണ്ട്. അതായത് "സുമംഗല" ആണെങ്കിലും അല്ലെങ്കിലും സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് അല്പം കൂടും. പിന്നെ ആ ഇരുമ്പ് മുഴുവന്‍ "സുന്ദരികള്‍" എന്ന കാന്തത്തിലെയ്ക്ക് ആകര്‍ഷിക്കപ്പെടും. അതോടെ സുരേഷ് കുമാര്‍ വേറെ ഒരാളായി മാറും. ആ ആളാണ്‌ സാക്ഷാല്‍ മമ്മൂട്ടി...!!



അതെ സുരേഷ് കുമാറിനെ ഞങ്ങള്‍ വിളിക്കുന്ന ഇരട്ട പേരാണ് "ജൂനിയര്‍ മമ്മൂട്ടി".



ജൂനിയര്‍ മമ്മൂട്ടി എന്ന പേര് സുരേഷിനിട്ടത് അവന്‍ തന്നെയാണ്. അവനെ കണ്ടാല്‍ മമ്മൂട്ടിയുടെ ഒരു "ലുക്ക് " ഉണ്ട് എന്ന് ആരോ അവനോട് പറഞ്ഞത്രേ. (അവനോടു ശത്രുതയുള്ള ആരെങ്കിലും അങ്ങനെ പറയാന്‍ സാധ്യത കാണുന്നുണ്ട്. പക്ഷെ ഒറിജിനല്‍ മമ്മൂട്ടിയെങ്ങാനും സുരേഷിനെ ലുക്കിയാല്‍ തന്റെ ശരീര സൌന്ദര്യത്തെ അവഹേളിച്ചതിന്റെ പേരില്‍ അവനെ അദ്ദേഹം ഓടിച്ചിട്ടു തല്ലും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നില്ല.)



ഏതായാലും ജൂനിയര്‍ മമ്മൂട്ടി ആയ സുരേഷ് കുമാര്‍ എല്ലാ കാര്യത്തിലും അവന്റെ "മമ്മൂട്ടി ലുക്ക് "കാത്തു സൂക്ഷിച്ചിരുന്നു. ഉദാഹരണമായി പറയുകയാണെങ്കില്‍...


"ഒന്നേ മുക്കാലേ.. ഒന്നേ മുക്കാലേ" എന്ന രീതിയിലുള്ള ആ നടപ്പ്...!


കാ‍ന്താരി മുളക് അറിയാതെ കടിച്ചു പോയവന്‍ ചിരിക്കുന്നത് പോലെയുള്ള മനം മയക്കുന്ന ആ ചിരി..!!


വര്‍ഷങ്ങളായി ഓയില്‍ ചേഞ്ച്‌ ചെയ്യാത്ത മോട്ടോര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നത് പോലെയുള്ള ഘന ഗംഭീരമായ ശബ്ദം.. !!!


ഇതെല്ലാം സുരേഷ് കുമാര്‍ എന്ന ജൂനിയര്‍ മമ്മൂട്ടിയ്ക്ക് മാത്രമുള്ള പ്രത്യേകതകളാണ്.


ഈ പ്രത്യേകതകള്‍ നേരിട്ട് കാണുന്നവര്‍ തന്നോട് തന്നെ അറിയാതെ ചോദിച്ചു പോകും.


"ആക് ച്ചുലി... ഇതു തന്നെയാണോ നമ്മുടെ മമ്മൂട്ടി "


ഏതായാലും സുരേഷ് കുമാര്‍ എന്ന ജൂനിയര്‍ മമ്മൂട്ടിയും തൊമ്മന്‍ എന്ന മനോജും പിന്നെ ഞാനും കൂടി ഒരു ലീവിന് വന്നിട്ട് തിരിച്ചു പോകുമ്പോഴാണ് ഈ കഥയ്ക്ക്‌ ആസ്പദമായ സംഭവം നടക്കുന്നത്. തിരുവന്തപുരത്ത് നിന്നും ഡെല്‍ഹിയിലേയ്ക്കു പോകുന്ന കേരളാ എക്സ്പ്രസ്സിന്റെ പതിനൊന്നാം നമ്പര്‍ കോച്ചിലേയ്ക്ക് ഞാന്‍ നിങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്യകയാണ് . ക്ഷണിക്കുകയാണ്....



ചെങ്ങന്നൂരില്‍ നിന്നും തൊമ്മനും സുരേഷും, മാവേലിക്കരയില്‍ നിന്ന് ഞാനും വണ്ടിയില്‍ കയറി. ഞാന്‍ കയറുമ്പോള്‍ ജൂനിയര്‍ മമ്മൂട്ടി ജനാലയ്ക്ക് അരികിലുള്ള സീറ്റില്‍ താടിക്ക് കയ്യും കൊടുത്ത് വിഷണ്ണനായി ഇരിക്കുന്നു. മനോജ്‌ മുകളില്‍ കിടന്നു ഉറക്കമാണ്. വണ്ടിയില്‍ ആളുകള്‍ പൊതുവേ കുറവാണെന്ന് തോന്നുന്നു. താഴത്തെ മൂന്ന് സീറ്റുകളും കാലിയാണ്. അപ്പുറത്തെ ക്യാബിനില്‍ ഒന്ന് രണ്ടു കന്യാസ്ത്രീകളും കുറച്ചു കുട്ടികളും ഇരിക്കുന്നു. ഞാന്‍ പെട്ടിയും ബാഗും സീറ്റിനടിയില്‍ കയറ്റി വച്ചിട്ടു സുരേഷിന്റെ മുന്‍പില്‍ ഉള്ള സീറ്റില്‍ ഇരുന്നു. എന്നിട്ട് വിഷമിച്ചിരിക്കുന്ന സുരേഷിനോട് ചോദിച്ചു.



"എന്താടാ അളിയാ ഒരു വിഷമം? ലീവൊക്കെ അടിച്ചു പൊളിച്ചില്ലേ? പിന്നെന്താ നീ ദുഖിച്ചിരിക്കുന്നത്?"


"എടാ അവനു പറ്റിയ കിളികള്‍ ഒന്നും വണ്ടിയില്‍ ഇല്ലെന്ന് " ഞാന്‍ പെട്ടിയും മറ്റും വയ്ക്കുന്ന ശബ്ദം കേട്ടുണര്‍ന്ന മനോജു പറഞ്ഞു. "ഡല്‍ഹി വരെ എങ്ങനെ പോകുമെന്നാ അവന്‍ ചോദിക്കുന്നത്."



"ഹഹ.. അതാണോ കാര്യം? നീ വിഷമിക്കാതിരിയെടാ. എവിടുന്നെങ്കിലും നിനക്ക് പറ്റുന്നത് കേറും " ഞാന്‍ അവനെ സമാധാനിപ്പിച്ചു.



വണ്ടി എറണാകുളം സൌത്തില്‍ എത്തിച്ചേര്‍ന്നു. ആളുകള്‍ കയറിത്തുടങ്ങി. വെള്ളം വാങ്ങാനോ മറ്റോ സുരേഷും പോയി. ഞാന്‍ പുറത്തേയ്ക്ക് നോക്കി ഇരുന്നു.



"അളിയാ രക്ഷപെട്ടെടാ..ഒരു അടിപൊളി "പുല്ലത്തി" വരുന്നുണ്ടെടാ" പുറത്തു പോയ സുരേഷ് ആഹ്ലാദത്തോടെ തിരിച്ചു വന്നു.



"പുല്ലത്തിയോ?" ഞാന്‍ സുരേഷിനെ ചോദ്യഭാവത്തില്‍ നോക്കി..


"എടാ പഞ്ചാബി സര്‍ദാരിണി...ഇങ്ങോട്ട് വരുന്നുണ്ട്..നമ്മുടെ അടുത്ത സീറ്റാ...ദേ വരുന്നു.."


അവന്‍ പറഞ്ഞു തീര്‍ന്ന ഉടന്‍ ഒരു സര്‍ദാരും അയാളുടെ ഭാര്യയും കൂടി ഞങ്ങളുടെ അടുത്തുള്ള സീറ്റില്‍ വന്നിരുന്നു. സര്‍ദാര്‍ജികളെ ഞങ്ങള്‍ പട്ടാളക്കാര്‍ മലയാളത്തില്‍ വിളിക്കുന്ന പേരാണ് "പുല്ലന്‍" . അവരുടെ മുഖം മുഴുവന്‍ പുല്ലു വളര്‍ന്നത്‌ പോലെ നിറഞ്ഞു കിടക്കുന്ന താടിയാണ്‌ ആ വിളിക്കുള്ള ഹേതു. ഹിന്ദിക്കാര്‍ സര്‍ദാര്‍ജികളെ അവര്‍ കേള്‍ക്കാതെ വിളിക്കുന്ന പേര് "ജാടു" എന്നാണ്. ചൂല്‍ എന്നാണ് ആ വാക്കിന്റെ മലയാള അര്‍ഥം. (ദൈവമേ മലയാളം വായിക്കാന്‍ അറിയാവുന്ന ഏതെങ്കിലും സര്‍ദാര്‍ജി ഈ പോസ്റ്റു കണ്ടാല്‍ ചൂലിനുള്ള അടി ഉറപ്പ് )



സര്‍ദാര്‍ജിയേയും അയാളുടെ സുന്ദരിയായ ഭാര്യയേയും കണ്ട സുരേഷ് ഉന്മേഷവാനായി. അതോടെ അവനില്‍ ഉറങ്ങിക്കിടന്ന മമ്മൂട്ടി ഉണര്‍ന്നു. അവന്റെ മുഖത്തു ഗൌരവം വന്നു. ശബ്ദം പരുക്കനായി. അവന്‍ തന്റെ മമ്മൂട്ടി മീശയില്‍ വിരലോടിച്ചു കൊണ്ട് പുല്ലത്തിയെ നോക്കി. അടുത്ത നിമിഷം ആ മീശ ഒരു "ഇന്‍സ്പെക്ടര്‍ ബല്‍റാം" മീശയായി. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ പരിചയമുള്ളതു കൊണ്ടാണോ അതോ സഹയാത്രികന്‍ എന്ന പരിഗണനയിലാണോ എന്തോ ആ സര്‍ദാര്‍ പെണ്‍കൊടി അവനെ നോക്കി പുഞ്ചിരി തൂകി.



ഒരുത്തന്‍ തന്റെ ഭാര്യയെ നോക്കി മീശ പിരിക്കുന്നതും ഭാര്യ അയാളെ നോക്കി പുഞ്ചിരിക്കുന്നതും പുല്ലനായ സര്‍ദാറിനു ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്ന് അയാളുടെ മുഖം കണ്ടാല്‍ അറിയാം. പക്ഷെ പഞ്ചാബികള്‍ പൊതുവേ ശാന്തരും പക്വമതികളുമായതിനാലാവണം അയാള്‍ ഒന്നും പറയാതെ പുറത്തേയ്ക്ക് നോക്കിയിരുന്നു..


അല്പം കഴിഞ്ഞപ്പോള്‍ സുരേഷ് എഴുനേറ്റ് എങ്ങോട്ടോ പോയി.. നടക്കുമ്പോള്‍ "ഒന്നേ മുക്കാലേ ഒന്നേ മുക്കാലേ" എന്നു തന്നെ നടക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചു. അല്പം കഴിഞ്ഞു അതേ സ്റ്റൈലില്‍ തന്നെ തിരിച്ചു വന്നു സീറ്റില്‍ ഇരുന്നു. അതിനിടയില്‍ മുകളില്‍ കിടന്നിരുന്ന മനോജും താഴെ എത്തി. അതോടെ സുരേഷ് പഞ്ചാബി പെണ്ണുങ്ങളുടെ ആകാര ഭംഗിയെക്കുറിച്ച് കൂടുതല്‍ വാചാലനായി. ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിക്ക് കണ്ടാല്‍ "ഭീകരന്‍" എന്നു തോന്നിക്കുന്ന ഈ സര്‍ദാര്‍ ഒട്ടും ചേരുന്നില്ലെന്നും ഈ "മാക്രിയെ" കെട്ടാന്‍ എങ്ങനെ അവള്‍ക്കു മനസ്സ് വന്നെനും അവന്‍ കുണ്ട്ടിതപ്പെട്ടു. അവള്‍ ഒരു പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടി ആയിരിക്കാമെന്നും ഇങ്ങേരുടെ കയ്യിലെ പൈസ കണ്ടപ്പോള്‍ അവളുടെ വീട്ടുകാര്‍ ബലമായി അയാളെക്കൊണ്ട് കെട്ടിച്ചതായിരിക്കണം എന്നും അവന്‍ അഭിപ്രായപ്പെട്ടു.



ഇതിനിടയില്‍ സര്‍ദാരും ഭാര്യയും ഭക്ഷണം കഴിച്ചു. അവര്‍ കഴിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളും വീട്ടില്‍ നിന്നും കരുതിയിരുന്ന പൊതി കഴിച്ചിട്ട് ഉറങ്ങാന്‍ കിടന്നു. ഉറക്കംവരുന്നതു വരെ സുരേഷ് സര്‍ദാര്‍മാരുടെ കുറ്റങ്ങള്‍ എന്നോടും മനോജിനോടും പറഞ്ഞു കൊണ്ടിരുന്നു. പിന്നെ എപ്പോഴോ ഉറങ്ങി.


നേരം വെളുത്തു. വണ്ടി വിജയവാഡ സ്റ്റേഷനില്‍ എത്തി. സര്‍ദാര്‍ പോയി എവിടെ നിന്നോ ഇഡ്ഡലി യും സാമ്പാറും വാങ്ങി വന്നു. അത് കണ്ട മനോജ്‌ ബ്രേക്ക് ഫാസ്റ്റിനു ഇഡ്ഡലി തന്നെ വാങ്ങാം എന്നു തീരുമാനിച്ചു പുറത്തേയ്ക്ക് പോയി. അല്പം കഴിഞ്ഞപ്പോള്‍ ഇഡ്ഡലി കിട്ടുന്ന കട ഇവിടെങ്ങും കാണുന്നില്ല എന്നു പറഞ്ഞു തിരിച്ചു വന്ന അവന്‍ സര്‍ദാരിനോട് ഹിന്ദിയില്‍ ചോദിച്ചു. .



"സാര്‍ ആപ് ഇഡ്ഡലി കഹാം സെ ലിയാ". (താങ്കള്‍ എവിടുന്നാ ഇഡ്ഡലി വാങ്ങിയത്)


"സ്റ്റേഷനു പുറത്തു ഒരു കടയുണ്ട്. ഞാന്‍ അവിടുന്നാ വാങ്ങിയേ"


സര്‍ദാരിന്റെ മറുപടി കേട്ട് മനോജ്‌ അന്തിച്ചു നിന്നു. രാവിലെ തന്നെ സര്‍ദാരിണിയുടെ അംഗലാവണ്യം നോക്കി പിരിച്ചു തുടങ്ങിയ ബല്‍റാം മീശയില്‍ നിന്നും സുരേഷിന്റെ വിരലുകള്‍ പിടിവിട്ടു പൊത്തോന്നു താഴെ വീണു. അവന്‍ ഹിറ്റ്‌ലര്‍ സിനിമയില്‍ കാക്ക കാഷ്ടിച്ച ജഗദീഷിന്റെ മുഖഭാവത്തോടെ സര്‍ദാര്‍ജിയെ നോക്കി. എന്തെന്നാല്‍, സര്‍ദാര്‍ മറുപടി പറഞ്ഞത് പച്ച മലയാളത്തില്‍ ആയിരുന്നു...!!!


അപ്പോള്‍ അതുവരെ പുഞ്ചിരിച്ചു കൊണ്ടിരുന്ന സര്‍ദാരിണി സുരേഷിനോട് ചോദിച്ചു..


"എക്സ്യൂസ് മീ .. എവിടാ വര്‍ക്കു ചെയ്യുന്നേ " !!!!

2009, ഡിസംബർ 2, ബുധനാഴ്‌ച

നട്ടെല്ലുള്ള പട്ടാളക്കാരന്‍

അവധി ദിവസങ്ങളില്‍ ഉച്ചവരെയെങ്കിലും കിടന്നുറങ്ങിയില്ലെങ്കില്‍ എന്റെ ശരീരത്തിന് ആകെയൊരു ക്ഷീണമാണ്. അതു പിന്നെ നമ്മുടെ കെ എസ് ആര്‍ ടി സിയുടെ ഓര്‍ഡിനറി ബസു പോലെ വളരെ പതുക്കയേ സഞ്ചരിക്കൂ. പക്ഷെ എന്റെ ഭാര്യയുടെ കാര്യം നേരെ തിരിച്ചാണ്. അവള്‍ അതിരാവിലെ എഴുനേല്‍ക്കും. എന്നിട്ട് മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന എന്നെ നോക്കി, പുറപ്പെടാന്‍ പോകുന്ന സൂപ്പര്‍ ഫാസ്റ്റു ബസ്സിന്റെ ഡ്രൈവര്‍ എഞ്ചിന്‍ ഇരപ്പിച്ചു നിര്‍ത്തിയിട്ട് കണ്ടക്ടര്‍ക്ക് സിഗ്നല്‍ കൊടുക്കാനായി ഇടയ്ക്കിടയ്ക്ക് ഹോണ്‍ അടിച്ചു കൊണ്ടിരിക്കുന്നതുപോലെ, "ദേ എഴുനെല്‍ക്കുന്നുണ്ടോ..അതോ ഞാന്‍ അങ്ങോട്ട്‌ വരണോ" എന്നിങ്ങനെയുള്ള അപായ സിഗ്നലുകള്‍ തന്നുകൊണ്ടിരിക്കും. ഈ സിഗ്നലുകള്‍ ചിലപ്പോള്‍ ഉരുളക്കിഴങ്ങ്‌, തക്കാളി മുതലായ ഫലമൂലാദികളായും മറ്റു ചിലപ്പോള്‍ ഫ്രിഡ്ജിലെ തണുത്ത വെള്ളത്തിന്റെ രൂപത്തിലും എന്റെ ശരീരത്തില്‍ വന്നു പതിക്കാറുണ്ട്.


അങ്ങനെ പുതപ്പിനുള്ളില്‍ കിടന്നു കൂര്‍ക്കം വലിച്ചു കൊണ്ടിരുന്ന എന്റെ ദേഹത്ത് ഞായറാഴ്ച രാവിലെയുള്ള ആദ്യത്തെ സിഗ്നല്‍ വന്നു പതിച്ചത് ഒരു സ്റ്റീല്‍ ഗ്ലാസ്സിന്റെ രൂപത്തിലാണ്. (പച്ചക്കറിക്ക് വില കൂടിയത് കൊണ്ട് മത്തങ്ങ വാങ്ങാതിരുന്നത് ഭാഗ്യമായി.!) അതിര്‍ത്തിയില്‍ നിന്നും പാക്ക് പട്ടാളക്കാര്‍ അയക്കുന്ന മിസ്സൈലിനെ പോലും വെറും തൃണം, ഗ്രാസ്, പുല്ലു പോലെ നേരിട്ടിട്ടുള്ള എനിക്ക്, ഒരു സ്റ്റീല്‍ ഗ്ലാസിനെ നേരിടാന്‍ എന്റെ ശരീരത്തിന്റെ പിന്‍വശം തന്നെ ധാരാളമായിരുന്നു എങ്കിലും അടുത്ത സിഗ്നലുമായി ഭാര്യ നേരിട്ട് വന്നാല്‍ നേരിടാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നുള്ള വീണ്ടുവിചാരമുണ്ടായ ഞാന്‍ ഉടന്‍ എഴുനേല്‍ക്കുകയും മൂരി നിവര്‍ന്നു കോട്ടുവായിട്ടുകൊണ്ട് നേരെ ടി വി യുടെ മുന്‍പിലേയ്ക്ക് പോവുകയും ചെയ്തു.


"പീലുക്കാസ്സില്‍ നിന്നും സ്വര്‍ണം വാങ്ങിയാല്‍ പിന്നെ മറ്റൊന്നും നോക്കേണ്ടാ"


കഴുത്തില്‍ കയറുപോലെയുള്ള ഒരു സ്വര്‍ണ മലയും ധരിച്ചു നിന്ന് മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ടി വിയിലൂടെ പ്രഖ്യാപിക്കുന്നു.


"ശരിയാ ഒന്നും നോക്കേണ്ടാ. സ്വര്‍ണത്തിന്റെ വില കേള്‍ക്കുന്നതോടെ വാങ്ങാന്‍ വരുന്ന ആള്‍ ബോധം കെടും. പിന്നെ അങ്ങേരെ ആശുപത്രിയിലാക്കുന്ന കാര്യം നോക്കിയാല്‍ മതി."



എന്റെ ആത്മഗതം അടുക്കയളിലുള്ള ഭാര്യയെങ്ങാനും കേട്ടാല്‍ പിന്നെ അടുത്ത സിഗ്നല്‍ ഉടനെ എത്തും. കാരണം വെള്ളിത്തിരയിലെ അവളുടെ ഇഷ്ടനായകനാണ് ഒന്നും നോക്കാതെ സ്വര്‍ണം വാങ്ങാന്‍ പറയുന്നത്. ഞാന്‍ വേഗം ടി വി ഓഫ്‌ ചെയ്തു. എന്നിട്ട് ടീപ്പോയില്‍ കിടന്ന പത്രമെടുത്ത് നിവര്‍ത്തി.


"കായംകുളത്തു തസ്കര ശല്യം. വീട്ടമ്മയെ കെട്ടിയിട്ടിട്ടു കള്ളന്മാര്‍ സ്വര്‍ണമാല കവര്‍ന്നു" പത്രത്തിലെ വെണ്ടക്കാ അക്ഷരത്തിലുള്ള വാര്‍ത്ത ഞാന്‍ ഭാര്യ കേള്‍ക്കാനായി ഉറക്കെ വായിച്ചു.



"ഹും ശരിയാ. പത്രമെടുത്താല്‍ മോഷണ വാര്‍ത്ത മാത്രമേ വായിക്കാനുള്ളൂ. പോലീസ്സുകാര്‍ക്കൊക്കെ എന്താ പണി? ഇവന്മാരെ ഒക്കെ ഓടിച്ചിട്ടുപിടിച്ച് ഇടിച്ചു പപ്പടമാക്കണം" അകത്തു നിന്ന് ഭാര്യയുടെ കമന്റു കേട്ട് ഞാന്‍ ഞെട്ടി.


"ദൈവമേ കള്ളനെപ്പിടിക്കാത്ത പോലീസുകാരെ ഇടിച്ചു പപ്പടമാക്കണമെന്നാണോ ഇവള്‍ പറയുന്നത്" ഇതെങ്ങാനും ഏതെങ്കിലും പോലീസ്സുകാരന്‍ കേട്ടാല്‍ അവര്‍ എന്നെപ്പിടിച്ചു ഇടിച്ചു പപ്പടമാക്കിയിട്ട് തെളിയാത്ത കേസ്സുകള്‍ മുഴുവന്‍ എന്റെ തലയില്‍ കെട്ടി വച്ചെന്നിരിക്കും. പട്ടാളമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. പോലീസ്സുകാര്‍ക്ക്‌ പട്ടാളക്കാരനെന്നോ സാധാരക്കാരനെന്നോ ഉണ്ടോ? അവര്‍ക്ക് ഇടിക്കാന്‍ ഒരാളെ കിട്ടിയാല്‍ പോരെ? ഞാന്‍ പേടിയോടെ ഓര്‍ത്തു.



"ഏതായാലും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ആഭരണങ്ങള്‍ ഒക്കെ ഊരി എവിടെയെങ്കിലും ഭദ്രമായി വച്ചേക്കണം" ഞാന്‍ മുന്നറിയിപ്പ് കൊടുത്തു."



