പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ കേരളാ പോലീസിന്റെ സംസ്ഥാന സമ്മേളനം എന്നു പറഞ്ഞത് പോലെയായി കാര്യങ്ങള്‍. രണ്ടു മാസത്തെ ലീവ് കഴിഞ്ഞു ഫ്രഷ് ആയി തിരിച്ചു കാശ്മീരില്‍ എത്തിയ ഞാന്‍ അനശ്വര നടന്‍ ജയനെപ്പോലെ "ഒരു ഉഗ്രവാദിയെ കിട്ടിയിരുന്നെങ്കില്‍.. വെടിവച്ച് കൊല്ലാമായിരുന്നൂ...."എന്ന ആഗ്രഹത്തോടെ നടക്കുമ്പോഴാണ് ആര്‍മി തമ്പുരാന്‍ ഡല്‍ഹിയില്‍ നിന്നയച്ച ആ കുറിമാനം എനിക്ക് കിട്ടിയത്. അത് വായിച്ച ഞാന്‍ മന്ത്രിസ്ഥാനം പോയ എം എല്‍ എ യെപ്പോലെ ശബ്ദമില്ലാതെ ഞെട്ടി. എന്നിട്ട് വിറയ്ക്കുന്ന കരങ്ങളോടെ കുറിമാനം വായിച്ചു..
വില്ലന്‍ വില്ലാളി വീരന്‍, വീരന്‍ വീരമണി കണ്ടന്‍ എന്നീ വിശേഷണങ്ങള്‍ക്ക് തികച്ചും അനുയോജ്യനും രഘുനാഥന്‍ എന്ന വിളിപ്പേരുമുള്ള താങ്കളെ തെര്യപ്പെടുത്തുന്നതെന്തെന്നാല്‍, കാശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി താങ്കള്‍ ചെയ്ത വന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ച് കൊണ്ടും ,ഇത്രയും നാളായിട്ടും ഏതെങ്കിലും ഉഗ്രവാദിയെക്കൊണ്ട് "ഛീ പോ" എന്നു പോലും പറയിക്കാന്‍ താങ്കള്‍ ഇടയാക്കാത്തത് കൊണ്ടും, ഇനിയും ഇവിടെ നിന്നാല്‍ ഏതെങ്കിലും ഉഗ്രവാദിക്കു താങ്കള്‍ പണിയാകും എന്നുള്ള കാര്യം മുന്‍കൂട്ടി മനസ്സിലാക്കിക്കൊണ്ടും ഇനിയുള്ള താങ്കളുടെ സേവനങ്ങള്‍ കൊതുകുകളുടെ സ്വന്തം നാടായ കേരളത്തിനു അത്യന്തം ആവശ്യമായിരിക്കുന്നതായി ബോധ്യപ്പെട്ടതു കൊണ്ടും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താങ്കളെ ഏല്‍പ്പിച്ചിട്ടുള്ള സകലവിധ ഇടപാടുകളും പൂര്‍ത്തിയാക്കി പെട്ടിയും പ്രമാണവും എടുത്ത് കേരളത്തില്‍ ........ എന്നു പേരായ സ്ഥലത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ യൂണിറ്റില്‍ പോയി ഹാജര്‍ രേഖപ്പെടുത്തണമെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു...
ദൈവമേ.... എന്തൊരു പരീക്ഷണം.
കേരളത്തില്‍ പോകാന്‍ അവസരം കിട്ടിയതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത് എന്നു വായനക്കാരായ നിങ്ങള്‍ ന്യായമായും സംശയിച്ചേക്കാം. പക്ഷെ എങ്ങനെ സന്തോഷിക്കും?. എന്തൊക്കെയായാലും കശ്മീരില്‍ ഉഗ്രവാദികളെ മാത്രം പേടിച്ചാല്‍ മതി. അവരുടെ കൈകൊണ്ടു അന്തസ്സായി വെടിയേറ്റു മരിക്കാം. അവിടെക്കിടന്നു മരിച്ചാല്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കൊടുത്ത ധീര ജവാന്‍ രഘുനാഥനായി ഞാന്‍ മാറും! ചിലപ്പോള്‍ പരമ വീര ചക്രമോ അശോക ചക്രമോ ഇതൊന്നുമില്ലെങ്കില്‍ "ലക്ഷക്കണക്കിന് വെറും ചക്രമോ" കിട്ടും. ശരീരം വിമാനത്തില്‍ കയറ്റി നാട്ടിലെത്തിക്കുമ്പോള്‍ സ്വീകരിക്കാന്‍ മന്ത്രിമാര്‍ വരും. നാട്ടില്‍ വീര ജവാന്‍ രഘുനാഥന് സ്മാരകങ്ങള്‍ ഉയരും. ചുരുക്കത്തില്‍ പറഞ്ഞാല്‍ മരണശേഷം ഞാനൊരു ഒരു മഹാപ്രസ്ഥാനമായി മാറും.!!
