2009, മേയ് 19, ചൊവ്വാഴ്ച

ഒരു പൊട്ടിത്തെറിയുടെ ഓര്‍മയില്‍...

ഞാന്‍ കശ്മീരില്‍ എത്തി ഒരു മാസം കഴിഞ്ഞപ്പോഴാണ് ആ സംഭവം ഉണ്ടാകുന്നത്. ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെ ഞാന്‍ ഓഫീസില്‍ എത്തി അത്യാവശ്യമായി തീര്‍ക്കേണ്ട ഒരു ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. കൂടെ ഡോക്യുമെന്റ് ക്ലെര്‍ക്ക്‌ കാംബ്ലെയും ഹെഡ് ക്ലെര്‍ക്ക്‌ സതീസന്‍ സാറും ഓഫീസ് ബോയ്‌ ബിമലും ഉണ്ട്. ഉച്ചയുറക്കത്തിന്റെ ഹാന്‍ഗ് ഓവര്‍ മാറ്റുവാനായി നല്ല കടുപ്പത്തില്‍ തന്നെ ബിമല്‍ ഉണ്ടാക്കിയ ചായ മൊത്തിക്കുടിച്ചു കൊണ്ട് സീനിയര്‍ ജെ സി ഓ സര്‍ദാര്‍ ബച്ചീത്തര്‍ സിംഗ് അടുത്ത്‌ തന്നെയുള്ള അദ്ദേഹത്തിന്‍റെ ഓഫീസില്‍ ഇരുന്നു സി. എച്ച്. എം. (കമ്പനി ഹവില്‍ദാര്‍ മേജര്‍) ഹരീന്ദര്‍ സാറിനോട് അന്നത്തെ ഡ്യുട്ടി എന്തൊക്കെയാണെന്ന് വിശദീകരിക്കുനത് കേള്‍ക്കാം. ഓ.സി സാബ് (ഓഫീസര്‍ കമാണ്ടിംഗ്) എത്തിയിട്ടില്ല. ഞാന്‍ കണക്കുകള്‍ എഴുതുന്ന ഒരു വലിയ രജിസ്റ്റര്‍ എടുത്ത്‌ മുന്‍പില്‍ വച്ചു. പിന്നെ ചായ ഒരിറക്ക് കുടിച്ചിട്ട് അന്നത്തെ വരവ് ചെലവ് കണക്കുകള്‍ അതിലേക്കു പകര്‍ത്തി തുടങ്ങി.


ഓഫീസിനു മുന്‍പില്‍ അല്പം താഴെയുള്ള മൈതാനത്തിനടുത്തു പട്ടാള വണ്ടികള്‍ നന്നാക്കാനുള്ള വര്‍ക്കു ഷോപ്പാണ്. അവിടെ നിന്നും പലവിധത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്‌. നിത്യേന കേള്‍ക്കുന്ന ശബ്ദ കോലാഹലങ്ങള്‍ ആയതു കൊണ്ട് അതൊന്നും ഞങളുടെ ജോലിയെ ബാധിച്ചിരുന്നില്ല. ഹെഡ് ക്ലെര്‍ക്ക്‌ സതീസന്‍ സാര്‍ അന്നത്തെ മെയിലില്‍ വന്നിരിക്കുന്ന കത്തുകള്‍ തുറന്നു ഫയല്‍ ചെയ്തു തുടങ്ങി.


പെട്ടെന്നാണ്‌ താഴെ വര്‍ക്കു ഷോപ്പിനടുത്തു നിന്നും കാതടപ്പിക്കുന്ന ഒരു പൊട്ടിത്തെറി കേട്ടത്. അതിന്റെ ശക്തിയില്‍ എന്റെ മേശയില്‍ ഇരുന്ന ചായക്കപ്പ് താഴെ വീണുടഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നതിനു മുന്‍പ് തന്നെ ഓഫീസിന്റെ അല്പം ദൂരെ മെയിന്‍ ഗേറ്റിനടുത്തു സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ വിറപ്പിക്കുന്ന വെടി ശബ്ദം മുഴങ്ങി. ഒപ്പം ഒരലര്‍ച്ചയും കേട്ടു.


എന്തോ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ ഉടന്‍ തന്നെ അടുത്ത്‌ ചാരി വച്ചിരുന്ന റൈഫിളുകള്‍ (പട്ടാളക്കാര്‍ എവിടെപോയാലും അവരവരുടെ തോക്കുകള്‍ കൂടെ കൊണ്ടുപോകണം എന്നാണ് കശ്മീരിലെ നിയമം) ഓഫീസിനു പുറത്തുചാടി. ഓഫീസിനു മുന്‍പിലും വശങ്ങളിലും ഒരാള്‍ താഴ്ചയില്‍ കുഴിച്ചിരിക്കുന്ന "ട്രഞ്ചുകള്‍" (കുഴികള്‍) ലകഷ്യമാക്കി പാഞ്ഞ എന്റെ ഇടതു വശത്തു കൂടി എന്തോ ഒരു സാധനം മൂളലോടെ പാഞ്ഞു പോയി. ഞാനും കംബ്ലെയും ആദ്യം കണ്ട ട്രെഞ്ചില്‍ ചാടി ഇറങ്ങി. കോക്കിംഗ് ഹാന്‍ഡില്‍ വലിച്ചു തോക്ക് ലോഡ് ചെയ്തിട്ട് കാഞ്ചിയില്‍ വിരലമര്‍ത്തി ഏതു സമയത്തും ഫയര്‍ ചെയ്യാന്‍ സന്നദ്ധരായി ട്രന്ചിന്റെ മണ്‍ഭിത്തിയില്‍ ചാരിയിരുന്നു പുറത്തെ ശബ്ദങ്ങള്‍ ശ്രദ്ധിച്ചു .....


