2009, ഡിസംബർ 2, ബുധനാഴ്‌ച

നട്ടെല്ലുള്ള പട്ടാളക്കാരന്‍

അവധി ദിവസങ്ങളില്‍ ഉച്ചവരെയെങ്കിലും കിടന്നുറങ്ങിയില്ലെങ്കില്‍ എന്റെ ശരീരത്തിന് ആകെയൊരു ക്ഷീണമാണ്. അതു പിന്നെ നമ്മുടെ കെ എസ് ആര്‍ ടി സിയുടെ ഓര്‍ഡിനറി ബസു പോലെ വളരെ പതുക്കയേ സഞ്ചരിക്കൂ. പക്ഷെ എന്റെ ഭാര്യയുടെ കാര്യം നേരെ തിരിച്ചാണ്. അവള്‍ അതിരാവിലെ എഴുനേല്‍ക്കും. എന്നിട്ട് മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന എന്നെ നോക്കി, പുറപ്പെടാന്‍ പോകുന്ന സൂപ്പര്‍ ഫാസ്റ്റു ബസ്സിന്റെ ഡ്രൈവര്‍ എഞ്ചിന്‍ ഇരപ്പിച്ചു നിര്‍ത്തിയിട്ട് കണ്ടക്ടര്‍ക്ക് സിഗ്നല്‍ കൊടുക്കാനായി ഇടയ്ക്കിടയ്ക്ക് ഹോണ്‍ അടിച്ചു കൊണ്ടിരിക്കുന്നതുപോലെ, "ദേ എഴുനെല്‍ക്കുന്നുണ്ടോ..അതോ ഞാന്‍ അങ്ങോട്ട്‌ വരണോ" എന്നിങ്ങനെയുള്ള അപായ സിഗ്നലുകള്‍ തന്നുകൊണ്ടിരിക്കും. ഈ സിഗ്നലുകള്‍ ചിലപ്പോള്‍ ഉരുളക്കിഴങ്ങ്‌, തക്കാളി മുതലായ ഫലമൂലാദികളായും മറ്റു ചിലപ്പോള്‍ ഫ്രിഡ്ജിലെ തണുത്ത വെള്ളത്തിന്റെ രൂപത്തിലും എന്റെ ശരീരത്തില്‍ വന്നു പതിക്കാറുണ്ട്.


അങ്ങനെ പുതപ്പിനുള്ളില്‍ കിടന്നു കൂര്‍ക്കം വലിച്ചു കൊണ്ടിരുന്ന എന്റെ ദേഹത്ത് ഞായറാഴ്ച രാവിലെയുള്ള ആദ്യത്തെ സിഗ്നല്‍ വന്നു പതിച്ചത് ഒരു സ്റ്റീല്‍ ഗ്ലാസ്സിന്റെ രൂപത്തിലാണ്. (പച്ചക്കറിക്ക് വില കൂടിയത് കൊണ്ട് മത്തങ്ങ വാങ്ങാതിരുന്നത് ഭാഗ്യമായി.!) അതിര്‍ത്തിയില്‍ നിന്നും പാക്ക് പട്ടാളക്കാര്‍ അയക്കുന്ന മിസ്സൈലിനെ പോലും വെറും തൃണം, ഗ്രാസ്, പുല്ലു പോലെ നേരിട്ടിട്ടുള്ള എനിക്ക്, ഒരു സ്റ്റീല്‍ ഗ്ലാസിനെ നേരിടാന്‍ എന്റെ ശരീരത്തിന്റെ പിന്‍വശം തന്നെ ധാരാളമായിരുന്നു എങ്കിലും അടുത്ത സിഗ്നലുമായി ഭാര്യ നേരിട്ട് വന്നാല്‍ നേരിടാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നുള്ള വീണ്ടുവിചാരമുണ്ടായ ഞാന്‍ ഉടന്‍ എഴുനേല്‍ക്കുകയും മൂരി നിവര്‍ന്നു കോട്ടുവായിട്ടുകൊണ്ട് നേരെ ടി വി യുടെ മുന്‍പിലേയ്ക്ക് പോവുകയും ചെയ്തു.


"പീലുക്കാസ്സില്‍ നിന്നും സ്വര്‍ണം വാങ്ങിയാല്‍ പിന്നെ മറ്റൊന്നും നോക്കേണ്ടാ"


കഴുത്തില്‍ കയറുപോലെയുള്ള ഒരു സ്വര്‍ണ മലയും ധരിച്ചു നിന്ന് മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ടി വിയിലൂടെ പ്രഖ്യാപിക്കുന്നു.


