പെട്ടിയും കിടക്കയും വാട്ടര്‍ ബോട്ടിലും തൂക്കി പാങ്ങോട് ക്യാമ്പിന്റെ മെയിന്‍ഗേറ്റില്‍ എത്തിയ എന്നെ അവിടത്തെ കാവല്‍ക്കാര്‍ ഏതോ അന്യഗ്രഹ ജീവിയെ കണ്ട ശാസ്ത്രകാരന്മാരെപ്പോലെ ഇരുന്നും കിടന്നും തലകുത്തി നിന്നും പരിശോധിക്കാന്‍ തുടങ്ങി . പരിശോധനയുടെ ഡോസ് കൂടുന്നതു കണ്ടപ്പോള്‍ , അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരനെ മുന്‍കൂര്‍ ജാമ്യം കാണിക്കുന്ന പ്രതിയെപ്പോലെ എന്റെ കൈവശം ഉണ്ടായിരുന്ന സകല രേഖകളും ഐഡന്റിറ്റി കാര്‍ഡും കാണിച്ച് ഒരു വിധത്തില്‍ മാനഹാനി കൂടാതെ രക്ഷപ്പെട്ട ഞാന്‍ ആദ്യം കണ്ട ബാരക്കിന്റെ പുറത്തു പെട്ടിയും മറ്റും വച്ച ശേഷം അകത്തു കയറി ഒരു വിഹഗ വീക്ഷണം നടത്തി.
ഞാന്‍ നില്ക്കുന്നത് പട്ടാള ബാരക്കിലാണോ അതോ അഭയാര്‍ഥി ക്യാംബിലാണോ എന്നെനിക്കു സംശയമായി. കാരണം എല്ലാ കട്ടിലുകളിലും ആളുണ്ട്. ട്രെയിനില്‍ റിസര്‍വേഷന്‍ കിട്ടാത്ത ആളുകള്‍ ബെര്‍ത്തിനിടയില്‍ ബെഡ് ഷീറ്റ് വിരിച്ചു കിടക്കുന്നതുപോലെ കട്ടിലുകള്‍ക്കിടയിലുള്ള സ്ഥലവും പലരും ബുക്ക് ചെയ്തു വച്ചിട്ടുണ്ട്. എല്ലാ ബാരക്കിലും ഏതാണ്ട് ഇതു തന്നെയാണ് സ്ഥിതി. ഇനിയിപ്പോള്‍ ബാക്കിയുള്ളത് വരാന്ത മാത്രമാണ്. അവിടെയാണെങ്കില്‍ ലൈറ്റ് ഫാന്‍ മുതലായ കാര്യങ്ങള്‍ ഒന്നും തന്നെയില്ല. എനിക്കാണെങ്കില്‍ വല്ലാത്ത യാത്രാ ക്ഷീണവും.ഏതായാലും ഇന്നു വരാന്തയില്‍ തന്നെ കിടക്കാമെന്ന് തീരുമാനിച്ച ഞാന്‍ വാതിലില്‍ നിന്നും അല്പം മാറി ബെഡ് വിരിച്ചു. പെട്ടിയും മറ്റും ഒതുക്കി വച്ചു. എന്നിട്ട് ബാത്ത് റൂം കണ്ടുപിടിച്ചു ഒരു കുളിയും പാസ്സാക്കിയിട്ട് അടുത്ത നീക്കങ്ങള്‍ ആസൂത്രണം ചെയ്തു.
സമയം രാത്രി എട്ടു മണിയായി. തമ്പാനൂരില്‍ നിന്നും വാങ്ങിയ നാടന്‍ പൊറോട്ടയും ബീഫ് ഫ്രൈയും തലേന്ന് ട്രെയിനില്‍ വച്ചു കഴിച്ചതിന്റെ ബാക്കി അര കുപ്പിയോളം 'മിലിട്ടറി'യില്‍ ഒന്നേ ഈസ്റ്റു രണ്ട് എന്ന അനുപാതത്തില്‍ പെപ്സിയുമായി ചേര്‍ത്ത് വാട്ടര്‍ ബോട്ടിലില്‍ സൂക്ഷിച്ചിരിക്കുന്ന "ബോര്‍ഡോ മിശ്രിതവും" കൂടി കഴിച്ച ശേഷം ബെഡ്ഡില്‍ നീണ്ടു നിവര്‍ന്നു കിടന്ന ഞാന്‍ അല്പസമയത്തിനകം ഗാഡമായ ഉറക്കത്തിലായി.
