2009, ഏപ്രിൽ 28, ചൊവ്വാഴ്ച

ഞെട്ടിപ്പിക്കുന്ന ഒരു ഞെട്ടല്‍...

ഹവില്‍ദാര്‍ എച്ച്.എസ്. ജിജാടിയ എന്ന പേര് കേട്ടാല്‍ കാശ്മീരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരു മാതിരിപ്പെട്ട ഉഗ്രവാദികള്‍ ഞെട്ടും. ആറരയടി പൊക്കവും അതിനൊത്ത തടിയും കൊമ്പന്‍ മീശയും സദാ ചുവന്നിരിക്കുന്ന വട്ടകണ്ണുകളും ഉള്ള ഒരാള്‍ പട്ടാള ഡ്രെസ്സില്‍ തോക്കും പിടിച്ചു നില്‍ക്കുന്നത് കണ്ടാല്‍ ഞെട്ടാത്തവന്‍ ഉഗ്രവാദിയാണോ?. കാശ്മീര്‍ ഉഗ്രവാദിയല്ല സാക്ഷാല്‍ ബിന്‍ ലാദന്‍ വന്നാല്‍ പോലും നമ്മുടെ കഥാനായകനായ ഹവില്‍ദാര്‍ എച്ച്.എസ്. ജിജാടിയ എന്ന ജിജാടിയ സാര്‍ ഞെട്ടുകയോ കുറഞ്ഞ രീതിയില്‍ ഒന്ന് പേടിക്കുകയോ പോലും ചെയ്യില്ല. പക്ഷെ അദ്ദേഹത്തിന്റെ അപാരമായ ധൈര്യത്തെപ്പറ്റി ഒരു കഥ ഞാന്‍ പറഞ്ഞാല്‍ വായനക്കാര്‍ ഞെട്ടും! വെറുതെ ഞെട്ടുകയല്ല നമ്മുടെ പഴയ മന്ത്രിമാരൊക്കെ ഞെട്ടിയിരുന്ന പോലെ ഞെട്ടിത്തെറിക്കും. അതുകൊണ്ട് ഞെട്ടാന്‍ കഴിയുന്നവര്‍ മാത്രം വായിച്ചാല്‍ മതി. ഞെട്ടാന്‍ കഴിവില്ലാത്തവര്‍ അതുണ്ടായിക്കഴിഞ്ഞു വായിക്കാന്‍ അപേക്ഷ.


ഞങളുടെ ഇപ്പോഴത്തെ മെസ്സ് കമാണ്ടര്‍ ആണ് ജിജാടിയ സാര്‍. ഹിമാചല്‍ പ്രദേശമാണ് അദ്ദേഹത്തിന്റെ ജന്മം കൊണ്ട് പവിത്രമായ പുണ്യസ്ഥലം. എന്നും അതിരാവിലെ എണീക്കും. എത്ര തണുപ്പ് ഉണ്ടെങ്കിലും കുളിക്കും. പിന്നെ ഒരു മണിക്കൂര്‍ നീളുന്ന പൂജ. ഹിന്ദുക്കള്‍ അറിയുന്ന മിക്കവാറും എല്ലാ ദൈവങ്ങളും ജിജാടിയ സാറിന്‍റെ കട്ടിലിനടുത്തുള്ള മേശയില്‍ സ്ഥാനം പിടിച്ചിടുണ്ട്. ഓരോരുത്തരെയും പ്രത്യേകം വിളിച്ചുള്ള പ്രാര്‍ഥനയാണ്. അതിനു ശേഷം അടുത്ത്‌ ഒരുപാത്രത്തില്‍ വച്ചിട്ടുള മധുരമുള്ള "ബൂന്ദി" (വടക്കേ ഇന്ത്യക്കാര്‍ ക്ഷേത്രങ്ങളില്‍ നിവേദിക്കുന്ന ഒരുതരം നിവേദ്യം) എടുത്തു ബാരക്കില്‍ എല്ലാവര്ക്കും കൊടുക്കും. പിന്നീട് മെസ്സിലേക്ക് പോകും.


