അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു ഫുള്‍ ടാങ്ക് പുട്ടും കടലയും അകത്താക്കി അടുത്തുള്ള ബസ് സ്റ്റോപ്പിലെത്തി അവിടെ ബസ് കാത്തു നില്‍ക്കുന്ന തരുണീ മണികളുടെ അംഗ ലാവണ്യം ആസ്വദിച്ചുകൊണ്ട് പണ്ട് പത്താം ക്ലാസിലെ ജീവശാസ്ത്ര പുസ്തകത്തിലെ "മനുഷ്യ ശരീര ഭാഗങ്ങളും അതിന്റെ ധര്‍മങ്ങളും"എന്ന പാഠത്തിന്റെ റിവിഷന്‍ നടത്തുകയെന്നത് എന്റെയും കൂട്ടുകാരുടെയും ഹോബിയായിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം ഞാനും മാത്തപ്പനും റസാഖും റോഡിനടുത്തുള്ള കലുങ്കില്‍ ഇരുന്നു റിവിഷന്‍ നടത്തുമ്പോള്‍ ഒരു പോലീസ് ജീപ്പ് പാഞ്ഞു വന്നു സഡന്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും രണ്ടു പോലീസ്സുകാര്‍ ഇറങ്ങി ഞങള്‍ ഇരുന്ന കലുങ്കിന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ഞങ്ങള്‍ മൂന്നു പേരെയും ആകെയൊന്നു വീക്ഷിച്ചു.
പോലീസുകാരുടെ നോട്ടവും ഭാവവും കണ്ട മാത്തപ്പന്‍ ഓടാന്‍ പാകത്തിലുള്ള കുറുക്കു വഴി നോക്കി ഉറപ്പു വരുത്തിയിട്ട് ഏതു സമയവും പുറപ്പെടാന്‍ പാകത്തില്‍ സൂപ്പറ് ഫാസ്റ്റു ബസ്സിന്റെ ഡ്രൈവറെപ്പോലെ തയാറായി നിന്നു. റസാഖ് എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങി. ഞാനാകട്ടെ ഒരു പട്ടാളക്കാരന്റെ ഗൌരവം ഒട്ടും കളയാതെ ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തില്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു ജീന്‍സ്ധാരിണിയുടെ റിവിഷന്‍ തുടന്നു കൊണ്ടിരുന്നു.
അല്ലെങ്കില്‍ തന്നെ പട്ടാളക്കാരനായ ഞാന്‍ എന്തിനു പോലീസുകാരെ കണ്ടു ഭയപ്പെടണം? അതിനു തക്ക കുറ്റങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ. കലുങ്കില്‍ ഇരുന്നു പെണ്‍കുട്ടികളെ വെറുതെ നോക്കുന്നതും ചെറിയ ചെറിയ കമന്ടടിക്കുന്നതും കുറ്റമാണോ? അതൊക്കെ എല്ലാ ചെറുപ്പക്കാരും ചെയ്യുന്നതല്ലേ?അങ്ങനെയുള്ള കമന്ടടികള്‍ ആസ്വദിക്കാത്ത പെണ്‍കുട്ടികളുണ്ടോ?.... അഥവാ അത് കുറ്റമാണ് എന്ന് ഏതെങ്കിലും ചെറുപ്പക്കാരായ ആണുങ്ങള്‍ (പൊലീസുകാര്‍) പറയുമോ?.... അങ്ങനെ പറഞ്ഞാല്‍ ആ മാന്യ ദേഹത്തിന്റെ തന്ത്ര പ്രധാനമായ യന്ത്രഭാഗങ്ങള്‍ക്ക് കാര്യമായ എന്തെങ്കിലും ഏനക്കേട് വന്നിട്ടുള്ള ആളായിരിക്കണം. ഏതായാലും ഞാന്‍ പോലീസുകാര്‍ അടുത്തെത്തിയിട്ടും അവരെ മൈന്‍ഡ് ചെയ്യാതെ എന്‍റെ റിവിഷന്‍ പൂര്‍വാധികം ഭംഗിയോടെ തുടര്‍ന്നു.