തുടര്‍ച്ചയായ വെടി ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്‌.. എ കെ 47 നും എല്‍ എം ജിയും കാര്‍ബയിനുമൊക്കെ പ്രവര്‍ത്തിക്കുന്നു.... എവിടെയൊക്കെയോ ഗ്രനേഡുകള്‍ പൊട്ടുന്നു..ആരൊക്കെയോ നിലവിളിക്കുന്നു... എവിടെ നിന്ന്, എങ്ങോട്ടാണ് വെടിയുണ്ടകള്‍ പായുന്നത്? എന്താണ് സംഭവം? ഒരെത്തുംപിടിയും കിട്ടുന്നില്ല....ഹെല്‍മെറ്റും ബുള്ളറ്റു പ്രൂഫും ഇല്ലാതെ ട്രെഞ്ചില്‍ പച്ച മണ്ണില്‍ കുത്തിയിരിക്കുകയാണ് ഞങള്‍.. രക്തം മരവിക്കുന്ന ഭീകരത......ഞാന്‍ തോക്ക് മുറുകെ പിടിച്ചു കൊണ്ട് മുകളിലേക്ക് നോക്കി. കറുത്ത പുക അന്തരീഷത്തില്‍ പടരുന്നു..തീപിടുത്തമുണ്ടായതാണോ? ആണെങ്കില്‍ വെടി പൊട്ടിയതെന്തിന്?

മുക്കാല്‍ മണിക്കൂര്‍ നീണ്ട പോരാട്ടം...ഒടുവില്‍ വെടി ശബ്ദം നിന്നു... നീണ്ട വിസില്‍ മുഴങ്ങി....ട്രഞ്ചില്‍ നിന്നും ഞങള്‍ പുറത്തു വരാനുള്ള സിഗ്നലാനത്. ഞങള്‍ സാവധാനം തല പുറത്തേക്ക് നീട്ടി. അല്പം മുന്‍പുവരെ തിരക്കിട്ട പണികള്‍ നടന്നു കൊണ്ടിരുന്ന വര്ക്കുഷോപ്പ്‌ ശൂന്യമായിരിക്കിന്നു.... ഒരു പട്ടാള ട്രക്ക് ആകെ തകര്‍ന്നു ചിതറി കിടക്കുന്നു...രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് ഒരാളെ താങ്ങി എടുത്തുകൊണ്ട് ഓടുന്നു...അയാളുടെ ശരീരം നിറയെ ചോര....മറ്റൊരിടത്ത് ഒരാള്‍ വീണു കിടക്കുന്നു...അയാളുടെ വലതു കയ്യുടെ മുട്ടിനു താഴെ ശൂന്യം...മെയില്‍ ഗേറ്റിലെ എല്‍ എം ജിയുടെ ബാരലില്‍ നിന്നും അപ്പോഴും പുക ഉയരുന്നു...അവിടെ ട്യുട്ടിയില്‍ ഉണ്ടായിരുന്ന ഗൂര്‍ഖ രേജിമെന്റിലെ ജവാനെ രണ്ടുപേര്‍ ചേര്‍ന്ന് താങ്ങിയെടുക്കുന്നു.... അയാളുടെ കവിളിലൂടെ ചോര ഒഴുകുന്നു....മരിച്ചിട്ടില്ല ഭാഗ്യം..


പുറത്തു വന്ന ഞങള്‍ ബാരക്കില്‍ എത്തി. മണ്ണ് പുരണ്ട വസ്ത്രങ്ങള്‍ മാറി...ഇരുട്ടിത്തുടങ്ങിയിരുന്നു...വെടി ശബ്ദവും മറ്റും നിലച്ചിരുന്നെങ്കിലും ഇനിയും ഒരാക്രമണം ഉണ്ടാകാം. ഞങ്ങള്‍ കരുതിയിരുന്നു...ക്യാമ്പിനു കുറച്ചു ദൂരെയായി ഉയര്‍ന്നു നില്‍ക്കുന്ന കുന്നിന്റെ മുകളില്‍ നിന്നും ക്യാമ്പ് തകര്‍ക്കാനായി ഉഗ്രവാദികള്‍ തൊടുത്ത റോക്കറ്റ് വര്‍ക്കു ഷോപ്പില്‍ ഉയര്‍ന്നു നിന്ന ഒരു ഇലക്ട്രിക് പോസ്റ്റില്‍ തട്ടി ദിശമാറിയതും അത് പണി നടന്നു കൊണ്ടിരുന്ന പട്ടാള ട്രക്കില്‍ ഇടിച്ചു പൊട്ടിത്തെറിച്ചതും വര്‍ക്കു ഷോപ്പില്‍ ജോലി ചെയ്തിരുന്ന മൂന്നു പട്ടാളക്കാര്‍ മരിച്ചതും എല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുങ്ങി പോകുന്നു...ട്രന്ചിലെയ്ക്ക് പോകുന്ന വഴിയില്‍ എന്റെ അടുത്തുകൂടി ചീറിപ്പാഞ്ഞു പോയത് പൊട്ടിത്തെറിച്ച റോക്കറ്റിന്റെ ഒരു ഭാഗമായിരുന്നു എന്ന വിവരം ഞങള്‍ അറിഞ്ഞത് ഓഫീസിന്റെ തകര്‍ന്നു കിടക്കുന്ന വാതില്‍ കണ്ടപ്പോഴാണ്...ആരാണ് എന്നെ അതില്‍ ഇന്നും രക്ഷിച്ചത്‌? ഞാന്‍ വിശ്വസിക്കുന്ന ദൈവമോ? അതോ എന്റെ ഭാഗ്യമോ?

