2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

രാജപ്പന്‍ എന്ന ഗുണ്ടപ്പന്‍

"കമ്പിത്തിരി,.. മത്താപ്പൂ,.. എലിവാണം,.. ഓലപ്പടക്കം,.. മാലപ്പടക്കം.. കുടച്ചക്രം.....ഏതെടുത്താലും ഫ്രീ... വരുവിന്‍ ... വാങ്ങുവിന്‍ ... പൊട്ടിക്കുവിന്‍ ."

ഒരു മേശപ്പുറത്തു കടലാസ്സു വിരിച്ചു അതിന്റെ മുകളില്‍ സാധന സാമഗ്രികള്‍ നിരത്തി വച്ച് വിളിച്ചു കൂവുകയാണ് ഹവില്‍ദാര്‍ രാമനാഥന്‍ സര്‍. സമയം വൈകുന്നേരം എഴുമണി...സ്ഥലം യൂണിറ്റിലെ പി ടി ഗ്രൌണ്ട്... സന്ദര്‍ഭം ദീപാവലി ആഘോഷം....


പട്ടാളത്തിലെ ആഘോഷങ്ങള്‍ അങ്ങിനയാണ്. പൊതുവായ ആഘോഷമാണ്. അതായത് ആഘോഷങ്ങളുടെ ചിലവുകള്‍ യൂണിറ്റ് വഹിക്കും. ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി പടക്കവും ചെറിയ മെഴുക് തിരികളും യൂണിറ്റ് ചിലവില്‍ വാങ്ങിയിട്ടുണ്ട്. അത് ഓരോ സെക്ഷനുകള്‍ക്കും തുല്യമായി വീതിക്കും. എല്ലാവരും കൂടി പി ടി ഗ്രൗണ്ടില്‍ ഒത്തുകൂടി ഇവയെല്ലാം പൊട്ടിക്കുകയും മെഴുക് തിരികള്‍ നിരത്തി കത്തിക്കുകയും ചെയ്യും. പക്ഷെ ആഘോഷങ്ങള്‍ക്കിടയില്‍ തീപ്പിടുത്തമോ മറ്റു അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ നോക്കേണ്ടത് ഓരോ പട്ടാളക്കാരന്റെയും ചുമതലയാണെന്ന് മാത്രം. കള്ള് കുടിച്ചതിനു ശേഷം ആരും പടക്കം പൊട്ടിക്കാനും പാടില്ല. അങ്ങനെയൊക്കെയുള്ള മുന്‍കരുതലുകള്‍ എടുത്തതിനു ശേഷമാണ് ആഘോഷങ്ങള്‍ അരങ്ങേറുക.


പടക്കവും മെഴുക് തിരികളും എല്ലാ സെക്ഷനുകള്‍ക്കും വേണ്ടി വാങ്ങുന്നതിനും തുല്യമായി വീതിക്കുന്നതിനും ചുമതല ഏല്പിച്ചിരിക്കുന്നത് ഹവില്‍ദാര്‍ രാമനാഥന്‍ സാറിനെയാണ്. എല്ലാവരും അവരവരുടെ വീതം പടക്കങ്ങള്‍ രാമനാഥന്‍ സാറില്‍ നിന്നും വാങ്ങി ഗ്രൌണ്ടിന്റെ ഓരോ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തു റെഡിയായി നില്ക്കും. കൃത്യം ഏഴുമണിയാകുമ്പോള്‍ സി ഓ സാബ് വരും. ഉത്ഘാടന കര്‍മം നിര്‍വഹിക്കുന്നത് സി ഓ യാണ്. അദ്ദേഹം ഒരു പടക്കമോ കമ്പിത്തിരിയോ കത്തിച്ചു പരിപാടി ആരംഭിക്കാന്‍ അനുമതി നല്കും. അതോടെ ഗ്രൗണ്ടില്‍ നിരന്നു നില്ക്കുന്ന ഓരോ സെക്ഷനുകളും അവരവരുടെ വീതത്തിലുള്ള പടക്കങ്ങള്‍ പൊട്ടിക്കാന്‍ ആരംഭിക്കുകയായി. പിന്നെ യൂണിറ്റ് മുഴുവന്‍ പടക്ക മയം! ഞങ്ങളെല്ലാം പടക്കവീരന്മാര്‍ ! ചുരുക്കം ചിലരൊക്കെ റോക്കറ്റ് വീരന്മാരും ആയി മാറാറുണ്ട്. !!


അങ്ങനെ എല്ലാവരും പടക്കങ്ങളും മെഴുക് തിരികളും വാങ്ങി സി ഓ സാബിന്റെ ആഗമനത്തിനായി കാത്തു നില്ക്കുകയാണ്. അപ്പോഴാണ് ഞങ്ങളുടെ സെക്ഷന്‍ കമാണ്ടര്‍ കൂടിയായ രാമനാഥന്‍ സാര്‍ പടക്ക വിതരണം കഴിഞ്ഞ ശേഷം കയ്യില്‍ ഒരു ചെറിയ പൊതിയുമായി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നത്. വന്നപാടെ അദ്ദേഹം ഓഫീസ് ക്ലാര്‍ക്കായ രാജപ്പനെ വിളിച്ചു മാറ്റി നിര്‍ത്തി പൊതി രഹസ്യമായി അവനെ ഏല്പിച്ചു. എന്നിട്ട് പറഞ്ഞു.

