2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഉണ്ണികൃഷ്ണനായ ഉണ്ണിയേശുവിന്റെ റിയാലിറ്റി ജന്മാഷ്ടമി

"എടാ ഈ ശ്രീകൃഷ്ണനും ക്രിസ്തുവുമൊക്കെ രാത്രി പന്ത്രണ്ടു മണിക്കാണോ ജനിച്ചത്...ഇവര്‍ക്ക് പകല് ജനിച്ചാല്‍ പോരായിരുന്നോ?


ഉച്ച മയക്കത്തിന്റെ സുഖത്തില്‍ കിടക്കയില്‍ ചുരുണ്ടു കിടന്നിരുന്ന ഞാന്‍ വേണുവിന്റെ വെടിപൊട്ടിക്കുന്ന പോലെയുള്ള ചോദ്യം കേട്ട് ഞെട്ടി. ക്രിസ്തു ജനിച്ചപ്പോള്‍ ഒരു നക്ഷത്രം ഉദിച്ചുവെന്നും അതിനെ പിന്തുടര്‍ന്ന് രാജാക്കാന്‍മാര്‍ യേശുവിന്റെ ജനന സ്ഥലം കണ്ടുപിടിച്ചെന്നും കേട്ടിട്ടുണ്ട്. പക്ഷെ കൃഷ്ണന്‍ ജനിച്ചപ്പോള്‍ അങ്ങനെ ഉണ്ടായതായി അറിവില്ല. ഇനി അദ്ദേഹം രാത്രിയില്‍ തന്നെയാണ് ജനിച്ചതെങ്കില്‍ ഇവനെന്താണ് കുഴപ്പം? ഞാന്‍ പുതപ്പിന്റെ ഉള്ളില്‍ നിന്നും തല മാത്രം പുറത്തെടുത്തു. എന്നിട്ട് അടുത്ത ബെഡ്ഡില്‍ ചമ്രം പടഞ്ഞിരുന്നു ഡയറിയില്‍ എന്തോ കുത്തിക്കുറിക്കുന്ന വേണുവിനെ ചോദ്യ ഭാവത്തില്‍ നോക്കി.


"എന്താടാ പുല്ലേ നീ നോക്കി പേടിപ്പിക്കുന്നത്‌ ? ചോദിച്ചത് കേട്ടില്ലേ ?" വേണുവിന് എന്റെ നോട്ടം കണ്ടിട്ട് ദേഷ്യം വന്നു.



"ശെടാ നിന്റെ ചോദ്യം കേട്ടാല്‍ അവരൊക്കെ ജനിച്ച നേരത്ത് ഞാനായിരുന്നു അവിടെ ഓണ്‍ ഡ്യൂട്ടി എന്ന് തോന്നുമല്ലോ? അത്ര അത്യാവശ്യമാണെങ്കില്‍ നീ അവരുടെ മൊബൈലില്‍ വിളിക്ക്. ...ഹല്ല പിന്നെ".. ഞാന്‍ വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി..



"അല്ലേലും ഇവരൊന്നും ഒരാവശ്യത്തിന് ഉപകരിക്കില്ല. ശ്രീകൃഷ്ണ ജയന്തിക്കു അമ്പലത്തില്‍ രാത്രി പന്ത്രണ്ടു മണിക്കാ സി ഓ സാബ് വരുന്നത്. ഇവരൊക്കെ പകല് ജനിച്ചിരുന്നെങ്കില്‍ രാത്രിയില്‍ നമുക്ക് കിടന്നുറങ്ങാമായിരുന്നു." വേണുവിന് കോപം അടക്കാനാകുന്നില്ല.



അതുശരി...അപ്പോള്‍ അതാണ്‌ കാര്യം. പട്ടാളത്തിന്റെ അമ്പലത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അടുത്ത ദിവസമാണ്‌ നടക്കുന്നത്. വൈകുന്നേരം ഭജന, ആരതി മുതലായ പ്രോഗ്രാമുകള്‍ ഉണ്ടാകും.. രാത്രി പന്ത്രണ്ടു മണിക്കാണ് പട്ടാളത്തിലെ ശ്രീകൃഷ്ണന്‍ ജനിക്കുന്നത്. സി. ഓ സാബ് വരാന്‍ വൈകിയാല്‍ ശ്രീകൃഷ്ണനും ജനിക്കാന്‍ വൈകും. സി. ഓ സാബിനു വരാന്‍ പറ്റിയില്ലെങ്കില്‍ ഒരു പക്ഷെ ശ്രീകൃഷ്ണന്‍ ജനിക്കാതിരിക്കാനും മതി. പകരം അടുത്ത ദിവസം രാത്രിയില്‍ അദ്ദേഹം ജനിക്കും. എങ്ങനെയായാലും സി. ഓ സാബ് വന്നിട്ടേ കൃഷ്ണന്‍ ജനിക്കൂ.അത് പട്ടാളവും ശ്രീ കൃഷ്ണനുമായുള്ള ഒരു ആസിയാന്‍ കരാറാണ്. (ഉണ്ണിയേശുവിന്റെ കാര്യത്തിലും ഈ കരാര്‍ ബാധകമാണ്.)