2009, മേയ് 11, തിങ്കളാഴ്‌ച

ഫോര്‍മുല ഫോര്‍ട്ടി ഫൈവും ഡോക്ടര്‍ ഗുല്‍ഗുല് മാലും

നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയെ അറിയാത്ത മലയാളികള്‍ ഉണ്ടോ? ഇല്ല എന്ന് തന്നെ പറയാം. ഗോഡ് ഫാദര്‍ സിനിമയിലെ അഞ്ഞൂറാന്‍ മുതലാളി!!. പക്ഷെ നാടകാചാര്യന്‍ കെ. ടി. സിംഗിനെ അറിയാവുന്ന എത്ര മലയാളികളുണ്ട്?.... ആരുമില്ല അല്ലെ? എന്നാ കേട്ടോ... അങ്ങനെ പേരുള്ള ഒരു കിടിലന്‍ നാടകാചാര്യന്‍ ഉണ്ടായിരുന്നു പട്ടാളത്തില്‍.......പേരു കേട്ടിട്ട് ആളൊരു ഹിന്ദിവാലാ ആണെന്ന് കരുതേണ്ടാ... നല്ല സ്വയമ്പന്‍ മലയാളി.....കറ (റബ്ബര്‍ മരത്തിന്റെ കറയല്ല) തീര്‍ന്ന തിരുവല്ലക്കാരന്‍.. എന്‍ എന്‍ പിള്ളയെ വച്ച് നോക്കിയാല്‍ അഞ്ഞൂറ് തികയില്ലെന്കിലും ഒരു മുന്നൂറു മുന്നൂറേകാല്‍ വരും..അഭിനയം.!! മാത്രമല്ല രചന, സംവിധാനം, രംഗപടം, മേക്കപ് തുടങ്ങി വേണമെങ്കില്‍ സംഘട്ടനം വരെ ചെയ്തുകളയും.! അതാണ്‌ കുട്ടപ്പന്‍ മകന്‍ തമ്പി സിംഗ് എന്ന നാടകതിലകം കെ. ടി സിംഗ്!!!
മലയാളിയായ കുട്ടപ്പന്‍ തമ്പിക്ക് ഈ "സിംഗ്"എന്ന വാല് മുളച്ചത് എങ്ങനെ എന്നുള്ള കാര്യം ചരിത്രത്തിന്റെ ഏടുകള്‍ പരതിയാല്‍ ചിലപ്പോള്‍ കിട്ടിയേക്കും. അതിനു ടൈം ഇല്ലാത്തവര്‍ക്കായി അദ്ദേഹത്തിന്റെ വന്ദ്യ പിതാവും ഒരു എക്സ് സൈനികനും ഇപ്പോള്‍ നാട്ടിലെ സ്വന്തം മാടക്കടയില്‍ ഇരുന്നു അവിടെ മുറുക്കാനും ബീഡിയും വാങ്ങാന്‍ എത്തുന്ന പാവങ്ങളെ "പണ്ട് ഞാന്‍ ലഡാക്കില്‍ ആയിരുന്നപ്പോള്‍" എന്ന് തുടങ്ങി രണ്ടാം ലോക മഹായുദ്ധം വരെ നീണ്ടു, തിരിച്ചു കാര്‍ഗില്‍ യുദ്ധത്തില്‍ വന്നു നില്‍ക്കുന്ന മെഗാ സ്റ്റോറി പറയുന്ന സാദാ നാട്ടിന്‍ പുറത്തുകാരനുമായ ശ്രീ കുട്ടപ്പന്‍ അവര്‍കളുടെ വാക്കുകള്‍ ഞാന്‍ ആവര്‍ത്തിക്കട്ടെ..
"ഈ സിങ്ങന്‍ മാരെന്ന് പറഞ്ഞാല്‍ ആരാ?? സിംഗമല്ലേ സിംഗം.....അടുത്താന്‍ നല്ലവരാ ..അകന്നാ പിന്നെ മൂര്‍ക്കന്മാരാ ..... മൂര്‍ക്കന്‍..."
സിങ്ങന്‍മാരോട് അദ്ദേഹത്തിനുള്ള ആരാധനയാകാം തമ്പിയുടെ വാലായി മുളച്ചത് എന്ന് നമുക്ക് ആശ്വസിക്കാം. ഏതായാലും തമ്പി സിംഗ് ഒരു വലിയ നാടക ഭ്രാന്തന്‍ ആയിരുന്നു. ലീവിന് പോകുന്നത് തന്നെ നാട്ടില്‍ ഉത്സവങ്ങളും പെരുനാളുകളും തുടങ്ങുമ്പോഴാണ്. എല്ലാ നാടകങ്ങളും കാണും. ഇഷ്ടപെട്ട കഥാപാത്രങ്ങളും അവരുടെ റോള്കളും ഒക്കെ ഒരു നോട്ടായി എഴുതി വയ്കും.. പിന്നെ യു‌നിറ്റില്‍ എന്തെകിലും വാര്‍ഷികാഘോഷങ്ങള്‍ നടക്കുമ്പോള്‍ ആ കഥാപാത്രങ്ങള്‍ തമ്പിയുടെ ഭാവനയിലൂടെ പുനര്‍ജനിക്കും. പക്ഷെ തമ്പിയുടെ നാടകങ്ങളില്‍ ഹാസ്യമാണ് കൂടുതല്‍. കഥാപാത്രങ്ങള്‍ ഒന്നോ രണ്ടോ കാണും. കൂടിപ്പോയാല്‍ മൂന്ന്. അതില്‍ നായക കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് നാടക തിലകം കെ. ടി. തന്നെ ആയിരിക്കും. സന്ദര്‍ഭവശാല്‍ പറയട്ടെ, ഞാനും കെ. ടി. യുടെ നാടകത്തിലെ ഒരു അഭിനേതാവാണ്. ഞങള്‍ ഒരുമിച്ചു വേദി പങ്കിട്ട ആ നാടകത്തിന്റെ പേരാണ് "ഫോര്‍മുല ഫോര്‍ട്ടി ഫൈവ്". (ഇന്ഗ്ലിഷിലെ ഫോര്‍മുലയാണ്, ദയവായി മലയാളത്തില്‍ വായിക്കാതിരിക്കാന്‍ അപേക്ഷ)