"നിങ്ങള്‍ ഇങ്ങനെ പേടിക്കാതെ മനുഷ്യനേ. എന്റെ മാല പൊട്ടിക്കാന്‍ ധൈര്യമുള്ള ഒരു കള്ളനും ഇതു വരെ ജനിച്ചിട്ടില്ല. ഹും.. പൊട്ടിക്കാന്‍ ഇങ്ങോട്ട് വരട്ടെ.. അവന്റെ നട്ടെല്ല് ഞാന്‍ ചവിട്ടി പൊട്ടിക്കും"



"ങേ? കള്ളന്റെ നട്ടെല്ല് ചവിട്ടി പൊട്ടിക്കാന്‍ ഇവളാര്? ബ്രൂസ്‌ലിയുടെ ഭാര്യയുടെ അനുജത്തിയോ? അതോ ജാക്കിച്ചാന്റെ അനന്തിരവളോ?" ഏതായാലും ഭാര്യയുടെ ധൈര്യം കണ്ട ഞാന്‍ അഭിമാനപുളകിതനും പുളകിതഗാത്രനും പിന്നെ ധൈര്യസമേതനുമായി.



ഒരു പട്ടാളക്കാരന്റെ ഭാര്യയായാല്‍ ഇങ്ങനെ വേണം. ഞാന്‍ ചിന്തിച്ചു. വീരശൂരിയും പരാക്രമശാലിയുമായ ഒരു ഭാര്യയുള്ള ഞാന്‍ എന്തിനു കള്ളന്മാരെ പേടിക്കണം? കള്ളന്മാര്‍ എന്നെയല്ലേ പേടിക്കേണ്ടത് ? അവളുടെ "പാദതാഡനം" ഒരു തവണ അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു കള്ളനും വീണ്ടും ആ വഴിക്ക് വരില്ലെന്ന് അതു സ്ഥിരമായി അനുഭവിക്കുന്ന എനിക്ക് ഉറപ്പുള്ളതിനാല്‍ ഞാന്‍ ആശ്വാസത്തോടെ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങി.



ഏതായാലും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ഭാര്യ പതിവിനു വിപരീതമായി അവളുടെ സകല ആഭരണങ്ങളും അഴിച്ചു അലമാരയില്‍ വച്ചു പൂട്ടി. അലമാരയുടെ താക്കോല്‍ ഞാന്‍ പോലും കാണാതെ എവിടെയോ ഒളിപ്പിച്ചു. കൂടാതെ തലയണക്കീഴില്‍ ഒരു വെട്ടുകത്തി, ടോര്‍ച്ചു, മൊബൈല്‍ ഫോണ്‍ എന്നിവയും വച്ചു. കതകുകളും ജനലും ഭദ്രമായി ബന്ധിച്ച ശേഷം അവയുടെ അരികില്‍ അലുമിനിയം കലങ്ങളും ഉരുണ്ടു വീണാല്‍ ശബ്ദം കേള്‍ക്കുന്ന പാത്രങ്ങളും വച്ചു. ഭാര്യയുടെ പ്രായോഗിക ബുദ്ധിയില്‍ അഭിമാനം തോന്നിയ ഞാന്‍ ഭയാശങ്കകളില്ലാതെ നിദ്രയെ പൂകി.


നേരം പാതിരാ ആയിട്ടുണ്ടാകും. അതി ഭയങ്കരമായ ഒരലര്‍ച്ചയും ഒപ്പം ഭാരമുള്ള എന്തോ ഒന്ന് നിലത്തു വീഴുന്ന ശബ്ദവും കേട്ട ഞാന്‍ ഞെട്ടിയുണര്‍ന്നു. കൂരിരുട്ടില്‍ ഒന്നും കാണാന്‍ പറ്റുന്നില്ല. വെപ്രാളത്തോടെ ഞാന്‍ അടുത്ത് കിടന്നിരുന്ന ഭാര്യയെ കുലുക്കിയുണര്‍ത്താനായി നോക്കി.. അയ്യോ...അവളെ കാണാനില്ല.!!


ദൈവമേ സ്വര്‍ണം മോഷ്ടിക്കാന്‍ വന്ന കള്ളന്‍ അതു കിട്ടാത്തത് കൊണ്ട് ഭാര്യയെ മോഷ്ടിച്ചതാണോ? ഞാന്‍ വിയര്‍ത്തു. എന്റെ ശബ്ദം നഷ്ടപ്പെട്ടു. ഞാന്‍ പരവേശത്തോടെ കിടക്കയില്‍ കുത്തിയിരുന്നു കിതച്ചു.


സ്വര്‍ണം പോയാലും വേണ്ടില്ല. ഭാര്യയെ തിരിച്ചു കിട്ടിയാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ അവളുടെ ബന്ധുക്കളോട് ഞാന്‍ എന്തു സമാധാനം പറയും. എന്റെ ശരീരത്തിലൂടെ വിയര്‍പ്പു ചാലിട്ടൊഴുകി. സ്വര്‍ണം അലമാരിയില്‍ വച്ചു പൂട്ടിയത് പോലെ ഭാര്യയേയും എവിടെയെങ്കിലും വച്ചു പൂട്ടിയിരുന്നെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു. ഞാന്‍ ആക്രാന്തത്തോടെ ഭിത്തിയില്‍ സ്വിച്ചിനു വേണ്ടി പരതി. ലൈറ്റ് ഓണ്‍ ചെയ്തു.


മുറിയില്‍ നിറഞ്ഞ വെളിച്ചത്തില്‍ കണ്ട കാഴ്ച എന്നെ വീണ്ടും ഞെട്ടിച്ചു. കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ട് പോയ ഭാര്യ അതാ നിലത്തു കുത്തിയിരിക്കുന്നു. "നിങ്ങളുടെ ഒടുക്കത്തെ ഒരുറക്കം. എന്നെ ആരെങ്കിലും പൊക്കിക്കൊണ്ട് പോയാലും അറിയില്ലല്ലോ കാലമാടാ" എന്ന രീതിയില്‍ തലയ്ക്കു കയ്യും താങ്ങി വിഷണ്ണയായി നിലത്തിരിക്കുന്ന ഭാര്യയെ ഞാന്‍ പിടിച്ചു സാവധാനം കട്ടിലില്‍ ഇരുത്തി. മേശപ്പുറത്തു ഗ്ലാസ്സിലിരുന്ന വെള്ളമെടുത്തു കൊടുത്തു. അതു ഒറ്റവലിക്ക് കുടിച്ച ശേഷം അവശയായി വീണ്ടും കട്ടിലില്‍ കിടന്ന ഭാര്യയോടു ഞാന്‍ കാര്യം തിരക്കി.


"അതു ചേട്ടാ... ഞാന്‍...നമ്മുടെ മാല മോഷ്ടിക്കാന്‍ വന്ന കള്ളനെ തൊഴിച്ചതാ.."


ങേ? മാല മോഷ്ടിക്കാന്‍ കള്ളന്‍ വന്നന്നോ? ഞാന്‍ നിന്ന നില്പില്‍ മേലോട്ട് ചാടിപ്പോയി. എവിടെ...എവിടെ കള്ളന്‍?


"അതു പിന്നെ .. കള്ളന്‍ വന്നതായി.. ഞാന്‍ അവനെ തൊഴിച്ചതായി.. ഒക്കെ സ്വപ്നം..." വിക്കി വിക്കി അത്രയും പറഞ്ഞിട്ട് അവള്‍ മൂടിപ്പുതച്ചു കിടന്നു.


നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും കൂര്‍ക്കം വലി തുടങ്ങിയ ഭാര്യയെ നോക്കിയ ഞാന്‍ ആശ്വാസത്തോടെ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു. പക്ഷെ പിന്നെ എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറക്കം വന്നില്ല. എന്തെന്നാല്‍ അടുത്ത കള്ളന്‍ ഉടനെ വരുമെന്നും വന്നാല്‍ എന്റെ ഭാര്യ അവന്റെ നട്ടെല്ല് നോക്കി തൊഴിക്കുമെന്നും എനിക്കുറപ്പായിരുന്നു. പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു കിട്ടിയാല്‍ ഒടിയില്ലേ?..


2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

രാജപ്പന്‍ എന്ന ഗുണ്ടപ്പന്‍

"കമ്പിത്തിരി,.. മത്താപ്പൂ,.. എലിവാണം,.. ഓലപ്പടക്കം,.. മാലപ്പടക്കം.. കുടച്ചക്രം.....ഏതെടുത്താലും ഫ്രീ... വരുവിന്‍ ... വാങ്ങുവിന്‍ ... പൊട്ടിക്കുവിന്‍ ."

ഒരു മേശപ്പുറത്തു കടലാസ്സു വിരിച്ചു അതിന്റെ മുകളില്‍ സാധന സാമഗ്രികള്‍ നിരത്തി വച്ച് വിളിച്ചു കൂവുകയാണ് ഹവില്‍ദാര്‍ രാമനാഥന്‍ സര്‍. സമയം വൈകുന്നേരം എഴുമണി...സ്ഥലം യൂണിറ്റിലെ പി ടി ഗ്രൌണ്ട്... സന്ദര്‍ഭം ദീപാവലി ആഘോഷം....


പട്ടാളത്തിലെ ആഘോഷങ്ങള്‍ അങ്ങിനയാണ്. പൊതുവായ ആഘോഷമാണ്. അതായത് ആഘോഷങ്ങളുടെ ചിലവുകള്‍ യൂണിറ്റ് വഹിക്കും. ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി പടക്കവും ചെറിയ മെഴുക് തിരികളും യൂണിറ്റ് ചിലവില്‍ വാങ്ങിയിട്ടുണ്ട്. അത് ഓരോ സെക്ഷനുകള്‍ക്കും തുല്യമായി വീതിക്കും. എല്ലാവരും കൂടി പി ടി ഗ്രൗണ്ടില്‍ ഒത്തുകൂടി ഇവയെല്ലാം പൊട്ടിക്കുകയും മെഴുക് തിരികള്‍ നിരത്തി കത്തിക്കുകയും ചെയ്യും. പക്ഷെ ആഘോഷങ്ങള്‍ക്കിടയില്‍ തീപ്പിടുത്തമോ മറ്റു അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ നോക്കേണ്ടത് ഓരോ പട്ടാളക്കാരന്റെയും ചുമതലയാണെന്ന് മാത്രം. കള്ള് കുടിച്ചതിനു ശേഷം ആരും പടക്കം പൊട്ടിക്കാനും പാടില്ല. അങ്ങനെയൊക്കെയുള്ള മുന്‍കരുതലുകള്‍ എടുത്തതിനു ശേഷമാണ് ആഘോഷങ്ങള്‍ അരങ്ങേറുക.


പടക്കവും മെഴുക് തിരികളും എല്ലാ സെക്ഷനുകള്‍ക്കും വേണ്ടി വാങ്ങുന്നതിനും തുല്യമായി വീതിക്കുന്നതിനും ചുമതല ഏല്പിച്ചിരിക്കുന്നത് ഹവില്‍ദാര്‍ രാമനാഥന്‍ സാറിനെയാണ്. എല്ലാവരും അവരവരുടെ വീതം പടക്കങ്ങള്‍ രാമനാഥന്‍ സാറില്‍ നിന്നും വാങ്ങി ഗ്രൌണ്ടിന്റെ ഓരോ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തു റെഡിയായി നില്ക്കും. കൃത്യം ഏഴുമണിയാകുമ്പോള്‍ സി ഓ സാബ് വരും. ഉത്ഘാടന കര്‍മം നിര്‍വഹിക്കുന്നത് സി ഓ യാണ്. അദ്ദേഹം ഒരു പടക്കമോ കമ്പിത്തിരിയോ കത്തിച്ചു പരിപാടി ആരംഭിക്കാന്‍ അനുമതി നല്കും. അതോടെ ഗ്രൗണ്ടില്‍ നിരന്നു നില്ക്കുന്ന ഓരോ സെക്ഷനുകളും അവരവരുടെ വീതത്തിലുള്ള പടക്കങ്ങള്‍ പൊട്ടിക്കാന്‍ ആരംഭിക്കുകയായി. പിന്നെ യൂണിറ്റ് മുഴുവന്‍ പടക്ക മയം! ഞങ്ങളെല്ലാം പടക്കവീരന്മാര്‍ ! ചുരുക്കം ചിലരൊക്കെ റോക്കറ്റ് വീരന്മാരും ആയി മാറാറുണ്ട്. !!


അങ്ങനെ എല്ലാവരും പടക്കങ്ങളും മെഴുക് തിരികളും വാങ്ങി സി ഓ സാബിന്റെ ആഗമനത്തിനായി കാത്തു നില്ക്കുകയാണ്. അപ്പോഴാണ് ഞങ്ങളുടെ സെക്ഷന്‍ കമാണ്ടര്‍ കൂടിയായ രാമനാഥന്‍ സാര്‍ പടക്ക വിതരണം കഴിഞ്ഞ ശേഷം കയ്യില്‍ ഒരു ചെറിയ പൊതിയുമായി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നത്. വന്നപാടെ അദ്ദേഹം ഓഫീസ് ക്ലാര്‍ക്കായ രാജപ്പനെ വിളിച്ചു മാറ്റി നിര്‍ത്തി പൊതി രഹസ്യമായി അവനെ ഏല്പിച്ചു. എന്നിട്ട് പറഞ്ഞു.

"എടാ ഇത് ഒരു "ഗുണ്ടാ". നമ്മുടെ സെക്ഷനു വേണ്ടി മാത്രമായി ഞാന്‍ വാങ്ങിയതാ. ഇത് മാത്രം ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല. സി ഓ സാബു പടക്കം പൊട്ടിച്ച് ഉത്ഘാടനം നടത്തിയാലുടന്‍ നീ ഈ "ഗുണ്ട്" പൊട്ടിക്കണം. അത് കേട്ട് മറ്റു സെക്ഷന്കാര്‍ ഞെട്ടണം. എന്നാലല്ലേ നമ്മുടെ സെക്ഷന് ഒരു ഗമ കിട്ടുകയുള്ളൂ?"


സംഗതി രാജപ്പനും പിടിച്ചു. ഉത്ഘാടനം നടന്നുകഴിഞാല്‍ ആദ്യം പൊട്ടുന്നത് അതി ഭയങ്കര ശബ്ദമുള്ള "ഗുണ്ട് " (വലിയ ശബ്ദമുള്ള പടക്കം. "പന്നിപ്പടക്കം" എന്നും ഗുണ്ടിനു പേരുണ്ട്) ആണെങ്കില്‍ അത് പൊട്ടിക്കുന്ന സെക്ഷന് അതൊരു ക്രെഡിറ്റുതന്നെയല്ലേ? പോരെങ്കില്‍ ഗുണ്ട് എന്ന പടക്കം മറ്റു സെക്ഷനുകളില്‍ ഇല്ലതാനും. പക്ഷെ ഒരു കുഴപ്പം. അത് പൊട്ടിക്കാന്‍ രാജപ്പന് ഒരു ചെറിയ ഭയം. സാധാരണ പടക്കം പോലും പൊട്ടിക്കുന്നത് രാജപ്പന് പേടിയാണ്. അപ്പോള്‍ പിന്നെ ശക്തിയേറിയ "ഗുണ്ട്" എങ്ങനെ പൊട്ടിക്കും?

"എടാ മണ്ടാ നീ പേടിക്കാതെ". രാമനാഥന്‍ സാര്‍ പറഞ്ഞു. "നീ ഒരു കയ്യില് മെഴുക് തിരി കത്തിച്ചു പിടിക്കണം. മറ്റെക്കയ്യില് ഗുണ്ടും പിടിക്കണം. ഉത്ഘാടനം കഴിഞ്ഞാലുടന്‍ നീ ഗുണ്ട് കത്തിച്ച്‌ ഗ്രൌണ്ടിലേയ്ക്ക് എറിയണം. അതിനെന്തിനാ പേടിക്കുന്നത്? ഒന്നുമില്ലെങ്കിലും നീയൊരു പട്ടാളക്കാരനല്ലേ?"


അതോടെ രാജപ്പന്‍ ധൈര്യപ്പനായി. രാമനാഥന്‍ സാര്‍ അവന്റെ കയ്യില്‍ ഒരു ഗുണ്ടും അത് കത്തിക്കാനുള്ള മെഴുകുതിരിയും കൊടുത്തു. സി ഓ സാബ് വന്നാലുടന്‍ മെഴുക് തിരി കത്തിച്ചു ഗുണ്ട് പൊട്ടിക്കാന്‍ റെഡിയായി നില്‍ക്കണമെന്ന് നിര്‍ദ്ദേശം കൊടുത്തിട്ട് അദ്ദേഹം സി ഓ സാബിനെ സ്വീകരിക്കാനായി പോയി.


സി ഓ സാബ് എത്തിച്ചേര്‍ന്നു . വന്നയുടന്‍ തന്നെ അദ്ദേഹം ഗ്രൗണ്ടില്‍ മൊത്തം നടന്നു സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പിന്നെ തനിക്കായി ഒരുക്കി വച്ചിരിക്കുന്ന ടേബിളില്‍ നിന്നും ഒരു കമ്പിത്തിരി എടുത്ത് കത്തിച്ചു ഉത്ഘാടന കര്‍മം നിര്‍വഹിച്ചു.


ഇതിനകം രാജപ്പന്‍ മെഴുക് തിരി കത്തിച്ചു ഗുണ്ട് പൊട്ടിക്കാന്‍ റെഡിയായിരുന്നു..സി ഓ സാബിന്റെ കമ്പിത്തിരി കത്തിത്തീന്നയുടന്‍ തന്റെ കയ്യിലിരുന്ന ഗുണ്ടിന്റെ തുമ്പത്ത് തീ കൊളുത്തി. എന്നിട്ട് ഗ്രൌണ്ടിന്റെ മധ്യഭാഗം നോക്കി നീട്ടിയെറിഞ്ഞു.

രാജപ്പന്റെ ഗുണ്ട് എറിയല്‍ നോക്കി നിന്നിരുന്നരാമനാഥന്‍ സാര്‍ ആ കാഴ്ച കണ്ടു ഞെട്ടി. ഗുണ്ട് വലിച്ചെറിഞ്ഞിട്ട് അത് പൊട്ടാന്‍ കാത്തു നില്ക്കുന്ന രാജേന്ദ്രനെ നോക്കി അദ്ദേഹം അലറി.

"എടാ രാജപ്പാ എറിയെടാ..അല്ലെങ്കില്‍ അത് നിന്റെ കയ്യിലിരുന്നു പൊട്ടും..."

"ങേ....? രാജപ്പന്‍ രാമനാഥന്‍ സാറിനെ മിഴിച്ചു നോക്കി. കത്തിച്ച ഗുണ്ട് എറിഞ്ഞു കഴിഞ്ഞു. ഇനി ഏതു ഗുണ്ട് എറിയാനാ ഇങ്ങേരു കിടന്ന് അലറുന്നത്?"


"എടാ നിന്റെ കയ്യിലിരുന്നു കത്തുന്ന ഗുണ്ട് അറിയാന്‍ .."രാമനാഥന്‍ സാര്‍ വീണ്ടും അലറി...അത് കേട്ട രാജപ്പന്‍ തന്റെ കയ്യിലേയ്ക്കു നോക്കി. അതാ ഒരു ഗുണ്ട് അവന്റെ കയ്യിലിരുന്നു കത്തുന്നു..!! "അയ്യോ....എന്റമ്മോ...."

ഒരു കയ്യില്‍ മെഴുക് തിരിയും മറ്റെക്കയ്യില്‍ ഗുണ്ടും പിടിച്ചു നിന്ന രാജപ്പന്‍ ഗുണ്ട് കത്തിച്ചു വെപ്രാളത്തോടെ വലിച്ചെറിഞ്ഞപ്പോള്‍ കയ്യൊന്നു മാറിപ്പോയി.....ഗുണ്ടിനു പകരം പോയത് മെഴുകു തിരിയാണെന്ന് രാജപ്പന്‍ അറിഞ്ഞില്ല.

ഇപ്പോള്‍ ഞങ്ങള്‍ രാജപ്പന് ഒരു പുതിയ പേരിട്ടു.. " ഗുണ്ടപ്പന്‍ "






2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

തൊമ്മന്റെ ഗ്യാസും എന്റെ ട്രബിളും

"കര്‍ത്താവേ ഞാന്‍ ഭര്‍ത്താവില്ലാതേഴു പെറ്റൂ...
കര്‍ത്താവിന്റെ കൃപ കൊണ്ടതേഴും ചത്തു......"


കയ്യില്‍ ഒരു പൊതിയുമായി പാട്ടും പാടി ബാരക്കിലേയ്ക്കു കയറി വന്ന തൊമ്മന്‍ ബെഡ്ഡില്‍ കിടന്നു മാസിക വായിച്ചു കൊണ്ടിരുന്ന എന്നെക്കണ്ടപ്പോള്‍ പെട്ടെന്ന് പാട്ട് നിര്‍ത്തി. എന്നിട്ട് കയ്യിലിരുന്ന പൊതി സൂത്രത്തില്‍ അലമാരയില്‍ വച്ചിട്ട് എന്നെ ശ്രദ്ധിക്കാതെ കട്ടിലിലിരുന്നു കാലിലെ ബൂട്ട് അഴിച്ചു തുടങ്ങി...


"എന്താടാ പുല്ലേ നിനക്കൊരു ഗമ. എന്തോന്നാ നീ കൊണ്ടുവന്ന പൊതി. കുപ്പിയാണോ?.. ഞാന്‍ ചോദിച്ചു..."


"പിന്നേ കുപ്പി...എനിക്ക് കുപ്പി മേടിക്കലല്ലേ പണി...അത് വീട്ടില്‍ നിന്നും അമ്മ കൊടുത്ത് വിട്ട ഗ്യാസ്സിനുള്ള മരുന്നാ.." തൊമ്മന്‍ ഞാന്‍ ചോദിച്ചത് ഇഷ്ടപ്പെടാത്ത മട്ടില്‍ പറഞ്ഞു...



"ഓഹോ എന്നിട്ട് നീയെന്താ എന്നെ കാണിക്കാതെ അത് അലമാരിയില്‍ വച്ച് പൂട്ടിയത്?. സത്യം പറയെടാ അത് കള്ളുകുപ്പിയല്ലേ?" ഞാന്‍ വീണ്ടും ചോദിച്ചു...



"ആരു പറഞ്ഞു അത് കള്ളു കുപ്പിയാണെന്ന്. നിനക്കൊക്കെ ഏതു സമയത്തും കുപ്പി കുപ്പി എന്ന ഒറ്റ വിചാരമല്ലേ ഉള്ളൂ !?"


തൊമ്മന്‍ തോര്‍ത്തുമെടുത്തു കുളിക്കാന്‍ പോയി. അവന്റെ മുഖത്ത്‌ ഒരു കള്ളലക്ഷണമുള്ളതായി എനിക്ക് തോന്നി..


സ്വതവേ തമാശക്കാരനും എന്റെ ഉറ്റ സുഹൃത്തുമാണ് തൊമ്മന്‍. പത്തനംതിട്ട സ്വദേശിയാണ്. പട്ടാളത്തില്‍ ചേരുന്നതിന് മുന്‍പ് ഹിന്ദി പ്രവീണ്‍ പരീക്ഷ പാസായവന്‍. പച്ചവെള്ളം പോലെ ഹിന്ദി പറയും. അവന്റെ ഹിന്ദി കേട്ട് ഹിന്ദിക്കാര്‍ പോലും വാ പൊളിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് തൊമ്മന്‍ പറയുന്ന ഹിന്ദി അവര്‍ക്ക് മനസ്സിലാകാത്തത് കൊണ്ടാണോ അതോ ഹിന്ദി ഭാഷയില്‍ തൊമ്മന്റെ അത്രയും പരിജ്ഞാനം ഹിന്ദിക്കാര്‍ക്ക് ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല. എന്നാലും ട്രെയിനിംഗ് സമയത്ത് ഹിന്ദി അറിയാത്ത ഞങ്ങളെ ഹിന്ദിക്കാരായ മറ്റു സഹട്രയിനികളില്‍ നിന്നും കാത്തു സംരക്ഷിച്ചവനാണ് തൊമ്മന്‍. തന്നെയുമല്ല എന്തു കിട്ടിയാലും അതിന്റെ ഒരു പകുതി എനിക്ക് വേണ്ടി മാറ്റി വയ്കുകയും ചെയ്യും. അങ്ങനെയുള്ള തൊമ്മനാണ് ഇന്ന് എന്തോ ഒരു സാധനം ഞാന്‍ കാണാതെ ഒളിച്ചു വച്ചിരിക്കുന്നത്. അതെന്താണെന്ന് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. ഞാന്‍ തീരുമാനിച്ചു.



