2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

ഒരു ഓള്‍ഡ്‌ മോങ്ക് പുലി വാല്‍

"അഖില പട്ടാള  കുടവയറന്‍  ട്രോഫി" യ്ക്ക് വേണ്ടി   പട്ടാളത്തിലുള്ള സകല കുടവയറന്മാരേയും  പങ്കെടുപ്പിച്ചുകൊണ്ട്  ഒരു മത്സരം സംഘടിപ്പിച്ചാല്‍ അതില്‍ ഒന്നാമതെത്തുന്നത്  "കുറുപ്പ് സാര്‍" ആയിരിക്കും. 

 ഇതു എന്റെ മാത്രം അഭിപ്രായമല്ല. ഞങ്ങളുടെ യൂണിറ്റില്‍ ഉണ്ടായിരുന്ന  മിക്കവാറും എല്ലാ പേരുടെയും അഭിപ്രായമാണ്. 

 അത്ര ലക്ഷണമൊത്ത ഒരു കുടവയറനാണ്  കുറുപ്പ് സാര്‍.     അതുപോലൊരു  കുടവയര്‍ പട്ടാളത്തില്‍ വച്ച്  ഞാന്‍ കണ്ടിട്ടില്ല. പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ ശേഷം  പല  കുടവയറന്മാരെയും  ഞാന്‍  കണ്ടിട്ടുട്ടെങ്കിലും അവരുടെ   'വയറുകള്‍ ' കുറുപ്പ് സാറിന്റെ വയറിനോളം പോരാ എന്നാണെന്റെ കണ്ടെത്തല്‍. !

അഥവാ ഇതു വായിക്കുന്ന ഏതെങ്കിലും കുടവയര്‍ധാരി  തന്റെ  വയര്‍ കുറുപ്പ് സാറിന്റെ വയറിനേക്കാള്‍ കേമമാണ്‌  എന്ന് വിശ്വസിക്കുന്നുവെങ്കില്‍ ആ മാന്യവയറിന്   ഈയുള്ളവന്റെ  വകയായി  എല്ലാവിധ ആയുരാരോഗ്യ സൌഖ്യവും കുടവയറാരാശംസകളും നേരുന്നു. 
 
ഏതായാലും   നമ്മുടെ കഥാനായകന്‍  കുടവയര്‍ കുറുപ്പ് സാറിന്റെ  സ്വദേശം  ചെങ്ങന്നൂര്‍  ആയിരുന്നു. അദ്ദേഹത്തിന്റെ  മുഴുവന്‍ പേര്   "സുകുമാരക്കുറുപ്പ് " എന്നായിരുന്നുവെങ്കിലും ഒറിജിനല്‍ സുകുമാരക്കുറുപ്പിന്റെ സ്വഭാവവിശേഷങ്ങള്‍  ഒന്നും ഉണ്ടായിരുന്നില്ല  എന്നു മാത്രമല്ല ആളൊരു സാധുവുമായിരുന്നു. 
 
എന്നിരുന്നാലും അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ചില സവിശേഷതകള്‍ കണക്കിലെടുത്ത്    മലയാളികളായ  ഞങ്ങള്‍ അദ്ദേഹത്തിനൊരു  വിളിപ്പേര്‍  കൊടുത്തിരുന്നു.
 
"ഓള്‍ഡ്‌  മങ്ക്  കുറുപ്പേട്ടന്‍"   അഥവാ   "മങ്കുറുപ്പേട്ടന്‍"

 ഈ പേര്  അദ്ദേഹത്തിനു കിട്ടാന്‍  ഒരു  കാരണവുമുണ്ട്.

