2011, ഏപ്രിൽ 23, ശനിയാഴ്‌ച

താക്കൂര്‍ സാബിന്റെ പുട്ടുകുടം

ജലന്ധറില്‍ ഞാന്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടുത്തെ ടെക്നിക്കല്‍ സെക്ഷന്റെ ഹെഡ് ആയിരുന്നു സുബേദാര്‍ മേജര്‍ താക്കൂര്‍ സാബ്.


പഴയ സിനിമാ നടന്‍ പറവൂര്‍ ഭരതന്റെ ശരീര പ്രകൃതിയാണ് താക്കൂര്‍ സാബിന്. തടിച്ചു കുറുകിയ ശരീരവും "മാറി നിന്നോ അല്ലെങ്കില്‍ ഞാനിപ്പം മുട്ടും" എന്ന ഭാവത്തില്‍ തള്ളിനില്‍ക്കുന്ന കുടവയറും കൊമ്പന്‍മീശയും കഷണ്ടിത്തലയും ചേര്‍ന്നാല്‍ പോലീസ്സ് തയ്യാറാക്കുന്ന പിടികിട്ടാപുള്ളികളുടെ ഫോട്ടോ പോലെ, താക്കൂര്‍ സാബിന്റെ ഏകദേശ രൂപമാകും. ക്ഷിപ്രകോപിയും കോപിച്ചു കഴിഞ്ഞാല്‍ പിന്നെ ക്ഷിപ്രമൊന്നും പ്രസാദിക്കാത്ത സ്വഭാവക്കാരനുമായ താക്കൂര്‍സാബിനു മലയാളികള്‍ സ്നേഹപൂര്‍വ്വം കൊടുത്തിരുന്ന ഓമനപ്പേരാണ്‌ "കുടം"


ഹിന്ദിക്കാരാകട്ടെ അദ്ദേഹത്തിനെ "പേട്ടുറാം" എന്ന ഓമനയല്ലാത്ത പേരും വിളിച്ചിരുന്നു.


ഫാള്‍ ഇന്‍ ചെയ്യുമ്പോള്‍ താക്കൂര്‍ സാബിന്റെ അടുത്തു നില്‍ക്കുന്നവനെ നോക്കി പിറകിലുള്ളവര്‍ "ഡാ കൊടത്തില്‍ മുട്ടാതെ മാറി നിലക്ക് " എന്നു വിളിച്ചു പറയാനുള്ള ധൈര്യം ഞങ്ങള്‍ മലയാളികള്‍ക്ക് ഉണ്ടായിരുന്നു എന്ന നഗ്നസത്യം ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.


താക്കൂര്‍ സാബിന് മലയാളം അറിയില്ല എന്നുള്ളതായിരുന്നു ആ ധൈര്യത്തിനുള്ള ഹേതു.


അങ്ങനെയുള്ള താക്കൂര്‍ സാബിന്റെ സന്തത സഹചാരിയാണ് ബജാജ് കമ്പനിയുടെ "ചേതക്" എന്ന സ്കൂട്ടര്‍. ടെക്നിക്കല്‍ സെക്ഷന്റെ ഹെഡ് ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല അദ്ദേഹത്തിന്റെ വണ്ടിയില്‍ ഹെഡ് ലൈറ്റ്, ബ്രേക്ക് മുതലായ നിത്യോപയോഗ സാധനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്തിനു പറയുന്നു, വണ്ടി ഓണ്‍ ചെയ്യാനുള്ള താക്കോല്‍ പോലും ഉപയോഗിക്കുന്നത് താക്കൂര്‍സാബിനു ഇഷ്ടമുള്ള കാര്യമായിരുന്നില്ല. പകരം ഹെഡ് ലൈറ്റിന്റെ ബള്‍ബ് ഇടാനുള്ള ദ്വാരത്തില്‍ കൂടി പുറത്തക്ക് എടുത്തിരിക്കുന്ന രണ്ടു വയറുകള്‍ കൂട്ടിമുട്ടിച്ചാല്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കുന്നതിനുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാകും. പിന്നീടുള്ള രണ്ടാം ഘട്ടമാണ് താക്കൂര്‍ സാബിന്റെ ആരോഗ്യരഹസ്യം എന്നു വേണമെങ്കില്‍ പറയാം. എന്തെന്നാല്‍ അത് ചവുട്ടി സ്റ്റാര്‍ട്ട് ആക്കുകയെന്നത് ഒരു അന്താരാഷ്ട്ര സംഭവം തന്നെയാണ്. പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കൊണ്ടുവരുവാന്‍ പാടുപെടുന്ന ഭര്‍ത്താവിനെപ്പോലെ പലരീതിയില്‍ അനുനയിപ്പിച്ചാല്‍ മാത്രമേ താക്കൂര്‍ സാബിന്റെ സ്കൂട്ടര്‍ അനുസരിക്കൂ. ആയതിനാല്‍ താക്കൂര്‍ സാബ് രാവിലെ ഓഫീസിലേക്ക് പോയെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ മുറിയുടെ അടുത്ത്‌ കൂടി പോകാറുള്ളൂ. അല്ലെങ്കില്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ആക്കുന്നതിനുള്ള ഉത്തരവാദിത്ത്വം അദ്ദേഹം നമ്മളെ ഏല്പിച്ചുകളയും!


ഇതൊക്കെയാണെങ്കിലും എന്റെ കൂടെയുണ്ടായിരുന്ന മിക്കവാറും ചെറുപ്പക്കാര്‍ ടൂവീലര്‍ ഓടിക്കുവാന്‍ പഠിച്ചത് താക്കൂര്‍സാബിന്റെ വണ്ടിയിലാണ്. എങ്ങനെയെന്നു ചോദിച്ചാല്‍ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു രാവിലെ റൂമില്‍ എത്തുന്ന താക്കൂര്‍ സാബ്, കുളിയും പൂജയും കഴിഞ്ഞു ജെ.സി. ഓ. മെസ്സിലെത്തി ബ്രേക്ക്‌ ഫാസ്റ്റും ഒപ്പം രണ്ടു ലാര്‍ജും വിഴുങ്ങി തിരിച്ചു മുറിയിലെത്തി ഒരു ടവല്‍ മാത്രമുടുത്ത് ഉറങ്ങാന്‍ കിടക്കും. ഏകദേശം അരമണിക്കൂര്‍ കഴിയുമ്പോള്‍ മുറിക്കുള്ളില്‍ നിന്നും ഉച്ചസ്ഥായിയിലുള്ള കൂര്‍ക്കം വലി ഉയരുന്നതോടെ ഞങ്ങളുടെ ടൂവീലര്‍ ഡ്രൈവിങ്ങ് ട്രെയിനിംഗ് ആരംഭിക്കുകയായി.