ഇനി കേരളത്തില്‍ വന്നാലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. ഒന്നുകില്‍ കൊതുക് കടിയേറ്റു ഞാന്‍ കൊതുക് നാണപ്പനായി മാറും. അല്ലെങ്കില്‍ പന്നിപ്പനി, ഡെങ്കിപ്പനി, കോഴിപ്പനി മുതലായ പനികള്‍ പിടിച്ചു പാപ്പരായി സര്‍ക്കാര്‍ ആശുപത്രികളില്‍ "നിരീക്ഷണത്തില്‍" ആവും. അതുമല്ലെങ്കില്‍ ഏതെങ്കിലും കൊട്ടേഷന്‍ ടീമിന്റെ "എസ് " ആകൃതിയിലുള്ള ആക്രമണത്തിനു വിധേയമായി റോഡില്‍ കിടക്കും. പോലീസ്സുകാര്‍ എന്റെ ബൈക്കിന്റെ സൈഡ് ബോക്സില്‍ നിന്നും റമ്മിന്റെ കുപ്പിയും അച്ചാറും ചിപ്സും പഴയ അണ്ടര്‍ വെയറും കണ്ടെടുക്കും. എന്റെ ബൈക്കിന്റെ പുറകില്‍ ഒട്ടിച്ചിരിക്കുന്ന സിനിമാ നടിയുടെ പടം എങ്ങിനെ അവിടെയെത്തി എന്നുള്ളത് ചാനലുകാര്‍ വിശകലം ചെയ്യും. അതിനിടയില്‍ എന്നെ ആക്രമിച്ച കൊട്ടേഷന്‍ പാര്‍ട്ടിക്കാര്‍ എത്യോപ്പ്യയിലെക്കോ ഉഗാണ്ടയിലെക്കോ രക്ഷപ്പെടും. എന്നെപ്പറ്റി നീണ്ട കഥകളും നീളാത്ത കഥകളും രചിക്കപ്പെടും. കഥയുടെ അവസാനം ഞാന്‍ കഥാവശേഷനാവുകയും എന്റെ കുടുംബം "കഥയില്ലാത്തവര്‍" ആവുകയും ചെയ്യും.
എന്തായാലും ആര്‍മി തമ്പുരാന്റെ കല്പന നമ്മുടെ നാട്ടിലെ ഗവര്‍മെന്റ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്നത് പോലെയുള്ള ലൊടുക്കു കല്പനയല്ല. ഏതു പട്ടാളക്കാരനും അത് അനുസരിച്ചേ മതിയാകൂ. അതുകൊണ്ട് നാല് വര്‍ഷത്തെ കശ്മീര്‍ വാസം മതിയാക്കി ഞാന്‍ കേരളവാസത്തിനായി വണ്ടി കയറിയ വിവരം ഇതിനാല്‍ വിളംബരം ചെയ്തുകൊള്ളുന്നു.
കേരളാ എക്സ്പ്രസ്സ് എന്ന സൂപ്പറല്ലാത്ത ഫാസ്റ്റ് വണ്ടിയിലെ എസ് -ഫോര്‍ ബോഗിയില്‍ സൈഡ് സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു മലയാള പത്രത്തിലെ "കൊട്ടേഷന്‍ കഥകള്‍" വായിക്കുകയാണ് ഞാന്‍. വണ്ടി കേരളത്തില്‍ ഏതോ സ്റ്റേഷനില്‍ എത്തി. ആളുകള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നു. മഴ ചാറുന്നുണ്ട്. ഞാന്‍ സൈഡ് ഗ്ലാസ് താഴ്ത്തി വച്ചിട്ട് വീണ്ടും ഗുണ്ടാ ചരിത പാരായണം തുടങ്ങി.
"ഹേ.. ഈ കാലൊന്ന് ഒതുക്കി വയ്ക്ക്. ഇതെന്താ സര്‍ക്കാര്‍ ആശുപത്രിയാണോ നീണ്ടു നിവര്‍ന്നു കിടക്കാന്‍?"
