2009, ഡിസംബർ 12, ശനിയാഴ്‌ച

ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും

പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോരോ കാരണങ്ങളുണ്ട്.


അതുപോലെ തന്നെ ഞെട്ടാനും ഞെട്ടിക്കാനും എന്തെങ്കിലും കാരണങ്ങള്‍ വേണം.


ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.


അതാണ്‌ എന്റെ സുഹൃത്തായ ശ്രീ കെ. ആര്‍. സുരേഷ് കുമാര്‍ (മൂന്നാറില്‍ പോയി എലിയെപ്പിടിച്ചു ആപ്പിലായ സുരേഷ് കുമാര്‍ അല്ല. പട്ടാളത്തില്‍ പോയി തോക്കുപിടിച്ച് തോക്കനായ സുരേഷ് കുമാര്‍)


ഉഗ്രവാദി എന്നോ പാകിസ്താന്‍ എന്നോ കേള്‍ക്കുമ്പോള്‍ ശ്രീ സുരേഷ് കുമാര്‍ ഞെട്ടും എന്നാണ് മാന്യ വായനക്കാര്‍ ഇപ്പോള്‍ കരുതുന്നതെന്ന് ഞാന്‍ ഊഹിക്കുന്നു. പക്ഷെ അതൊന്നും കേട്ടാല്‍ സുരേഷ് കുമാര്‍ ഞെട്ടില്ല. അവരൊക്കെ ഈ സുരേഷ് കുമാറിനും വെറും "എലികള്‍" മാത്രം.


പക്ഷെ "സര്‍ദാര്‍ജി" എന്ന് കേട്ടാല്‍ സുരേഷ് കുമാര്‍ ഞെട്ടും. വെറുതെ ഞെട്ടുകയല്ല. അച്ചുമാമനെ കണ്ട ഒറിജിനല്‍ സുരേഷ് കുമാറിനെപ്പോലെ ഞെട്ടും! അതാണ് അദ്ദേഹത്തിന്റെ ഒരു ഞെട്ടല്‍ സ്റ്റൈല്‍...


അതിന്റെ കാരണങ്ങളിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് ശ്രീ പട്ടാളം സുരേഷ് കുമാറിനെപ്പറ്റി രണ്ടു വാക്ക് സംസാരിച്ചു കൊള്ളട്ടെ..


പത്തനംതിട്ടയിലെ "റാന്നി" ആണ് സുരേഷിന്റെ ജന്മസ്ഥലം. മൂന്ന് പെങ്ങന്മാര്‍ക്കു ഇടയ്ക്കുള്ള "ഒറ്റ മൂട് " ആങ്ങള. സുന്ദരനാണ്. സുമുഖനാണ്‌. പക്ഷെ സുമംഗലന്‍ അല്ല.



"സുമംഗലന്‍" ആകാത്തതിന്റെ ചില അസ്കിതകള്‍ സുരേഷിനുണ്ട്. അതായത് "സുമംഗല" ആണെങ്കിലും അല്ലെങ്കിലും സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് അല്പം കൂടും. പിന്നെ ആ ഇരുമ്പ് മുഴുവന്‍ "സുന്ദരികള്‍" എന്ന കാന്തത്തിലെയ്ക്ക് ആകര്‍ഷിക്കപ്പെടും. അതോടെ സുരേഷ് കുമാര്‍ വേറെ ഒരാളായി മാറും. ആ ആളാണ്‌ സാക്ഷാല്‍ മമ്മൂട്ടി...!!



അതെ സുരേഷ് കുമാറിനെ ഞങ്ങള്‍ വിളിക്കുന്ന ഇരട്ട പേരാണ് "ജൂനിയര്‍ മമ്മൂട്ടി".



ജൂനിയര്‍ മമ്മൂട്ടി എന്ന പേര് സുരേഷിനിട്ടത് അവന്‍ തന്നെയാണ്. അവനെ കണ്ടാല്‍ മമ്മൂട്ടിയുടെ ഒരു "ലുക്ക് " ഉണ്ട് എന്ന് ആരോ അവനോട് പറഞ്ഞത്രേ. (അവനോടു ശത്രുതയുള്ള ആരെങ്കിലും അങ്ങനെ പറയാന്‍ സാധ്യത കാണുന്നുണ്ട്. പക്ഷെ ഒറിജിനല്‍ മമ്മൂട്ടിയെങ്ങാനും സുരേഷിനെ ലുക്കിയാല്‍ തന്റെ ശരീര സൌന്ദര്യത്തെ അവഹേളിച്ചതിന്റെ പേരില്‍ അവനെ അദ്ദേഹം ഓടിച്ചിട്ടു തല്ലും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നില്ല.)