"എടാ ഇത് ഒരു "ഗുണ്ടാ". നമ്മുടെ സെക്ഷനു വേണ്ടി മാത്രമായി ഞാന്‍ വാങ്ങിയതാ. ഇത് മാത്രം ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല. സി ഓ സാബു പടക്കം പൊട്ടിച്ച് ഉത്ഘാടനം നടത്തിയാലുടന്‍ നീ ഈ "ഗുണ്ട്" പൊട്ടിക്കണം. അത് കേട്ട് മറ്റു സെക്ഷന്കാര്‍ ഞെട്ടണം. എന്നാലല്ലേ നമ്മുടെ സെക്ഷന് ഒരു ഗമ കിട്ടുകയുള്ളൂ?"


സംഗതി രാജപ്പനും പിടിച്ചു. ഉത്ഘാടനം നടന്നുകഴിഞാല്‍ ആദ്യം പൊട്ടുന്നത് അതി ഭയങ്കര ശബ്ദമുള്ള "ഗുണ്ട് " (വലിയ ശബ്ദമുള്ള പടക്കം. "പന്നിപ്പടക്കം" എന്നും ഗുണ്ടിനു പേരുണ്ട്) ആണെങ്കില്‍ അത് പൊട്ടിക്കുന്ന സെക്ഷന് അതൊരു ക്രെഡിറ്റുതന്നെയല്ലേ? പോരെങ്കില്‍ ഗുണ്ട് എന്ന പടക്കം മറ്റു സെക്ഷനുകളില്‍ ഇല്ലതാനും. പക്ഷെ ഒരു കുഴപ്പം. അത് പൊട്ടിക്കാന്‍ രാജപ്പന് ഒരു ചെറിയ ഭയം. സാധാരണ പടക്കം പോലും പൊട്ടിക്കുന്നത് രാജപ്പന് പേടിയാണ്. അപ്പോള്‍ പിന്നെ ശക്തിയേറിയ "ഗുണ്ട്" എങ്ങനെ പൊട്ടിക്കും?

"എടാ മണ്ടാ നീ പേടിക്കാതെ". രാമനാഥന്‍ സാര്‍ പറഞ്ഞു. "നീ ഒരു കയ്യില് മെഴുക് തിരി കത്തിച്ചു പിടിക്കണം. മറ്റെക്കയ്യില് ഗുണ്ടും പിടിക്കണം. ഉത്ഘാടനം കഴിഞ്ഞാലുടന്‍ നീ ഗുണ്ട് കത്തിച്ച്‌ ഗ്രൌണ്ടിലേയ്ക്ക് എറിയണം. അതിനെന്തിനാ പേടിക്കുന്നത്? ഒന്നുമില്ലെങ്കിലും നീയൊരു പട്ടാളക്കാരനല്ലേ?"


അതോടെ രാജപ്പന്‍ ധൈര്യപ്പനായി. രാമനാഥന്‍ സാര്‍ അവന്റെ കയ്യില്‍ ഒരു ഗുണ്ടും അത് കത്തിക്കാനുള്ള മെഴുകുതിരിയും കൊടുത്തു. സി ഓ സാബ് വന്നാലുടന്‍ മെഴുക് തിരി കത്തിച്ചു ഗുണ്ട് പൊട്ടിക്കാന്‍ റെഡിയായി നില്‍ക്കണമെന്ന് നിര്‍ദ്ദേശം കൊടുത്തിട്ട് അദ്ദേഹം സി ഓ സാബിനെ സ്വീകരിക്കാനായി പോയി.


സി ഓ സാബ് എത്തിച്ചേര്‍ന്നു . വന്നയുടന്‍ തന്നെ അദ്ദേഹം ഗ്രൗണ്ടില്‍ മൊത്തം നടന്നു സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പിന്നെ തനിക്കായി ഒരുക്കി വച്ചിരിക്കുന്ന ടേബിളില്‍ നിന്നും ഒരു കമ്പിത്തിരി എടുത്ത് കത്തിച്ചു ഉത്ഘാടന കര്‍മം നിര്‍വഹിച്ചു.


ഇതിനകം രാജപ്പന്‍ മെഴുക് തിരി കത്തിച്ചു ഗുണ്ട് പൊട്ടിക്കാന്‍ റെഡിയായിരുന്നു..സി ഓ സാബിന്റെ കമ്പിത്തിരി കത്തിത്തീന്നയുടന്‍ തന്റെ കയ്യിലിരുന്ന ഗുണ്ടിന്റെ തുമ്പത്ത് തീ കൊളുത്തി. എന്നിട്ട് ഗ്രൌണ്ടിന്റെ മധ്യഭാഗം നോക്കി നീട്ടിയെറിഞ്ഞു.