ജെ. സി. ഓ മെസ്സിന്റെ വരാന്തയോട് ചേര്‍ന്ന് ഏറ്റവും അറ്റത്തുള്ളതാണ് താക്കൂര്‍ സാബിന്റെ മുറി. മുറിയുടെ പുറകുവശത്ത് ജനാലയും അതിനോടെ ചേര്‍ന്ന് അരമതിലും മതിലിനപ്പുറത്ത് മൈതാനവുമാണ്. മൈതാനം കഴിഞ്ഞാല്‍ റോഡും ചെറിയ കടകളും ഒരു വര്‍ക്ക് ഷോപ്പും ഉണ്ട്. മുന്‍വശത്തെ വാതില്‍ ചാരിയശേഷം പുറകിലത്തെ ജനാല തുറന്നിട്ടുകിടന്നാണ് താക്കൂര്‍ സാബ് ഉറങ്ങുക. ഉറക്കത്തിന്റെ കാര്യത്തില്‍ സാക്ഷാല്‍ കുംഭകര്‍ണന്‍ പോലും താക്കൂര്‍ സാബിനോടെ മത്സരിക്കില്ല എന്നു ഞങ്ങള്‍ പറയാറുണ്ട്‌. കൂര്‍ക്കം വലി ഉയരുന്നതോടെ ഞങ്ങള്‍ മുറ്റത്തിരിക്കുന്ന സ്കൂട്ടര്‍ തള്ളി അല്പം ദൂരെ കൊണ്ടുപോയി സ്റ്റാര്‍ട്ട് ചെയ്തു ഡ്രൈവിങ്ങ് ട്രെയിനിംഗ് തുടങ്ങും.


പഞ്ചാബിയായ പവന്‍കുമാറാണ് ഗുരു. പവന്‍കുമാര്‍ തൊട്ടാല്‍ വണ്ടി ഉടന്‍ സ്റ്റാര്‍ട്ടാകും. എന്താണ് അതിന്റെ ഗുട്ടെന്‍സെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല.


"മൂന്നു പെഗ്ഗ് റം" ആണ് പവന്‍കുമാറിനുള്ള ഫീസ്‌.


അങ്ങനെ എല്ലാവരും ടൂവീലര്‍ ഓടിക്കാന്‍ പഠിച്ചതോടെ എനിക്കും അതൊന്നു പഠിച്ചാലോ എന്നൊരു ചിന്തയുദിച്ചു. പവന്‍ കുമാറിനോട് വിവരം പറയുകയും അവന്‍ സമ്മതിക്കുകയും ചെയ്തു. നല്ല സൈക്കിള്‍ബാലന്‍സ് ഉണ്ടെങ്കില്‍ രണ്ടുമണിക്കൂര്‍ കൊണ്ട് സ്കൂട്ടര്‍ ഓടിക്കാന്‍ പഠിക്കാം എന്നു പവന്‍കുമാര്‍ പറഞ്ഞതോടെ അടുത്ത ദിവസം തന്നെ സംഗതി ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി.


പിറ്റേദിവസം രാവിലെ താക്കൂര്‍ സാബ് ഉറങ്ങിയ തക്കം നോക്കി സ്കൂട്ടര്‍ ഉരുട്ടിക്കൊണ്ട് പോയി സ്റ്റാര്‍ട്ട് ചെയ്തു ഗിയറില്‍ ഇട്ടിട്ട് എന്നെ അതില്‍ ഇരുത്തിയ ശേഷം എന്റെ ഇടതു കൈ എടുത്തു വണ്ടിയുടെ "ക്ലെച്ച്‌" എന്നു പറയുന്ന മര്‍മ്മപ്രധാനമായ യന്ത്രഭാഗത്തില്‍ പവന്‍കുമാര്‍ പിടിപ്പിച്ചു. ശേഷം ആ യന്ത്രം പതുക്കെ അയച്ചു കൊടുത്തുകൊണ്ട് "ആക്സിലേറ്റര്‍" എന്നു പേരായ വേറൊരു യന്ത്രഭാഗത്തില്‍ പിടിച്ചു തിരിക്കാനുള്ള സൂത്രം പവന്‍കുമാര്‍ എനിക്ക് പറഞ്ഞു തന്നു.


ഞാനങ്ങനെ ചെയ്തപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വണ്ടി അല്പം മുന്‍പോട്ടു നീങ്ങി. വണ്ടിയുടെ പിറകില്‍ പിടിച്ചു കൊണ്ട് പവന്‍ കുമാറും കൂടെ വന്നു. കുറച്ചുദൂരം പോയപ്പോള്‍ എനിക്ക് ധൈര്യമായി. അതോടെ വണ്ടിയുടെ ഇരുവശത്തും തൂണു പോലെ തൂക്കിയിട്ടിരുന്ന കാലുകള്‍ പൊക്കി വണ്ടിയില്‍ വച്ച് സ്റ്റൈലില്‍ ഇരുന്നു കുറച്ചു ദൂരം ഓടിച്ചു. അത്രയുമായപ്പോള്‍ എന്റെ ആത്മവിശ്വാസത്തിന്റെ തോത് കുത്തനെ ഉയരുകയും വണ്ടിയില്‍ പിടിച്ചു കൊണ്ട് പിറകെ നടക്കുന്ന പവന്‍കുമാറിനെ "സ്റ്റേറ്റ് കാറില്‍ പോകുന്ന മന്ത്രി കാല്‍ നടയായിപ്പോകുന്ന വോട്ടറെ നോക്കുന്ന ഭാവത്തില്‍" ഒന്ന് നോക്കുകയും ചെയ്തു.


അതോടെ അവന്‍ വണ്ടിയിലെ പിടി വിട്ടു.