"ശരിയാ ഒന്നും നോക്കേണ്ടാ. സ്വര്‍ണത്തിന്റെ വില കേള്‍ക്കുന്നതോടെ വാങ്ങാന്‍ വരുന്ന ആള്‍ ബോധം കെടും. പിന്നെ അങ്ങേരെ ആശുപത്രിയിലാക്കുന്ന കാര്യം നോക്കിയാല്‍ മതി."



എന്റെ ആത്മഗതം അടുക്കയളിലുള്ള ഭാര്യയെങ്ങാനും കേട്ടാല്‍ പിന്നെ അടുത്ത സിഗ്നല്‍ ഉടനെ എത്തും. കാരണം വെള്ളിത്തിരയിലെ അവളുടെ ഇഷ്ടനായകനാണ് ഒന്നും നോക്കാതെ സ്വര്‍ണം വാങ്ങാന്‍ പറയുന്നത്. ഞാന്‍ വേഗം ടി വി ഓഫ്‌ ചെയ്തു. എന്നിട്ട് ടീപ്പോയില്‍ കിടന്ന പത്രമെടുത്ത് നിവര്‍ത്തി.


"കായംകുളത്തു തസ്കര ശല്യം. വീട്ടമ്മയെ കെട്ടിയിട്ടിട്ടു കള്ളന്മാര്‍ സ്വര്‍ണമാല കവര്‍ന്നു" പത്രത്തിലെ വെണ്ടക്കാ അക്ഷരത്തിലുള്ള വാര്‍ത്ത ഞാന്‍ ഭാര്യ കേള്‍ക്കാനായി ഉറക്കെ വായിച്ചു.



"ഹും ശരിയാ. പത്രമെടുത്താല്‍ മോഷണ വാര്‍ത്ത മാത്രമേ വായിക്കാനുള്ളൂ. പോലീസ്സുകാര്‍ക്കൊക്കെ എന്താ പണി? ഇവന്മാരെ ഒക്കെ ഓടിച്ചിട്ടുപിടിച്ച് ഇടിച്ചു പപ്പടമാക്കണം" അകത്തു നിന്ന് ഭാര്യയുടെ കമന്റു കേട്ട് ഞാന്‍ ഞെട്ടി.


"ദൈവമേ കള്ളനെപ്പിടിക്കാത്ത പോലീസുകാരെ ഇടിച്ചു പപ്പടമാക്കണമെന്നാണോ ഇവള്‍ പറയുന്നത്" ഇതെങ്ങാനും ഏതെങ്കിലും പോലീസ്സുകാരന്‍ കേട്ടാല്‍ അവര്‍ എന്നെപ്പിടിച്ചു ഇടിച്ചു പപ്പടമാക്കിയിട്ട് തെളിയാത്ത കേസ്സുകള്‍ മുഴുവന്‍ എന്റെ തലയില്‍ കെട്ടി വച്ചെന്നിരിക്കും. പട്ടാളമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. പോലീസ്സുകാര്‍ക്ക്‌ പട്ടാളക്കാരനെന്നോ സാധാരക്കാരനെന്നോ ഉണ്ടോ? അവര്‍ക്ക് ഇടിക്കാന്‍ ഒരാളെ കിട്ടിയാല്‍ പോരെ? ഞാന്‍ പേടിയോടെ ഓര്‍ത്തു.



"ഏതായാലും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ആഭരണങ്ങള്‍ ഒക്കെ ഊരി എവിടെയെങ്കിലും ഭദ്രമായി വച്ചേക്കണം" ഞാന്‍ മുന്നറിയിപ്പ് കൊടുത്തു."



"നിങ്ങള്‍ ഇങ്ങനെ പേടിക്കാതെ മനുഷ്യനേ. എന്റെ മാല പൊട്ടിക്കാന്‍ ധൈര്യമുള്ള ഒരു കള്ളനും ഇതു വരെ ജനിച്ചിട്ടില്ല. ഹും.. പൊട്ടിക്കാന്‍ ഇങ്ങോട്ട് വരട്ടെ.. അവന്റെ നട്ടെല്ല് ഞാന്‍ ചവിട്ടി പൊട്ടിക്കും"



"ങേ? കള്ളന്റെ നട്ടെല്ല് ചവിട്ടി പൊട്ടിക്കാന്‍ ഇവളാര്? ബ്രൂസ്‌ലിയുടെ ഭാര്യയുടെ അനുജത്തിയോ? അതോ ജാക്കിച്ചാന്റെ അനന്തിരവളോ?" ഏതായാലും ഭാര്യയുടെ ധൈര്യം കണ്ട ഞാന്‍ അഭിമാനപുളകിതനും പുളകിതഗാത്രനും പിന്നെ ധൈര്യസമേതനുമായി.