ശബ്ദം കേട്ട് ഞാന്‍ പത്രത്തില്‍ നിന്നും കണ്ണെടുത്തു. എന്റെ മുന്‍പില്‍ നെടുങ്ങനെ നില്‍ക്കുന്ന ഒരു ഭീകര രൂപിയെക്കണ്ട് ഞാന്‍ ഞെട്ടി. കറുത്തു തടിച്ച്, കൊമ്പന്‍ മീശയും ചുവന്ന ഉണ്ട കണ്ണുകളുമുള്ള ഒരാള്‍. അയാളുടെ ചെവിയില്‍ വലിയ രോമങ്ങള്‍ എഴുന്നു നില്ലുന്നു. ഒരു കയ്യില്‍ നീളമുള്ള എന്തോ ഒന്നു കടലാസില്‍ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. മറ്റെക്കയ്യില്‍ ഒരു പഴയ ബാഗ്. അത് നിറയെ എന്തൊക്കെയോ സാധനങ്ങള്‍.! വെള്ള മുണ്ടും ചുവന്ന ഷര്‍ട്ടും വേഷം. ഷര്‍ട്ടിന്റെ കയ്യുകള്‍ തെറുത്തു കയറ്റി വച്ചിരിക്കുന്നു. നെറ്റിയില്‍ ഒരു മുറിവിന്റെ പാട്. കണ്ടിട്ട് കുഞ്ഞിക്കൂനന്‍ സിനിമയില്‍ സായികുമാറിന്റെ ലുക്ക്. ! അതായത് ഒരു ഗുണ്ടാ ലുക്ക് !!
കൊട്ടേഷന്‍ കഥകളില്‍ വിവരിച്ചിരിക്കുന്ന അതെ രൂപത്തിലുള്ള ഒരാള്‍! അങ്ങനെ ഒരാളെ അപ്രതീക്ഷിതമായി നേരിട്ട് കണ്ട ഞാന്‍ സീറ്റില്‍ നിന്നും അറിയാതെ എണീറ്റു പോയി. അയാള്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് ഞാനിരുന്ന സീറ്റിന്റെ മറ്റേ അറ്റത്തിരുന്നു. കടലാസില്‍ പൊതിഞ്ഞ നീളമുള്ള സാധനം അടുത്തു ചാരിവച്ചു. ബാഗ് സീറ്റിന്റെ നടുവില്‍ വച്ചു. എന്നിട്ട് പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് ഡയല്‍ ചെയ്തിട്ട് ആരോടോ സംസാരം തുടങ്ങി. രണ്ടു മിനിട്ട് സംസാരം കഴിഞ്ഞപ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ട് ആ ഭീകരന്‍ ഫോണിലൂടെ ഒറ്റ അലര്‍ച്ച...
"എന്ത് ?.... സമ്മതിക്കുന്നില്ലന്നോ?..... ഇടിച്ചു നിരപ്പാക്കടാ"
ദൈവമേ ഇയാള്‍ ഗുണ്ടാ തലവന്‍ തന്നെ. ഏതോ ഹതഭാഗ്യനെ ഇടിച്ചു നിരപ്പാക്കാന്‍ തന്റെ ശിങ്കിടികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയാണ്. അതുകൊണ്ടല്ലേ ഞാന്‍ സീറ്റില്‍ കിടന്നതിന് എന്നെ ഇയാള്‍ ശാസിച്ചത്?. കത്തിയും വടിവാളും ഒക്കെയായിട്ടാണ് ഇവര്‍ നടക്കുന്നതെന്നാണ് പത്രത്തില്‍ എഴുതിയിരിക്കുന്നത്. ഒരാളെ കൊല്ലാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ വേണ്ടാ എന്നും എഴുതിയിട്ടുണ്ട്. അയാളുടെ അടുത്ത് കടലാസില്‍ പൊതിഞ്ഞു ചാരി വച്ചിരിക്കുന്നത് വടിവാള്‍ തന്നെയാകണം. ബാഗില്‍ നിറച്ചു വച്ചിരിക്കുന്നത് ബോംബ് ആണോ. ഭാഗ്യത്തിനാണ് സീറ്റില്‍ കിടന്ന കുറ്റത്തിന് എന്നെ കുത്താതിരുന്നത്. ഗുണ്ടകള്‍ക്ക് പട്ടാളമെന്നോ പോലീസ്സെന്നോ ഉണ്ടോ? കത്തി കേറ്റാന്‍ ഒരാളെ കിട്ടിയാല്‍ പോരെ?? എന്നൊക്കെ ആലോചിച്ചു വിറച്ചുപോയ ഞാന്‍ പകപ്പോടെ ചുറ്റും നോക്കി.