മുറ്റത്തിന്റെ അങ്ങേയറ്റം വരെ ഓടിച്ച ശേഷം സ്പീഡില്‍ തിരിച്ചു വന്ന ഞാന്‍ മുറ്റത്തു കിടന്ന ഒരു കല്ലിന്റെ പുറത്തു കയറാതിരിക്കാനായി വണ്ടി അല്പം വെട്ടിച്ചു. അതോടെ വണ്ടി ചരിയുകയും . ആനപ്പുറത്ത് ബാലന്‍സ് പിടിച്ചിരിക്കുന്ന കുരങ്ങന്റെ സ്റ്റൈലില്‍ സ്കൂട്ടറിന്റെ പുറത്തിരിക്കുന്ന ഞാന്‍ മറിഞ്ഞു വീഴാതിരിക്കാനായി ആക്സിലേറ്ററില്‍ മുറുക്കെ പിടിക്കുകയും തദ്വാര വണ്ടി ഇരട്ടി സ്പീഡില്‍ മുന്‍പോട്ടു കുതിച്ചു നേരെ വരാന്തയില്‍ കയറി താക്കൂര്‍ സാബിന്റെ മുറിയുടെ വാതില്‍ ഇടിച്ചു തുറക്കുകയും, ഉറങ്ങിക്കിടക്കുന്ന താക്കൂര്‍ സാബിന്റെ കട്ടിലിനടുത്തുള്ള മേശയില്‍ തട്ടി മറിയുകയും ചെയ്തു.


ഇതിനിടയില്‍ വളരെ വിദഗ്ദമായി വണ്ടിയില്‍ നിന്നും ചാടി വരാന്തയില്‍ നടുവടിച്ചു വീണ വിവരം ഞാന്‍ അറിഞ്ഞില്ലെങ്കിലും അവിടെ നിന്നവരൊക്കെ വളരെ വ്യക്തമായി അതു കാണുകയുണ്ടായി.


ടവല്‍ മാത്രമുടുത്ത് കൂര്‍ക്കംവലിച്ചു കൊണ്ടിരുന്ന താക്കൂര്‍സാബ് എന്താണ് സംഭവം എന്നു മനസ്സിലാക്കാതെ വല്ല ഉഗ്രവാദി ആക്രമണവും ആയിരിക്കുമോ എന്നുള്ള ശങ്കയില്‍ വെപ്രാളത്തോടെ എഴുനേറ്റ് തൊട്ടടുത്തുള്ള ജനാല വഴി പുറത്തേയ്ക്ക് ഒരു "ലോങ്ങ്‌ ജംബ്" നടത്തുകയും അരമതിലിനു മുകളില്‍ കൂടി മറ്റൊരു തകര്‍പ്പന്‍ "ഹൈ ജംബ്" കാഴ്ചവച്ചു മൈദാനത്തിലെത്തി ശരം പോലെ പാഞ്ഞു പോവുകയും ചെയ്തു.


അദ്ദേഹമുടുത്തിരുന്ന ടവല്‍ മാത്രം എന്തു വന്നാലും നേരിടാന്‍ തയ്യാറെന്ന മട്ടില്‍ കട്ടിലില്‍ കിടന്നിരുന്നു.


വീണു കിടന്ന എന്നെ പവന്‍കുമാറും മറ്റുള്ളവരും ചേര്‍ന്ന് പിടിച്ചുയര്‍ത്തി. ഒരാള്‍ പോയി മുറിക്കുള്ളില്‍ നിന്നും സ്കൂട്ടര്‍ കൊണ്ടുവന്നു. 'പണ്ടേ ദുര്‍ബല പോരാത്തതിനു ഗര്‍ഭിണി' എന്നു പറയുന്നതു പോലെ ഷേപ്പ് മൊത്തമായും മാറി ഏതാണ്ട് ചളുങ്ങിയ പുട്ടുകുടം പോലെ ആയ സ്കൂട്ടറും അതിനടുത്ത് ഓട്ടം കഴിഞ്ഞു തിരിച്ചുവന്നിരിക്കുന്ന താക്കൂര്‍ സാബിനേയും കണ്ടതോടെ ഇനി എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങി.


എന്റെ ഗുരു പവന്‍ കുമാറും കൂടെ എന്നെ പ്രോത്സാഹിപ്പിക്കാന്‍ നിന്നവരും താക്കൂര്‍ സാബ് വന്നതോടെ മുങ്ങി. അനുവാദമില്ലാതെ സ്കൂട്ടര്‍ എടുത്തതിനും ഉറങ്ങിക്കിടന്ന താക്കൂര്‍ സാബിനെ ഭയപ്പെടുത്തിയത്തിനുമായി രണ്ടു കേസ്സുകള്‍ എന്റെ പേരില്‍ ചാര്‍ജ് ചെയ്യപ്പെടുമെന്ന് എനിക്കുറപ്പായി. ആയതിനാല്‍ ഓട്ടം കഴിഞ്ഞു തിരിച്ചു വന്ന വഴിക്ക് തപ്പിയെടുത്ത അണ്ടര്‍വെയര്‍ ധരിച്ചു കോപിച്ചു നില്‍ക്കുന്ന താക്കൂര്‍ സാബിനു മുന്‍പില്‍ നിരുപാധികം കീഴടങ്ങുകയും മേല്‍പ്പടി പുട്ടുകുടത്തിനെ തിരിച്ചു സ്കൂട്ടര്‍ പരുവത്തിലാക്കാനുള്ള സകലവിധ ചിലവുകളും ഞാന്‍ സ്വമേധയാ നിര്‍വഹിച്ചു കൊള്ളാമെന്നു ധാരണയാവുകയും പുട്ടുകുടത്തിനെ ഓട്ടോയില്‍ കയറ്റി അടുത്തുള്ള വര്‍ക് ഷോപ്പില്‍ എത്തിക്കുകയും ചെയ്തു.


വര്‍ക്കുഷോപ്പുകാരന്‍ പുട്ടുകുടത്തെ കൊമ്പും കുഴലും വച്ച് പരിശോധിച്ച് അതിനു നേരത്തെ ഇല്ലാതിരുന്ന ബ്രേക്ക്, ഹെഡ് ലൈറ്റ് മുതലായ സാധനസാമഗ്രികളുടെ വിലയും റിപ്പയറിംഗ് ചാര്‍ജും ചേര്‍ത്ത് രണ്ടായിരത്തി ഇരുനൂറു രൂപയുടെ ബില്ല് തന്നതോടെ പവന്‍കുമാറിന് കൊടുക്കാമെന്നേറ്റിരുന്ന മൂന്ന് പെഗ്ഗ് റം വെള്ളമൊഴിക്കാതെ ഞാന്‍ തന്നെ കഴിച്ചു കൊണ്ട് എന്റെ ടൂ വീലര്‍ ട്രെയിനിംഗ് പര്യവസാനിപ്പിച്ചു.