ഏതായാലും ജൂനിയര്‍ മമ്മൂട്ടി ആയ സുരേഷ് കുമാര്‍ എല്ലാ കാര്യത്തിലും അവന്റെ "മമ്മൂട്ടി ലുക്ക് "കാത്തു സൂക്ഷിച്ചിരുന്നു. ഉദാഹരണമായി പറയുകയാണെങ്കില്‍...


"ഒന്നേ മുക്കാലേ.. ഒന്നേ മുക്കാലേ" എന്ന രീതിയിലുള്ള ആ നടപ്പ്...!


കാ‍ന്താരി മുളക് അറിയാതെ കടിച്ചു പോയവന്‍ ചിരിക്കുന്നത് പോലെയുള്ള മനം മയക്കുന്ന ആ ചിരി..!!


വര്‍ഷങ്ങളായി ഓയില്‍ ചേഞ്ച്‌ ചെയ്യാത്ത മോട്ടോര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നത് പോലെയുള്ള ഘന ഗംഭീരമായ ശബ്ദം.. !!!


ഇതെല്ലാം സുരേഷ് കുമാര്‍ എന്ന ജൂനിയര്‍ മമ്മൂട്ടിയ്ക്ക് മാത്രമുള്ള പ്രത്യേകതകളാണ്.


ഈ പ്രത്യേകതകള്‍ നേരിട്ട് കാണുന്നവര്‍ തന്നോട് തന്നെ അറിയാതെ ചോദിച്ചു പോകും.


"ആക് ച്ചുലി... ഇതു തന്നെയാണോ നമ്മുടെ മമ്മൂട്ടി "


ഏതായാലും സുരേഷ് കുമാര്‍ എന്ന ജൂനിയര്‍ മമ്മൂട്ടിയും തൊമ്മന്‍ എന്ന മനോജും പിന്നെ ഞാനും കൂടി ഒരു ലീവിന് വന്നിട്ട് തിരിച്ചു പോകുമ്പോഴാണ് ഈ കഥയ്ക്ക്‌ ആസ്പദമായ സംഭവം നടക്കുന്നത്. തിരുവന്തപുരത്ത് നിന്നും ഡെല്‍ഹിയിലേയ്ക്കു പോകുന്ന കേരളാ എക്സ്പ്രസ്സിന്റെ പതിനൊന്നാം നമ്പര്‍ കോച്ചിലേയ്ക്ക് ഞാന്‍ നിങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്യകയാണ് . ക്ഷണിക്കുകയാണ്....



ചെങ്ങന്നൂരില്‍ നിന്നും തൊമ്മനും സുരേഷും, മാവേലിക്കരയില്‍ നിന്ന് ഞാനും വണ്ടിയില്‍ കയറി. ഞാന്‍ കയറുമ്പോള്‍ ജൂനിയര്‍ മമ്മൂട്ടി ജനാലയ്ക്ക് അരികിലുള്ള സീറ്റില്‍ താടിക്ക് കയ്യും കൊടുത്ത് വിഷണ്ണനായി ഇരിക്കുന്നു. മനോജ്‌ മുകളില്‍ കിടന്നു ഉറക്കമാണ്. വണ്ടിയില്‍ ആളുകള്‍ പൊതുവേ കുറവാണെന്ന് തോന്നുന്നു. താഴത്തെ മൂന്ന് സീറ്റുകളും കാലിയാണ്. അപ്പുറത്തെ ക്യാബിനില്‍ ഒന്ന് രണ്ടു കന്യാസ്ത്രീകളും കുറച്ചു കുട്ടികളും ഇരിക്കുന്നു. ഞാന്‍ പെട്ടിയും ബാഗും സീറ്റിനടിയില്‍ കയറ്റി വച്ചിട്ടു സുരേഷിന്റെ മുന്‍പില്‍ ഉള്ള സീറ്റില്‍ ഇരുന്നു. എന്നിട്ട് വിഷമിച്ചിരിക്കുന്ന സുരേഷിനോട് ചോദിച്ചു.



"എന്താടാ അളിയാ ഒരു വിഷമം? ലീവൊക്കെ അടിച്ചു പൊളിച്ചില്ലേ? പിന്നെന്താ നീ ദുഖിച്ചിരിക്കുന്നത്?"