ഈ നാടകത്തിലെ കേന്ദ്ര കഥാപാത്രം ഒരു നാടന്‍ ദന്ത ഡോക്ടറാണ്. ഡോക്ടര്‍ ആയ കെ ടി യും അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌ ആയ ഞാനും ഞങളുടെ ദന്തല്‍ "പൊളി ക്ലിനിക്കില്‍" എത്തുന്ന രോഗികളെ പരിശോധിക്കുന്നതും അനന്തരം അവരുടെ പല്ലുകള്‍ യാതൊരു ദയയുമില്ലാതെ പറിച്ചെടുക്കുന്നതും അങ്ങനെ ബോധം കെടുന്ന രോഗികളുടെ പോക്കറ്റില്‍ നിന്നും പൈസയും മറ്റും അടിച്ചു മാറ്റുന്നതുമാണ്‌ ഫോര്‍മുല ഫോര്‍ട്ടി ഫൈവിലെ കഥയുടെ സ്റ്റോറി.!! ഇതില്‍ രോഗിയെ പരിശോധിക്കുന്നതും അയാളുടെ പല്ല് പറിക്കുന്നതും ആ സമയത്ത് ഡോക്ടറുടെയും രോഗിയുടെയും മുഖത്തുണ്ടാകുന്ന ഭാവ പ്രകടനങളും ഒക്കെ കണ്ടാല്‍ ഏതു ചിരിക്കാത്ത കഠിന ഹൃദയനും ചിരിച്ചു തലകുത്തുമെന്നാണ് കെ ടി പറഞ്ഞത്. പോരാത്തതിനു പല്ല് പറിക്കാനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പട്ടാള വണ്ടികള്‍ നന്നാക്കാന്‍ ഉപയോഗിക്കുന്ന സ്പാനര്‍, കട്ടിംഗ് പ്ലെയര്‍, സ്ക്രൂ ഡ്രൈവര്‍ എന്നിവയും.! നോക്കണേ നാടകതിലകം കെ ടി യുടെ ഒരു നര്‍മബോധം!!
നാടകം കാണാനെത്തുന്ന മുഖ്യ അതിഥികള്‍ മലയാളിയായ സി ഓ സാബ് കേണല്‍ ബാലകൃഷ്ണനും ഭാര്യയും മകനുമാണ്. ഒരാഴ്ചത്തെ റിഹേഴ്സല്‍ കഴിഞ്ഞു. റിഹേഴ്സല്‍ കണ്ടവരൊക്കെ കെ ടി യെ അഭിനന്ദിച്ചു. കൂടെ അസ്സിസ്ടന്റായ ഞാനും കലക്കുന്നുണ്ട് എന്ന് കേട്ടപ്പോള്‍ എത്രയും പെട്ടെന്ന് സി ഓ സാബിന്റെ മുന്നില്‍ നാടകം അഭിനയിച്ചു കയ്യടി നേടാന്‍ എനിക്ക് തിടുക്കമായി..ഒത്താല്‍ ഒരു പ്രമോഷനും ഒപ്പിക്കാം.
നാടക ദിവസം വന്നു. ബാരക്കിനടുത്തു ഒരു വലിയ ഒരു ഹാള്‍ ഉണ്ട്.. അതിലാണ് സ്റ്റേജ് ഇട്ടിരിക്കുന്നത്. നാടക രത്നം കെ ടി സിംഗ് സ്റ്റേജിലെ ലൈറ്റ് സൌണ്ട് മുതലായവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്റ്റേജിനു നടുക്ക് തന്നെ തൂക്കിയിട്ടിരിക്കുന്ന മൈക്കിന്റെ മുന്‍പിലും വശങ്ങളും നിന്ന് "ഹലോ ഹലോ മൈക്ക് ചെക്ക്" എന്ന് പല ശബ്ദത്തില്‍ പറഞ്ഞു. സ്റ്റേജിന്റെ ഒരു വശത്ത് ഇരിക്കുന്ന മൈക് ഓപ്പറേറ്റര്‍ ഭീംസിംഗിന്റെ നേരെ നോക്കി മൈക്കിന്റെ മുന്‍പില്‍ നിന്ന് ഹലോ പറഞ്ഞുകൊണ്ട് വോളിയം കൂട്ടാനും കുറയ്ക്കാനും ആഗ്യം കാണിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സ്പീക്കറിലൂടെ കുറുക്കന്‍ ഒരിയിടുന്നത് പോലെയുള്ള ഒരു നീണ്ട ഒരു വിസിലടി കേട്ടതോടെ പേടിച്ചുപോയ ഭീംസിംഗ് ശബ്ദം നേരത്തെ സെറ്റ് ചെയ്തത് പോലെ തന്നെ ചെയ്തിട്ട് സ്ഥലം വിട്ടു കളഞ്ഞു.
നാടക രത്നം കെ ടി സിംഗ് ഉടന്‍തന്നെ സ്റ്റേജിനു മുന്‍പിലെത്തി പ്രകാശ ക്രമീകരണം എങ്ങനെയുണ്ട് എന്ന് നോക്കി. നാടകം നടക്കുമ്പോള്‍, വിശിഷ്യാ രോഗിയുടെ പല്ല് പറിക്കുമ്പോള്‍ രോഗിയുടെയും ഡോക്ടറുടെയും മുഖത്തുണ്ടാകുന്ന ഭാവങ്ങള്‍ കാണണമെങ്കില്‍ വേദിയിലെ പ്രകാശത്തിന്റെ വിന്യാസം ശരിയായിരിക്കണം. ഏതായാലും വെളിച്ചം കൂടിയാലും കുറയാന്‍ പാടില്ല എന്നുള്ളതുകൊണ്ട് വേദിയുടെ മുന്‍പില്‍ നടുവിലായി ശക്തിയേറിയ ഒരു ഫ്ലഡ് ലൈറ്റും കൂടി ഫിറ്റ് ചെയ്യുവാന്‍ കെ ടി നിര്‍ദേശം കൊടുത്തു.