ഒരു പട്ടാളക്കാരന്റെ ഭാര്യയായാല്‍ ഇങ്ങനെ വേണം. ഞാന്‍ ചിന്തിച്ചു. വീരശൂരിയും പരാക്രമശാലിയുമായ ഒരു ഭാര്യയുള്ള ഞാന്‍ എന്തിനു കള്ളന്മാരെ പേടിക്കണം? കള്ളന്മാര്‍ എന്നെയല്ലേ പേടിക്കേണ്ടത് ? അവളുടെ "പാദതാഡനം" ഒരു തവണ അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു കള്ളനും വീണ്ടും ആ വഴിക്ക് വരില്ലെന്ന് അതു സ്ഥിരമായി അനുഭവിക്കുന്ന എനിക്ക് ഉറപ്പുള്ളതിനാല്‍ ഞാന്‍ ആശ്വാസത്തോടെ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങി.



ഏതായാലും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ഭാര്യ പതിവിനു വിപരീതമായി അവളുടെ സകല ആഭരണങ്ങളും അഴിച്ചു അലമാരയില്‍ വച്ചു പൂട്ടി. അലമാരയുടെ താക്കോല്‍ ഞാന്‍ പോലും കാണാതെ എവിടെയോ ഒളിപ്പിച്ചു. കൂടാതെ തലയണക്കീഴില്‍ ഒരു വെട്ടുകത്തി, ടോര്‍ച്ചു, മൊബൈല്‍ ഫോണ്‍ എന്നിവയും വച്ചു. കതകുകളും ജനലും ഭദ്രമായി ബന്ധിച്ച ശേഷം അവയുടെ അരികില്‍ അലുമിനിയം കലങ്ങളും ഉരുണ്ടു വീണാല്‍ ശബ്ദം കേള്‍ക്കുന്ന പാത്രങ്ങളും വച്ചു. ഭാര്യയുടെ പ്രായോഗിക ബുദ്ധിയില്‍ അഭിമാനം തോന്നിയ ഞാന്‍ ഭയാശങ്കകളില്ലാതെ നിദ്രയെ പൂകി.


നേരം പാതിരാ ആയിട്ടുണ്ടാകും. അതി ഭയങ്കരമായ ഒരലര്‍ച്ചയും ഒപ്പം ഭാരമുള്ള എന്തോ ഒന്ന് നിലത്തു വീഴുന്ന ശബ്ദവും കേട്ട ഞാന്‍ ഞെട്ടിയുണര്‍ന്നു. കൂരിരുട്ടില്‍ ഒന്നും കാണാന്‍ പറ്റുന്നില്ല. വെപ്രാളത്തോടെ ഞാന്‍ അടുത്ത് കിടന്നിരുന്ന ഭാര്യയെ കുലുക്കിയുണര്‍ത്താനായി നോക്കി.. അയ്യോ...അവളെ കാണാനില്ല.!!


ദൈവമേ സ്വര്‍ണം മോഷ്ടിക്കാന്‍ വന്ന കള്ളന്‍ അതു കിട്ടാത്തത് കൊണ്ട് ഭാര്യയെ മോഷ്ടിച്ചതാണോ? ഞാന്‍ വിയര്‍ത്തു. എന്റെ ശബ്ദം നഷ്ടപ്പെട്ടു. ഞാന്‍ പരവേശത്തോടെ കിടക്കയില്‍ കുത്തിയിരുന്നു കിതച്ചു.


സ്വര്‍ണം പോയാലും വേണ്ടില്ല. ഭാര്യയെ തിരിച്ചു കിട്ടിയാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ അവളുടെ ബന്ധുക്കളോട് ഞാന്‍ എന്തു സമാധാനം പറയും. എന്റെ ശരീരത്തിലൂടെ വിയര്‍പ്പു ചാലിട്ടൊഴുകി. സ്വര്‍ണം അലമാരിയില്‍ വച്ചു പൂട്ടിയത് പോലെ ഭാര്യയേയും എവിടെയെങ്കിലും വച്ചു പൂട്ടിയിരുന്നെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു. ഞാന്‍ ആക്രാന്തത്തോടെ ഭിത്തിയില്‍ സ്വിച്ചിനു വേണ്ടി പരതി. ലൈറ്റ് ഓണ്‍ ചെയ്തു.


