ഞാന്‍ കശ്മീരില്‍ എത്തി ഒരു മാസം കഴിഞ്ഞപ്പോഴാണ് ആ സംഭവം ഉണ്ടാകുന്നത്. ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെ ഞാന്‍ ഓഫീസില്‍ എത്തി അത്യാവശ്യമായി തീര്‍ക്കേണ്ട ഒരു ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. കൂടെ ഡോക്യുമെന്റ് ക്ലെര്‍ക്ക് കാംബ്ലെയും ഹെഡ് ക്ലെര്‍ക്ക് സതീസന്‍ സാറും ഓഫീസ് ബോയ് ബിമലും ഉണ്ട്. ഉച്ചയുറക്കത്തിന്റെ ഹാന്‍ഗ് ഓവര്‍ മാറ്റുവാനായി നല്ല കടുപ്പത്തില്‍ തന്നെ ബിമല്‍ ഉണ്ടാക്കിയ ചായ മൊത്തിക്കുടിച്ചു കൊണ്ട് സീനിയര്‍ ജെ സി ഓ സര്‍ദാര്‍ ബച്ചീത്തര്‍ സിംഗ് അടുത്ത് തന്നെയുള്ള അദ്ദേഹത്തിന്‍റെ ഓഫീസില്‍ ഇരുന്നു സി. എച്ച്. എം. (കമ്പനി ഹവില്‍ദാര്‍ മേജര്‍) ഹരീന്ദര്‍ സാറിനോട് അന്നത്തെ ഡ്യുട്ടി എന്തൊക്കെയാണെന്ന് വിശദീകരിക്കുനത് കേള്‍ക്കാം. ഓ.സി സാബ് (ഓഫീസര്‍ കമാണ്ടിംഗ്) എത്തിയിട്ടില്ല. ഞാന്‍ കണക്കുകള്‍ എഴുതുന്ന ഒരു വലിയ രജിസ്റ്റര്‍ എടുത്ത് മുന്‍പില്‍ വച്ചു. പിന്നെ ചായ ഒരിറക്ക് കുടിച്ചിട്ട് അന്നത്തെ വരവ് ചെലവ് കണക്കുകള്‍ അതിലേക്കു പകര്‍ത്തി തുടങ്ങി.
ഓഫീസിനു മുന്‍പില്‍ അല്പം താഴെയുള്ള മൈതാനത്തിനടുത്തു പട്ടാള വണ്ടികള്‍ നന്നാക്കാനുള്ള വര്‍ക്കു ഷോപ്പാണ്. അവിടെ നിന്നും പലവിധത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. നിത്യേന കേള്‍ക്കുന്ന ശബ്ദ കോലാഹലങ്ങള്‍ ആയതു കൊണ്ട് അതൊന്നും ഞങളുടെ ജോലിയെ ബാധിച്ചിരുന്നില്ല. ഹെഡ് ക്ലെര്‍ക്ക് സതീസന്‍ സാര്‍ അന്നത്തെ മെയിലില്‍ വന്നിരിക്കുന്ന കത്തുകള്‍ തുറന്നു ഫയല്‍ ചെയ്തു തുടങ്ങി.
പെട്ടെന്നാണ് താഴെ വര്‍ക്കു ഷോപ്പിനടുത്തു നിന്നും കാതടപ്പിക്കുന്ന ഒരു പൊട്ടിത്തെറി കേട്ടത്. അതിന്റെ ശക്തിയില്‍ എന്റെ മേശയില്‍ ഇരുന്ന ചായക്കപ്പ് താഴെ വീണുടഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നതിനു മുന്‍പ് തന്നെ ഓഫീസിന്റെ അല്പം ദൂരെ മെയിന്‍ ഗേറ്റിനടുത്തു സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ വിറപ്പിക്കുന്ന വെടി ശബ്ദം മുഴങ്ങി. ഒപ്പം ഒരലര്‍ച്ചയും കേട്ടു.