മുഖ്യ അതിഥിയും കുടുംബവും എത്തിച്ചേര്‍ന്നു. പരിപാടി തുടങ്ങി. നാടകം മൂന്നാമതാണ്. കെ ടി സിംഗും ഞാനും രോഗിയായി അഭിനയിക്കുന്ന തോമസ്സും ഗ്രീന്‍ റൂമില്‍ എത്തി ഡ്രസ്സ്‌ ചെയ്തു. മുഖത്ത്‌ റോസ് പൌഡര്‍ തേച്ചു പിടിപ്പിച്ചു ലിപ്സ്റ്റിക് ഇട്ടു മീശയും താടിയുമൊക്കെ ഫിറ്റ് ചെയ്തു യുണിട്ടിലെ മെയില്‍ നേഴ്സിംഗ് അസിസ്റ്റന്റ്‌ കുശല് കുമാറിന്റെ പക്കല്‍ നിന്നും വാങ്ങിയ വെളുത്ത പാന്റും കോട്ടുമിട്ട് നില്‍കുന്ന കെ ടി സിംഗിനെ കണ്ടാല്‍ ഒറിജിനല്‍ ദന്ത വൈദ്യനാണോ എന്ന് തോന്നിപ്പോകുമായിരുന്നു. പാന്റിനു അല്പം ഇറുക്കം കൂടുതല്‍ ഉണ്ടോ എന്നൊരു സംശയം കെ ടി പ്രകടിപ്പിച്ചെങ്കിലും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു അല്പം ഇറുക്കം കൂടിയ പാന്റ്സ്‌ നല്ലതാണ് എന്ന എന്റെ അഭിപ്രായത്തോട് ആ നാടക പ്രതിഭയ്ക്ക് യോജിക്കതെയിരിക്കാന്‍ കഴിഞ്ഞില്ല.
നാടകം തുടങ്ങാറായി. നാടകത്തിനെക്കുറിച്ചുള്ള ഒരു സംഷിപ്ത വിവരണം കെ ടി തന്നെ സദസ്സിനു കൊടുത്തു. അതിനിടയില്‍ ഞാനും രോഗിയായ തോമസ്സും കൂടി വേദിയില്‍ ഒരു കസേര, മേശ, രോഗിക്ക് കിടക്കാനുള്ള ബെഞ്ച് എന്നിവ കൊണ്ടിട്ടു. കര്‍ട്ടന്‍ ഉയര്‍ന്നു....വേദിയില്‍ ഞാനും ഡോക്ടര്‍ ഗുല്‍ ഗുല് മാലും (കെ ടി) അഭിനയിച്ചു തുടങ്ങി.
രോഗിയുടെ ആഗമനവും പരിശോധനയും നടക്കുമ്പോള്‍ സദസ്സില്‍ നിന്നും കരഘോഷവും ബലേഭേഷ് വിളികളും ഉയര്‍ന്നു. നാടകം കലക്കുന്നുന്ടെന്നു ഞങ്ങള്‍ക്ക് മനസ്സിലായി. സി ഓ സാബും ഭാര്യയും കയ്യടിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഡോക്ടര്‍ ഗുല്‍ ഗുലുമാല്‍ രോഗിയുടെ പല്ല് പറിക്കുന്ന നയന മനോഹര രംഗത്തിലേക്കു സദസ്സിനെ നയിച്ചു.
രോഗിയായി വന്ന തോമസ്സിനെ ഡോക്ടറുടെ കൈക്കാരനായ ഞാന്‍ ബെഞ്ചില്‍ കിടത്തി കയറു കൊണ്ട് കെട്ടിയിട്ടിരിക്കുകയാണ്. ഡോക്ടര്‍ ഗുല്‍ഗുലുമാല്‍ വലിയ ഒരു കൊടില്‍ (കട്ടിംഗ് പ്ലെയര്‍) തോമസ്സിന്റെ വായില്‍ കടത്തി പല്ല് വലിച്ചു പറിക്കുന്ന രംഗമാണ് നടക്കുന്നത്. എത്ര വലിച്ചിട്ടും രോഗിയുടെ പല്ല് പറിയുന്നില്ല എന്ന് സദസ്സിനു തോന്നുന്ന രീതിയില്‍ ഇരുന്നും കിടന്നും ഒരു കാലു രോഗിയുടെ ശരീരത്തില്‍ കുത്തി നിന്നുമൊക്കെ കെ ടി ശക്തിയായി വലിക്കുന്നതായി അഭിനയിക്കുകയാണ്. രോഗിയായ തോമസ്സും അതിനൊത്ത് അഭിനയത്തിലൂടെ പ്രതികരിക്കുന്നുണ്ട്. ഇത് കണ്ട ഞാന്‍ മാത്രം വെറുതെ നില്‍ക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി, പല്ല് പറിക്കാന്‍ കഷ്ടപ്പെടുന്ന ഡോക്ടറെ ഒരു കൈ സഹായിക്കുന്ന രീതിയില്‍ അദ്ദേഹത്തിന്‍റെ പുറകിലൂടെ വട്ടം പിടിച്ചു ശക്തിയായി ഒരു വലി വലിച്ചു. (ഈ ഭാഗം റിഹേഴ്സല്‍ നടത്തുമ്പോള്‍ ഉണ്ടായിരുന്നില്ല, പക്ഷെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി അപ്പോള്‍ എനിക്ക് തോന്നിയ ഒരു ഐഡിയ ആയിരുന്നു)
എന്റെ അപ്രതീക്ഷിതമായ വലിയോടെ അടി തെറ്റിയ ഗുല്‍ ഗുലുമാല്‍ പുറകിലേക്ക് മലര്‍ന്നടിച്ചു വീണു. വീണത്‌ എന്റെ പുറത്തായത് കൊണ്ട് ഗുല്‍ ഗുലു മാലിനു വലിയ ക്ഷതമൊന്നും സംഭവിച്ചില്ലെന്കിലും അദ്ദേഹത്തിന്റെ കയ്യിലിരുന്ന കട്ടിംഗ് പ്ലെയര്‍ എന്റെ പുറത്തു പറയാന്‍ പറ്റാത്ത ഒരു സ്ഥലത്ത് നല്ല രീതിയില്‍ കൊള്ളുകയുണ്ടായി. ഇതിനിടയില്‍ ബോധം കെട്ടതായി അഭിനയിക്കേണ്ട തോമസ്‌
" അയ്യോ എന്റെ പല്ല് പോയെ" എന്നൊരു നിലവിളിയോടെ കെട്ടിയിരുന്ന കയറും പൊട്ടിച്ചു കൊണ്ട് ഗ്രീന്‍ റൂമിലേക്ക്‌ ഒരോട്ടം വച്ചുകൊടുത്തു.
പല്ല് പറിക്കുന്ന രംഗം കൊഴുത്തപ്പോള്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി കെ ടി തന്റെ കയ്യിലിരുന്ന കൊടില്‍ തോമസ്സിന്റെ വായിലെ മേല്നിരയിലെ ഒരു പല്ലില്‍ പിടിപ്പിച്ചു വച്ചിരുന്നതും ഞാന്‍ വലിച്ചപ്പോള്‍ ആ ശക്തിയില്‍ തോമസ്സിന്റെ മുന്‍പിലെ രണ്ടുപല്ലുകളില്‍ ഒരെണ്ണം വേരോടെ പറിഞ്ഞു വന്ന വിവരവും ഞാനറിയുന്നത് തോമസ്സിനെ ആശുപത്രിയില്‍ കൊണ്ടുപോയതിനു ശേഷമായിരുന്നു. !!