2011, ഏപ്രിൽ 13, ബുധനാഴ്‌ച

ചോളച്ചെടികളിലെ തീപ്പൂക്കള്‍

കാശ്മീരിലെ കുപ്പുവാരയില്‍ മലനിരകള്‍ക്കു നടുവിലുള്ള വിശാലമായ സമതലത്തിനോട് ചേര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന മൊട്ടക്കുന്നിന്റെ ഒരു വശത്തായിരുന്നു ആ ഡ്യൂട്ടി പോസ്റ്റ്‌.

കുന്നിന്റെ ചരുവില്‍ നാലടിയിലധികം താഴ്ചയില്‍ മണ്ണെടുത്ത് , മുന്‍ വശത്ത്‌ മണല്‍ ചാക്കുകള്‍ അടുക്കി രണ്ടു തൂണുകള്‍ ഉണ്ടാക്കിയ ശേഷം, മുകളില്‍ തകര ഷീറ്റുകള്‍ മേഞ്ഞതായിരുന്നു ഡ്യൂട്ടി പോസ്റ്റ്‌. പോസ്റ്റിനു മുകളിലൂടെ പച്ചയും തവിട്ടു നിറവുമുള്ള ചാക്ക് നൂല്‍ കൊണ്ടുണ്ടാക്കിയ വല പുതപ്പിച്ചിരുന്നു. പകല്‍ സമയങ്ങളില്‍ ഡ്യൂട്ടി പോസ്റ്റിനെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ സൂക്ഷിക്കാനായിരുന്നു അത്.

പോസ്റ്റിനു നേരെ മുന്‍പില്‍ കുത്തനെയുള്ള ഇറക്കമാണ്. അഞ്ഞൂറ് മീറ്ററോളം താഴെ ഒരു ചെറിയ അരുവി ഒഴുകുന്നു. അരുവി കഴിഞ്ഞാല്‍ പിന്നെ നോക്കെത്ത ദൂരത്തോളം വയലുകളാണ് .അവിടെ ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ചോളച്ചെടികള്‍.

പകല്‍ സമയങ്ങളില്‍ ആ ചോളച്ചെടികള്‍ നനയ്ക്കാനും വളമിടാനുമായി അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും പണിയാളുകള്‍ വരാറുണ്ട്.

അതിന്റെ കൂടെ ചിലപ്പോള്‍ വേഷം മാറിയ ഉഗ്രവാദിയുമുണ്ടാകാം. ചോളച്ചെടികളുടെ ഇടയില്‍ മറഞ്ഞിരുന്നു മൊട്ടക്കുന്നിനു മുകളിലുള്ള പട്ടാള യൂണിറ്റുകളില്‍ നടക്കുന്ന പ്രവര്‍ത്തങ്ങള്‍ ദൂരദൂരദര്‍ശിനിയിലൂടെ വീക്ഷിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നിട്ട് രാത്രിയില്‍ അപ്രതീക്ഷിതമായ ആക്രമണം നടത്തും.

ആയതു കൊണ്ട് പകലും രാത്രിയിലും പോസ്റ്റില്‍ ഡ്യൂട്ടിയുണ്ടാകും. പകല്‍ സമയത്ത് വയലുകളില്‍ പണിയെടുക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുക. രാത്രിയില്‍ കുന്നിനു മുകളിലുള്ള പട്ടാള യൂണിറ്റിനു വേണ്ട സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ആ പോസ്റ്റിലെ ഡ്യൂട്ടിക്കാരുടെ കര്‍ത്തവ്യം. ഡ്യൂട്ടിയില്‍ ഉള്ളവരുടെ ചെറിയ അശ്രദ്ധ പോലും വലിയൊരു ദുരന്തത്തിനു കാരണമാകാം എന്നതിനാല്‍ രാത്രികാലങ്ങളില്‍ ചോളവയലുകളില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ക്ക് പോലും ശക്തമായി രീതിയില്‍ പ്രതികരിക്കുക എന്നത് ആ പോസ്റ്റിലെ മാത്രം പ്രത്യേകതയാണ്.

ആ പോസ്റ്റിലായിരുന്നു അന്നെന്റെ ഡ്യൂട്ടി.

കൂടെ ഉണ്ടായിരുന്നത് കമല്‍ കിഷോര്‍ എന്ന ബീഹാറി പയ്യന്‍. അവന്‍ രണ്ടു മാസത്തെ ലീവ് കഴിഞ്ഞു വന്നതും അന്നായിരുന്നു.

സമയം അര്‍ദ്ധ രാത്രി കഴിഞ്ഞിരുന്നു..

മഞ്ഞിന്റെ കനത്ത ആവരണം പുതച്ച പ്രകൃതി നിശബ്ദയായി മരവിച്ചു കിടന്നു..

അകലെയെവിടെയോ നടക്കുന്ന ഓപ്പറേഷന്‍ ഏരിയയില്‍ നിന്നുയരുന്ന വെടി ശബ്ദങ്ങള്‍ മാത്രം ആ നിശബ്ദതയെ ഇടയ്ക്കിടയ്ക്ക് ഭംഗിച്ചുകൊണ്ടിരുന്നു. ഡ്യൂട്ടി പോസ്റ്റിന്റെ മുകളില്‍ നിരത്തിയ തകരഷീറ്റുകളില്‍ ഉറഞ്ഞു കൂടിയ മഞ്ഞ് അതിന്റെ വശങ്ങളിലൂടെ താഴെയ്ക്കൊഴുകി തുള്ളി തുള്ളിയായി ഇറ്റു വീണു കൊണ്ടിരുന്നു..

തണുത്ത പിശറന്‍ കാറ്റ് ആയിരം സൂചി മുനകളായി കമ്പിളിക്കോട്ടിന്റെ മുകളില്‍ ധരിച്ചിരിക്കുന്ന ബുള്ളറ്റു പ്രൂഫ്‌ ചട്ടയേയും തുളച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ അരികില്‍ വച്ചിരുന്ന ബുക്കാരി (ഡ്യൂട്ടിയിലുള്ളവര്‍ക്ക് തണുപ്പില്‍ നിന്നും രക്ഷ നേടുവാനായി കല്‍ക്കരിയിട്ട് കത്തിക്കുന്ന ചിമ്മിനി) യിലെ കനലുകള്‍ നീളമുള്ള ഇരുമ്പ് കമ്പിയുടെ സഹായത്തോടെ ഇളക്കിയിട്ടു.