 പണ്ടൊരിക്കല്‍  കുറുപ്പ്  ചേട്ടന്‍ ലീവിന് പോയപ്പോള്‍  കൂടെക്കൊണ്ടു പോയ റം കഴിച്ചു  കൂടുതല്‍ ഫിറ്റാവുകയും  ആയതിന്റെ പേരില്‍ വഴക്ക് കൂടിയ  ഭാര്യയെ കുനിച്ചു നിര്‍ത്തി   അവരുടെ മുതുകത്ത്   സ്വയമ്പന്‍ നാലിടി   ഫിറ്റു ചെയ്യുകയും   ചെയ്തു.
 
മുപ്പതു ദിവസത്തെ ലീവിന്  വന്നു  പതിനഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ്  ഈ സംഭവം നടക്കുന്നത്.  ഇതിനോടകം     ഫോര്‍   ഇന്‍ടൂ  ത്രീ    (ഒരു  തവണ  നാലിടി വച്ച്  മൂന്നു നേരം ) എന്ന  കണക്കില്‍   ഡസന്‍ കണക്കിന്  ഇടികള്‍  തന്റെ ഈര്‍ക്കിലി ദേഹം കൊണ്ട്  തടുത്ത   അദ്ദേഹത്തിന്റെ പ്രിയ ഭാര്യ   വീടിനടുത്തുള്ള  ഒരു മന്ത്രവാദിയുടെ അടുത്തു പോവുകയും അദ്ദേഹം കൊടുത്തയച്ച  വിശേഷപ്പെട്ട പൊടി കുറുപ്പു ചേട്ടന്‍ കുടിക്കാന്‍ വച്ചിരുന്ന മദ്യത്തിന്റെ  ഗ്ലാസ്സില്‍ അദ്ദേഹമറിയാതെ കലക്കുകയും  ചെയ്തത്രേ. 
 
അന്ന്  ഗ്ലാസില്‍ ഉണ്ടായിരുന്നത്   "ഓള്‍ഡ്‌  മങ്ക് " റമ്മായിരുന്നു.
 
ഏതായാലും മേല്‍പ്പടി സംഭവത്തിനു  ശേഷം ഓള്‍ഡ്‌ മങ്ക്  റം എന്നു കേള്‍ക്കുകയോ ഓള്‍ഡ്‌ മങ്കിന്റെ ഫുള്‍ കുപ്പി കാണുകയോ ചെയ്താലുടനെ കുറുപ്പ് ചേട്ടന്റെ  ശരീരമാസകലം  ഒരു തരിതരിപ്പും വിറയലും തുടങ്ങും. 
 
പിന്നെ ആ വിറയലും തരിപ്പും തീരണമെങ്കില്‍  കുപ്പി കാലിയാകണം.
 
ആദ്യമൊക്കെ കുപ്പി കാണുമ്പോഴായിരുന്നു വിറയലും തരിപ്പും വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ കുപ്പി കണ്ടില്ലെങ്കിലാണ്  വിറയലും തരിപ്പും തുടങ്ങുക. 
 
രാവിലെ പിറ്റി കഴിയുമ്പോള്‍ രണ്ട്, പത്തുമണിക്ക് രണ്ട്,   ഉച്ച ഭക്ഷണത്തിനൊപ്പം രണ്ട് , നാല്  മണിക്ക്  രണ്ട്, രാത്രിയില്‍  അത്താഴത്തിനൊപ്പം   നാല്  എന്ന കണക്കിനാണ്  കുറുപ്പു ചേട്ടന്റെ വിറയലിന്റെ  ഇപ്പോഴത്തെ നില. 
 
ഡ്യൂട്ടിക്കിടയില്‍   സൗകര്യം കിട്ടിയാല്‍ ഇടക്കൊന്നു മുങ്ങുകയും ആവശ്യത്തിനുള്ള ഓള്‍ഡ്‌ മങ്ക് സേവ കഴിഞ്ഞു പൂര്‍വ്വാദ്ധികം ഊര്‍ജ്ജസ്വലനായി പൊങ്ങുകയും ചെയ്യുക കുറുപ്പുസാറിന്റെ പതിവാണ്. 
 