"ആരാടാ ഈ രഘുനാഥന്‍?" ഒരു പോലീസുകാരന്റെ ഘന ഗംഭീരമായ ശബ്ദം കേട്ട ഞാന്‍ ഒന്ന് ഞെട്ടി. എന്‍റെ പേര്‍ എങ്ങിനെ ഈ കശ്മലനു കിട്ടി? ...വേറെ ഏതെങ്കിലും രഘുനാഥനെ തിരഞ്ഞു വന്നതാണോ ഇവര്‍? ഒരു പക്ഷെ അങ്ങനെ ആകാനാണ് വഴി. ഞാന്‍ ഒരു പട്ടാളക്കാരന്‍ ആണെന്നുള്ള വിവരം ഇവര്‍ക്ക് അറിയില്ലായിരിക്കാം. ........പാവങ്ങള്‍...!! ഞാന്‍ റിവിഷന്‍ തുടര്‍ന്നു...
"എന്താടാ ചോദിച്ചത് കേട്ടില്ലേ? നിങളില്‍ ആരാ പട്ടാളക്കാരന്‍ രഘുനാഥന്‍? " കൂടെ നിന്ന ആജാനു ബഹുവായ പോലീസ്സുകാരന്‍ അമറുന്ന സ്വരത്തില്‍ ചോദിച്ചതോടെ ഓടാന്‍ തയ്യാറായി നിന്ന മാത്തപ്പന്‍ ഓട്ടം തത്കാലം ക്യാന്‍സല്‍ ചെയ്തിട്ട് ആശ്വാസത്തോടെ കൈ എന്‍റെ നേരെ ചൂണ്ടി....പട്ടാളക്കാരന്‍ രഘുനാഥനെയാണ് പോലീസ്സുകാര്‍ തിരക്കുന്നത് എന്ന് മനസ്സിലായ ഞാന്‍ ഇത്തവണ കാര്യമായിത്തന്നെ ഞെട്ടി. റിവിഷന്‍ നടത്തികൊണ്ടിരുന്ന പാഠഭാഗങ്ങള്‍ പെട്ടെന്ന് മറന്നു. ജീന്‍സ്ധാരിണിയും പരിവാരങ്ങളും പോകേണ്ട വണ്ടി വന്നിട്ടും കേറാതെ ഞങളെ ശ്രദ്ധിച്ചു കൊണ്ട് അവിടെതന്നെ നിന്നു. ചായക്കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ കാര്യമറിയാന്‍ അടുത്ത് കൂടി. ഈ ലാക്കില്‍ റസാഖ് ആരുമറിയാതെ മുങ്ങി. മാത്തപ്പന്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കയ്യും കെട്ടി മാറി നിന്നു.
"നീയാണോടാ പട്ടാളക്കാരന്‍ രഘുനാഥന്‍? വണ്ടിയിലോട്ടു കേറിക്കോ..... നിന്നെ എസ് ഐ ഏമാന് ഒന്ന് കാണണമെന്ന്..." ജീപ്പിന്റെ പുറകിലെ ഡോര്‍ തുറന്നു കൊണ്ട് പോലീസ്സുകാരന്‍ പറഞ്ഞപ്പോള്‍ അത്രയും നേരം ജീവന്‍ടോണ്‍ പരസ്യത്തില്‍ മസ്സില് പിടിച്ചു നില്‍ക്കുന്ന ആളെപ്പോലെ ഞെളിഞ്ഞു നിന്ന ഞാന്‍ കാറ്റ് പോയ ബലൂണ്‍ പോലെ ചുരുങ്ങി....പോലീസ്സ് വണ്ടി കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഇതുവരെ കേറിയിട്ടില്ല... എസ് ഐ ഏമാനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും പോലീസ് സ്റ്റെഷന്റെ ഉള്ളില്‍ വച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല.... ലോക്കപ്പ് മുറി സിനിമയില്‍ കണ്ടിട്ടുള്ളതല്ലാതെ യാതൊരു പരിചയവുമില്ല. ..ഞാന്‍ ആസകലം വിയര്‍ത്തു...ഒരു സഹായത്തിനു വേണ്ടി ചുറ്റും നോക്കി...മാത്തപ്പന്റെ പൊടി പോലുമില്ല. കാണികളെല്ലാം പട്ടാളത്തിനെ പോലീസ്സ് പിടിക്കുന്ന അസുലഭ ദൃശ്യം കണ്‍നിറയെ കാണുകയാണ്..മറ്റൊരു പോംവഴിയും കാണാതെ ഞാന്‍ മെല്ലെ ജീപ്പിനുള്ളിലേക്ക് കടന്നു..എന്നെയും കൊണ്ട് പോലീസ്സ് ജീപ്പ് സ്റ്റേഷന്‍ ലാക്കാക്കി പാഞ്ഞു.....