മൂന്നു നാല് മാസങ്ങള്ക്ക് മുന്‍പ് ഞങളുടെ ക്യാമ്പിലേക്ക് നുഴഞ്ഞു കയറാനുള്ള ഒരു ശ്രമമുണ്ടായി. ജിജാടിയ സാറാണ് ഉഗ്രവാദികളെ ആദ്യം കണ്ടത്. വെളുപ്പിനെ അഞ്ചര മണിയോടെ ബാത്ത്റൂമിന്റെ അടുത്ത്‌ ഒറ്റയ്ക്ക് നിന്നിരുന്ന ജിജാടിയ സാര്‍ കുറച്ചകലെ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. അതാ ഇരുട്ടിന്റെ മറ പറ്റി കമ്പി വേലിയുടെ വിടവിലൂടെ രണ്ടു പേര്‍ നുഴഞ്ഞു കയറുന്നു! കയ്യില്‍ തോക്ക്! ഒരുത്തന്റെ പുറത്തു വലിയൊരു ബാഗ്. ഒറ്റ നോട്ടത്തില്‍ തന്നെ ഉഗ്രവാദിയാണെന്ന് ജിജാടിയ സാറിന് മനസ്സിലായി. ബാരക്കില്‍ നിന്നും അല്പം അകലെയുള്ള ബാത്ത് റൂമിന്റെ അടുത്തുള്ള ടാന്കില്‍ നിന്നും കുളിക്കാനുള്ള വെള്ളം കോരുകയായിരുന്നു ജിജാടിയ സാര്‍. ആ ശബ്ദം കേട്ട ഉഗ്രവാദികളില്‍ ഒരുത്തന്‍ പെട്ടെന്നൊരു വെടിവച്ചു. അതോടെ ജിജാടിയ സാര്‍ താഴെ വീണു. ഒരു ധീര ജവാനെ തറ പറ്റിച്ച ഉഗ്രവാദികള്‍ ബാരക്ക് ലാക്കാക്കി പാഞ്ഞു.


വെടി ശബ്ദം കേട്ട ഞങള്‍ ഉടന്‍ പൊസിഷന്‍ എടുത്തു. അര മണിക്കൂര്‍ നീണ്ട ഏറ്റു മുട്ടല്‍ കഴിഞ്ഞപ്പോള്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു ഉഗ്രവാദികളും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വീര ജവാന്‍ ജിജാടിയ സാറിന്റെ ഭൌതിക ദേഹം എടുക്കാനായി ഞങള്‍ പോയി. ബാത്ത് റൂമിന്റെ പടിയുടെ താഴെ വീണു കിട്കക്കുകയാണ് ആ ധീര ദേശാഭിമാനി. അടുത്ത്‌ അദ്ദേഹം ഉപയോഗിച്ചിരുന്ന ടൂത്ത് ബ്രഷ് കിടക്കുന്നു. എന്നും പൂജ ചെയ്തു പ്രസാദം വിതരണം ചെയ്യാറുണ്ടായിരുന്ന ജിജാടിയ സാറിന്റെ ദേഹവിയോഗത്തില്‍ ഞങള്‍ ദുഖിച്ചു. ജിജാടിയാ സാറിന്റെ അനക്കമില്ലാത്ത വലിയ ശരീരം പൊക്കിയെടുത്തു ബാരക്കില്‍ എത്തിച്ചു. പിന്നെ അടുത്തുള്ള മിലിട്ടറി ആശുപതിയിലേക്ക് കൊണ്ടുപോയി. ജയ്‌ ജവാന്‍ ...ജയ്.. ജിജാടിയ സാര്‍.....



ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ അനക്കമില്ലാതെ കിടന്ന ജിജാടിയ സാറിന്റെ ശരീരം അനങ്ങി. അദ്ദേഹം കണ്ണ് തുറന്നു. പിന്നെ എണീറ്റിരുന്നു. ചുറ്റുമിരിക്കുന്ന ഞങളെ മിഴിച്ചു നോക്കി. മരിച്ചു പോയെന്ന് കരുതിയ ജിജാടിയ സാര്‍ വീണ്ടും ജീവിച്ചപ്പോള്‍ ഞങള്‍ അന്തം വിട്ടു. ജിജാടിയ സാര്‍ മരിച്ചില്ലെന്നും വെറുമൊരു ബോധക്ഷയം മാത്രമായിരുന്നു എന്നുമുള്ള സത്യം മനസ്സിലായ ഞങള്‍ തിരിച്ചു ബാരക്കിലേയ്ക്കു വണ്ടി വിട്ടു.


ഹിമാചല്‍ പ്രദേശ്കാര്‍ പൊതുവേ ധൈര്യശാലികള്‍ ആണെന്കിലും നമ്മുടെ നാട്ടിലെ റേഷന്‍ കടകളില്‍ നിന്നും കൊടുക്കുന്ന മണ്ണെണ്ണയുടെ അളവ് പോലെ, ധൈര്യത്തിന്റെ അളവ് അലപം കുറച്ചാണ് ജിജാടിയ സാറിന് ദൈവം തമ്പുരാന്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. ആയതിന്റെ പേരിലാണ് വെടിയൊച്ച കേട്ടപ്പോള്‍ ജിജാടിയ സാര്‍ ഞെട്ടി ബോധം കേട്ടത്. ഈ വാര്‍ത്തയറിഞ്ഞ ഞങ്ങളുടെ സി.ഓ സാബ് അദ്ദേഹത്തിന്റെ കസേരയില്‍ ഇരുന്നു ഞെട്ടി. സി. ഓ. യുടെ മുറിയില്‍ തന്നെ ഉണ്ടായിരുന്ന സുബേദാര്‍ മേജര്‍ നിന്നു ഞെട്ടി. പിന്നെ ഈ ഞാന്‍ ജിജാടിയ സാറിനെ താങ്ങി പിടിച്ചുകൊണ്ടു ഞെട്ടി. ബോധം കെട്ടു കിടന്ന സമയത്ത് നടന്ന പുകിലുകള്‍ കേട്ട് ജിജാടിയ സാര്‍ കിടന്നു ഞെട്ടി. ഇനിയും ഞെട്ടാത്തവര്‍ ആരെങ്കിലുമുന്ടെങ്കില്‍ ഉടനെ ഞെട്ടണം. ഞെട്ടിയെ പറ്റൂ .....

2009, ഏപ്രിൽ 1, ബുധനാഴ്‌ച

താക്കൂര്‍ സാബിന്റെ പുട്ടുകുടം.....