ഉറക്കത്തിന്റെ കാര്യത്തില്‍ കുംഭകര്‍ണന്റെ അമ്മായി അപ്പനാണ് വേണു. എവിടെങ്കിലും ഇരുന്നു പോയാല്‍ അപ്പോള്‍ ഉറങ്ങിക്കളയും. ഡ്യൂട്ടിയില്‍ ഫുള്‍ ഉറക്കമായിരിക്കും. മാസത്തില്‍ ഒരിക്കലുള്ള സി സാബിന്റെ ദര്‍ബാറില്‍ (മീറ്റിംഗ്) ഇരുന്നുറങ്ങി കൂര്‍ക്കം വലിച്ചു സി ഓ സാബിനെപ്പോലും ഞെട്ടിച്ച ചരിത്രമുണ്ട് വേണുവിന്. അന്ന് സി ഓ സാബ് വേണുവിനെ എല്ലാവരുടെയും മുന്‍പില്‍ എഴുനെല്‍പ്പിച്ചു നിറുത്തുകയും മാസത്തില്‍ ഒരിക്കല്‍ ദര്‍ബാര്‍ നടത്തുന്നതിന്റെ പ്രാധാന്യം വിവരിച്ചു കൊടുക്കുകയുമുണ്ടായി. പക്ഷെ ആ വിവരണം വേണുവിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തമായിരുന്നില്ല എന്ന് മാത്രമല്ല കിടക്കുകയോ ഇരിക്കുകയോ ചെയ്യാതെ നിന്നുകൊണ്ട്‌ എങ്ങനെ ഉറങ്ങാം എന്ന് വേണു സി. ഓ സാബിനെ കാണിച്ചു കൊടുക്കയും ചെയ്തു.



കൃഷ്ണനും ക്രിസ്തുവും രാത്രിയില്‍ ജനിച്ചതില്‍ വേണുവിനുള്ള കുന്ടിതം എന്ത് കൊണ്ടാണെന്ന് വായനക്കാര്‍ക്ക് മനസ്സിലായല്ലോ? ഇനി നമുക്ക് ജന്മാഷ്ടമി ആഘോഷങ്ങള്‍ ഒന്ന് നോക്കിക്കാണാം.


പട്ടാള ബാരക്കിന്റെ വലിയൊരു മുറിയാണ് ഞങളുടെ മന്ദിര്‍.(അമ്പലം) അവിടെ ശ്രീരാമനും സീതയും, ലക്ഷ്മണന്‍, ക്രിസ്തു, മുഹമ്മദ്‌ നബി എന്നിവരോടൊപ്പം യാതൊരു വിധ കുഴപ്പങ്ങളും ഉണ്ടാക്കാതെ ഏകോദര സഹോദരങ്ങളെപ്പോലെ വാണരുളുന്നു. മുറിയുടെ പുറത്തു പ്രത്യേകമായി ഉണ്ടാക്കിയ ചെറിയ അമ്പലത്തില്‍ ഹനുമാന്‍ സ്വാമി തന്റെ ഗദയും പിടിച്ചു ലങ്കയിലെയ്ക് ഇപ്പോത്തന്നെ ചാടും എന്ന രീതിയില്‍ ഇരിക്കുന്നുണ്ട്‌. അമ്പലത്തില്‍ വരുന്നവര്‍ ആദ്യം ഹനുമാന്‍ സ്വാമിയെ കണ്ടു അനുവാദം ചോദിച്ചതിനു ശേഷമാണ് അമ്പലത്തിനുള്ളില്‍ കടക്കുന്നത്‌. വിശേഷ ദിവസങ്ങളില്‍ അമ്പലവും പരിസരവും തോരണങ്ങള്‍ കൊണ്ട് അലങ്കരിക്കും. യൂണിറ്റിലെ ഗായകരൊക്കെ അന്ന് മൈക്കിലൂടെ ഭക്തി ഗാനങ്ങള്‍ ആലപിക്കും. മലയാളികളില്‍ ആകെയുള്ള ഒരു ഗാനഗന്ധര്‍വന്‍ തിരുവല്ലാക്കാരന്‍ മനോജാണ്. മൈക്ക് കാണുമ്പോള്‍ തന്നെ അവനിലെ ഗാനഗന്ധര്‍വ്വന്‍ ഉണരും. പിന്നെ ലീവിന് പോകുമ്പോള്‍ പള്ളിയില്‍ പാടാറുള്ള ഗാനങ്ങള്‍ ഒന്നൊന്നായി പുറത്തുവരും. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കൂടാതെ അയ്യപ്പന്‍, മുരുകന്‍, ഗണപതി മുതലായ ഹിന്ദു ഭക്തിഗാനങ്ങളും മനോജിനു പാടാനറിയാം. പിന്നെ കിഷന്‍ സിംഗ്, ത്രിവേദി, താകൂര്‍ മുതലായ ഹിന്ദി ഗന്ധര്‍വ്വന്‍മ്മാര്‍ തങ്ങളുടെ ഗാനങ്ങള്‍ ആലപിക്കും. അമ്പലത്തിലെ ദൈവങ്ങള്‍ പല്ലുതേപ്പ്, കുളി മുതലായ ദൈനം ദിനാവശ്യങള്‍ നിര്‍വ്വഹിക്കുന്നതിനു ഈ സമയമാണ് ഉപയോഗിക്കുന്നത് എന്നൊരു ജന സംസാരമുണ്ട് . എന്തെന്നാല്‍, അത്ര മനോഹരവും അപശ്രുതി മധുരവുമാണ് ഈ ഗന്ധര്‍വ്വന്‍മാരുടെ ആലാപനങ്ങള്‍ ..