ഒരിക്കല്‍ യൂണിറ്റില്‍ ഇന്‍സ്പെക്ഷന്‍ നടക്കുന്ന സമയത്ത്  ഓള്‍ഡ്‌  മോങ്ക്  സേവയ്ക്ക് വേണ്ടി   മുങ്ങിയ കുറുപ്പു സാറിനെ വൈകുന്നേരം വരെ കാണാതിരുന്നപ്പോള്‍ ഞങ്ങള്‍  ആകെ പരിഭ്രമിച്ചു.  ഒടുവില്‍ ബാരക്കിലെ ചെറിയ തടി അലമാരയുടെ ഉള്ളില്‍ സുഖനിദ്രയിലാണ്ട കുറുപ്പു സാറിനെ കണ്ട്,  "കുറുപ്പ് സാറ്   വടിയായേ" എന്നു   വിളിച്ചു കൂവിയ ജോഷി എന്ന   പയ്യന്റെ   കരച്ചില്‍ കേട്ടു പേടിച്ചു പോയ കുറുപ്പു സാര്‍  താന്‍ അലമാരയിലാണ് എന്ന കാര്യം അറിയാതെ    ചാടിയെഴുനേല്‍ക്കുകയും അലമാരയുടെ മുകളിലത്തെ പടിയില്‍ തലയിടിച്ചു വീണ്ടും സുഖനിദ്ര പ്രാപിക്കുകമുണ്ടായി.
 
അങ്ങിനെയുള്ള മങ്കുറുപ്പേട്ടനാണ്   ഒരിക്കല്‍ ഓണാഘോഷത്തിനായി നടത്തിയ പുലികളിയില്‍ പുലിയായി വേഷമിട്ടത്.


ലക്ഷണമൊത്ത ഒരു കുടവയര്‍ധാരിയാണ് എന്നുള്ള  കുറുപ്പേട്ടന്റെ പ്ലസ് പോയിന്റായിരുന്നു  അദ്ദേഹത്തെ പുലിയാക്കാനുള്ള കാരണം.  മാത്രമല്ല   പുലിയാക്കിയില്ലെങ്കില്‍  താന്‍ ഓണാഘോഷം ബഹിഷ്കരിച്ചുകളയും എന്നുള്ള ഭീഷണിയും അദ്ദേഹം മുഴക്കുകയുണ്ടായി. 

മലയാളികളില്‍ തല മൂത്തയാള്‍ എന്ന പരിഗണനയുടെ അടിസ്ഥാനത്തില്‍  പുലികളി കഴിയുന്നതുവരെ ഓള്‍ഡ്‌  മോങ്ക്  തൊടില്ല എന്ന വ്യവസ്ഥയില്‍  കുറുപ്പേട്ടനെ പുലിയാക്കാന്‍ തന്നെ ഞങ്ങള്‍  തീരുമാനിച്ചു.

ഇനി പുലികളി വേദിയിലേയ്ക്ക് ... .


യൂണിറ്റിലെ പരേഡ്  ഗ്രൌണ്ടാണ്  ഓണാഘോഷ വേദി. മലയാളികളും ഹിന്ദിക്കാര്‍ അടക്കമുള്ളവരുടെ  കുടുംബങ്ങളും ആഘോഷം കാണാന്‍ എത്തിയിട്ടുണ്ട്.  ഗ്രൗണ്ടില്‍    വലിയൊരു  പന്തല്‍ ഉയര്‍ത്തിയിട്ടുണ്ട്.  പന്തലിനുള്ളില്‍   ഡൈനിംഗ് മേശകള്‍ നീളത്തിലിട്ട്    അതിന്റെ മുകളില്‍ വെളുത്ത  തുണി വിരിച്ചു  വശങ്ങളില്‍ കസേരകളും നിരത്തിയിരിക്കുന്നു. ബലൂണുകളും  കൊടി തോരണങ്ങളും കൊണ്ട്  ഗ്രൌണ്ട്   മുഴുവന്‍  കമനീയമായി അലങ്കരിച്ചിരിക്കുകയാണ്. ഗ്രൌണ്ടിന്റെ ഒത്ത നടുക്കായി വലിയൊരു പൂക്കളം ഒരുങ്ങുന്നു. മലയാളി സ്ത്രീകളാണ്  പൂക്കളമിടുന്നത്.   ഹിന്ദിക്കാരായ  കുടുംബിനികള്‍   പൂക്കളത്തിനു ചുറ്റും കൂടിയിരുന്നു കൌതുകത്തോടെ അതു കാണുകയാണ്.  കുട്ടികള്‍ ആഹ്ലാദചിത്തരായി ഗ്രൗണ്ടില്‍ ഓടിക്കളിക്കുന്നു.