ഞാന്‍ അവന്റെ ലോക്കര്‍ (അലമാര) പരിശോധിച്ചു..അതാ ഏറ്റവും മുകളിലത്തെ അറയില്‍ ആ സാധനം കടലാസ്സില്‍ പൊതിഞ്ഞു ഭദ്രമായി വച്ചിരിക്കുന്നു...ഞാന്‍ പതുക്കെ അത് പൊതിഞ്ഞിരിക്കുന്ന കടലാസ് നഖം കൊണ്ടു ചുരണ്ടി നോക്കി....കടലാസ് അല്പം കീറിയപ്പോള്‍ അതിനകത്തെ സാധനം കണ്ട് ഞാന്‍ ഞെട്ടി...


ഒരു കുപ്പി ... ഫുള്‍ കുപ്പി....!!


നിറം കണ്ടിട്ട് നല്ല സ്വയമ്പന്‍ ത്രീ - എക്സ് റം...!!!!


അതുശരി...ഇതാണ് നിന്റെ ഗ്യാസ്സിനുള്ള മരുന്ന് അല്ലെ? ഇത് കഴിച്ചാണ് നീ ഗ്യാസ്സ് കളയാന്‍ പോകുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ വാങ്ങിയ ഒരു കുപ്പി വോഡ്ക, കേറിയും മാറിയും അടിച്ചു തീര്‍ത്ത പരമദ്രോഹി ഇന്ന് ഒരു കുപ്പി സാദാ റം സ്വന്തമായി വാങ്ങി എന്നെക്കാണാതെ അടിച്ച് അവന്റെ വയറ്റിലെ ഗ്യാസ് കളയാന്‍ പോകുന്നു... ഞാന്‍ അടിമുടി വിറച്ചു...


"ഇങ്ങോട്ട് വരട്ടെ...കുപ്പി അടിക്കാതെ തന്നെ അവന്റെ ഗ്യാസ് കുറ്റി ഞാന്‍ കലക്കും" എന്നോടാണോ കളി?". ഞാന്‍ തീരുമാനിച്ചു..


അല്ലെങ്കില്‍ വേണ്ടാ...

എന്നെ ഒളിച്ചു കൊണ്ടുവന്നു കുടിക്കാന്‍ വച്ചിരിക്കുന്ന ഈ കുപ്പി അതി വിദഗ്ദമായി അടിച്ചു മാറ്റുന്നതാണ് ബുദ്ധി.

"എടാ തൊമ്മാ ഇരുപത്തി നാല് മണിക്കൂറിനകം ഇരു ചെവിയറിയാതെ ഈ കുപ്പി ഞാന്‍ അടിച്ചു മാറ്റിയിരിക്കും. എന്റെ ത്രീ-എക്സ് തമ്പുരാനാണേ സത്യം". ഞാന്‍ ഭീഷ്മശപഥം ചെയ്തു.



അല്പം കഴിഞ്ഞപ്പോള്‍ തൊമ്മന്‍ കുളി കഴിഞ്ഞെത്തി..ഞാന്‍ അവനെ കാണാത്ത ഭാവത്തില്‍ മാസിക വായന തുടന്നു..ഇടയ്ക്കു ഒളി കണ്ണിട്ടു തൊമ്മനെ നോക്കി...അവന്‍ കണ്ണാടിയില്‍ നോക്കി മുഖത്ത്‌ ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി തേച്ചു പിടിപ്പിക്കുന്നു..



"ഓ അവന്റെ ഒരു വെളുപ്പീര്...നിന്നെ ഞാനിന്നു വെളുപ്പിക്കുമെടാ പിശാചേ....നിന്റെ ഗ്യാസ് കളയാനുള്ള മരുന്ന് ഞാന്‍ കണ്ടെടാ..അത് കുടിച്ചു നീ ഗ്യാസ്സ് കളയുന്നത് എനിക്കൊന്നു കാണണം.. നീ കാശ് കൊടുത്ത് മേടിച്ചു അലമാരയില്‍ വച്ചിരിക്കുന്ന ആ കുപ്പി പോകുമ്പോള്‍ നീ ഞെട്ടും. അപ്പോള്‍ നീ അറിയാതെ നിന്റെ ഗ്യാസ് "പ്ര്ര്ര്‍ " എന്ന് പുറത്തേക്ക് പോകുന്നത് ഞാന്‍ എന്റെ ഈ ചെവി കൊണ്ടു കേള്‍ക്കുമെടാ സാമദ്രോഹി..."



ഞാന്‍ ഒന്ന് രണ്ടു മുട്ടന്‍ തെറികള്‍ കൂടി മനസ്സില്‍ പറഞ്ഞിട്ട് ബെഡ് ഷീറ്റ് എടുത്ത്‌ തലവഴി മൂടിക്കിടന്നു കുപ്പി അടിച്ചുമാറ്റാനുള്ള പ്ലാനുകള്‍ ആസൂത്രണം ചെയ്തു..



കുപ്പി മുഴുവനായി അടിച്ചു മാറ്റണോ?...


അതു വേണ്ട....


കാര്യമെന്തൊക്കെ പറഞ്ഞാലും അവനു ഗ്യാസ്‌ ട്രബിളിന്റെ ചെറിയ പ്രോബ്ലം ഉള്ള വിവരം എനിക്കറിയാവുന്നതാണ്. ഇയ്ക്കൊക്കെ രാത്രിയില്‍ അവന്റെ പുതപ്പിനുള്ളില്‍ നിന്നും അതിഭയങ്കരമായ പൊട്ടിത്തെറികളും പൂച്ച കരയുന്നത് പോലെ മൃദുവായ ഈണങ്ങളും ഞാന്‍ കേള്‍ക്കാറുണ്ട്. ചിലപ്പോഴൊക്കെ അത് കേട്ടു സഹികെടുമ്പോള്‍ "പോയി വല്ല ജെലൂസ്സിലും വാങ്ങിക്കഴിയെടാ.....ബാക്കിയുള്ളവര്‍ക്ക് സ്വസ്ഥമായി കിടന്നുറങ്ങണം" എന്ന് ഞാന്‍ അവനെ ഉപദേശിക്കാറുണ്ട്. ഭക്ഷണത്തിനു മുന്‍പ് രണ്ടു പെഗ്ഗ് അടിച്ചിട്ട് കിടന്നാല്‍ ഗ്യാസ്‌ ട്രബിള്‍ മാറും എന്നൊരു വിശ്വാസം പട്ടാളക്കാര്‍ക്കിടയിലുണ്ട്. ഒരു പക്ഷെ കുപ്പി കണ്ടാല്‍ അത് മുഴുവന്‍ ഞാന്‍ തന്നെ വീശും എന്ന പേടികൊണ്ടു എന്നെ ഒളിച്ചു വച്ചതാകാനും മതി.



എന്നാലും കുപ്പി ഞാന്‍ കണ്ടില്ലെന്നു വന്നാല്‍ ഇനി വാങ്ങുന്ന സകല കുപ്പികളും അവന്‍ തന്നെ ഒറ്റയ്ക്ക് വീശിക്കളയില്ലേ? അവനെപ്പോലെ തന്നെ എന്റെ വയറ്റിലും ഗ്യാസില്ലേ? അതെങ്ങനെ പോകും?...


അപ്പോള്‍ കുപ്പി ഞാന്‍ കണ്ടു എന്നറിയിക്കാനും ഇനി മേലില്‍ വരുന്ന കുപ്പികള്‍ ഞാനറിയാതെ വീശാതിരിക്കാനും വേണ്ടി ഒരു വാണിംഗ് കൊടുത്തേക്കാം എന്നു ഞാന്‍ ഉറപ്പിച്ചു. അതായത് അവന്‍ പൊട്ടിക്കുന്നതിനു മുന്‍പ് കുപ്പി എടുക്കുകയും അതില്‍ നിന്നും പകുതിയോളം അടിച്ചു മാറ്റിയ ശേഷം ബാക്കി തിരിച്ചു വയ്ക്കുകയും ചെയ്യുക. അതായിരുന്നു എന്റെ മനസ്സിലെ മാസ്റ്റര്‍ പ്ലാന്‍.



വൈകുന്നേരം ഭക്ഷണം കഴിക്കുന്ന സമയം വരെ തൊമ്മന്‍ ബെഡില്‍ തന്നെ ഉണ്ടായിരുന്നു. ഞാന്‍ അടുത്ത്‌ ഉള്ളത് കൊണ്ടോ എന്തോ അവന്‍ കുപ്പി പുറത്തെടുക്കുകയോ കഴിക്കുകയോ ചെയ്തില്ല. അവന്‍ ഭക്ഷണം എടുക്കാനായി മെസ്സിലെയ്ക്ക് പോകുമ്പോള്‍ അറ്റാക്കിനു റെഡിയായി ഞാന്‍ കാത്തിരുന്നു..



എട്ടെര മണിയായപ്പോള്‍ തൊമ്മന്‍ മെസ്സിലെയ്ക്ക് ഭക്ഷണം എടുക്കാനായി പോയി. അടുത്ത നിമിഷം ഞാന്‍ അവന്റെ അലമാരിയുടെ അടുത്തെത്തി. ഞൊടിയിടയില്‍ കുപ്പി പൊതിയോടെ പുറത്തെടുത്തു. എന്നിട്ട് അടപ്പ് പിരിച്ചു പൊട്ടിച്ചു ഗ്ലാസ്സിലെയ്ക്ക് കമഴ്ത്തി. പകുതിയോളം ഊറ്റിയ ശേഷം കുപ്പി അടച്ചു യഥാസ്ഥാനത്ത് വച്ചിട്ട് ഗ്ലാസ്‌ ചുണ്ടോടു ചേര്‍ത്ത് ഒരു പിടി പിടിച്ചു..



എന്റമ്മോ.....ത്ഫൂ.....


ചെന്നിനായകം കുറുക്കിയതു പോലെ കയ്പ്പുള്ള ദ്രാവകം ഞാന്‍ പുറത്തേക്ക് തുപ്പി. എന്റെ അന്നനാളം വരെ അതിന്റെ കയ്പ്പ് അരിച്ചിറങ്ങി. വായ്‌ പൊത്തിപ്പിടിച്ചു കൊണ്ട് ഞാന്‍ പുറത്തേക്കോടി...


ഒടുവില്‍ പത്തു മിനിട്ട് നേരം ഓക്കാനവും ശര്‍ദ്ദിലും കഴിഞ്ഞു അവശനായി തിരിച്ചെത്തിയ ഞാന്‍ ഒന്നും മിണ്ടാതെ കട്ടിലില്‍ കിടന്നു...



ഇതിനിടയില്‍ ഭക്ഷണവുമായി തിരിച്ചെത്തിയ തൊമ്മന്‍, താന്‍ നാട്ടിലെ വൈദ്യശാലയില്‍ നിന്നും ഗ്യാസ്‌ ട്രബിള്‍ മാറ്റാനായി വാങ്ങിയ കഷായക്കുപ്പിയുടെ അടപ്പ് എങ്ങനെ പൊട്ടി എന്നറിയാതെ അന്തം വിട്ടു നിന്നു...

2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

എന്നെ ഞെട്ടിച്ച പിള്ളേച്ചന്‍..

പട്ടാളക്കാര്‍ ആരും പെട്ടെന്ന് ഞെട്ടുന്നവരല്ല.

പക്ഷെ ഞെട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്...

ചില ഉദാഹരണങ്ങള്‍ പറയാം...

ലീവിലുള്ള ഒരു പട്ടാളക്കാരന്‍ രാവിലെ പത്രം എടുത്ത്‌ നോക്കുമ്പോള്‍ എവിടെയെങ്കിലും ഒരു ബോംബ്‌ സ്ഫോടനം ഉണ്ടായതായുള്ള വാര്‍ത്ത കണ്ടാല്‍ മതി. ഉടന്‍ ഞെട്ടും... കാരണം അതിന്റെ പേരില്‍ ലീവ് ക്യാന്‍സല്‍ ആയാലോ എന്ന പേടി കൊണ്ടുള്ള ഞെട്ടല്‍..!!



ലീവിന് വരുന്ന പട്ടാളക്കാരന്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെ സ്വീകരിക്കാനായി ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കിലും ഞെട്ടും..തന്റെ പെട്ടിയിലെ കുപ്പികളുടെ അധോഗതി ഓര്‍ത്തുള്ള ഞെട്ടലാണ് അത്...!!


ലീവിന് പോയിട്ട് തിരിച്ചു വരുന്ന ആള്‍ യൂണിറ്റില്‍ എത്തുമ്പോള്‍ അവിടെ എന്തെങ്കിലും ഇന്‍സ്പെക്ഷന്‍ നടക്കുന്നുണ്ട് എന്നറിഞ്ഞാലും ഞെട്ടും.."ഭഗവാനെ വന്നു കേറിയില്ല അതിനു മുന്‍പേ കാലമാടന്മാരുടെ ഒടുക്കത്തെ ഇന്‍സ്പെക്ഷന്‍" എന്നുള്ള ആത്മഗതത്തോടെയുള്ള ഈ ഞെട്ടല്‍ താര തമ്യേന തീവ്രത കുറഞ്ഞ ഞെട്ടലായിരിക്കും..!!



പക്ഷെ സ്വന്തം നാട്ടുകാരനും ആത്മ സുഹൃത്തും ഒരേ മുറിയിലെ കിടപ്പുകാരനുമായ ഒരാള്‍ പെട്ടെന്ന് മരിച്ചു പോകുമ്പോള്‍ ഞെട്ടാത്തവര്‍ ആരാണുള്ളത്? അങ്ങനെ ഞാന്‍ ഒരിക്കല്‍ ഞെട്ടി...ആ കഥ കേള്‍ക്കൂ...



പണ്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉഗ്രവാദി ആക്രമണം ഉണ്ടായ കാലം. ലീവിലുള്ള സകല
പട്ടാളക്കാരെയും തിരിച്ചു വിളിച്ചു. ലീവ് സാങ്ഷന്‍ വാങ്ങി പുറപ്പെടാനിരുന്നവരും ലീവ് ക്യാന്‍സല്‍ ആയി തിരിച്ചു വന്നവരും അതെല്ലാം മറന്നു കര്‍ത്തവ്യത്തില്‍ മുഴുകി.



അങ്ങനെ കഴിയുമ്പോഴാണ് എന്റെ നാട്ടുകാരനായ പിള്ളേച്ചന്റെ അമ്മ മരിച്ചു എന്നുള്ള ടെലെഗ്രാം കിട്ടുന്നത്.. എമെര്‍ജെന്‍സി ലീവ് പോലും കിട്ടാന്‍ സാധ്യതയില്ലാത്ത സമയം.



ടെലെഗ്രാം കയ്യില്‍ പിടിച്ചു പൊട്ടിക്കരയുന്ന പിള്ളേച്ചനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഞാനും മറ്റുള്ളവരും വിഷമിച്ചു.



പെട്ടെന്നാണ്‌ സീനിയര്‍ ജെ. സി. ഓ. രാംസിംഗ് സാബ് ആ വാര്‍ത്തയുമായി എത്തിയത്. മലയാളിയായ കമാണ്ടര്‍, ബ്രിഗേഡിയര്‍ പ്രകാശ്‌ മേനോന്‍ സാബ് ഈ വിവരമറിയുകയും പിള്ളേച്ചനെ എമര്‍ജന്‍സി ലീവിന് വിടാന്‍ തീരുമാനിച്ചതുമായ വാര്‍ത്ത.



കരഞ്ഞു തളര്‍ന്ന പിള്ളേച്ചന്റെ ബാഗും പെട്ടിയും ഞങള്‍ റെഡിയാക്കി. പെട്ടിയും എടുത്ത്‌
പിള്ളേച്ചനുമായി യൂണിറ്റിന്റെ മെയിന്‍ ഗേറ്റില്‍ എത്തിയ ഞങ്ങള്‍ സാധങ്ങള്‍ വണ്ടിയില്‍ വച്ചിട്ടു അദ്ദേഹത്തെ ഒരിക്കല്‍ കൂടി സമധാനിപ്പിച്ചിട്ട്‌ തിരിച്ചു നടന്നു.



ബാരക്കില്‍ എത്തി പത്തു മിനിട്ട് കഴിയ്യുന്നതിനു മുന്‍പേ മെയിന്‍ ഗേറ്റില്‍ നിന്നും അതിഭയങ്കരമായ ഒരു സ്ഫോടന ശബ്ദം ഉയര്‍ന്നു.. തുടര്‍ന്ന് കാതടപ്പിക്കുന്ന വെടിശബ്ദങ്ങള്‍, ഗ്രനേഡുകള്‍ തകരുന്ന പ്രകമ്പനങ്ങള്‍.!!


പെട്ടെന്ന് ഞങ്ങള്‍ തോക്കുമെടുത്ത് ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു... മെയിന്‍ ഗേറ്റിനു കുറച്ചു ദൂരെയുള്ള ഒരു മരത്തിനു മറഞ്ഞു നിന്ന് അങ്ങോട്ട്‌ നോക്കി..

പുകയും വെടിശബ്ദങ്ങളും കൊണ്ട് കലുഷിതമായ അന്തരീക്ഷം...മെയില്‍ ഗേറ്റിനു തൊട്ടു മുന്‍പിലുള്ള എല്‍. എം. ജി (ലൈറ്റ് മെഷീന്‍ ഗണ്‍) പോസ്റ്റില്‍ വച്ചിരുന്ന മണല്‍ ചാക്കുകള്‍ ചിതറി തെറിച്ചു കിടക്കുന്നു...



മെയില്‍ ഗേറ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മിലിട്ടറി പോലീസിലെ ഒരു ജവാന്‍ അയാളിരുന്ന കസേരയുടെ താഴെ വീണു കിടക്കുന്നു...അയാളുടെ ചുറ്റും ചോര ഒഴുകിപ്പടരുന്നു...


പെട്ടെന്നാണ്‌ ഞങ്ങള്‍ ആ നടുക്കുന്ന ദൃശ്യം കണ്ടത്...പിള്ളേച്ചന്‍ കയറിയ മിലിട്ടറി ട്രക്ക് . അതിന്റെ മുകള്‍ ഭാഗം ഇളകി തെറിച്ചു പോയിരിക്കുന്നു...ടാര്‍പോളിന്‍ തെറിച്ചു പോയ അതിന്റെ പുറകില്‍ ഞങളുടെ പിള്ളേച്ചന്റെ പെട്ടി മറിഞ്ഞു കിടക്കുന്നു....



ദൈവമേ...നെഞ്ചിലൂടെ ഒരിടിവാള്‍ മിന്നിയത് ഞാന്‍ അറിഞ്ഞു. എവിടെ? എവിടെ? ഞങളുടെ പിള്ളേച്ചന്‍?..


ഓടിച്ചെന്ന് ,ആ വണ്ടിയില്‍ പിള്ളേച്ചനെ തിരയാന്‍ ഞങ്ങള്‍ കൊതിച്ചു..പക്ഷെ എങ്ങിനെ? എന്താണ് സംഭവം എന്നറിയാതെ എങ്ങനെ അങ്ങോട്ടടുക്കും...


ഒടുവില്‍ എല്ലാം ശാന്തമായപ്പോള്‍..........

മരങ്ങളുടെയും മണല്‍ ചാക്കുകളുടെയും മറവില്‍ നിന്നും പുറത്തുവന്ന ഞങ്ങള്‍ കണ്ടു..


തകര്‍ന്ന പട്ടാള ട്രക്കിന്റെ ഉള്ളില്‍ ....തന്റെ സന്തത സഹചാരിയായ സ്യുട്ട് കേസ്സിന്റെ അടുത്തുതന്നെ വീണു കിടക്കുന്ന പിള്ളേച്ചന്‍...ഇടതു കൈ മടക്കി നെഞ്ചില്‍ ചേര്‍ത്ത് വച്ചിരിക്കുന്നു..സ്ഫോടനത്തില്‍ തകര്‍ന്നു പോയ കാലുകള്‍.!! ചുറ്റും ചോരയുടെ ചുവന്ന നിറം... അത് ട്രക്കിന്റെ പ്ലാറ്റ്‌ ഫോമില്‍ നിന്നും ചാലിട്ടൊഴുകി തുള്ളി തുള്ളിയായി നിലത്തു വീഴുന്നു...

"ഹോ ദൈവമേ"...

നടുക്കുന്ന കാഴ്ച കണ്ടു തളര്‍ന്നുപോയ ഞാന്‍ മുഖം പൊത്തി വെറും നിലത്തു കുത്തിയിരുന്നു...

അരമണിക്കൂര്‍ മുന്‍പ്.....

അമ്മയുടെ മരണമറിഞ്ഞു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞ പിള്ളേച്ചന്‍..എന്റെ കയ്യില്‍ തൂങ്ങി മെയിന്‍ ഗേറ്റില്‍ വരെ ഞാന്‍ കൊണ്ടാക്കിയ പിള്ളേച്ചന്‍... ഞങ്ങള്‍ കൈവീശി യാത്രയാക്കിയ പിള്ളേച്ചന്‍... ഇതാ...

കടും ചുവപ്പ് ഡ്രസ്സ്‌ ധരിച്ച്...

ആരും കാണാത്ത നാട്ടിലേയ്ക്ക് ....

ഒരിക്കലും തീരാത്ത ലീവെടുത്ത് ....

പോയിരിക്കുന്നു.....



(ഉഗ്രവാദികളുടെ ആര്‍ ഡി എക്സ് സ്ഫോടനത്തില്‍ സ്വജീവിതം രാജ്യത്തിന് വേണ്ടി ഹോമിച്ച പിള്ളേച്ചന്‍ എന്ന രാധാകൃഷ്ണന്‍ പിള്ള സാറിനും മിലിട്ടറി പോലീസിലെ ആ ധീര ജവാനും വേണ്ടി ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...)

2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഒരു കൊട്ടേഷന്‍ ഗുണ്ടാചരിതം

പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ കേരളാ പോലീസിന്റെ സംസ്ഥാന സമ്മേളനം എന്നു പറഞ്ഞത് പോലെയായി കാര്യങ്ങള്‍. രണ്ടു മാസത്തെ ലീവ് കഴിഞ്ഞു ഫ്രഷ്‌ ആയി തിരിച്ചു കാശ്മീരില്‍ എത്തിയ ഞാന്‍ അനശ്വര നടന്‍ ജയനെപ്പോലെ "ഒരു ഉഗ്രവാദിയെ കിട്ടിയിരുന്നെങ്കില്‍.. വെടിവച്ച് കൊല്ലാമായിരുന്നൂ...."എന്ന ആഗ്രഹത്തോടെ നടക്കുമ്പോഴാണ് ആര്‍മി തമ്പുരാന്‍ ഡല്‍ഹിയില്‍ നിന്നയച്ച ആ കുറിമാനം എനിക്ക് കിട്ടിയത്. അത് വായിച്ച ഞാന്‍ മന്ത്രിസ്ഥാനം പോയ എം എല്‍ എ യെപ്പോലെ ശബ്ദമില്ലാതെ ഞെട്ടി. എന്നിട്ട് വിറയ്ക്കുന്ന കരങ്ങളോടെ കുറിമാനം വായിച്ചു..