ഇത്തവണത്തെ ജന്മാഷ്ടമിയില്‍ ഒരു പ്രത്യേകതയുണ്ട്. രാത്രിയില്‍ ശ്രീകൃഷ്ണന്‍ ജനിക്കുന്ന സമയം ആരതി അഥവാ പൂജ കഴിയാറാകുമ്പോള്‍ ആകാശത്തു നിന്നും ഒരു 'പിള്ളത്തൊട്ടില്‍' ഇറങ്ങി വരും. അതിനുള്ളില്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞു ഉറങ്ങിക്കിടക്കുന്ന ഉണ്ണിക്കണ്ണന്‍ ഉണ്ടാകും! തൊട്ടില്‍ ആകാശത്തു നിന്നും മന്ദം മന്ദം ഇറങ്ങി വരുമ്പോള്‍ പശ്ചാത്തല സംഗീതം പോലെ ഒരു കുട്ടിയുടെ കരച്ചില്‍ ഉയരും! അമ്പലത്തില്‍ ഭക്തി നിര്‍ഭരരായി കണ്ണടച്ച് കൈ കൂപ്പി നില്ക്കുന്നവര്‍ ഈ കരച്ചില്‍ കേട്ട് കണ്ണ് തുറക്കുമ്പോള്‍ കണ്‍ മുന്നില്‍ അതാ ഉണ്ണിക്കണ്ണന്‍ ! ഭക്ത ജനങള്‍ക്ക് സായൂജ്യമടയാന്‍ വേറെ എന്ത് വേണം? ചുരുക്കം പറഞ്ഞാല്‍ ഒരു റിയാലിറ്റി ജന്മാഷ്ടമി!! ഈ റിയാലിറ്റി ജന്മാഷ്ടമിയുടെ സൂതധാരന്‍ ആരെന്നുകൂടി അറിയേണ്ടേ? ഗാനകോകിലം മനോജ്‌ തിരുവല്ല എന്ന തൊമ്മന്‍. !!!!


