2008, ഒക്‌ടോബർ 29, ബുധനാഴ്‌ച

ഏമാനും ഞാനും കുരുക്ഷേത്രയും....

തിരുവനന്തപുരത്തു വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഇതുവരെ ക്യാമ്പിനു പുറത്തു പോകാനോ നാട്ടുകാരായ ഫോര്‍ പീപ്പിളിനെ പരിചയപ്പെടാനോ സാധിക്കാത്തതില്‍ എനിക്ക് അതിയായ കുണ്ടിതമുണ്ടായിരുന്നു. ഞായറാഴ്ച എന്തുവന്നാലും പുറത്തു പോകുമെന്നും, മുന്‍ കരിമ്പൂച്ചയും ഇപ്പോള്‍ സിനിമാക്കാരുടെ ഇടയിലെ പുലിയുമായ മേജര്‍ രവിസാറിന്റെ "കുരുക്ഷേത്രയെന്ന" എമണ്ടന്‍ സിനിമ കാണുമെന്നും ഉറപ്പിച്ചിരുന്ന ഞാന്‍,തിങ്കളാഴ്ച്ച ഡല്‍ഹിയില്‍ നിന്നും വരുന്ന ഏതോ കമാണ്ടരുടെ ഇന്‍സ്പെക്ഷന്‍ ഉള്ളതുകൊണ്ട് ഞായറാഴ്ചയും പ്രവര്‍ത്തി ദിവസമാണ്‌ എന്ന അറിയിപ്പ് കിട്ടിയതോടെ കൂടുതല്‍ കുണ്ടിതപ്പെട്ടവന്നായി മാറി. ഇവന്മ്മാര്‍ക്കൊക്കെ കന്യാകുമാരിയും കോവളവും കാണണമെന്ന് തോന്നുമ്പോള്‍ ഇങ്ങോട്ട് കെട്ടിയെടുക്കും. കഴിഞ്ഞ ആഴ്ച വിട്ട ചന്ദ്രയാന്‍ പേടകത്തില്‍ ഇങ്ങനെയുള്ള കുറെ ആളുകളെക്കൂടി കയറ്റി അയച്ചിരുന്നെങ്ങില്‍ എന്നെപ്പോലുള്ള പട്ടാളക്കാര്‍ക്ക് കുറെ ആശ്വാസം കിട്ടിയേനെ എന്നൊക്കെ എന്റെ കുണ്ടിതം എന്നോട് പറയുകയുണ്ടായി.
ഏതായാലും ഞായറാഴ്ച ഉച്ചയോടെ ജോലികളൊക്കെ ഒതുങ്ങി. എന്നാലൊന്നു പുറത്തു പോയേക്കാം എന്നുകരുതി മെയിന്‍ ഗേറ്റില്‍ എത്തിയ എന്നെ അവിടത്തെ കാവല്‍ക്കാര്‍ പുറത്തു വിട്ടില്ല. അവസാനം പുറകിലത്തെ ഗേറ്റില്‍ കാവലുണ്ടായിരുന്ന കംബ്ലെ എന്ന മഹാരാഷ്ട്രക്കാരനെ,തിരിച്ചു വരുമ്പോള്‍ പൊറോട്ടയും ബീഫ് ഫ്രൈയും കൊണ്ടുവരാം എന്ന വ്യവസ്ഥയില്‍ അനുനയിപ്പിച്ചു പുറത്തു ചാടിയ ഞാന്‍ എന്റെ നാട്ടുകാരനും ക്യാമ്പിനു പുറത്തു കുടുംബസമേതം താമസക്കരനുമായ ഹരിയുടെ വീട്ടിലേക്ക് വിട്ടു. അവിടെയെത്തി അവന്റെ ബൈക്കും റെയിന്‍ കോട്ടും കടം വാങ്ങി കുരുക്ഷേത്ര ഭൂമിയിലേക്ക് പുറപ്പെട്ടു.
ഹരിയുടെത്‌ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളാണ്. എന്നെക്കാള്‍ വലിയ റെയിന്‍ കോട്ടും, മുഖം പകുതിയിലേറെ മറയ്ക്കുന്ന ഒരു കൂളിംഗ് ഗ്ലാസ്സും ഫിറ്റ് ചെയ്തു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിന്റെ പുറത്തിരിക്കുന്ന എന്നെക്കണ്ടാല്‍ മരിച്ചു പോയ സിനിമാ നടന്‍ കൃഷ്ണന്‍കുട്ടി നായര്‍ ആനപ്പുറത്ത് കയറി ഇരിക്കുന്നതുപോലെ തോന്നുമായിരുന്നു. എന്നാലും പട്ടാളക്കാരനായ ഞാന്‍ കുരുക്ഷേത്ര കാണാന്‍ പോകുന്നത് അല്പം സ്റ്റയിലില്‍ തന്നെ ആകുന്നതില്‍ എന്താണ് തെറ്റ്?
എന്റെ സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതുകൊണ്ടോ എന്നെ പരിചയം ഇല്ലാത്തതുകൊണ്ടോ എന്താണെന്നറിയില്ല ഞാന്‍ കയറിയപ്പോള്‍ മുതല്‍ എന്‍റെ മോട്ടോര്‍ സൈക്കിളിനു ചെറിയൊരു വൈക്ലബ്യം.! തടിയനായ ഭര്‍ത്താവിനെയും കൊണ്ടു പോകുന്ന സ്ലിംബ്യുട്ടിയായ ഭാര്യയെപ്പോലെ"എനിക്ക് ഇഷ്ടമുള്ളിടത്തൂടെ പോകും, സൌകര്യമുണ്ടെങ്കില്‍ കൂടെ വന്നാല്‍ മതി" എന്ന രീതിയിലാണ് അതിന്റെ പോക്ക്. അടക്കമില്ലാത്ത കുതിരയെ കൊണ്ടുപോകുന്ന കുതിരക്കാരനെപ്പോലെ അതിനെയും തെളിച്ചുകൊണ്ട് ഞാന്‍ തമ്പാനൂര്‍ റെയിവേ സ്റ്റേഷന് മുമ്പിലെത്തി. അപ്പോഴതാ അവിടെ ബൈക്കുകാരുടെയും കാറുകാരുടെയും ഒരു നീണ്ട നിര!