പഞാബിലെ ജലന്ധറില്‍ ഞാന്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടുത്തെ ടെക്നിക്കല്‍ സെക്ഷന്റെ ഹെഡ് ആയിരുന്നു സുബേദാര്‍ മേജര്‍ താക്കൂര്‍ സാബ്. ഹിമാചല്‍ പ്രദേശ്കാരനായ താക്കൂര്‍ സാബിനെ കണ്ടാല്‍ നമ്മുടെ സിനിമാ നടന്‍ പറവൂര്‍ ഭരതനെ കാണുന്നത് പോലെയാണ്. വെളുത്തു തടിച്ചു കുറുകിയ ശരീരവും വലിയൊരു കുടം വയറിനു മുകളില്‍ ഫിറ്റ് ചെയ്ത മാതിരിയുള്ള കുടവയറും കൊമ്പന്‍ മീശയും കഷണ്ടിത്തലയും ചേര്‍ന്നാല്‍ പോലീസ്സ് തയ്യാറാക്കുന്ന പിടികിട്ടാപുള്ളികളുടെ ഫോട്ടോ പോലെ, താക്കൂര്‍ സാബിന്റെ ഏകദേശ രൂപമായി. ക്ഷിപ്രകോപിയും എന്നാല്‍ ഉടനെ തന്നെ ഐസ്കട്ടപോലെ തണുക്കുന്ന സ്വഭാവക്കാരനുമായ താക്കൂര്‍ സാബിനു ഞങള്‍ മലയാളികള്‍ "കുടം" എന്ന ഓമനപ്പേരും അദ്ദേഹത്തോട് പിണക്കമുള്ള ഹിന്ദിക്കാര്‍ "പേട്ടുറാം" എന്ന ഓമനയല്ലാത്ത പേരും കൊടുത്തിരുന്നു. മലയാളം ഒട്ടുംതന്നെ വശമില്ലാതിരുന്ന താക്കൂര്‍ സാബ് വരുന്നത് കാണുമ്പോഴേ "ടാ കൊടം വരുന്നുണ്ട്" എന്ന് അദ്ദേഹം കേള്‍ക്കെ തന്നെ വിളിച്ചു പറയാനുള്ള ധൈര്യം ഞങള്‍ മലയാളികള്‍ക്ക് ഉണ്ടായിരുന്നു എന്ന സത്യം ഞാന്‍ നിങ്ങളെ അറിയിച്ചു കൊള്ളട്ടെ.

അങ്ങനെയുള്ള താക്കൂര്‍ സാബിന്റെ സന്തത സഹചാരിയാണ് ബജാജ് കമ്പനിയുടെ "ചേതക്" എന്ന സ്കൂട്ടര്‍. ടെക്നിക്കല്‍ സെക്ഷന്റെ ഹെഡ് ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല അദ്ദേഹത്തിന്റെ വണ്ടിയില്‍ ഹെഡ് ലൈറ്റ് , ബ്രേക്ക്, മുതലായ നിത്യോപയോഗ സാധനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്തിനു പറയുന്നു, വണ്ടി ഓണ്‍ ചെയ്യാനുള്ള താക്കോല്‍ പോലും ഉപയോഗിക്കുന്നത് താക്കൂര്‍ സാബിനു ഇഷ്ടമുള്ള കാര്യമായിരുന്നില്ല. പകരം ഹെഡ് ലൈറ്റിന്റെ ബള്‍ബ് ഇടാനുള്ള ദ്വാരത്തില്‍ കൂടി പുറത്തക്ക് എടുത്തിരിക്കുന്ന രണ്ടു വയറുകള്‍ കൂട്ടി മുട്ടിച്ചാല്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കുന്നതിനുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാകും. പിന്നീടുള്ള രണ്ടാം ഘട്ടമാണ് താക്കൂര്‍ സാബിന്റെ ആരോഗ്യരഹസ്യം എന്നു വേണമെങ്കില്‍ പറയാം. എന്തെന്നാല്‍ അത് സ്റ്റാര്‍ട്ട് ആക്കുകയെന്നത് ഒരു അന്താരാഷ്ട്ര സംഭവം തന്നെയാണ്. പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കൊണ്ടുവരുവാന്‍ പാടുപെടുന്ന ഭര്‍ത്താവിനെപ്പോലെ പലരീതിയില്‍ അനുനയിപ്പിച്ചാല്‍ മാത്രമേ താക്കൂര്‍ സാബിന്റെ സ്കൂട്ടര്‍ അനുസരിക്കൂ. താക്കൂര്‍ സാബ് രാവിലെ ഓഫീസിലേക്ക് പോയെന്ന് ഉറപ്പായതിനു ശേഷം മാത്രമേ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ മുറിയുടെ അടുത്ത്‌ കൂടി പോകാറുള്ളൂ. അല്ലെങ്ങില്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ആക്കുന്നതിനുള്ള ഉത്തരവാദിത്ത്വം അദ്ദേഹം നമ്മളെ ഏല്പിച്ചുകളയും! പിന്നെ അന്നത്തെ ദിവസം കട്ടപ്പുക !!