ജന്മാഷ്ടമിയില്‍ കണ്ണന്‍ റിയലായി ജനിക്കുന്ന വിവരം ഞങള്‍ കുറച്ചു പേര്‍ക്ക് മാത്രമേ അറിയാവൂ. അല്ലെങ്കില്‍ സസ്പെന്‍സ് പോകില്ലേ? പകല് തന്നെ കണ്ണന് ബൈ എയറായി ലാന്‍ഡ്‌ ചെയ്യാനുള്ള സംവിധാങ്ങള്‍ തൊമ്മനും ഞാനും വേണുവും കൂടി ഒരുക്കി. തൊട്ടിലിനു വേണ്ടി റം വരുന്ന കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടി മുറിച്ചു വര്‍ണക്കടലാസ്സുകള്‍ ഒട്ടിച്ചു റെഡിയാക്കി. അമ്പലത്തിന്റെ മുന്‍പില്‍ മുകളിലുള്ള കമ്പിയില്‍ ഒരു "കപ്പി" (കിണറ്റില്‍ നിന്നും ബക്കറ്റില്‍ വെള്ളം കോരുന്ന കപ്പി) ഉറപ്പിച്ചു. അതില്‍ കൂടി തൊട്ടിലിന്റെ കയര്‍ കടത്തി ഹാളിന്റെ ജനലിലൂടെ പുറത്തെടുത്തു. അപ്പോള്‍ പൂജ കഴിയുന്ന സമയത്ത് തൊട്ടിലിന്റെ കയറും പിടിച്ചു പുറത്തിരിക്കുന്നയാള്‍ക്ക് പതുക്കെ കയറയച്ചു തൊട്ടില്‍ നിലത്തിറക്കാന്‍ പറ്റും. തൊട്ടിലിന്റെ പൂര്‍ണ നിയന്ത്രണം സൂത്രധാരന്‍ മനോജിനു തന്നെ വിട്ടു കൊടുത്തു.



തൊട്ടില്‍ റെഡിയായി. പക്ഷെ കണ്ണനെ എവിടുന്നു കിട്ടും എന്നുള്ളതായി അടുത്ത പ്രശ്നം. അതിനും മനോജ് വഴി കണ്ടു പിടിച്ചു. അവന്‍ നേരെ അടുത്തുള്ള പള്ളിയില്‍ പോയി അവിടെ ക്രിസ്തുമസ്സിനു പുല്‍കൂട്ടില്‍ കിടത്താറുള്ള ഉണ്ണിയേശുവിന്റെ ചെറിയ പ്രതിമ എടുത്തു കൊണ്ട് വന്നു. ആ പ്രതിമയെ തൊട്ടിലില്‍ കിടത്തി നാലുചുറ്റും പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. ക്രിസ്ത്യനായ ഉണ്ണിയേശു നിമിഷങ്ങള്‍ക്കകം ഹിന്ദുവായ ഉണ്ണിക്കണ്ണനായി മാറി! ആ അസുലഭ കാഴ്ച കണ്ടു ഞാനും വേണുവും അന്തം വിട്ടു നിന്നു. പിന്നെ തൊട്ടില്‍ വലിച്ചു മുകളില്‍ എത്തിച്ചു കയര്‍ ജനല്‍ പടിയില്‍ ബന്ധിച്ച ശേഷം ഞങള്‍ ബാരക്കിലെയ്ക് പോയി.



രാത്രിയില്‍ സി ഓ സാബും കുടുംബവും സമയത്തിനുള്ളില്‍ തന്നെ എത്തിച്ചേര്‍ന്നു. യൂണിറ്റിലെ പട്ടാളക്കാരുടെ ഭാര്യമാരും കുട്ടികളും വന്നിട്ടുണ്ട്. പൂജ തുടങ്ങി. ഞങള്‍ കണ്ണനെ ലാന്‍ഡ്‌ ചെയ്യിക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പുകള്‍ നടത്തി. ലാന്‍ഡ്‌ ചെയ്യുന്ന സമയത്ത് കേള്‍പ്പിക്കാനുള്ള കുട്ടിയുടെ കരച്ചില്‍ ടേപ്പില്‍ സെറ്റ് ചെയ്തു. തൊട്ടിലിന്റെ കയറിന്റെ നിയന്ത്രണം മനോജ്‌ ഏറ്റെടുത്തു. ലൈറ്റ് ഓഫ്‌ ചെയ്യുന്നതിനു വേണ്ടി ഞാന്‍ ഹാളിനകത്തുള്ള മെയിന്‍ സ്വിച്ചിനടുത്തു നിലയുറപ്പിച്ചു. വേണുവിനെ സഹായിയായി മനോജിന്റെ അടുത്ത്‌ തന്നെ നിറുത്തി.



ഒരു മണിക്കൂറോളം പൂജയുണ്ട്. അത് കഴിഞ്ഞാണ് കണ്ണന്‍ ജനിക്കുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷം. അമ്പലത്തിലെ മണികള്‍ മുഴങ്ങി. പൂജാരിയുടെ നാവില്‍ നിന്നും മന്ത്രങ്ങള്‍ ഉരുക്കഴിഞ്ഞു. ഭക്ത ജനങ്ങള്‍ അതേറ്റു ചൊല്ലി. സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ഭഗവാന്‍ കൃഷ്ണനില്‍ മനസ്സര്‍പ്പിച്ച ഭക്തര്‍ എല്ലാം മറന്നു നിന്നു. ഞങളുടെ റിയാലിറ്റി കണ്ണന്‍ ലാന്‍ഡ്‌ ചെയ്യാന്‍ ഇനി അര മണിക്കൂര്‍ മാത്രം ബാക്കി...

