2009, ഏപ്രിൽ 28, ചൊവ്വാഴ്ച

ഞെട്ടിപ്പിക്കുന്ന ഒരു ഞെട്ടല്‍...

ഹവില്‍ദാര്‍ എച്ച്.എസ്. ജിജാടിയ എന്ന പേര് കേട്ടാല്‍ കാശ്മീരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരു മാതിരിപ്പെട്ട ഉഗ്രവാദികള്‍ ഞെട്ടും. ആറരയടി പൊക്കവും അതിനൊത്ത തടിയും കൊമ്പന്‍ മീശയും സദാ ചുവന്നിരിക്കുന്ന വട്ടകണ്ണുകളും ഉള്ള ഒരാള്‍ പട്ടാള ഡ്രെസ്സില്‍ തോക്കും പിടിച്ചു നില്‍ക്കുന്നത് കണ്ടാല്‍ ഞെട്ടാത്തവന്‍ ഉഗ്രവാദിയാണോ?. കാശ്മീര്‍ ഉഗ്രവാദിയല്ല സാക്ഷാല്‍ ബിന്‍ ലാദന്‍ വന്നാല്‍ പോലും നമ്മുടെ കഥാനായകനായ ഹവില്‍ദാര്‍ എച്ച്.എസ്. ജിജാടിയ എന്ന ജിജാടിയ സാര്‍ ഞെട്ടുകയോ കുറഞ്ഞ രീതിയില്‍ ഒന്ന് പേടിക്കുകയോ പോലും ചെയ്യില്ല. പക്ഷെ അദ്ദേഹത്തിന്റെ അപാരമായ ധൈര്യത്തെപ്പറ്റി ഒരു കഥ ഞാന്‍ പറഞ്ഞാല്‍ വായനക്കാര്‍ ഞെട്ടും! വെറുതെ ഞെട്ടുകയല്ല നമ്മുടെ പഴയ മന്ത്രിമാരൊക്കെ ഞെട്ടിയിരുന്ന പോലെ ഞെട്ടിത്തെറിക്കും. അതുകൊണ്ട് ഞെട്ടാന്‍ കഴിയുന്നവര്‍ മാത്രം വായിച്ചാല്‍ മതി. ഞെട്ടാന്‍ കഴിവില്ലാത്തവര്‍ അതുണ്ടായിക്കഴിഞ്ഞു വായിക്കാന്‍ അപേക്ഷ.


ഞങളുടെ ഇപ്പോഴത്തെ മെസ്സ് കമാണ്ടര്‍ ആണ് ജിജാടിയ സാര്‍. ഹിമാചല്‍ പ്രദേശമാണ് അദ്ദേഹത്തിന്റെ ജന്മം കൊണ്ട് പവിത്രമായ പുണ്യസ്ഥലം. എന്നും അതിരാവിലെ എണീക്കും. എത്ര തണുപ്പ് ഉണ്ടെങ്കിലും കുളിക്കും. പിന്നെ ഒരു മണിക്കൂര്‍ നീളുന്ന പൂജ. ഹിന്ദുക്കള്‍ അറിയുന്ന മിക്കവാറും എല്ലാ ദൈവങ്ങളും ജിജാടിയ സാറിന്‍റെ കട്ടിലിനടുത്തുള്ള മേശയില്‍ സ്ഥാനം പിടിച്ചിടുണ്ട്. ഓരോരുത്തരെയും പ്രത്യേകം വിളിച്ചുള്ള പ്രാര്‍ഥനയാണ്. അതിനു ശേഷം അടുത്ത്‌ ഒരുപാത്രത്തില്‍ വച്ചിട്ടുള മധുരമുള്ള "ബൂന്ദി" (വടക്കേ ഇന്ത്യക്കാര്‍ ക്ഷേത്രങ്ങളില്‍ നിവേദിക്കുന്ന ഒരുതരം നിവേദ്യം) എടുത്തു ബാരക്കില്‍ എല്ലാവര്ക്കും കൊടുക്കും. പിന്നീട് മെസ്സിലേക്ക് പോകും.


