അജോയ് കൊച്ചിക്കാരനാണ്. വൈപ്പിനില്‍ ആണ് വീട്. പട്ടാളത്തില്‍ സെലക്റ്റ് ആകുന്നതിനിമുന്പ് അവന്‍ പ്രൈവറ്റ് ബസ്സിലെ കിളി ആയിരുന്നു. അവന്‍റെ സ്വന്തം ബസ്സാണ് എന്നൊക്കെയാണ് പറഞ്ഞിട്ടുള്ളത്. അത് ശരിയാണോ എന്നറിയില്ല. ഏതായാലും ഉറക്കത്തില്‍ ചിലപ്പോഴൊക്കെ പോട്ടെ... പോട്ടെ...ഫോര്‍ട്ട് കൊച്ചി ... എറണാകുളം .. വൈപ്പിന്‍ എന്നൊക്കെ വിളിച്ചു പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.
പ്രൈവറ്റ് ബസ്സിലെ കിളി ആയിരുന്നെങ്ങിലും അജോയിയുടെ കാര്യങ്ങള്‍ കെ എസ് ആര്‍ ടി സി യുടെ ഓര്‍ഡിനറി ബസ്സിന്‍റെ മാതിരി ആയിരുന്നു. എല്ലാ കാര്യത്തിലും ഏറ്റവും പുറകിലെ അജോയി കാണൂ. പക്ഷെ ശാപ്പാടിന്റെ കാര്യത്തില്‍ മാത്രം മുന്പില്‍ ഉണ്ടാകും!
അങ്ങനെ ട്രെയിനിംഗ് തുടങ്ങി. രാവിലെ ആറുമണി മുതലാണ് ട്രെയിനിംഗ്. ഒരു കാര്യത്തിനും നടന്നു പോയിക്കൂടാ എന്നാണ് നിയമം. പരേടിനു പോകുന്നതും തിരിച്ചുവരുന്നതും ഒക്കെ ഓടിത്തന്നെ. ആരെങ്കിലും നടക്കുന്നത് കണ്ടാല്‍ അപ്പോള്‍ തന്നെ പനീഷ്മെന്റ്റ്കിട്ടും. തവള ചാട്ടം, തലകുത്തി നിറുത്തല്‍ മുതലായവയാണ് പനീഷ്മെന്റുകള്‍. സ്വതവേ അല്പം തടിച്ചിട്ടുള്ള അജോയി മിക്ക സമയത്തും തവളചട്ടത്തില്‍ തന്നെയായിരിക്കും പോകുന്നത് . അങ്ങനെ അജോയിക്കും ഒരു പേരു വീണു. "തവള".
രാവിലെ പി.ടി(ഫിസികല്‍ ട്രെയിനിംഗ്) യില്‍ ഓട്ടമാണ് മുഖ്യ ഇനം.അഞ്ചു കിലോമീറ്റര്‍ നിശ്ചിത സമയത്തിനുള്ളില്‍ ഓടിയെത്തണം. ഓട്ടത്തിന് കൂടെ സര്‍ദാര്‍ജിയും ഉണ്ടാകും. ഏറ്റവം പുറകില്‍ ഓടുന്നവര്‍ക്ക് സര്‍ദാര്‍ജിയുടെ വക അടിയും മറ്റും ഫ്രീ ആയി കിട്ടാറുണ്ട്. പുറകില്‍ ഓടുന്ന അജോയിയോടു സര്‍ദാര്‍ജിക്ക് വലിയ സ്നേഹമാണ്. സ്നേഹം കൂടുമ്പോള്‍ അജോയി ഏറ്റവും മുന്‍പിലെത്തും. കുറച്ചു ഓടിക്കഴിയുമ്പോള്‍ വീണ്ടും പുറകിലാകും. അങ്ങനെ ഓട്ടം കഴിയുമ്പോഴേക്കും അഞ്ചാറു തവണ സര്‍ദാര്‍ജിയുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം അജോയിക്ക് കിട്ടിയിട്ടുണ്ടാകും.
