"ഹോട്ടല്‍ വേലപ്പന്‍സ്" !! അങ്ങനെ ഒരു ഹോട്ടല്‍ തിരോന്തോരത്തുണ്ട് എന്ന് കേട്ടാല്‍ തിരോന്തോരം നിവാസികള്‍ ഞെട്ടരുത്. എന്തെന്നാല്‍ ഈ ഹോട്ടല്‍ പട്ടാള ക്യാമ്പിനുള്ളിലാണ്. അതിന്‍റെ നടത്തിപ്പ് കാരനും ഹെഡ് കുക്കും എല്ലാം ശ്രീ വേലപ്പന്‍ സാറാണ്. അതായത് ഞാന്‍ വന്ന ദിവസം തന്നെ ഹൈമവതിയുടെ പ്രേതമായി വന്നു എന്നെ പേടിപ്പിച്ച സാക്ഷാല്‍ ഞാവരക്കുഴിയില്‍ ചാത്തുണ്ണി മകന്‍ എന്‍. സി. വേലപ്പന്‍ എന്ന വേലപ്പന്‍ സാര്‍.
പട്ടാളത്തിലെ സ്ഥിരം ഭക്ഷണമായ ചപ്പാത്തി, പൂരി, പരിപ്പുകറി മുതലായവ കൂടാതെ കേരളീയ ഭക്ഷണമായ ഇഡ്ഡലി, ദോശ, സാമ്പാര്‍, പുട്ട്, അപ്പം എന്നിവയും ഉണ്ടാക്കാന്‍ ബഹു മിടുക്കനാണ് വേലപ്പന്‍ സാര്‍. ഞായറാഴ്ചകളിലാണ് കേരളീയ വിഭവങ്ങള്‍ ഉണ്ടാക്കുന്നത്. അങ്ങനെ ഉണ്ടാക്കുന്ന ദിവസങ്ങളില്‍ ഞങള്‍ മലയാളികള്‍ എല്ലാവരും വേലപ്പന്‍ സാറിനെ സഹായിക്കാനായി മെസില്‍ പോകാറുണ്ട്. മാവ് കുഴക്കുക, പച്ചക്കറി അരിയുക മുതലായ ലഘുവായ ജോലികള്‍ കൂടാതെ മിച്ചം വരുന്ന സാധനങ്ങള്‍ വേസ്റ്റ് ആക്കാതെ കഴിച്ചു തീര്‍ക്കുക എന്നത്പോലെയുള്ള കട്ടിയായ ജോലികളും ഞങള്‍ ഫ്രീയായി ചെയ്തു കൊടുക്കാറുണ്ട്.
എന്തൊക്കെയാണെങ്കിലും പൊറോട്ട എന്നുപറയുന്ന ഒരു സാധനം മാത്രം മെസ്സില്‍ വേലപ്പന്‍ സാര്‍ ഉണ്ടാക്കാറില്ല. അതുണ്ടാക്കാനുള്ള സൂത്രം വേലപ്പന്‍ സാറിന് അറിഞ്ഞുകൂടാ എന്നല്ല അതിനര്‍ത്ഥം. "അതൊരു മിനക്കെട്ട പണിയാടാ കൊച്ചനെ" എന്നാണു ഇതിനെപ്പറ്റി ചോദിച്ചാല്‍ വേലപ്പന്‍ സാര്‍ പറയുക. എന്തായാലും അടുത്ത ഞായറാഴ്ച പൊറോട്ട ഉണ്ടാക്കണം എന്ന് ഞങള്‍ വേലപ്പന്‍ സാറിനോട് ആവശ്യപ്പെട്ടു. അതിനുള്ള സകല സഹായ സഹകരണങ്ങളും ചെയ്തു കൊടുക്കാമെന്നും പറഞ്ഞപ്പോള്‍ പൊറോട്ട ഉണ്ടാക്കാം എന്ന് വേലപ്പന്‍ സാര്‍ സമ്മതിച്ചു.