എന്തോ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ ഉടന്‍ തന്നെ അടുത്ത് ചാരി വച്ചിരുന്ന റൈഫിളുകള്‍ (പട്ടാളക്കാര്‍ എവിടെപോയാലും അവരവരുടെ തോക്കുകള്‍ കൂടെ കൊണ്ടുപോകണം എന്നാണ് കശ്മീരിലെ നിയമം) ഓഫീസിനു പുറത്തുചാടി. ഓഫീസിനു മുന്‍പിലും വശങ്ങളിലും ഒരാള്‍ താഴ്ചയില്‍ കുഴിച്ചിരിക്കുന്ന "ട്രഞ്ചുകള്‍" (കുഴികള്‍) ലകഷ്യമാക്കി പാഞ്ഞ എന്റെ ഇടതു വശത്തു കൂടി എന്തോ ഒരു സാധനം മൂളലോടെ പാഞ്ഞു പോയി. ഞാനും കംബ്ലെയും ആദ്യം കണ്ട ട്രെഞ്ചില്‍ ചാടി ഇറങ്ങി. കോക്കിംഗ് ഹാന്‍ഡില്‍ വലിച്ചു തോക്ക് ലോഡ് ചെയ്തിട്ട് കാഞ്ചിയില്‍ വിരലമര്‍ത്തി ഏതു സമയത്തും ഫയര്‍ ചെയ്യാന്‍ സന്നദ്ധരായി ട്രന്ചിന്റെ മണ്‍ഭിത്തിയില്‍ ചാരിയിരുന്നു പുറത്തെ ശബ്ദങ്ങള്‍ ശ്രദ്ധിച്ചു .....
തുടര്‍ച്ചയായ വെടി ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്.. എ കെ 47 നും എല്‍ എം ജിയും കാര്‍ബയിനുമൊക്കെ പ്രവര്‍ത്തിക്കുന്നു.... എവിടെയൊക്കെയോ ഗ്രനേഡുകള്‍ പൊട്ടുന്നു..ആരൊക്കെയോ നിലവിളിക്കുന്നു... എവിടെ നിന്ന്, എങ്ങോട്ടാണ് വെടിയുണ്ടകള്‍ പായുന്നത്? എന്താണ് സംഭവം? ഒരെത്തുംപിടിയും കിട്ടുന്നില്ല....ഹെല്‍മെറ്റും ബുള്ളറ്റു പ്രൂഫും ഇല്ലാതെ ട്രെഞ്ചില്‍ പച്ച മണ്ണില്‍ കുത്തിയിരിക്കുകയാണ് ഞങള്‍.. രക്തം മരവിക്കുന്ന ഭീകരത......ഞാന്‍ തോക്ക് മുറുകെ പിടിച്ചു കൊണ്ട് മുകളിലേക്ക് നോക്കി. കറുത്ത പുക അന്തരീഷത്തില്‍ പടരുന്നു..തീപിടുത്തമുണ്ടായതാണോ? ആണെങ്കില്‍ വെടി പൊട്ടിയതെന്തിന്?
മുക്കാല്‍ മണിക്കൂര്‍ നീണ്ട പോരാട്ടം...ഒടുവില്‍ വെടി ശബ്ദം നിന്നു... നീണ്ട വിസില്‍ മുഴങ്ങി....ട്രഞ്ചില്‍ നിന്നും ഞങള്‍ പുറത്തു വരാനുള്ള സിഗ്നലാനത്. ഞങള്‍ സാവധാനം തല പുറത്തേക്ക് നീട്ടി. അല്പം മുന്‍പുവരെ തിരക്കിട്ട പണികള്‍ നടന്നു കൊണ്ടിരുന്ന വര്ക്കുഷോപ്പ് ശൂന്യമായിരിക്കിന്നു.... ഒരു പട്ടാള ട്രക്ക് ആകെ തകര്‍ന്നു ചിതറി കിടക്കുന്നു...രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് ഒരാളെ താങ്ങി എടുത്തുകൊണ്ട് ഓടുന്നു...അയാളുടെ ശരീരം നിറയെ ചോര....മറ്റൊരിടത്ത് ഒരാള്‍ വീണു കിടക്കുന്നു...അയാളുടെ വലതു കയ്യുടെ മുട്ടിനു താഴെ ശൂന്യം...മെയില്‍ ഗേറ്റിലെ എല്‍ എം ജിയുടെ ബാരലില്‍ നിന്നും അപ്പോഴും പുക ഉയരുന്നു...അവിടെ ട്യുട്ടിയില്‍ ഉണ്ടായിരുന്ന ഗൂര്‍ഖ രേജിമെന്റിലെ ജവാനെ രണ്ടുപേര്‍ ചേര്‍ന്ന് താങ്ങിയെടുക്കുന്നു.... അയാളുടെ കവിളിലൂടെ ചോര ഒഴുകുന്നു....മരിച്ചിട്ടില്ല ഭാഗ്യം..