ഇതൊക്കെയാണെങ്കിലും എന്റെ കൂടെയുണ്ടായിരുന്ന മിക്കവാറും എല്ലാ ചെറുപ്പക്കാരും ടൂ വീലര്‍ ഓടിക്കുവാന്‍ പഠിച്ചത് താക്കൂര്‍ സാബിന്റെ വണ്ടിയിലാണ്. എങ്ങനെയെന്നു ചോദിച്ചാല്‍ നൈറ്റ് ഷിഫ്റ്റ് ഉള്ള ദിവസം രാവിലെ റൂമില്‍ എത്തുന്ന താക്കൂര്‍ സാബ്, കുളിയും പൂജയും കഴിഞ്ഞു ജെ.സി. ഓ. മെസ്സിലെത്തി രണ്ടു ലാര്‍ജും വിഴുങ്ങി തിരിച്ചു മുറിയിലെത്തി ഒരു ടവല്‍ മാത്രമുടുത്ത് ഉറങ്ങാന്‍ കിടക്കും. ഏകദേശം അര മണിക്കൂര്‍ കഴിയുമ്പോള്‍ മുറിക്കുള്ളില്‍ നിന്നും ഉച്ചസ്ഥായിയിലുള്ള കൂര്‍ക്കം വലി ഉയരുന്നതോടെ ഞങ്ങളുടെ ടൂ വീലര്‍ ഡ്രൈവിങ്ങ് ട്രെയിനിംഗ് ആരംഭിക്കുകയായി.

ജെ സി ഓ മെസ്സിന്റെ വരാന്തയോട് ചേര്‍ന്ന് ഏറ്റവും അറ്റത്തുള്ളതാണ് താക്കൂര്‍ സാബിന്റെ മുറി. മുറിയുടെ പുറകു വശത്ത് ജനാലയും അതിനോടെ ചേര്‍ന്ന് അരമതിലും മതിലിനപ്പുരത്തു മൈതാനവുമാണ്. മൈതാനം കഴിഞ്ഞാല്‍ റോഡും ചെറിയ കടകളും ഒരു വര്‍ക്ക് ഷോപ്പും ഉണ്ട്. മുന്‍വശത്തെ വാതില്‍ ചാരിയ ശേഷം പുറകിലത്തെ ജനാല തുറന്നിട്ടു കിടന്നാണ് താക്കൂര്‍ സാബ് ഉറങ്ങുക. ഉറക്കത്തിന്റെ കാര്യത്തില്‍ സാക്ഷാല്‍ കുംഭകര്‍ണന്‍ പോലും താക്കൂര്‍ സാബിനോടെ മത്സരിക്കില്ല എന്നു ഞങള്‍ പറയാറുണ്ട്‌. കൂര്‍ക്കം വലി ഉയരുന്നതോടെ മുറ്റത്തിരിക്കുന്ന സ്കൂട്ടര്‍ തള്ളി അല്പം ദൂരെ കൊണ്ടുപോയി സ്റ്റാര്‍ട്ട് ചെയ്തു ഡ്രൈവിങ്ങ് ട്രെയിനിംഗ് തുടങ്ങും. പഞാബിയായ പവന്‍കുമാറാണ് ഗുരു. പവന്‍കുമാര്‍ തൊട്ടാല്‍ ഉടന്‍ തന്നെ വണ്ടി സ്റ്റാര്‍ട്ട് ആകും . എന്താണ് അതിന്റെ ഗുട്ടെന്‍സ് എന്നു ഇതുവരെ ഞങള്‍ക്ക് പിടികിട്ടിയിട്ടില്ല.