അങ്ങനെ ഞായറാഴ്ച പൊറോട്ട ഉണ്ടാക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി.അതിനുള്ള മാവ് കുഴക്കാനുള്ള ചുമതല എനിക്ക് കിട്ടി.ഞാന്‍ രാത്രിയില്‍ മാവ് കുഴച്ച് മയപ്പെടുത്തി ഉരുളകളാക്കി തയ്യാറാക്കി വയ്കണം. ചെട്ടിയാരും ചന്ദ്രനും കൂടി വെളുപ്പിനെ മൂന്നു മണിക്കെത്തി കുഴച്ച് ഉരുളയാക്കി വച്ചിരിക്കുന്ന മാവ് വീശി പരത്തിയ ശേഷം രണ്ടായി മുറിച്ചു പൊറോട്ടയുടെ രൂപത്തില്‍ ആക്കി വയ്ക്കുന്നു. പിന്നീട് അതിനെ കൈ കൊണ്ടു ചെറുതായി പരത്തി അപ്പച്ചട്ടിയിലിട്ടു ഇരു പുറവും വേവിച്ചെടുക്കുന്ന ജോലി വേലപ്പന്‍ സാറും അദ്ദേഹത്തിന്‍റെ ഒന്നു രണ്ടു സില്‍ബന്ധികളും ചെയ്യുന്നു. ഇതാണ് മാസ്റ്റര്‍ പ്ലാന്‍. രാത്രിയില്‍ മാവ് തയ്യാറാക്കി കഴിഞ്ഞാല്‍ എന്റെ ജോലി തീര്ന്നു. പിന്നെ രാവിലെ കഴിക്കാനായി മാത്രം വന്നാല്‍ മതി.
മെസ്സില്‍ സ്പെഷ്യല്‍ ഉണ്ടാക്കുന്ന ദിവസം കമാണ്ടിംഗ് ഓഫീസറുടെ വീട്ടിലേക്കും കുറച്ചു കൊടുത്ത് വിടാറുണ്ട്. ശനിയാഴ്ച വൈകിട്ട് തന്നെ സുബേദാര്‍ മേജര്‍ സി. ഓ സാബിന്റെ വീട്ടില്‍ വിളിച്ചു ഈ കാര്യം പറയും. അതിന്‍ പ്രകാരം രാവിലെ സി. ഓ. സാബിന്റെ വീട്ടില്‍ സഹായിയായി നില്‍ക്കുന്നവരില്‍ ഒരാള്‍ മെസ്സിലെത്തും. അത് കഴിച്ച ശേഷം ഓഫീസില്‍ എത്തുന്ന സി. ഓ. സാബ് സ്പെഷ്യല്‍ ഉണ്ടാക്കാന്‍ നേത്രുത്തം നല്കിയ എല്ലാവരെയും ഓഫീസില്‍ വിളിപ്പിച്ച ശേഷം അഭിനന്ദിക്കും.ചിലപ്പോള്‍ ഒരു സമ്മാനവും കിട്ടിയെന്നിരിക്കും. സി. ഓ. സാബിന്റെ അഭിനന്ദനമൊക്കെ നേടുക എന്നുള്ളത് ഒരു വലിയ കാര്യമാണ് പട്ടാളത്തില്‍. എന്റെ കൈപ്പുണ്യം മനസ്സിലാകുന്ന സി.ഓ സാബ് ഒരു പക്ഷെ എന്റെ തിരുവന്തോരം വാസത്തിന്റെ കാലാവധി നീട്ടിത്തരാനും മതി! ചിലപ്പോള്‍ എന്നെ വേലപ്പന്‍ സാറിന്റെ ആജീവനാന്ത അസിസ്റ്റന്റ് ആക്കിയാലോ? മൂന്നു നേരവും സുഖമായി ശാപ്പാടടിച്ചു മെസ്സില്‍ തന്നെ കഴിയാമല്ലോ?
പക്ഷെ പൊറോട്ട മാവ് ഞാന്‍ ഇതിന് മുന്പ് കുഴച്ചിട്ടുണ്ടോ എന്ന് വായനക്കാര്‍ എന്നോട് ചോദിക്കരുത്. എല്ലാ ജോലിയും പഠിച്ചിട്ടാണോ ആളുകള്‍ ചെയ്യുന്നത്?ഇതൊക്കെ ഇങ്ങനെയല്ലേ പഠിക്കുന്നത്? പോരാത്തതിനു ഏത് വിഷയത്തെപ്പറ്റി പഠിക്കാനും ഇപ്പോള്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട്? നീന്തല്‍ വരെ തപാലില്‍ പഠിക്കാവുന്ന കാലമാണ്.പിന്നെയാണോ പൊറോട്ട മാവ് കുഴക്കുന്ന കാര്യം? എന്തായാലും ഞാന്‍ വൈകിട്ട് തന്നെ പുറത്തു പോയി "പാചക നൈപുണ്യം" എന്ന പേരിലുള്ള ഒരു പുസ്തകം വാങ്ങി. അതില്‍ പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്ന തലക്കെട്ടില്‍ മാവ് കുഴക്കുന്ന രീതി മൂന്നു നാല് തവണ വായിച്ചു മനസ്സിലാക്കി.
മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് രാത്രി പത്തു മണിയോടെ ഞാന്‍ മെസിലെത്തി. കുഴക്കാനുള്ള മാവ് അളന്നെടുത്തു. അതില്‍ ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ച് തുടങ്ങി. ഇടയ്ക്ക് പാചക നൈപുണ്യം നോക്കി മാവ് കുഴ കുറ്റമറ്റതാക്കാനും മറന്നില്ല.ഒരു മണിക്കൂര്‍ കൊണ്ടു വളരെ ശാസ്ത്രീയമായ രീതിയില്‍ തന്നെ ഞാന്‍ മാവ് കുഴ പൂര്‍ത്തിയാക്കി ബാരക്കിലേക്ക് മടങ്ങി.
വെളുപ്പാന്‍ കാലത്ത് ആരോ വന്നു എന്നെ കുലുക്കിയുണര്‍ത്തി.രാത്രി വൈകി മാവ് കുഴയൊക്കെ കഴിഞ്ഞു വൈകി കിടന്ന ഞാന്‍ നീരസത്തോടെ കണ്ണ് തിരുമ്മി മുന്നില്‍ നില്ക്കുന്ന ആളെ നോക്കി. ചെട്ടിയാരാണ്.ഇവനെന്തിന് കൊച്ചു വെളുപ്പാന്‍ കാലത്തു വന്നു എന്നെ ശല്യപ്പെടുത്തുന്നു എന്ന ദേഷ്യത്തോടെ നോക്കിയ എന്നോട് "വേലപ്പന്‍ സാര്‍ നിന്നെ വിളിക്കുന്നു ഉടനെ മെസ്സിലേക്ക് വാ" എന്ന് പറഞ്ഞിട്ട് ചെട്ടിയാര്‍ സ്ഥലം വിട്ടു.
മെസ്സില്‍ എത്തിയപ്പോള്‍ അവിടെ പൊറോട്ട ഉണ്ടാക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. കുഴച്ച മാവ് അതുപോലെ തന്നെ ഇരിക്കുന്നു.വേലപ്പന്‍ സാര്‍ ഒരു കസേരയില്‍ തലയ്ക്കു കയ്യും താങ്ങി ഇരിക്കുന്നുണ്ട്. ചെട്ടിയാരും രാജേന്ദ്രനും കൂടി ഒരു വലിയ പാത്രത്തില്‍ മാവ് കുഴക്കുന്നു. ഒരാള്‍ ഗ്യാസ് അടുപ്പിനു മുകളില്‍ വലിയ ഒരു ചീനച്ചട്ടി വച്ചിട്ട് എണ്ണ ഒഴിക്കുന്നു. ഇതെന്തു പരിപാടി? പൊറോട്ട എണ്ണയില്‍ ഇട്ടു വറുത്തെടുക്കാനുള്ള പ്ലാനാണോ എന്ന് വിചാരിച്ചു അന്തം വിട്ടു നിന്ന എന്നെ കണ്ട വേലപ്പന്‍ സാര്‍ "ഡാ ...നീ എന്ത് പണിയാ ഈ കാണിച്ചേ? ഇനി ഞാന്‍ എങ്ങനെ സി. ഓ. സാബിനു രാവിലെ പൊറോട്ട കൊടുക്കും എന്റെ ഗുരുവായൂരപ്പാ" എന്ന് മേലോട്ട് നോക്കി ഗുരുവായൂരപ്പനെ നേരിട്ടു കണ്ടു പറയുന്നതു പോലെ പറഞ്ഞിട്ട് എന്തോ കൈവിട്ടുപോയ അണ്ണാനെപ്പോലെ വീണ്ടും തലയ്ക്കു കൈ താങ്ങി ഇരുപ്പായി.