രാജപ്പന്റെ ഗുണ്ട് എറിയല്‍ നോക്കി നിന്നിരുന്നരാമനാഥന്‍ സാര്‍ ആ കാഴ്ച കണ്ടു ഞെട്ടി. ഗുണ്ട് വലിച്ചെറിഞ്ഞിട്ട് അത് പൊട്ടാന്‍ കാത്തു നില്ക്കുന്ന രാജേന്ദ്രനെ നോക്കി അദ്ദേഹം അലറി.

"എടാ രാജപ്പാ എറിയെടാ..അല്ലെങ്കില്‍ അത് നിന്റെ കയ്യിലിരുന്നു പൊട്ടും..."

"ങേ....? രാജപ്പന്‍ രാമനാഥന്‍ സാറിനെ മിഴിച്ചു നോക്കി. കത്തിച്ച ഗുണ്ട് എറിഞ്ഞു കഴിഞ്ഞു. ഇനി ഏതു ഗുണ്ട് എറിയാനാ ഇങ്ങേരു കിടന്ന് അലറുന്നത്?"


"എടാ നിന്റെ കയ്യിലിരുന്നു കത്തുന്ന ഗുണ്ട് അറിയാന്‍ .."രാമനാഥന്‍ സാര്‍ വീണ്ടും അലറി...അത് കേട്ട രാജപ്പന്‍ തന്റെ കയ്യിലേയ്ക്കു നോക്കി. അതാ ഒരു ഗുണ്ട് അവന്റെ കയ്യിലിരുന്നു കത്തുന്നു..!! "അയ്യോ....എന്റമ്മോ...."

ഒരു കയ്യില്‍ മെഴുക് തിരിയും മറ്റെക്കയ്യില്‍ ഗുണ്ടും പിടിച്ചു നിന്ന രാജപ്പന്‍ ഗുണ്ട് കത്തിച്ചു വെപ്രാളത്തോടെ വലിച്ചെറിഞ്ഞപ്പോള്‍ കയ്യൊന്നു മാറിപ്പോയി.....ഗുണ്ടിനു പകരം പോയത് മെഴുകു തിരിയാണെന്ന് രാജപ്പന്‍ അറിഞ്ഞില്ല.

ഇപ്പോള്‍ ഞങ്ങള്‍ രാജപ്പന് ഒരു പുതിയ പേരിട്ടു.. " ഗുണ്ടപ്പന്‍ "






2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

തൊമ്മന്റെ ഗ്യാസും എന്റെ ട്രബിളും

"കര്‍ത്താവേ ഞാന്‍ ഭര്‍ത്താവില്ലാതേഴു പെറ്റൂ...
കര്‍ത്താവിന്റെ കൃപ കൊണ്ടതേഴും ചത്തു......"


കയ്യില്‍ ഒരു പൊതിയുമായി പാട്ടും പാടി ബാരക്കിലേയ്ക്കു കയറി വന്ന തൊമ്മന്‍ ബെഡ്ഡില്‍ കിടന്നു മാസിക വായിച്ചു കൊണ്ടിരുന്ന എന്നെക്കണ്ടപ്പോള്‍ പെട്ടെന്ന് പാട്ട് നിര്‍ത്തി. എന്നിട്ട് കയ്യിലിരുന്ന പൊതി സൂത്രത്തില്‍ അലമാരയില്‍ വച്ചിട്ട് എന്നെ ശ്രദ്ധിക്കാതെ കട്ടിലിലിരുന്നു കാലിലെ ബൂട്ട് അഴിച്ചു തുടങ്ങി...


"എന്താടാ പുല്ലേ നിനക്കൊരു ഗമ. എന്തോന്നാ നീ കൊണ്ടുവന്ന പൊതി. കുപ്പിയാണോ?.. ഞാന്‍ ചോദിച്ചു..."


"പിന്നേ കുപ്പി...എനിക്ക് കുപ്പി മേടിക്കലല്ലേ പണി...അത് വീട്ടില്‍ നിന്നും അമ്മ കൊടുത്ത് വിട്ട ഗ്യാസ്സിനുള്ള മരുന്നാ.." തൊമ്മന്‍ ഞാന്‍ ചോദിച്ചത് ഇഷ്ടപ്പെടാത്ത മട്ടില്‍ പറഞ്ഞു...



"ഓഹോ എന്നിട്ട് നീയെന്താ എന്നെ കാണിക്കാതെ അത് അലമാരിയില്‍ വച്ച് പൂട്ടിയത്?. സത്യം പറയെടാ അത് കള്ളുകുപ്പിയല്ലേ?" ഞാന്‍ വീണ്ടും ചോദിച്ചു...