അങ്ങനെ എല്ലാവരും ടൂ വീലര്‍ പഠിച്ചതോടെ എനിക്കും അതൊന്നു പഠിച്ചാലോ എന്നു ഞാന്‍ ആലോചിച്ചു. പവന്‍ കുമാറിനോട് വിവരം പറഞ്ഞു. അവന്‍ സമ്മതിച്ചു. നല്ല സൈക്കിള്‍ ബാലന്‍സ് ഉണ്ടെങ്കില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് സ്കൂട്ടര്‍ ഓടിക്കാന്‍ പഠിക്കാം എന്നു പവന്‍ കുമാര്‍ പറഞ്ഞതോടെ അടുത്ത ദിവസം തന്നെ സംഗതി ഞങള്‍ പ്രാവര്‍ത്തികമാക്കി

സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു ഗിയറില്‍ ഇട്ടിട്ടു എന്നെ അതില്‍ ഇരുത്തി ക്ലെച്ച്‌ എന്നു പറയുന്ന സാധനം പതുക്കെ അയച്ചു ആക്സിലേറ്റര്‍ കൊടുക്കാന്‍ പവന്‍കുമാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ അങ്ങനെ ചെയ്തു. വണ്ടി മുന്‍പോട്ടു പോയി. അല്പം ദൂരെ ചെന്നപ്പോള്‍ ഇരുവശത്തും തൂണ് പോലെ കവച്ചു വച്ചിരുന്ന കാലുകള്‍ പൊക്കി വണ്ടിയില്‍ വച്ച് അലപം സ്റ്റൈലില്‍ തന്നെ ഇരുന്നു കുറച്ചു ദൂരം ഓടിച്ചു. അതോടെ എന്റെ ആത്മവിശ്വാസം ഇരട്ടിച്ചു. മുറ്റത്തിന്റെ അങ്ങേ അറ്റം വരെ ഓടിച്ചു ശേഷം സ്പീഡില്‍ തന്നെ തിരിച്ചു വന്ന ഞാന്‍ മുറ്റത്തു കിടന്ന കല്ലിന്റെ പുറത്തു കയറാതിരിക്കാനായി വണ്ടി വെട്ടിച്ചു. വണ്ടി അല്പം ചെരിഞ്ഞു. അതോടെ ആനപ്പുറത്ത് ബാലന്‍സ് പിടിച്ചിരിക്കുന്ന കുരങ്ങന്റെ സ്റ്റൈലില്‍ സ്കൂട്ടെരിന്റെ പുറത്തിരിക്കുന്ന ഞാന്‍ മറിഞ്ഞു വീഴാതിരിക്കാനായി ആക്സിലേറ്ററില്‍ മുറുക്കെ പിടിക്കുകയും തദ്വാര വണ്ടി ഇരട്ടി സ്പീഡില്‍ മുന്‍പോട്ടു കുതിച്ചു നേരെ വരാന്തയില്‍ കയറി താക്കൂര്‍ സാബിന്റെ മുറിയുടെ വാതില്‍ ഇടിച്ചു തുറന്നു, ഉറങ്ങിക്കിടക്കുന്ന താക്കൂര്‍ സാബിന്റെ കട്ടിലിനടുത്തുള്ള മേശയില്‍ തട്ടി മറിയുകയും ചെയ്തു. ഇതിനിടയില്‍ തന്നെ വളരെ വിദഗ്ദമായി വണ്ടിയില്‍ നിന്നും ചാടുകയും വരാന്തയില്‍ നടുവടിച്ചു വീഴുകയും ചെയ്ത വിവരം ഞാന്‍ അറിഞ്ഞില്ല എങ്കിലും അവിടെ നിന്നവരൊക്കെ aതു വളരെ വ്യക്തമായിത്തന്നെ കാണുകയുണ്ടായി.

ടവല്‍ മാത്രമുടുത്ത് വായും പൊളിച്ചു കൂര്‍ക്കം വലിച്ചു കൊണ്ടിരുന്ന താക്കൂര്‍ സാബ് എന്താണ് സംഭവം എന്നു മനസ്സിലാക്കാതെ വല്ല ഉഗ്രവാദി ആക്രമണവും ആയിരിക്കും എന്നു കരുതി ഞെട്ടിപ്പിടഞ്ഞെഴുനെല്‍ക്കുകയും ജനാല വഴി പുറത്തു ചാടി മതിലിനു മുകളിലൂടെ മൈദാനത്തിലെത്തി ശരം പോലെ പാഞ്ഞു പോവുകയും ചെയ്തു. അദ്ദേഹമുടുത്തിരുന്ന ടവല്‍ മാത്രം എന്ത് വന്നാലും നേരിടാന്‍ തയ്യാറെന്ന മട്ടില്‍ കട്ടിലില്‍ കിടന്നിരുന്നു.