പക്ഷെ......................

ഞങളുടെ കണ്ണന്‍ അപ്രതീക്ഷിതമായി ലാണ്ട് ചെയ്തു.. !!!!!

വെറും ലാണ്ടിംഗ് ആയിരുന്നില്ല.

ക്രാഷ്‌ ലാണ്ടിംഗ്. !!! വിത്ത്‌ ലൈവ് കരച്ചില്‍..

കരഞ്ഞത് ടേപ്പിലെ കുഞ്ഞല്ല ഒറിജിനല്‍ കുഞ്ഞ്..

സി. ഓ സാബ് ഞെട്ടി...പൂജാരി ഞെട്ടി...ഭക്തര്‍ ഞെട്ടി...രാമനും സീതയും ലക്ഷ്മണനും ഞെട്ടി.

ക്രിസ്തുവും നബിയും ഞെട്ടിയോ എന്ന് വ്യക്തമല്ല.

ഇതെല്ലം
കണ്ടു നിന്ന ഞാന്‍ ഞെട്ടോടെ ഞെട്ടി....


ഞെട്ടാത്ത ഒരേ ഒരാള്‍ മാത്രം. വേണു.!!!!!


റിയാലിറ്റി കണ്ണന്‍ ഇറങ്ങി വരുമ്പോള്‍ സി ഓ സാബിന്റെയും മറ്റു ഭക്തജനങ്ങളുടെയും മുഖത്ത്‌ തെളിയുന്ന വിസ്മയം റിയാലായി കാണാന്‍ വേണ്ടി തൊട്ടിലിന്റെ കയര്‍ വേണുവിനെ ഏല്പിച്ചു അമ്പലത്തിന്റെ അകത്ത് പോയ മനോജ്‌ എന്ന തൊമ്മന്‍ പോലും വേണു കയറും പിടിച്ചിരുന്നു ഉറങ്ങിപ്പോയ വിവരം അറിഞ്ഞില്ല.

വെറും ഉറക്കമല്ല കൂര്‍ക്കം വലിച്ചുള്ള റിയാലിറ്റി ഉറക്കം.

34 അഭിപ്രായങ്ങൾ:

രഘുനാഥന്‍ പറഞ്ഞു...

ജന്മാഷ്ടമിയില്‍ കണ്ണന്‍ റിയലായി ജനിക്കുന്ന വിവരം ഞങള്‍ കുറച്ചു പേര്‍ക്ക് മാത്രമേ അറിയാവൂ. അല്ലെങ്കില്‍ സസ്പെന്‍സ് പോകില്ലേ?

Typist | എഴുത്തുകാരി പറഞ്ഞു...

അല്ല, ശരിയാണല്ലോ, എന്താ ഈ കൃഷ്ണനും കൃസ്തുവുമൊക്കെ രാത്രി പന്ത്രണ്ടുമണിക്കു തന്നെ ജനിക്കുന്നതു്.
ക്രാഷ് ലാന്‍ഡിങ്ങ് - ശരിക്കും ചിരിച്ചു.

ramanika പറഞ്ഞു...

ശ്രീകൃഷ്ണ ജയന്തിക്കു അമ്പലത്തില്‍ രാത്രി പന്ത്രണ്ടു മണിക്കാ സി ഓ സാബ് വരുന്നത്. ഇവരൊക്കെ പകല് ജനിച്ചിരുന്നെങ്കില്‍ രാത്രിയില്‍ നമുക്ക് കിടന്നുറങ്ങാമായിരുന്നു.

അത് പട്ടാളവും ശ്രീ കൃഷ്ണനുമായുള്ള ഒരു ആസിയാന്‍ കരാറാണ്. (ഉണ്ണിയേശുവിന്റെ കാര്യത്തിലും ഈ കരാര്‍ ബാധകമാണ്.)
കൃഷ്ണനും ക്രിസ്തുവും രാത്രിയില്‍ ജനിച്ചതില്‍ വേണുവിനുള്ള കുന്ടിതം എന്ത് കൊണ്ടാണെന്ന് വായനക്കാര്‍ക്ക് മനസ്സിലായല്ലോ?

മനസ്സിലായി പട്ടാളത്തിലെ പാട്
ശരിക്കും ചിരിച്ചു

Unknown പറഞ്ഞു...