"എടാ അവനു പറ്റിയ കിളികള്‍ ഒന്നും വണ്ടിയില്‍ ഇല്ലെന്ന് " ഞാന്‍ പെട്ടിയും മറ്റും വയ്ക്കുന്ന ശബ്ദം കേട്ടുണര്‍ന്ന മനോജു പറഞ്ഞു. "ഡല്‍ഹി വരെ എങ്ങനെ പോകുമെന്നാ അവന്‍ ചോദിക്കുന്നത്."



"ഹഹ.. അതാണോ കാര്യം? നീ വിഷമിക്കാതിരിയെടാ. എവിടുന്നെങ്കിലും നിനക്ക് പറ്റുന്നത് കേറും " ഞാന്‍ അവനെ സമാധാനിപ്പിച്ചു.



വണ്ടി എറണാകുളം സൌത്തില്‍ എത്തിച്ചേര്‍ന്നു. ആളുകള്‍ കയറിത്തുടങ്ങി. വെള്ളം വാങ്ങാനോ മറ്റോ സുരേഷും പോയി. ഞാന്‍ പുറത്തേയ്ക്ക് നോക്കി ഇരുന്നു.



"അളിയാ രക്ഷപെട്ടെടാ..ഒരു അടിപൊളി "പുല്ലത്തി" വരുന്നുണ്ടെടാ" പുറത്തു പോയ സുരേഷ് ആഹ്ലാദത്തോടെ തിരിച്ചു വന്നു.



"പുല്ലത്തിയോ?" ഞാന്‍ സുരേഷിനെ ചോദ്യഭാവത്തില്‍ നോക്കി..


"എടാ പഞ്ചാബി സര്‍ദാരിണി...ഇങ്ങോട്ട് വരുന്നുണ്ട്..നമ്മുടെ അടുത്ത സീറ്റാ...ദേ വരുന്നു.."


അവന്‍ പറഞ്ഞു തീര്‍ന്ന ഉടന്‍ ഒരു സര്‍ദാരും അയാളുടെ ഭാര്യയും കൂടി ഞങ്ങളുടെ അടുത്തുള്ള സീറ്റില്‍ വന്നിരുന്നു. സര്‍ദാര്‍ജികളെ ഞങ്ങള്‍ പട്ടാളക്കാര്‍ മലയാളത്തില്‍ വിളിക്കുന്ന പേരാണ് "പുല്ലന്‍" . അവരുടെ മുഖം മുഴുവന്‍ പുല്ലു വളര്‍ന്നത്‌ പോലെ നിറഞ്ഞു കിടക്കുന്ന താടിയാണ്‌ ആ വിളിക്കുള്ള ഹേതു. ഹിന്ദിക്കാര്‍ സര്‍ദാര്‍ജികളെ അവര്‍ കേള്‍ക്കാതെ വിളിക്കുന്ന പേര് "ജാടു" എന്നാണ്. ചൂല്‍ എന്നാണ് ആ വാക്കിന്റെ മലയാള അര്‍ഥം. (ദൈവമേ മലയാളം വായിക്കാന്‍ അറിയാവുന്ന ഏതെങ്കിലും സര്‍ദാര്‍ജി ഈ പോസ്റ്റു കണ്ടാല്‍ ചൂലിനുള്ള അടി ഉറപ്പ് )



സര്‍ദാര്‍ജിയേയും അയാളുടെ സുന്ദരിയായ ഭാര്യയേയും കണ്ട സുരേഷ് ഉന്മേഷവാനായി. അതോടെ അവനില്‍ ഉറങ്ങിക്കിടന്ന മമ്മൂട്ടി ഉണര്‍ന്നു. അവന്റെ മുഖത്തു ഗൌരവം വന്നു. ശബ്ദം പരുക്കനായി. അവന്‍ തന്റെ മമ്മൂട്ടി മീശയില്‍ വിരലോടിച്ചു കൊണ്ട് പുല്ലത്തിയെ നോക്കി. അടുത്ത നിമിഷം ആ മീശ ഒരു "ഇന്‍സ്പെക്ടര്‍ ബല്‍റാം" മീശയായി. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ പരിചയമുള്ളതു കൊണ്ടാണോ അതോ സഹയാത്രികന്‍ എന്ന പരിഗണനയിലാണോ എന്തോ ആ സര്‍ദാര്‍ പെണ്‍കൊടി അവനെ നോക്കി പുഞ്ചിരി തൂകി.