താഴെയുള്ള ചോള വയലുകളെ ലക്ഷ്യം വച്ച് ഏതു സമയവും ട്രിഗര്‍ അമര്‍ത്താന്‍ പാകത്തില്‍ വച്ചിരിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ ബാരലില്‍ തങ്ങിയിരുന്ന മഞ്ഞു കണികകളെ തൂവാല കൊണ്ട് തുടച്ചു. ബാരലിന്റെ ഉന്നം ഒന്നുകൂടി ശരിയാക്കിയിട്ട് ചോള വയലുകളിലെ അനക്കങ്ങള്‍ക്ക് കാതോര്‍ത്തു.

ലീവ് കഴിഞ്ഞു വന്ന ക്ഷീണം മൂലമാകാം അരികില്‍ ഇരുന്നിരുന്ന കമല്‍ കിഷോര്‍ ഒരു മയക്കത്തിലേയ്ക്കു വഴുതുന്നത് ബുക്കാരിയുടെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു.

പാവം പയ്യന്‍ ... വന്നു യൂണിറ്റില്‍ കാലെടുത്തു വച്ചതേയുള്ളൂ. അപ്പോഴേയ്ക്കും നൈറ്റ്‌ ഡ്യൂട്ടി തന്നെ കിട്ടി...

ഞാനിരുന്ന പോസ്റ്റിന്റെ ഏകദേശം നൂറു മീറ്റര്‍ അകലെയായി അതേപോലെ തന്നെയുള്ള മറ്റൊരു പോസ്റ്റുണ്ട്. യൂണിറ്റില്‍ ആള് കുറവുള്ള സമയങ്ങളില്‍ ആ പോസ്റ്റില്‍ ഡ്യൂട്ടിയ്ക്ക് ആളുണ്ടാവുകയില്ല. പകരം രാത്രിയില്‍ ഈ പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ളവര്‍ ഓരോ പത്തു മിനുട്ട് ഇടവിട്ട്‌ അവിടെപ്പോയി സ്ഥിതി ഗതികള്‍ നോക്കി വിലയിരുത്തും. സംശയകരമായി ഒന്നുമില്ലെങ്കില്‍ വീണ്ടും തിരിച്ചു വന്നു തന്റെ പോസ്റ്റില്‍ ഡ്യൂട്ടി തുടരും.

ഡ്യൂട്ടിയില്‍ ഒരു സമയത്ത് രണ്ടു പേര്‍ ഉള്ളതിനാല്‍ മാറി മാറിയാണ് ഈ പോക്ക്. റൈഫിള്‍ സെര്‍ച്ച്‌ ലൈറ്റ് എന്നിവയുമായാണ് പോവുക. അവിടെയെത്തി മണല്‍ ചാക്കുകള്‍ക്ക് മറഞ്ഞിരുന്നു താഴേയ്ക്ക് സേര്‍ച്ച്‌ ലൈറ്റ് തെളിക്കും. സെക്കെണ്ടുകള്‍ മാത്രമാണ് ലൈറ്റ് തെളിക്കുക. കൂടുതല്‍ നേരം തെളിച്ചാല്‍ താഴെ ചോളച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഉഗ്രവാദിയ്ക്ക് ഡ്യൂട്ടിക്കാരന്റെ പൊസിഷന്‍ മനസ്സിലാക്കാനുള്ള സാധ്യത കൂടുതലാണ്.

ഞങ്ങളുടെ പോസ്റ്റില്‍ നിന്നും മറ്റേ പോസ്റ്റ്‌ വരെയുള്ള നൂറു മീറ്റര്‍ ദൂരത്തില്‍ "ആഡുകള്‍" (വെടി വയ്പ്പ് ഉണ്ടാകുമ്പോള്‍ മറഞ്ഞിരിക്കാന്‍ പറ്റിയ പാറ, മരം, ട്രുഞ്ചു മുതലായവ) ഉണ്ടായിരുന്നില്ല.

അതുകൊണ്ട് അത്രയും ദൂരം ഇരുട്ടില്‍ ലൈറ്റ് തെളിയ്ക്കാതെ ഒരു ഉദ്ദേശം വച്ച് ഓടിപ്പോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

ബാരല്‍ മുകളിലേയ്ക്ക് എന്ന നിലയില്‍ റൈഫിള്‍ വലതു നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചുകൊണ്ട് ചൂണ്ടു വിരല്‍ ട്രിഗറില്‍ മുട്ടിച്ചു ഇടതു കയ്യില്‍ സെര്‍ച്ച്‌ ലൈറ്റുമായി അപ്പുറത്തെ പോസ്റ്റിലേയ്ക്ക് ഒറ്റ ഓട്ടമാണ്.

നൂറു മീറ്റര്‍ എന്നത് നൂറു മൈല്‍ പോലെയാണ് അപ്പോള്‍ തോന്നുക. കാരണം ചോളച്ചെടികളുടെ ഇടയില്‍ ഇരിക്കുന്ന ഉഗ്രവാദിയുടെ "ആസാന്‍ ടാര്‍ഗെറ്റ് " (ഏറ്റവും അനായാസമായി ഫയര്‍ ചെയ്യാന്‍ പറ്റിയ ലക്ഷ്യം) ആണ് ഈ നൂറു മീറ്റര്‍.

അപ്പുറത്തെത്തി മണല്‍ ചാക്കിന് മറഞ്ഞതിനു ശേഷം മാത്രമാണ് ജീവന്‍ നേരെ വീഴുക.

എങ്കിലും ഞാനും കമല്‍ കിഷോറും മാറി മാറി അവിടെപ്പോയി സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു.

സമയം വെളുപ്പിന് ഒന്ന് നാല്പത്തിയഞ്ച്... പതിനഞ്ചു മിനുട്ട് കൂടി കഴിഞ്ഞാല്‍ ഞങ്ങളുടെ ഡ്യൂട്ടി തീരും.

പോസ്റ്റില്‍ പോകാനുള്ള അടുത്ത ഊഴം കമല്‍ കിഷോറിന്റെയാണ്.

ഉറക്കം തൂങ്ങിയിരുന്ന അവനെ ഞാന്‍ തട്ടിയുണര്‍ത്തി.