അടിപൊളി

ശ്രീ പറഞ്ഞു...

എന്ത്? ഉറക്കത്തിന്റെ കാര്യത്തില്‍ ഞങ്ങളുടെ പിള്ളേച്ചനെയും വെല്ലാന്‍ ആളുകളോ??? വേണു ആള് കൊള്ളാമല്ലോ. അതിനു ശേഷം നിങ്ങളെല്ലാം വേണുവിനെ ശരിയ്ക്കൊന്നു കണ്ടു കാണുമല്ലോ. :)

Ashly പറഞ്ഞു...

ha..ha...Nice...liked it!!

രഘുനാഥന്‍ പറഞ്ഞു...

രഘുനാഥനും (ഞാന്‍ തന്നെ. ഹി ഹി) എഴുത്തികാരി ചേച്ചിക്കും രമണികയ്ക്കും ശങ്കറിനും ശ്രീക്കും ക്യാപ്ടന്‍ സാബിനും നന്ദി...

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

ക്രാഷ്‌ ലാണ്ടിംഗ്. !!! വിത്ത്‌ ലൈവ് കരച്ചില്‍..

കരഞ്ഞത് ടേപ്പിലെ കുഞ്ഞല്ല ഒറിജിനല്‍ കുഞ്ഞ്..

ഇത് മനസിലായില്ല, ഒറിജിനല്‍ കുഞ്ഞു എവിടുന്നു വന്നു, തൊട്ടിലില്‍ പ്രതിമ അല്ലെ,

മുറിയുടെ പുറത്തു പ്രത്യേകമായി ഉണ്ടാക്കിയ ചെറിയ അമ്പലത്തില്‍ ഹനുമാന്‍ സ്വാമി തന്റെ ഗദയും പിടിച്ചു ലങ്കയിലെയ്ക് ഇപ്പോത്തന്നെ ചാടും എന്ന രീതിയില്‍ ഇരിക്കുന്നുണ്ട്‌.
(അത് കലക്കി മാഷെ)

രഘുനാഥന്‍ പറഞ്ഞു...

കുറുപ്പേ...
ഉണ്ണികൃഷ്ണന്‍ ക്രാഷ്‌ ലാന്‍ഡ്‌ ചെയ്തപ്പോള്‍ പേടിച്ചുപോയ ഒരു കുഞ്ഞാ ലൈവായി കരഞ്ഞത്. (ഒരു പട്ടാളക്കാരന്റെ കുഞ്ഞ്)

സംശയം മാറിയോ സംശയക്കാരാ ???

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

രഘുവേ..കലക്കി....:)
പട്ടാളം കസറി :)

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഹ..ഹ..ഹ
കലക്കി:)

കണ്ണനുണ്ണി പറഞ്ഞു...

മനുഷ്യന്‍ ആയാല്‍ ഒരു അനുഭവം കൊണ്ട് പഠിക്കണം....അല്ലെ പിന്നെ ആരേലും വേണുവിന്റെ കയ്യില്‍ കയറു കൊടുക്കുമോ...
പിന്നെ ആ ഹനുമാനോട് പറഞ്ഞേക്കണം ലങ്കയിലേക്ക് ഇപ്പൊ ഒന്നും ചാടി കളയല്ലേ എന്ന്...
പണ്ട് നമ്മടെ IPKF കാര് പോയെ പോലെ ആയി പോവും...

ആര്‍ദ്ര ആസാദ് / Ardra Azad പറഞ്ഞു...

ഉറക്കത്തിന്റെ കഥകളാണല്ലോ ഇപ്പോ സ്ഥിരമായി പറയുന്നത്.

:)

രഘുനാഥന്‍ പറഞ്ഞു...

വാഴയ്ക്ക് നന്ദി
അരുണിനും നന്ദി..
ഉണ്ണിക്കു നന്ദി..
ആര്‍ദ്രയ്ക് നന്ദി..

ടോട്ടല്‍ ഇഷ്യൂ ചെയ്ത നന്ദികള്‍ നാല്.

ചാണക്യന്‍ പറഞ്ഞു...

ഉണ്ണിയേശു ഉണ്ണിക്കണ്ണനായി ക്രാഷ് ലാൻഡിംഗ് നടത്തിയത് നന്നെ രസിച്ചു....

രഘുനാഥന്‍ പറഞ്ഞു...

റൊമ്പ നന്ദ്രി, ചാണൂ

ഉഗാണ്ട രണ്ടാമന്‍ പറഞ്ഞു...

കലക്കി മാഷെ...

രഘുനാഥന്‍ പറഞ്ഞു...

പ്രിയരേ......