മുറിയില്‍ നിറഞ്ഞ വെളിച്ചത്തില്‍ കണ്ട കാഴ്ച എന്നെ വീണ്ടും ഞെട്ടിച്ചു. കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ട് പോയ ഭാര്യ അതാ നിലത്തു കുത്തിയിരിക്കുന്നു. "നിങ്ങളുടെ ഒടുക്കത്തെ ഒരുറക്കം. എന്നെ ആരെങ്കിലും പൊക്കിക്കൊണ്ട് പോയാലും അറിയില്ലല്ലോ കാലമാടാ" എന്ന രീതിയില്‍ തലയ്ക്കു കയ്യും താങ്ങി വിഷണ്ണയായി നിലത്തിരിക്കുന്ന ഭാര്യയെ ഞാന്‍ പിടിച്ചു സാവധാനം കട്ടിലില്‍ ഇരുത്തി. മേശപ്പുറത്തു ഗ്ലാസ്സിലിരുന്ന വെള്ളമെടുത്തു കൊടുത്തു. അതു ഒറ്റവലിക്ക് കുടിച്ച ശേഷം അവശയായി വീണ്ടും കട്ടിലില്‍ കിടന്ന ഭാര്യയോടു ഞാന്‍ കാര്യം തിരക്കി.


"അതു ചേട്ടാ... ഞാന്‍...നമ്മുടെ മാല മോഷ്ടിക്കാന്‍ വന്ന കള്ളനെ തൊഴിച്ചതാ.."


ങേ? മാല മോഷ്ടിക്കാന്‍ കള്ളന്‍ വന്നന്നോ? ഞാന്‍ നിന്ന നില്പില്‍ മേലോട്ട് ചാടിപ്പോയി. എവിടെ...എവിടെ കള്ളന്‍?


"അതു പിന്നെ .. കള്ളന്‍ വന്നതായി.. ഞാന്‍ അവനെ തൊഴിച്ചതായി.. ഒക്കെ സ്വപ്നം..." വിക്കി വിക്കി അത്രയും പറഞ്ഞിട്ട് അവള്‍ മൂടിപ്പുതച്ചു കിടന്നു.


നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും കൂര്‍ക്കം വലി തുടങ്ങിയ ഭാര്യയെ നോക്കിയ ഞാന്‍ ആശ്വാസത്തോടെ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു. പക്ഷെ പിന്നെ എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറക്കം വന്നില്ല. എന്തെന്നാല്‍ അടുത്ത കള്ളന്‍ ഉടനെ വരുമെന്നും വന്നാല്‍ എന്റെ ഭാര്യ അവന്റെ നട്ടെല്ല് നോക്കി തൊഴിക്കുമെന്നും എനിക്കുറപ്പായിരുന്നു. പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു കിട്ടിയാല്‍ ഒടിയില്ലേ?..


65 അഭിപ്രായങ്ങൾ:

രഘുനാഥന്‍ പറഞ്ഞു...

നിങ്ങള്‍ ഇങ്ങനെ പേടിക്കാതെ മനുഷ്യനേ. എന്റെ മാല പൊട്ടിക്കാന്‍ ധൈര്യമുള്ള ഒരു കള്ളനും ഇതു വരെ ജനിച്ചിട്ടില്ല.
ഹും.. പൊട്ടിക്കാന്‍ ഇങ്ങോട്ട് വരട്ടെ.. അവന്റെ നട്ടെല്ല് ഞാന്‍ ചവിട്ടി പൊട്ടിക്കും"

ramanika പറഞ്ഞു...

സ്വര്‍ണം പോയാലും വേണ്ടില്ല. ഭാര്യയെ തിരിച്ചു കിട്ടിയാല്‍ മതിയായിരുന്നു.

ഇത്രയും വായിച്ചപ്പോള്‍ ഭാര്യയോട്‌ എന്തു സ്നേഹം എന്ന് തോന്നി


അല്ലെങ്കില്‍ അവളുടെ ബന്ധുക്കളോട് ഞാന്‍ എന്തു സമാധാനം പറയും.
ഇത് വായിച്ചപ്പോള്‍ കാര്യം പിടികിട്ടി


പോസ്റ്റ്‌ പതിവുപോലെ ഉഗ്രന്‍

Rare Rose പറഞ്ഞു...

പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു കിട്ടിയാല്‍ ഒടിയില്ലേ?..അതു ന്യായമായ ചോദ്യമാണു..:)
പോസ്റ്റ് രസിച്ചു..