വില്ലന്‍ വില്ലാളി വീരന്‍, വീരന്‍ വീരമണി കണ്ടന്‍ എന്നീ വിശേഷണങ്ങള്‍ക്ക് തികച്ചും അനുയോജ്യനും രഘുനാഥന്‍ എന്ന വിളിപ്പേരുമുള്ള താങ്കളെ തെര്യപ്പെടുത്തുന്നതെന്തെന്നാല്‍‍, കാശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി താങ്കള്‍ ചെയ്ത വന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ച് കൊണ്ടും ,ഇത്രയും നാളായിട്ടും ഏതെങ്കിലും ഉഗ്രവാദിയെക്കൊണ്ട് "ഛീ പോ" എന്നു പോലും പറയിക്കാന്‍ താങ്കള്‍ ഇടയാക്കാത്തത് കൊണ്ടും, ഇനിയും ഇവിടെ നിന്നാല്‍ ഏതെങ്കിലും ഉഗ്രവാദിക്കു താങ്കള്‍ പണിയാകും എന്നുള്ള കാര്യം മുന്‍കൂട്ടി മനസ്സിലാക്കിക്കൊണ്ടും ഇനിയുള്ള താങ്കളുടെ സേവനങ്ങള്‍ കൊതുകുകളുടെ സ്വന്തം നാടായ കേരളത്തിനു അത്യന്തം ആവശ്യമായിരിക്കുന്നതായി ബോധ്യപ്പെട്ടതു കൊണ്ടും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താങ്കളെ ഏല്‍പ്പിച്ചിട്ടുള്ള സകലവിധ ഇടപാടുകളും പൂര്‍ത്തിയാക്കി പെട്ടിയും പ്രമാണവും എടുത്ത്‌ കേരളത്തില്‍ ........ എന്നു പേരായ സ്ഥലത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ യൂണിറ്റില്‍ പോയി ഹാജര്‍ രേഖപ്പെടുത്തണമെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു...


ദൈവമേ.... എന്തൊരു പരീക്ഷണം.


കേരളത്തില്‍ പോകാന്‍ അവസരം കിട്ടിയതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത് എന്നു വായനക്കാരായ നിങ്ങള്‍ ന്യായമായും സംശയിച്ചേക്കാം. പക്ഷെ എങ്ങനെ സന്തോഷിക്കും?. എന്തൊക്കെയായാലും കശ്മീരില്‍ ഉഗ്രവാദികളെ മാത്രം പേടിച്ചാല്‍ മതി. അവരുടെ കൈകൊണ്ടു അന്തസ്സായി വെടിയേറ്റു മരിക്കാം. അവിടെക്കിടന്നു മരിച്ചാല്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കൊടുത്ത ധീര ജവാന്‍ രഘുനാഥനായി ഞാന്‍ മാറും! ചിലപ്പോള്‍ പരമ വീര ചക്രമോ അശോക ചക്രമോ ഇതൊന്നുമില്ലെങ്കില്‍ "ലക്ഷക്കണക്കിന്‌ വെറും ചക്രമോ" കിട്ടും. ശരീരം വിമാനത്തില്‍ കയറ്റി നാട്ടിലെത്തിക്കുമ്പോള്‍ സ്വീകരിക്കാന്‍ മന്ത്രിമാര്‍ വരും. നാട്ടില്‍ വീര ജവാന്‍ രഘുനാഥന് സ്മാരകങ്ങള്‍ ഉയരും. ചുരുക്കത്തില്‍ പറഞ്ഞാല്‍ മരണശേഷം ഞാനൊരു ഒരു മഹാപ്രസ്ഥാനമായി മാറും.!!



ഇനി കേരളത്തില്‍ വന്നാലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. ഒന്നുകില്‍ കൊതുക് കടിയേറ്റു ഞാന്‍ കൊതുക് നാണപ്പനായി മാറും. അല്ലെങ്കില്‍ പന്നിപ്പനി, ഡെങ്കിപ്പനി, കോഴിപ്പനി മുതലായ പനികള്‍ പിടിച്ചു പാപ്പരായി സര്‍ക്കാര്‍ ആശുപത്രികളില്‍ "നിരീക്ഷണത്തില്‍" ആവും. അതുമല്ലെങ്കില്‍ ഏതെങ്കിലും കൊട്ടേഷന്‍ ടീമിന്റെ "എസ് " ആകൃതിയിലുള്ള ആക്രമണത്തിനു വിധേയമായി റോഡില്‍ കിടക്കും. പോലീസ്സുകാര്‍ എന്റെ ബൈക്കിന്റെ സൈഡ് ബോക്സില്‍ നിന്നും റമ്മിന്റെ കുപ്പിയും അച്ചാറും ചിപ്സും പഴയ അണ്ടര്‍ വെയറും കണ്ടെടുക്കും. എന്റെ ബൈക്കിന്റെ പുറകില്‍ ഒട്ടിച്ചിരിക്കുന്ന സിനിമാ നടിയുടെ പടം എങ്ങിനെ അവിടെയെത്തി എന്നുള്ളത് ചാനലുകാര്‍ വിശകലം ചെയ്യും. അതിനിടയില്‍ എന്നെ ആക്രമിച്ച കൊട്ടേഷന്‍ പാര്‍ട്ടിക്കാര്‍ എത്യോപ്പ്യയിലെക്കോ ഉഗാണ്ടയിലെക്കോ രക്ഷപ്പെടും. എന്നെപ്പറ്റി നീണ്ട കഥകളും നീളാത്ത കഥകളും രചിക്കപ്പെടും. കഥയുടെ അവസാനം ഞാന്‍ കഥാവശേഷനാവുകയും എന്റെ കുടുംബം "കഥയില്ലാത്തവര്‍" ആവുകയും ചെയ്യും.



എന്തായാലും ആര്‍മി തമ്പുരാന്റെ കല്പന നമ്മുടെ നാട്ടിലെ ഗവര്‍മെന്റ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്നത് പോലെയുള്ള ലൊടുക്കു കല്പനയല്ല. ഏതു പട്ടാളക്കാരനും അത് അനുസരിച്ചേ മതിയാകൂ. അതുകൊണ്ട് നാല് വര്‍ഷത്തെ കശ്മീര്‍ വാസം മതിയാക്കി ഞാന്‍ കേരളവാസത്തിനായി വണ്ടി കയറിയ വിവരം ഇതിനാല്‍ വിളംബരം ചെയ്തുകൊള്ളുന്നു.



കേരളാ എക്സ്പ്രസ്സ്‌ എന്ന സൂപ്പറല്ലാത്ത ഫാസ്റ്റ് വണ്ടിയിലെ എസ് -ഫോര്‍ ബോഗിയില്‍ സൈഡ് സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു മലയാള പത്രത്തിലെ "കൊട്ടേഷന്‍ കഥകള്‍" വായിക്കുകയാണ് ഞാന്‍. വണ്ടി കേരളത്തില്‍ ഏതോ സ്റ്റേഷനില്‍ എത്തി. ആളുകള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നു. മഴ ചാറുന്നുണ്ട്. ഞാന്‍ സൈഡ് ഗ്ലാസ്‌ താഴ്ത്തി വച്ചിട്ട് വീണ്ടും ഗുണ്ടാ ചരിത പാരായണം തുടങ്ങി.



"ഹേ.. ഈ കാലൊന്ന് ഒതുക്കി വയ്ക്ക്. ഇതെന്താ സര്‍ക്കാര്‍ ആശുപത്രിയാണോ നീണ്ടു നിവര്‍ന്നു കിടക്കാന്‍?"



ശബ്ദം കേട്ട് ഞാന്‍ പത്രത്തില്‍ നിന്നും കണ്ണെടുത്തു. എന്റെ മുന്‍പില്‍ നെടുങ്ങനെ നില്‍ക്കുന്ന ഒരു ഭീകര രൂപിയെക്കണ്ട് ഞാന്‍ ഞെട്ടി. കറുത്തു തടിച്ച്, കൊമ്പന്‍ മീശയും ചുവന്ന ഉണ്ട കണ്ണുകളുമുള്ള ഒരാള്‍. അയാളുടെ ചെവിയില്‍ വലിയ രോമങ്ങള്‍ എഴുന്നു നില്ലുന്നു. ഒരു കയ്യില്‍ നീളമുള്ള എന്തോ ഒന്നു കടലാസില്‍ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. മറ്റെക്കയ്യില്‍ ഒരു പഴയ ബാഗ്. അത് നിറയെ എന്തൊക്കെയോ സാധനങ്ങള്‍.! വെള്ള മുണ്ടും ചുവന്ന ഷര്‍ട്ടും വേഷം. ഷര്‍ട്ടിന്റെ കയ്യുകള്‍ തെറുത്തു കയറ്റി വച്ചിരിക്കുന്നു. നെറ്റിയില്‍ ഒരു മുറിവിന്റെ പാട്. കണ്ടിട്ട് കുഞ്ഞിക്കൂനന്‍ സിനിമയില്‍ സായികുമാറിന്റെ ലുക്ക്. ! അതായത് ഒരു ഗുണ്ടാ ലുക്ക് !!



കൊട്ടേഷന്‍ കഥകളില്‍ വിവരിച്ചിരിക്കുന്ന അതെ രൂപത്തിലുള്ള ഒരാള്‍! അങ്ങനെ ഒരാളെ അപ്രതീക്ഷിതമായി നേരിട്ട് കണ്ട ഞാന്‍ സീറ്റില്‍ നിന്നും അറിയാതെ എണീറ്റു പോയി. അയാള്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് ഞാനിരുന്ന സീറ്റിന്റെ മറ്റേ അറ്റത്തിരുന്നു. കടലാസില്‍ പൊതിഞ്ഞ നീളമുള്ള സാധനം അടുത്തു ചാരിവച്ചു. ബാഗ് സീറ്റിന്റെ നടുവില്‍ വച്ചു. എന്നിട്ട് പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത്‌ ഡയല്‍ ചെയ്തിട്ട് ആരോടോ സംസാരം തുടങ്ങി. രണ്ടു മിനിട്ട് സംസാരം കഴിഞ്ഞപ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ട് ആ ഭീകരന്‍ ഫോണിലൂടെ ഒറ്റ അലര്‍ച്ച...



"എന്ത് ?.... സമ്മതിക്കുന്നില്ലന്നോ?..... ഇടിച്ചു നിരപ്പാക്കടാ"



ദൈവമേ ഇയാള്‍ ഗുണ്ടാ തലവന്‍ തന്നെ. ഏതോ ഹതഭാഗ്യനെ ഇടിച്ചു നിരപ്പാക്കാന്‍ തന്റെ ശിങ്കിടികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയാണ്. അതുകൊണ്ടല്ലേ ഞാന്‍ സീറ്റില്‍ കിടന്നതിന് എന്നെ ഇയാള്‍ ശാസിച്ചത്?. കത്തിയും വടിവാളും ഒക്കെയായിട്ടാണ് ഇവര്‍ നടക്കുന്നതെന്നാണ് പത്രത്തില്‍ എഴുതിയിരിക്കുന്നത്. ഒരാളെ കൊല്ലാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ വേണ്ടാ എന്നും എഴുതിയിട്ടുണ്ട്. അയാളുടെ അടുത്ത്‌ കടലാസില്‍ പൊതിഞ്ഞു ചാരി വച്ചിരിക്കുന്നത് വടിവാള്‍ തന്നെയാകണം. ബാഗില്‍ നിറച്ചു വച്ചിരിക്കുന്നത് ബോംബ്‌ ആണോ. ഭാഗ്യത്തിനാണ് സീറ്റില്‍ കിടന്ന കുറ്റത്തിന് എന്നെ കുത്താതിരുന്നത്. ഗുണ്ടകള്‍ക്ക് പട്ടാളമെന്നോ പോലീസ്സെന്നോ ഉണ്ടോ? കത്തി കേറ്റാന്‍ ഒരാളെ കിട്ടിയാല്‍ പോരെ?? എന്നൊക്കെ ആലോചിച്ചു വിറച്ചുപോയ ഞാന്‍ പകപ്പോടെ ചുറ്റും നോക്കി.



ബോഗിയില്‍ ആളുകള്‍ പൊതുവേ കുറവാണ്. ഞാനിരുന്ന ക്യാബിനില്‍ എന്നെ കൂടാതെ ആ ഭീകരനും വൃദ്ധരായ മറ്റു രണ്ടു പേരും മാത്രമാണുള്ളത്. വൃദ്ധര്‍ രണ്ടും താഴെയുള്ള സീറ്റുകളില്‍ കിടന്നു കൂര്‍ക്കം വലിക്കുന്നു. അടുത്തുള്ള ക്യാബിനില്‍ ഉള്ളവരൊക്കെ വശങ്ങളിലാണ് ഇരിക്കുന്നത്. അത് കൊണ്ട് കാണാന്‍ പറ്റുന്നില്ല. വേറൊരു സീറ്റിലേയ്ക്ക് മാറിയാലോ എന്നു ഞാന്‍ ആലോചിച്ചു. പക്ഷെ ആ ഭീകരന്‍ ഇരിക്കുന്ന സീറ്റിനടിയിലാണ്‌ എന്റെ സ്യുട്ട് കേസ്‌ വച്ചിരിക്കുന്നത്. ഞാന്‍ അല്പം പേടിയോടെ അയാളെ ശ്രദ്ധിച്ചു.



" കയ്യോ ? വെട്ടിമാറ്റെടാ അവന്റെ കൈ"



മൊബൈലില്‍ കൂടി ഭീകരന്റെ അടുത്ത ആജ്ഞ കേട്ടതോടെ ഞാന്‍ സീറ്റില്‍ നിന്നും പതുക്കെ എഴുനേറ്റു. ഇവിടെ ഇരുന്നാല്‍ ചിലപ്പോള്‍ ഇയാള്‍ ദേഷ്യം തീര്‍ക്കാന്‍ എന്റെ കൈ വെട്ടി മാറ്റാനും മടിക്കില്ല എന്നെനിക്ക് ഉറപ്പായി. ട്രെയിന്‍ വിട്ടു കഴിഞ്ഞു. ആരുമില്ലല്ലോ ഒരു സഹായത്തിന്? പുറത്തു നല്ല മഴ. അടുത്ത സീറ്റില്‍ ഉറങ്ങുന്ന വൃദ്ധര്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. അറിഞ്ഞാലും എന്ത് ചെയ്യാന്‍? എന്നെപ്പോലെ നാല് പേര് പിടിച്ചാല്‍ നില്‍ക്കുന്ന സൈസല്ല അയാളെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ഇയാളുടെ സീറ്റിന്റെ അടിയിലാണ് എന്റെ പെട്ടി. അതിന്റെ പുറത്തു ചവിട്ടിയാണ് ആ കാലമാടന്‍ ഇരിക്കുന്നത്. ആ പെട്ടി എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ വേറെ എങ്ങോട്ടെങ്കിലും മാറി ഇരിക്കാമായിരുന്നു. ഞാന്‍ പൂച്ചയുടെ മുന്‍പില്‍ അകപ്പെട്ട എലിയെപ്പോലെ നിന്ന് അയാളെയും അയാളുടെ പെരുത്ത കാലിന്റെ അടിയില്‍ പെട്ട് ഞെരുങ്ങുന്ന എന്റെ പെട്ടിയേയും മാറി മാറി നോക്കി.



അല്ലെങ്കില്‍ സ്യുട്ട് കേസ് അവിടെ ഇരിക്കട്ടെ. ജീവന്‍ ഉണ്ടെങ്കിലല്ലേ അതിന്റെ ആവശ്യം വരൂ? ആദ്യം ഈ ഗുണ്ടയുടെ മുന്‍പില്‍ നിന്നും രക്ഷപ്പെടാം. ഞാന്‍ തീരുമാനിച്ചു. എന്റെ പല വിലപിടിച്ച സാധനങളും അടങ്ങുന്ന പെട്ടിയെ ദയനീയമായി ഒരിക്കല്‍ കൂടി നോക്കിയിട്ട് ഞാന്‍ അയാളുടെ കണ്ണില്‍ പെടാതെ സൂത്രത്തില്‍ അവിടുന്ന് രക്ഷപ്പെട്ടു. എന്നിട്ട് കുറച്ചു ദൂരെയുള്ള വാതിലിനരുകില്‍ പെട്ടി കാണാവുന്ന രീതിയില്‍ നിലയുറപ്പിച്ചു. ഭീകരന്‍ അപ്പോഴും ഫോണിലൂടെ ആജ്ഞകള്‍ അനുയായികള്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു.



അല്പം കഴിഞ്ഞപ്പോള്‍ അടുത്ത സ്റ്റേഷന്‍ എത്തി. ട്രെയിന്‍ നിറുത്തിയ ഉടന്‍ ഞാന്‍ പുറത്തിറങ്ങി. ഭാഗ്യത്തിന് അവിടെ ഒരു പോലീസുകാരന്‍ നില്പുണ്ടായിരുന്നു. എങ്ങനെയും പെട്ടി എടുക്കണ മെന്നുള്ളതിനാല്‍ വടിവാളും ബോംബുമായി പട്ടാപ്പകല്‍ പരസ്യമായി തീവണ്ടി യാത്ര ചെയ്യുന്ന ഗുണ്ടാത്തലവന്റെ വിവരം പോലീസുകാരനെ ധരിപ്പിച്ചു. എന്റെ വിവരണങ്ങള്‍ കേട്ട അയാള്‍ കയ്യിലിണ്ടായിരുന്ന വിസില്‍ നീട്ടിയടിച്ചു. ഉടന്‍ രണ്ടു മൂന്നു പോലീസുകാര്‍ പാഞ്ഞെത്തി. അവര്‍ ബോഗിയിലേക്കു ചാടിക്കയറി. ഇത് കണ്ട ബോഗിയിലെ മറ്റു യാത്രക്കാര്‍ പരിഭ്രമിച്ചു . ആ ഇരിക്കുന്നത് ഒരു കൊടും ഗുണ്ടാത്തലവന്‍ ആണെന്നും അയാളെ ഞാനാണ് പോലീസുകാര്‍ക്ക് കാട്ടിക്കൊടുത്തതെന്നും അറിഞ്ഞപ്പോള്‍ എന്നെ ചിലര്‍ അമ്പരപ്പോടെ നോക്കി. ഞാനൊരു ജവാനാണ് എന്നു പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകളിലെ അമ്പരപ്പ് ആദരവായി മാറുന്നത് ഞാന്‍ കണ്ടു.



പോലീസ്സുകാര്‍ അയാളുടെ അരികില്‍ കടലാസില്‍ പൊതിഞ്ഞു ചാരി വച്ചിരിക്കുന്ന വടിവാള്‍ പോലെ നീളമുള്ള സാധനവും ബോംബ് നിറച്ച ബാഗും പിടിച്ചെടുത്തു. അതിനുള്ളില്‍ നിന്നും പുറത്തു വന്ന സാധങ്ങള്‍ കണ്ടു പോലീസ്സുകാര്‍ ഞെട്ടി. ഒപ്പം കണ്ടു നിന്നവരും..



ഒരു മുഴക്കോല്‍ ! (കെട്ടിടം പണിയുന്നവര്‍ ഉപയോഗിക്കുന്നത്) ബാഗില്‍ നിന്നും രണ്ടു മൂന്ന് കരണ്ടികള്‍!! പിന്നെ തൂക്ക് കട്ട, നൂല് , ചെറിയ പ്ലാസ്റ്റിക് പൈപ്പ്. കൂടാതെ വട്ടത്തില്‍ ചുറ്റി വയ്കാന്‍ പറ്റുന്ന ഒരു ടേപ്പും.!!!



"പൊന്നേമാനെ. ഞാന്‍ കെട്ടിടം പണിയുന്ന ആളാ. ഞാന്‍ പണിയുന്ന കെട്ടിടത്തിന്റെ അടുത്ത്‌ ഒരു ചെറിയ മതിലുണ്ട്‌. അത് ഇടിച്ചു കളയുന്ന കാര്യമാ ഞാന്‍ പറഞ്ഞെ. മതിലിന്റെ അപ്പുറത്തെ വീടുകാരുടെ പറമ്പില്‍ നില്‍ക്കുന്ന ഒരു വാഴയുടെ കയ്യും വെട്ടാന്‍ പറഞ്ഞത് നേരാ."



പോലീസ് കാരുടെ മുന്‍പില്‍ തൊഴു കയ്യുമായി നിന്ന് കുറ്റം ഏറ്റു പറയുന്ന പറയുന്ന "ഭീകരനെ"യും പോലീസ്സുകാരെയും ശ്രദ്ധിക്കാതെ ഞാന്‍ എന്റെ പെട്ടിയുമെടുത്ത് സ്ഥലം വിട്ടു...

.

2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഉണ്ണികൃഷ്ണനായ ഉണ്ണിയേശുവിന്റെ റിയാലിറ്റി ജന്മാഷ്ടമി

"എടാ ഈ ശ്രീകൃഷ്ണനും ക്രിസ്തുവുമൊക്കെ രാത്രി പന്ത്രണ്ടു മണിക്കാണോ ജനിച്ചത്...ഇവര്‍ക്ക് പകല് ജനിച്ചാല്‍ പോരായിരുന്നോ?


ഉച്ച മയക്കത്തിന്റെ സുഖത്തില്‍ കിടക്കയില്‍ ചുരുണ്ടു കിടന്നിരുന്ന ഞാന്‍ വേണുവിന്റെ വെടിപൊട്ടിക്കുന്ന പോലെയുള്ള ചോദ്യം കേട്ട് ഞെട്ടി. ക്രിസ്തു ജനിച്ചപ്പോള്‍ ഒരു നക്ഷത്രം ഉദിച്ചുവെന്നും അതിനെ പിന്തുടര്‍ന്ന് രാജാക്കാന്‍മാര്‍ യേശുവിന്റെ ജനന സ്ഥലം കണ്ടുപിടിച്ചെന്നും കേട്ടിട്ടുണ്ട്. പക്ഷെ കൃഷ്ണന്‍ ജനിച്ചപ്പോള്‍ അങ്ങനെ ഉണ്ടായതായി അറിവില്ല. ഇനി അദ്ദേഹം രാത്രിയില്‍ തന്നെയാണ് ജനിച്ചതെങ്കില്‍ ഇവനെന്താണ് കുഴപ്പം? ഞാന്‍ പുതപ്പിന്റെ ഉള്ളില്‍ നിന്നും തല മാത്രം പുറത്തെടുത്തു. എന്നിട്ട് അടുത്ത ബെഡ്ഡില്‍ ചമ്രം പടഞ്ഞിരുന്നു ഡയറിയില്‍ എന്തോ കുത്തിക്കുറിക്കുന്ന വേണുവിനെ ചോദ്യ ഭാവത്തില്‍ നോക്കി.


"എന്താടാ പുല്ലേ നീ നോക്കി പേടിപ്പിക്കുന്നത്‌ ? ചോദിച്ചത് കേട്ടില്ലേ ?" വേണുവിന് എന്റെ നോട്ടം കണ്ടിട്ട് ദേഷ്യം വന്നു.



"ശെടാ നിന്റെ ചോദ്യം കേട്ടാല്‍ അവരൊക്കെ ജനിച്ച നേരത്ത് ഞാനായിരുന്നു അവിടെ ഓണ്‍ ഡ്യൂട്ടി എന്ന് തോന്നുമല്ലോ? അത്ര അത്യാവശ്യമാണെങ്കില്‍ നീ അവരുടെ മൊബൈലില്‍ വിളിക്ക്. ...ഹല്ല പിന്നെ".. ഞാന്‍ വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി..



"അല്ലേലും ഇവരൊന്നും ഒരാവശ്യത്തിന് ഉപകരിക്കില്ല. ശ്രീകൃഷ്ണ ജയന്തിക്കു അമ്പലത്തില്‍ രാത്രി പന്ത്രണ്ടു മണിക്കാ സി ഓ സാബ് വരുന്നത്. ഇവരൊക്കെ പകല് ജനിച്ചിരുന്നെങ്കില്‍ രാത്രിയില്‍ നമുക്ക് കിടന്നുറങ്ങാമായിരുന്നു." വേണുവിന് കോപം അടക്കാനാകുന്നില്ല.



