2010, ഏപ്രിൽ 29, വ്യാഴാഴ്‌ച

കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"



ഒരു
പുതിയ പോസ്റ്റ് എഴുതാനുള്ള "ത്രെഡ് " കിട്ടിയ ഞാന്‍ ആ ത്രെഡുമായി കമ്പ്യൂട്ടര്‍ ഇരിക്കുന്ന മുറിയില്‍ കയറി കമ്പ്യൂട്ടര്‍ ടേബിളിന്റെ അടിയില്‍ സൂക്ഷിച്ചിരിക്കുന്ന "ത്രെഡ് വര്‍ദ്ധക രസായനം" അല്പമെടുത്ത് ഗ്ല്ലാസില്‍ ഒഴിച്ച് അതില്‍ "ത്രെഡ്" ഇട്ടതിനു ശേഷം സമം വെള്ളവുമായി കലര്‍ത്തി അച്ചാര്‍ ചിപ്സ് എന്നിവയുടെ അകമ്പടിയോടെ അല്പാല്പമായി പോസ്റ്റാക്കിക്കൊണ്ടിരിക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്.



"ഹോ മനുഷ്യനെ മിനക്കെടുത്താനുള്ള ഒരു സാധനം" ഞാന്‍ ദേഷ്യത്തോടെ മൊബൈല്‍ അറ്റന്‍ഡ് ചെയ്തു.


ഹലോ രഘുവല്ലേ?


ഹലോ രഘുവല്ല. ഇത് പട്ടാളം രഘുവാണ്...... കോന്‍ ബോല്‍ രേ ഭായ് ?


പെഗ്ഗുണ്ടോ സഖാവേ ഒരു സോഡാ എടുക്കാന്‍?


ങേ......???


എടാ... അളിയാ...നിനക്ക് മനസിലായില്ലേ... ഇതു ഞാനാ.....അനില്‍...


അനിലോ? ഏത് അനില്‍ ?


എടാ പണ്ട് ജബല്‍പ്പൂരില്‍ ഉണ്ടായിരുന്ന... കായംകുളം കാരന്‍ അനില്‍.


ഓ.. അനില്‍ !! അളിയാ നീ ഇപ്പോള്‍ എവിടെയാ ? സുഖം തന്നെ അല്ലേ? എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?


എടാ നിന്റെ വെടിക്കഥകള്‍ ഒക്കെ ഞാന്‍ വായിക്കുന്നുണ്ട്. നമ്മുടെ ഭീമന്‍ രഘുവിന്റെ കഥ എന്താ എഴുതാതിരുന്നത്?



ഭീമന്‍ രഘുവോ? അയ്യോ അങ്ങേരെ ഞാന്‍ ഇതുവരെ കണ്ടിട്ട് പോലുമില്ല.



എടാ ആ ഭീമന്‍ രഘുവല്ല. ജബല്‍പ്പൂരില്‍ ഉണ്ടായിരുന്ന ഭീമന്‍ രഘു. നമ്മുടെ രഘുനാഥ കുറുപ്പ്.



അപ്പോഴാണ്‌ എനിക്ക് രഘുനാഥ കുറുപ്പ് എന്ന കുറുപ്പ് സാറിനെ ഓര്‍മ വന്നത്. മിലിട്ടറി ട്രെയിനിംഗ് സമയത്ത് ഞങ്ങളുടെ ഫിസിക്കല്‍ ട്രെയിനിംഗ് ഉസ്താദ് ആയിരുന്നു കുറുപ്പ് സാര്‍. കുറുപ്പ് സാറിന്റെ പേര് കേട്ടാല്‍ നടുങ്ങാത്ത ആരും അന്ന് ഞങ്ങളുടെ ബാരക്കില്‍ ഉണ്ടായിരുന്നില്ല. സിനിമാതാരം ഭീമന്‍ രഘുവിന്റെ മുഖ സാദൃശ്യം ഉണ്ടായിരുന്നില്ല എങ്കിലും ശരീര സ്ഥിതി വച്ച് നോക്കിയാല്‍ ഒരു ഭീമന്‍ തന്നെയായിരുന്നു അദ്ദേഹം. ഭീമന്‍ രഘുവിനെപ്പോലെ മസ്സില് പിടിച്ചുള്ള നടത്തവും അദ്ദേഹത്തിന്റെ പോലെയുള്ള സംസാര രീതിയുമായിരുന്നു കുറുപ്പ് സാറിന്. അതുകൊണ്ട് മലയാളികള്‍ അദ്ദേഹത്തിനു കൊടുത്ത പേരാണ് " ഭീമന്‍ രഘു"



ഫിസിക്കല്‍ ട്രെയിനിങ്ങില്‍ ഭയങ്കര കണിശക്കാരനായിരുന്നു കുറുപ്പ് സാര്‍. പി ടി ഗ്രൗണ്ടില്‍ സമയത്തിനു മുന്‍പ് തന്നെ ഹാജരാകുന്ന അദ്ദേഹം താമസിച്ചു വരുന്നവരെക്കൊണ്ട് ഗ്രൌണ്ടിന്റെ ചുറ്റും പല തവണ ഓടിക്കുമെന്ന് മാത്രമല്ല തവള ചാട്ടം, തലകുത്തി മറിയല്‍, ഉരുളിച്ച തുടങ്ങിയ കലാപരിപാടികളും ചെയ്യിപ്പിക്കും. ഓടുന്നവരുടെ പിറകെ ഓടുകയും ഓട്ടത്തില്‍ പിറകില്‍ പോകുന്നവരെ ഓടിച്ചിട്ടടിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.