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

ദൈവമേ സ്വര്‍ണം മോഷ്ടിക്കാന്‍ വന്ന കള്ളന്‍ അതു കിട്ടാത്തത് കൊണ്ട് ഭാര്യയെ മോഷ്ടിച്ചതാണോ? ഞാന്‍ വിയര്‍ത്തു. എന്റെ ശബ്ദം നഷ്ടപ്പെട്ടു. ഞാന്‍ പരവേശത്തോടെ കിടക്കയില്‍ കുത്തിയിരുന്നു കിതച്ചു.

ഹഹ മാഷെ കിടു, എന്തായാലും പിന്നെ രണ്ടെണ്ണം വിട്ടോണ്ട്‌ നേരം വെളുപ്പിച്ചു കാണും അല്ലെ??

ആര്‍ദ്ര ആസാദ് / Ardra Azad പറഞ്ഞു...

ഈ പട്ടാളകാരനെകൊണ്ടു തോറ്റു....
:)

ബിന്ദു കെ പി പറഞ്ഞു...

പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു കിട്ടിയാല്‍ ഒടിയില്ലേ?..

ഏതായാലും പിന്നീട് ഉറങ്ങാതെ കിടന്നത് നന്നായി :)

ശ്രീ പറഞ്ഞു...

പിന്നെ വേറെ സ്വപ്നം കാണാതിരുന്നതു കൊണ്ട് നടുവ് രക്ഷപ്പെട്ടല്ലോ... ആശ്വാസം :)

കണ്ണനുണ്ണി പറഞ്ഞു...

ഹഹ വിവാഹിതരുടെ ഓരോരോ കഷ്ട്ടപാടുകളെ..

Rani പറഞ്ഞു...

"സ്വര്‍ണം പോയാലും വേണ്ടില്ല. ഭാര്യയെ തിരിച്ചു കിട്ടിയാല്‍ മതിയായിരുന്നു.
ഇത്രയും വായിച്ചപ്പോള്‍ ഭാര്യയോട്‌ എന്തു സ്നേഹം എന്ന് തോന്നി

അല്ലെങ്കില്‍ അവളുടെ ബന്ധുക്കളോട് ഞാന്‍ എന്തു സമാധാനം പറയും.
ഇത് വായിച്ചപ്പോള്‍ കാര്യം പിടികിട്ടി"

അതെ അതെ ഇപ്പോഴല്ലേ കാര്യം പിടിക്കിട്ടിയത്‌

രഘുനാഥന്‍ പറഞ്ഞു...

നന്ദി രമണിഗ: ഹി ഹി ...തടാമുട്ടനായ ഒരു ആങ്ങള അവള്‍ക്കുണ്ട്...അതാ പേടി..

രഘുനാഥന്‍ പറഞ്ഞു...

നന്ദി റയര്‍ റോസ്: എന്റെ നട്ടെല്ല് പൊട്ടാതെ ഞാന്‍ തന്നെ നോക്കണ്ടേ?

രഘുനാഥന്‍ പറഞ്ഞു...

ഹഹ കുറുപ്പേ നന്ദി: രണ്ടെണ്ണം വിട്ടിരുന്നെങ്കില്‍ ഭാര്യയുടെ നടുവിന് ഒരു തൊഴി ഉറപ്പായിരുന്നു...

രഘുനാഥന്‍ പറഞ്ഞു...

നന്ദി ആര്‍ദ്ര...എന്റെ ഭാര്യയും ഇത് തന്നെയാ പറയുന്നേ...

രഘുനാഥന്‍ പറഞ്ഞു...

നന്ദി ബിന്ദു ചേച്ചി: ഒരു മയമുള്ള ചവിട്ടാണെങ്കില്‍ സഹിക്കാം..പക്ഷെ ഇവളുടെ ചവിട്ടിനു യാതൊരു മയവുമില്ലന്നേ ...

രഘുനാഥന്‍ പറഞ്ഞു...

നന്ദി കണ്ണാ:
കല്യാണം കഴിക്കുമ്പോള്‍ സൂക്ഷിക്കുക. വല്ല കരാട്ടെയോ കുങ്ങ്ഫൂവോ ഒക്കെ പഠിച്ച പെണ്ണാണെങ്കില്‍ നമ്മുടെ കാര്യം കട്ടപ്പുകയാ..

രഘുനാഥന്‍ പറഞ്ഞു...

നന്ദി ശ്രീ:
അവള്‍ അടുത്ത സ്വപ്നം കാണുന്നത്തിനു മുന്‍പ് നേരം വെളുത്തത് കൊണ്ട് രക്ഷപ്പെട്ടു..

രഘുനാഥന്‍ പറഞ്ഞു...