അതുശരി...അപ്പോള്‍ അതാണ്‌ കാര്യം. പട്ടാളത്തിന്റെ അമ്പലത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അടുത്ത ദിവസമാണ്‌ നടക്കുന്നത്. വൈകുന്നേരം ഭജന, ആരതി മുതലായ പ്രോഗ്രാമുകള്‍ ഉണ്ടാകും.. രാത്രി പന്ത്രണ്ടു മണിക്കാണ് പട്ടാളത്തിലെ ശ്രീകൃഷ്ണന്‍ ജനിക്കുന്നത്. സി. ഓ സാബ് വരാന്‍ വൈകിയാല്‍ ശ്രീകൃഷ്ണനും ജനിക്കാന്‍ വൈകും. സി. ഓ സാബിനു വരാന്‍ പറ്റിയില്ലെങ്കില്‍ ഒരു പക്ഷെ ശ്രീകൃഷ്ണന്‍ ജനിക്കാതിരിക്കാനും മതി. പകരം അടുത്ത ദിവസം രാത്രിയില്‍ അദ്ദേഹം ജനിക്കും. എങ്ങനെയായാലും സി. ഓ സാബ് വന്നിട്ടേ കൃഷ്ണന്‍ ജനിക്കൂ.അത് പട്ടാളവും ശ്രീ കൃഷ്ണനുമായുള്ള ഒരു ആസിയാന്‍ കരാറാണ്. (ഉണ്ണിയേശുവിന്റെ കാര്യത്തിലും ഈ കരാര്‍ ബാധകമാണ്.)



ഉറക്കത്തിന്റെ കാര്യത്തില്‍ കുംഭകര്‍ണന്റെ അമ്മായി അപ്പനാണ് വേണു. എവിടെങ്കിലും ഇരുന്നു പോയാല്‍ അപ്പോള്‍ ഉറങ്ങിക്കളയും. ഡ്യൂട്ടിയില്‍ ഫുള്‍ ഉറക്കമായിരിക്കും. മാസത്തില്‍ ഒരിക്കലുള്ള സി സാബിന്റെ ദര്‍ബാറില്‍ (മീറ്റിംഗ്) ഇരുന്നുറങ്ങി കൂര്‍ക്കം വലിച്ചു സി ഓ സാബിനെപ്പോലും ഞെട്ടിച്ച ചരിത്രമുണ്ട് വേണുവിന്. അന്ന് സി ഓ സാബ് വേണുവിനെ എല്ലാവരുടെയും മുന്‍പില്‍ എഴുനെല്‍പ്പിച്ചു നിറുത്തുകയും മാസത്തില്‍ ഒരിക്കല്‍ ദര്‍ബാര്‍ നടത്തുന്നതിന്റെ പ്രാധാന്യം വിവരിച്ചു കൊടുക്കുകയുമുണ്ടായി. പക്ഷെ ആ വിവരണം വേണുവിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തമായിരുന്നില്ല എന്ന് മാത്രമല്ല കിടക്കുകയോ ഇരിക്കുകയോ ചെയ്യാതെ നിന്നുകൊണ്ട്‌ എങ്ങനെ ഉറങ്ങാം എന്ന് വേണു സി. ഓ സാബിനെ കാണിച്ചു കൊടുക്കയും ചെയ്തു.



കൃഷ്ണനും ക്രിസ്തുവും രാത്രിയില്‍ ജനിച്ചതില്‍ വേണുവിനുള്ള കുന്ടിതം എന്ത് കൊണ്ടാണെന്ന് വായനക്കാര്‍ക്ക് മനസ്സിലായല്ലോ? ഇനി നമുക്ക് ജന്മാഷ്ടമി ആഘോഷങ്ങള്‍ ഒന്ന് നോക്കിക്കാണാം.


പട്ടാള ബാരക്കിന്റെ വലിയൊരു മുറിയാണ് ഞങളുടെ മന്ദിര്‍.(അമ്പലം) അവിടെ ശ്രീരാമനും സീതയും, ലക്ഷ്മണന്‍, ക്രിസ്തു, മുഹമ്മദ്‌ നബി എന്നിവരോടൊപ്പം യാതൊരു വിധ കുഴപ്പങ്ങളും ഉണ്ടാക്കാതെ ഏകോദര സഹോദരങ്ങളെപ്പോലെ വാണരുളുന്നു. മുറിയുടെ പുറത്തു പ്രത്യേകമായി ഉണ്ടാക്കിയ ചെറിയ അമ്പലത്തില്‍ ഹനുമാന്‍ സ്വാമി തന്റെ ഗദയും പിടിച്ചു ലങ്കയിലെയ്ക് ഇപ്പോത്തന്നെ ചാടും എന്ന രീതിയില്‍ ഇരിക്കുന്നുണ്ട്‌. അമ്പലത്തില്‍ വരുന്നവര്‍ ആദ്യം ഹനുമാന്‍ സ്വാമിയെ കണ്ടു അനുവാദം ചോദിച്ചതിനു ശേഷമാണ് അമ്പലത്തിനുള്ളില്‍ കടക്കുന്നത്‌. വിശേഷ ദിവസങ്ങളില്‍ അമ്പലവും പരിസരവും തോരണങ്ങള്‍ കൊണ്ട് അലങ്കരിക്കും. യൂണിറ്റിലെ ഗായകരൊക്കെ അന്ന് മൈക്കിലൂടെ ഭക്തി ഗാനങ്ങള്‍ ആലപിക്കും. മലയാളികളില്‍ ആകെയുള്ള ഒരു ഗാനഗന്ധര്‍വന്‍ തിരുവല്ലാക്കാരന്‍ മനോജാണ്. മൈക്ക് കാണുമ്പോള്‍ തന്നെ അവനിലെ ഗാനഗന്ധര്‍വ്വന്‍ ഉണരും. പിന്നെ ലീവിന് പോകുമ്പോള്‍ പള്ളിയില്‍ പാടാറുള്ള ഗാനങ്ങള്‍ ഒന്നൊന്നായി പുറത്തുവരും. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കൂടാതെ അയ്യപ്പന്‍, മുരുകന്‍, ഗണപതി മുതലായ ഹിന്ദു ഭക്തിഗാനങ്ങളും മനോജിനു പാടാനറിയാം. പിന്നെ കിഷന്‍ സിംഗ്, ത്രിവേദി, താകൂര്‍ മുതലായ ഹിന്ദി ഗന്ധര്‍വ്വന്‍മ്മാര്‍ തങ്ങളുടെ ഗാനങ്ങള്‍ ആലപിക്കും. അമ്പലത്തിലെ ദൈവങ്ങള്‍ പല്ലുതേപ്പ്, കുളി മുതലായ ദൈനം ദിനാവശ്യങള്‍ നിര്‍വ്വഹിക്കുന്നതിനു ഈ സമയമാണ് ഉപയോഗിക്കുന്നത് എന്നൊരു ജന സംസാരമുണ്ട് . എന്തെന്നാല്‍, അത്ര മനോഹരവും അപശ്രുതി മധുരവുമാണ് ഈ ഗന്ധര്‍വ്വന്‍മാരുടെ ആലാപനങ്ങള്‍ ..



ഇത്തവണത്തെ ജന്മാഷ്ടമിയില്‍ ഒരു പ്രത്യേകതയുണ്ട്. രാത്രിയില്‍ ശ്രീകൃഷ്ണന്‍ ജനിക്കുന്ന സമയം ആരതി അഥവാ പൂജ കഴിയാറാകുമ്പോള്‍ ആകാശത്തു നിന്നും ഒരു 'പിള്ളത്തൊട്ടില്‍' ഇറങ്ങി വരും. അതിനുള്ളില്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞു ഉറങ്ങിക്കിടക്കുന്ന ഉണ്ണിക്കണ്ണന്‍ ഉണ്ടാകും! തൊട്ടില്‍ ആകാശത്തു നിന്നും മന്ദം മന്ദം ഇറങ്ങി വരുമ്പോള്‍ പശ്ചാത്തല സംഗീതം പോലെ ഒരു കുട്ടിയുടെ കരച്ചില്‍ ഉയരും! അമ്പലത്തില്‍ ഭക്തി നിര്‍ഭരരായി കണ്ണടച്ച് കൈ കൂപ്പി നില്ക്കുന്നവര്‍ ഈ കരച്ചില്‍ കേട്ട് കണ്ണ് തുറക്കുമ്പോള്‍ കണ്‍ മുന്നില്‍ അതാ ഉണ്ണിക്കണ്ണന്‍ ! ഭക്ത ജനങള്‍ക്ക് സായൂജ്യമടയാന്‍ വേറെ എന്ത് വേണം? ചുരുക്കം പറഞ്ഞാല്‍ ഒരു റിയാലിറ്റി ജന്മാഷ്ടമി!! ഈ റിയാലിറ്റി ജന്മാഷ്ടമിയുടെ സൂതധാരന്‍ ആരെന്നുകൂടി അറിയേണ്ടേ? ഗാനകോകിലം മനോജ്‌ തിരുവല്ല എന്ന തൊമ്മന്‍. !!!!


ജന്മാഷ്ടമിയില്‍ കണ്ണന്‍ റിയലായി ജനിക്കുന്ന വിവരം ഞങള്‍ കുറച്ചു പേര്‍ക്ക് മാത്രമേ അറിയാവൂ. അല്ലെങ്കില്‍ സസ്പെന്‍സ് പോകില്ലേ? പകല് തന്നെ കണ്ണന് ബൈ എയറായി ലാന്‍ഡ്‌ ചെയ്യാനുള്ള സംവിധാങ്ങള്‍ തൊമ്മനും ഞാനും വേണുവും കൂടി ഒരുക്കി. തൊട്ടിലിനു വേണ്ടി റം വരുന്ന കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടി മുറിച്ചു വര്‍ണക്കടലാസ്സുകള്‍ ഒട്ടിച്ചു റെഡിയാക്കി. അമ്പലത്തിന്റെ മുന്‍പില്‍ മുകളിലുള്ള കമ്പിയില്‍ ഒരു "കപ്പി" (കിണറ്റില്‍ നിന്നും ബക്കറ്റില്‍ വെള്ളം കോരുന്ന കപ്പി) ഉറപ്പിച്ചു. അതില്‍ കൂടി തൊട്ടിലിന്റെ കയര്‍ കടത്തി ഹാളിന്റെ ജനലിലൂടെ പുറത്തെടുത്തു. അപ്പോള്‍ പൂജ കഴിയുന്ന സമയത്ത് തൊട്ടിലിന്റെ കയറും പിടിച്ചു പുറത്തിരിക്കുന്നയാള്‍ക്ക് പതുക്കെ കയറയച്ചു തൊട്ടില്‍ നിലത്തിറക്കാന്‍ പറ്റും. തൊട്ടിലിന്റെ പൂര്‍ണ നിയന്ത്രണം സൂത്രധാരന്‍ മനോജിനു തന്നെ വിട്ടു കൊടുത്തു.



തൊട്ടില്‍ റെഡിയായി. പക്ഷെ കണ്ണനെ എവിടുന്നു കിട്ടും എന്നുള്ളതായി അടുത്ത പ്രശ്നം. അതിനും മനോജ് വഴി കണ്ടു പിടിച്ചു. അവന്‍ നേരെ അടുത്തുള്ള പള്ളിയില്‍ പോയി അവിടെ ക്രിസ്തുമസ്സിനു പുല്‍കൂട്ടില്‍ കിടത്താറുള്ള ഉണ്ണിയേശുവിന്റെ ചെറിയ പ്രതിമ എടുത്തു കൊണ്ട് വന്നു. ആ പ്രതിമയെ തൊട്ടിലില്‍ കിടത്തി നാലുചുറ്റും പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. ക്രിസ്ത്യനായ ഉണ്ണിയേശു നിമിഷങ്ങള്‍ക്കകം ഹിന്ദുവായ ഉണ്ണിക്കണ്ണനായി മാറി! ആ അസുലഭ കാഴ്ച കണ്ടു ഞാനും വേണുവും അന്തം വിട്ടു നിന്നു. പിന്നെ തൊട്ടില്‍ വലിച്ചു മുകളില്‍ എത്തിച്ചു കയര്‍ ജനല്‍ പടിയില്‍ ബന്ധിച്ച ശേഷം ഞങള്‍ ബാരക്കിലെയ്ക് പോയി.



രാത്രിയില്‍ സി ഓ സാബും കുടുംബവും സമയത്തിനുള്ളില്‍ തന്നെ എത്തിച്ചേര്‍ന്നു. യൂണിറ്റിലെ പട്ടാളക്കാരുടെ ഭാര്യമാരും കുട്ടികളും വന്നിട്ടുണ്ട്. പൂജ തുടങ്ങി. ഞങള്‍ കണ്ണനെ ലാന്‍ഡ്‌ ചെയ്യിക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പുകള്‍ നടത്തി. ലാന്‍ഡ്‌ ചെയ്യുന്ന സമയത്ത് കേള്‍പ്പിക്കാനുള്ള കുട്ടിയുടെ കരച്ചില്‍ ടേപ്പില്‍ സെറ്റ് ചെയ്തു. തൊട്ടിലിന്റെ കയറിന്റെ നിയന്ത്രണം മനോജ്‌ ഏറ്റെടുത്തു. ലൈറ്റ് ഓഫ്‌ ചെയ്യുന്നതിനു വേണ്ടി ഞാന്‍ ഹാളിനകത്തുള്ള മെയിന്‍ സ്വിച്ചിനടുത്തു നിലയുറപ്പിച്ചു. വേണുവിനെ സഹായിയായി മനോജിന്റെ അടുത്ത്‌ തന്നെ നിറുത്തി.



ഒരു മണിക്കൂറോളം പൂജയുണ്ട്. അത് കഴിഞ്ഞാണ് കണ്ണന്‍ ജനിക്കുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷം. അമ്പലത്തിലെ മണികള്‍ മുഴങ്ങി. പൂജാരിയുടെ നാവില്‍ നിന്നും മന്ത്രങ്ങള്‍ ഉരുക്കഴിഞ്ഞു. ഭക്ത ജനങ്ങള്‍ അതേറ്റു ചൊല്ലി. സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ഭഗവാന്‍ കൃഷ്ണനില്‍ മനസ്സര്‍പ്പിച്ച ഭക്തര്‍ എല്ലാം മറന്നു നിന്നു. ഞങളുടെ റിയാലിറ്റി കണ്ണന്‍ ലാന്‍ഡ്‌ ചെയ്യാന്‍ ഇനി അര മണിക്കൂര്‍ മാത്രം ബാക്കി...

പക്ഷെ......................

ഞങളുടെ കണ്ണന്‍ അപ്രതീക്ഷിതമായി ലാണ്ട് ചെയ്തു.. !!!!!

വെറും ലാണ്ടിംഗ് ആയിരുന്നില്ല.

ക്രാഷ്‌ ലാണ്ടിംഗ്. !!! വിത്ത്‌ ലൈവ് കരച്ചില്‍..

കരഞ്ഞത് ടേപ്പിലെ കുഞ്ഞല്ല ഒറിജിനല്‍ കുഞ്ഞ്..

സി. ഓ സാബ് ഞെട്ടി...പൂജാരി ഞെട്ടി...ഭക്തര്‍ ഞെട്ടി...രാമനും സീതയും ലക്ഷ്മണനും ഞെട്ടി.

ക്രിസ്തുവും നബിയും ഞെട്ടിയോ എന്ന് വ്യക്തമല്ല.

ഇതെല്ലം
കണ്ടു നിന്ന ഞാന്‍ ഞെട്ടോടെ ഞെട്ടി....


ഞെട്ടാത്ത ഒരേ ഒരാള്‍ മാത്രം. വേണു.!!!!!


റിയാലിറ്റി കണ്ണന്‍ ഇറങ്ങി വരുമ്പോള്‍ സി ഓ സാബിന്റെയും മറ്റു ഭക്തജനങ്ങളുടെയും മുഖത്ത്‌ തെളിയുന്ന വിസ്മയം റിയാലായി കാണാന്‍ വേണ്ടി തൊട്ടിലിന്റെ കയര്‍ വേണുവിനെ ഏല്പിച്ചു അമ്പലത്തിന്റെ അകത്ത് പോയ മനോജ്‌ എന്ന തൊമ്മന്‍ പോലും വേണു കയറും പിടിച്ചിരുന്നു ഉറങ്ങിപ്പോയ വിവരം അറിഞ്ഞില്ല.

വെറും ഉറക്കമല്ല കൂര്‍ക്കം വലിച്ചുള്ള റിയാലിറ്റി ഉറക്കം.

2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

തോക്ക് പിടിച്ച പ്രേതം



ഓഫീസ്സില്‍ നിന്നും മെസ്സിലെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷം‍, എന്തോ വലിയ ജോലി ചെയ്തതുപോലെയുള്ള ക്ഷീണം അനുഭവപ്പെട്ട ഞാന്‍ ക്ഷീണം മാറ്റാനായി ഒന്ന് മയങ്ങിക്കളയാം എന്നുകരുതി പൂര്‍ണ ഗര്‍ഭിണിയുടേത് പോലെ വീര്‍ത്ത വയറും തള്ളി, ബരക്കിലെത്തിയപ്പോള്‍ കേട്ടത് ഡ്യൂട്ടി എന്‍. സി. ഓ വര്‍ഗീസ്‌ സാറിന്റെ വാക്കുകളാണ്.


"എടാ ഇന്ന് നിനക്ക് 'വാര്‍ മെമ്മോറിയലില്‍' ഡ്യൂട്ടിയാ"


ഹോ.. ഈ ഡ്യൂട്ടി കൊണ്ട് ഞാന്‍ തോറ്റു. ലീവ് കഴിഞ്ഞു വന്നിട്ട് ഒരാഴ്ച കഴിഞ്ഞില്ല. അതിനുള്ളില്‍ നാല് ഡ്യൂട്ടി കൊടുത്ത് കഴിഞ്ഞു. പട്ടാളത്തില്‍ എന്തെല്ലാം കുറഞ്ഞാലും ഡ്യൂട്ടിക്ക് മാത്രം ഒരു കുറവുമില്ല. ശമ്പളം എത്ര കിട്ടിയാലെന്താ രണ്ടു ദിവസമെങ്കിലും മനസമാധാനമായി ഉറങ്ങാന്‍ പറ്റുമോ?..പണ്ടാരക്കാലന്മാരുടെ ഒടുക്കത്തെ ഡ്യൂട്ടി.. എന്നൊക്കെ മനോഗതം ചെയ്തു കൊണ്ട് ഞാന്‍ ബെഡില്‍ ഇരുന്നു. എന്നിട്ട് മെത്തയുടെ അടിയില്‍ വച്ചിരുന്ന തോക്കെടുത്ത് അതിന്റെ മാഗസിനില്‍ (ബുള്ളറ്റു നിറയ്ക്കുന്ന അറ) ഉണ്ടകള്‍ നിറച്ചു തുടങ്ങി.



"എന്താടാ നീര്‍ക്കോലി പിടിച്ച മാക്രിയെപ്പോലെ ഇരിക്കുന്നത് ?..ഡ്യൂട്ടി ഉണ്ട് അല്ലെ ?"

അടുത്ത ബെഡില്‍ കിടന്നു നാനാ സിനിമാ മാസികയിലെ പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കി ക്കൊണ്ടിരുന്ന തൊമ്മന്‍ എന്റെ ഇരുപ്പു കണ്ടു ചോദിച്ചു.


ഹും.. സി.ഓ സാബിന്റെ ഡ്രൈവര്‍ ആയതു കൊണ്ട് അവനു ഡ്യൂട്ടി വരാറില്ല. അതിന്റെ അഹങ്കാരമാണ്.


"മാക്രി നിന്റെ കെട്ടിയോളുടെ ഫാദര്‍ ഇന്‍ ലാ". എനിക്ക് ദേഷ്യം വന്നു. മനുഷ്യന്‍ എവിടെ ഡ്യൂട്ടി കൊടുത്ത് കഷ്ടപ്പെടുമ്പോള്‍ അവന്‍ തമാശിക്കുന്നു....


"എവിടാ ഡ്യൂട്ടി?" തൊമ്മന്‍ വിടാന്‍ ഭാവമില്ല..


"വാര്‍ മെമ്മോറിയല്‍" ഞാന്‍ പറഞ്ഞു.


(മരിച്ചു പോയ പട്ടാളക്കാരുടെ സ്മാരകങ്ങള്‍ ആണ് വാര്‍ മെമ്മോറിയല്‍. സ്മാരകത്തിന് ചുറ്റും ചെടികളും പൂക്കളും മറ്റും വച്ച് പിടിപ്പിച്ചിട്ടുണ്ട്. രാത്രയില്‍ പശുക്കളും മറ്റു മൃഗങ്ങളും വന്നു ചെടികള്‍ നശിപ്പിക്കാതെ നോക്കാനാണ് ഡ്യൂട്ടി ഇടുന്നത്. കാശ്മീര്‍ ആയതു കൊണ്ട് ഉഗ്രവാദികള്‍ വാര്‍ മെമ്മോറിയല്‍ നശിപ്പിക്കാന്‍ ശ്രമിക്കും എന്നുള്ളത് കൊണ്ട് വലിയ സുരക്ഷാ സംവിധാനങ്ങള്‍ ആണുള്ളത്. ഞാന്‍ ഇതുവരെ ഈ വാര്‍ മെമ്മോറിയലില്‍ ഡ്യൂട്ടി ചെയ്തിട്ടുമില്ല)



"അയ്യോ വാര്‍ മെമ്മോറിയലോ" തൊമ്മന്‍ കിടന്ന കിടപ്പില്‍ ഞെട്ടി. എന്നിട്ട് നാനാ മാറ്റി വച്ചിട്ട് എഴുനേറ്റിരുന്നു..


"എടാ അവിടെ ഒരു പ്രേതമുണ്ട്.. പലരും കണ്ടിട്ടുണ്ട്.."


"പ്രേതമോ .. ഹഹ് ഹ ..പട്ടാളത്തെ പിടിക്കുന്ന പ്രേതമോ?...നീയെന്താ എന്നെ പേടിപ്പിക്കുകയാണോ?"


"എടാ ഞാന്‍ തമാശ പറയുന്നതല്ല. നിനക്കറിയാമോ ആ വാര്‍ മെമ്മോറിയല്‍ ഒരു ശവക്കല്ലറയാ. ഉഗ്രവാദികള്‍ കൊന്ന ഒരു പട്ടാളക്കാരനെ അടക്കിയിരിക്കുന്നത് അവിടെയാ..അയാളുടെ കല്ലറയുടെ പുറത്താ ആ സ്മാരകം പണിതിരിക്കുന്നത്. .. "


"ങേ ...ശവക്കല്ലറയോ?" എനിക്കത് പുതിയ അറിവായിരുന്നു.


"അതേടാ ...അവിടെ നിന്നും രാത്രികാലങ്ങളില്‍ അലര്‍ച്ച കേട്ടിട്ടുണ്ടത്രേ..പ്രത്യേകിച്ചും രാത്രി പന്ത്രണ്ടു മണി കഴിയുമ്പോള്‍.."


"ആ പ്രേതത്തെ നേരിട്ട് കണ്ടിട്ടുള്ള ആരെങ്കിലും ഉണ്ടോ നമ്മുടെ യൂണിറ്റില്‍ ?" എനിക്ക് വിശ്വാസം വരുന്നില്ല.


"പിന്നേ...നമ്മുടെ ഹരിലാലില്ലേ അവന്‍ ഒരിക്കല്‍ അവിടെ ഡ്യൂട്ടി സമയത്ത് നില്‍കുമ്പോള്‍ ആ സ്തൂപത്തിന്റെ നേരെ മുന്‍പില്‍ ഒരാള്‍ നില്കുന്നത് പോലെ അവനു തോന്നി. അവന്‍ കണ്ണടച്ച് തുറന്നപ്പോള്‍ പിന്നെ കണ്ടില്ല. നാലു ദിവസമാ അവന്‍ പനി പിടിച്ചു കിടന്നത്.. നിനക്കറിയാമോ എന്തെങ്കിലും കുഴപ്പം കാണിക്കുന്നവര്‍ക്ക് ശിക്ഷയായി അവിടാ ഡ്യൂട്ടി കൊടുക്കുന്നത് . നീയെന്താ വല്ല കുഴപ്പവും ഉണ്ടാക്കിയോ?"