വണ്ടിക്കുള്ളില്‍ പൊലീസുകാര്‍ പലതും പറയുകയും ചിരിക്കുകയും ചെയ്തു. ഞാന്‍ പൂച്ചയുടെ മുന്‍പില്‍ അകപ്പെട്ട എലിയെപ്പോലെ സീറ്റില്‍ ചുരുണ്ടിരുന്നു. ഈ കാലമാടന്മ്മാര്‍ എന്ത് കുറ്റത്തിനാണ് എന്നെ പിടിച്ചു കൊണ്ട് പോകുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. തെളിയാത്ത ഏതെങ്കിലും കുറ്റം എന്‍റെ തലയില്‍ ഇവര്‍ കെട്ടി വയ്കുമോ?.. അതോ എനിക്ക് വല്ല തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാകുമോ?...ചെയ്യാത്തെ കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ്സുകാര്‍ മൂന്നാംമുറ പ്രയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്...ദൈവമേ അങ്ങനെ വല്ലതും ഇവര്‍ ചെയ്യുമോ? മൂന്നാംമുറ പോയിട്ട് ഒന്നാം മുറ തുടങ്ങുമ്പോള്‍ തന്നെ എന്‍റെ കാറ്റ് പോകും... ഇപ്പോഴത്തെ എസ് ഐ വലിയ ചൂടനാനെന്നും കയ്യില്‍ കിട്ടുന്നവര്‍ക്ക് ആദ്യംതന്നെ രണ്ടെണ്ണം പൊട്ടിക്കുന്ന സ്വഭാവക്കാരന്‍ ആണെന്നും ഒരു ജനസംസാരമുണ്ട്. അങ്ങനെയാണെങ്കില്‍ ഞാന്‍ പട്ടാളക്കാരന്‍ ആണെന്നും ലീവിന് വന്നതാണെന്നും പറയുന്നതിന് മുന്‍പ് തന്നെ എനിക്ക് തല്ലു കിട്ടുമായിരിക്കും..ദൈവമേ ഇതുവരെ ആരുടെ കയ്യില്‍ നിന്നും തല്ലു വാങ്ങാത്ത ഞാന്‍ ചെയ്യാത്തെ കുറ്റത്തിന് പോലീസിന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങുമല്ലോ...ഞാനിതെങ്ങനെ സഹിക്കും..എന്‍റെ അമ്മയും അച്ഛനും എങ്ങനെ സഹിക്കും?...എനിക്ക് ചെറിയ മൂത്രശങ്ക തോന്നി...
വണ്ടി പോലീസ് സ്റ്റെഷന്റെ മുറ്റത്തു എത്തി ഇരച്ചു നിന്നു..ഞാന്‍ പുറത്തിറങ്ങി ചുറ്റും നോക്കി. ചിലര്‍ വരാന്തയിലും മറ്റും നില്‍ക്കുന്നുണ്ട്. ... അവരൊക്കെ എന്നെ എന്തോ വലിയ പാതകം ചെയ്ത രീതിയില്‍ നോക്കുന്നുണ്ട്...ഒരു പോലീസ്സുകാരന്‍ ഇറങ്ങി വന്നു ഞങളെ കണ്ട ഉടന്‍ അകത്തേക്ക് കയറിപ്പോയി...എസ് ഐ എമാനോട് എന്നെ കൊണ്ടുവന്ന വിവരം പറയാന്‍ പോയതായിരിക്കും...എനിക്ക് മൂത്രശങ്ക കലശലായി.....രാവിലെ ഇറങ്ങുമ്പോള്‍ കണികണ്ട കേശവന്‍ ചേട്ടനെ ഞാന്‍ മനസ്സാ പ്രാകി..കണി മോശമായതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്?.ഒരു നല്ല കാര്യത്തിന് പോയ ഞാന്‍ വന്നു പെട്ടിരിക്കുന്നത് പോലീസ് സ്റ്റേഷനില്‍..എങ്ങനെ പ്രാകാതിരിക്കും?...