ബോഗിയില്‍ ആളുകള്‍ പൊതുവേ കുറവാണ്. ഞാനിരുന്ന ക്യാബിനില്‍ എന്നെ കൂടാതെ ആ ഭീകരനും വൃദ്ധരായ മറ്റു രണ്ടു പേരും മാത്രമാണുള്ളത്. വൃദ്ധര്‍ രണ്ടും താഴെയുള്ള സീറ്റുകളില്‍ കിടന്നു കൂര്‍ക്കം വലിക്കുന്നു. അടുത്തുള്ള ക്യാബിനില്‍ ഉള്ളവരൊക്കെ വശങ്ങളിലാണ് ഇരിക്കുന്നത്. അത് കൊണ്ട് കാണാന്‍ പറ്റുന്നില്ല. വേറൊരു സീറ്റിലേയ്ക്ക് മാറിയാലോ എന്നു ഞാന്‍ ആലോചിച്ചു. പക്ഷെ ആ ഭീകരന്‍ ഇരിക്കുന്ന സീറ്റിനടിയിലാണ് എന്റെ സ്യുട്ട് കേസ് വച്ചിരിക്കുന്നത്. ഞാന്‍ അല്പം പേടിയോടെ അയാളെ ശ്രദ്ധിച്ചു.
" കയ്യോ ? വെട്ടിമാറ്റെടാ അവന്റെ കൈ"
മൊബൈലില്‍ കൂടി ഭീകരന്റെ അടുത്ത ആജ്ഞ കേട്ടതോടെ ഞാന്‍ സീറ്റില്‍ നിന്നും പതുക്കെ എഴുനേറ്റു. ഇവിടെ ഇരുന്നാല്‍ ചിലപ്പോള്‍ ഇയാള്‍ ദേഷ്യം തീര്‍ക്കാന്‍ എന്റെ കൈ വെട്ടി മാറ്റാനും മടിക്കില്ല എന്നെനിക്ക് ഉറപ്പായി. ട്രെയിന്‍ വിട്ടു കഴിഞ്ഞു. ആരുമില്ലല്ലോ ഒരു സഹായത്തിന്? പുറത്തു നല്ല മഴ. അടുത്ത സീറ്റില്‍ ഉറങ്ങുന്ന വൃദ്ധര്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. അറിഞ്ഞാലും എന്ത് ചെയ്യാന്‍? എന്നെപ്പോലെ നാല് പേര് പിടിച്ചാല്‍ നില്‍ക്കുന്ന സൈസല്ല അയാളെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ഇയാളുടെ സീറ്റിന്റെ അടിയിലാണ് എന്റെ പെട്ടി. അതിന്റെ പുറത്തു ചവിട്ടിയാണ് ആ കാലമാടന്‍ ഇരിക്കുന്നത്. ആ പെട്ടി എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ വേറെ എങ്ങോട്ടെങ്കിലും മാറി ഇരിക്കാമായിരുന്നു. ഞാന്‍ പൂച്ചയുടെ മുന്‍പില്‍ അകപ്പെട്ട എലിയെപ്പോലെ നിന്ന് അയാളെയും അയാളുടെ പെരുത്ത കാലിന്റെ അടിയില്‍ പെട്ട് ഞെരുങ്ങുന്ന എന്റെ പെട്ടിയേയും മാറി മാറി നോക്കി.