2009, മേയ് 4, തിങ്കളാഴ്‌ച

വെളുത്ത കത്രീനയും എന്‍റെ ആദ്യ കുര്‍ബാനയും

എല്ലാ പട്ടാളക്കാരും ഞായറാഴ്ച രാവിലെ സമയം കിട്ടിയാല്‍ അവരവരുടെ ആരാധനാ സ്ഥലങ്ങളില്‍ പോയി പ്രാര്‍ഥന നടത്തണമെന്ന് പട്ടാളത്തില്‍ ഒരു നിയമമുണ്ട്. ചെറിയ പട്ടാള യൂണിറ്റുകളില്‍ അമ്പലവും പള്ളിയും മോസ്കും എല്ലാം ഒറ്റ മുറിയില്‍ തന്നെ ആയിരിക്കും. പക്ഷെ വലിയ പട്ടാള ക്യാമ്പുകളില്‍ പള്ളിയും മോസ്കും അമ്പലവും ഒക്കെ വേറെ വേറെ സ്ഥലങ്ങളില്‍ ആയിരിക്കും. ദൈവത്തില്‍ വിശ്വാസമുണ്ടായാലും ഇല്ലെങ്കിലും "മന്ദിര്‍ പരേഡില്‍" എല്ലാവരും പങ്കു കൊള്ളണമെന്ന് ആര്‍മിയില്‍ നിര്‍ബന്ധമാണ്‌. എന്നെപ്പോലുള്ള അല്‍പ വിശ്വാസികള്‍ ഈ സമയം മുതലാക്കി മുങ്ങിക്കളയുകയാണ് പതിവ്.പക്ഷെ പിടി വീണാല്‍ സംഗതി കുഴപ്പമായത് തന്നെ.

എനിക്ക് അമ്പലത്തില്‍ പോകുന്നതിനോട് താല്പര്യം ഇല്ലാത്തതിന്റെ കാരണം ദൈവ വിശ്വാസത്തിന്റെ കുറവല്ല. രാവിലെ സിവില്‍ ഡ്രെസ്സില്‍ "ഫാള്ളിന്‍" ആകണം, മാര്‍ച്ച് ചെയ്തു അമ്പലത്തിലേക്ക് പോകണം, പിന്നെ അവിടെ എത്തി മണിക്കൂറുകളോളം ഹിന്ദിക്കാരുടെ ഭജന്‍ കേള്‍ക്കണം ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. തന്നെയുമല്ല ജന്മനാ ഒരു ഹിന്ദുവായ എനിയ്ക്ക് അമ്പലത്തെക്കാള്‍ ഇഷ്ടം ക്രിസ്ത്യന്‍ പള്ളിയായിരുന്നു. അതിനു ചില കാരണങ്ങളുമുണ്ട്.

ക്രിസ്ത്യന്‍ ദൈവങ്ങളായ യേശു, അദ്ദേഹത്തിന്റെ പിതാവ് ശ്രീ ജോസഫ്‌, മാതാവ് കുമാരി മറിയം എന്നിവര്‍ ഹിന്ദു ദൈവങ്ങളെക്കാള്‍ വിശാലമനസ്കരാണ്‌ എന്നുള്ള എന്‍റെ വിശ്വാസമാണ് അതിന്റെ ഒന്നാമത്തെ കാരണം. നമ്മുടെ ഒരാഗ്രഹം പെട്ടെന്ന് നടന്നു കിട്ടണമെങ്കില്‍ ഒരു കൂട് മെഴുക് തിരി (ഒരെണ്ണമായാലും കുഴപ്പമില്ല) വാങ്ങി മേല്‍പറഞ്ഞവരുടെ മുന്‍പില്‍ കത്തിച്ചിട്ട് നമ്മുടെ ആഗ്രഹം എത്രയും പെട്ടെന്ന് നടത്തിത്തരാന്‍ കൂളായി ആവശ്യപ്പെടാം. (ഇത് എനിക്ക് പറഞ്ഞു തന്നത് സത്യ ക്രിസ്ത്യാനിയും ദൈവഭക്തനുമായ മനോജാണ്). പക്ഷെ ഹിന്ദു ദൈവങ്ങളുടെ അടുത്ത്‌ അത് നടക്കുമോ? ക്ഷിപ്ര പ്രസാദിയായാലും കുറഞ്ഞത് നൂറു രൂപയെങ്കിലും വഴിപാടിനു വേണ്ടി വരും. ക്ഷിപ്ര കോപിയാണ് നിങ്ങളുടെ ഇഷ്ട ദൈവമെന്കില്‍ വഴിപാടിന്റെ തുക കുറഞ്ഞു പോയതിന്റെ പിഴയായി മറ്റൊരു വഴിപാടു കഴിക്കേണ്ടി വരും. ആ വഴിപാടു നടത്താന്‍ ഓണ്‍ലൈന്‍ ആയി പൈസ അടച്ച് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.!!