റൈഫിളും ലൈറ്റുമെടുത്തു കമല്‍ പോകാന്‍ തയ്യാറായി. തലയിലെ ഹെല്‍മെറ്റ്‌ ഉറപ്പിച്ചുവച്ചു. ബുള്ളറ്റു പ്രൂഫിന്റെ ഇറുക്കം അല്പം അയച്ചു . പിന്നെ പോസ്റ്റ്‌ ലക്ഷ്യമാക്കി ഇറങ്ങിയോടി.

പെട്ടെന്നാണ് അത് സംഭവിച്ചത്. ഓടിപ്പോയ കമല്‍ കിഷോറിന്റെ കയ്യിലെ ലൈറ്റ് അപ്പുറത്തെത്തുന്നതിനു മുന്‍പ് ഒരു നിമിഷം തെളിഞ്ഞു മിന്നി.

ആ ഒറ്റ നിമിഷം മാത്രമേ വേണ്ടി വന്നുള്ളൂ...താഴെ ചോളച്ചെടികളുടെ ഇടയില്‍ ഒരനക്കം..അവിടെ നിന്നൊരു വെടി പൊട്ടി.

കട്ട പിടിച്ച ഇരുട്ടില്‍.അവന്റെ സേര്‍ച്ച്‌ ലൈറ്റിന്റെ വെളിച്ചം പൊലിഞ്ഞു. അത് താഴെ വീണുടയുന്ന ശബ്ദം ഞാന്‍ കേട്ടു.

ഒപ്പം കമല്‍ കിഷോറിന്റെ നിലവിളി ഉയര്‍ന്നു...

ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ ട്രിഗറില്‍ എന്റെ വിരല്‍ അമര്‍ന്നത് ഞാന്‍ പോലും അറിഞ്ഞില്ല.

താഴെ ചോളച്ചെടികളുടെ ഇടയില്‍ ഒന്നിലധികം തോക്കുകള്‍ ശബ്ദിച്ചു...

ചോള വയലുകളുടെ ദിശയില്‍ സ്ഥാപിച്ചിരുന്ന മറ്റു നാല് പോസ്റ്റുകളില്‍ നിന്നും ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ ഒരു പോലെ തീ തുപ്പി..

കനത്ത അന്ധകാരത്തിലൂടെ തീയുണ്ടകള്‍ മൂളിപ്പറന്നു...

അര മണിക്കൂറിലേറെ നീണ്ടു നിന്ന പോരാട്ടം..അതു തീരുന്നതിനു മുന്‍പു തന്നെ കമല്‍ കിഷോറിന്റെ നിലവിളി നിലച്ചിരുന്നു.

അതിനിടയില്‍ സ്ഥലത്തെത്തിയ "ക്യുക്ക് റിയാക്ഷന്‍ ടീം" അംഗങ്ങള്‍ വെടിയേറ്റ്‌ വീണ കമല്‍ കിഷോറിനെ എടുത്തു കൊണ്ട് വന്നു...

അവന്റെ വലതു കാലിന്റെ തുടയില്‍ നിന്നും രക്തം ചീറ്റി ഒഴുകുന്നുണ്ടായിരുന്നു... ബോധ രഹിതനായ കമലിനെ ഉടന്‍ അടുത്തുള്ള ചെറിയ ആശുപത്രിയിലെയ്ക്ക് കൊണ്ടുപോയി.

നേരം വെളുത്തപ്പോള്‍ ചോളച്ചെടികളുടെ ഇടയില്‍ നിന്നും ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ വെടിയുണ്ടകള്‍ തുളച്ചു കയറിയ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു..

മൃതദേഹങ്ങളുടെ അരികില്‍ ഒരു വലിയ ഭാണ്ഡം കിടപ്പുണ്ടായിരുന്നു..

അതിനുള്ളില്‍ പലവിധ യുദ്ധ സാമഗ്രികള്‍ ...

ഒരു മൃതദേഹത്തിന്റെ കൈകളില്‍ അപ്പോഴും മുറുകെ പിടിച്ചിരിക്കുന്ന എ കെ 47 തോക്ക് .....!!

ഒരു രാജ്യത്തിന്റെ ജനങ്ങളോടും അതിന്റെ അഖണ്ഡതയോടുമുള്ള വെല്ലുവിളിപോലെ.......



2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

അനില്‍ എന്ന ലോലഹൃദയനും ഒരു കുപ്പി റമ്മും.

പട്ടാളത്തില്‍ ചേര്‍ന്നതോടെ ബിവറേജസ് ഷോപ്പില്‍ ജോലി കിട്ടിയ അയ്യപ്പബൈജുവിന്റെ അവസ്ഥയിലായി ഞാന്‍.

കാരണം എന്താണെന്ന് ചോദിച്ചാല്‍, പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ് നേരെ ചൊവ്വേ നാല് പെഗ്ഗടിക്കാനോ നാലുപേര്‍ കാണ്‍കെ വാളു വയ്ക്കാനോ കഴിയാതിരുന്ന ഒരു ഹത ഭാഗ്യനാണ് ഞാന്‍.



ചെറുപ്പത്തില്‍ എന്റെ വീടിന്റെ അടുത്തുണ്ടായിരുന്ന കള്ളു ഷാപ്പില്‍ നിന്നും അടിച്ചു കോണ്‍ തെറ്റി, ഉടുമുണ്ട് പറിച്ചു തലയില്‍ കെട്ടി, അന്നത്തെ ഫാഷനായിരുന്ന കോണകം മാത്രമുടുത്ത് ഇഴഞ്ഞു വരുന്ന ഒരു പാമ്പിനെ ഞാന്‍ സ്ഥിരമായി കാണുമായിരുന്നു.

ആ "കോണകധാരി" പാമ്പിന്റെ പേരായിരുന്നു ലംബോധരന്‍ അഥവാ ലംബന്‍ ചേട്ടന്‍

ചെറിയ കുട്ടികളായ ഞങ്ങള്‍ക്ക് ലംബന്‍ ചേട്ടന്റെ കോണകമുടുത്തുള്ള വരവും റോഡിന്റെ അരികിലുള്ള ആല്‍മരത്തില്‍ പലക ചാരിയതുപോലെ നിന്നുള്ള വാളു വയ്ക്കലും, വാളു വയ്ക്കുന്നതിനനുസരിച്ചു കുലുങ്ങിയാടുന്ന നീളമുള്ള കോണക വാലും രസിപ്പിക്കുന്ന കാഴ്ചയായിരുന്നു.