ഒരുത്തന്‍ തന്റെ ഭാര്യയെ നോക്കി മീശ പിരിക്കുന്നതും ഭാര്യ അയാളെ നോക്കി പുഞ്ചിരിക്കുന്നതും പുല്ലനായ സര്‍ദാറിനു ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്ന് അയാളുടെ മുഖം കണ്ടാല്‍ അറിയാം. പക്ഷെ പഞ്ചാബികള്‍ പൊതുവേ ശാന്തരും പക്വമതികളുമായതിനാലാവണം അയാള്‍ ഒന്നും പറയാതെ പുറത്തേയ്ക്ക് നോക്കിയിരുന്നു..


അല്പം കഴിഞ്ഞപ്പോള്‍ സുരേഷ് എഴുനേറ്റ് എങ്ങോട്ടോ പോയി.. നടക്കുമ്പോള്‍ "ഒന്നേ മുക്കാലേ ഒന്നേ മുക്കാലേ" എന്നു തന്നെ നടക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചു. അല്പം കഴിഞ്ഞു അതേ സ്റ്റൈലില്‍ തന്നെ തിരിച്ചു വന്നു സീറ്റില്‍ ഇരുന്നു. അതിനിടയില്‍ മുകളില്‍ കിടന്നിരുന്ന മനോജും താഴെ എത്തി. അതോടെ സുരേഷ് പഞ്ചാബി പെണ്ണുങ്ങളുടെ ആകാര ഭംഗിയെക്കുറിച്ച് കൂടുതല്‍ വാചാലനായി. ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിക്ക് കണ്ടാല്‍ "ഭീകരന്‍" എന്നു തോന്നിക്കുന്ന ഈ സര്‍ദാര്‍ ഒട്ടും ചേരുന്നില്ലെന്നും ഈ "മാക്രിയെ" കെട്ടാന്‍ എങ്ങനെ അവള്‍ക്കു മനസ്സ് വന്നെനും അവന്‍ കുണ്ട്ടിതപ്പെട്ടു. അവള്‍ ഒരു പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടി ആയിരിക്കാമെന്നും ഇങ്ങേരുടെ കയ്യിലെ പൈസ കണ്ടപ്പോള്‍ അവളുടെ വീട്ടുകാര്‍ ബലമായി അയാളെക്കൊണ്ട് കെട്ടിച്ചതായിരിക്കണം എന്നും അവന്‍ അഭിപ്രായപ്പെട്ടു.



ഇതിനിടയില്‍ സര്‍ദാരും ഭാര്യയും ഭക്ഷണം കഴിച്ചു. അവര്‍ കഴിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളും വീട്ടില്‍ നിന്നും കരുതിയിരുന്ന പൊതി കഴിച്ചിട്ട് ഉറങ്ങാന്‍ കിടന്നു. ഉറക്കംവരുന്നതു വരെ സുരേഷ് സര്‍ദാര്‍മാരുടെ കുറ്റങ്ങള്‍ എന്നോടും മനോജിനോടും പറഞ്ഞു കൊണ്ടിരുന്നു. പിന്നെ എപ്പോഴോ ഉറങ്ങി.


നേരം വെളുത്തു. വണ്ടി വിജയവാഡ സ്റ്റേഷനില്‍ എത്തി. സര്‍ദാര്‍ പോയി എവിടെ നിന്നോ ഇഡ്ഡലി യും സാമ്പാറും വാങ്ങി വന്നു. അത് കണ്ട മനോജ്‌ ബ്രേക്ക് ഫാസ്റ്റിനു ഇഡ്ഡലി തന്നെ വാങ്ങാം എന്നു തീരുമാനിച്ചു പുറത്തേയ്ക്ക് പോയി. അല്പം കഴിഞ്ഞപ്പോള്‍ ഇഡ്ഡലി കിട്ടുന്ന കട ഇവിടെങ്ങും കാണുന്നില്ല എന്നു പറഞ്ഞു തിരിച്ചു വന്ന അവന്‍ സര്‍ദാരിനോട് ഹിന്ദിയില്‍ ചോദിച്ചു. .