അഞ്ചു കിലോമീറ്റര്‍ ഓടിവന്നാല്‍ പി. റ്റി. തീര്ന്നു എന്ന് കരുതരുത്. അതുകഴിഞ്ഞ് കുത്തനെ കെട്ടിയിരിക്കുന്ന ഒരു കയറില്‍ക്കൂടി മൂന്നാള്‍ പൊക്കത്തില്‍ കയറണം.പിന്നെ എട്ടടി നീളവും നാല് അടി താഴ്ചയുമുള്ള ഒരു കുഴിയുടെ മുകളിലൂടെ ചാടി കടക്കണം. അജോയി കയറില്‍ കൂടി കയറുന്നത് കണ്ടാല്‍ എവെരെസ്റ്റ് കൊടുമുടി കയറുകയാന്നെന്നു തോന്നും! മൂന്ന് നാലടി കയറിക്കഴിഞാല്‍ കയറില്‍ തൂങ്ങി കിടന്നുകൊണ്ട് താഴെ നില്ക്കുന്ന ഞങ്ങളെ ദയനീയമായി നോക്കും. അതോടെ ചക്ക വീഴുന്നതുപോലെ ഒറ്റ വീഴ്ചയാണ്. പിന്നെ പി.റ്റി തീരുന്നതുവരെ അജോയീ തവളയുടെ രൂപത്തില്‍ ഗ്രൌണ്ടിലൂടെ ചാടി നടക്കുന്നത് കാണാം.
ഒരു ദിവസം സര്‍ദാര്‍ജി അജോയിക്കൊണ്ട് കുഴി ചാടിക്കാനുള്ള ശ്രമം തുടങ്ങി. അജോയി കുഴിയുടെ മുകളില്‍ക്കൂടി ചാടുന്നത് കാണാന്‍ ഞങള്‍ ആകാംഷയോടെ കാത്തു നില്‍കുകയാണ്. ആദ്യം അവനെ കുഴിയുടെ അടുത്തുനിന്നും കുറച്ചകലെക്ക് മാറ്റി നിര്‍ത്തി. എന്നിട്ട് ഓടിവന്ന് ഒറ്റച്ചാട്ടം ചാടാന്‍ പറഞു. അതിന്‍പ്രകാരം അജോയി തയ്യാറെടുത്തു. ഓടാനുള്ള പൊസിഷന്‍ ഒക്കെ ശരിയാക്കി. കുഴിയുടെ നീളവും വീതിയുമൊക്കെ നോക്കി മനസ്സിലാക്കി. പിന്നെ പി ടി ഉഷയെപ്പോലെ മുന്‍പോട്ടു കുതിച്ചു. അജോയി ചാടുന്നത് കാണാന്‍ നിന്ന ഞങളെ നിരാശരാക്കിക്കൊണ്ട് കുഴിയുടെ അടുത്തുവരെ വന്നിട്ട് ബസ്സൊക്കെ സടന്‍ബ്രേക്ക് ഇടുന്നതുപോലെ ബ്രേക്കിട്ടു നിറുത്തിയിട്ട് മലര്‍ന്നടിച്ചു ഒറ്റ വീഴ്ച!! .
വീണതിന്റെ സമ്മാനമായി ഒരടികൂടെ കൊടുത്തിട്ട് സര്‍ദാര്‍ജി വീണ്ടും അവനെ ഓടാനായി നിറുത്തി. ഇത്തവണയും ചാടിയില്ലെങ്ങില്‍ സംഗതി കുഴപ്പമാണെന്ന് മനസ്സിലാക്കിയ അജോയി ഞങളെ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് സര്‍വ്വ ശക്തിയും സംഭരിച്ച് കുഴിയുടെ മുകളിലൂടെ എടുത്തുചാടി.!!
അജോയിയുടെ ചാട്ടം കണ്ടു അന്തംവിട്ടു നിന്ന ഞങളും സര്‍ദാര്‍ജിയും പിന്നെ കേട്ടത് അയ്യോ എന്ന നിലവിളിയാണ്. നിലവിളി കേള്‍ക്കുന്നത് കുഴിക്കുള്ളില്‍ നിന്നുമാണെന്ന് പിന്നീടാണ് മനസ്സിലായത്. ഏതായാലും അതോടെ സര്‍ദാര്‍ജി അജോയിയെ കുഴി ചാടിക്കാനുള്ള പദ്ധതി നിറുത്തി വച്ചു. പിന്നെ പി റ്റി സമയം മുഴുവനും അവന്‍ "തവള "ആയിത്തന്നെ കഴിഞ്ഞു കൂടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