അല്ലെങ്കില്‍ സ്യുട്ട് കേസ് അവിടെ ഇരിക്കട്ടെ. ജീവന്‍ ഉണ്ടെങ്കിലല്ലേ അതിന്റെ ആവശ്യം വരൂ? ആദ്യം ഈ ഗുണ്ടയുടെ മുന്‍പില്‍ നിന്നും രക്ഷപ്പെടാം. ഞാന്‍ തീരുമാനിച്ചു. എന്റെ പല വിലപിടിച്ച സാധനങളും അടങ്ങുന്ന പെട്ടിയെ ദയനീയമായി ഒരിക്കല്‍ കൂടി നോക്കിയിട്ട് ഞാന്‍ അയാളുടെ കണ്ണില്‍ പെടാതെ സൂത്രത്തില്‍ അവിടുന്ന് രക്ഷപ്പെട്ടു. എന്നിട്ട് കുറച്ചു ദൂരെയുള്ള വാതിലിനരുകില്‍ പെട്ടി കാണാവുന്ന രീതിയില്‍ നിലയുറപ്പിച്ചു. ഭീകരന്‍ അപ്പോഴും ഫോണിലൂടെ ആജ്ഞകള്‍ അനുയായികള്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ അടുത്ത സ്റ്റേഷന്‍ എത്തി. ട്രെയിന്‍ നിറുത്തിയ ഉടന്‍ ഞാന്‍ പുറത്തിറങ്ങി. ഭാഗ്യത്തിന് അവിടെ ഒരു പോലീസുകാരന്‍ നില്പുണ്ടായിരുന്നു. എങ്ങനെയും പെട്ടി എടുക്കണ മെന്നുള്ളതിനാല്‍ വടിവാളും ബോംബുമായി പട്ടാപ്പകല്‍ പരസ്യമായി തീവണ്ടി യാത്ര ചെയ്യുന്ന ഗുണ്ടാത്തലവന്റെ വിവരം പോലീസുകാരനെ ധരിപ്പിച്ചു. എന്റെ വിവരണങ്ങള്‍ കേട്ട അയാള്‍ കയ്യിലിണ്ടായിരുന്ന വിസില്‍ നീട്ടിയടിച്ചു. ഉടന്‍ രണ്ടു മൂന്നു പോലീസുകാര്‍ പാഞ്ഞെത്തി. അവര്‍ ബോഗിയിലേക്കു ചാടിക്കയറി. ഇത് കണ്ട ബോഗിയിലെ മറ്റു യാത്രക്കാര്‍ പരിഭ്രമിച്ചു . ആ ഇരിക്കുന്നത് ഒരു കൊടും ഗുണ്ടാത്തലവന്‍ ആണെന്നും അയാളെ ഞാനാണ് പോലീസുകാര്‍ക്ക് കാട്ടിക്കൊടുത്തതെന്നും അറിഞ്ഞപ്പോള്‍ എന്നെ ചിലര്‍ അമ്പരപ്പോടെ നോക്കി. ഞാനൊരു ജവാനാണ് എന്നു പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകളിലെ അമ്പരപ്പ് ആദരവായി മാറുന്നത് ഞാന്‍ കണ്ടു.
പോലീസ്സുകാര്‍ അയാളുടെ അരികില്‍ കടലാസില്‍ പൊതിഞ്ഞു ചാരി വച്ചിരിക്കുന്ന വടിവാള്‍ പോലെ നീളമുള്ള സാധനവും ബോംബ് നിറച്ച ബാഗും പിടിച്ചെടുത്തു. അതിനുള്ളില്‍ നിന്നും പുറത്തു വന്ന സാധങ്ങള്‍ കണ്ടു പോലീസ്സുകാര്‍ ഞെട്ടി. ഒപ്പം കണ്ടു നിന്നവരും..
ഒരു മുഴക്കോല്‍ ! (കെട്ടിടം പണിയുന്നവര്‍ ഉപയോഗിക്കുന്നത്) ബാഗില്‍ നിന്നും രണ്ടു മൂന്ന് കരണ്ടികള്‍!! പിന്നെ തൂക്ക് കട്ട, നൂല് , ചെറിയ പ്ലാസ്റ്റിക് പൈപ്പ്. കൂടാതെ വട്ടത്തില്‍ ചുറ്റി വയ്കാന്‍ പറ്റുന്ന ഒരു ടേപ്പും.!!!
"പൊന്നേമാനെ. ഞാന്‍ കെട്ടിടം പണിയുന്ന ആളാ. ഞാന്‍ പണിയുന്ന കെട്ടിടത്തിന്റെ അടുത്ത് ഒരു ചെറിയ മതിലുണ്ട്. അത് ഇടിച്ചു കളയുന്ന കാര്യമാ ഞാന്‍ പറഞ്ഞെ. മതിലിന്റെ അപ്പുറത്തെ വീടുകാരുടെ പറമ്പില്‍ നില്‍ക്കുന്ന ഒരു വാഴയുടെ കയ്യും വെട്ടാന്‍ പറഞ്ഞത് നേരാ."
പോലീസ് കാരുടെ മുന്‍പില്‍ തൊഴു കയ്യുമായി നിന്ന് കുറ്റം ഏറ്റു പറയുന്ന പറയുന്ന "ഭീകരനെ"യും പോലീസ്സുകാരെയും ശ്രദ്ധിക്കാതെ ഞാന്‍ എന്റെ പെട്ടിയുമെടുത്ത് സ്ഥലം വിട്ടു...
.