മൂന്നു നാല് മാസങ്ങള്ക്ക് മുന്‍പ് ഞങളുടെ ക്യാമ്പിലേക്ക് നുഴഞ്ഞു കയറാനുള്ള ഒരു ശ്രമമുണ്ടായി. ജിജാടിയ സാറാണ് ഉഗ്രവാദികളെ ആദ്യം കണ്ടത്. വെളുപ്പിനെ അഞ്ചര മണിയോടെ ബാത്ത്റൂമിന്റെ അടുത്ത്‌ ഒറ്റയ്ക്ക് നിന്നിരുന്ന ജിജാടിയ സാര്‍ കുറച്ചകലെ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. അതാ ഇരുട്ടിന്റെ മറ പറ്റി കമ്പി വേലിയുടെ വിടവിലൂടെ രണ്ടു പേര്‍ നുഴഞ്ഞു കയറുന്നു! കയ്യില്‍ തോക്ക്! ഒരുത്തന്റെ പുറത്തു വലിയൊരു ബാഗ്. ഒറ്റ നോട്ടത്തില്‍ തന്നെ ഉഗ്രവാദിയാണെന്ന് ജിജാടിയ സാറിന് മനസ്സിലായി. ബാരക്കില്‍ നിന്നും അല്പം അകലെയുള്ള ബാത്ത് റൂമിന്റെ അടുത്തുള്ള ടാന്കില്‍ നിന്നും കുളിക്കാനുള്ള വെള്ളം കോരുകയായിരുന്നു ജിജാടിയ സാര്‍. ആ ശബ്ദം കേട്ട ഉഗ്രവാദികളില്‍ ഒരുത്തന്‍ പെട്ടെന്നൊരു വെടിവച്ചു. അതോടെ ജിജാടിയ സാര്‍ താഴെ വീണു. ഒരു ധീര ജവാനെ തറ പറ്റിച്ച ഉഗ്രവാദികള്‍ ബാരക്ക് ലാക്കാക്കി പാഞ്ഞു.


വെടി ശബ്ദം കേട്ട ഞങള്‍ ഉടന്‍ പൊസിഷന്‍ എടുത്തു. അര മണിക്കൂര്‍ നീണ്ട ഏറ്റു മുട്ടല്‍ കഴിഞ്ഞപ്പോള്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു ഉഗ്രവാദികളും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വീര ജവാന്‍ ജിജാടിയ സാറിന്റെ ഭൌതിക ദേഹം എടുക്കാനായി ഞങള്‍ പോയി. ബാത്ത് റൂമിന്റെ പടിയുടെ താഴെ വീണു കിട്കക്കുകയാണ് ആ ധീര ദേശാഭിമാനി. അടുത്ത്‌ അദ്ദേഹം ഉപയോഗിച്ചിരുന്ന ടൂത്ത് ബ്രഷ് കിടക്കുന്നു. എന്നും പൂജ ചെയ്തു പ്രസാദം വിതരണം ചെയ്യാറുണ്ടായിരുന്ന ജിജാടിയ സാറിന്റെ ദേഹവിയോഗത്തില്‍ ഞങള്‍ ദുഖിച്ചു. ജിജാടിയാ സാറിന്റെ അനക്കമില്ലാത്ത വലിയ ശരീരം പൊക്കിയെടുത്തു ബാരക്കില്‍ എത്തിച്ചു. പിന്നെ അടുത്തുള്ള മിലിട്ടറി ആശുപതിയിലേക്ക് കൊണ്ടുപോയി. ജയ്‌ ജവാന്‍ ...ജയ്.. ജിജാടിയ സാര്‍.....



ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ അനക്കമില്ലാതെ കിടന്ന ജിജാടിയ സാറിന്റെ ശരീരം അനങ്ങി. അദ്ദേഹം കണ്ണ് തുറന്നു. പിന്നെ എണീറ്റിരുന്നു. ചുറ്റുമിരിക്കുന്ന ഞങളെ മിഴിച്ചു നോക്കി. മരിച്ചു പോയെന്ന് കരുതിയ ജിജാടിയ സാര്‍ വീണ്ടും ജീവിച്ചപ്പോള്‍ ഞങള്‍ അന്തം വിട്ടു. ജിജാടിയ സാര്‍ മരിച്ചില്ലെന്നും വെറുമൊരു ബോധക്ഷയം മാത്രമായിരുന്നു എന്നുമുള്ള സത്യം മനസ്സിലായ ഞങള്‍ തിരിച്ചു ബാരക്കിലേയ്ക്കു വണ്ടി വിട്ടു.