ഇനി മറ്റൊരു കാരണം. സത്യക്രിസ്ത്യാനിയായ ഒരാള്‍ക്ക്‌ എന്ത് കുണ്ടാമണ്ടിയും (കുണ്ടാമണ്ടി മീന്‍സ്‌ പാപം) ചെയ്യാം . അത് പാപമാണെന്ന് തോന്നിയാല്‍ നേരെ പള്ളിയില്‍ പോയി അച്ഛനെക്കണ്ട്‌ ചെയ്ത പാപത്തിന്റെ ഒരു സംഷിപ്ത വിവരണം കൊടുത്താല്‍ അച്ചന്‍ അപ്പോള്‍ത്തന്നെ സ്വര്‍ഗത്തിരിക്കുന്ന ദൈവം തമ്പുരാനെ ഓണ്‍ലൈന്‍ ആയി ബന്ധപ്പെട്ട് കുഞ്ഞാടിന്റെ പാപം ചെയ്യാനുണ്ടായ സാഹചര്യം വിശദമാക്കുകയും കുഞ്ഞാട് നല്ലവനും ദയാലുവും സര്‍വ്വോപരി പള്ളിക്കാര്യങ്ങളില്‍ സാരമായ സംഭാവനകള്‍ ചെയ്യുന്നവനും ആണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും അതോടെ കുഞ്ഞാടിന്റെ പാപം ലഘുകരിക്കപ്പെടുകയും ചിലപ്പോള്‍ പാപ മോചനം തന്നെ ലഭിക്കുകയും ചെയ്യും. ഈ സൗകര്യം ഹിന്ദു മതത്തിലുണ്ടോ? ഓരോ ഹിന്ദുവും ചെയ്യുന്ന പാപങ്ങള്‍ യമദേവന്റെ അസിസ്റ്റന്റ്‌ ചിത്രഗുപ്തന്‍ അപ്പൊത്തന്നെ തന്റെ ലാപ്ടോപ്പില്‍ സേവ് ചെയ്യില്ലേ? കാലാവധി തീരുമ്പോള്‍ ഒരാളെ വിട്ടു മേല്‍പടി പാപിയെ പൊക്കും. എന്നിട്ട് തന്റെ ആപ്പീസ്സില്‍ എത്തിച്ചു ലാപ്ടോപ്‌ തുറന്നു പാപത്തിന്റെ കണക്കെടുത്ത് അതില്‍ യമദേവനെക്കൊണ്ട് കൌണ്ടര്‍ സൈന്‍ ചെയ്യിപ്പിച്ചിട്ട് നേരെ നരകത്തിലേക്ക് റെഫര്‍ ചെയ്തുകളയും. അവിടെ എത്തിയാല്‍ പിന്നെ വറക്കലും പൊരിക്കലും.. ഹോ.... ഓര്‍ത്തിട്ടു പേടിയാകുന്നു...

ഇതൊക്കെയാണ് എനിക്ക് ക്രിസ്തു മതത്തിലോട്ടു ഒരു വലതുപക്ഷ ചായ്‌വ് ഉണ്ടാകാന്‍ കാരണം. തന്നെയുമല്ല എന്റെ ഓഫീസിന്റെ മുന്‍പിലൂടെ ഒരു മലയാളി യുവ സുന്ദരി എന്നും കോളേജില്‍ പോവുകയും അവളെ ഞാനും അവള്‍ എന്നെയും കടാക്ഷ ശരങ്ങള്‍ എയ്യുകയും പിന്നെ ആ ശരങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു "ലൈന്‍"ആയിത്തീരുകയും, അവള്‍ ഒരു യരുശലേം കന്യകയാണ്‌ എന്ന് മനസ്സിലാകുകയും, അവളുടെ പള്ളിയിലെ പേര് കത്രീന മറിയം തോമസ്‌ എന്നും വീട്ടില്‍ വിളിക്കുന്ന പേര് രമ്യ എന്നാണെന്ന് വ്യക്തമാവുകയും ചെയ്തതോടെ യേശുവിനോടും അദ്ദേഹത്തിന്‍റെ അനുയായികളോടും എനിക്കുള്ള ആരാധന മൂവാണ്ടന്‍ മാങ്ങപോലെ പെട്ടെന്ന് കേറി മൂത്തു.

കൂടുതല്‍ വിശദമായി അറിഞ്ഞപ്പോള്‍ അവള്‍ ഞങളുടെ യൂണിറ്റിലെ ഒരു മലയാളി ജെ സി ഒയുടെ മകളാണെന്നും എല്ലാ ഞായറാഴ്ചയും അടുത്തുള്ള പള്ളിയില്‍ വരാറുണ്ടെന്നും വെളിവായി. അതോടെ ഒരു ഹിന്ദുവായി ജനിച്ചതില്‍ എനിക്ക് "പുജ്ഞ്ജം" തോന്നി. ക്രിസ്ത്യാനി ആയിരുന്നെകില്‍ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകാമായിരുന്നു. വെളുത്ത കത്രീനയെ കാണാമായിരുന്നു. അവളോടൊപ്പം കുര്‍ബാന കൈ കൊള്ളാമായിരുന്നു. പക്ഷെ എന്ത് ചെയ്യാം ഞാനൊരു നായര്‍ കുല ജാതനായിപ്പോയില്ലേ? ....ഷിറ്റ് ...