"ഹേയ് ഞാനൊരു കുഴപ്പവും ഉണ്ടാക്കിയില്ല." പിന്നെ എനിക്കവിടെ ഡ്യൂട്ടി കൊടുക്കാന്‍ വല്യ പേടിയൊന്നുമില്ല. അത് മാത്രമല്ല ഈ ഭൂത പ്രേത പിശാചുക്കളില്‍ എനിക്ക് വിശ്വാസവുമില്ല. നീ എന്നെ പറഞ്ഞു പേടിപ്പിക്കാനും മറ്റും നോക്കേണ്ടാ കേട്ടോ.." ഞാന്‍ തോക്ക് നിറച്ചു വച്ചിട്ട് ഡ്യൂട്ടിക്കുള്ള ഡ്രസ്സ്‌ പ്രസ്‌ ചെയ്യിക്കാനായി പോയി.


അല്ലെങ്കിലും ആളുകളെ അതുമിതും പറഞ്ഞു പറ്റിക്കുന്നത് തൊമ്മന്റെ ഒരു രീതിയാണ്. നടക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പോലും തൊമ്മന്‍ പറയുന്നത് കേട്ടാല്‍ ആരും വിശ്വസിച്ചു പോകും.അത്ര സുന്ദരമായി പറഞ്ഞു ഫലിപ്പിച്ചു കളയും.!! അവന്റെ ആ സ്വഭാവം അറിയാവുന്നത് കൊണ്ട് തൊമ്മന്‍ പറഞ്ഞ പ്രേതത്തിന്റെ കാര്യം ഞാന്‍ കാര്യമാക്കിയില്ല. അത് തന്നെയുമല്ല എന്റെ കയ്യില്‍ തോക്കല്ലേ ഉള്ളത്? അതും എ.കെ. 47!! പിന്നെതിനു പേടിക്കണം. പ്രേതമായാലും ജീവനില്‍ കൊതി കാണാതിരിക്കുമോ? പട്ടാളക്കാരന്റെ വെടി ഏറ്റാല്‍ മരിക്കാത്ത പ്രേതമുണ്ടോ? എങ്കില്‍ ഒന്ന് കണ്ടിട്ട് തന്നെ കാര്യം. ഞാന്‍ തീരുമാനിച്ചു.


വൈകുന്നേരം ഡ്യൂട്ടി തുടങ്ങുന്നതിനു മുന്‍പ് എല്ലാവര്‍ക്കുമായി ഒരു ചെറിയ മീറ്റിംഗ് പോലെ ഉണ്ട്. ഡ്യൂട്ടിയില്‍ പാലിക്കേണ്ട നിയമങ്ങളും ഡ്യൂട്ടിയുടെ രീതികളും ഡ്യൂട്ടി പോസ്റ്റിന്റെ പ്രത്യേകതകളും ഒക്കെ അവിടെ വിശദീകരിച്ചതിത് ശേഷമാണ് ഡ്യൂട്ടിക്ക് വേണ്ടി അയക്കുന്നത്. അവിടെയും ആരും പ്രേതത്തെപ്പറ്റി പറഞ്ഞു കേട്ടില്ല. അങ്ങനെ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അതിനെപ്പറ്റി സൂചന തരാതിരിക്കുമോ? അപ്പോള്‍ ഞാന്‍ ലീവിന് പോയിട്ട് തിരിച്ചു വന്നപ്പോള്‍ കൊണ്ടുവന്ന ചിപ്സും ഹല്‍വയും കൊടുക്കാത്തതിന്റെ പേരില്‍, രാത്രിയില്‍ ഡ്യൂട്ടി സമയത്ത് ഞാന്‍ പേടിക്കാനും അങ്ങനെ പേടിച്ചു പനി പിടിച്ചു ആസ്പത്രിയില്‍ കിടക്കുമ്പോള്‍ എന്റെ ലോക്കറിലെ ഹല്‍വയും ചിപ്സും അടിച്ചു മാറ്റാനുമുള്ള തൊമ്മന്റെ ആസൂത്രിതമായ പദ്ധതിയാണ് ഈ പ്രേത കഥയെന്നും ഞാന്‍ ഉറപ്പിച്ചു.



ഏതായാലും ഡ്യൂട്ടി തുടങ്ങി. വൈകുന്നേരം ആറു മണിമുതല്‍ എട്ടു മണി വരെയും രാത്രിയില്‍ പന്ത്രണ്ടു മുതല്‍ രണ്ടു മണി വരെയുമാണ് എനിക്ക് ഡ്യൂട്ടി. അത് ഞാന്‍ മനപ്പൂര്‍വ്വം തിരഞ്ഞെടുത്തതാണ്. കാരണം പന്ത്രണ്ടു മണി മുതല്‍ രണ്ടു മണി വരെയുള്ള സമയത്ത് സാധാരണയായി ആരും ചെക്കു ചെയ്യാന്‍ വരില്ല. വാര്‍ മെമ്മോറിയല്‍ യൂണിറ്റിന്റെ അകത്തായതുകൊണ്ട് ഉഗ്രവാദി ശല്യവും ഉണ്ടാകാന്‍ വഴിയില്ല. ചുരുക്കത്തില്‍ രണ്ടു മണിക്കൂര്‍ എവിടെയെങ്കിലും കുത്തിയിരുന്നു സ്വസ്ഥമായി ഉറങ്ങാം..അഥവാ ആരെങ്കിലും വന്നാലും നല്ല ഇരുട്ടായത് കൊണ്ട് ഞാന്‍ ഉറങ്ങുന്നതു കാണില്ല. എപ്പടി എന്റെ ബുദ്ധി?...



സെക്കണ്ട് ഡ്യൂട്ടി, അതായത് പന്ത്രണ്ടു മുതലുള്ള ഡ്യൂട്ടി തുടങ്ങി. ഞാന്‍ തോക്കും തോളില്‍ തൂക്കി വാര്‍ മെമ്മോറിയലിന്റെ ചുറ്റും ഒന്ന് കറങ്ങി..സംശയകരമായ യാതൊരു നീക്കങ്ങളും കാണാത്തതിന്റെ പേരില്‍ തിരിച്ച് വന്നു വാര്‍ മെമ്മോറിയലിന്റെ ഗേറ്റിന്റെ അടുത്ത്‌ വച്ചിരിക്കുന്ന പഴയ പീരങ്കിയുടെ ചുവട്ടില്‍ ഇരുന്നു. തോക്ക് മടിയില്‍ ഭദ്രമായി വച്ചു. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ നാട്ടിന്‍ പുറത്തുള്ള കള്ളു ഷാപ്പിന്റെ പുറത്തു വാള് വച്ച് കിടക്കുന്നവനെപ്പോലെ കാലുകള്‍ നീട്ടി ചാരിയിരുന്നു സുഖശയനം തുടങ്ങി.



ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഉണര്‍ന്നു. ഗാഡമായ ഉറക്കത്തിലായിരുന്നത് കൊണ്ട് സ്ഥലകാല ബോധം വരാന്‍ അല്പം സമയമെടുത്തു. ഒരു മണിക്കൂര്‍ യാതൊരു ശല്യവുമില്ലാതെ ഉറങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഞാന്‍ എഴുനേറ്റു. ഏതായാലും ഒന്നുകൂടി ചുറ്റിയിട്ട് വന്നു അടുത്ത ഉറക്കം തുടങ്ങാം എന്ന് നിശ്ചയിച്ച ഞാന്‍ അടുത്ത്‌ വച്ചിരുന്ന തോക്കിനായി ഇരുട്ടില്‍ പരതി.


"തോക്ക് കാണാനില്ല". !!!



ദൈവമേ? എന്റെ തലയില്‍ ഒരു വെള്ളിടി വെട്ടി. പട്ടാളക്കാരന്റെ ഏറ്റവും വിലപ്പെട്ട സാധനമാണ്‌ തോക്ക്. അത് നഷ്ടപ്പെടുത്തുക എന്ന് പറഞ്ഞാല്‍ ജോലി പോയി എന്നത് മാത്രമല്ല ജയിലിലും കിടക്കേണ്ടി വരും. ജീവന്‍ പോയാലും സ്വന്തം ആയുധം ഉപേക്ഷിക്കരുത് എന്നാണ് പഠിപ്പിച്ചിരിക്കുന്നത്. യുദ്ധ ഭൂമിയില്‍ പട്ടാളക്കാര്‍ സ്വന്തം തോക്ക് മുറുകെ പിടിച്ചു മരിച്ചു കിടക്കുന്ന കാഴ്ചകള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇതാ ഒരു ജവാന്‍ തോക്ക് നഷ്ടപ്പെടുത്തിയ ശേഷം മരിക്കാന്‍ പോകുന്നു..ഓര്‍ത്തപ്പോള്‍ തന്നെ എനിക്ക് പരവേശം മൂത്തു. അത് പിന്നെ വെപ്രാളവും വിയര്‍പ്പുമായി കുടു കുടാ പുറത്തെയ്ക്കൊഴുകി.



തോക്കിന് വേണ്ടി ഇരുട്ടില്‍ തപ്പിക്കൊണ്ടിരുന്ന ഞാന്‍ അല്പം അകലെ വാര്‍ മെമ്മോറിയലിന്റെ സ്തൂപത്തിന്റെ മുന്‍പില്‍ ഒരു ഒരനക്കം കേട്ട് ഞെട്ടി. അതാ അവിടെ ഒരു നിഴല്‍.!..ഒരാള്‍ സ്തൂപത്തിന്റെ അടിയിലെ പ്ലാറ്റ്‌ ഫോമില്‍ ഇരിക്കുകയാണ്. കാലിന്മേല്‍ കാല്‍ കയറ്റി ഇരിക്കുന്നത് പോലെ. അടുത്ത്‌ തന്നെ എന്തോ ചാരി വച്ചിരിക്കുന്നു...ഞാന്‍ സൂക്ഷിച്ചു നോക്കി. തോക്കല്ലേ അത്? അതെ തോക്ക് തന്നെ. ദൈവമേ എന്റെ തോക്ക്. !!അതെങ്ങനെ അവിടെ എത്തി? ആരാണയാള്‍?..



ആരായാലും അയാളെ കീഴ്പ്പെടുത്തിയിട്ട് തന്നെ കാര്യം. ഞാന്‍ മുന്‍പോട്ടു കുതിച്ചു.


ഒരു നിമിഷം.... !!


അയാള്‍ അപ്രത്യക്ഷനായി...തോക്ക് മാത്രം അവിടെ ഇരിക്കുന്നു..ഇത്രയും നേരം കാലിന്മേല്‍ കാല്‍ കയറ്റി ഇരുന്നയാല്‍ എവിടെ? ഞാന്‍ അദ്ഭുതപ്പെട്ടു...


"എടാ അവിടെ ഒരു പ്രേതമുണ്ട് .. പട്ടാളക്കാരന്റെ ശവക്കല്ലറയാ അത് ".. തൊമ്മന്റെ വാക്കുകള്‍ !!


എന്റമ്മോ?... പാതി രാത്രി കഴിഞ്ഞതേയുള്ളൂ....വിജനമായ പ്രദേശം...ഇരുട്ടില്‍ ഞാന്‍ ഒറ്റയ്ക്ക്.....മുന്‍പില്‍ മരിച്ചു പോയ പട്ടാളക്കാരന്റെ പ്രേതം. ആ പ്രേതം എന്റെ തോക്കുമായി കല്ലറയുടെ പുറത്തിരിക്കുന്നു...അത് പിന്നെ ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമായിരിക്കുന്നു..എനിക്ക് തല കറങ്ങി..ശരീരം മൊത്തം ചൂട് പിടിച്ചപോലെ ഞാന്‍ നിന്നുരുകി...



അതാ വീണ്ടും പ്രേതം!!. ഇപ്പോഴത്‌ പ്ലാറ്റ്‌ ഫോമിന്റെ താഴെയാണ് ഇരിക്കുന്നത്. ...എന്റെ തോക്കിന്റെ അടുത്ത്‌ തന്നെ.. ആ തോക്ക് എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍..‍.ഒരു വെടിയെങ്കിലും വച്ച് കൂടെയുള്ള ഡ്യൂട്ടിക്കാരെ ഉണര്‍ത്താമായിരുന്നു. ഭൂതവും പ്രേതവുമില്ല എന്നുള്ള ധാരണ ഒറ്റ നിമഷം കൊണ്ട് മാറിയ ഞാന്‍ പ്ലാറ്റ്‌ ഫോമിനു താഴെ ഇരുന്നു എന്നെ സൂക്ഷിച്ചു നോക്കുന്ന ആ രൂപത്തിനെ കണ്ടു എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു..



പെട്ടെന്നാണ്‌ ഒരു മുരളിച്ചയോടെ ആ സത്വം എന്റെ നേരെ കുതിച്ചു ചാടിയത്...അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ഞാന്‍ വീണു പോയി...എന്റെ തലയ്ക്കു മുകളിലൂടെ ചാടി അടുത്തിരുന്ന പഴയ പീരങ്കിയുടെ പുറത്തു വീണ ആ സാധനം പീരങ്കിയുടെ മിനുസമുള്ള പ്രതലത്തില്‍ കാലുറക്കാതെ നടുവടിച്ചു നിലത്തു വീണു..എന്നിട്ട് ദീനമായ ഒരു കരച്ചിലോടെ അടുത്ത്‌ നിന്ന മരത്തിന്റെ ശാഖയിലെയ്ക്ക് ചാടിക്കയറി ഇലകള്‍ക്കിടയില്‍ അപ്രത്യക്ഷമായി. ആ പോക്കില്‍ ഞാനൊരു കാഴ്ചകണ്ടു..അതിന്റെ ശരീരത്തിന്റെ പുറകിലായി നീളമുള്ള ഒരു വാല്..!!



കശ്മീര്‍ താഴ്വരകളില്‍ കാണാറുള്ള ഒരു തരം വലിപ്പമുള്ള കുരങ്ങു ഞാന്‍ ഉറങ്ങിക്കിടന്നപ്പോള്‍ എന്റെ തോക്ക് എടുത്ത്‌ കൊണ്ടുപോയതും അതിനെക്കണ്ട് ഞാന്‍ പേടിച്ചു ബോധം കെടുന്ന പരുവത്തില്‍ എത്തിയതും പിന്നെ തോക്ക് തിരിച്ചു കിട്ടിയപ്പോള്‍ സന്തോഷത്തോടെ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിപ്പോയതും ആരും ഇതുവരെ അറിഞ്ഞിട്ടില്ല എന്നാണെന്റെ വിശ്വാസം .

2009, ജൂലൈ 23, വ്യാഴാഴ്‌ച

തങ്ക തമ്പിയുടെ അണിയറ രഹസ്യം

"ശങ്കരന്‍ എഗൈന്‍ ഓണ്‍ ദി കോക്കനട്ട് ട്രീ...."

പിണങ്ങിപ്പോയ ഭാര്യ കുറച്ചുനാള്‍ കഴിയുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഭര്‍തൃഗൃഹത്തില്‍ മടങ്ങിയെത്തുന്നത് പോലെ, രണ്ടു മാസത്തെ സുഖവാസം കഴിഞ്ഞ ഞാന്‍ വീണ്ടും എന്റെ ജോലിസ്ഥലത്ത് മടങ്ങിയെത്തിയ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.എല്ലാ ബോഗ്ഗര്‍ മാരും വായനക്കാരും ഇതൊരറിയിപ്പായി സ്വീകരിക്കാന്‍ അപേക്ഷ..



പെട്ടിയും പ്രമാണവുമായി യൂണിറ്റിന്റെ മെയിന്‍ ഗേറ്റില്‍ എത്തിയ ഞാന്‍ അവിടുത്തെ ഒരുക്കങ്ങള്‍ കണ്ട് അമ്പരന്നു.. ആകെപ്പാടെ ഒരു മാറ്റം....ഇവിടെന്താ വല്ല കല്യാണവും നടക്കാന്‍ പോകുന്നോ?..അതോ ആരുടെയെങ്കിലും ഇന്‍ സ്പെക്ഷന്‍??........... കര്‍ത്താവേ.. രണ്ടു മാസം അടിച്ചു പൊളിച്ചു നടന്നതാണ്..വന്നു കേറിയില്ല, അതിനു മുന്‍പേ തന്നെ ഇന്‍ സ്പെക്ഷന്‍ ‍‍!!! ഇവനൊന്നും വേറെ പണിയില്ലേ??..തൊട്ടതിനും പിടിച്ചതിനും ഇന്‍ സ്പെക്ഷന്‍..എനിക്ക് ആകെപ്പാടെ കലി കയറി... തിരിച്ചു വീട്ടിലേയ്ക്ക്‌ തന്നെ മടങ്ങിപ്പോയാലോ ? ഞാന്‍ ആലോചിച്ചു.



"എന്താടാ പന്തം കണ്ട പെരുച്ചാഴി പോലെ നില്‍ക്കുന്നത് ?..കേറിവാ.. നല്ല സമയത്താ നീ വന്നത്..."


കയ്യില്‍ സ്യുട്ട് കേസും തോളത്തു ബാഗും തൂക്കി ദുരിതാശ്വാസ ക്യാമ്പില്‍ വന്ന അഭയാര്‍ഥി യെപ്പോലെ അന്തം വിട്ടു നില്‍ക്കുന്ന എന്നെ നോക്കി കമ്പനി ഹവില്‍ദാര്‍ മേജര്‍ ഹരി സാര്‍ പറഞ്ഞപ്പോഴാണ് എനിക്ക് വീണ്ടും പരിസര ബോധമുണ്ടായത്.


"എന്താ സാര്‍ ഒരുക്കം?.... ഇന്‍ സ്പെക്ഷന്‍ വല്ലതും???..........."


ഇന്‍ സ്പെക്ഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ കുരിശു കാണുന്ന ചെകുത്താന്റെ വെപ്രാളമാണ് എനിക്ക്.


"അപ്പൊ നീയറിഞ്ഞില്ലേ?? എടാ നമ്മുടെ രവിസാറ് പ്രോമോഷനായി..ലെഫ്ടനന്റ്റ്‌ കേണല്‍..അതിന്റെ പാര്‍ട്ടിയാ ഇന്ന്.."


ആഹാ ....പാര്‍ട്ടി എന്ന് കേട്ടതോടെ എന്റെ വിഷമം മാറി...ലീവിന് പോയി തിരിച്ചു വന്നതിന്റെ ക്ഷീണം മാറാന്‍ ഒരു ഫുള്‍ കുപ്പി തന്നെ വീശണം എന്ന് കരുതി വന്ന എനിക്ക് കുപ്പി വാങ്ങാതെ തന്നെ വീശുകയോ വാളു വയ്കുകയോ ചെയ്യാന്‍ പറ്റിയ അസുലഭ സന്ദര്‍ഭം ഇതാ വന്നു ചേര്‍ന്നിരിക്കുന്നു.. രവി സാറിന്റെ പ്രമോഷന്‍ ഈ സമയത്ത് തന്നെ അയച്ചതില്‍ ഞാന്‍ പരമകാരുണികനും ഭക്തവല്‍സലനുമായ ആര്‍മി തമ്പുരാനും, ആര്‍മി തമ്പുരാന്റെ പിതാവായ ആന്റണി തമ്പുരാനും നന്ദി അറിയിച്ചു. എന്നിട്ട് പെട്ടിയും ബാഗും ബാരക്കില്‍ വച്ച് പാര്‍ട്ടിക്കുള്ള ഒരുക്കങ്ങളില്‍ പങ്കു ചേര്‍ന്നു..




വൈകുന്നേരം മൂന്ന് മണിക്കാണ് പാര്‍ട്ടി തുടങ്ങുന്നത്..ഞങളുടെ "സെക്കണ്ട് ഇന്‍ കമാന്‍ഡ് "ആണ് മേജര്‍ രവി സാര്‍ (സിനിമാ സംവിധായകന്‍ മേജര്‍ രവി അല്ല) അദ്ദേഹം മേജര്‍ സ്ഥാനത്ത്‌ നിന്നും ലെഫ്ടനന്റ്റ്‌ കേണല്‍ എന്ന പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട വിവരം ഞാന്‍ ലീവില്‍ ആയിരുന്നതിനാല്‍ അറിഞ്ഞിരുന്നില്ല. വളരെ നല്ല പ്രകൃതമാണ് രവി സാറിന്. എങ്കിലും ആളൊരു ക്ഷിപ്ര കോപിയാണ്.. ആരെങ്കിലും എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ അവരെ തന്റെ ഓഫീസില്‍ വിളിപ്പിക്കും. മലയാളി ആണെകില്‍ മലയാളത്തിലും ഹിന്ദിക്കാരന്‍ ആണെങ്കില്‍ ഹിന്ദിയിലും നല്ല സ്വയമ്പന്‍ തെറി പറയും. കൂടാതെ കുഴപ്പത്തിനുള്ള ശിക്ഷയായി 'എക്സ്ട്രാഡ്യുട്ടിയും' കൊടുക്കും. എന്നിരുന്നാലും ലീവ് സംബന്ധമായ കാര്യങ്ങളില്‍ അദ്ദേഹം ഒരിക്കലും കുഴപ്പമുണ്ടാക്കാറില്ല. അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ട ആളാണ്‌ മേജര്‍ രവി സാര്‍..



(പട്ടാളത്തില്‍ കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലും 'മേജര്‍' പദവിയില്‍ സ്തുത്യര്‍ഹമായ നിലയില്‍ ജോലി ചെയ്‌താല്‍ മാത്രമേ ലെഫ്ടനന്റ്റ്‌ കേണല്‍ എന്ന പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുകയുള്ളൂ...അല്ലാതെ പട്ടാള ഡ്രസ്സ്‌ ഇട്ടു, കയ്യില്‍ ഒരു തോക്കും പിടിച്ചു നാല് തവണ ആകാശത്തേയ്ക്ക് വെടി വയ്ക്കുന്നതായി അഭിനയിച്ചാല്‍ കിട്ടുന്ന ഒരു പദവി അല്ല അത്. ഈ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്..ആരും അതിന്റെ പേരില്‍ എന്നെ വെടി വയ്കരുത് എന്നപേക്ഷ..ബോര്‍ഡര്‍ പോലെയുള്ള പല ഹിന്ദി ചിത്രങ്ങളിലും പട്ടാള ഓഫീസറായി അഭിനയിച്ചിട്ടുള്ള 'സണ്ണി ഡിയോളിനു' ഒരു ലെഫ്ടനറ്റ്‌ കേണല്‍ പദവി കിട്ടാത്തതില്‍ അദ്ദേഹത്തിന്റെ ആരാധകനായ ഈയുള്ളവന് അതിയായ വിഷമമുണ്ട്...)



കൃത്യം മൂന്നിന് തന്നെ പാര്‍ട്ടി തുടങ്ങി..കേണല്‍ രവി സാറും അദ്ദേഹത്തിന്റെ ഭാര്യയും പത്തു പതിനാറു വയസ്സ് പ്രായമായ മകളും പാര്‍ട്ടിയില്‍ സന്നിഹിതരായിരുന്നു.. കേണല്‍ രവി സാറിന് ഞങ്ങളുടെ വകയായി ഒരു ബൊക്കെ സമ്മാനിച്ചു. അദ്ദേഹം അത് സ്വീകരിച്ച ശേഷം ചെറിയ ഒരു മറുപടി പ്രസംഗം നടത്തി. പിന്നെ ചില ചെറിയ കലാപരിപാടികളും അരങ്ങേറി. ആര്‍. തങ്ക തമ്പിയുടെ സിനിമാറ്റിക്‌ ഡാന്‍സ് ആയിരുന്നു മുഖ്യ ഇനം.