നന്ദി റാണി:
എനിക്ക് എന്റെ ഭാര്യയോടു ഭയങ്കര സ്നേഹമാ. അതല്ലേ അവള്‍ എന്നെ ചവിട്ടുന്നത്.

Ashly പറഞ്ഞു...

എന്ടമോ ....സമതിച്ചു പട്ടാളകാരാ ...സമതിച്ചു. എഴുത്ത് അപാരം

രഘുനാഥന്‍ പറഞ്ഞു...

നന്ദി ക്യാപ്ടാ....സമ്മതിച്ചല്ലോ അത് മതി...ഹി ഹി

Pongummoodan പറഞ്ഞു...

“ഈ സിഗ്നലുകള്‍ ചിലപ്പോള്‍ ഉരുളക്കിഴങ്ങ്‌, തക്കാളി മുതലായ ഫലമൂലാദികളായും മറ്റു ചിലപ്പോള്‍ ഫ്രിഡ്ജിലെ തണുത്ത വെള്ളത്തിന്റെ രൂപത്തിലും എന്റെ ശരീരത്തില്‍ വന്നു പതിക്കാറുണ്ട്.“

എന്റെ പട്ടാളക്കാരാ... രസിച്ചു :)

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

കയ്യിലെ തോക്ക്‌ എന്തു ചെയ്തു പട്ടാളക്കാരാ ! ഇടക്കിടക്കു അതു കാണിച്ചു വാമഭാഗത്തെ ഒന്നു വിരട്ടിക്കൂടേ?

ബോണ്‍സ് പറഞ്ഞു...

തോഴി ആസ്ഥാനത്ത് കൊല്ലാതെ രക്ഷപെട്ടു എന്ന് കരുതി സമധാനിച്ചോ. രസിച്ചു!

രഘുനാഥന്‍ പറഞ്ഞു...

വളരെ നന്ദി പോങ്ങേട്ടാ

രഘുനാഥന്‍ പറഞ്ഞു...

പ്രിയ ഷരീഫ്
തോക്ക് കാണിച്ചാല്‍ കുഴപ്പമാ ..പിന്നെ വെടി വച്ചേ അവളടങ്ങൂ...

അഭിപ്രായത്തിന് നന്ദി

രഘുനാഥന്‍ പറഞ്ഞു...

പ്രിയ ബോണ്‍സ്

ശരിയാ രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതി..
നന്ദി

വശംവദൻ പറഞ്ഞു...

"പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു കിട്ടിയാല്‍ ഒടിയില്ലേ?.."

ഹ..ഹ... പതിവു പോലെ കലക്കി

VEERU പറഞ്ഞു...

ഹി ഹി..കിടിലൻ !!
ആശംസകൾ

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

പണ്ടേ പട്ടാളക്കാരന്‍ ! ഇപ്പോള്‍ വിവാഹിതനും ! ഒരൊരോ കഷ്ടപ്പാടേ....:)

Anil cheleri kumaran പറഞ്ഞു...

പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു കിട്ടിയാല്‍ ഒടിയില്ലേ?..

രസിച്ചു.

പാവപ്പെട്ടവൻ പറഞ്ഞു...

അങ്ങനെ പുതപ്പിനുള്ളില്‍ കിടന്നു കൂര്‍ക്കം വലിച്ചു കൊണ്ടിരുന്ന എന്റെ ദേഹത്ത് ഞായറാഴ്ച രാവിലെയുള്ള ആദ്യത്തെ സിഗ്നല്‍ വന്നു പതിച്ചത് ഒരു സ്റ്റീല്‍ ഗ്ലാസ്സിന്റെ രൂപത്തിലാണ്.
ഹാ ഹാ ഹാഹ് കലക്കി മാഷേ

ഭൂതത്താന്‍ പറഞ്ഞു...

ഒരു പട്ടാളക്കാരന്റെ ഭാര്യയായാല്‍ ഇങ്ങനെ വേണം. ഞാന്‍ ചിന്തിച്ചു. വീരശൂരിയും പരാക്രമശാലിയുമായ ഒരു ഭാര്യയുള്ള ഞാന്‍ എന്തിനു കള്ളന്മാരെ പേടിക്കണം? കള്ളന്മാര്‍ എന്നെയല്ലേ പേടിക്കേണ്ടത് ?

തികച്ചും ന്യായം ആയ ചോദ്യം ...... ഹ ഹ ...കലക്കന്‍ ..കല കലക്കന്‍ പോസ്റ്റ് ...



SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Rajesh T.C പറഞ്ഞു...