"ആരു പറഞ്ഞു അത് കള്ളു കുപ്പിയാണെന്ന്. നിനക്കൊക്കെ ഏതു സമയത്തും കുപ്പി കുപ്പി എന്ന ഒറ്റ വിചാരമല്ലേ ഉള്ളൂ !?"


തൊമ്മന്‍ തോര്‍ത്തുമെടുത്തു കുളിക്കാന്‍ പോയി. അവന്റെ മുഖത്ത്‌ ഒരു കള്ളലക്ഷണമുള്ളതായി എനിക്ക് തോന്നി..


സ്വതവേ തമാശക്കാരനും എന്റെ ഉറ്റ സുഹൃത്തുമാണ് തൊമ്മന്‍. പത്തനംതിട്ട സ്വദേശിയാണ്. പട്ടാളത്തില്‍ ചേരുന്നതിന് മുന്‍പ് ഹിന്ദി പ്രവീണ്‍ പരീക്ഷ പാസായവന്‍. പച്ചവെള്ളം പോലെ ഹിന്ദി പറയും. അവന്റെ ഹിന്ദി കേട്ട് ഹിന്ദിക്കാര്‍ പോലും വാ പൊളിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് തൊമ്മന്‍ പറയുന്ന ഹിന്ദി അവര്‍ക്ക് മനസ്സിലാകാത്തത് കൊണ്ടാണോ അതോ ഹിന്ദി ഭാഷയില്‍ തൊമ്മന്റെ അത്രയും പരിജ്ഞാനം ഹിന്ദിക്കാര്‍ക്ക് ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല. എന്നാലും ട്രെയിനിംഗ് സമയത്ത് ഹിന്ദി അറിയാത്ത ഞങ്ങളെ ഹിന്ദിക്കാരായ മറ്റു സഹട്രയിനികളില്‍ നിന്നും കാത്തു സംരക്ഷിച്ചവനാണ് തൊമ്മന്‍. തന്നെയുമല്ല എന്തു കിട്ടിയാലും അതിന്റെ ഒരു പകുതി എനിക്ക് വേണ്ടി മാറ്റി വയ്കുകയും ചെയ്യും. അങ്ങനെയുള്ള തൊമ്മനാണ് ഇന്ന് എന്തോ ഒരു സാധനം ഞാന്‍ കാണാതെ ഒളിച്ചു വച്ചിരിക്കുന്നത്. അതെന്താണെന്ന് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. ഞാന്‍ തീരുമാനിച്ചു.



ഞാന്‍ അവന്റെ ലോക്കര്‍ (അലമാര) പരിശോധിച്ചു..അതാ ഏറ്റവും മുകളിലത്തെ അറയില്‍ ആ സാധനം കടലാസ്സില്‍ പൊതിഞ്ഞു ഭദ്രമായി വച്ചിരിക്കുന്നു...ഞാന്‍ പതുക്കെ അത് പൊതിഞ്ഞിരിക്കുന്ന കടലാസ് നഖം കൊണ്ടു ചുരണ്ടി നോക്കി....കടലാസ് അല്പം കീറിയപ്പോള്‍ അതിനകത്തെ സാധനം കണ്ട് ഞാന്‍ ഞെട്ടി...


ഒരു കുപ്പി ... ഫുള്‍ കുപ്പി....!!


നിറം കണ്ടിട്ട് നല്ല സ്വയമ്പന്‍ ത്രീ - എക്സ് റം...!!!!


അതുശരി...ഇതാണ് നിന്റെ ഗ്യാസ്സിനുള്ള മരുന്ന് അല്ലെ? ഇത് കഴിച്ചാണ് നീ ഗ്യാസ്സ് കളയാന്‍ പോകുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ വാങ്ങിയ ഒരു കുപ്പി വോഡ്ക, കേറിയും മാറിയും അടിച്ചു തീര്‍ത്ത പരമദ്രോഹി ഇന്ന് ഒരു കുപ്പി സാദാ റം സ്വന്തമായി വാങ്ങി എന്നെക്കാണാതെ അടിച്ച് അവന്റെ വയറ്റിലെ ഗ്യാസ് കളയാന്‍ പോകുന്നു... ഞാന്‍ അടിമുടി വിറച്ചു...


"ഇങ്ങോട്ട് വരട്ടെ...കുപ്പി അടിക്കാതെ തന്നെ അവന്റെ ഗ്യാസ് കുറ്റി ഞാന്‍ കലക്കും" എന്നോടാണോ കളി?". ഞാന്‍ തീരുമാനിച്ചു..


അല്ലെങ്കില്‍ വേണ്ടാ...

എന്നെ ഒളിച്ചു കൊണ്ടുവന്നു കുടിക്കാന്‍ വച്ചിരിക്കുന്ന ഈ കുപ്പി അതി വിദഗ്ദമായി അടിച്ചു മാറ്റുന്നതാണ് ബുദ്ധി.