വീണു കിടന്ന എന്നെ പവന്‍ കുമാറും മറ്റുള്ളവര് ചേര്‍ന്ന് പിടിച്ചുയര്‍ത്തി. ഒരാള്‍ പോയി മുറിക്കുള്ളില്‍ നിന്നും സ്കൂട്ടര്‍ കൊണ്ടുവന്നു. 'പണ്ടേ ദുര്‍ബല പോരാത്തതിനു ഗര്‍ഭിണി' എന്നു പറയുന്നപോലെ അതിന്റെ ഷേപ്പ് മൊത്തമായും മാറി ഏതാണ്ട് ചളുങ്ങിയ പുട്ടുകുടം പോലെ ആയ സ്കൂട്ടര്‍ കണ്ട ഞാന്‍ ഒപ്പം തന്നെ ഓട്ടം കഴിഞ്ഞു കുഴപ്പമൊന്നുമില്ല എന്നു മനസ്സിലാക്കി തിരിച്ചു വന്നിരിക്കുന്ന താക്കൂര്‍ സാബിനെയും കണ്ടതോടെ ഇനി എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി. എന്റെ ഗുരു പവന്‍ കുമാറും കൂടെ എന്നെ പ്രോത്സാഹിപ്പിക്കാന്‍ നിന്നവരും താക്കൂര്‍ സാബ് വന്നതോടെ മുങ്ങി. അനുവാദമില്ലാതെ സ്കൂട്ടര്‍ എടുത്തതിനും ഉറങ്ങിക്കിടന്ന താക്കൂര്‍ സാബിനെ ഭയപ്പെടുത്തിയത്തിനും കൂടി രണ്ടു കേസ്സുകള്‍ എന്റെ പേരില്‍ ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്യുമെന്ന് എനിക്കുറപ്പായി. പിന്നെ അണ്ടര്‍വെയര്‍ ധാരിയായി കോപിച്ചു നില്‍ക്കുന്ന താക്കൂര്‍ സാബിനു മുന്‍പില്‍ നിരുപാധികം കീഴടങ്ങുവാനും മേല്‍പ്പടി പുട്ടുകുടത്തിനെ തിരിച്ചു സ്കൂട്ടര്‍ പരുവത്തിലാക്കാനുള്ള സകല വിധ ചിലവുകളും ഞാന്‍ തന്നെ സ്വമേധയാ നിര്‍വഹിച്ചു കൊള്ളാമെന്നും ധാരണയാവുകയും പുട്ടുകുടത്തിനെ ഓട്ടോയില്‍ കയറ്റി അടുത്തുള്ള വര്‍ക് ഷോപ്പില്‍ എത്തിക്കുകയും ചെയ്തു.

വര്‍ക്കു ഷോപ്പുകാരന്‍ പുട്ടുകുടത്തെ കൊമ്പും കുഴലും വച്ച് പരിശോധിച്ച് അതിനു നേരത്തെ തന്നെ ഇല്ലാതിരുന്ന ബ്രേക്ക്, ഹെഡ് ലൈറ്റ് മുതലായ സാധന സാമഗ്രികളുടെ വിലയും റിപ്പയറിംഗ് ചാര്‍ജും ചേര്‍ത്ത് രണ്ടായിരത്തി ഇരുനൂറു രൂപയുടെ ബില്ല് തന്നതോടെ എന്റെ ടൂവീലും ഊരിപ്പോയി എന്നു പറഞ്ഞാന്‍ മതിയല്ലോ..