തമിഴ്‌ നാട്ടിലെ ട്രിച്ചി ആണ് തമ്പിയുടെ സ്വദേശം..ആളൊരു സ്റ്റൈല്‍ മന്നന്‍ ആണെങ്കിലും പ്രഭു ദേവയാണ് തമ്പിയുടെ ഇഷ്ട താരം. സിനിമാറ്റിക്‌ ഡാന്‍സ് ആണ് തമ്പിയുടെ ഇഷ്ട വിനോദം. പക്ഷെ ഒരു കുഴപ്പമുണ്ട്..രണ്ടു പെഗ്ഗ് അകത്ത് ചെന്നാലേ തമ്പിയുടെ സിനിമാറ്റിക്‌ ഡാന്‍സ് പുറത്തു വരൂ..അതറിയാവുന്ന ഹവില്‍ദാര്‍ മേജര്‍ ഹരി സാര്‍ പാര്‍ട്ടി തുടങ്ങുന്നതിനു മുന്‍പ് തന്നെ തമ്പിയുടെ ക്വോട്ട ഫുള്‍ ആക്കിയിരുന്നു..



മനോജിന്റെ മിമിക്രിയും കിഷന്‍ സിംഗിന്റെ ഗാനാലാപനവും കഴിഞ്ഞപ്പോള്‍ തമ്പിയുടെ ഊഴമായി..എവിടുന്നോ സംഘടിപ്പിച്ച മിനുങ്ങുന്ന പാന്റും ഷര്‍ട്ടുമൊക്കെ ഇട്ടു പ്രഭു ദേവയായി സ്റ്റെജിലെത്തിയ തമ്പി തനിക്ക് മാത്രം മനസ്സിലാകുന്ന ഒരു തമിഴ്‌ പാട്ടിനൊപ്പം ചുവടു വച്ച് ഡാന്‍സ് തുടങ്ങി..



സദസ്സ്‌ തമ്പിയുടെ ലാസ്യ ലഹരി ആസ്വദിക്കുകയാണ്..ഇതിനിടയില്‍ കേണല്‍ രവി സാറിന്റെ ഭാര്യ അദ്ദേഹത്തോട് എന്തോ ചെവിയില്‍ പറഞ്ഞു..അനന്തരം രവി സാര്‍ തമ്പിയെ അടിമുടി ഒന്ന് സൂക്ഷിച്ചു നോക്കി..അദ്ദേഹത്തിന്റെ മുഖം ചുവന്നു.. പിന്നെ അടുത്തിരുന്ന മകളെയും ഭാര്യയേയും വിളിച്ചു കൊണ്ട് പെട്ടെന്ന് പുറത്തേക്ക് നടന്നു..



കലാപരിപാടികള്‍ ആസ്വദിച്ചിരുന്ന രവി സാറും കുടുംബവും ഒരു കാരണവുമില്ലാതെ പെട്ടെന്ന് തിരിച്ചു പോയത് എന്ത് കൊണ്ടാണെന്ന് ആര്‍ക്കും മനസ്സിലായില്ല. രവി സാര്‍ പോയതറിയാതെ തമ്പി നൃത്തം തുടരുകയാണ്..രവി സാര്‍ പോകുന്നത് കണ്ട ഹവില്‍ദാര്‍ മേജര്‍ ഹരി സാര്‍ ഉടന്‍ പുറത്തെത്തി. ജീപ്പില്‍ കയറാന്‍ നില്‍കുന്ന രവി സാറിന്റെ അടുത്തെത്തിയെന്കിലും അദ്ദേഹം ഒന്നും പറയുകയുണ്ടായില്ല. രവി സാറിനെയും കുടുംബത്തെയും കൊണ്ട് ജീപ്പ് ഓഫീസര്‍ മെസ്സിലെയ്ക്ക് പാഞ്ഞു..



അപ്രതീക്ഷിതമായി പാര്‍ട്ടി അലങ്കോലപ്പെട്ടത്തില്‍ ഞങ്ങള്‍ക്കെല്ലാം വളരെ വിഷമം തോന്നി..കുപ്പികളില്‍ ബാക്കിയിരുന്ന രസായനം കഴിച്ചു ഞങ്ങള്‍ ആ വിഷമം തീര്‍ക്കുകയും തിരിച്ചു ബാരക്കിലെത്തി കിടന്നുറങ്ങുകയും ചെയ്തു..എങ്കിലും ഞങളുടെ പ്രിയപ്പെട്ട രവി സാര്‍ പാര്‍ട്ടി തീരുന്നതിനു മുന്‍പ് തന്നെ ഒന്നും മിണ്ടാതെ തിരിച്ചു പോയത് എന്ത് കൊണ്ടാണെന്ന് മാത്രം ആര്‍ക്കും മനസ്സിലായില്ല. കലാകാരന്മാരും ഞാന്‍ അടക്കമുള്ള അണിയറക്കാരും മിലിട്ടറി അടിച്ചു റസൂല്‍ പൂക്കുട്ടി ആയിരിക്കുന്ന വിവരം അദ്ദേഹം അറിഞ്ഞിട്ടുണ്ടാകുമോ ആവോ??



പിറ്റേ ദിവസം രാവിലെ തന്നെ തമ്പിയെ രവി സാര്‍ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു..കള്ളടിച്ചു പൂക്കുറ്റി യായാണ്‌ തമ്പി നൃത്തം ചെയ്തതെന്നും അത് രവി സാറിന് ഇഷ്ടപ്പെട്ടില്ലെന്നും അത് കൊണ്ടാണ് തമ്പിയെ വിളിപ്പിച്ചതെന്നുമുള്ള കിംവദന്തി യൂണിറ്റില്‍ പരന്നു. ക്ഷിപ്രകോപിയായ രവി സാറിന്റെ സ്വഭാവം വച്ച് നോക്കിയാല്‍ മിനിമം അഞ്ച് എക്സ്ട്രാ ഡ്യുട്ടിയെങ്കിലും തമ്പിക്ക് കിട്ടുമെന്ന് ഞങള്‍ ഉറപ്പിച്ചു..നാല് കാലില്‍ നിന്ന തമ്പിയെ സ്റ്റെജിലെയ്ക്ക് കൈ പിടിച്ചു കയറ്റി വിട്ട എന്നെ അദ്ദേഹം കണ്ടിട്ടുണ്ടാകുമോ എന്ന ശങ്കയില്‍ ഞാന്‍ വീര്‍പ്പു മുട്ടി നിന്നു..



ഓഫീസില്‍ പോയ തമ്പി അധികം താമസിയാതെ തിരിച്ചു വന്നു..ആരോടും ഒന്നും മിണ്ടാതെ തലയും താഴ്ത്തി ബാരക്കിലേയ്ക്കു പോയി..അതോടെ സംഭവം ഞങ്ങള്‍ ഊഹിച്ചതുപോലെ തന്നെയാണെന്നും എക്സ്ട്രാ ഡ്യുട്ടി അഞ്ചില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെന്നും ഞങള്‍ ഉറപ്പാക്കി. പക്ഷെ തമ്പി യോടൊപ്പം ഓഫീസിലേയ്ക്ക് പോയ ഹരി സാര്‍ തിരിച്ചു വന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ രഹസ്യം പുറത്തായത്..



അരങ്ങില്‍ പ്രഭു ദേവാ സ്റ്റൈലില്‍ സിനിമാറ്റിക്‌ ഡാന്‍സ് ചെയ്ത തങ്ക തമ്പി സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് തന്റെ തിളങ്ങുന്ന പാന്റിന്റെ "സ്വിബ്ബ്‌ " ഇടാന്‍ മറന്നു പോയി എന്നുള്ള തന്ത്ര പ്രധാനവും ഞെട്ടിപ്പിക്കുന്നത്‌ മായ അണിയറ രഹസ്യം.. !!!

2009, ജൂൺ 26, വെള്ളിയാഴ്‌ച

മാത്തപ്പന്റെ മൂന്നാം മുറ

അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു ഫുള്‍ ടാങ്ക് പുട്ടും കടലയും അകത്താക്കി അടുത്തുള്ള ബസ്‌ സ്റ്റോപ്പിലെത്തി അവിടെ ബസ്‌ കാത്തു നില്‍ക്കുന്ന തരുണീ മണികളുടെ അംഗ ലാവണ്യം ആസ്വദിച്ചുകൊണ്ട്‌ പണ്ട് പത്താം ക്ലാസിലെ ജീവശാസ്ത്ര പുസ്തകത്തിലെ "മനുഷ്യ ശരീര ഭാഗങ്ങളും അതിന്റെ ധര്‍മങ്ങളും"എന്ന പാഠത്തിന്റെ റിവിഷന്‍ നടത്തുകയെന്നത് എന്റെയും കൂട്ടുകാരുടെയും ഹോബിയായിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം ഞാനും മാത്തപ്പനും റസാഖും റോഡിനടുത്തുള്ള കലുങ്കില്‍ ഇരുന്നു റിവിഷന്‍ നടത്തുമ്പോള്‍ ഒരു പോലീസ്‌ ജീപ്പ് പാഞ്ഞു വന്നു സഡന്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും രണ്ടു പോലീസ്സുകാര്‍ ഇറങ്ങി ഞങള്‍ ഇരുന്ന കലുങ്കിന്റെ അടുത്തേക്ക്‌ വന്നു. എന്നിട്ട് ഞങ്ങള്‍ മൂന്നു പേരെയും ആകെയൊന്നു വീക്ഷിച്ചു.

പോലീസുകാരുടെ നോട്ടവും ഭാവവും കണ്ട മാത്തപ്പന്‍ ഓടാന്‍ പാകത്തിലുള്ള കുറുക്കു വഴി നോക്കി ഉറപ്പു വരുത്തിയിട്ട് ഏതു സമയവും പുറപ്പെടാന്‍ പാകത്തില്‍ സൂപ്പറ് ഫാസ്റ്റു ബസ്സിന്റെ ഡ്രൈവറെപ്പോലെ തയാറായി നിന്നു. റസാഖ്‌ എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങി. ഞാനാകട്ടെ ഒരു പട്ടാളക്കാരന്റെ ഗൌരവം ഒട്ടും കളയാതെ ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തില്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു ജീന്‍സ്ധാരിണിയുടെ റിവിഷന്‍ തുടന്നു കൊണ്ടിരുന്നു.

അല്ലെങ്കില്‍ തന്നെ പട്ടാളക്കാരനായ ഞാന്‍ എന്തിനു പോലീസുകാരെ കണ്ടു ഭയപ്പെടണം? അതിനു തക്ക കുറ്റങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ. കലുങ്കില്‍ ഇരുന്നു പെണ്‍കുട്ടികളെ വെറുതെ നോക്കുന്നതും ചെറിയ ചെറിയ കമന്ടടിക്കുന്നതും കുറ്റമാണോ? അതൊക്കെ എല്ലാ ചെറുപ്പക്കാരും ചെയ്യുന്നതല്ലേ?അങ്ങനെയുള്ള കമന്ടടികള്‍ ആസ്വദിക്കാത്ത പെണ്‍കുട്ടികളുണ്ടോ?.... അഥവാ അത് കുറ്റമാണ് എന്ന് ഏതെങ്കിലും ചെറുപ്പക്കാരായ ആണുങ്ങള്‍ (പൊലീസുകാര്‍) പറയുമോ?.... അങ്ങനെ പറഞ്ഞാല്‍ ആ മാന്യ ദേഹത്തിന്റെ തന്ത്ര പ്രധാനമായ യന്ത്രഭാഗങ്ങള്‍ക്ക് കാര്യമായ എന്തെങ്കിലും ഏനക്കേട് വന്നിട്ടുള്ള ആളായിരിക്കണം. ഏതായാലും ഞാന്‍ പോലീസുകാര്‍ അടുത്തെത്തിയിട്ടും അവരെ മൈന്‍ഡ്‌ ചെയ്യാതെ എന്‍റെ റിവിഷന്‍ പൂര്‍വാധികം ഭംഗിയോടെ തുടര്‍ന്നു.

"ആരാടാ ഈ രഘുനാഥന്‍?" ഒരു പോലീസുകാരന്റെ ഘന ഗംഭീരമായ ശബ്ദം കേട്ട ഞാന്‍ ഒന്ന് ഞെട്ടി. എന്‍റെ പേര്‍ എങ്ങിനെ ഈ കശ്മലനു കിട്ടി? ...വേറെ ഏതെങ്കിലും രഘുനാഥനെ തിരഞ്ഞു വന്നതാണോ ഇവര്‍? ഒരു പക്ഷെ അങ്ങനെ ആകാനാണ് വഴി. ഞാന്‍ ഒരു പട്ടാളക്കാരന്‍ ആണെന്നുള്ള വിവരം ഇവര്‍ക്ക് അറിയില്ലായിരിക്കാം. ........പാവങ്ങള്‍...!! ഞാന്‍ റിവിഷന്‍ തുടര്‍ന്നു...

"എന്താടാ ചോദിച്ചത് കേട്ടില്ലേ? നിങളില്‍ ആരാ പട്ടാളക്കാരന്‍ രഘുനാഥന്‍? " കൂടെ നിന്ന ആജാനു ബഹുവായ പോലീസ്സുകാരന്‍ അമറുന്ന സ്വരത്തില്‍ ചോദിച്ചതോടെ ഓടാന്‍ തയ്യാറായി നിന്ന മാത്തപ്പന്‍ ഓട്ടം തത്കാലം ക്യാന്‍സല്‍ ചെയ്തിട്ട് ആശ്വാസത്തോടെ കൈ എന്‍റെ നേരെ ചൂണ്ടി....പട്ടാളക്കാരന്‍ രഘുനാഥനെയാണ് പോലീസ്സുകാര്‍ തിരക്കുന്നത് എന്ന് മനസ്സിലായ ഞാന്‍ ഇത്തവണ കാര്യമായിത്തന്നെ ഞെട്ടി. റിവിഷന്‍ നടത്തികൊണ്ടിരുന്ന പാഠഭാഗങ്ങള്‍ പെട്ടെന്ന് മറന്നു. ജീന്‍സ്ധാരിണിയും പരിവാരങ്ങളും പോകേണ്ട വണ്ടി വന്നിട്ടും കേറാതെ ഞങളെ ശ്രദ്ധിച്ചു കൊണ്ട് അവിടെതന്നെ നിന്നു. ചായക്കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ കാര്യമറിയാന്‍ അടുത്ത്‌ കൂടി. ഈ ലാക്കില്‍ റസാഖ്‌ ആരുമറിയാതെ മുങ്ങി. മാത്തപ്പന്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കയ്യും കെട്ടി മാറി നിന്നു.

"നീയാണോടാ പട്ടാളക്കാരന്‍ രഘുനാഥന്‍? വണ്ടിയിലോട്ടു കേറിക്കോ..... നിന്നെ എസ് ഐ ഏമാന് ഒന്ന് കാണണമെന്ന്..." ജീപ്പിന്റെ പുറകിലെ ഡോര്‍ തുറന്നു കൊണ്ട് പോലീസ്സുകാരന്‍ പറഞ്ഞപ്പോള്‍ അത്രയും നേരം ജീവന്‍ടോണ്‍ പരസ്യത്തില്‍ മസ്സില് പിടിച്ചു നില്‍ക്കുന്ന ആളെപ്പോലെ ഞെളിഞ്ഞു നിന്ന ഞാന്‍ കാറ്റ് പോയ ബലൂണ്‍ പോലെ ചുരുങ്ങി....പോലീസ്സ് വണ്ടി കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഇതുവരെ കേറിയിട്ടില്ല... എസ് ഐ ഏമാനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും പോലീസ്‌ സ്റ്റെഷന്റെ ഉള്ളില്‍ വച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല.... ലോക്കപ്പ് മുറി സിനിമയില്‍ കണ്ടിട്ടുള്ളതല്ലാതെ യാതൊരു പരിചയവുമില്ല. ..ഞാന്‍ ആസകലം വിയര്‍ത്തു...ഒരു സഹായത്തിനു വേണ്ടി ചുറ്റും നോക്കി...മാത്തപ്പന്റെ പൊടി പോലുമില്ല. കാണികളെല്ലാം പട്ടാളത്തിനെ പോലീസ്സ് പിടിക്കുന്ന അസുലഭ ദൃശ്യം കണ്‍നിറയെ കാണുകയാണ്..മറ്റൊരു പോംവഴിയും കാണാതെ ഞാന്‍ മെല്ലെ ജീപ്പിനുള്ളിലേക്ക് കടന്നു..എന്നെയും കൊണ്ട് പോലീസ്സ് ജീപ്പ് സ്റ്റേഷന്‍ ലാക്കാക്കി പാഞ്ഞു.....

വണ്ടിക്കുള്ളില്‍ പൊലീസുകാര്‍ പലതും പറയുകയും ചിരിക്കുകയും ചെയ്തു. ഞാന്‍ പൂച്ചയുടെ മുന്‍പില്‍ അകപ്പെട്ട എലിയെപ്പോലെ സീറ്റില്‍ ചുരുണ്ടിരുന്നു. ഈ കാലമാടന്മ്മാര്‍ എന്ത് കുറ്റത്തിനാണ് എന്നെ പിടിച്ചു കൊണ്ട് പോകുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. തെളിയാത്ത ഏതെങ്കിലും കുറ്റം എന്‍റെ തലയില്‍ ഇവര്‍ കെട്ടി വയ്കുമോ?.. അതോ എനിക്ക് വല്ല തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാകുമോ?...ചെയ്യാത്തെ കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ്സുകാര്‍ മൂന്നാംമുറ പ്രയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്...ദൈവമേ അങ്ങനെ വല്ലതും ഇവര്‍ ചെയ്യുമോ? മൂന്നാംമുറ പോയിട്ട് ഒന്നാം മുറ തുടങ്ങുമ്പോള്‍ തന്നെ എന്‍റെ കാറ്റ് പോകും... ഇപ്പോഴത്തെ എസ് ഐ വലിയ ചൂടനാനെന്നും കയ്യില്‍ കിട്ടുന്നവര്‍ക്ക് ആദ്യംതന്നെ രണ്ടെണ്ണം പൊട്ടിക്കുന്ന സ്വഭാവക്കാരന്‍ ആണെന്നും ഒരു ജനസംസാരമുണ്ട്. അങ്ങനെയാണെങ്കില്‍ ഞാന്‍ പട്ടാളക്കാരന്‍ ആണെന്നും ലീവിന് വന്നതാണെന്നും പറയുന്നതിന് മുന്‍പ് തന്നെ എനിക്ക് തല്ലു കിട്ടുമായിരിക്കും..ദൈവമേ ഇതുവരെ ആരുടെ കയ്യില്‍ നിന്നും തല്ലു വാങ്ങാത്ത ഞാന്‍ ചെയ്യാത്തെ കുറ്റത്തിന് പോലീസിന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങുമല്ലോ...ഞാനിതെങ്ങനെ സഹിക്കും..എന്‍റെ അമ്മയും അച്ഛനും എങ്ങനെ സഹിക്കും?...എനിക്ക് ചെറിയ മൂത്രശങ്ക തോന്നി...

വണ്ടി പോലീസ്‌ സ്റ്റെഷന്റെ മുറ്റത്തു എത്തി ഇരച്ചു നിന്നു..ഞാന്‍ പുറത്തിറങ്ങി ചുറ്റും നോക്കി. ചിലര്‍ വരാന്തയിലും മറ്റും നില്‍ക്കുന്നുണ്ട്‌. ... അവരൊക്കെ എന്നെ എന്തോ വലിയ പാതകം ചെയ്ത രീതിയില്‍ നോക്കുന്നുണ്ട്...ഒരു പോലീസ്സുകാരന്‍ ഇറങ്ങി വന്നു ഞങളെ കണ്ട ഉടന്‍ അകത്തേക്ക് കയറിപ്പോയി...എസ് ഐ എമാനോട് എന്നെ കൊണ്ടുവന്ന വിവരം പറയാന്‍ പോയതായിരിക്കും...എനിക്ക് മൂത്രശങ്ക കലശലായി.....രാവിലെ ഇറങ്ങുമ്പോള്‍ കണികണ്ട കേശവന്‍ ചേട്ടനെ ഞാന്‍ മനസ്സാ പ്രാകി..കണി മോശമായതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്?.ഒരു നല്ല കാര്യത്തിന് പോയ ഞാന്‍ വന്നു പെട്ടിരിക്കുന്നത് പോലീസ്‌ സ്റ്റേഷനില്‍..എങ്ങനെ പ്രാകാതിരിക്കും?...


എസ് ഐ ഏമാന്റെ മുറിയുടെ ഹാഫ്‌ ഡോര്‍ അടഞ്ഞു കിടക്കുന്നു....പോലീസ്സുകാര്‍ എന്നെ നേരെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി...അവിടെ മറ്റു മൂന്നു നാല് പൊലീസുകാര്‍ കൂടി ഇരിക്കുന്നുണ്ട്‌. എസ് ഐ ഇടിക്കുന്നതിനു മുന്‍പ് ഇവരെല്ലാവരും എന്നെ കൈ വയ്കുമായിരിക്കും..ഒരു പട്ടാളക്കാരനെ ഫ്രീയായി ഇടിക്കാന്‍ കിട്ടുന്ന അവസരമല്ലേ..ഇടി തുടങ്ങുന്നതിനു മുന്‍പ് ഒന്ന് മൂത്രമൊഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍...ഞാന്‍ ചുറ്റും നോക്കി..


പെട്ടെന്നാണ്‌ അവിടിരിക്കുന്ന ഒരു പോലീസ്സുകാരനെ ഞാന്‍ ശ്രദ്ധിച്ചത്..എന്നെത്തന്നെ നോക്കി ഊറി ചിരിക്കുകയാണ് അയാള്‍..കണ്ടിട്ട് നല്ല പരിചയം...പക്ഷെ എങ്ങനെ..എവിടെവച്ച്‌ എന്ന് ഓര്‍ക്കാന്‍ പറ്റുന്നില്ല.... മുങ്ങിച്ചാകാന്‍ പോകുന്നവന് കച്ചിത്തുരുമ്പ് കിട്ടിയതുപോലെ ഒരാശ്വാസം എനിക്ക് തോന്നി... ഒരു നിമിഷം....അയാളുടെ മുഖഭാവം മാറി..എന്നിട്ട് ഒറ്റ അലര്‍ച്ച!!!

" ഫാ പുല്ലേ....നീ രക്ഷപെട്ടു എന്ന് കരുതി അല്ലെ?"


അതോടെ ഞാന്‍ പ്രയാസപ്പെടു പിടിച്ചു വച്ചിരുന്ന ശങ്ക ഉടന്‍ പിടി വിടുമെന്ന് എനിക്കുറപ്പായി...കണ്ടന്‍ പൂച്ചയുടെ മുന്‍പില്‍ പെട്ട പെരുച്ചാഴിയെപ്പോലെ ഞാന്‍ വിറച്ചു...ബോധം കെടുമോ എന്ന മറ്റൊരു ശങ്ക കൂടി എനിക്ക് തോന്നി.


എന്‍റെ ഭാവം കണ്ട പൊലീസുകാര്‍ പെട്ടെന്ന് പൊട്ടിച്ചിരിച്ചു...എനിക്ക് പരിചയം തോന്നിയ പോലീസ്സുകാരന്‍ എഴുനേറ്റു എന്‍റെ അടുത്ത്‌ വന്നു...എന്നിട്ട് പറഞ്ഞു "ഡാ രഘൂ ..നിനക്കെന്നെ മനസ്സിലായില്ലേ? ഞാന്‍ പഴയ ബാബുവാടാ ...പ്രീ ഡിഗ്രിക്ക് എസ് ഡി കോളേജില്‍ ഒന്നിച്ചു പഠിച്ചില്ലേ ..അവന്‍ തന്നെ.. ഇവിടെ ചാര്‍ജ് എടുത്തിട്ടു ഒരാഴ്ച്ചയെ ആയുള്ളൂ .. നീ വന്ന വിവരം ഇന്നലെ മാത്തപ്പനാ വിളിച്ചു പറഞ്ഞത്.. അപ്പൊ നിനക്കൊരു സര്‍പ്രൈസ് ആകട്ടെന്നു കരുതിയാ ഈ നാടകം ഒപ്പിച്ചത്...നീ രാവിലെ ബസ്റ്റോപ്പിലെ കലുങ്കില്‍ കാണുമെന്നു മാത്തപ്പനാ എന്നോട് പറഞ്ഞത്...സോറി കേട്ടോ...