"എടാ തൊമ്മാ ഇരുപത്തി നാല് മണിക്കൂറിനകം ഇരു ചെവിയറിയാതെ ഈ കുപ്പി ഞാന്‍ അടിച്ചു മാറ്റിയിരിക്കും. എന്റെ ത്രീ-എക്സ് തമ്പുരാനാണേ സത്യം". ഞാന്‍ ഭീഷ്മശപഥം ചെയ്തു.



അല്പം കഴിഞ്ഞപ്പോള്‍ തൊമ്മന്‍ കുളി കഴിഞ്ഞെത്തി..ഞാന്‍ അവനെ കാണാത്ത ഭാവത്തില്‍ മാസിക വായന തുടന്നു..ഇടയ്ക്കു ഒളി കണ്ണിട്ടു തൊമ്മനെ നോക്കി...അവന്‍ കണ്ണാടിയില്‍ നോക്കി മുഖത്ത്‌ ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി തേച്ചു പിടിപ്പിക്കുന്നു..



"ഓ അവന്റെ ഒരു വെളുപ്പീര്...നിന്നെ ഞാനിന്നു വെളുപ്പിക്കുമെടാ പിശാചേ....നിന്റെ ഗ്യാസ് കളയാനുള്ള മരുന്ന് ഞാന്‍ കണ്ടെടാ..അത് കുടിച്ചു നീ ഗ്യാസ്സ് കളയുന്നത് എനിക്കൊന്നു കാണണം.. നീ കാശ് കൊടുത്ത് മേടിച്ചു അലമാരയില്‍ വച്ചിരിക്കുന്ന ആ കുപ്പി പോകുമ്പോള്‍ നീ ഞെട്ടും. അപ്പോള്‍ നീ അറിയാതെ നിന്റെ ഗ്യാസ് "പ്ര്ര്ര്‍ " എന്ന് പുറത്തേക്ക് പോകുന്നത് ഞാന്‍ എന്റെ ഈ ചെവി കൊണ്ടു കേള്‍ക്കുമെടാ സാമദ്രോഹി..."



ഞാന്‍ ഒന്ന് രണ്ടു മുട്ടന്‍ തെറികള്‍ കൂടി മനസ്സില്‍ പറഞ്ഞിട്ട് ബെഡ് ഷീറ്റ് എടുത്ത്‌ തലവഴി മൂടിക്കിടന്നു കുപ്പി അടിച്ചുമാറ്റാനുള്ള പ്ലാനുകള്‍ ആസൂത്രണം ചെയ്തു..



കുപ്പി മുഴുവനായി അടിച്ചു മാറ്റണോ?...


അതു വേണ്ട....


കാര്യമെന്തൊക്കെ പറഞ്ഞാലും അവനു ഗ്യാസ്‌ ട്രബിളിന്റെ ചെറിയ പ്രോബ്ലം ഉള്ള വിവരം എനിക്കറിയാവുന്നതാണ്. ഇയ്ക്കൊക്കെ രാത്രിയില്‍ അവന്റെ പുതപ്പിനുള്ളില്‍ നിന്നും അതിഭയങ്കരമായ പൊട്ടിത്തെറികളും പൂച്ച കരയുന്നത് പോലെ മൃദുവായ ഈണങ്ങളും ഞാന്‍ കേള്‍ക്കാറുണ്ട്. ചിലപ്പോഴൊക്കെ അത് കേട്ടു സഹികെടുമ്പോള്‍ "പോയി വല്ല ജെലൂസ്സിലും വാങ്ങിക്കഴിയെടാ.....ബാക്കിയുള്ളവര്‍ക്ക് സ്വസ്ഥമായി കിടന്നുറങ്ങണം" എന്ന് ഞാന്‍ അവനെ ഉപദേശിക്കാറുണ്ട്. ഭക്ഷണത്തിനു മുന്‍പ് രണ്ടു പെഗ്ഗ് അടിച്ചിട്ട് കിടന്നാല്‍ ഗ്യാസ്‌ ട്രബിള്‍ മാറും എന്നൊരു വിശ്വാസം പട്ടാളക്കാര്‍ക്കിടയിലുണ്ട്. ഒരു പക്ഷെ കുപ്പി കണ്ടാല്‍ അത് മുഴുവന്‍ ഞാന്‍ തന്നെ വീശും എന്ന പേടികൊണ്ടു എന്നെ ഒളിച്ചു വച്ചതാകാനും മതി.



എന്നാലും കുപ്പി ഞാന്‍ കണ്ടില്ലെന്നു വന്നാല്‍ ഇനി വാങ്ങുന്ന സകല കുപ്പികളും അവന്‍ തന്നെ ഒറ്റയ്ക്ക് വീശിക്കളയില്ലേ? അവനെപ്പോലെ തന്നെ എന്റെ വയറ്റിലും ഗ്യാസില്ലേ? അതെങ്ങനെ പോകും?...