മെസ്സില്‍ ഓണസദ്യയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. എല്ലാത്തിനും  നേതൃത്വം വഹിച്ചു കൊണ്ട്  ഹവില്‍ദാര്‍മേജര്‍ പരമേശ്വരന്‍ സാര്‍ ഓടി നടക്കുകയാണ്. മെസ്സിന്റെ അരികിലുള്ള ചെറിയ മുറിയാണ്  പുലികളിയുടെ  മേക്കപ്പ് റൂമായി ഉപയോഗിക്കുന്നത്.  അവിടെ കുറുപ്പ് സാറിന്റെ  കുടവയറില്‍ പുലിത്തല വരയ്ക്കുകയാണ്  ആര്‍ട്ടിസ്റ്റ്  കൂടിയായ ജോഷി.


പത്തുമണിയോടെ മുഖ്യാതിഥിയായ സി ഓ  (കമാണ്ടിംഗ് ഓഫീസര്‍) എത്തി. കേണല്‍   മാത്യു സാബാണ്  സി ഓ. കൂടെ അദ്ദേഹത്തിന്റെ ഭാര്യ മകള്‍ മകന്‍ എന്നിവരും ഉണ്ട്.  സെക്കണ്ട് ഇന്‍ കമാന്‍ഡ്  ആയ ലെഫ് കേണല്‍ ഗുജ്റാള്‍ സാബും അദ്ദേഹത്തിന്‍റെ   കുടുംബവും വന്നിട്ടുണ്ട്.  സുബേദാര്‍ മേജര്‍  പട്ടേല്‍ സാബാകട്ടെ  മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് കൊണ്ട്  വേദിയില്‍ ഇരിക്കുന്ന വിശിസ്ടാതിഥികളുടെ അരികില്‍   തന്നെയുണ്ട്.

ഇതാ പുലികളി തുടങ്ങിക്കഴിഞ്ഞു. ഗ്രൌണ്ടിന്റെ  ഒരു വശത്തു നിന്നും എമണ്ടനൊരു  പുലി വേദിയുടെ നടുക്ക് അതിഥികള്‍ ഇരിക്കുന്ന ഭാഗത്തേയ്ക്ക്  ചെണ്ട മേളത്തിനൊപ്പം അടിവച്ചടിവച്ചു വരികയാണ്.  തൊട്ടു പിറകെ  തോക്ക്  ചൂണ്ടിയ   വേട്ടക്കാരന്‍. വേദിയുടെ വശങ്ങളില്‍ ഇരിക്കുന്നവരുടെ അരികിലൂടെ പുലി അടിവച്ചു നീങ്ങുകയാണ്. കാണികള്‍  പുലിയുടെ കളിയും വേട്ടക്കാരന്റെ നീക്കങ്ങളും  കണ്ടു രസിച്ചിരിക്കുകയാണ്.  ഇടയ്ക്ക്  പുലിയുടെ വാലില്‍ കയറിപ്പിടിച്ച ഒരു കുട്ടിയെ സുബേദാര്‍ മേജര്‍ പട്ടേല്‍ സാബ് അനുനയിപ്പിച്ചു മാറ്റി.