എന്താണ് കാരണം എന്നറിയാനായി ഞാന്‍ അല്പം മുന്‍പോട്ടു പോയി നോക്കി. ഏറ്റവും മുന്‍പിലായി ഒരു പോലീസ് ജീപ്പും അതിന്റെ ബോണറ്റിന്റെ പുറത്തു കെട്ടിപ്പിടിച്ചതു പോലെ കിടന്നു കുറിപ്പെഴുതുന്ന ഒരു പോലീസുകാരനും അടുത്ത്‌ വിനീത വിധേയരായി നില്ക്കുന്ന കുറെ ആളുകളെയും കണ്ടു. കൂടാതെ ഒരു പോലീസ്സുകാരന്‍ റോഡിന്റെ നടുക്കുതന്നെ കുറ്റിയടിച്ചതുപോലെ പോലെ നിന്നിട്ട് വരുന്ന വാഹനങ്ങള്‍ അരികിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യിക്കുന്നുമുണ്ട്.സംഭവം പോലീസ് ചെക്കിംഗ് ആണെന്ന് മനസ്സിലായപ്പോഴാണ്‌ എന്‍റെ ചട്ടിത്തലയ്ക്ക് പ്രൊട്ടെക്ഷന്‍ നല്‍കാനുള്ള ഹെല്‍മറ്റ് എന്ന രക്ഷാകവചമോ, എന്‍റെ കയ്യിലുള്ളത് എവിടെ നിന്നെങ്കിലും അടിച്ച് മാറ്റിയ വണ്ടി അല്ലെന്നും അതിന് ഒരു ഉടമസ്ഥന്‍ ഉണ്ടെന്നും തെളിയിക്കുന്ന രേഖകളൊന്നും തന്നെ ഈയുള്ളവന്‍റെ കൈവശമില്ലയെന്നുമുള്ള വീണ്ടു വിചാരം എനിക്കുണ്ടാകുന്നത്‌.
ഇവരുടെ കയ്യില്‍പ്പെട്ടാല്‍ മിനിമം ഒരു ബൈക്ക് മോഷണത്തിനെങ്കിലും ഞാന്‍ സമാധാനം പറയേണ്ടിവരും. തിരിച്ചു പോയാലോ എന്നാലോചിച്ചു. പക്ഷെ ഒരു പട്ടാളക്കാരന്‍ പ്രതികൂല പരിതസ്ഥിതികളെ തരണം ചെയ്തു മുമ്പോട്ടു പോകേണ്ടവനാണ്‌. കാശ്മീരില്‍ ഉഗ്രവാദികളുടെ മുമ്പില്‍ എത്ര തവണ ചങ്കും വിരിച്ചു നിന്നിട്ട് 'വച്ചോടാ വെടി' എന്ന് പറഞ്ഞിരിക്കുന്നു? (അന്നേരം അവരാരും വെടി വെക്കാതിരുന്നത് എന്താണെന്ന് എപ്പോഴും മനസ്സിലായിട്ടില്ല) പിന്നാണോ ഈ പോലീസ്സുകാരന്‍? ച്ഛായ് ... ലജ്ഞാകരം!!
ഞാന്‍ ബൈക്കിന്റെ മുകളില്‍ തത്തിപ്പിടിച്ചു കയറി. എന്നിട്ട് സ്റ്റാര്‍ട്ട് ചെയ്തു മുമ്പോട്ടെടുത്തു. ഞൊടിയിടയില്‍ ഒന്നും രണ്ടും മൂന്നും ഗിയറുകള്‍ മാറി മാറിയിട്ട് ഒറ്റ കത്തിക്കല്‍ വച്ചു കൊടുത്തു. അപ്രതീക്ഷിതമായുള്ള എന്‍റെ വരവുകണ്ട് വിരണ്ടുപോയ പോലീസ്സുകാരന്‍ "എന്റമ്മോ" എന്നൊരു വിളിയോടെ റോഡിന്റെ ഒരു വശത്തേക്ക് ചാടി രക്ഷപ്പെട്ടു (അതോ കാഞ്ഞുപോയോ? )
പോലീസ്സുകാരനെ പേടിപ്പിച്ചു വിജയശ്രീലാളിതനായ ഞാന്‍ കെ എസ് ആര്‍ ടി സി സ്റ്റാണ്ടും പിന്നിട്ടു മുമ്പോട്ട്‌ പോയി റോഡിനു വലതു വശത്തുള്ള സിനിമാശാലയിലേക്ക് തിരിയാനായി വണ്ടി സ്ലോ ചെയ്ത്, പുറകില്‍ നിന്നും വാഹനങ്ങള്‍ വല്ലതും വരുന്നുണ്ടോ എന്നറിയാനായി തിരിഞ്ഞു നോക്കി. അപ്പോഴാണ്‌ ഒരു പോലീസ്സ് ജീപ്പ് ലൈറ്റ് കത്തിച്ചു സൈറന്‍ മുഴക്കി പാഞ്ഞു വരുന്ന കാഴ്ച ഞാന്‍ കണ്ടത്. കര്‍ത്തവ്യ നിരതനായ ഒരു നിയമപാലകനെ പട്ടാപ്പകല്‍ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച ഭീകരനെ തൂക്കിയെടുക്കുവാനായി സകലവിധ സന്നാഹവുമായി പാഞ്ഞുവരുന്ന പോലീസുകാരെ കണ്ടു കുരുക്ഷേത്ര കാണാന്‍ വന്ന കാര്യം തന്നെ മറന്ന ഞാന്‍ ഇടത്തും വലതും നോക്കാതെ നേരെ ഓവര്‍ ബ്രിഡ്ജ് ലാക്കാക്കി ബൈക്ക് വിട്ടു. പിന്നെ ട്രാഫിക് തടസ്സങ്ങള്‍ ഒന്നുമില്ലാതെ നീണ്ടു നിവര്‍ന്നു കിടക്കുന്ന കിഴക്കേക്കോട്ട-സ്റ്റാച്യു റോഡില്‍ കയറിയ ശേഷം നേരേ സ്റ്റാച്യു ജങ്ങ്ഷന്‍ ലകഷ്യമാക്കി പാഞ്ഞു.