എസ് ഐ ഏമാന്റെ മുറിയുടെ ഹാഫ് ഡോര്‍ അടഞ്ഞു കിടക്കുന്നു....പോലീസ്സുകാര്‍ എന്നെ നേരെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി...അവിടെ മറ്റു മൂന്നു നാല് പൊലീസുകാര്‍ കൂടി ഇരിക്കുന്നുണ്ട്. എസ് ഐ ഇടിക്കുന്നതിനു മുന്‍പ് ഇവരെല്ലാവരും എന്നെ കൈ വയ്കുമായിരിക്കും..ഒരു പട്ടാളക്കാരനെ ഫ്രീയായി ഇടിക്കാന്‍ കിട്ടുന്ന അവസരമല്ലേ..ഇടി തുടങ്ങുന്നതിനു മുന്‍പ് ഒന്ന് മൂത്രമൊഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍...ഞാന്‍ ചുറ്റും നോക്കി..
പെട്ടെന്നാണ് അവിടിരിക്കുന്ന ഒരു പോലീസ്സുകാരനെ ഞാന്‍ ശ്രദ്ധിച്ചത്..എന്നെത്തന്നെ നോക്കി ഊറി ചിരിക്കുകയാണ് അയാള്‍..കണ്ടിട്ട് നല്ല പരിചയം...പക്ഷെ എങ്ങനെ..എവിടെവച്ച് എന്ന് ഓര്‍ക്കാന്‍ പറ്റുന്നില്ല.... മുങ്ങിച്ചാകാന്‍ പോകുന്നവന് കച്ചിത്തുരുമ്പ് കിട്ടിയതുപോലെ ഒരാശ്വാസം എനിക്ക് തോന്നി... ഒരു നിമിഷം....അയാളുടെ മുഖഭാവം മാറി..എന്നിട്ട് ഒറ്റ അലര്‍ച്ച!!!
" ഫാ പുല്ലേ....നീ രക്ഷപെട്ടു എന്ന് കരുതി അല്ലെ?"
അതോടെ ഞാന്‍ പ്രയാസപ്പെടു പിടിച്ചു വച്ചിരുന്ന ശങ്ക ഉടന്‍ പിടി വിടുമെന്ന് എനിക്കുറപ്പായി...കണ്ടന്‍ പൂച്ചയുടെ മുന്‍പില്‍ പെട്ട പെരുച്ചാഴിയെപ്പോലെ ഞാന്‍ വിറച്ചു...ബോധം കെടുമോ എന്ന മറ്റൊരു ശങ്ക കൂടി എനിക്ക് തോന്നി.
എന്‍റെ ഭാവം കണ്ട പൊലീസുകാര്‍ പെട്ടെന്ന് പൊട്ടിച്ചിരിച്ചു...എനിക്ക് പരിചയം തോന്നിയ പോലീസ്സുകാരന്‍ എഴുനേറ്റു എന്‍റെ അടുത്ത് വന്നു...എന്നിട്ട് പറഞ്ഞു "ഡാ രഘൂ ..നിനക്കെന്നെ മനസ്സിലായില്ലേ? ഞാന്‍ പഴയ ബാബുവാടാ ...പ്രീ ഡിഗ്രിക്ക് എസ് ഡി കോളേജില്‍ ഒന്നിച്ചു പഠിച്ചില്ലേ ..അവന്‍ തന്നെ.. ഇവിടെ ചാര്‍ജ് എടുത്തിട്ടു ഒരാഴ്ച്ചയെ ആയുള്ളൂ .. നീ വന്ന വിവരം ഇന്നലെ മാത്തപ്പനാ വിളിച്ചു പറഞ്ഞത്.. അപ്പൊ നിനക്കൊരു സര്‍പ്രൈസ് ആകട്ടെന്നു കരുതിയാ ഈ നാടകം ഒപ്പിച്ചത്...നീ രാവിലെ ബസ്റ്റോപ്പിലെ കലുങ്കില്‍ കാണുമെന്നു മാത്തപ്പനാ എന്നോട് പറഞ്ഞത്...സോറി കേട്ടോ...
ദ്രോഹി മാത്തപ്പാ....അപ്പോള്‍ ഇത് നിന്‍റെ പ്ലാനിങ്ങായിരുന്നു അല്ലെ? ഞാന്‍ അങ്ങോട്ടൊന്നു വന്നോട്ടെ...എന്നിട്ട് ബാക്കി കാര്യം. പോലീസുകാരുടെ കൂട്ടച്ചിരിക്കിടയില്‍ ഞാന്‍ മൂത്രപ്പുര ലാക്കാക്കി പാഞ്ഞു. .