 പുലികളിയുടെ സംഘാടകരായ ഞാന്‍ അടക്കമുള്ളവര്‍ പുലിയുടെ പോക്കു നോക്കി ഇരിക്കുകയാണ്. പുലിയുടെ കാലുകള്‍ക്ക് ചെറിയൊരു ആട്ടമുണ്ടോ എന്നൊരു സംശയം ഞങ്ങള്‍ക്ക്  തോന്നാതിരുന്നില്ല.  കൂടെ നടക്കുന്ന വേട്ടക്കാരന്‍ മജീദിനും നേരിയ തോതില്‍ ആട്ടമുണ്ട്. 

 കളിക്ക്  മുന്‍പു കുറുപ്പ്  സാര്‍  ഓള്‍ഡ്‌ മോങ്ക്   കഴിച്ചേക്കാം എന്നുള്ളതു കൊണ്ട് അതിനുള്ള   സകല വഴികളും ഞങ്ങള്‍ നേരത്തെ അടിച്ചിരുന്നതിനാല്‍ കുടിക്കാത്തതു കൊണ്ടുള്ള  ആട്ടമായിരിക്കുമെന്ന്  ഞങ്ങള്‍ സമാധാനിച്ചു. പുലികളി കഴിഞ്ഞാലുടന്‍  കുറുപ്പ് ചേട്ടന് കൊടുക്കാനുള്ള ഒരു കുപ്പി ഓള്‍ഡ്‌ മോങ്ക്  റം  വേട്ടക്കാരനായി  വേഷമിട്ടിരിക്കുന്ന    മജീദിന്റെ  കൈവശം ഞാന്‍ നേരത്തെ തന്നെ ഏല്‍പ്പിച്ചിട്ടുണ്ട്.

പുലിയും സംഘവും സി ഓ സാബ് ഇരിക്കുന്ന വേദിയുടെ അരികിലെത്തി.   സ്വന്തം  തലയില്‍  ഫിറ്റു ചെയ്തിരിക്കുന്ന പുലിത്തലയും    കുടവയറിലെ പുലിത്തലയും  കുലുക്കി, വാല്  ചുഴറ്റി   ചാടിക്കളിക്കുകയാണ്  ഓള്‍ഡ്‌ മോങ്ക്  പുലിക്കുട്ടന്‍. വേട്ടക്കരനാകട്ടെ ചാഞ്ഞും ചരിഞ്ഞും   ഇരുന്നും  കിടന്നും ഉന്നം നോക്കി പുലിയുടെ പിറകില്‍ തന്നെയുണ്ട്‌.

കളി അതിന്റെ  സമാപ്തിയോടടുത്തു.


ഇനി ഇതു സമയത്തും വേട്ടക്കാരന്‍ കാഞ്ചി വലിക്കാം.  ഉടന്‍ പുലി മരിച്ചു വീഴും. വീഴണം.

കാണികള്‍ ശ്വാസമടക്കി നോക്കിയിരുന്നു.

പെട്ടെന്നാണ്  അതു സംഭവിച്ചത്.
 
ചാടിക്കളിച്ചിരുന്ന പുലിക്കുട്ടന്‍  വെട്ടിയിട്ടതു  പോലെ ഒരു  വീഴ്ച.!
 
ചത്തതു പോലെ  വീണു കിടക്കുകയാണ്   പുള്ളിപ്പുലി. !!

 പുലി  ധരിച്ചിരുന്ന പുലിവരയുള്ള ബര്‍മുഡയുടെ  അകത്തു നിന്നും ചോര   കാലുകള്‍ വഴി താഴോട്ടൊഴുകിയിറങ്ങി.
 
അതിഥികള്‍ അതു കണ്ടു ഞെട്ടി എഴുനേറ്റു...
 
കാണികള്‍ ഭയന്നു.