അപ്പോള്‍ കുപ്പി ഞാന്‍ കണ്ടു എന്നറിയിക്കാനും ഇനി മേലില്‍ വരുന്ന കുപ്പികള്‍ ഞാനറിയാതെ വീശാതിരിക്കാനും വേണ്ടി ഒരു വാണിംഗ് കൊടുത്തേക്കാം എന്നു ഞാന്‍ ഉറപ്പിച്ചു. അതായത് അവന്‍ പൊട്ടിക്കുന്നതിനു മുന്‍പ് കുപ്പി എടുക്കുകയും അതില്‍ നിന്നും പകുതിയോളം അടിച്ചു മാറ്റിയ ശേഷം ബാക്കി തിരിച്ചു വയ്ക്കുകയും ചെയ്യുക. അതായിരുന്നു എന്റെ മനസ്സിലെ മാസ്റ്റര്‍ പ്ലാന്‍.



വൈകുന്നേരം ഭക്ഷണം കഴിക്കുന്ന സമയം വരെ തൊമ്മന്‍ ബെഡില്‍ തന്നെ ഉണ്ടായിരുന്നു. ഞാന്‍ അടുത്ത്‌ ഉള്ളത് കൊണ്ടോ എന്തോ അവന്‍ കുപ്പി പുറത്തെടുക്കുകയോ കഴിക്കുകയോ ചെയ്തില്ല. അവന്‍ ഭക്ഷണം എടുക്കാനായി മെസ്സിലെയ്ക്ക് പോകുമ്പോള്‍ അറ്റാക്കിനു റെഡിയായി ഞാന്‍ കാത്തിരുന്നു..



എട്ടെര മണിയായപ്പോള്‍ തൊമ്മന്‍ മെസ്സിലെയ്ക്ക് ഭക്ഷണം എടുക്കാനായി പോയി. അടുത്ത നിമിഷം ഞാന്‍ അവന്റെ അലമാരിയുടെ അടുത്തെത്തി. ഞൊടിയിടയില്‍ കുപ്പി പൊതിയോടെ പുറത്തെടുത്തു. എന്നിട്ട് അടപ്പ് പിരിച്ചു പൊട്ടിച്ചു ഗ്ലാസ്സിലെയ്ക്ക് കമഴ്ത്തി. പകുതിയോളം ഊറ്റിയ ശേഷം കുപ്പി അടച്ചു യഥാസ്ഥാനത്ത് വച്ചിട്ട് ഗ്ലാസ്‌ ചുണ്ടോടു ചേര്‍ത്ത് ഒരു പിടി പിടിച്ചു..



എന്റമ്മോ.....ത്ഫൂ.....


ചെന്നിനായകം കുറുക്കിയതു പോലെ കയ്പ്പുള്ള ദ്രാവകം ഞാന്‍ പുറത്തേക്ക് തുപ്പി. എന്റെ അന്നനാളം വരെ അതിന്റെ കയ്പ്പ് അരിച്ചിറങ്ങി. വായ്‌ പൊത്തിപ്പിടിച്ചു കൊണ്ട് ഞാന്‍ പുറത്തേക്കോടി...


ഒടുവില്‍ പത്തു മിനിട്ട് നേരം ഓക്കാനവും ശര്‍ദ്ദിലും കഴിഞ്ഞു അവശനായി തിരിച്ചെത്തിയ ഞാന്‍ ഒന്നും മിണ്ടാതെ കട്ടിലില്‍ കിടന്നു...



ഇതിനിടയില്‍ ഭക്ഷണവുമായി തിരിച്ചെത്തിയ തൊമ്മന്‍, താന്‍ നാട്ടിലെ വൈദ്യശാലയില്‍ നിന്നും ഗ്യാസ്‌ ട്രബിള്‍ മാറ്റാനായി വാങ്ങിയ കഷായക്കുപ്പിയുടെ അടപ്പ് എങ്ങനെ പൊട്ടി എന്നറിയാതെ അന്തം വിട്ടു നിന്നു...

2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

എന്നെ ഞെട്ടിച്ച പിള്ളേച്ചന്‍..

പട്ടാളക്കാര്‍ ആരും പെട്ടെന്ന് ഞെട്ടുന്നവരല്ല.

പക്ഷെ ഞെട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്...

ചില ഉദാഹരണങ്ങള്‍ പറയാം...

ലീവിലുള്ള ഒരു പട്ടാളക്കാരന്‍ രാവിലെ പത്രം എടുത്ത്‌ നോക്കുമ്പോള്‍ എവിടെയെങ്കിലും ഒരു ബോംബ്‌ സ്ഫോടനം ഉണ്ടായതായുള്ള വാര്‍ത്ത കണ്ടാല്‍ മതി. ഉടന്‍ ഞെട്ടും... കാരണം അതിന്റെ പേരില്‍ ലീവ് ക്യാന്‍സല്‍ ആയാലോ എന്ന പേടി കൊണ്ടുള്ള ഞെട്ടല്‍..!!



ലീവിന് വരുന്ന പട്ടാളക്കാരന്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെ സ്വീകരിക്കാനായി ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കിലും ഞെട്ടും..തന്റെ പെട്ടിയിലെ കുപ്പികളുടെ അധോഗതി ഓര്‍ത്തുള്ള ഞെട്ടലാണ് അത്...!!