"സാര്‍ ആപ് ഇഡ്ഡലി കഹാം സെ ലിയാ". (താങ്കള്‍ എവിടുന്നാ ഇഡ്ഡലി വാങ്ങിയത്)


"സ്റ്റേഷനു പുറത്തു ഒരു കടയുണ്ട്. ഞാന്‍ അവിടുന്നാ വാങ്ങിയേ"


സര്‍ദാരിന്റെ മറുപടി കേട്ട് മനോജ്‌ അന്തിച്ചു നിന്നു. രാവിലെ തന്നെ സര്‍ദാരിണിയുടെ അംഗലാവണ്യം നോക്കി പിരിച്ചു തുടങ്ങിയ ബല്‍റാം മീശയില്‍ നിന്നും സുരേഷിന്റെ വിരലുകള്‍ പിടിവിട്ടു പൊത്തോന്നു താഴെ വീണു. അവന്‍ ഹിറ്റ്‌ലര്‍ സിനിമയില്‍ കാക്ക കാഷ്ടിച്ച ജഗദീഷിന്റെ മുഖഭാവത്തോടെ സര്‍ദാര്‍ജിയെ നോക്കി. എന്തെന്നാല്‍, സര്‍ദാര്‍ മറുപടി പറഞ്ഞത് പച്ച മലയാളത്തില്‍ ആയിരുന്നു...!!!


അപ്പോള്‍ അതുവരെ പുഞ്ചിരിച്ചു കൊണ്ടിരുന്ന സര്‍ദാരിണി സുരേഷിനോട് ചോദിച്ചു..


"എക്സ്യൂസ് മീ .. എവിടാ വര്‍ക്കു ചെയ്യുന്നേ " !!!!

2009, ഡിസംബർ 2, ബുധനാഴ്‌ച

നട്ടെല്ലുള്ള പട്ടാളക്കാരന്‍

അവധി ദിവസങ്ങളില്‍ ഉച്ചവരെയെങ്കിലും കിടന്നുറങ്ങിയില്ലെങ്കില്‍ എന്റെ ശരീരത്തിന് ആകെയൊരു ക്ഷീണമാണ്. അതു പിന്നെ നമ്മുടെ കെ എസ് ആര്‍ ടി സിയുടെ ഓര്‍ഡിനറി ബസു പോലെ വളരെ പതുക്കയേ സഞ്ചരിക്കൂ. പക്ഷെ എന്റെ ഭാര്യയുടെ കാര്യം നേരെ തിരിച്ചാണ്. അവള്‍ അതിരാവിലെ എഴുനേല്‍ക്കും. എന്നിട്ട് മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന എന്നെ നോക്കി, പുറപ്പെടാന്‍ പോകുന്ന സൂപ്പര്‍ ഫാസ്റ്റു ബസ്സിന്റെ ഡ്രൈവര്‍ എഞ്ചിന്‍ ഇരപ്പിച്ചു നിര്‍ത്തിയിട്ട് കണ്ടക്ടര്‍ക്ക് സിഗ്നല്‍ കൊടുക്കാനായി ഇടയ്ക്കിടയ്ക്ക് ഹോണ്‍ അടിച്ചു കൊണ്ടിരിക്കുന്നതുപോലെ, "ദേ എഴുനെല്‍ക്കുന്നുണ്ടോ..അതോ ഞാന്‍ അങ്ങോട്ട്‌ വരണോ" എന്നിങ്ങനെയുള്ള അപായ സിഗ്നലുകള്‍ തന്നുകൊണ്ടിരിക്കും. ഈ സിഗ്നലുകള്‍ ചിലപ്പോള്‍ ഉരുളക്കിഴങ്ങ്‌, തക്കാളി മുതലായ ഫലമൂലാദികളായും മറ്റു ചിലപ്പോള്‍ ഫ്രിഡ്ജിലെ തണുത്ത വെള്ളത്തിന്റെ രൂപത്തിലും എന്റെ ശരീരത്തില്‍ വന്നു പതിക്കാറുണ്ട്.