ദ്രോഹി മാത്തപ്പാ....അപ്പോള്‍ ഇത് നിന്‍റെ പ്ലാനിങ്ങായിരുന്നു അല്ലെ? ഞാന്‍ അങ്ങോട്ടൊന്നു വന്നോട്ടെ...എന്നിട്ട് ബാക്കി കാര്യം. പോലീസുകാരുടെ കൂട്ടച്ചിരിക്കിടയില്‍ ഞാന്‍ മൂത്രപ്പുര ലാക്കാക്കി പാഞ്ഞു. .

2009, ജൂൺ 2, ചൊവ്വാഴ്ച

ബല്ജീത്തിന്റെ ജീവന്‍ ടോണ്‍

എന്ത് കഴിച്ചാലും വേണ്ടില്ല തടി വച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച് കൊണ്ട് ഞാന്‍ കഴിക്കാത്ത സാധങ്ങളില്ല. . കോഴി താറാവ് കൊഞ്ച് കരിമീന്‍ മുതല്‍ ആട്, പോത്ത്, കാട പോരാഞ്ഞിട്ട് അറ്റ കൈക്ക് പെരുമ്പാമ്പിനെ വരെ തിന്നാന്‍ ഞാന്‍ തീരുമാനിച്ച് കഴിഞ്ഞു. ലീവിന് വരുമ്പോള്‍ എന്‍റെ വീട്ടിലും അയല്പക്കത്തുമുള്ള സകല കോഴികളും താറാവും എന്നെ കാണുമ്പോള്‍ "ഈ കാലന്‍ വന്നിട്ടുണ്ട്....ഇനി നോക്കിയും കണ്ടും നടന്നില്ലെങ്കില്‍ കഴുത്തില്‍ തല കാണില്ല" എന്നെ വീണ്ടു വിചാരത്തോടെയാണ് കൂടിന്റെ പുറത്തിറങ്ങുന്നത് തന്നെ. പക്ഷെ എന്തൊക്കെ കഴിച്ചിട്ടും രാവിലെ രണ്ടാം ക്ലാസ്സില്‍ പോയി കുറച്ചു നേരം കൂടുതല്‍ കുത്തിയിരുന്നു "നിറക്കൂട്ടില്‍" മമ്മൂട്ടി പാടുന്നത് പോലെ 'താമസമെന്തേ വരുവാന്‍' എന്ന് പാടാമെന്നല്ലാതെ ഒരു പ്രയോജനവും എന്റെ ശരീരത്തില്‍ കാണുന്നില്ല.


പട്ടാളത്തിലെ പൂരിയും ചപ്പാത്തിയും കഴിച്ചാല്‍ ഒന്ന് രണ്ടു മാസം കഴിയുമ്പോള്‍ വെള്ളത്തില്‍ കിടക്കുന്ന തടി പോലെ ചീര്‍ത്തു വരുന്ന ആളുകളെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത മനപ്രയാസമാണ്... എന്തൊക്കെ കഴിച്ചിട്ടും ഞാന്‍ മാത്രം ഇങ്ങനെ "ത്രികോണേ" എന്ന് വരുന്നതിന്റെ കാരണം മാത്രം മനസ്സിലാവുന്നില്ല. തടി വയ്കാനുള്ള ഏതൊക്കെയോ ലേഹ്യമോ അരിഷ്ടമോ ഒക്കെ അമ്മ ഉണ്ടാക്കി തന്നെങ്കിലും അതൊന്നും എന്‍റെ ഈ സ്റ്റീല്‍ ബോഡിയില്‍ ഇത് വരെ ഏശിയിട്ടില്ല. പെട്ടെന്ന് തടിവയ്കാനുള്ള "ജീവന്‍ടോണ്‍" എന്ന് പറയുന്ന ഒരു മരുന്ന് ആരുമറിയാതെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഞാന്‍ വാങ്ങിയിരുന്നു..അതില്‍ എഴുതിയിരുന്ന പോലെ ഒരു സ്പൂണ്‍ വീതം രാവിലെയും വൈകുന്നേരവും സേവിച്ചിട്ടു കണ്ണാടിയുടെ മുന്‍പില്‍ നിന്ന് എവിടെയെങ്കിലും മസില്‍ മുഴക്കുന്നുണ്ടോ എന്ന് ഞാന്‍ നോക്കിത്തുടങ്ങി. പക്ഷെ ഒരു കുപ്പി ജീവന്‍ടോണ്‍ ഒരാഴ്ച കൊണ്ടു തീര്‍ന്നെങ്കിലും ജന്മനാ കിട്ടിയിട്ടുള്ള മുഴകള്‍ അല്ലാതെ പുതിയ മുഴകള്‍ ഒന്നും തന്നെ എന്‍റെ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടില്ല.


അങ്ങനെ മനുഷ്യ ശരീരത്തില്‍ എത്ര എല്ലുകളുണ്ട് എന്ന് ചോദിച്ചാല്‍ കൃത്യമായി തൊട്ടു കാണിച്ചു കൊടുക്കാന്‍ പാകത്തിലുള്ള എന്‍റെ ശരീരവുമായി ഞാന്‍ ജീവിക്കുമ്പോഴാണ് എന്‍റെ സെക്ഷനില്‍ പുതുതായി ബല്ജീത് എന്ന് പേരുള്ള ഒരു സര്‍ദാര്‍ പയ്യന്‍ പോസ്റ്റിങ്ങ്‌ ആയത്‌. ബാല്ജീത്തിനെ കണ്ട ഞാന്‍ അന്തം വിട്ടുപോയി. ആറടിയിലധികം പൊക്കം. അതിനൊത്ത വണ്ണം. താടിയൊക്കെ മുളച്ചു വരുന്നതേയുള്ളൂ. കവിളൊക്കെ തുടുത്തു, വെളുത്തു ചുവന്ന ബാല്ജീത്തിനെ കണ്ട ഞാന്‍ എന്‍റെ കൃശഗാത്രവും ബാല്ജീത്തിന്റെ മസ്സില്‍ഗാത്രവും ഒന്ന് താരതമ്യപ്പെടുത്തി നോക്കി. എന്നിട്ട് കെട്ടിക്കാന്‍ പാങ്ങില്ലാതെ പുരനിറഞ്ഞു നില്‍ക്കുന്ന പെണ്മക്കളെ നോക്കി നെടുവീര്‍പ്പിടുന്ന പിതാവിനെപ്പോലെ ഒരു ദീര്‍ഘ നിശ്വാസം വലിച്ചു വിട്ടിട്ട് പുതുതായി വന്ന ബല്ജീത്തു എന്‍റെ ശരീര സൌന്ദര്യം കണ്ടു പേടിച്ചു ബോധം കെട്ടാലോ എന്ന് ശങ്കിച്ച് ഒരു ഫുള്‍കയ്യന്‍ ഷര്‍ട്ട്‌ പെട്ടെന്നെടുത്തു ധരിച്ചു.


വൈകുന്നേരം ഭക്ഷണം കഴിക്കാനായി മെസ്സിലേക്ക് പോകാനുള്ള വഴി അറിയില്ലാത്തെ ബല്ജീത്തിനെ ഞാനാണ് മെസ്സിലേക്ക് കൂട്ടിക്കൊണ്ടു പോയത്. മെസ്സിലേക്ക് പോകുന്നതിനു മുന്‍പായി ബല്ജീത്തു തന്റെ പെട്ടി തുറന്നു അതിനകത്ത് ഭദ്രമായി വച്ചിരുന്ന ഒരു ഭരണിയില്‍ നിന്നും നെയ്യ് പോലെ തോന്നിക്കുന്ന എന്തോ ഒന്ന് ഒരു സ്പൂണ് കൊണ്ടെടുത്തു തന്‍റെ പാത്രത്തില്‍ ഇട്ടു. പിന്നീട് മെസ്സിലെത്തിയ ബല്ജീത്തു അതിലേയ്ക്ക് പരിപ്പ് കറിയും ഒഴിച്ച ശേഷം നന്നായി ഇളക്കിയിട്ട് ചപ്പാത്തി മുറിച്ചു മുക്കി രുചിയോടെ കഴിച്ചു തുടങ്ങി.


ബാല്ജീത്തിന്റെ തടിയുടെ രഹസ്യം മനസ്സിലായ ഞാന്‍ പിറ്റേദിവസം തന്നെ പുറത്തു പോയി ഒരു കിലോ 'ദേശിഘീ" (നാടന്‍ പശുവിന്‍ നെയ്യ്) വാങ്ങി ആരുമറിയാതെ പെട്ടിക്കുള്ളില്‍ വച്ചു. എന്നിട്ട് അത് കഴിക്കുന്നതിനുള്ള ചപ്പാത്തിയും പരിപ്പ് കറിയും മെസ്സില്‍ നിന്നും എടുത്തുകൊണ്ടു വന്നു ബല്ജീത് ചെയ്തത് പോലെ പരിപ്പുകറിയില്‍ അര ഗ്ലാസ്‌ നെയ്യ് ഒഴിച്ച് നന്നായി ഇളക്കി ചപ്പാത്തി മുക്കി കഴിച്ചു തുടങ്ങി...


സാധാരണ നിലയില്‍ രണ്ടോ മൂന്നോ ചപ്പാത്തിയും അല്പം പരിപ്പ് കറിയും മാത്രം കഴിക്കാറുള്ള ഞാന്‍ അരഗ്ലാസ്‌ നെയ്യും പത്തു ചപ്പാത്തിയും അതിനു വേണ്ട പരിപ്പുകറിയും അകത്താക്കിയിട്ട് ഇര വിഴുങ്ങിയ പെരുമ്പാമ്പ്‌ പോകുന്ന പോലെ വയറും തള്ളി ഓഫീസിലേയ്ക്ക് യാത്രയായി.


ഓഫീസില്‍ എത്തി ജോലി തുടങ്ങിയ എനിക്ക് ഒന്ന് ബാത്ത് റൂമില്‍ പോകണമെന്നുള്ള മോഹം കലശലായി. ഉടന്‍ ബാരക്കിലേയ്ക് യാത്രയായ ഞാന്‍ ബാത് റൂമിന്റെ അടുത്തെത്തിയപ്പോള്‍ അതാ അവിടെ സി ഓ സാബ് നില്കുന്നു.! ബാരക്ക് ഇന്‍സ്പെക്ഷന്‍ നടക്കുകയാണ്. ഇനി ഇന്‍സ്പെക്ഷന്‍ കഴിയാതെ ബാത്‌ റൂം ഉപയോഗിക്കാന്‍ പറ്റില്ല. എന്‍റെ വയറ്റില്‍ നെയ്യും ചപ്പാത്തിയും പരിപ്പ് കറിയും കൂടി ഒമ്പതാം ഉത്സവം ആരംഭിച്ചു കഴിഞ്ഞു. ഞാന്‍ വീര്‍ത്തു വരുന്ന വയറില്‍ തടവി കാലുകള്‍ അടുപ്പിച്ചു വച്ചു വെരുകിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

സി ഓ സാബ് ബാത്‌ റൂമിന് ചുറ്റും നടന്നു ശുചിത്വം പരിശോധിക്കുകയാണ്...ശുചിത്വം പരിശോധിക്കാന്‍ കണ്ട ഒരു സമയം...മനുഷ്യന്‍ ഇവിടെ ചക്ര ശ്വാസം വലിക്കുമ്പോഴാ ഒരു പരിശോധന. ഇക്കണക്കിനു പോയാല്‍ ഉടനെ തന്നെ ഞാന്‍ നില്‍ക്കുന്ന സ്ഥലത്തെ ശുചിത്വം മോശമാവുന്ന ലക്ഷണം കാണുന്നുണ്ട്...എവിടെയെങ്കിലും പോയി കാര്യം സാധിക്കാതെ രക്ഷയില്ലെന്നു മനസ്സിലായ ഞാന്‍ ബാരക്കിനടുത്തുള്ള കുറ്റിക്കാടിന്റെ മറവു ലക്കാകി പാഞ്ഞു...

ഉത്സവത്തിന്റെ വെടിക്കെട്ടും മറ്റും അതിന്റെ പരിസമാപ്തിയിലെത്തുമ്പോള്‍ ബാത്റൂമിന്റെ ഇന്‍സ്പെക്ഷന്‍ പൂര്‍ത്തിയാക്കിയ സി ഓ സാബ് ഓഫീസിലേയ്ക്ക് നടന്നു തുടങ്ങിയിരുന്നു...

2009, മേയ് 19, ചൊവ്വാഴ്ച

ഒരു പൊട്ടിത്തെറിയുടെ ഓര്‍മയില്‍...

ഞാന്‍ കശ്മീരില്‍ എത്തി ഒരു മാസം കഴിഞ്ഞപ്പോഴാണ് ആ സംഭവം ഉണ്ടാകുന്നത്. ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെ ഞാന്‍ ഓഫീസില്‍ എത്തി അത്യാവശ്യമായി തീര്‍ക്കേണ്ട ഒരു ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. കൂടെ ഡോക്യുമെന്റ് ക്ലെര്‍ക്ക്‌ കാംബ്ലെയും ഹെഡ് ക്ലെര്‍ക്ക്‌ സതീസന്‍ സാറും ഓഫീസ് ബോയ്‌ ബിമലും ഉണ്ട്. ഉച്ചയുറക്കത്തിന്റെ ഹാന്‍ഗ് ഓവര്‍ മാറ്റുവാനായി നല്ല കടുപ്പത്തില്‍ തന്നെ ബിമല്‍ ഉണ്ടാക്കിയ ചായ മൊത്തിക്കുടിച്ചു കൊണ്ട് സീനിയര്‍ ജെ സി ഓ സര്‍ദാര്‍ ബച്ചീത്തര്‍ സിംഗ് അടുത്ത്‌ തന്നെയുള്ള അദ്ദേഹത്തിന്‍റെ ഓഫീസില്‍ ഇരുന്നു സി. എച്ച്. എം. (കമ്പനി ഹവില്‍ദാര്‍ മേജര്‍) ഹരീന്ദര്‍ സാറിനോട് അന്നത്തെ ഡ്യുട്ടി എന്തൊക്കെയാണെന്ന് വിശദീകരിക്കുനത് കേള്‍ക്കാം. ഓ.സി സാബ് (ഓഫീസര്‍ കമാണ്ടിംഗ്) എത്തിയിട്ടില്ല. ഞാന്‍ കണക്കുകള്‍ എഴുതുന്ന ഒരു വലിയ രജിസ്റ്റര്‍ എടുത്ത്‌ മുന്‍പില്‍ വച്ചു. പിന്നെ ചായ ഒരിറക്ക് കുടിച്ചിട്ട് അന്നത്തെ വരവ് ചെലവ് കണക്കുകള്‍ അതിലേക്കു പകര്‍ത്തി തുടങ്ങി.


ഓഫീസിനു മുന്‍പില്‍ അല്പം താഴെയുള്ള മൈതാനത്തിനടുത്തു പട്ടാള വണ്ടികള്‍ നന്നാക്കാനുള്ള വര്‍ക്കു ഷോപ്പാണ്. അവിടെ നിന്നും പലവിധത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്‌. നിത്യേന കേള്‍ക്കുന്ന ശബ്ദ കോലാഹലങ്ങള്‍ ആയതു കൊണ്ട് അതൊന്നും ഞങളുടെ ജോലിയെ ബാധിച്ചിരുന്നില്ല. ഹെഡ് ക്ലെര്‍ക്ക്‌ സതീസന്‍ സാര്‍ അന്നത്തെ മെയിലില്‍ വന്നിരിക്കുന്ന കത്തുകള്‍ തുറന്നു ഫയല്‍ ചെയ്തു തുടങ്ങി.


പെട്ടെന്നാണ്‌ താഴെ വര്‍ക്കു ഷോപ്പിനടുത്തു നിന്നും കാതടപ്പിക്കുന്ന ഒരു പൊട്ടിത്തെറി കേട്ടത്. അതിന്റെ ശക്തിയില്‍ എന്റെ മേശയില്‍ ഇരുന്ന ചായക്കപ്പ് താഴെ വീണുടഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നതിനു മുന്‍പ് തന്നെ ഓഫീസിന്റെ അല്പം ദൂരെ മെയിന്‍ ഗേറ്റിനടുത്തു സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ വിറപ്പിക്കുന്ന വെടി ശബ്ദം മുഴങ്ങി. ഒപ്പം ഒരലര്‍ച്ചയും കേട്ടു.


എന്തോ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ ഉടന്‍ തന്നെ അടുത്ത്‌ ചാരി വച്ചിരുന്ന റൈഫിളുകള്‍ (പട്ടാളക്കാര്‍ എവിടെപോയാലും അവരവരുടെ തോക്കുകള്‍ കൂടെ കൊണ്ടുപോകണം എന്നാണ് കശ്മീരിലെ നിയമം) ഓഫീസിനു പുറത്തുചാടി. ഓഫീസിനു മുന്‍പിലും വശങ്ങളിലും ഒരാള്‍ താഴ്ചയില്‍ കുഴിച്ചിരിക്കുന്ന "ട്രഞ്ചുകള്‍" (കുഴികള്‍) ലകഷ്യമാക്കി പാഞ്ഞ എന്റെ ഇടതു വശത്തു കൂടി എന്തോ ഒരു സാധനം മൂളലോടെ പാഞ്ഞു പോയി. ഞാനും കംബ്ലെയും ആദ്യം കണ്ട ട്രെഞ്ചില്‍ ചാടി ഇറങ്ങി. കോക്കിംഗ് ഹാന്‍ഡില്‍ വലിച്ചു തോക്ക് ലോഡ് ചെയ്തിട്ട് കാഞ്ചിയില്‍ വിരലമര്‍ത്തി ഏതു സമയത്തും ഫയര്‍ ചെയ്യാന്‍ സന്നദ്ധരായി ട്രന്ചിന്റെ മണ്‍ഭിത്തിയില്‍ ചാരിയിരുന്നു പുറത്തെ ശബ്ദങ്ങള്‍ ശ്രദ്ധിച്ചു .....


തുടര്‍ച്ചയായ വെടി ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്‌.. എ കെ 47 നും എല്‍ എം ജിയും കാര്‍ബയിനുമൊക്കെ പ്രവര്‍ത്തിക്കുന്നു.... എവിടെയൊക്കെയോ ഗ്രനേഡുകള്‍ പൊട്ടുന്നു..ആരൊക്കെയോ നിലവിളിക്കുന്നു... എവിടെ നിന്ന്, എങ്ങോട്ടാണ് വെടിയുണ്ടകള്‍ പായുന്നത്? എന്താണ് സംഭവം? ഒരെത്തുംപിടിയും കിട്ടുന്നില്ല....ഹെല്‍മെറ്റും ബുള്ളറ്റു പ്രൂഫും ഇല്ലാതെ ട്രെഞ്ചില്‍ പച്ച മണ്ണില്‍ കുത്തിയിരിക്കുകയാണ് ഞങള്‍.. രക്തം മരവിക്കുന്ന ഭീകരത......ഞാന്‍ തോക്ക് മുറുകെ പിടിച്ചു കൊണ്ട് മുകളിലേക്ക് നോക്കി. കറുത്ത പുക അന്തരീഷത്തില്‍ പടരുന്നു..തീപിടുത്തമുണ്ടായതാണോ? ആണെങ്കില്‍ വെടി പൊട്ടിയതെന്തിന്?

മുക്കാല്‍ മണിക്കൂര്‍ നീണ്ട പോരാട്ടം...ഒടുവില്‍ വെടി ശബ്ദം നിന്നു... നീണ്ട വിസില്‍ മുഴങ്ങി....ട്രഞ്ചില്‍ നിന്നും ഞങള്‍ പുറത്തു വരാനുള്ള സിഗ്നലാനത്. ഞങള്‍ സാവധാനം തല പുറത്തേക്ക് നീട്ടി. അല്പം മുന്‍പുവരെ തിരക്കിട്ട പണികള്‍ നടന്നു കൊണ്ടിരുന്ന വര്ക്കുഷോപ്പ്‌ ശൂന്യമായിരിക്കിന്നു.... ഒരു പട്ടാള ട്രക്ക് ആകെ തകര്‍ന്നു ചിതറി കിടക്കുന്നു...രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് ഒരാളെ താങ്ങി എടുത്തുകൊണ്ട് ഓടുന്നു...അയാളുടെ ശരീരം നിറയെ ചോര....മറ്റൊരിടത്ത് ഒരാള്‍ വീണു കിടക്കുന്നു...അയാളുടെ വലതു കയ്യുടെ മുട്ടിനു താഴെ ശൂന്യം...മെയില്‍ ഗേറ്റിലെ എല്‍ എം ജിയുടെ ബാരലില്‍ നിന്നും അപ്പോഴും പുക ഉയരുന്നു...അവിടെ ട്യുട്ടിയില്‍ ഉണ്ടായിരുന്ന ഗൂര്‍ഖ രേജിമെന്റിലെ ജവാനെ രണ്ടുപേര്‍ ചേര്‍ന്ന് താങ്ങിയെടുക്കുന്നു.... അയാളുടെ കവിളിലൂടെ ചോര ഒഴുകുന്നു....മരിച്ചിട്ടില്ല ഭാഗ്യം..


പുറത്തു വന്ന ഞങള്‍ ബാരക്കില്‍ എത്തി. മണ്ണ് പുരണ്ട വസ്ത്രങ്ങള്‍ മാറി...ഇരുട്ടിത്തുടങ്ങിയിരുന്നു...വെടി ശബ്ദവും മറ്റും നിലച്ചിരുന്നെങ്കിലും ഇനിയും ഒരാക്രമണം ഉണ്ടാകാം. ഞങ്ങള്‍ കരുതിയിരുന്നു...ക്യാമ്പിനു കുറച്ചു ദൂരെയായി ഉയര്‍ന്നു നില്‍ക്കുന്ന കുന്നിന്റെ മുകളില്‍ നിന്നും ക്യാമ്പ് തകര്‍ക്കാനായി ഉഗ്രവാദികള്‍ തൊടുത്ത റോക്കറ്റ് വര്‍ക്കു ഷോപ്പില്‍ ഉയര്‍ന്നു നിന്ന ഒരു ഇലക്ട്രിക് പോസ്റ്റില്‍ തട്ടി ദിശമാറിയതും അത് പണി നടന്നു കൊണ്ടിരുന്ന പട്ടാള ട്രക്കില്‍ ഇടിച്ചു പൊട്ടിത്തെറിച്ചതും വര്‍ക്കു ഷോപ്പില്‍ ജോലി ചെയ്തിരുന്ന മൂന്നു പട്ടാളക്കാര്‍ മരിച്ചതും എല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുങ്ങി പോകുന്നു...ട്രന്ചിലെയ്ക്ക് പോകുന്ന വഴിയില്‍ എന്റെ അടുത്തുകൂടി ചീറിപ്പാഞ്ഞു പോയത് പൊട്ടിത്തെറിച്ച റോക്കറ്റിന്റെ ഒരു ഭാഗമായിരുന്നു എന്ന വിവരം ഞങള്‍ അറിഞ്ഞത് ഓഫീസിന്റെ തകര്‍ന്നു കിടക്കുന്ന വാതില്‍ കണ്ടപ്പോഴാണ്...ആരാണ് എന്നെ അതില്‍ ഇന്നും രക്ഷിച്ചത്‌? ഞാന്‍ വിശ്വസിക്കുന്ന ദൈവമോ? അതോ എന്റെ ഭാഗ്യമോ?