ലീവിന് പോയിട്ട് തിരിച്ചു വരുന്ന ആള്‍ യൂണിറ്റില്‍ എത്തുമ്പോള്‍ അവിടെ എന്തെങ്കിലും ഇന്‍സ്പെക്ഷന്‍ നടക്കുന്നുണ്ട് എന്നറിഞ്ഞാലും ഞെട്ടും.."ഭഗവാനെ വന്നു കേറിയില്ല അതിനു മുന്‍പേ കാലമാടന്മാരുടെ ഒടുക്കത്തെ ഇന്‍സ്പെക്ഷന്‍" എന്നുള്ള ആത്മഗതത്തോടെയുള്ള ഈ ഞെട്ടല്‍ താര തമ്യേന തീവ്രത കുറഞ്ഞ ഞെട്ടലായിരിക്കും..!!



പക്ഷെ സ്വന്തം നാട്ടുകാരനും ആത്മ സുഹൃത്തും ഒരേ മുറിയിലെ കിടപ്പുകാരനുമായ ഒരാള്‍ പെട്ടെന്ന് മരിച്ചു പോകുമ്പോള്‍ ഞെട്ടാത്തവര്‍ ആരാണുള്ളത്? അങ്ങനെ ഞാന്‍ ഒരിക്കല്‍ ഞെട്ടി...ആ കഥ കേള്‍ക്കൂ...



പണ്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉഗ്രവാദി ആക്രമണം ഉണ്ടായ കാലം. ലീവിലുള്ള സകല
പട്ടാളക്കാരെയും തിരിച്ചു വിളിച്ചു. ലീവ് സാങ്ഷന്‍ വാങ്ങി പുറപ്പെടാനിരുന്നവരും ലീവ് ക്യാന്‍സല്‍ ആയി തിരിച്ചു വന്നവരും അതെല്ലാം മറന്നു കര്‍ത്തവ്യത്തില്‍ മുഴുകി.



അങ്ങനെ കഴിയുമ്പോഴാണ് എന്റെ നാട്ടുകാരനായ പിള്ളേച്ചന്റെ അമ്മ മരിച്ചു എന്നുള്ള ടെലെഗ്രാം കിട്ടുന്നത്.. എമെര്‍ജെന്‍സി ലീവ് പോലും കിട്ടാന്‍ സാധ്യതയില്ലാത്ത സമയം.



ടെലെഗ്രാം കയ്യില്‍ പിടിച്ചു പൊട്ടിക്കരയുന്ന പിള്ളേച്ചനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഞാനും മറ്റുള്ളവരും വിഷമിച്ചു.



പെട്ടെന്നാണ്‌ സീനിയര്‍ ജെ. സി. ഓ. രാംസിംഗ് സാബ് ആ വാര്‍ത്തയുമായി എത്തിയത്. മലയാളിയായ കമാണ്ടര്‍, ബ്രിഗേഡിയര്‍ പ്രകാശ്‌ മേനോന്‍ സാബ് ഈ വിവരമറിയുകയും പിള്ളേച്ചനെ എമര്‍ജന്‍സി ലീവിന് വിടാന്‍ തീരുമാനിച്ചതുമായ വാര്‍ത്ത.



കരഞ്ഞു തളര്‍ന്ന പിള്ളേച്ചന്റെ ബാഗും പെട്ടിയും ഞങള്‍ റെഡിയാക്കി. പെട്ടിയും എടുത്ത്‌
പിള്ളേച്ചനുമായി യൂണിറ്റിന്റെ മെയിന്‍ ഗേറ്റില്‍ എത്തിയ ഞങ്ങള്‍ സാധങ്ങള്‍ വണ്ടിയില്‍ വച്ചിട്ടു അദ്ദേഹത്തെ ഒരിക്കല്‍ കൂടി സമധാനിപ്പിച്ചിട്ട്‌ തിരിച്ചു നടന്നു.



ബാരക്കില്‍ എത്തി പത്തു മിനിട്ട് കഴിയ്യുന്നതിനു മുന്‍പേ മെയിന്‍ ഗേറ്റില്‍ നിന്നും അതിഭയങ്കരമായ ഒരു സ്ഫോടന ശബ്ദം ഉയര്‍ന്നു.. തുടര്‍ന്ന് കാതടപ്പിക്കുന്ന വെടിശബ്ദങ്ങള്‍, ഗ്രനേഡുകള്‍ തകരുന്ന പ്രകമ്പനങ്ങള്‍.!!


പെട്ടെന്ന് ഞങ്ങള്‍ തോക്കുമെടുത്ത് ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു... മെയിന്‍ ഗേറ്റിനു കുറച്ചു ദൂരെയുള്ള ഒരു മരത്തിനു മറഞ്ഞു നിന്ന് അങ്ങോട്ട്‌ നോക്കി..