വലുതാകുമ്പോള്‍ ഞാനും ലംബന്‍ ചേട്ടനെപ്പോലെ കള്ളു കുടിക്കുമെന്നും എത്ര കുടിച്ചാലും എങ്ങും ചാരാതെ നിന്ന് വാളു വയ്ക്കുമെന്നും അന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ വളര്‍ന്നപ്പോള്‍ വീടിന്റെ അടുത്തുണ്ടായിരുന്ന ആ ഷാപ്പ്‌ പൂട്ടിപ്പോയി. മാത്രമല്ല മദ്യം വിഷമാണെന്നും അത് കഴിച്ചാല്‍ ആരുടെയെങ്കിലും കയ്യില്‍ നിന്നും രണ്ടെണ്ണം വാങ്ങാതിരിക്കുന്ന കാര്യം വിഷമമാണെന്നും അമ്മയും, അച്ഛനും പറഞ്ഞു തരികയും ചെയ്തതിനാല്‍ ഞാന്‍ എന്റെ ആഗ്രഹം മനസ്സില്‍ തന്നെ ഒതുക്കി വച്ചു.

പട്ടാളത്തില്‍ ചേര്‍ന്ന് ട്രെയിനിംഗ് തുടങ്ങിയപ്പോള്‍ മെസ്സിന്റെ അടുത്തുള്ള ചെറിയ ബാര്‍ മുറിയിലെ അലമാരയില്‍ വച്ചിരിക്കുന്ന പല നിറത്തിലും വലിപ്പത്തിലുമുള്ള റം, വിസ്കി, ബ്രാണ്ടി മുതാലായ കുപ്പികളെ കാണുകയും പൂസ്സാകാനുള്ള എന്റെ ആഗ്രഹം വെള്ളത്തില്‍ മുങ്ങിക്കിടന്ന ആള്‍ പെട്ടെന്ന് പൊങ്ങി വരുന്ന പോലെ "ഠിം" എന്ന് പൊങ്ങി വരികയും ചെയ്തു.

പക്ഷെ ട്രെയിനിംഗ് സമയത്ത് കള്ളു കുടിക്കാന്‍ പോയിട്ട് ഒരു ഫുള്‍ കുപ്പിയെ തൊടാന്‍ പോലുമുള്ള അവസരം കിട്ടിയില്ല.

എങ്കിലും "തല പോയാലും വേണ്ടില്ല കള്ളു കുടിച്ചേ പറ്റൂ" എന്ന് തീരുമാനിച്ചിരുന്ന നാല് മാന്യദേഹങ്ങള്‍ കൂടി എന്റെ ബാരക്കില്‍ ഉണ്ടായിരുന്നു.

തൊമ്മന്‍ എന്ന മനോജ്‌ , ദിനേശ് , അനില്‍, അജോയി എന്നവരായിരുനു ആ മാന്യ ദേഹങ്ങള്‍.


ആഴ്ചയില്‍ മൂന്ന് ദിവസമാണ്‌ പട്ടാളത്തില്‍ റം ഇഷ്യൂ ഉള്ളത്. തിങ്കള്‍, ബുധന്‍, ശനി എന്നിവയാണ് ആ ദിവസങ്ങള്‍. പക്ഷെ അത് സ്റ്റാഫിന് മാത്രമെ ഉള്ളൂ. മെസ്സിന്റെ അടുത്തുള്ള ഒരു മുറിയാണ് "ബാര്‍" ആയി ഉപയോഗിക്കുന്നത്. റം ഇഷ്യൂ നടക്കുന്ന സമയത്ത് ട്രെയിനികള്‍ക്ക്‌ മെസ്സിന്റെ അടുത്തുകൂടി പോലും പോകാന്‍ അനുവാദമില്ല. മെസ്സിന് തൊട്ടടുത്തു തന്നെയാണ് ഞങ്ങളുടെ ബാരക്ക്.

വൈകിട്ട് ഏഴ് മണിയാകുമ്പോള്‍ റം ഇഷ്യൂ തുടങ്ങും. സമയത്ത് അവിടൊക്കെ നല്ല മണം പരക്കും. ഹൃദയഹാരിയായ മണം ആസ്വദിച്ചു കൊണ്ടു ഞങ്ങള്‍ സമയം തള്ളി നീക്കും. ട്രെയിനിംഗ് തീരുന്ന അന്നുതന്നെ ഒരു ഫുള്‍ബോട്ടില്‍ വാങ്ങി മൂക്കറ്റം അടിച്ച് പിമ്പിരിയായി, ആദ്യം ബാരക്ക് കമാണ്ടര്‍ ആയ സര്‍ദാര്‍ജിയേയും പിന്നെ ഞങ്ങള്‍ക്ക് വൈരാഗ്യമുള്ള എല്ലാവരേയും തല്ലുന്നതായും, ബാരക്ക് മുഴുവന്‍ വാള് വയ്ക്കുന്നതായും ഒക്കെ താന്‍ സ്വപ്നം കാണാറുണ്ട്‌ എന്ന് തൊമ്മന്‍ എന്ന മനോജ് സമയത്ത് പറയാറുണ്ട്.


പക്ഷെ വാള് വയ്കുന്നത് പോയിട്ട് വായ് ഒന്നു നനക്കാന്‍ പോലും പറ്റുന്നില്ല. അങ്ങനെ വിഷമിച്ചു കഴിയുന്ന സമയത്താണ്‌ ഒരവസരം വീണു കിട്ടിയത്.

പട്ടാളത്തിന്റെ അധീനതയിലുള്ള ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്. അവിടുത്തെ വികാരിയും പട്ടാളക്കാരനാണ്‌. അദേഹത്തെ Religious Teacher എന്നാണ് വിളിക്കുന്നത്. തൊമ്മനാണ് പള്ളിയിലെ കപ്യാര്‍. മണിയടി നല്ല വശമുള്ള തൊമ്മന്‍ വികാരിയച്ചനെ സോപ്പിട്ടു ഒരു കുപ്പി ഒപ്പിച്ചെടുത്തു. അതുമായി ബാരക്കിലെത്തിയ അവന്‍ പരമ രഹസ്യമായി കാര്യം ഞങ്ങളെ അറിയിച്ചു. ബാരക്ക് കമാണ്ടരോ മറ്റു വല്ലവരുമോ അറിയാതെ സാധനം അകത്താക്കാന്‍ എന്താണ് വഴിയെന്നു ഞങ്ങള്‍ നാലുപേരും കൂടി തലപുകഞ്ഞാലോചിച്ചു.