സിനിമയിലൊക്കെ കാണുന്നത് പോലെ, ഞാനും പോലീസും കൂടി നടത്തുന്ന ബൈക്ക്-ജീപ്പ് റേസിംഗ് കണ്ട തിരുവന്തോരം നിവാസികള്‍ കഥ എന്തെന്നറിയാതെ അന്തം വിട്ടു നോക്കി നിന്നു.!കൂടുതല്‍ നേരം ഈ റേസിംഗ് ഫ്രീയായി കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല. അതിന് മുമ്പ് തന്നെ പോലീസ്സ് ജീപ്പ് എന്‍റെ മുമ്പില്‍ കയറി. ജീപ്പിനു പുറകിലിരിക്കുന്ന പോലീസ്സുകാര്‍ അവര്ക്കു മാത്രം അവകാശപ്പെട്ട ചില വാക്കുകള്‍ പ്രയോഗിക്കുന്നതിനൊപ്പം വണ്ടി ഒതുക്കാനായി കൈകൊണ്ടു ആംഗ്യം കാണിക്കുന്നതും ഞാന്‍ കണ്ടു.
പോലീസ്സ് ജീപ്പ് മുമ്പില്‍ കയറിയ നിലയ്ക്ക് ഇനി വന്നവഴി തന്നെ തിരിച്ചു വിടുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് മനസ്സിലായ ഞാന്‍ അതിനുള്ള ചാന്‍സ് ഉണ്ടോ എന്നറിയാനായി തിരിഞ്ഞു നോക്കി. അപ്പോഴതാ ഒന്നിനുപുറകില്‍ വേറൊന്ന് എന്ന രീതിയില്‍ രണ്ടു വണ്ടികള്‍..ഒരു കാറും വേറൊരു ജീപ്പും കൂടി പാഞ്ഞു വരുന്നതു കണ്ടതോടെ സംഭവം ഗുരുതരമായി എന്നും, ഞാന്‍ പേടിപ്പിച്ച പോലീസുകാരന്‍ വീരസ്വര്‍ഗ്ഗം പൂകി എന്നും എനിക്ക് മനസ്സിലായി. മറ്റു മാര്‍ഗങ്ങളൊന്നും തലമണ്ടയില്‍ ഉദിക്കാത്തതിനാല്‍ കുരുക്ഷേത്ര കാണാന്‍ തോന്നിയ നിമിഷത്തെ മനസ്സാ ശപിച്ചു കൊണ്ടു കീഴടങ്ങാനായി ഞാന്‍ തയ്യാറായി. വളരെ കഷ്ടപ്പെട്ട് തിരുവനന്തപുരത്തെത്തിയിട്ടു ഒരു മാസം പോലും തികയുന്നതിനു മുമ്പു കൊലപാതക കുറ്റത്തിന് അകത്താകാന്‍ പോകുന്ന കാര്യമോര്‍ത്ത ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ നടു റോഡില്‍ പകച്ചു നിന്നു.
പക്ഷെ കീഴടങ്ങാനായി തയ്യാറായി നിന്ന എന്നെ ഗൌനിക്കാതെ പോലീസ്സ് ജീപ്പുകള്‍ കാറിനൊപ്പം പാഞ്ഞു പോകുന്നത് കണ്ടപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. ഇനിയിപ്പോള്‍ ഞാന്‍ വണ്ടി ഒതുക്കിയ വിവരം പോലീസ്സ് ജീപ്പിന്റെ ഡ്രൈവര്‍ കണ്ടില്ല എന്നുണ്ടോ? അതോ സ്പീട് കൂടുതല്‍ ആയതിന്‍റെ പേരില്‍ ബ്രേക്ക് കിട്ടാതെ പോയതാണോ? എന്നൊക്കെ ആലോചിച്ചു നില്‍ക്കുമ്പോഴാണ് പാഞ്ഞുപോയ ആ കാറിന്റെ പുറകില്‍ ഒരു ചുവന്ന നമ്പര്‍ പ്ലേറ്റും അതില്‍ " 1 " എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും ഞാന്‍ കണ്ടത്.
ഏതോ കേന്ദ്ര മന്ത്രിയുടെയോ ഗവര്‍ണരുടെയോ യോഗത്തില്‍ പങ്കെടുക്കാനായി പോയ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ സഖാവും പരിവാരങ്ങളുമായിരുന്നു അതെന്നു മനസ്സിലായ എന്‍റെ അപ്പോഴത്തെ അവസ്ഥയെപ്പറ്റി സഖാവ് വി എസ്സിന്റെ തന്നെ വാക്കുകളില്‍ "വളരെ വ്യക്കുതമായി പറയുകയാണെങ്കില്‍ ..........ചക്കിനു വച്ചത് കൊക്കിനു കൊണ്ടൂ" .... എന്നതുപോലെയായി.