പുകയും വെടിശബ്ദങ്ങളും കൊണ്ട് കലുഷിതമായ അന്തരീക്ഷം...മെയില്‍ ഗേറ്റിനു തൊട്ടു മുന്‍പിലുള്ള എല്‍. എം. ജി (ലൈറ്റ് മെഷീന്‍ ഗണ്‍) പോസ്റ്റില്‍ വച്ചിരുന്ന മണല്‍ ചാക്കുകള്‍ ചിതറി തെറിച്ചു കിടക്കുന്നു...



മെയില്‍ ഗേറ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മിലിട്ടറി പോലീസിലെ ഒരു ജവാന്‍ അയാളിരുന്ന കസേരയുടെ താഴെ വീണു കിടക്കുന്നു...അയാളുടെ ചുറ്റും ചോര ഒഴുകിപ്പടരുന്നു...


പെട്ടെന്നാണ്‌ ഞങ്ങള്‍ ആ നടുക്കുന്ന ദൃശ്യം കണ്ടത്...പിള്ളേച്ചന്‍ കയറിയ മിലിട്ടറി ട്രക്ക് . അതിന്റെ മുകള്‍ ഭാഗം ഇളകി തെറിച്ചു പോയിരിക്കുന്നു...ടാര്‍പോളിന്‍ തെറിച്ചു പോയ അതിന്റെ പുറകില്‍ ഞങളുടെ പിള്ളേച്ചന്റെ പെട്ടി മറിഞ്ഞു കിടക്കുന്നു....



ദൈവമേ...നെഞ്ചിലൂടെ ഒരിടിവാള്‍ മിന്നിയത് ഞാന്‍ അറിഞ്ഞു. എവിടെ? എവിടെ? ഞങളുടെ പിള്ളേച്ചന്‍?..


ഓടിച്ചെന്ന് ,ആ വണ്ടിയില്‍ പിള്ളേച്ചനെ തിരയാന്‍ ഞങ്ങള്‍ കൊതിച്ചു..പക്ഷെ എങ്ങിനെ? എന്താണ് സംഭവം എന്നറിയാതെ എങ്ങനെ അങ്ങോട്ടടുക്കും...


ഒടുവില്‍ എല്ലാം ശാന്തമായപ്പോള്‍..........

മരങ്ങളുടെയും മണല്‍ ചാക്കുകളുടെയും മറവില്‍ നിന്നും പുറത്തുവന്ന ഞങ്ങള്‍ കണ്ടു..


തകര്‍ന്ന പട്ടാള ട്രക്കിന്റെ ഉള്ളില്‍ ....തന്റെ സന്തത സഹചാരിയായ സ്യുട്ട് കേസ്സിന്റെ അടുത്തുതന്നെ വീണു കിടക്കുന്ന പിള്ളേച്ചന്‍...ഇടതു കൈ മടക്കി നെഞ്ചില്‍ ചേര്‍ത്ത് വച്ചിരിക്കുന്നു..സ്ഫോടനത്തില്‍ തകര്‍ന്നു പോയ കാലുകള്‍.!! ചുറ്റും ചോരയുടെ ചുവന്ന നിറം... അത് ട്രക്കിന്റെ പ്ലാറ്റ്‌ ഫോമില്‍ നിന്നും ചാലിട്ടൊഴുകി തുള്ളി തുള്ളിയായി നിലത്തു വീഴുന്നു...

"ഹോ ദൈവമേ"...

നടുക്കുന്ന കാഴ്ച കണ്ടു തളര്‍ന്നുപോയ ഞാന്‍ മുഖം പൊത്തി വെറും നിലത്തു കുത്തിയിരുന്നു...

അരമണിക്കൂര്‍ മുന്‍പ്.....

അമ്മയുടെ മരണമറിഞ്ഞു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞ പിള്ളേച്ചന്‍..എന്റെ കയ്യില്‍ തൂങ്ങി മെയിന്‍ ഗേറ്റില്‍ വരെ ഞാന്‍ കൊണ്ടാക്കിയ പിള്ളേച്ചന്‍... ഞങ്ങള്‍ കൈവീശി യാത്രയാക്കിയ പിള്ളേച്ചന്‍... ഇതാ...

കടും ചുവപ്പ് ഡ്രസ്സ്‌ ധരിച്ച്...

ആരും കാണാത്ത നാട്ടിലേയ്ക്ക് ....

ഒരിക്കലും തീരാത്ത ലീവെടുത്ത് ....

പോയിരിക്കുന്നു.....



(ഉഗ്രവാദികളുടെ ആര്‍ ഡി എക്സ് സ്ഫോടനത്തില്‍ സ്വജീവിതം രാജ്യത്തിന് വേണ്ടി ഹോമിച്ച പിള്ളേച്ചന്‍ എന്ന രാധാകൃഷ്ണന്‍ പിള്ള സാറിനും മിലിട്ടറി പോലീസിലെ ആ ധീര ജവാനും വേണ്ടി ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...)