ഉന്നം നോക്കി  കാഞ്ചി വലിക്കാന്‍ തയ്യാറായിരുന്ന വേട്ടക്കാരന്‍ മജീദ്‌  തന്റെ വെടി പൊട്ടുന്നതിനു മുന്‍പു പുലി വീണത്‌ കണ്ടു വിരണ്ടു പോയി..

കാഞ്ചി വലിയ്കാതെ  വെടി പൊട്ടിയാതാണോ എന്ന സന്ദേഹത്തില്‍ മജീദ്‌  കയ്യിലിരിക്കുന്ന തോക്കിലേയ്ക്കും  വീണു കിടക്കുന്ന പുലിയേയും മാറി മാറി നോക്കി. കളിയുടെ രസം കയറിയിരുന്ന സി ഓ സാബ്  കളി തീരുന്നതിനു മുന്‍പു   വീണ പുലിയുടെ  ശരീരത്തു നിന്നും ചോര ചീറ്റുന്നത്  കണ്ടു  പരിഭ്രാന്തനായി.

ഗുജറാള്‍ സാബ്ബും കുടുംബവും ഇതെന്തു  കളി എന്നര്‍ഥത്തില്‍ മിഴിച്ചിരിക്കുകയാണ്.

 അപകടം മണത്ത ഹവില്‍ദാര്‍ മേജര്‍ പരമേശ്വരന്‍ സാര്‍ ഓടിവന്നു വീണു കിടന്ന പുലിയെ പിടിച്ചു പൊക്കി.


വേട്ടക്കാരന്‍ മജീദ്‌ അദ്ദേഹത്തെ സഹായിച്ചു.


ഒരുവിധത്തില്‍  പുലിയെ ഞങ്ങള്‍ പൊക്കിയെടുത്തു ഗ്രൌണ്ടിന്റെ  പുറത്തെത്തിച്ചു.
പുലിത്തലയും പുലിവാലും അഴിച്ചുമാറ്റി. 

 ചോരയില്‍ കുതിര്‍ന്നു നനഞ്ഞ  ബര്‍മുഡ അഴിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച  ഞങ്ങള്‍ കണ്ടത്..


ബര്‍മുഡയുടെ ഉള്ളില്‍  "പുലി മര്‍മ്മ" ത്തോടു ചേര്‍ന്ന്  ഒരു   ഫുള്‍കുപ്പി...!

പുലിയുടെ അണ്ടര്‍വെയറിന്റെ ബലത്തില്‍  തങ്ങി നില്‍ക്കുകയാണ്  കുപ്പി.!!

അതിന്റെ ഉള്ളില്‍  നിന്നും ഒരു ചെറിയ പ്ലാസ്റ്റിക്   കുഴല്‍ പുലിയുടെ അരയിലൂടെ ചുറ്റി   പുറം വഴി പുലിത്തലയിലേയ്ക്ക്  പോകുന്നു.

അതു ചെന്ന് ചേരുന്നത് പുലി  വായില്‍.!!!


കുപ്പിയിലുണ്ടായിരുന്ന  ദ്രാവകത്തിന്റെ  മുക്കാല്‍ ഭാഗവും തീര്‍ന്നിക്കുന്നു.

ഞാന്‍ വേട്ടക്കാരന്‍ മജീദിനെ നോക്കി. മജീദ്‌ എന്നേയും കുപ്പിയേയും വീണുകിടക്കുന്ന പുലിയേയും  മാറി മാറി നോക്കി.

എന്നിട്ട് ബാരക്കിലെയ്ക്ക്  ഒരോട്ടം വച്ചു കൊടുത്തു.

 കളി കഴിയുമ്പോള്‍ കുറുപ്പ് ചേട്ടന് കൊടുക്കാനായി   ഞാന്‍ മജീദിന്റെ  കയ്യില്‍ ഏല്‍പ്പിച്ചിരുന്ന ഓള്‍ഡ്‌ മോങ്ക് കുപ്പിയായിരുന്നു അത്..!!