രസിച്ചു...ചുരുക്കത്തിൽ ബോബനും മോളിയിലെ ചേട്ടത്തിയുടെ(പ്രസിഡന്റെ ഭാര്യ)റോളാണ് ഭാര്യക്ക്..വെട്ടുകത്തി തലയിണക്കിഴിൽ നിന്നും മാറ്റുനതായിരിക്കും നല്ലത്

രഘുനാഥന്‍ പറഞ്ഞു...

നന്ദി വശംവദാ..

രഘുനാഥന്‍ പറഞ്ഞു...

നന്ദി വീരു..

രഘുനാഥന്‍ പറഞ്ഞു...

ഹിഹി... നന്ദി വാഴേ

രഘുനാഥന്‍ പറഞ്ഞു...

നന്ദി കുമാരാ..

രഘുനാഥന്‍ പറഞ്ഞു...

നന്ദി പാവപ്പെട്ടവനെ...

രഘുനാഥന്‍ പറഞ്ഞു...

നന്ദി ഭൂതത്താനെ...

രഘുനാഥന്‍ പറഞ്ഞു...

നന്ദി ജുജൂസ്...

വെട്ടുകത്തി ഇപ്പോഴേ മാറ്റി..വരുന്ന കള്ളനെ വെട്ടിക്കളയാം എന്നെങ്ങാനും അവള്‍ക്കു തോന്നിയാലോ?

കരീം മാഷ്‌ പറഞ്ഞു...

രസകരമായി എഴുതിയിരിക്കുന്നു.
സ്വര്‍ണ്ണവിലകൂടിയതിന്റെ അനുബന്ധമായി ഈയിടെ പൊങ്ങിവന്ന ചില ബോര്‍ഡുകള്‍
“പണയം വെച്ച സ്വര്‍ണ്ണം എടുക്കാന്‍ സഹായിക്കും”
ഉവ്വ ഉവ്വേ..! ഇവരൊക്കെ ഇത്രനാള്‍ എവിടെയായിരുന്നു ഈ സഹായവും കൊണ്ട്?
ബാങ്കില്‍ ജോലി ചെയ്യുന്ന മിക്ക കൂട്ടുകാരും പറയുന്നു. ഇപ്പോള്‍ ആളുകള്‍ പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ തെരക്കാണെന്ന്. (പണം മുന്‍‌കൂര്‍ കൊടുത്ത് സഹായിക്കാന്‍ ഏജന്‍‌റ്റുമാര്‍ ഏറെ!)

mini//മിനി പറഞ്ഞു...

ആ സ്വര്‍ണ്ണമൊക്കെ ലോക്കറില്‍‌വെക്കാന്‍ പറയുക. സമാധാനമായി ഉറങ്ങുക. പിന്നെ പോലിസ് സ്റ്റേഷന്റെ നമ്പര്‍ സേവ് ചെയ്ത് വെക്കുക.

Akbar പറഞ്ഞു...

പട്ടാളക്കഥകള്‍ കൊള്ളാം

Typist | എഴുത്തുകാരി പറഞ്ഞു...

പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു് കിട്ടിയാല്‍ ഒടിയില്ലേ, ഒടിയും, സംശയമേയില്ല. അതുകൊണ്ട് ഒരു കയ്യകലം സൂക്ഷിക്കുക തന്നെയാ നല്ലതു്.

രഘുനാഥന്‍ പറഞ്ഞു...

ശരിയാണ് കരിം മാഷേ....പുര കത്തുമ്പോഴല്ലേ വാഴ വെട്ടാന്‍ പറ്റൂ...എല്ലാം ബിസിനസ് അല്ലെ?

നന്ദി..

രഘുനാഥന്‍ പറഞ്ഞു...

നന്ദി മിനി ടീച്ചറെ

രഘുനാഥന്‍ പറഞ്ഞു...

നന്ദി അക്ബര്‍....ഇനിയും വരുമല്ലോ?

രഘുനാഥന്‍ പറഞ്ഞു...

നന്ദി എഴുത്തുകാരി ചേച്ചി...

ഒരു കൈ അല്ല ഒരു കാല്‍ അകലത്തിലാ...എപ്പോഴാ തൊഴി വരുന്നതെന്ന് അറിയാന്‍ പറ്റില്ലല്ലോ ?

ഭായി പറഞ്ഞു...