ഒരു പോസ്റ്റിനുള്ള വകയുണ്ടെങ്കിലും ഞാന്‍ ഇത് ഒരു കമന്റായി ഒതുക്കുകയാണ്...

ജി മെയിലില്‍ ഒന്ന് രണ്ടു കത്തുകള്‍ക്ക് മറുപടി എഴുതിക്കഴിഞ്ഞപ്പോഴാണ് ബൂലോഗത്തില്‍ മുരളിക ഊതുന്ന ഒരു ബ്ലോഗറുടെ ഓണ്‍ലൈന്‍ സാന്നിധ്യം കണ്ടത്. മലയാളത്തില്‍ ഒന്ന് സംസാരിക്കാമല്ലോ എന്നാ അതിമോഹത്തോടെ ഞാന്‍ ഒരു ചാറ്റിനു തുനിഞ്ഞു. "ഹലോ മുരളീ...എന്തുണ്ട് വിശേഷം?"

മറുപടി കേട്ട ഞാന്‍ സ്തംഭിച്ചു പോയി "പോടാ പട്ടീ ഇനി ഈ വഴി വന്നുപോകരുത്‌" എന്ന്...

ഒരു സഹ ബ്ലോഗ്ഗറെ, മാന്യന്‍ എന്ന് കരുതുകയും അതിന്റെ ബഹുമാനം കൊടുക്കുകയും ചെയ്തപ്പോള്‍ കിട്ടിയ മറുപടി സത്യത്തില്‍ എന്നെ ദുഖിപ്പിക്കുന്നു...

പലരുടെയും സദാചാരം എഴുത്തില്‍ മാത്രമാണെന്നും നേരിട്ട് അറിയുമ്പോള്‍ അതിന്റെ തുള്ളി പോലും സ്വഭാവത്തില്‍ കാണില്ല എന്നുമുള്ള വിലപ്പെട്ട പാഠം എന്നെ പഠിപ്പിച്ച പ്രിയ സ്നേഹിതാ നന്ദി...


ഇതുപോലെയുള്ളവര്‍ക്കു വേണ്ടിയാണല്ലോ എന്നെപ്പോലെയുള്ളവര്‍ മഞ്ഞു മലകളില്‍ രാപ്പകല്‍ പണിയെടുക്കുന്നത് എന്നോര്‍ക്കുമ്പോഴാണ്‌ ദുഃഖം ഇരട്ടിക്കുന്നത്...

സസ്നേഹം രഘുനാഥന്‍

അജ്ഞാതന്‍ പറഞ്ഞു...

ക്രിസ്ത്യനായ ഉണ്ണിയേശു നിമിഷങ്ങള്‍ക്കകം ഹിന്ദുവായ ഉണ്ണിക്കണ്ണനായി മാറി! ..

good one Raghu...

വശംവദൻ പറഞ്ഞു...

ക്രാഷ് ലാന്‍ഡിങ്ങ് തകർപ്പൻ !

രഘുനാഥന്‍ പറഞ്ഞു...

നന്ദി....അജ്ഞാത...നന്ദി.. വശംവദാ...

Sureshkumar Punjhayil പറഞ്ഞു...

Manoharamayirikkunnu...! Aswadichu... Thanks & Best wishes...!!!

കൂട്ടുകാരൻ പറഞ്ഞു...

രഘുനാഥ് ചേട്ടാ, ആര്‍മിയിലെ മത സൌഹാര്ധവും തമാശകളും ഞങ്ങള്‍ ആസ്വദിക്കുന്നത് ചേട്ടന്റെ ബ്ലോഗ്ഗിലാ.ഒന്നശംസകള്‍. ഒരു അനുഭവം ഉണ്ടായി എന്ന് വെച്ച് മനസ് മടുക്കരുതെ.മഞ്ഞു മലകളില്‍ കഷ്ടപെടുന്ന നിങ്ങലെയോര്‍ത്തു ഓരോ ഭാരതീയനും അഭിമാനിക്കുന്നു.നിങ്ങള്‍ക്കായി പ്രാര്‍ത്തിക്കുന്നു. എപ്പോള്‍ മലയാളം സംസാരിക്കനമെന്കിലും ഞങ്ങള്‍ ഒക്കെ ഇല്ലേ ഇവിടെ.

രഘുനാഥന്‍ പറഞ്ഞു...

നന്ദി സുരേഷ്..

രഘുനാഥന്‍ പറഞ്ഞു...

പ്രിയ കൂട്ടുകാരാ...