അവസാനം വഴി കണ്ടെത്തി.


കൂട്ടത്തില്‍ ലോലഹൃദയനാണ് അനില്‍. കള്ളിന്റെ മണമടിച്ചാല്‍ പോലും പൂസ്സാകുന്ന അനിലിനെ വെളിയില്‍ കാവല്‍ നിര്‍ത്തിയിട്ടു ഞാനും മനോജും ദിനേശും അജോയിയും കൂടി ഓരോരുത്തരായി കുടിക്കുക. പക്ഷെ അനില്‍ സമ്മതിച്ചില്ല. തന്നെ ലോലഹൃദയനാക്കി മാറ്റി നിര്‍ത്തിയിട്ടു നാലുപേര്‍ക്കും കൂടി അടിച്ച് പൂസ്സാകാം എന്ന മോഹം നടപ്പില്ല എന്നവന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ പദ്ധതിയും പാളി.

അവസാനം എല്ലാവര്‍ക്കും തുല്യമായി വീതിക്കാം എന്ന തീരുമാനത്തില്‍ എത്തി.

വൈകിട്ട് എല്ലാവരും ഭക്ഷണം കഴിക്കാന്‍ മെസ്സില്‍ പോയ സമയം നോക്കി ഞങ്ങള്‍ ഒരുമിച്ചു കൂടി. എന്റെ ഇരുമ്പ് പെട്ടി തുറന്നു അതിനുള്ളില്‍ കുപ്പിയും ഗ്ലാസും തൊട്ടു നക്കാനുള്ള അച്ചാറും വച്ചു. എന്നിട്ട് എല്ലാവരും പുറത്തുപോയി അവിടവിടെ ചുറ്റിപ്പറ്റി നിന്നു. കാവല്‍ നില്‍ക്കേണ്ട അനിലിനെ ആദ്യംതന്നെ പെട്ടിയുടെ അടുത്തേക്കയച്ചു. രണ്ടു പെഗ്ഗില്‍ കൂടുതല്‍ കുടിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് അവനെ അയച്ചത്.

ഏതായാലും കാര്യം സാധിച്ചു എത്രയും പെട്ടെന്നുതന്നെ അവന്‍ മടങ്ങിയെത്തി. പിന്നീട് അജോയി മനോജ് എന്നിവര്‍ കൃത്യം ചെയ്തു മടങ്ങി എത്തിയതോടെ എന്റെ ഊഴമായി. കള്ളു കുടിച്ചിട്ടുണ്ടെങ്കിലും "മിലിട്ടറി" അടിക്കുന്നത് ആദ്യമാണ്. അതിന്റെ രുചി അറിയാനുള്ള അദമ്യമായ ആഗ്രഹത്തോടെ ഞാന്‍ പെട്ടിക്കരുകിലെത്തി.

പെട്ടി തുറന്ന ഞാന്‍ ഞെട്ടി.

കുപ്പി കാലിയായിരിക്കുന്നു. മൂട്ടില്‍ മാത്രം കഷ്ടിച്ച് അര പെഗ്ഗ് കാണും.

ദ്രോഹികള്‍ ....

എല്ലാരും കുറേശ്ശെ എടുക്കുമെന്നും അവസാനം ചെല്ലുന്ന എനിക്ക് ബാക്കിയുള്ള മുഴുവനും അടിക്കാമെന്നും ഒക്കെ വ്യാമോഹിച്ച ഞാന്‍ കുപ്പിയുടെ അടപ്പ് തുറക്കണോ വേണ്ടയോ എന്നാലോചിച്ചു കുറച്ചു നേരം ഇരുന്ന ശേഷം "കിട്ടിയതാകട്ടെ" എന്ന് കരുതി മുഴുവനും കൂടി ഗ്ലാസില്‍ ഒഴിച്ച് അല്പം വെള്ളവും ചേര്‍ത്തു ഒറ്റ വലിക്കു കുടിച്ചു. പിന്നെ അച്ചാറ് അല്പം തൊട്ടു നാക്കില്‍ വച്ചു.

ഹോ...മിലിട്ടറി സ്വയമ്പന്‍ തന്നെ... അല്പം കൂടി കിട്ടിയിരുന്നെങ്കില്‍........

എനിക്ക് വേണ്ടി ഒരു പെഗ്ഗ് പോലും ബാക്കി വയ്കാതിരുന്ന ദരിദ്രവാസികളെ പിന്നെ കണ്ടോളാം എന്ന് തീരുമാനിച്ചു കൊണ്ട് എഴുനേറ്റ ഞാന്‍ എന്റെ നേരെ മുന്‍പില്‍ കൊമ്പന്‍ മീശയും താടിയും തലയില്‍ കെട്ടുമുള്ള ഒരു രൂപത്തെക്കണ്ട് ഞെട്ടി !!!

നമ്മുടെ നാട്ടിലെ എക്സൈസുകാര്‍ കള്ളവാറ്റുകാരെ തൊണ്ടിസഹിതം പൊക്കുന്നതുപോലെ എന്നെയും കള്ളുകുപ്പിയേയും സര്‍ദാര്‍ജി അച്ചാര്‍ സഹിതംപൊക്കിയ വിവരമറിഞ്ഞ തൊമ്മനും അജോയിയും പോയ വഴിക്ക് ഇപ്പോഴും പുല്ലു മുളച്ചിട്ടില്ലത്രേ ...!

ലോല ഹൃദയനും സാധുവുമായ അനില്‍ മാത്രം വസന്ത പിടിച്ച കോഴിയെപ്പോലെ വാതിലിനടുത്തുള്ള ഭിത്തിയില്‍ ചാരി കാലും നീട്ടി മയങ്ങി ഇരിക്കുന്നത് പോകുന്ന പോക്കില്‍ ഞാന്‍ കാണുകയുണ്ടായി. ലോലഹൃദയന്റെ അമ്മാതിരിയുള്ള ഇരിപ്പ് കണ്ടിട്ടാണ് ഹൃദയം അല്പംപോലും ലോലമാല്ലാത്ത സര്‍ദാര്‍ജി ബാരക്കില്‍ വരാനും എന്നെ തൊണ്ടിയോടെ പൊക്കാനും കാരണം.

ഏതായാലും മൂന്നു നാലു ദിവസത്തേക്ക് ഞാന്‍ കള്ളടിക്കാതെ തന്നെ പൂസ്സായിരുന്നു...