ഫിസികള്‍ ട്രെയിനിംഗ് ചെയ്യിക്കുക എന്നത് കൂടാതെ വൈകുന്നേരങ്ങളില്‍ ബാരക്കുകളില്‍ മിന്നല്‍ പരിശോധന നടത്തുക, ബാരക്കിന്റെ പിന്നില്‍ പോയിരുന്നു സിഗരറ്റ് , ബീഡി എന്നിവ വലിക്കുന്നവരെ കയ്യോടെ പിടിക്കുക, ഹാന്‍സ്, പാന്‍ പരാഗ് മുതലായ പുകയില ഇത്പന്നങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്ന ഹിന്ദിക്കാരെ അവരുടെ പെട്ടിയിലും മറ്റും ഒളിച്ചു വച്ചിരിക്കുന്ന സാധനസാമഗ്രികള്‍ സഹിതം പിടിച്ചു കൊണ്ട് പോയി ഹവില്‍ദാര്‍ മേജറിന്റെ മുന്‍പില്‍ ഹാജരാക്കുക, അവര്‍ക്ക് ഹവില്‍ദാര്‍ മേജര്‍ നിര്‍ദ്ദേശിക്കുന്ന ശിക്ഷാ വിധികള്‍ നടപ്പാക്കുക എന്നിവയായിരുന്നു കുറുപ്പ് സാറിന്റെ ഡ്യൂട്ടികള്‍.


സെന്ററില്‍ ഉണ്ടായിരുന്ന ഉസ്താദ് പുലികളില്‍ പുപ്പുലിയായിരുന്ന കുറുപ്പ് സാറിനെ ഒട്ടും പേടിയില്ലാത്ത ഒരു പുലി കൂടി അന്നവിടെ ഉണ്ടായിരുന്നു. കുറുപ്പ് സാറിന്റെ സ്വന്തം നാടുകാരനായിരുന്നു അയാള്‍. തന്റെ നാട്ടുകാരന്‍ ആയതു കൊണ്ടാണെന്ന് തോന്നുന്നു കുറുപ്പ് സാറിന് അയാളോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. ആയതു മുതലാക്കിയ മേല്‍പ്പടിയാന്‍ താന്‍ കുറുപ്പ് സാറിന്റെ "സ്വന്തം ആളാണെന്നും" കുറുപ്പ് സാര്‍ ഇല്ലാത്തപ്പോള്‍ ബാരക്കിന്റെ ചുമതല തനിക്കാണെന്നും ജൂനിയര്‍ "റിക്രൂട്ട്" കളെ അറിയിച്ചു. (പട്ടാളത്തില്‍ ബേസിക് ട്രെയിനിംഗ് നടത്തുന്നവരെ വിളിക്കുന്ന പേരാണ് റിക്രൂട്ട്) മാത്രമല്ല ബാരക്കില്‍ ആരും അറിയാതെ റിക്രൂട്ടുകള്‍ നടത്തുന്ന കള്ളുകുടി, സിഗരറ്റ് വലി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കുറുപ്പ് സാറിനെ അറിയിക്കാനും തുടങ്ങി. അത് മനസ്സിലാകിയ ട്രയിനികള്‍ കുറുപ്പ് സാറിനെ എന്നപോലെ അദ്ദേഹത്തിന്റെ വാലിനെയും പേടിച്ചു തുടങ്ങി. ഒപ്പം മലയാളികളായ ട്രയിനികള്‍ അയാള്‍ക്കൊരു പേരും കൊടുത്തു.



കുറുപ്പ് സാറിന്റെ വാല്‍ അഥവാ "വാലു കുറുപ്പ് ‍"



ഒരിക്കല്‍ ബീഹാറുകാരനായ തിവാരി എന്നൊരു റിക്രൂട്ടിന്റെ പെട്ടിയില്‍ ഇരിക്കുന്ന ഒരു കുപ്പി വിസ്കിയെപ്പറ്റി വാലുകുറുപ്പിന് വിവരം കിട്ടുകയും ആ വിവരം ഉടന്‍തന്നെ കുറുപ്പ് സാറിനെ അറിയിക്കുമെന്ന് തിവാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറുപ്പ് സാര്‍ അറിഞ്ഞാല്‍ വലിയ പണീഷ് മെന്റ് കിട്ടും എന്നുറപ്പുള്ള തിവാരി വാലുകുറുപ്പുമായി ഒരു ധാരണ ഉണ്ടാക്കുകയും ആ ധാരണ പ്രകാരം വിസ്കിയുടെ കുപ്പി വാലുകുറുപ്പിന് കൊടുക്കുകയും പ്രശ്നം ഗോപ്യമായി പരിഹരിക്കുകയും ചെയ്തു. കിട്ടിയ കുപ്പി അന്ന് വൈകുന്നേരം തന്നെ വാലു കുറുപ്പും കൂട്ടുകാരും പൊട്ടിച്ചു കഴിക്കുകയും ചെയ്തു.