5 അഭിപ്രായങ്ങൾ:

prem kumar പറഞ്ഞു...

good post with bi of humor. i liked it

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

ചക്കിനു വച്ചത് കൊക്കിനു കൊണ്ടത് ഇഷ്ടായി ..!
:)

കൂട്ടുകാരന്‍ | Friend പറഞ്ഞു...

സൈക്കിളിനു ചെറിയൊരു വൈക്ലബ്യം.! തടിയനായ ഭര്‍ത്താവിനെയും കൊണ്ടു പോകുന്ന സ്ലിംബ്യുട്ടിയായ ഭാര്യയെപ്പോലെ"എനിക്ക് ഇഷ്ടമുള്ളിടത്തൂടെ പോകും, സൌകര്യമുണ്ടെങ്കില്‍ കൂടെ വന്നാല്‍ മതി" എന്ന രീതിയിലാണ് അതിന്റെ പോക്ക്.:):)

പാവപ്പെട്ടവന്‍ പറഞ്ഞു...

അടിപൊളി .നന്നായിട്ടുണ്ട്

lakshmy പറഞ്ഞു...

മുൻപ് വായിച്ചിരുന്നു. ഇപ്പൊ ഒന്നു കൂടി വായിച്ചു. കാലാന്തരേ ‘രസ’വും ശമിപ്പതില്ല എന്നു മനസ്സിലായി :)