ഏതായാലും അടുത്ത ഞായറിന് അമ്പലത്തില്‍ പോകുന്നതിനു പകരം ഞാന്‍ പള്ളിയിലോട്ട് വച്ച് പിടിച്ചു. ഞാന്‍ ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ എന്ന് ആരറിയാന്‍? അറിഞ്ഞാല്‍ തന്നെ എന്ത് കുഴപ്പം. ഈ നാട്ടില്‍ ആരാധനാ സ്വാതന്ത്ര്യം എല്ലാവര്ക്കും ഒരുപോലെയല്ലേ? ഞാന്‍ പള്ളിയില്‍ പോകണോ അമ്പലത്തില്‍ പോകണോ എന്ന് തീരുമാനിക്കുന്നത് ഞാനല്ലേ? പട്ടാളമാണോ? ഇതെന്താ വെള്ളരിക്കാ പട്ടാളമോ?

പള്ളിയിലെത്തിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചപോലെ തന്നെ കത്രീനയെ കണ്ടു. മറ്റു യരുശലേം കന്യകമാരുടെ കൂടെ അള്‍ത്താരയുടെ അരികിലുള്ള ഗായക സംഘത്തില്‍ ഒരു പാട്ട് പുസ്തകം പിടിച്ചു കൊണ്ട് നില്‍ക്കുന്നു.!! അള്‍ത്താരയുടെ മുന്‍പില്‍ തന്നെയുള്ള ഇരിപ്പിടത്തില്‍ ചെന്നിരുന്ന എന്നെ അവള്‍ കണ്ടു. ഇടക്കിടയ്ക്ക് ഓരോ കടാക്ഷ ശരമെയ്തു.. അത് കൊണ്ട ഞാന്‍ തരളിത പുളകനായി. പുളകിത ഗാത്രനായി..വേറെ ഏതാണ്ടൊക്കെ ആയി...

കുര്‍ബാന തുടങ്ങി. പള്ളിയിലെ നടപടി ക്രമങ്ങള്‍ വശമില്ലാതിരുന്ന ഞാന്‍ മറ്റുള്ളവര്‍ ചെയ്യുന്നത് ശ്രദ്ധിച്ചു..കൈകള്‍ മടിയില്‍ വച്ച് കണ്ണടച്ചിരിക്കുകയാണ് അവര്‍. ഞാന്‍ കണ്ണടക്കാതെ അവളെത്തന്നെ നോക്കിയിരുന്നു. അതുകണ്ട വികാരിയച്ചന്‍ എന്നെ കണ്ണുമിഴിച്ചു നോക്കി . ഉടനെതന്നെ ഞാന്‍ കണ്ണുകളടച്ച്‌ അവളെ എനിക്ക് കെട്ടിച്ചു തരാന്‍ അവളുടെ പിതാവിന് തോന്നിപ്പിക്കണേ എന്ന് യേശുവിനോട് മുട്ടിപ്പായി അപേക്ഷിച്ചു. സമയം കിട്ടുമ്പോള്‍ ഒരു കൂട് മെഴുക് തിരി കത്തിച്ചേക്കാം എന്ന് ഓഫര്‍ കൊടുക്കുകയും ചെയ്തു.

അല്പം കഴിഞ്ഞപ്പോള്‍ ആരോ എന്നെ തോണ്ടി..ഞാന്‍ കണ്ണുതുറന്നു. ഞാനൊഴികെ എല്ലാവരും എഴുനേറ്റു നിക്കുന്നു. ഞാനുടന്‍ എഴുനേറ്റു. അപ്പോഴതാ എല്ലാവരും ഇരിക്കുന്നു!!. കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും മുട്ട് കുത്തുന്നു.!!! എപ്പോള്‍ എഴുനേറ്റു നില്കണം, എപ്പോള്‍ മുട്ട് കുത്തണം എപ്പോള്‍ ആമീന്‍ പറയണം എന്നറിയാതെ ഞാന്‍ വല്ലാതെ പരിഭ്രമിച്ചു.

അള്‍ത്താരയില്‍ നില്‍ക്കുന്ന പട്ടാള ജെ സി ഓ കൂടിയായ വികാരിയച്ചന്‍ എന്റെ പമ്മലും പരുങ്ങലും വെപ്രാളവും ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്കു തോന്നി. ദൈവമേ കുഴപ്പമാകുമോ? പള്ളിയില്‍ വരുന്നതിനു മുന്‍പ് അവിടുത്തെ ചിട്ടവട്ടങ്ങള്‍ ഒന്ന് മനസ്സിലാക്കാതെയിരുന്നതില്‍ എനിക്ക് കുറ്റബോധം തോന്നി. ഹിന്ദുവായ ഞാന്‍ അമ്പലത്തില്‍ പോകാതെ പള്ളിയിലെത്തി അവിടുത്തെ ആരാധന ക്രമങ്ങള്‍ക്ക്‌ കടക വിരുദ്ധമായി പ്രവര്‍ത്തിച്ചു കുര്‍ബാനയ്ക്ക് തടസ്സമുണ്ടാക്കിയ വിവരം പട്ടാള മറിഞ്ഞാല്‍ ഇനിയുള്ള എന്റെ ആത്മീയ ജീവിതം ഇതോടെ ഭൌതീകമായിത്തന്നെ അവസാനിക്കും.

മുന്‍പില്‍ നില്‍ക്കുന്ന കത്രീനയും അവളുടെ കൂടെയുള്ള എസ് ജാനകിമാരും എന്റെ പരവേശം കണ്ടിട്ട് അടക്കി ചിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. പുറകില്‍ നിക്കുന്ന സത്യ ക്രിസ്ത്യാനികളും എന്റെ സര്‍ക്കസ്സ്‌ കാണുന്നുണ്ട് എന്നെനിക്കു മനസ്സിലായി. ഒരു വിധത്തില്‍ കുര്‍ബാന കഴിഞ്ഞു ഞാന്‍ പുറത്തു ചാടി ബാരക്കിലേക്ക് വച്ച് പിടിച്ചു. പിന്നീടൊരിക്കലും ഞാന്‍ പള്ളിയില്‍ പോയിട്ടില്ല.

എന്ത് പറഞ്ഞാലും അമ്പലം തന്നെയാ ഭേതം. തൊഴുതാല്‍ മാത്രം മതിയല്ലോ. ???