അങ്ങനെ പുതപ്പിനുള്ളില്‍ കിടന്നു കൂര്‍ക്കം വലിച്ചു കൊണ്ടിരുന്ന എന്റെ ദേഹത്ത് ഞായറാഴ്ച രാവിലെയുള്ള ആദ്യത്തെ സിഗ്നല്‍ വന്നു പതിച്ചത് ഒരു സ്റ്റീല്‍ ഗ്ലാസ്സിന്റെ രൂപത്തിലാണ്. (പച്ചക്കറിക്ക് വില കൂടിയത് കൊണ്ട് മത്തങ്ങ വാങ്ങാതിരുന്നത് ഭാഗ്യമായി.!) അതിര്‍ത്തിയില്‍ നിന്നും പാക്ക് പട്ടാളക്കാര്‍ അയക്കുന്ന മിസ്സൈലിനെ പോലും വെറും തൃണം, ഗ്രാസ്, പുല്ലു പോലെ നേരിട്ടിട്ടുള്ള എനിക്ക്, ഒരു സ്റ്റീല്‍ ഗ്ലാസിനെ നേരിടാന്‍ എന്റെ ശരീരത്തിന്റെ പിന്‍വശം തന്നെ ധാരാളമായിരുന്നു എങ്കിലും അടുത്ത സിഗ്നലുമായി ഭാര്യ നേരിട്ട് വന്നാല്‍ നേരിടാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നുള്ള വീണ്ടുവിചാരമുണ്ടായ ഞാന്‍ ഉടന്‍ എഴുനേല്‍ക്കുകയും മൂരി നിവര്‍ന്നു കോട്ടുവായിട്ടുകൊണ്ട് നേരെ ടി വി യുടെ മുന്‍പിലേയ്ക്ക് പോവുകയും ചെയ്തു.


"പീലുക്കാസ്സില്‍ നിന്നും സ്വര്‍ണം വാങ്ങിയാല്‍ പിന്നെ മറ്റൊന്നും നോക്കേണ്ടാ"


കഴുത്തില്‍ കയറുപോലെയുള്ള ഒരു സ്വര്‍ണ മലയും ധരിച്ചു നിന്ന് മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ടി വിയിലൂടെ പ്രഖ്യാപിക്കുന്നു.


"ശരിയാ ഒന്നും നോക്കേണ്ടാ. സ്വര്‍ണത്തിന്റെ വില കേള്‍ക്കുന്നതോടെ വാങ്ങാന്‍ വരുന്ന ആള്‍ ബോധം കെടും. പിന്നെ അങ്ങേരെ ആശുപത്രിയിലാക്കുന്ന കാര്യം നോക്കിയാല്‍ മതി."



എന്റെ ആത്മഗതം അടുക്കയളിലുള്ള ഭാര്യയെങ്ങാനും കേട്ടാല്‍ പിന്നെ അടുത്ത സിഗ്നല്‍ ഉടനെ എത്തും. കാരണം വെള്ളിത്തിരയിലെ അവളുടെ ഇഷ്ടനായകനാണ് ഒന്നും നോക്കാതെ സ്വര്‍ണം വാങ്ങാന്‍ പറയുന്നത്. ഞാന്‍ വേഗം ടി വി ഓഫ്‌ ചെയ്തു. എന്നിട്ട് ടീപ്പോയില്‍ കിടന്ന പത്രമെടുത്ത് നിവര്‍ത്തി.


"കായംകുളത്തു തസ്കര ശല്യം. വീട്ടമ്മയെ കെട്ടിയിട്ടിട്ടു കള്ളന്മാര്‍ സ്വര്‍ണമാല കവര്‍ന്നു" പത്രത്തിലെ വെണ്ടക്കാ അക്ഷരത്തിലുള്ള വാര്‍ത്ത ഞാന്‍ ഭാര്യ കേള്‍ക്കാനായി ഉറക്കെ വായിച്ചു.



"ഹും ശരിയാ. പത്രമെടുത്താല്‍ മോഷണ വാര്‍ത്ത മാത്രമേ വായിക്കാനുള്ളൂ. പോലീസ്സുകാര്‍ക്കൊക്കെ എന്താ പണി? ഇവന്മാരെ ഒക്കെ ഓടിച്ചിട്ടുപിടിച്ച് ഇടിച്ചു പപ്പടമാക്കണം" അകത്തു നിന്ന് ഭാര്യയുടെ കമന്റു കേട്ട് ഞാന്‍ ഞെട്ടി.


"ദൈവമേ കള്ളനെപ്പിടിക്കാത്ത പോലീസുകാരെ ഇടിച്ചു പപ്പടമാക്കണമെന്നാണോ ഇവള്‍ പറയുന്നത്" ഇതെങ്ങാനും ഏതെങ്കിലും പോലീസ്സുകാരന്‍ കേട്ടാല്‍ അവര്‍ എന്നെപ്പിടിച്ചു ഇടിച്ചു പപ്പടമാക്കിയിട്ട് തെളിയാത്ത കേസ്സുകള്‍ മുഴുവന്‍ എന്റെ തലയില്‍ കെട്ടി വച്ചെന്നിരിക്കും. പട്ടാളമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. പോലീസ്സുകാര്‍ക്ക്‌ പട്ടാളക്കാരനെന്നോ സാധാരക്കാരനെന്നോ ഉണ്ടോ? അവര്‍ക്ക് ഇടിക്കാന്‍ ഒരാളെ കിട്ടിയാല്‍ പോരെ? ഞാന്‍ പേടിയോടെ ഓര്‍ത്തു.