അര്‍ദ്ധ രാത്രി ആയിട്ടുണ്ടാകും ബോര്‍ഡോ മിശ്രിതത്തിന്റെ പ്രവര്‍ത്തന ഫലമായി ഉണ്ടായ 'മിനറല്‍ വാട്ടര്‍' നിറഞ്ഞത് മൂലം നാദസ്വരക്കരുടെ കവിള്‍ പോലെയായ എന്റെ വയറിനെ ഒന്നു റിലാക്സ് ചെയ്യിക്കാം എന്ന് തീരുമാനിച്ച ഞാന്‍ എഴുനേറ്റു.പക്ഷെ ഇരുട്ട് മൂലം ഒന്നും കാണാന്‍ പറ്റുന്നില്ല. പരിചയമില്ലാത്ത സ്ഥലമല്ലേ? ഇരുട്ടത്ത് നടന്നു ഉരുണ്ടു വീണു കാലോ കയ്യോ ഒടിഞ്ഞാല്‍ തിരുമ്മാന്‍ ഞാന്‍ മാത്രമെ കാണുകയുള്ളൂ എന്ന നഗ്നസത്യം അറിയാവുന്നത് കൊണ്ടു വരാന്തയുടെ അരികില്‍ നിന്നിട്ട് മിനറല്‍വാട്ടര്‍ പമ്പ് ചെയ്യാനുള്ള യന്ത്രം പുറത്തേക്ക് ഫുള്‍ സ്പീഡില്‍ തുറന്നുവച്ചു.
യന്ത്രം അതിന്റെ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരുന്നു. അതൊന്നു തീര്‍ന്നിട്ട് വേണം അടുത്ത ഉറക്കം തുടങ്ങാന്‍ എന്ന് കരുതി അക്ഷമനായി നിന്ന ഞാന്‍ പെട്ടെന്നാണ് അല്പം അകലെ നില്ക്കുന്ന വെളുത്ത ഒരു രൂപം കണ്ടത്. അര്‍ദ്ധരാത്രി സമയം. ആറടിയോളം പൊക്കമുള്ള, വെള്ളത്തുണി കൊണ്ടു പൊതിഞ്ഞ പോലെയുള്ള ആ രൂപം അപ്രതീക്ഷിതമായി കണ്ട ഞാന്‍ സ്വന്തം വീട്ടില്‍ കള്ളന്‍ കയറിയ കാര്യമറിഞ്ഞ പോലീസ് ഇന്‍സ്പെക്ടര്‍ ഞെട്ടുന്ന പോലെ ഒന്നു ഞെട്ടി. ആ ഞെട്ടലിനിടയില്‍ മിനറല്‍ വാട്ടര്‍ പമ്പ് ചെയ്തിരുന്ന യന്ത്രം നിന്നു പോയ വിവരം ഞാന്‍ അറിഞ്ഞില്ല. ഞെട്ടലിന്റെ ശക്തിയില്‍ എന്റെ കണ്ണിന്റെ കാഴ്ച പോയതാണോ എന്തോ പിന്നെ നോക്കിയപ്പോള്‍ ആ രൂപത്തെ അവിടെ കണ്ടില്ല.
പട്ടാളക്കാരനായ എനിക്ക് ഭൂതം പ്രേതം എന്നിവയില്‍ അശേഷം വിശ്വാസമില്ല.തിരുവനന്തപുരം സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസ്സില്‍ ഹൈമവതി എന്ന ഒരു പെണ്‍കുട്ടിയുടെ പ്രേതം അലയുന്നതായി ഏതോ ചാനലില്‍ "വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന പരിപാടിയില്‍ കണ്ട കാര്യം എനിക്കോര്‍മ വന്നു. ഇതു തിരുവനന്തപുരവും കാര്യവട്ടം ഇതിനടുത്തുമാണല്ലോ? അപ്പോള്‍ തന്‍റെ വാര്‍ത്ത പടം സഹിതം ചാനലില്‍ വന്ന കാര്യമറിഞ്ഞ പ്രേതം അവിടെ നിന്നും സ്ഥലം മാറി ഒരു ശല്യവുമില്ലാത്ത പട്ടാള ക്യാമ്പില്‍ വന്നതാണോ?അങ്ങനെ ആണെങ്കില്‍ ഒരു പാവം പ്രേതവുമായി വെറുതെ ഏറ്റുമുട്ടേണ്ട എന്ന് കരുതിയ ഞാന്‍ ഉടന്‍തന്നെ വാട്ടര്‍ ബോട്ടിലില്‍ ബാക്കി ഉണ്ടായിരുന്ന ബോര്‍ഡോ മിശ്രിതം കഴിച്ചു എന്‍റെ ധൈര്യത്തിന്‍റെ അളവ് 'ഫുള്‍' ആക്കി മൂടിപ്പുതച്ചു കിടന്നു.