ഇത് വഴി വരുന്നതിനും കമന്റ് ഇടുന്നതിനും നന്ദി...പിന്നെ ആ അനുഭവം ഞാന്‍ എന്നേ മറന്നു..!! കാരണം ആ സുഹൃത്തിന്റെ അടുത്ത കാലത്തുള്ള ഒരു പോസ്റ്റ്‌ ഞാന്‍ വായിച്ചിരുന്നു..അത് വായിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസിക നില എനിക്ക് ബോധ്യമായത്. ഒരു പക്ഷെ ഞാന്‍ സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ അദ്ദേഹം അതിനുള്ള മൂഡില്‍ അല്ലായിരിക്കാം. അത് കൊണ്ടാകാം അങ്ങനെ പെട്ടെന്ന് പറഞ്ഞു പോയത് എന്നു ഞാന്‍ കരുതുന്നു..എന്തൊക്കെയായാലും അദ്ദേഹവും ബൂലോകത്തെ ഒരു നല്ല ബ്ലോഗ്ഗറാണ്...താങ്കളെപ്പോലെ...!!

ഓണാശംസകള്‍

കുഞ്ഞായി | kunjai പറഞ്ഞു...

ഹഹഹാ..
ആ ക്രാഷ് ലാന്റിങ്ങ് കിടു...
ഉറക്കത്തിന്റെ കാര്യത്തില്‍ വേണു ഒരു സംഭവം തന്നെ അല്ലേ

രഘുനാഥന്‍ പറഞ്ഞു...

നന്ദി കുഞ്ഞായി....

മനോഹര്‍ കെവി പറഞ്ഞു...

താങ്കളുടെ ബ്ലോഗ് പരിചയപ്പെടുത്തിത്തന്നതു മാണിക്യം തന്നെ. ഇപ്പൊ വായിച്ചതു അവസാനം എഴുതിയ പോസ്റ്റ് മാത്രം. ഓരോന്നായി എല്ലാം വായിക്കാം.
ആല്‍ത്തറയിലെ കമന്റ് കണ്ടപ്പോള്‍ , താങ്കളുടെ ബ്ലോഗുമായി വലിയ പരിചയം ഇല്ലാത്ത ആളാണെന്നു മനസ്സിലായിക്കാണുമല്ലൊ. ബ്ളോഗില്‍ വന്നിട്ടു ഏതാണ്ടു ഒന്നര മാസമായിട്ടെ ഉള്ളൂ. അതിന്റേതായ ബാലാരിഷ്ടതകള്‍ ഉണ്ടാകും. ക്ഷമിക്കുമല്ലൊ .
ആല്‍ത്തറയില്‍ പറഞ്ഞ കാര്യം തന്നെ വീണ്ടും പറയുന്നു. പാറപ്പുറത്തിനും, കോവിലനും, നന്തനാര്‍ക്കും ശേഷം ഒരാള്‍ കൂടി ...........

രഘുനാഥന്‍ പറഞ്ഞു...

പ്രിയ മനോ സാര്‍....


ഇതുവഴി വന്നതിനും വിശദമായ കമന്റ് എഴുതിയതിനും നന്ദി...താങ്കളെപ്പോലെയുള്ളവരുടെ വിലയേറിയ അഭിപ്രായങ്ങള്‍ മാത്രമാണ് എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ എനിക്ക് പ്രേരണയാകുന്നത്‌.

പഴയ പോസ്റ്റുകള്‍ കൂടി വായിച്ചു അഭിപ്രായം പറയണേ...

സ്നേഹം ഓണാശംസകളോടെ

രഘുനാഥന്‍

the man to walk with പറഞ്ഞു...

:)

Jenshia പറഞ്ഞു...

"ക്രിസ്ത്യനായ ഉണ്ണിയേശു നിമിഷങ്ങള്‍ക്കകം ഹിന്ദുവായ ഉണ്ണിക്കണ്ണനായി മാറി!".....

നന്നായിട്ടുണ്ടേ..

Jenshia പറഞ്ഞു...

ഈ ബ്ലോഗ്‌ ആരാ ഡിസൈന്‍ ചെയ്തത്....?

നന്നായിട്ടുണ്ട്...

രഘുനാഥന്‍ പറഞ്ഞു...

നന്ദി ജെന്ഷിയ..ഇനിയും വരണേ...

ഈ ബ്ലോഗിന്റെ ഡിസൈനര്‍ ഒരു അമേരിക്കക്കാരനാണ്.

പേര്... സര്‍ രഘുനാഥ ഫെര്‍ണാണ്ടോ മിലിടന്‍സ്....

Jenshia പറഞ്ഞു...

athe lle... :D