ഇത്രയുമായിട്ടും എനിക്ക് കാര്യം മനസ്സിലായില്ല. ഞാന്‍ കുഴച്ച മാവിന് വല്ല കുഴപ്പവും വന്നോ? വളരെ ശാസ്ത്രീയമായ രീതിയില്‍ തന്നെ പാചക നൈപുണ്യം എന്ന പുസ്തകത്തില്‍ നോക്കിയാണ് മാവ് കുഴച്ചിരിക്കുന്നത്. ചേരേണ്ട സംഗതികളൊക്കെ അതിന്റെ അനുപാതത്തില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. എണ്ണ അല്പം കൂടിപ്പോയി എന്ന് കരുതി പൊറോട്ട മോശമാകുമോ? തന്നെയുമല്ല പൊറോട്ടയുടെ സ്വാദ് കൂട്ടാനായി പാചക നൈപുണ്യം പറഞ്ഞിരിക്കുന്ന പൊടിക്കൈകള്‍ എല്ലാം തന്നെ പ്രയോഗിചിട്ടുമുണ്ട്. പിന്നെ എവിടെയാണ് കുഴപ്പം? ഏതായാലും ആത്മ സുഹൃത്ത് ചെട്ടിയാരോട് തന്നെ ചോദിച്ചേക്കാം.
വേറൊരു പാത്രത്തില്‍ മാവ് കുഴച്ചുകൊണ്ടിരുന്ന ചെട്ടിയാരെ ഞാന്‍ വിളിച്ചു മാറ്റി നിര്‍ത്തി കാര്യങ്ങളുടെ നിജസ്ഥിതി എന്താണെന്ന് ചോദിച്ചു."മൈദാമാവ് കൊണ്ടുള്ള പൊറോട്ട ഉണ്ടാക്കാനെ ഇവിടെ ഉള്ളവര്‍ക്കറിയൂ,ഗോതമ്പ് മാവ് കൊണ്ടു പൊറോട്ട ഉണ്ടാക്കാന്‍ അറിയില്ല!"എന്ന ചെട്ടിയാരുടെ മറുപടി കേട്ട ഞാന്‍ അന്തം വിട്ടു. പാചക നൈപുണ്യം എന്ന കൃതിയിലെ പൊറോട്ട എങ്ങിനെ ഉണ്ടാക്കാം എന്ന തലേക്കെട്ട് ഒന്നുകൂടി രഹസ്യമായി ഞാന്‍ വായിച്ചു നോക്കി. അതില്‍ ആവശ്യത്തിന് മാവെടുത്തു താഴെപ്പറയുന്ന രീതിയില്‍ കുഴക്കുക എന്നു മാത്രമേയുള്ളൂ. പൊറോട്ട ഉണ്ടാക്കാന്‍ മൈദാ മാവാണോ ഉപയോഗിക്കുന്നത്? ആണെങ്കില്‍ ആ കാര്യം എന്തുകൊണ് പാചക നൈപുണ്യം പറഞ്ഞില്ല? അതൊരു വലിയ ചതിയല്ലേ?
സംഗതിയുടെ കിടപ്പുവശം മനസ്സിലായ ഞാന്‍ ഉടന്‍ തന്നെ സൈക്കിളെടുത്ത് അടുത്തുള്ള തട്ട് കടയിലേക്ക് വിട്ടു. അവിടെ നിന്നും സി ഓ. സാബിനുള്ള പൊറോട്ടയും കറിയും വാങ്ങി തിരിച്ചു വന്നു വേലപ്പന്‍ സാറിന്റെ കൈവശം ഏല്പിച്ചു. എന്നിട്ട് പാചക നൈപുണ്യം എടുത്ത് ഗോതമ്പ് മാവ് കൊണ്ടു എങ്ങനെ പൊറോട്ട ഉണ്ടാക്കാം എന്ന് അതില്‍ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് പരിശോധിച്ച് നോക്കി.
ഞാന്‍ കുഴച്ച് കുളമാക്കിയ ഗോതമ്പ് മാവുകൊണ്ടു പൂരിയെന്കിലും ഉണ്ടാക്കാന്‍ കഴിയുമോ എന്നു പരീക്ഷിക്കുകയായിരുന്നു അപ്പോള്‍ വേലപ്പന്‍ സാറും ചെട്ടിയാരും.!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