ഒരു വിധത്തില്‍ നേരം വെളുത്തു. പകല്‍ സമയം ബോര്‍ഡോ മിശ്രിതം കഴിക്കാതെ തന്നെ എനിക്ക് നല്ല ധൈര്യമാണ്. അതുകൊണ്ട് പകല്‍ മുഴുവന്‍ ഞാന്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ മുഴുകിയതിനാല്‍ ഹൈമവതിയോ അവളുടെ പ്രേതമോ എന്നെ ശല്യപ്പെടിത്തിയില്ല. പക്ഷെ വരാന്തയിലെ കിടപ്പ് മാറ്റാനുള്ള എന്‍റെ ശ്രമം മാത്രം സ്ഥലമില്ല എന്ന കാരണത്താല്‍ ഫലവത്തായില്ല.
അന്ന് രാത്രിയില്‍ മെസ്സില്‍ റം ഇഷ്യൂ ഉണ്ടായിരുന്നതുകൊണ്ട് കാര്യമായ അളവില്‍ തന്നെ ബോര്‍ഡോ മിശ്രിതവും സേവിച്ചു സമാധിയായ ഞാന്‍ വെളുപ്പിന് ഉദ്ദേശം മൂന്നു മണിയോടെ മിനറല്‍ വാട്ടര്‍ പമ്പ് ചെയ്യാനായി എഴുനേറ്റു. ബാരക്കിനു പുറത്തിറങ്ങി അല്പം അകലെയുള്ള ചെടിയുടെ അടുത്ത് പോയി യന്ത്രം തുറന്നു വച്ചിട്ട് ഞാന്‍ ചുറ്റുമൊന്നു ശ്രദ്ധിച്ചു. തലേന്ന് എന്നെ ഭയപ്പെടുത്തിയ പ്രേതമോ അതിന്‍റെ പൊടിയോ പോലും അവിടെയില്ല എന്നുറപ്പ് വരുത്തിയ മനസ്സമാധാനത്തോടെ കാര്യം സാധിച്ചു കൊണ്ടിരിക്കേ ആരോ എന്നെ പുറകില്‍ നിന്നും ഒന്നു തോണ്ടിയതുപോലെ എനിക്ക് തോന്നി.
ശല്യപ്പെടുത്തിയത്തിലുള്ള നീരസത്തോടെ പുറകിലേക്ക് തിരിഞ്ഞ ഞാന്‍ എന്‍റെ തൊട്ടു പുറകില്‍ ഇന്നലെ രാത്രിയിലെ അതെ പ്രേതത്തെ ക്ലോസപ്പായി കണ്ടതോടെ ഞെട്ടുകയും അതിനൊപ്പം ഒന്നു ബോധം കെടാനുള്ള പ്രാരംഭ നടപടിയിലേക്ക് കടക്കുകയും ചെയ്തു.പക്ഷെ ബോധം കെടാനുള്ള എന്‍റെ ശ്രമത്തെ വിഫലമാക്കിക്കൊന്ടെ പുറകില്‍ നിന്ന പ്രേതം ഒറ്റ അലര്‍ച്ച!! "ആരാടാ ഇവിടെ മൂത്രമൊഴിക്കുന്നത്? കുറച്ചു ദൂരെപ്പോയി ഒഴിച്ചുകൂടെ?"
വെളുത്ത പാന്റും ഷര്‍ട്ടും തൊപ്പിയും വച്ചു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനായി മെസ്സിലേക്ക് പോകുന്ന കുക്ക് വേലപ്പന്‍ സാറിനെ കണ്ടാല്‍ സാക്ഷാല്‍ ഹൈമവതിയുടെ പ്രേതം പോലും പേടിച്ചു മൂത്രമൊഴിച്ചു പോവും എന്നുള്ള കാര്യം അപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