അങ്ങനെ ബാരക്കില്‍ വരുന്ന കുപ്പികളെക്കുറിച്ച് വിവരം ശേഖരിച്ചു കുറുപ്പ് സാറിനെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി കുപ്പി സ്വന്തമാക്കിയ ശേഷം വൈകുന്നേരങ്ങളില്‍ അടിച്ചു പിമ്പിരിയായി നടന്നിരുന്ന വാലുകുറുപ്പിന് ഒരിക്കല്‍ അക്കിടി പറ്റി...


ഒറീസ്സക്കാരനായ റിക്രൂട്ട് സാഹൂ എവിടെ നിന്നോ ഒരു കുപ്പി കൊണ്ടു വന്നിട്ടുണ്ടെന്നും വൈകുന്നേരം ഒറീസ്സക്കാര്‍ എല്ലാവരും ചേര്‍ന്ന് അത് കുടിക്കുവാനുള്ള പ്ലാന്‍ ഉണ്ടെന്നും വിവരം കിട്ടിയ വാലു കുറുപ്പ് മെസ്സില്‍ ജോലിയിലായിരുന്ന സാഹുവിനെ കണ്ടിട്ട് കുപ്പിയുടെ വിവരം തിരക്കി. കുപ്പിയുടെ വിവരം കുറുപ്പ് സാര്‍ അറിഞ്ഞു കഴിഞ്ഞുവെന്നും കുപ്പി തന്റെ കൈവശം കൊടുത്തുവിടാന്‍ കുറുപ്പ് സാര്‍ നിര്‍ദ്ദേശം തന്നിട്ടുണ്ടെന്നും പറഞ്ഞതോടെ ഭയന്നു പോയ സാഹു ഉടന്‍ ബാരക്കിലെത്തി കുപ്പി എടുത്തു വാലു കുറുപ്പിന്റെ കൈവശം ഏല്പിച്ചു.



കുപ്പി കൊടുത്തിട്ട് തിരിച്ചു വന്ന സാഹൂ മെസ്സില്‍ നില്‍ക്കുന്ന കുറുപ്പ് സാറിനെ കണ്ടതോടെ തന്നെ പിടിക്കാന്‍ കുറുപ്പ് സാര്‍ നേരിട്ട് മെസ്സിലെത്തിയതാണെന്ന് ധരിച്ച്, കുപ്പി കൊടുത്തു വിട്ടിട്ടുണ്ടെന്നും ഇനി ഒരിക്കലുംആവര്‍ത്തിക്കില്ല, ഇത്തവണ ക്ഷമിക്കണമെന്നുമുള്ള മുന്‍‌കൂര്‍ ജാമ്യാപേക്ഷ കുറുപ്പ് സാറിന് കൊടുത്തു. കാര്യമറിയാതെ അന്തംവിട്ടു പോയ കുറുപ്പ് സാര്‍ സാഹുവുമായി ഉടന്‍ ബാരക്കില്‍ എത്തുകയും ബാരക്കിന്റെ പിറകിലുള്ള വരാന്തയില്‍ ഇരുന്നിരുന്ന വാലുകുറുപ്പിനെ കുപ്പി സഹിതവും ഒപ്പമുണ്ടായിരുന്ന വാലു കുറുപ്പിന്റെ സുഹൃത്ത് അനിലിനെ അച്ചാറിന്റെ ചെറിയ ഭരണി സഹിതവും പൊക്കി.


റമ്മു കുപ്പിയും അച്ചാറുമായി കുറുപ്പ് സാറിന്റെ നേതൃത്തത്തില്‍ ഹവില്‍ദാര്‍ മേജറുടെ ഓഫീസ്സിലേയ്ക്ക് മാര്‍ച്ച് ചെയ്യുന്ന വാലു കുറുപ്പിനെയും അനിലിനെയും കണ്ടു ബാരക്കിലുള്ള റിക്രൂട്ടുകള്‍ അന്തം വിട്ടു നിന്നു



ഭീമന്‍ രഘുവിനു വാല് കുറുപ്പിനോടുള്ള ബന്ധവും വാലുകുറുപ്പിന് അനിലുമായുള്ള ബന്ധവും മാന്യ വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ അല്ലേ?