പുറത്തു വന്ന ഞങള്‍ ബാരക്കില്‍ എത്തി. മണ്ണ് പുരണ്ട വസ്ത്രങ്ങള്‍ മാറി...ഇരുട്ടിത്തുടങ്ങിയിരുന്നു...വെടി ശബ്ദവും മറ്റും നിലച്ചിരുന്നെങ്കിലും ഇനിയും ഒരാക്രമണം ഉണ്ടാകാം. ഞങ്ങള്‍ കരുതിയിരുന്നു...ക്യാമ്പിനു കുറച്ചു ദൂരെയായി ഉയര്‍ന്നു നില്‍ക്കുന്ന കുന്നിന്റെ മുകളില്‍ നിന്നും ക്യാമ്പ് തകര്‍ക്കാനായി ഉഗ്രവാദികള്‍ തൊടുത്ത റോക്കറ്റ് വര്‍ക്കു ഷോപ്പില്‍ ഉയര്‍ന്നു നിന്ന ഒരു ഇലക്ട്രിക് പോസ്റ്റില്‍ തട്ടി ദിശമാറിയതും അത് പണി നടന്നു കൊണ്ടിരുന്ന പട്ടാള ട്രക്കില്‍ ഇടിച്ചു പൊട്ടിത്തെറിച്ചതും വര്‍ക്കു ഷോപ്പില്‍ ജോലി ചെയ്തിരുന്ന മൂന്നു പട്ടാളക്കാര്‍ മരിച്ചതും എല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുങ്ങി പോകുന്നു...ട്രന്ചിലെയ്ക്ക് പോകുന്ന വഴിയില്‍ എന്റെ അടുത്തുകൂടി ചീറിപ്പാഞ്ഞു പോയത് പൊട്ടിത്തെറിച്ച റോക്കറ്റിന്റെ ഒരു ഭാഗമായിരുന്നു എന്ന വിവരം ഞങള്‍ അറിഞ്ഞത് ഓഫീസിന്റെ തകര്‍ന്നു കിടക്കുന്ന വാതില്‍ കണ്ടപ്പോഴാണ്...ആരാണ് എന്നെ അതില്‍ ഇന്നും രക്ഷിച്ചത്? ഞാന്‍ വിശ്വസിക്കുന്ന ദൈവമോ? അതോ എന്റെ ഭാഗ്യമോ?
11 അഭിപ്രായങ്ങൾ:
ആരാണ് എന്നെ അതില്‍ ഇന്നും രക്ഷിച്ചത്? ഞാന്‍ വിശ്വസിക്കുന്ന ദൈവമോ? അതോ എന്റെ ഭാഗ്യമോ?
ഈശ്വരനില്‍ മാത്രം വിശ്വസിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നു ഇത്തരം അനുഭവങ്ങള്‍... അല്ലേ മാഷേ.
ഹെന്റമ്മോ.. !
ഈശ്വരന്‍ വന്ന് രക്ഷിച്ചു എന്ന് കരുതുക .
വീടുകാരുടെ പ്രാര്‍ത്ഥന
പിന്നെ ഭാഗ്യം
മെയിന്‍ കാര്യം അങ്ങോട്ട് പോകാന്‍ സമയമായില്ല എന്നത്
പല ഘട്ടങ്ങളിലും ഒരു രക്ഷകന്‍ നമ്മെ അനുഗമിക്കുന്നതായി നമുക്ക് അനുഭവപ്പെടാം. ആ ശക്തി പല അപകടങ്ങളില്‍ നിന്നും നമ്മെ രക്ഷപ്പെടുത്താം. ഇവിടെയും ഒരു ശക്തി താങ്കളെ രക്ഷപ്പെടുത്തിയിരിക്കുന്നു!
ആശംസകള്‍....
എന്റീശ്വരാ........
[ഒന്നും പറയാനില്ല]
Chilling experience..
Salute to you and other brave army people !!!
പ്രിയപ്പെട്ട സുഹൃത്തേ...
താങ്കളെ ചൊല്ലി അഭിമാനിക്കുന്നു...
ഇതെല്ലാം ആര്‍ജ്ജവത്തോടെ നേരിടുന്ന പട്ടാളക്കാരനാണല്ലോ എന്നോര്‍ത്ത്..
നന്മകള്‍ നേരുന്നു...
മാഷെ - നല്ല വിവരണം- സംഭവമത്ര സുഖകരമല്ലെങ്കിലും- ഈ യുദ്ധങ്ങളൊന്നു മില്ലാതിരുന്നെങ്കില്‍-
അയ്യോ !!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