"ഏതായാലും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ആഭരണങ്ങള്‍ ഒക്കെ ഊരി എവിടെയെങ്കിലും ഭദ്രമായി വച്ചേക്കണം" ഞാന്‍ മുന്നറിയിപ്പ് കൊടുത്തു."



"നിങ്ങള്‍ ഇങ്ങനെ പേടിക്കാതെ മനുഷ്യനേ. എന്റെ മാല പൊട്ടിക്കാന്‍ ധൈര്യമുള്ള ഒരു കള്ളനും ഇതു വരെ ജനിച്ചിട്ടില്ല. ഹും.. പൊട്ടിക്കാന്‍ ഇങ്ങോട്ട് വരട്ടെ.. അവന്റെ നട്ടെല്ല് ഞാന്‍ ചവിട്ടി പൊട്ടിക്കും"



"ങേ? കള്ളന്റെ നട്ടെല്ല് ചവിട്ടി പൊട്ടിക്കാന്‍ ഇവളാര്? ബ്രൂസ്‌ലിയുടെ ഭാര്യയുടെ അനുജത്തിയോ? അതോ ജാക്കിച്ചാന്റെ അനന്തിരവളോ?" ഏതായാലും ഭാര്യയുടെ ധൈര്യം കണ്ട ഞാന്‍ അഭിമാനപുളകിതനും പുളകിതഗാത്രനും പിന്നെ ധൈര്യസമേതനുമായി.



ഒരു പട്ടാളക്കാരന്റെ ഭാര്യയായാല്‍ ഇങ്ങനെ വേണം. ഞാന്‍ ചിന്തിച്ചു. വീരശൂരിയും പരാക്രമശാലിയുമായ ഒരു ഭാര്യയുള്ള ഞാന്‍ എന്തിനു കള്ളന്മാരെ പേടിക്കണം? കള്ളന്മാര്‍ എന്നെയല്ലേ പേടിക്കേണ്ടത് ? അവളുടെ "പാദതാഡനം" ഒരു തവണ അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു കള്ളനും വീണ്ടും ആ വഴിക്ക് വരില്ലെന്ന് അതു സ്ഥിരമായി അനുഭവിക്കുന്ന എനിക്ക് ഉറപ്പുള്ളതിനാല്‍ ഞാന്‍ ആശ്വാസത്തോടെ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങി.



ഏതായാലും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ഭാര്യ പതിവിനു വിപരീതമായി അവളുടെ സകല ആഭരണങ്ങളും അഴിച്ചു അലമാരയില്‍ വച്ചു പൂട്ടി. അലമാരയുടെ താക്കോല്‍ ഞാന്‍ പോലും കാണാതെ എവിടെയോ ഒളിപ്പിച്ചു. കൂടാതെ തലയണക്കീഴില്‍ ഒരു വെട്ടുകത്തി, ടോര്‍ച്ചു, മൊബൈല്‍ ഫോണ്‍ എന്നിവയും വച്ചു. കതകുകളും ജനലും ഭദ്രമായി ബന്ധിച്ച ശേഷം അവയുടെ അരികില്‍ അലുമിനിയം കലങ്ങളും ഉരുണ്ടു വീണാല്‍ ശബ്ദം കേള്‍ക്കുന്ന പാത്രങ്ങളും വച്ചു. ഭാര്യയുടെ പ്രായോഗിക ബുദ്ധിയില്‍ അഭിമാനം തോന്നിയ ഞാന്‍ ഭയാശങ്കകളില്ലാതെ നിദ്രയെ പൂകി.


നേരം പാതിരാ ആയിട്ടുണ്ടാകും. അതി ഭയങ്കരമായ ഒരലര്‍ച്ചയും ഒപ്പം ഭാരമുള്ള എന്തോ ഒന്ന് നിലത്തു വീഴുന്ന ശബ്ദവും കേട്ട ഞാന്‍ ഞെട്ടിയുണര്‍ന്നു. കൂരിരുട്ടില്‍ ഒന്നും കാണാന്‍ പറ്റുന്നില്ല. വെപ്രാളത്തോടെ ഞാന്‍ അടുത്ത് കിടന്നിരുന്ന ഭാര്യയെ കുലുക്കിയുണര്‍ത്താനായി നോക്കി.. അയ്യോ...അവളെ കാണാനില്ല.!!