ഹിമാചല്‍ പ്രദേശ്കാര്‍ പൊതുവേ ധൈര്യശാലികള്‍ ആണെന്കിലും നമ്മുടെ നാട്ടിലെ റേഷന്‍ കടകളില്‍ നിന്നും കൊടുക്കുന്ന മണ്ണെണ്ണയുടെ അളവ് പോലെ, ധൈര്യത്തിന്റെ അളവ് അലപം കുറച്ചാണ് ജിജാടിയ സാറിന് ദൈവം തമ്പുരാന്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. ആയതിന്റെ പേരിലാണ് വെടിയൊച്ച കേട്ടപ്പോള്‍ ജിജാടിയ സാര്‍ ഞെട്ടി ബോധം കേട്ടത്. ഈ വാര്‍ത്തയറിഞ്ഞ ഞങ്ങളുടെ സി.ഓ സാബ് അദ്ദേഹത്തിന്റെ കസേരയില്‍ ഇരുന്നു ഞെട്ടി. സി. ഓ. യുടെ മുറിയില്‍ തന്നെ ഉണ്ടായിരുന്ന സുബേദാര്‍ മേജര്‍ നിന്നു ഞെട്ടി. പിന്നെ ഈ ഞാന്‍ ജിജാടിയ സാറിനെ താങ്ങി പിടിച്ചുകൊണ്ടു ഞെട്ടി. ബോധം കെട്ടു കിടന്ന സമയത്ത് നടന്ന പുകിലുകള്‍ കേട്ട് ജിജാടിയ സാര്‍ കിടന്നു ഞെട്ടി. ഇനിയും ഞെട്ടാത്തവര്‍ ആരെങ്കിലുമുന്ടെങ്കില്‍ ഉടനെ ഞെട്ടണം. ഞെട്ടിയെ പറ്റൂ .....

15 അഭിപ്രായങ്ങൾ:

രഘുനാഥന്‍ പറഞ്ഞു...

ആ ശബ്ദം കേട്ട ഉഗ്രവാദികളില്‍ ഒരുത്തന്‍ പെട്ടെന്നൊരു വെടിവച്ചു. അതോടെ ജിജാടിയ സാര്‍ താഴെ വീണു. ഒരു ധീര ജവാനെ തറ പറ്റിച്ച ഉഗ്രവാദികള്‍ ബാരക്ക് ലാക്കാക്കി പാഞ്ഞു....

Ashly പറഞ്ഞു...

ഠേ.... ഠേ... ഠേ.....

Ashly പറഞ്ഞു...

Apart from the jokes, this post shows how difficult is life in military, and what kind of risk a military person takes to save his mother land. Salute to you and all other soldiers.

അജ്ഞാതന്‍ പറഞ്ഞു...

Good and enjoyed the real incident.

As you say the people from Himachal is bit timid only. And ofcourse our Keralite also nothing less in that. I agree there are brave soldiers from Kerala, but a good number of soldiers from Keral are coward.

This comment is from my own experience, when I was commanding a platoon.

Vinu

കനല്‍ പറഞ്ഞു...

ഞാനായിരുന്നേല്‍ ആ തീവ്രവാദികള്‍ക്ക് വെടിപൊട്ടിക്കേണ്ടി വരില്ലായിരുന്നു, അതിനു മുമ്പേ ഞെട്ടി വീണേനെയായിരുന്നു.

മാണിക്യം പറഞ്ഞു...

പറയാന്‍ എളുപ്പം
“ഒന്നു ഞെട്ടാന്‍ ”ഞാന് ‍പെട്ട പാട്!
അതിരാവിലേ സമാധാനമായിട്ട് പ്രാഥമീക കര്‍മ്മം നടത്താന്‍ പോലും സമ്മതിക്കാത്ത ആ ഉഗ്രനെ തട്ടിയത് നന്നായി.. തമാശയായി പറഞ്ഞെങ്കിലും പട്ടാളക്കര്‍ ഏതു നേരവും നേരിടുന്ന ഭീഷണി അതൊരു സത്യം.

സല്യൂട്ട് എല്ലാ ജവാന്മാര്‍ക്കും....

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഈ തമാശകള്‍ കേള്‍ക്കുമ്പോഴും എത്ര ഭീകരമാണ് നിങ്ങളുടെ അവസ്ഥ എന്ന് ഓര്‍ത്തു പോകുന്നു.. അഭിവാദ്യങ്ങള്‍..

പി.സി. പ്രദീപ്‌ പറഞ്ഞു...

രഘുവേ,
ഒരു ‘വെടി’ വരുത്തിയ ഞെട്ടലുകളേ:)

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഞെട്ടി1
ഞെട്ടി2
ഞെട്ടി3
:)

ചുമ്മാതല്ല ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം എന്ന് ആരോ പാടിയത്‌!

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ആദ്യ ഭാഗം വായിചു ഞെട്ടിയ ഞെട്ടല്‍ ഇപ്പഴാ മാറിയത്.
:)

Jayasree Lakshmy Kumar പറഞ്ഞു...

[ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട്] ഹാജർ സർ :)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

((ഠോ))

പ്രതീഷ്‌ദേവ്‌ പറഞ്ഞു...

ഞാനും ഞെട്ടി കെട്ടോ...

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ഞാനും ഞെട്ടി...

അജ്ഞാതന്‍ പറഞ്ഞു...

രഘുവേ adipoliiiiii.....
net useinu time agana oppikunnu