##നിങ്ങള്‍ ഇങ്ങനെ പേടിക്കാതെ മനുഷ്യനേ. എന്റെ മാല പൊട്ടിക്കാന്‍ ധൈര്യമുള്ള ഒരു കള്ളനും ഇതു വരെ ജനിച്ചിട്ടില്ല. ഹും.. പൊട്ടിക്കാന്‍ ഇങ്ങോട്ട് വരട്ടെ.. അവന്റെ നട്ടെല്ല് ഞാന്‍ ചവിട്ടി പൊട്ടിക്കും##

അല്ല പട്ടാളം സ്തീമതിയെ കൂടെ പട്ടാളത്തില്‍ എടുത്തുകൂടെ?! :-)

രസിപ്പിച്ചു, ചിരിപ്പിച്ചു ....

Unknown പറഞ്ഞു...

അവളുടെ "പാദതാഡനം" ഒരു തവണ അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു കള്ളനും വീണ്ടും ആ വഴിക്ക് വരില്ലെന്ന് അതു സ്ഥിരമായി അനുഭവിക്കുന്ന എനിക്ക് ഉറപ്പുള്ളതിനാല്‍ ഞാന്‍ ..."

ഇത് ഇങ്ങനെ തുറന്നു പറഞ്ഞാലോ .. നാട്ടുകാര് കേള്‍ക്കില്ലേ ?!
നന്നായി എഴുതി, ആശംസകള്‍

Jenshia പറഞ്ഞു...

പട്ടാളക്കാരന്റെ നട്ടെല്ലായാലും ചവിട്ടു കിട്ടിയാല്‍ ഒടിയില്ലേ?.. :D

ബിനോയ്//HariNav പറഞ്ഞു...

ഹ ഹ നട്ടെല്ല് ഊരി അലമാരിയില്‍ വെക്കുകയാ വിവാഹിതര്‍ക്ക് കാമ്യം. നല്ല പോസ്റ്റ് രഘുനാഥന്‍‌മാഷേ :)

രഘുനാഥന്‍ പറഞ്ഞു...

നന്ദി ഭായി..
ശ്രീമതിയെ പട്ടാളത്തില്‍ ചേര്‍ത്താല്‍ പിന്നെ പാകിസ്ഥാന്‍ കാരുടെ കാര്യം കട്ടപ്പുകയാകും...ഹി ഹി

രഘുനാഥന്‍ പറഞ്ഞു...

നന്ദി തെച്ചിക്കോടന്‍ മാഷേ

രഘുനാഥന്‍ പറഞ്ഞു...

നന്ദി ജെന്ഷിയാ

രഘുനാഥന്‍ പറഞ്ഞു...

നന്ദി ബിനോയീ

Prasanth Iranikulam പറഞ്ഞു...

ഹ ഹ ഹ
എന്റെ പട്ടാളക്കാരാ...
ഈ പോസ്റ്റെനിക്കിഷ്ടായി..
സ്നേഹപൂര്‍‌വ്വം,
പ്രശാന്ത്

രഘുനാഥന്‍ പറഞ്ഞു...

നന്ദി പ്രശാന്ത് ..ഇനിയും വരുമല്ലോ ?

മുരളി I Murali Mudra പറഞ്ഞു...

നട്ടെല്ലുള്ള പട്ടാളക്കാരന്‍..ഹ ഹ...
പിന്നെ വിവാഹിതന്റെ വിലാപങ്ങള്‍ എന്നും പറയാം...
:) :)

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഭാരമുള്ള എന്തോ ഒന്ന്...അതിനാണ് ഭാര്യ എന്ന് പറയുന്നത് അല്ലേ ? മലയാളം എത്ര അര്‍ത്ഥ സമ്പുഷ്ടം!!!!

the man to walk with പറഞ്ഞു...

chirippichu..
ishtaayi post

രഘുനാഥന്‍ പറഞ്ഞു...

നന്ദി മുരളീ ഇനിയും വരുമല്ലോ ?

രഘുനാഥന്‍ പറഞ്ഞു...

നന്ദി അരീക്കോടന്‍ മാഷെ ..ഹി ഹി...

രഘുനാഥന്‍ പറഞ്ഞു...

നന്ദി മാനെ...

ഇസാദ്‌ പറഞ്ഞു...

യെന്റമ്മോ !! എന്താ കലക്ക് മാഷേ ..
അവസാനത്തെ ആ ആത്മഗതകം .. ഹോ, ചിരിച്ച് ചിരിച്ച് മനുഷ്യന്റെ കുടല്‍മാല പുറത്തുവന്നു. കഴിവു തന്നെ മാഷേ .. ഇങ്ങനെ നര്‍മ്മം എഴുതാനുള്ള കഴിവ് അപാരം തന്നെ. നമിച്ചു.

ചാണക്യന്‍ പറഞ്ഞു...

കൊള്ളാം....