ദൈവമേ സ്വര്‍ണം മോഷ്ടിക്കാന്‍ വന്ന കള്ളന്‍ അതു കിട്ടാത്തത് കൊണ്ട് ഭാര്യയെ മോഷ്ടിച്ചതാണോ? ഞാന്‍ വിയര്‍ത്തു. എന്റെ ശബ്ദം നഷ്ടപ്പെട്ടു. ഞാന്‍ പരവേശത്തോടെ കിടക്കയില്‍ കുത്തിയിരുന്നു കിതച്ചു.


സ്വര്‍ണം പോയാലും വേണ്ടില്ല. ഭാര്യയെ തിരിച്ചു കിട്ടിയാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ അവളുടെ ബന്ധുക്കളോട് ഞാന്‍ എന്തു സമാധാനം പറയും. എന്റെ ശരീരത്തിലൂടെ വിയര്‍പ്പു ചാലിട്ടൊഴുകി. സ്വര്‍ണം അലമാരിയില്‍ വച്ചു പൂട്ടിയത് പോലെ ഭാര്യയേയും എവിടെയെങ്കിലും വച്ചു പൂട്ടിയിരുന്നെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു. ഞാന്‍ ആക്രാന്തത്തോടെ ഭിത്തിയില്‍ സ്വിച്ചിനു വേണ്ടി പരതി. ലൈറ്റ് ഓണ്‍ ചെയ്തു.


മുറിയില്‍ നിറഞ്ഞ വെളിച്ചത്തില്‍ കണ്ട കാഴ്ച എന്നെ വീണ്ടും ഞെട്ടിച്ചു. കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ട് പോയ ഭാര്യ അതാ നിലത്തു കുത്തിയിരിക്കുന്നു. "നിങ്ങളുടെ ഒടുക്കത്തെ ഒരുറക്കം. എന്നെ ആരെങ്കിലും പൊക്കിക്കൊണ്ട് പോയാലും അറിയില്ലല്ലോ കാലമാടാ" എന്ന രീതിയില്‍ തലയ്ക്കു കയ്യും താങ്ങി വിഷണ്ണയായി നിലത്തിരിക്കുന്ന ഭാര്യയെ ഞാന്‍ പിടിച്ചു സാവധാനം കട്ടിലില്‍ ഇരുത്തി. മേശപ്പുറത്തു ഗ്ലാസ്സിലിരുന്ന വെള്ളമെടുത്തു കൊടുത്തു. അതു ഒറ്റവലിക്ക് കുടിച്ച ശേഷം അവശയായി വീണ്ടും കട്ടിലില്‍ കിടന്ന ഭാര്യയോടു ഞാന്‍ കാര്യം തിരക്കി.


"അതു ചേട്ടാ... ഞാന്‍...നമ്മുടെ മാല മോഷ്ടിക്കാന്‍ വന്ന കള്ളനെ തൊഴിച്ചതാ.."


ങേ? മാല മോഷ്ടിക്കാന്‍ കള്ളന്‍ വന്നന്നോ? ഞാന്‍ നിന്ന നില്പില്‍ മേലോട്ട് ചാടിപ്പോയി. എവിടെ...എവിടെ കള്ളന്‍?


"അതു പിന്നെ .. കള്ളന്‍ വന്നതായി.. ഞാന്‍ അവനെ തൊഴിച്ചതായി.. ഒക്കെ സ്വപ്നം..." വിക്കി വിക്കി അത്രയും പറഞ്ഞിട്ട് അവള്‍ മൂടിപ്പുതച്ചു കിടന്നു.


നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും കൂര്‍ക്കം വലി തുടങ്ങിയ ഭാര്യയെ നോക്കിയ ഞാന്‍ ആശ്വാസത്തോടെ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു. പക്ഷെ പിന്നെ എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറക്കം വന്നില്ല. എന്തെന്നാല്‍ അടുത്ത കള്ളന്‍ ഉടനെ വരുമെന്നും വന്നാല്‍ എന്റെ ഭാര്യ അവന്റെ നട്ടെല്ല് നോക്കി തൊഴിക്കുമെന്നും എനിക്കുറപ്പായിരുന്നു. പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു കിട്ടിയാല്‍ ഒടിയില്ലേ?..